ഇല്ലസ്ട്രേഷന്‍ Samakaliaka Malayalam
Malayalam Weekly

അട്ടപ്പാടിയുടെ വിലാപങ്ങള്‍

രേഖാചന്ദ്ര

ശിശുമരണങ്ങളിൽനിന്ന് അട്ടപ്പാടിക്ക് ഇനിയും മോചനമായിട്ടില്ല. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ 11 കുഞ്ഞുങ്ങളാണ് മരിച്ചത്. 2013 മുതലാണ് ശിശുമരണങ്ങളുടെ കണക്കുകൾ അട്ടപ്പാടിയിൽനിന്നും പുറത്തുവന്ന് തുടങ്ങിയത്. അതിനുശേഷം ധാരാളം പഠനങ്ങളുണ്ടാവുകയും വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തെങ്കിലും അട്ടപ്പാടിയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഇതിനൊന്നുമായില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുഞ്ഞുങ്ങൾ മരിച്ചതോടെയാണ് വിഷയം വീണ്ടും സർക്കാറിന്റേയും ആരോഗ്യപ്രവർത്തകരുടേയും സംഘടനകളുടേയും ശ്രദ്ധയിലേക്ക് വന്നത്. 2010 മുതൽ 2026 വരെ 200-ലധികം ശിശുമരണങ്ങളാണ് അട്ടപ്പാടിയിൽ ഉണ്ടായത്.

ഇതുവരെ 500 കോടിയോളം രൂപ ഇതു പരിഹരിക്കാൻവേണ്ടി ചെലവഴിച്ചിട്ടുണ്ടെങ്കിലും അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിനു വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് ഇപ്പോഴും പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. മരണങ്ങളുടെ കണക്കുകളിൽപോലും പലപ്പോഴും കൃത്യതയുണ്ടാവാറില്ല. ആരോഗ്യവകുപ്പിന്റേയും പട്ടികജാതി പട്ടികവർഗ വികസനവകുപ്പിന്റേയും വിവിധ സംഘടനകളുടേയും എല്ലാം പഠനങ്ങളിൽ വ്യത്യസ്തമായ കണക്കുകളാണ് പലപ്പോഴും നമുക്കു കാണാൻ കഴിയുന്നത്. 2012 മുതൽ 2021 വരെ മാത്രം അട്ടപ്പാടിയിൽ 136 ശിശുമരണങ്ങളാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഗർഭമലസലും ഗർഭസ്ഥ ശിശുമരണവും കൂടിയാവുമ്പോൾ നിലവിലെ കണക്കിന്റെ എത്രയോ മടങ്ങ് കൂടുതലാണ് അട്ടപ്പാടിയിലെ ‘മരണങ്ങൾ.’

പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങളാണ് ആദ്യകാലങ്ങളിൽ കൂടുതലുണ്ടായിരുന്നതെങ്കിൽ ജനിതകമായ രോഗങ്ങളാണ് ഇപ്പോൾ കുഞ്ഞുങ്ങളുടെ മരണത്തിനു പ്രധാന കാരണമാവുന്നത്. ഈ വർഷം മരിച്ച കുഞ്ഞുങ്ങളിൽ ആറുപേരും ഇത്തരത്തിലാണ് മരിച്ചത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളായിരുന്നു കൂടുതൽ പേർക്കും. മുന്‍പ് ഒരു കിലോയിൽ താഴെയായിരുന്നു ഭൂരിഭാഗം കുഞ്ഞുങ്ങളുടേയും തൂക്കം. അതിൽ മാറ്റം വന്നിട്ടുണ്ടെന്ന് അട്ടപ്പാടിയിലെ ആരോഗ്യപ്രവർത്തകർ പറയുന്നു. പോഷകാഹാരക്കുറവ് എന്ന ഒറ്റക്കാരണത്തിലാണ് പലപ്പോഴും അട്ടപ്പാടിയിൽ പദ്ധതികൾ ആവിഷ്‌കരിക്കപ്പെടുന്നത്. സാമൂഹികവും സാമ്പത്തികവും ഭൗതിക സാഹചര്യങ്ങളും ആരോഗ്യപരമായ സൗകര്യങ്ങളും ഭൂമിയുടെ ലഭ്യതയുംകൂടി പരിഗണിക്കപ്പെടേണ്ടതാണെന്ന് ആദിവാസി ജനതയും സംഘടനകളും ആവർത്തിച്ച് പറയാറുണ്ടെങ്കിലും അത്തരത്തിലുള്ള സമഗ്രമായ പഠനങ്ങളോ പരിഹാരങ്ങളോ സർക്കാർ തലത്തിൽ ഇതുവരെയുണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല എന്നതാണ് ഇതിന്റെ ഫലവും.

കുഞ്ഞുങ്ങളുടെ മരണം

ഷോളയൂർ, പുതൂർ, അഗളി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അട്ടപ്പാടി. ഇരുള, മുഡുക, കുറുമ്പ വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ് അട്ടപ്പാടിയിലുള്ളത്. ഇതിൽ കുറുമ്പ വിഭാഗം പ്രാക്തന ഗോത്രവിഭാഗമാണ്. മൂന്നു വിഭാഗങ്ങളിലുമായി മുപ്പതിനായിരത്തോളം ആദിവാസികളാണ് അട്ടപ്പാടിയിലുള്ളത്. 2013-ൽ 31 ശിശുമരണങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടത്. ആ വർഷം അറുപതോളം മരണങ്ങളുണ്ടായി എന്നതാണ് വിവിധ സംഘടനകളുടെ കണക്ക്. ഗർഭം അലസൽ, ഗർഭസ്ഥ ശിശുമരണം, ശിശുമരണം എന്നിങ്ങനെ തരംതിരിച്ചാണ് പൊതുവെ ഔദ്യോഗിക രേഖകളിൽ കാണിക്കാറുള്ളത്. ഇതെല്ലാം ശിശുമരണങ്ങൾ തന്നെയാണ് എന്നാണ് അട്ടപ്പാടിയിലുള്ളവർ പറയുന്നത്. 2013-ൽ ശിശുമരണം 31 ആയിരുന്നെങ്കിലും 77 ഗർഭം അലസലും 18 ഗർഭസ്ഥ ശിശുമരണവും രേഖകളിലുണ്ട്. വിവിധ പദ്ധതികൾ അതിനുശേഷം ആവിഷ്‌കരിക്കപ്പെട്ടെങ്കിലും ഓരോ വർഷവും കുഞ്ഞുങ്ങൾ മരിച്ചുകൊണ്ടേയിരുന്നു. 2014-ൽ 15 ശിശുമരണവും രണ്ട് ഗർഭസ്ഥ ശിശുമരണവും 53 ഗർഭമലസലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2015-ൽ 14 ശിശുമരണവും മൂന്ന് ഗർഭസ്ഥ ശിശുമരണവും 34 ഗർഭമലസലും ഉണ്ടായി. 2016-ൽ ഇത് എട്ട് ശിശുമരണവും ഒരു ഗർഭസ്ഥ ശിശുമരണവും 33 അബോർഷനുമായി. 2017-ൽ 14 ശിശുമരണവും 24 ഗർഭം അലസലും ഏഴ് ഗർഭസ്ഥ ശിശുമരണവുമാണ് ഔദ്യോഗിക കണക്ക്. 2018-ൽ 14 ശിശുമരണവും അഞ്ച് ഗർഭസ്ഥ ശിശുമരണവും 29 ഗർഭമലസലും ഉണ്ടായി. തുടർ വർഷങ്ങളിലും ഏകദേശം 10 കുഞ്ഞുങ്ങൾ എന്ന തോതിൽ ഓരോ വർഷവും അട്ടപ്പാടിയിൽ മരണമടഞ്ഞു. ഏറ്റവും ഒടുവിൽ കഴിഞ്ഞ 10 മാസത്തിനിടെ 11 ശിശുമരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

സാമൂഹിക അടുക്കള

അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നത്തിന്റെ പല കാരണങ്ങളിൽ ഒന്നാണ് പോഷകാഹാരക്കുറവ്. അതു പരിഹരിക്കാൻ സാമൂഹിക അടുക്കള ഉൾപ്പെടെ പല പദ്ധതികൾ 2013 മുതൽ സർക്കാർ ആവിഷ്‌കരിച്ചിരുന്നെങ്കിലും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് 2023-ൽ നടത്തിയ പഠനത്തിൽ 41 ശതമാനം നവജാത ശിശുക്കളും ഭാരക്കുറവുള്ളരാണ് എന്നാണ് കണ്ടെത്തിയത്. അഞ്ചു വയസ് വരെയുള്ള കുഞ്ഞുങ്ങളിൽ 48 ശതമാനവും ഭാരക്കുറവ് ഉള്ളവരാണ്. ഒരു വയസു മുതൽ അഞ്ചുവയസുവരെയുള്ള 91 ശതമാനം കുട്ടികളും വിളർച്ചയുള്ളവരാണെന്നും പഠനത്തിൽ പറയുന്നു. കൂടുതൽ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട 2012-2013 കാലത്താണ് കമ്യൂണിറ്റി കിച്ചണുകളെക്കുറിച്ചുള്ള ചർച്ചകളും സജീവമായത്. സാമൂഹ്യക്ഷേമ വകുപ്പിന്റേയും ഇന്റഗ്രേറ്റഡ് ട്രൈബൽ ഡവലപ്‌മെന്റ് പ്രോഗ്രാമിന്റേയും കുടുംബശ്രീയുടേയും സഹകരണത്തോടെ 174 കമ്യൂണിറ്റി കിച്ചണുകൾ അട്ടപ്പാടിയിൽ ആരംഭിച്ചിരുന്നു. പാകം ചെയ്ത ഭക്ഷണം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും വയോജനങ്ങൾക്കും ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. എന്നാൽ, കാലക്രമേണ ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് പലതും പൂട്ടിത്തുടങ്ങി. 174-ൽ ഇപ്പോൾ അട്ടപ്പാടിയിൽ ഇപ്പോൾ അവശേഷിക്കുന്നത് 24 കമ്യൂണിറ്റി കിച്ചണാണ്. പല പദ്ധതികളും തുടങ്ങുന്നതിന്റേയും അവസാനിക്കുന്നതിന്റേയും ഒരുദാഹരണമാണ് ഈ സാമൂഹ്യ അടുക്കളകൾ.

ചികിത്സയ്ക്കുവേണ്ടി യാത്ര

മതിയായ ചികിത്സാസൗകര്യങ്ങൾ ഇപ്പോഴും അട്ടപ്പാടിക്കാർക്കില്ല. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് ഇപ്പോഴും അട്ടപ്പാടിയിലുള്ളവരുടെ ആശ്രയം. വിദഗ്ദ്ധ ചികിത്സയ്ക്കുവേണ്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കോ തൃശൂർ മെഡിക്കൽ കോളേജിലേക്കോ തിരുവനന്തപുരം ശ്രീചിത്രയിലേക്കോ പെരിന്തൽമണ്ണ ഇ.എം.എസ്സിലേക്കോ തമിഴ്‌നാട് അതിർത്തിയിലുള്ള ബഥനിയിലേക്കോ ആണ് ഇപ്പോഴും ഇവർക്കു പോവേണ്ടി വരുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കോട്ടത്തറ ആശുപത്രിയിൽനിന്നും അന്യജില്ലകളിലേക്ക് റഫർ ചെയ്യുമ്പോൾ ഇത്രയധികം ദൂരം സഞ്ചരിക്കേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ട് വർഷങ്ങളായി ആരോഗ്യവകുപ്പിനു മുന്നിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമായില്ല. പരാതികൾ രൂക്ഷമാകുമ്പോൾ ഡോക്ടർമാരും ചികിത്സാ സൗകര്യങ്ങളും കോട്ടത്തറ ആശുപത്രിയിൽ ഒരുക്കുമെങ്കിലും മാസങ്ങൾക്കുള്ളിൽ എല്ലാം പഴയപടിയാകും.

കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിക്കു പുറമെ 28 സബ്‌സെന്ററുകളും മൂന്ന് പ്രൈമറി ഹെൽത്ത് സെന്ററും ഒരു കമ്യൂണിറ്റി ഹെൽത്ത് സെന്ററും ഉണ്ടെങ്കിലും മതിയായ ജീവനക്കാരോ ചികിത്സാസൗകര്യങ്ങളോ ഒരുക്കാൻ കഴിയാറില്ല. വാഹനസൗകര്യങ്ങൾ പോലുമില്ലാത്ത ഊരുകൾ അട്ടപ്പാടിയിലുണ്ട്. ഇവിടങ്ങളിൽനിന്നെല്ലാം കോട്ടത്തറയിലെ ആശുപത്രിയിലേക്ക് എത്തുക എന്നതുതന്നെ കിലോമീറ്ററുകളുടെ സഞ്ചാരവും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നതാണ്. അവിടെനിന്നാണ് പിന്നെയും മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യപ്പെടുന്നത്. ഈ വർഷം 11 കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചതോടെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ഇവിടം സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും യഥാർത്ഥ പ്രശ്നം കണ്ടെത്താൻ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലേക്ക് ഡോക്ടർമാരേയും ആരോഗ്യജീവനക്കാരേയും നിയമിച്ചാൽ പെട്ടെന്നുതന്നെ സ്ഥലമാറ്റത്തിനായി അപേക്ഷിക്കുന്നതാണ് പതിവെന്ന് ആരോഗ്യമന്ത്രിയും പറയുന്നു. വിദഗ്ദ്ധരായ ഡോക്ടർമാരുടേയും ആരോഗ്യപ്രവർത്തകരുടേയും പ്രത്യേക ഒരു സംഘം അട്ടപ്പാടിക്കു മാത്രമായി ഉണ്ടാകേണ്ടതുണ്ട്. എല്ലാ ഊരുകളിലും നിരന്തരമായ നിരീക്ഷണങ്ങൾ നടത്താൻ ആരോഗ്യപ്രവർത്തകർക്ക് കഴിയേണ്ടതുണ്ട്. മികച്ച ചികിത്സ അട്ടപ്പാടിയിൽ തന്നെ ഒരുക്കാനുള്ള സൗകര്യങ്ങളും സർക്കാർ തലത്തിൽ രൂപീകരിക്കേണ്ടതാണ്.

ഭൂമിയും കൃഷിയും തിരിച്ചുപിടിക്കുക

അട്ടപ്പാടിയിലെ ആദിവാസികളിൽ ഭൂരിഭാഗം പേരും ഭൂരഹിതരോ തുച്ഛമായ ഭൂമിയുള്ളവരോ ആണ്. ദിവസക്കൂലിക്ക് ജോലിയെടുത്ത് ജീവിതം മുന്നോട്ടുനീക്കുന്നവരാണ് ഇവിടത്തെ ഭൂരിഭാഗം ആദിവാസികളും. ഏക്കർ കണക്കിനു ഭൂമിയും കൃഷിയും ഉണ്ടായിരുന്നവരുടെ പുതിയ തലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നും ഇതാണ്. അട്ടപ്പാടിയിലേക്കുള്ള കുടിയേറ്റമായിരുന്നു ആദ്യകാലങ്ങളിൽ ആദിവാസിക്ക് ഭൂമി നഷ്ടപ്പെടാൻ ഇടയാക്കിയത്. പലയിടങ്ങളിൽനിന്നായി കുടിയേറിയവരാണ് ഇന്ന് അട്ടപ്പാടിയിലെ ‘മുഖ്യധാര ജനത.’ ടൂറിസം കൂടി കടന്നുവന്നതോടെ ഭൂമി എന്നത് ആദിവാസിക്ക് കിട്ടാക്കനിയായി. ഇവരുടെ തനത് കൃഷിയും ഉല്പന്നങ്ങളും ജീവിതരീതിയും ഇല്ലാതായതോടെയാണ് ആരോഗ്യപ്രശ്നങ്ങൾ കൂടിവന്നത് എന്നാണ് ഇവർ തിരിച്ചറിയുന്നത്. പാകംചെയ്ത ഭക്ഷണം നൽകിയും സബ്‌സിഡി നിരക്കിൽ റേഷൻ നൽകിയും മാത്രം പരിഹരിക്കാവുന്നതല്ല അട്ടപ്പാടിയിലെ പ്രശ്നങ്ങൾ. ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടാവുകയും കൃഷിയും അവരുടെ ജീവിതശൈലിയും അവർ തന്നെ നിശ്ചയിക്കുകയും ചെയ്യുക പ്രധാനമാണ്. ഒപ്പം വിദഗ്ദ്ധമായ മെഡിക്കൽ സൗകര്യങ്ങളും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി; അന്വേഷണ റിപ്പോർട്ടും തള്ളി

ബിസിനസ് ജേണലിസത്തില്‍ പുതിയൊരു അധ്യായം

കിവീസ് 'ബ്ലോക്കത്തണ്‍'... ഇന്ത്യന്‍ 'ജയ മോഹം' തല്ലിക്കെടുത്തി!

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് താഴ്ന്നു; രൂപയ്ക്ക് 23 പൈസയുടെ നഷ്ടം

'അപേക്ഷകരെക്കൊണ്ട് വാഹനം വിളിപ്പിക്കില്ല'; തദ്ദേശ സ്ഥാപനങ്ങള്‍ ബോര്‍ഡ് വയ്ക്കണം