Card  Samakalika Malayalam
Malayalam Weekly

സി. സന്തോഷ് കുമാർ എഴുതിയ കഥ സഹചരാദി

സി. സന്തോഷ് കുമാര്‍

സന്ധ്യയുടെ ഇരുട്ട് ആദ്യമെത്തുക നന്ദന്റെ പഴയ വീടിന്റെ കിഴക്കേ മുറ്റത്താണ്. ഇരുനിലകളും മരത്തിന്റെ മച്ചും ഓട്ടുമേൽക്കൂരയുമുള്ള ആ വീടിന്റെ നിഴലിനെ പോക്കുവെയിൽ കിഴക്കോട്ട് വീഴ്ത്തുന്നതു മാത്രമായിരുന്നില്ല അതിനു കാരണം. കിഴക്കേ പറമ്പിലെ വന്മരങ്ങൾ ആകാശം മറയ്ക്കുന്നതു കൂടിയായിരുന്നു. മനുഷ്യനെ അപേക്ഷിച്ച് വളരെക്കാലം ഭൂമിയിലുണ്ടാകുന്നവ എന്ന നിലയിൽ നന്ദന് എന്നും മരങ്ങളോട് ബഹുമാനമായിരുന്നു. നന്ദന്റെ പൂർവികർക്കും അങ്ങനെത്തന്നെയായിരുന്നിരിക്കണം. മഴുവിനിരയാകാതെ അവ ഇത്രയും കാലം താണ്ടാൻ മറ്റു കാരണമൊന്നുമുണ്ടായിരുന്നില്ല.

കിഴക്കേ പറമ്പിനപ്പുറം വിളഞ്ഞ നെല്‍പ്പാടങ്ങളായിരുന്നു. ദൂരെ കുന്നുകളുടെ താഴ്വാരം വരെ അവ നീണ്ടുകിടന്നു. കിഴക്കേ മുറ്റത്ത് സന്ധ്യയുടെ ഇരുട്ട് വീണുകഴിഞ്ഞാലും പാടത്ത് പോക്കുവെയിലുണ്ടാകുമായിരുന്നു. ചക്രവാളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏതോ വ്യോമവിതാനത്തിലൂടെ സഞ്ചരിച്ചു ചെല്ലുന്ന വെയിലായിരുന്നു അത്. വിളഞ്ഞ നെൽപ്പാടത്തിന്റെ മഞ്ഞയിൽ സന്ധ്യയുടെ ചുവന്ന വെയിൽ വീഴുന്നത് അഭൗമമായ ഒരു കാഴ്ച തന്നെയായിരുന്നു. അത് നന്ദനെ മോഹാലസ്യത്തോളം കൊണ്ടുചെന്നെത്തിക്കുന്ന ഒന്നുമായിരുന്നു. യുഗങ്ങൾക്കു മുന്‍പ് തന്റെ ഒരാദിമ പൂർവികൻ അത്തരമൊരു കാഴ്ചയിൽ മുഗ്ധനായി നിന്നതിന്റെ ഓർമ അയാളുടെ തലച്ചോറിൽ മിന്നിമറയുന്നതു മൂലമായിരുന്നു അത്.

പാടത്തെ പോക്കുവെയിൽ വറ്റിത്തീരുകയും ഇരുട്ട് സമ്പൂർണമാവുകയും ചെയ്യുന്നതോടെ കിഴക്കേ പറമ്പിലെ നടപ്പാതയുടെ അങ്ങേയറ്റത്ത് ഒരു ടോർച്ചു വെട്ടം തെളിയും. കരിയിലകൾക്കു മേൽ വീഴുന്ന വെളിച്ചത്തിന്റെ വൃത്തം ക്രമേണ അടുത്തു വരാൻ തുടങ്ങും. ഒടുവിൽ അത് ഗേറ്റു കടന്ന് കിഴക്കേ മുറ്റത്തെത്തും.

വീടിന്റെ ഉമ്മറത്ത് നന്ദന്റെ വളർത്തുനായ ഫിഡൽ ഇരിപ്പുറപ്പിച്ചിട്ടുള്ളത് അതും കാത്താണ്. അത് രേവമ്മയാണെന്ന് അവനറിയാം.

മുറ്റത്തേയ്ക്ക് കയറുന്ന രേവമ്മ ആദ്യം ചെയ്യുക ടോർച്ചണച്ച് കയ്യിലെ സഞ്ചിക്കുള്ളിൽ നിക്ഷേപിക്കുകയാണ്. തുടർന്ന് സഞ്ചിക്കുള്ളിൽനിന്ന് ഏതാനും ബിസ്‌കറ്റുകളെടുത്ത് ഫിഡലിനു നേർക്കെറിയും. ഇട്ടുകൊടുക്കുകയല്ല, എറിയുകയാണ് ചെയ്യുക. ഫിഡൽ സമീപത്തേയ്ക്ക് വരികയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു അത്. രേവമ്മയ്ക്ക് നായ്ക്കളെ, അവ എത്രതന്നെ ഇണക്കം ഭാവിക്കുന്നവയാണെങ്കിൽക്കൂടി ഭയമായിരുന്നു. അതിലേറെ വെറുപ്പുമായിരുന്നു. അക്കാര്യം ഫിഡലിനും അറിയാമായിരുന്നു. അതുകൊണ്ട് ബിസ്‌കറ്റ് തിന്നു കഴിഞ്ഞാലും രേവമ്മയുടെ സമീപത്തേയ്ക്കു പോകാതെ, ഒരകലം പാലിച്ച് അവൻ വാലാട്ടിക്കൊണ്ട് നിൽക്കും.

നന്ദന് ഓർമവെച്ച കാലം മുതൽ അയാളുടെ വീട്ടിൽ നായ്ക്കളുണ്ടായിരുന്നു. ഒന്നിന്റെ ആയുസ്സു തീരുമ്പോൾ മറ്റൊന്ന് എന്ന മട്ടിലായിരുന്നു നന്ദന്റെ അച്ഛൻ ശിവറാം നായ്ക്കളെ വളർത്തിയിരുന്നത്.

“ശരിക്കു പറഞ്ഞാൽ മനുഷ്യൻ അവന്റെ ആയുസ്സിൽ ഒരു നായയെ വളർത്തിയാൽ മതി” കുട്ടിയായ നന്ദനോട് ശിവറാം പറയുമായിരുന്നു. “പക്ഷേ, എന്തുചെയ്യാം, അവയ്ക്ക് നമ്മുടെയത്ര ആയുസ്സില്ലാതെ പോയി. അതുകൊണ്ട് നാമവയെ വീണ്ടും വീണ്ടും വളർത്തുന്നു. പക്ഷേ, ഓരോ തവണയും നാം വളർത്തുക ആദ്യം വളർത്തിയ ആ നായയെത്തന്നെയായിരിക്കും. തന്റെ ആദ്യ നായയുടെ നെറ്റിയിൽ തലോടുകയും അതിന്റെ നനഞ്ഞ മുന്തിരിക്കണ്ണുകളിൽനിന്ന് നോട്ടമേറ്റുവാങ്ങുകയും ചെയ്തുകൊണ്ട് തനിച്ചിരുന്നിട്ടുള്ള നിമിഷങ്ങൾ ഒരാൾക്ക് എങ്ങനെയാണ് മറക്കാനാവുക.”

നായ്ക്കളെ വളർത്തുന്നതിലുള്ള തുടർച്ച അവയ്ക്ക് പേരു നൽകുന്നതിലും ശിവറാം പുലർത്തി. താൻ വളർത്തിയ നായകൾക്കെല്ലാം അയാൾ ഫിഡൽ എന്ന് പേരു നൽകി.

നായ്ക്കളെ വളർത്തുകയും അവയ്ക്ക് ഒരേ പേരു നൽകുകയും ചെയ്യുന്ന പതിവ് തന്റെ കാലം കഴിയുന്നതോടെ നിലച്ചുപോകുമോ എന്നതായിരുന്നു ശിവറാമിന്റെ പേടി. തലമുറകളിലൂടെ നീളുന്ന തുടർച്ചകളാണ് ജീവിതത്തെ അർത്ഥവത്താക്കുക എന്ന് അയാൾ വിശ്വസിച്ചു.

പക്ഷേ, ശിവറാം ഭയപ്പെട്ടതുപോലെ സംഭവിച്ചില്ല. ശിവറാമിന്റെ കാലശേഷം നന്ദൻ ആ പതിവു തുടർന്നു.

ചിത്രീകരണം

നന്ദന്റെ കുട്ടിക്കാലത്തെ ഓർമകളിലൊന്ന് ഉച്ചതിരിയുന്നതോടെ രേവമ്മ തങ്ങളുടെ വീടിന്റെ മതിലിന്നപ്പുറം വരുന്നതായിരുന്നു. നന്ദന്റെ അമ്മ ഗംഗയോട് വർത്തമാനം പറയാൻ വേണ്ടിയിട്ടായിരുന്നു ആ വരവെങ്കിലും ഒരു തയ്യൽക്കാരികൂടിയായ രേവമ്മയുടെ കയ്യിൽ വക്കടിക്കാൻ കൊടുത്ത ഒരു ഈരിഴത്തോർത്തോ പുതുതായി തയ്ക്കാനേല്പിച്ച ഒരു ബ്ലൗസോ ഇറക്കം കുറയ്ക്കാൻവേണ്ടി കൊടുത്ത ഒരടിപ്പാവാടയോ ഗംഗയ്ക്ക് നല്‍കാനായി ഉണ്ടാവും. അങ്ങനെയൊന്നും ഇല്ലെങ്കിൽ തന്നെയും രേവമ്മയുടെ ആ വരവ് മുടങ്ങാറില്ല. നായ്ക്കളോടുള്ള ഭയം മൂലം രേവമ്മ മതിലിന്നുള്ളിലേക്ക് കടന്നിരുന്നില്ല. ഗംഗ മതിലിന്നുള്ളിലും രേവമ്മ പുറത്തുമായി നിന്ന് ഇരുട്ടുവോളം സംസാരിച്ചു. ആ നേരമത്രയും ഫിഡൽ - നന്ദൻ ജനിച്ചതിനുശേഷമുള്ള രണ്ടാമത്തെ നായയായിരുന്നു അത് - കെട്ടിൻ ചുവട്ടിൽ കിടന്ന് നിർത്താതെ കുരച്ചു. ശിവറാം ഒന്നു പേരെടുത്തു വിളിച്ചാൽ അവൻ കുര നിർത്തുമായിരുന്നു. മറ്റു സന്ദർഭങ്ങളിലൊക്കെ അയാൾ അതാണ് ചെയ്തിരുന്നതും. പക്ഷേ, രേവമ്മ തന്റെ ഭാര്യയുമായി സംസാരിക്കാൻ വരുമ്പോൾ മാത്രം അയാൾ അതു ചെയ്തില്ല. ഒടുവിൽ ഫിഡലിന്റെ കുര ഗംഗയുടേയും രേവമ്മയുടേയും സംസാരത്തിനുണ്ടാവേണ്ട അനിവാര്യമായ ഒരു പശ്ചാത്തലമായിത്തീർന്നു.

അക്കാലം ഞാൻ വലുത് ഞാൻ വലുത് എന്ന് പരസ്പരം മത്സരിക്കുന്ന മുലകളും മഷിയെഴുതി ആഴം കൂട്ടിയ കണ്ണുകളും നിതംബം കവിയുന്ന മുടിയുമുള്ള ഒരു യുവതിയായിരുന്നു രേവമ്മ. ഗംഗയുടെ സമപ്രായവുമായിരുന്നു. കടുംനിറങ്ങളിലുള്ള, പുത്തനെന്നു തോന്നിക്കുന്ന കൈലിയും ബ്ലൗസും മാത്രം എല്ലായ്‌പ്പോഴും ധരിച്ചു.

രേവമ്മ എന്തിനാണ് എപ്പോഴും ഇങ്ങനെ അണിഞ്ഞൊരുങ്ങി നടക്കുന്നതെന്ന് ഒരിക്കൽ നന്ദൻ ഗംഗയോടു ചോദിച്ചു.

“അതോ” നന്ദന്റെ മുടിയിൽ വിരലോടിച്ചുകൊണ്ട് ഗംഗ പറഞ്ഞു: “അവൾ ഒരു കാമുകിയായതുകൊണ്ട്.”

ആരുടെ എന്ന് നന്ദൻ ചോദിച്ചില്ല. അത് ചോദിക്കാമോ എന്ന കാര്യത്തിൽ അയാൾക്ക് തീർച്ച പോരായിരുന്നു. അതിനുള്ള പ്രായം തനിക്കായിട്ടില്ല എന്ന വിശ്വാസത്തിലാണ് അമ്മ അങ്ങനെ പറഞ്ഞതെന്ന് നന്ദനു തോന്നി.

പക്ഷേ, ആ ചോദ്യത്തിന്, ശരിയോ തെറ്റോ എന്നുറപ്പില്ലാത്ത ഒരുത്തരം ഒരിക്കൽ അവനു ലഭിക്കുകയുണ്ടായി.

രാത്രി അഴിച്ചുവിടുന്ന ഫിഡലിനെ പുലർച്ചെ പൂട്ടേണ്ട ചുമതല നന്ദനായിരുന്നു. ഫിഡൽ വീടിന്റെ പരിസരത്തെവിടെയെങ്കിലുമോ കരോട്ടെ റബ്ബർത്തോട്ടത്തിലോ ചുരുണ്ടു കിടന്നുറങ്ങുന്നുണ്ടാവും. ഉറക്കത്തിനു കൂടുതൽ സുഖം വേണമെന്നു തോന്നുമ്പോഴാണ് അവൻ റബ്ബർത്തോട്ടത്തിലേക്ക് പോവുക. അവിടെ കരിയിലകൾ വീണ് സ്‌പോഞ്ചുപോലെയായ നിലമാണ്.

അന്നു വീടിന്റെ പരിസരത്തെങ്ങും ഫിഡലിനെ കാണാഞ്ഞ് നന്ദൻ തുടലുമായി റബ്ബർത്തോട്ടത്തിലേക്കു നടന്നു. വെളിച്ചം വീണിട്ടുണ്ടായിരുന്നില്ല. ദൂരെയൊരിടത്ത് അച്ഛനുമമ്മയ്ക്കുമൊപ്പം ഒരു വിവാഹത്തിനു പോകേണ്ടതുണ്ടായിരുന്നതിനാൽ അവൻ പതിവിലും നേരത്തെയുമായിരുന്നു.

നന്ദൻ റബ്ബർത്തോട്ടത്തിലേയ്ക്ക് കാലെടുത്തു വച്ചതും നിലത്തുനിന്ന് രണ്ട് മനുഷ്യരൂപങ്ങൾ ഉരുണ്ടുപിരണ്ടെഴുന്നേറ്റ് എതിർദിശകളിലേയ്ക്ക് ചിതറിയോടി.

നന്ദൻ ഭയന്നുപോയി. മുന്നോട്ടു നീങ്ങാനാകാതെ അവൻ സ്തംഭിച്ചുനിന്നു.

ശ്വാസം നേരെയായപ്പോൾ അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. എങ്ങും വിശേഷിച്ചെന്തെങ്കിലും സംഭവിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ല. ഇരുട്ടുമാത്രം. ദൂരെ, റബ്ബർത്തോട്ടത്തിനപ്പുറമുള്ള രേവമ്മയുടെ വീടിന്റെ പിന്നിൽ മാത്രം മഞ്ഞവെളിച്ചം പരത്തിക്കൊണ്ട് ഒരു ബൾബ് തെളിഞ്ഞു കിടപ്പുണ്ട്. അത് പതിവുള്ളതാണ്.

അല്പം കഴിഞ്ഞതും രേവമ്മയുടെ വീടിനു പിന്നിൽ നന്ദൻ ഒരാളനക്കം കണ്ടു. അതു മറ്റാരുമല്ല, രേവമ്മ തന്നെയായിരുന്നു. എന്തോ പതിവുകാര്യത്തിനു പുറത്തിറങ്ങിയ ഒരാളുടെ മന്ദചലനങ്ങളോടെ അവർ വീടിനു പിന്നിലെ വാതിൽ തള്ളിത്തുറന്ന് അകത്തേയ്ക്കു കയറിപ്പോയി. പിന്നാലെ സാക്ഷ വീഴുന്ന ശബ്ദവുമുയർന്നു.

നിമിഷങ്ങൾക്കുള്ളിൽ രേവമ്മയുടെ വീടിനു പിന്നിൽ മറ്റൊരാൾ പ്രത്യക്ഷപ്പെട്ടു. ഉറച്ച ശരീരമുള്ള ഒരു പുരുഷനായിരുന്നു അത്. അയാളെ നന്ദൻ മുമ്പെങ്ങും കണ്ടിട്ടുണ്ടായിരുന്നില്ല.

അയാൾ ബൾബിന്റെ വെളിച്ചം നേരിട്ടു വീഴാത്ത ഒരിടത്തേയ്ക്ക് മാറിനിന്ന് ഒന്നു മുരടനക്കി. പിന്നെ ശബ്ദം താഴ്ത്തി ചുമച്ചു.

കുറച്ചു നിമിഷങ്ങൾ ഒന്നും സംഭവിക്കാതെ കടന്നുപോയി.

അയാൾ ഒരു വട്ടം കൂടി മുരടനക്കിയതോടെ രേവമ്മയുടെ വീടിനു പിന്നിലെ ലൈറ്റണഞ്ഞു.

എങ്ങും ഇരുട്ടു നിറഞ്ഞു.

ആ ഇരുട്ട് പക്ഷേ, ഒരു നിമിഷമേ നീണ്ടുനിന്നുള്ളു. തൊട്ടു പിന്നാലെ വെള്ളകീറുകയും വെളിച്ചം പരക്കുകയും ചെയ്തു.

അപ്പോൾ നന്ദന്റെ തൊട്ടുമുന്നിൽ, ഒരു റബ്ബറിൻ ചുവട്ടിൽ ഫിഡൽ ചുരുണ്ടുകൂടി കിടന്നുറങ്ങുന്നു.

രണ്ടുപേർ എഴുന്നേറ്റോടിയ ഇടത്ത് ഫിഡൽ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ആ കാഴ്ച നന്ദന് വിശ്വസിക്കാനായില്ല.

നന്ദൻ രേവമ്മയുടെ വീടിന്റെ പിന്നിലേക്കു നോക്കി.

അവിടെയുമിപ്പോൾ ആരുമില്ല.

ഒരു നെല്ലിമരവും കറിവേപ്പും ഒന്നുരണ്ടു വാഴക്കൂട്ടങ്ങളും മാത്രം പ്രഭാതത്തിന്റെ വെളിച്ചത്തിലേക്ക് പതുക്കെ കണ്ണു തുറക്കുന്നു.

ഫിഡലിനേയും കൂട്ടി വീട്ടിലേക്കു നടക്കുമ്പോൾ തൊട്ടുമുന്‍പ് നടന്ന കാര്യങ്ങൾ യാഥാർത്ഥ്യമോ തോന്നലോ എന്നറിയാതെ, അതിന്റെ പൊരുൾ വേർതിരിച്ചെടുക്കാനാവാതെ നന്ദൻ കുഴങ്ങി.

ഒരിക്കൽ, ഉച്ചതിരിഞ്ഞുള്ള പതിവു വർത്തമാനത്തിന് വരാതായ രേവമ്മയെ അന്വേഷിച്ച് ഗംഗ അവളുടെ വീട്ടിലേക്ക് പുറപ്പെടുകയുണ്ടായി.

അതെപ്പറ്റി നന്ദന് വ്യത്യസ്തമായ രണ്ട് ഓർമകളാണ് ഉണ്ടായിരുന്നത്. വ്യത്യസ്തമായ ഓർമകൾ എന്നതിനേക്കാൾ യഥാർത്ഥത്തിലുള്ള ഓർമയും കാലാന്തരത്തിൽ സംഭവിച്ച അതിന്റെ രൂപാന്തരവുമായിരുന്നു അവ. ജീവിതം പാതി പിന്നിട്ടതോടെ യഥാർത്ഥത്തിലുള്ള ഓർമയേത് രൂപാന്തരം സംഭവിച്ചതേത് എന്നു തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു അയാൾ. അതിനു ശ്രമിക്കുമ്പോഴാകട്ടെ, ഒന്നുകിൽ രണ്ടും യഥാർത്ഥത്തിലുള്ളവ അല്ലെങ്കിൽ രണ്ടും രൂപാന്തരം സംഭവിച്ചവ എന്ന തോന്നലിലെത്തിച്ചേരുകയും ചെയ്യുമായിരുന്നു.

ആദ്യത്തെ ഓർമ രേവമ്മയുടെ വീട്ടിലേക്കു പുറപ്പെട്ട ഗംഗയുടെ വിരൽത്തുമ്പിൽ തൂങ്ങി അയാളും ഇറങ്ങുന്നതാണ്. അപ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ ഉച്ചയൂണു കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ശിവറാം പൊതുവേയുള്ള അയാളുടെ ശാന്തപ്രകൃതി കൈവെടിഞ്ഞ് ചാടിയെഴുന്നേൽക്കുന്നുണ്ട്. ഗംഗയിൽനിന്ന് അയാളെ ബലമായി അടർത്തിമാറ്റി “കേറിപ്പോടാ അകത്ത്” എന്ന് ആക്രോശിക്കുന്നുണ്ട്.

അമ്മ തന്നെക്കൂട്ടാതെ രേവമ്മയുടെ വീട്ടിലേക്ക് പോയതോർത്ത്, അച്ഛൻ രൂക്ഷമായി ശകാരിച്ചതോർത്ത് അയാൾ വീടിന്റെ പിന്നാമ്പുറത്തു ചെന്നിരുന്ന് ഏങ്ങിയേങ്ങിക്കരയുന്നിടത്ത് ആ ഓർമ അവസാനിക്കുകയാണ്.

രണ്ടാമത്തെ ഓർമയിൽ അയാൾ ഗംഗയ്ക്കൊപ്പം രേവമ്മയുടെ വീട്ടിലെത്തുകയാണ്. തങ്ങളുടേതിനെ അപേക്ഷിച്ചു നോക്കുമ്പോൾ ചെറിയ, സൗകര്യങ്ങൾ കുറഞ്ഞ ഒരു വീടാണ് രേവമ്മയുടേതെന്ന് അയാൾ തിരിച്ചറിയുന്നുണ്ട്. പുറമേനിന്നു കണ്ടിട്ടുണ്ടെങ്കിലും രേവമ്മയുടെ വീടിനുള്ളിൽ കയറുന്നത് ആദ്യമായിട്ടാണല്ലോ എന്ന് ഓർക്കുന്നുണ്ട്.

മുറിയുടെ മൂലയ്ക്കിട്ട ഒരു കട്ടിലിൽ കുളിക്കുകയോ വസ്ത്രം മാറുകയോ ചെയ്യാതെ രേവമ്മ കിടക്കുകയാണ്. അണിഞ്ഞൊരുങ്ങാത്ത, നിറമുള്ള വസ്ത്രങ്ങൾ ധരിക്കാത്ത രേവമ്മയെ അയാൾ ആദ്യമായി കാണുകയാണ്. ഗംഗയെ കണ്ടതും രേവമ്മയുടെ കണ്ണുകൾ നിറയുകയാണ്.

മുറിയുടെ മറ്റൊരു മൂലയിൽ പ്രവർത്തിച്ചിട്ട് കുറച്ചു നാളുകളായെന്ന് തോന്നിപ്പിക്കുന്ന ഒരു തയ്യൽമെഷീനും അതിനുമുകളിലെ സ്പൂൾ പിന്നിൽ പാതി തീർന്ന, വെളുത്ത നിറമുള്ള തയ്യൽ നൂലുമുണ്ട്. തറയിൽ, തയ്യൽ മെഷീനു ചുറ്റുമായി പല നിറങ്ങളിലുള്ള വെട്ടുതുണിക്കഷണങ്ങൾ ചിതറിക്കിടക്കുന്നുണ്ട്.

“അവൻ മറ്റൊരുത്തിയുടെ കഴുത്തിൽ താലികെട്ടണതു കാണാൻ ഞാനീ ഭൂമിയിൽ ജീവനോടെയുണ്ടാവില്ല, ഗംഗേ” രേവമ്മ ഗംഗയോടു പറയുകയാണ്.

“അങ്ങനെയൊന്നും പറയരുത്” കട്ടിലിലിരിക്കുകയും രേവമ്മയുടെ കൈകൾ കവരുകയും ചെയ്തു കൊണ്ട് ഗംഗ അപ്പോൾ ഇങ്ങനെ മറുപടി പറയുന്നു: “നീയില്ലെങ്കിൽ പിന്നെ ഈ ഭൂമിയിൽ ഞാനുമുണ്ടാവില്ല.”

രേവമ്മ അപ്പോൾ ഗംഗയുടെ കണ്ണുകളിൽ തന്നെ ഉറ്റുനോക്കുകയാണ്. ഗംഗ തിരിച്ചും അതേ നോട്ടം കൈമാറുകയാണ്.

ഒടുവിൽ രേവമ്മ കിടന്ന കിടപ്പിൽനിന്നുയർന്നുവരികയും രേവമ്മയും ഗംഗയും കട്ടിലിലിരുന്നു കൊണ്ടുതന്നെ ഗാഢമായ ഒരാലിംഗനത്തിലമരുകയാണ്.

ഒരു കുട്ടിയായ തന്റെ സാന്നിധ്യം അവർ മറന്നുപോയതോർത്ത് അയാൾ മുറി വിട്ടിറങ്ങുന്നതോടെ ആ ഓർമയും അവസാനിക്കുന്നു.

നന്ദൻ ഇപ്പോൾ തന്റെ പഴയ വീടിന്റെ ബാൽക്കണിയിൽ അല്പം മദ്യവുമായി തനിച്ചിരിക്കുകയാണ്. താഴെ സ്വീകരണമുറിയിൽ ടി.വിയുടെ ശബ്ദം കേൾക്കാനുണ്ട്. ഏതോ സീരിയലിന്റെ അരോചകമായ പശ്ചാത്തല സംഗീതമാണ്. രേവമ്മയും ഗംഗയും സീരിയൽ കണ്ടു കഴിഞ്ഞ് കരോട്ടെ പറമ്പിൽ റബ്ബർ വെട്ടിത്തെളിച്ചയിടത്ത് താൻ പണികഴിപ്പിച്ചിട്ടുള്ള പുതിയ വീട്ടിലേക്കു പോകാൻ അല്പം കൂടി സമയമെടുക്കുമെന്ന് നന്ദൻ ഓർത്തു. ഇരുവരുടേയും അന്തിയുറക്കം അവിടെയാണ്.

അവിവാഹിതയായി തുടർന്ന രേവമ്മ ആദ്യം അച്ഛനും സമീപകാലത്ത് അമ്മയും മരിച്ചതോടെ സ്വന്തം വീട്ടിൽ തനിച്ചാവുകയായിരുന്നു. രാത്രി ഒറ്റയ്ക്കു കിടക്കാൻ ഭയമായതോടെയാണ് അവർ ഗംഗയെ സമീപിച്ചത്.

“സന്ധ്യയ്ക്കു വന്ന് വെളുപ്പിനേ പൊയ്ക്കൊള്ളും” ഗംഗ നന്ദനോട് അക്കാര്യം സൂചിപ്പിക്കുമ്പോൾ ഒരനുവാദം ചോദിക്കലിന്റെ ധ്വനിയുണ്ടായിരുന്നു: “പുതിയ വീട്ടിൽ ഒരാൾപ്പെരുമാറ്റവുമാകും.”

നന്ദൻ സമ്മതം മൂളി.

ചിത്രീകരണം

സന്ധ്യയോടെ, രേവമ്മ വരുംമുന്‍പുതന്നെ അടുക്കളയിലെ പണികളെല്ലാം തീർത്ത് നന്ദന്റെ ഭാര്യ ചിത്ര ഏതെങ്കിലുമൊരു പുസ്തകവുമായി കിടപ്പുമുറിയിൽ കയറിയിട്ടുണ്ടാവും. സീരിയൽ കാഴ്ചയും അത്താഴവും കഴിഞ്ഞ് ഗംഗയും രേവമ്മയും പുതിയ വീട്ടിലേക്ക് പുറപ്പെട്ടതിനു ശേഷമേ അവർ പുറത്തിറങ്ങൂ.

“ഒരപേക്ഷയുണ്ട്” ഒരിക്കൽ ചിത്ര നന്ദനോടു പറഞ്ഞു: “അവരോട് ആ കുഴമ്പു തേച്ചിട്ട് വരുന്നത് ഒന്നു നിർത്താൻ പറയണം. ഇവിടെ മാത്രമല്ല, പുതിയ വീടിന്റേയും അകം മുഴുവൻ ആ മണമാ.”

രേവമ്മ അന്തിയുറക്കത്തിന് വരാൻ തുടങ്ങിയതു മുതലുള്ള ആ മണം നന്ദന്റേയും ശ്രദ്ധയിൽപ്പെട്ടിരുന്നു.

“സഹചരാദി തൈലത്തിന്റേയാണത്” നന്ദൻ ചിത്രയോടു പറഞ്ഞു “വാർദ്ധക്യത്തിൽ ചിലർക്ക് അതൊഴിവാക്കാൻ പറ്റില്ല.”

നന്ദൻ ഗ്ലാസ്സ് ഒരു തവണ കൂടി നിറച്ചു.

കിഴക്കേ പറമ്പിലെ വന്മരങ്ങൾക്കപ്പുറം പൗർണമി രാത്രിയുടെ ചന്ദ്രൻ ഉദിച്ചുനില്‍ക്കുന്നുണ്ട്. വിളഞ്ഞ നെല്‍പ്പാടത്തിനു മുകളിൽ ചുവപ്പുരാശിയുള്ള നിലാവ്.

നിലാവ് തന്റെ പുതിയ വീടിനുമേൽ വീഴുന്നതും അതിനെ ഒരു അയഥാർത്ഥ നിർമിതിയാക്കുന്നതും നന്ദന് തന്റെ പഴയ വീടിന്റെ ബാൽക്കണിയിലിരുന്നാൽ കാണാം.

നഗരത്തിൽ ജോലിയും ജീവിതവുമായി കഴിയുന്ന തന്റെ ഒരേയൊരു മകൾ കനിക്കുവേണ്ടി, വിവാഹശേഷം സ്ഥിരവും സ്വസ്ഥവുമായ ഒരിടം എന്ന നിലയ്ക്ക് അയാൾ പണികഴിപ്പിച്ചതാണ് പുതിയ വീട്. പക്ഷേ, അവളുടെ വിവാഹം മാത്രം ഇനിയും നടന്നിട്ടില്ല.

“നിനക്ക് ആരെങ്കിലുമുണ്ടെങ്കിൽ പറയ്” എന്നത് എല്ലാത്തവണയും കനി വീട്ടിൽ വരുമ്പോൾ ചിത്ര ആവർത്തിക്കുന്ന പല്ലവിയാണ്.

വരുന്ന വിവാഹാലോചനകളെല്ലാം മകൾ വേണ്ടെന്നു വയ്ക്കാൻ ഒരു കാരണം വേണമല്ലോ.

കഴിഞ്ഞ തവണ കനി വീട്ടിൽ വന്നപ്പോഴും ചിത്ര അതേ പല്ലവി ആവർത്തിച്ചു.

“എനിക്കൊരാളുണ്ട്. എന്റെ കാമുകി. ഞാൻ കൂട്ടിക്കൊണ്ടു വരട്ടെ?” അത്തവണ കനി തിരിച്ചു ചോദിച്ചു.

അമ്മയും മകളും തമ്മിലുള്ള എല്ലാ വിനിമയങ്ങളും അതോടെ അവസാനിച്ചു. മകൾ വീട്ടിലേക്കു വരുന്നതും അപൂർവമായി.

ഫിഡൽ പറമ്പിന്റെ നാലതിരുകളിലും മണത്തു നടക്കുന്നത് നന്ദൻ ബാൽക്കണിയിലിരുന്ന് കണ്ടു. തന്റെ അതിർത്തികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണവൻ. നാളെ പുലർച്ചെ തുടലിലിടുന്നതുവരെ അവൻ സ്വതന്ത്രനാണ്.

കിഴക്കേ പറമ്പിൽ, കരിയിലകൾക്കിടയിൽ എന്തോ അരിച്ചുനീങ്ങുന്നതിന്റെ ശബ്ദം.

രാത്രിയിൽ പാടത്തുനിന്ന് പറമ്പിലേക്ക് കയറിവരുന്ന ആമകളാണത്. നിത്യപരിചയംകൊണ്ട് ഫിഡൽ പരിഗണിക്കാത്ത വിഭാഗത്തിൽപ്പെടും അവ. പറമ്പിലെ ഉറച്ച മണ്ണിൽ കുഴികളെടുത്ത് മുട്ടയിട്ട് മൂടി പുലരും മുന്‍പ് അവ മടങ്ങും.

പാവം ആമകൾ.

വന്മരങ്ങൾക്കു കീഴിലെ ഇരുളിലും തണുപ്പിലും താവളമടിച്ചിരിക്കുന്ന, തിളയ്ക്കുന്ന ഉച്ചയിൽ പുറത്തിറങ്ങുന്ന ഉടുമ്പുകൾ പിളർനാക്കുകൾ നീട്ടി കൃത്യമായി മണം പിടിക്കും. ഓരോ കുഴിയും മാന്തി മുട്ടകളെടുത്ത് വിഴുങ്ങി അല്പനേരം ഗംഭീരഭാവത്തിൽ തല പൊന്തിച്ചിരിക്കും. പിന്നെ പാടവരമ്പുകളിലേയ്ക്ക് ഇഴഞ്ഞുചെന്ന് ഇരുണ്ടനിറമുള്ള ശരീരം അതേ നിറമുള്ള മണ്ണിൽ പടർത്തിക്കിടത്തി ആവശ്യത്തിനു വെയിലേറുകൊള്ളും. തുടർന്ന് ഭ്രൂണങ്ങൾ ഭക്ഷിച്ച് ആമകളുടെ വരും തലമുറകളെ ഇല്ലായ്മ ചെയ്തതിന്റെ കുറ്റബോധമൊന്നുമില്ലാതെ കിഴക്കേ പറമ്പിന്റെ ഇരുളിലേയ്ക്കും തണുപ്പിലേയ്ക്കും മടങ്ങും.

നിലാവ് ഇപ്പോൾ യൗവ്വനം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. വെള്ളിത്തിളക്കം കൊണ്ട് അത് രാത്രിയെ പുതപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

കിഴക്കേ പറമ്പിൽ വന്മരങ്ങൾക്കു കീഴിൽ പക്ഷേ, നിലാവിന്റെ രജതപ്രസരമില്ല. അവിടെ അത് തുള്ളികളായി ഇറ്റുവീഴുകയാണ്, വിഫലരേതസ്സുപോലെ.

താഴെ സ്വീകരണമുറിയിൽ ഇപ്പോൾ ടി.വിയുടെ ശബ്ദം നിലച്ചിരിക്കുന്നു.

വീടിന്റെ പടിഞ്ഞാറെ വാതിലടയുന്ന ശബ്ദം.

ടോർച്ചുവെട്ടത്തിനു പിന്നിലായി ഓസ്റ്റിയോ പൊറോസിസ് വന്ന് കാലുകൾ വളഞ്ഞുപോയ ഗംഗയും പ്രമേഹത്തിന്റെ ആധിക്യംകൊണ്ട് മെലിഞ്ഞുപോയ രേവമ്മയും പുതിയ വീട്ടിലേക്ക് ബദ്ധപ്പെട്ട് നടന്നുനീങ്ങുന്നത് നന്ദൻ പഴയ വീടിന്റെ ബാൽക്കണിയിലിരുന്ന് കണ്ടു.

കാറ്റിൽ സഹചരാദി തൈലത്തിന്റെ ഗന്ധം കലരാൻ തുടങ്ങുന്നത് അയാളറിഞ്ഞു.

ചിത്രീകരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ഡിഎയ്ക്ക് അധികാരം തരൂ, കേരളത്തെ വികസിതമാക്കാം; ഇത് മോദിയുടെ ഗ്യാരണ്ടി, ഹര്‍ത്താല്‍ മാഫിയയെ തുടച്ചുനീക്കും'

ഹെയർ സെറം ഉപയോ​ഗിക്കുന്നത് നല്ലതാണോ?

വൈറല്‍ പെണ്‍കുട്ടിക്ക് കേരളത്തില്‍ താലികെട്ട്; മൊണാലിസ വിവാഹിതയായി

'ആ പേടി എനിക്ക് ഇപ്പോഴും ഉണ്ട്'; ആറാം ക്ലാസിൽ വച്ച് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ടിനി ടോം

സാരിയിൽ സുന്ദരിയായി സ്ലീവാച്ചൻ്റെ മാലാഖ

SCROLL FOR NEXT