ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

കരുണാകരൻ എഴുതിയ കഥ ‘ജീവഭയം’

കരുണാകരന്‍

“The first of the line is tied to a tree and the last is being eaten by the ants.”

-Gabriel García Márquez One Hundred Years of Solitude.

പകൽ നീണ്ടുനീണ്ടു പോകേ, പതുക്കെ സന്ധ്യയാകെ, പിറകേ രാത്രിയാകെ, വിഷാദത്തിലേക്ക് വീണുകൊണ്ടേ ഇരുന്ന ജോണിനെ കാണാൻ ആദ്യം അയാളുടെ മരിച്ചുപോയ പെങ്ങൾ എത്തി. അവളുടെ തൊട്ടുപിറകേ സാത്താനും എത്തി.

രണ്ടു പേരെയും ജോൺ സ്നേഹത്തോടെ വീട്ടിലേക്ക് ക്ഷണിച്ചു. അതോ അതിനു മുന്‍പേ അവർ രണ്ടു പേരും, മരിച്ചുപോയ പെങ്ങളും സാത്താനും ജോണിന്റെ ഇരിപ്പുമുറിയിലെ സോഫയിൽ, ജോണിന് എതിരെ ഇരുന്നു. സോഫയുടെ രണ്ട് അറ്റങ്ങളിലായി രണ്ടുപേരും ഇരുന്നു. അഥവാ, അങ്ങനെയായിരുന്നു ആ ദിവസം, രാത്രിയുടെ പലതരം ഒച്ചകൾക്കും പലതരം നിശ്ശബ്ദതയ്ക്കുമൊപ്പം തീരാൻ തുടങ്ങിയത്.

ജോൺ രണ്ട് പേരെയും നോക്കി പുഞ്ചിരിച്ചു.

കുറച്ചു മുന്‍പ് മാത്രം അവസാനിച്ച പകലിനെപ്പറ്റി ജോണിനു തന്റെ സന്ദർശകരോട് സംസാരിക്കണമെന്നുണ്ടായിരുന്നു. എങ്ങനെയാണ് ആ പകലിനു പിടികൊടുക്കാതെ താനാ വീട്ടിൽ ഒറ്റയ്ക്ക് കഴിച്ചുകൂട്ടിയത് എന്നും വെളിച്ചമുള്ളിടത്തൊക്കെ ആ പകലിന് ഒരു രാക്ഷസാകാരം ഉണ്ടായിരുന്നുവെന്നോ മറ്റോ. പക്ഷേ, അങ്ങനെയൊന്നും പറയാതെ, ജോൺ രണ്ടുപേരെയും നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.

“ജോണേ, നീ പലതും ആലോചിച്ചു കൂട്ടുന്നു” സാത്താൻ ജോണിനോട് പറഞ്ഞു. “അങ്ങനെ ആലോചിച്ചുകൂട്ടി നീ വേണ്ടാത്തതൊന്നും ചെയ്യുകയുമരുത് അങ്ങനെ നീ ചെയ്യുമെന്ന് വിചാരിക്കുന്നതുകൊണ്ട് പറയുകയല്ല” സാത്താൻ കരുണയോടെ ജോണിനെ നോക്കി. അയാളുടെ ഏകാന്തതയുടെ വലുപ്പം തന്നെപ്പോലെ ആർക്കുമറിയില്ല എന്ന മട്ടിൽ. “എങ്കിലും പറയുകയാണ്.”

ഇടയ്ക്ക് സാത്താൻ സോഫയുടെ മറ്റേ അറ്റത്ത് ഇരിക്കുന്ന ജോണിന്റെ പെങ്ങളെ നോക്കി, അവൾ, പക്ഷേ, ജോണിനെത്തന്നെ നോക്കിക്കൊണ്ട് ഇരിക്കുന്നു.

തൊട്ടരികിൽനിന്നും ആരംഭിക്കുന്ന ഒരു കാലൊച്ച ദൂരെ എവിടെയോ വെച്ച് മായുന്നതുവരെ തന്റെ മരണത്തിന്റെ അകലം ജോൺ ഇത്തരം ദിവസങ്ങളിൽ സാധാരണ സങ്കല്പിക്കാറുള്ളതാണ്. ഇന്നും അങ്ങനെ സങ്കല്പിച്ചതാണ്. എന്നാലിപ്പോൾ, സാത്താനെ നോക്കാതെ, നിലത്ത് അല്പം ദൂരെയായി മാറിക്കിടന്നിരുന്ന തന്റെ ചെരിപ്പുകൾ നോക്കിക്കൊണ്ട്, ജോൺ സാത്താനോട് പറഞ്ഞു: “അങ്ങനെയൊന്നും ഞാൻ ആലോചിക്കുന്നേ ഇല്ല.” “അല്ലെങ്കിലും ചില ദിവസങ്ങൾ ഇപ്പോൾ അങ്ങനെയാണ്.”

ഇപ്പോൾ ജോൺ പെങ്ങളെ നോക്കി. അവൾ ഇപ്പോഴും സുന്ദരിയായിട്ടുതന്നെ ഇരിക്കുന്നു. ഇപ്പോഴും അവളുടെ മുഖം അതേ ശാന്തതയോടും അതേ വ്യസനത്തോടേയും ഇരിക്കുന്നു. “ഈ രാത്രി തന്നെ നിനക്ക് ഇവിടെ വരാൻ തോന്നിയല്ലോ” ജോൺ പെങ്ങളെ നോക്കിക്കൊണ്ട് പറഞ്ഞു. “എനിക്ക് എന്തോ സമാധാനം തോന്നുന്നു.” അവൾ ജോണിനെ നോക്കി പുഞ്ചിരിച്ചു. ഇപ്പോഴും സാത്താൻ അവളെ ഇടംകണ്ണിട്ട് നോക്കി. ചവർപ്പോടെ തലതിരിച്ച് മുറ്റത്തെ ഇരുട്ടിലേക്കും നോക്കി. പിന്നെ സോഫയിലേക്ക് ചാരി ഇരുന്നു.

പുറത്തെ ഇരുട്ടിൽനിന്നും ഒച്ചയുണ്ടാക്കിക്കൊണ്ട് ഒരു പക്ഷി പറന്നുപൊന്തി. അതിന്റെ ഒച്ച ദൂരെ എവിടെയോ മായുന്നതുവരെയും അവർ മൂന്നു പേരും ശ്രദ്ധിച്ചു. ജോൺ തീർച്ചയായും ശ്രദ്ധിച്ചു. ഇനി ആകാശത്ത് എവിടെയോ ഉള്ള ഒരു കിടങ്ങിൽ പക്ഷി അപ്രത്യക്ഷമാവുകയാണ് ചെയ്യുക എന്ന് അവർ മൂന്നുപേരും വിചാരിച്ചു. ജോൺ തീർച്ചയായും വിചാരിച്ചു. അത്രയും എളിയൊരു ചിറകടി തന്റെ തന്നെ ഉള്ളിൽ ഇപ്പോൾ കാണാതായി എന്നും വിചാരിച്ചു. മൂന്നുപേരും പക്ഷിയുടെ ഒച്ച മാഞ്ഞ ദിക്കിലേക്ക് നോക്കി കുറച്ചുനേരംകൂടി ഇരുന്നു. പിന്നെ ജോൺ മരിച്ചുപോയ പെങ്ങളെ നോക്കി പറഞ്ഞു:

“ഞാൻ ഈ വീട് വിടുകയാണ്.”

ജോൺ തന്റെ ചെരിപ്പുകൾ കാൽ നീട്ടി തന്റെ അരികിലേക്ക് വലിച്ചിട്ടു. ചെരിപ്പുകൾ ഒരേപോലെ ചേർത്തുവെച്ചു.

“എങ്ങോട്ട്?” ജോണിന്റെ പെങ്ങൾ ചോദിച്ചു.

ജോൺ അതിനു മറുപടി പറയാതിരുന്നതുകൊണ്ട് അവൾ ജോണിന്റെ അരികിലേക്ക് ചെന്നു. അയാളുടെ നെറുകിൽ കൈവെച്ചുകൊണ്ട് പറഞ്ഞു: “അതും നമ്മുടെ ഈ വീട്ടിൽനിന്നോ?”

തന്റെ നെറുകിൽ, തന്റെ നെറ്റിയിൽ സ്പർശിക്കുന്നത് മരിച്ചുപോയ ഒരാളുടെ കയ്യാണല്ലോ എന്നോർത്തുകൊണ്ടുതന്നെ ജോൺ അവളുടെ കൈകൾ രണ്ടും ചേർത്തുപിടിച്ചു. അവളെ നോക്കി.

ചിത്രീകരണം

കഠിനമായ ദുഃഖത്തോടെ നോക്കി.

സാത്താൻ ചെറിയൊരു ശബ്ദം ഉണ്ടാക്കിക്കൊണ്ട് സോഫയിൽനിന്നും എഴുന്നേറ്റു. പിന്നെ മുറ്റത്തെ ഇരുട്ടിലേക്ക് ഇറങ്ങി. പിറകേ കാണാതാക്കി.

പിറ്റേന്ന് നേരത്തെ ഉണർന്ന് പ്രഭാതകൃത്യങ്ങളെല്ലാം കഴിച്ച് മൂന്നുദിവസം മുന്‍പ് തീര്‍ച്ചയായും കാണാമെന്നു വാക്ക് കൊടുത്ത തന്റെ ചെങ്ങാതിയുടെ ഫ്ലാറ്റിലേക്ക് ജോൺ കാറിൽ പുറപ്പെട്ടു. വഴിയിൽ ഒരു പ്രാവശ്യം തലേന്നത്തെ ദിവസം ജോൺ ഓർമിച്ചു. ഒരു പ്രാവശ്യം അവിടെ എവിടെയോ ഉള്ള കെട്ടിടത്തിന്റെ മറവിൽനിന്നുകൊണ്ട് മുഖത്ത് ചായം തേച്ചുപിടിപ്പിക്കുന്ന സാത്താനെ ഒരു മിന്നായംപോലെ കണ്ടതിനാൽ തിരിഞ്ഞുനോക്കി.

ചെങ്ങാതിയുടെ ഫ്ലാറ്റിനു മുന്‍പിലുള്ള കാർപാർക്കിൽ കാർ നിർത്തി ജോൺ നാലാംനിലയിലുള്ള ഫ്ലാറ്റിലേക്ക് പടികൾ കയറാൻ തുടങ്ങി. വളരെ സമയമെടുത്തും പലതും ഓർത്തും. ഒരു സമയം തന്റെ വയസ്സ് ഓർത്ത് ജോൺ പടികളിലൊന്നിൽ നിൽക്കുകയും ചെയ്തു.

“നീ പടികൾ കയറിയാണ് വന്നത്, അല്ലെ?” ജോണിന്റെ ചെങ്ങാതി ചോദിച്ചു.

“ഇന്ന് ഇങ്ങനെയാകാട്ടെ എന്നു വിചാരിച്ചു.” ജോൺ ചെങ്ങാതിയെ നോക്കി ചിരിച്ചു. തന്റെ കിതപ്പിന്റെ ഒച്ച കുറയ്ക്കാൻ കുറച്ചു നിമിഷങ്ങൾകൂടി ജോൺ വാതിൽക്കൽത്തന്നെ നിന്നു. “ഇപ്പോൾ എന്തോ ഒരു സമാധാനം കിട്ടിയതുപോലെ” -ജോൺ പറഞ്ഞു.

തന്റെ ശരീരത്തിലേക്ക് ജോണിനെ ചേർത്തുപിടിച്ച്, ജോണിന്റെ ചെങ്ങാതി ഇരിപ്പുമുറിയുടെ ഒരു മൂലയിൽ ചുമരിനോട് ചേർത്ത് ഇട്ടിരുന്ന ചെറിയ തീൻമേശ അയാൾക്കു കാണിച്ചുകൊടുത്തു.

“അതാ നിന്റെ പ്രിയപ്പെട്ട കപ്പിൽ നിന്റെ പ്രിയപ്പെട്ട പാനീയം. ആദ്യം നീ അത് കുടിക്ക്, എന്നിട്ട് നിന്റെ വിശേഷങ്ങൾ പറയ്.”

ജോണിന്റെ ചെങ്ങാതി തീൻമേശയിൽനിന്നും കപ്പ് എടുത്ത് ജോണിനു കൊടുത്തു. ഇരിപ്പുമുറിയിലെ ഫാനിന്റെ വേഗത കൂട്ടി.

ഉച്ചയൂണിന് ഇരിക്കുമ്പോൾ തലേന്നത്തെ രാത്രിയിലെ തന്റെ സന്ദർശകരെക്കുറിച്ച് തന്റെ ചെങ്ങാതിയോട് പറയണമെന്ന് ജോൺ വിചാരിച്ചു. ചങ്ങലപോലെ വലിയുന്ന തന്റെ ദിവസങ്ങളെപ്പറ്റിയും. പകരം തന്റെ മുന്‍പിലെ ഭക്ഷണത്തിലേക്ക് നോക്കി മറ്റ് ആരും കേൾക്കുന്നില്ല എന്നും തന്നോടുതന്നെയാണ് താൻ സംസാരിക്കുന്നത് എന്നു വിചാരിച്ചുകൊണ്ടും ജോൺ പറഞ്ഞു: “എനിക്കിപ്പോൾ ഒന്നും ഇമാജിൻ ചെയ്യാൻതന്നെ പറ്റുന്നില്ല.” “ഒന്നും” പിന്നെ തലയുയർത്തി തന്റെ ചെങ്ങാതിയെ നോക്കി. ‘ഒന്നും.’

“പകരം നീ പേടിസ്വപ്നങ്ങൾ കാണുന്നു” ജോണിന്റെ ചെങ്ങാതി പറഞ്ഞു.

“അതെ” -ജോൺ പറഞ്ഞു.

“ദൈവത്തേയും ചെകുത്താനേയും കാണുന്നു” ജോണിന്റെ ചെങ്ങാതി പറഞ്ഞു.

“അതെ” -ജോൺ പറഞ്ഞു.

“ദൈവത്തേയും ചെകുത്താനേയും വെച്ച് നീ ഓരോ രാത്രിയും ഓരോ പകലും ഓരോ കഥകളുണ്ടാക്കുന്നു” ജോണിന്റെ ചെങ്ങാതി പറഞ്ഞു.

ജോണ്‍ പുഞ്ചിരിച്ചു.

വളരെ വൈകി രാത്രിയോടെ തന്റെ ചെങ്ങാതിയുടെ ഫ്ലാറ്റിൽനിന്നും ജോൺ കാറിൽ മടങ്ങുമ്പോൾ കാറിന്റെ പിൻസീറ്റിൽ, സീറ്റിന്റെ രണ്ട് അറ്റങ്ങളിലായി, അവരവരുടെ വിൻഡോയിലൂടെ കാണുന്ന പുറത്തെ കാഴ്ചകളും കണ്ടുകൊണ്ട്, ജോണിന്റെ മരിച്ചുപോയ പെങ്ങളും സാത്താനും ഇരുന്നു. ജോൺ വളരെ പതുക്കെ കാർ ഡ്രൈവ്‌ ചെയ്തു. തന്റെകൂടെ യാത്ര ചെയ്യുന്ന പെങ്ങളുടേയും സാത്താന്റേയും ജീവനുകൾ വിലമതിച്ചുകൊണ്ട്. ഒരു സമയം തന്റെ മുന്‍പിലെ കണ്ണാടിയിൽ പിറകിലിരിക്കുന്ന രണ്ടുപേരെയും നോക്കിക്കൊണ്ട് ജോൺ അതു പറയുകയും ചെയ്തു.

ജോൺ പറഞ്ഞു: “ഇപ്പോൾ നമ്മൾ മൂന്നുപേരുടേയും ജീവൻ എന്റെ കൈകളിലാണ്. അതുകൊണ്ടാണ് ഇങ്ങനെ വളരെ പതുക്കെ ഞാൻ കാർ ഓടിക്കുന്നത്.”

ജോൺ കാറിന്റെ വേഗത ഒന്നുകൂടി കുറച്ചു. സാത്താൻ പുറത്തേയ്ക്ക് നോക്കിക്കൊണ്ട് പുഞ്ചിരിച്ചു.

“എനിക്കും തോന്നി” സാത്താൻ പറഞ്ഞു. “മൂന്ന് ജീവനുകൾ ഈ നിരത്തിൽവെച്ച് എന്തെങ്കിലും അപകടത്തിൽപ്പെട്ട് ചത്തുപോകുന്നത് എനിക്കും സങ്കല്പിക്കാനേ പറ്റില്ല. എന്റെ കാര്യത്തിൽ വിശേഷിച്ചും.”

അങ്ങനെ പറഞ്ഞതും ചിരിയടക്കാൻ സാത്താൻ വായ പൊത്തി, ഒരു വേള പരിചയമുള്ള ആരെയോ കണ്ടതുപോലെ പിറകോട്ട് തിരിഞ്ഞുനോക്കി. അല്ലെങ്കിൽ അങ്ങനെ അഭിനയിച്ചു.

“നീ കാർ നിര്‍ത്തുമെങ്കിൽ ഞാൻ മുൻസീറ്റിൽ വന്നിരിക്കാം” -ജോണിന്റെ പെങ്ങൾ പറഞ്ഞു. അവൾ ജോണിനേയോ സാത്താനേയോ നോക്കാതിരിക്കാൻ ശ്രദ്ധിച്ചു. “അപ്പോൾ നീ കൂടുതൽ ശ്രദ്ധിക്കും.”

റോഡിലെ ഇലക്ട്രിക് പോസ്റ്റുകൾക്കിടയിൽ വെളിച്ചത്തിന്റെ മങ്ങിയ ചുരുളുകൾ, കാറ്റിലാകണം, മാറാലപോലെ ഇളകുന്നുണ്ടായിരുന്നു, അങ്ങനെ വെളിച്ചവും കാറ്റിലിളകുമോ എന്നറിയാൻ ആദ്യം ജോണിന്റെ പെങ്ങളും പിന്നെ ജോണും അവരവരുടെ വിൻഡോയിലൂടെ തല നീട്ടി ആകാശത്തേയ്ക്ക് നോക്കുന്നുണ്ടായിരുന്നു. എന്നാൽ, അവർ രണ്ടുപേരെയും തിരുത്തിക്കൊണ്ട് സാത്താൻ പറഞ്ഞു: “ഇവിടെ എങ്ങും ഒരു തുള്ളിപോലും കാറ്റില്ല, പിന്നെ അല്ലേ...”

ചിത്രീകരണം

ഇപ്പോഴും സാത്താൻ വായ പൊത്തി. ചിരിയടക്കി.

തന്റെ മുന്‍പിലെ കണ്ണാടിയിലൂടെ കിട്ടുന്ന സാത്താന്റെ പാതിരൂപം കണ്ടുകൊണ്ടുതന്നെ ജോൺ കാർ റോഡിന്നരികിലേക്ക് നീക്കിനിർത്തി. കൈനീട്ടി കാറിന്റെ ഇടത്തേ ഡോർ തുറന്നു. ജോണിന്റെ പെങ്ങൾ “ഹായ്” എന്ന് ഒച്ചവെച്ചുകൊണ്ട് കാറിന്റെ മുന്‍സീറ്റിലേക്ക് ഓടിക്കയറി. അതേ വേഗത്തിൽ വാതിലടച്ചു. തന്റെ സീറ്റ്ബെല്‍റ്റ് ഇടുന്നതിനും മുന്‍പ് അവൾ ജോണിനെ ഇറുകെ പുണർന്നു. അയാളുടെ കവിളിൽ ഉമ്മവെച്ചു. ജോണിന്റെ കണ്ണുകളിലേക്ക് മാറി മാറി നോക്കി.

“ദൈവമൊന്നുമല്ല” പിറകിലെ സീറ്റിൽനിന്നും സാത്താൻ മുരണ്ടു: “അവൾ തന്നെ.”

അതേ സമയത്ത് ജോണിനു കുറേ വർഷമായി താനെഴുതാൻ ആഗ്രഹിക്കുന്ന കഥയുടെ ആദ്യത്തെ വരി മനസ്സിൽ തെളിയുന്നപോലെ തോന്നി. അതിലേക്ക് ഉറ്റുനോക്കിക്കൊണ്ടെന്നപോലെ ജോൺ, മറക്കാതിരിക്കാനായി അതേ വരി തന്റെ മനസ്സിൽ മൂന്നു പ്രാവശ്യം ആവർത്തിച്ചു. അന്നു പകൽ തന്റെ ചെങ്ങാതിയുടെ ഫ്ലാറ്റിൽ ചെലവഴിച്ച സമയം അതേ ക്രമത്തിൽ ഓർത്തു. ചെങ്ങാതിക്കുമൊപ്പം ഉച്ചയൂണിനിരിക്കുമ്പോൾ മുന്നിലെ പ്ലേറ്റിലേക്ക് നനയുന്ന കണ്ണുകളോടെ നോക്കി ഇരിക്കുന്ന തന്നെത്തന്നെ കണ്ടു. പിന്നെ ഇടത്തേ കൈപ്പടംകൊണ്ട് കണ്ണുകൾ തുടച്ച് ജോൺ തന്റെ മുന്നിലെ വെളിച്ചത്തിലേക്ക് നോക്കി.

ഇരുവശങ്ങളിലുമായി പാഞ്ഞുപോകുന്ന വാഹനങ്ങൾക്കിടയിൽ, തനിക്കു മാത്രം തെളിഞ്ഞ വഴിയിലൂടെ ജോൺ പതുക്കെ കാറോടിച്ചു. കാറിന്റെ വിൻഡോകൾ നാലും താഴ്ത്തി. കാറിനുള്ളിലേക്ക് വന്ന കാറ്റിൽ അകന്നുപോകുന്ന പട്ടണത്തിന്റെ മണം ശ്വസിച്ചു. രണ്ടോ മൂന്നോ പ്രാവശ്യം ശ്വാസം വലിച്ച് വിട്ട്, കാറിന്റെ വേഗത കൂട്ടിക്കൊണ്ട്, കുറച്ചു മുന്‍പ് താനോർത്തു പറഞ്ഞ, താൻ എഴുതാൻ ആഗ്രഹിച്ച കഥയുടെ ആദ്യത്തെ വരി ഒന്നുകൂടി പറയാനൊരുങ്ങി. എന്നാൽ, അതിനെക്കാളൊക്കെ വേഗതയിൽ, കാറിൽ തനിക്കു ചുറ്റും വളഞ്ഞുനിന്ന ഏകാന്തതയിലേക്ക് ജോണ്‍ കൂപ്പ്കുത്താനും തുടങ്ങി. ഇപ്പോൾ കാറിലും വെളിച്ചത്തിന്റെ മാറാലകൾ ഇളകുന്നത് കണ്ടു... ജോൺ റോഡിന്റെ അരികിലേക്ക് കാർ ഒതുക്കിനിർത്തി. അടുത്ത നിമിഷം മുതൽ ആ നിമിഷംവരെയുമുള്ള തന്റെ ആയുസ്സ് ഒരു ചങ്ങലയിലെ കണ്ണികൾപോലെ നിരക്കുന്നത് കാണുമെന്നു വിചാരിച്ചു. പെട്ടെന്ന് കാറിൽനിന്നും ഇറങ്ങി, റോഡിന്റെ അരികിലൂടെ ജോൺ ധൃതിയിൽ മുന്‍പോട്ട് നടക്കാൻ തുടങ്ങി, പിന്നെ ഓടാൻ തുടങ്ങി... ഓട്ടത്തിനിടയിൽത്തന്നെ രണ്ടോ മൂന്നോ തവണ തങ്ങളുടെ ഉടലുകളിൽനിന്നും താഴേക്ക് തളർന്നു വീഴുന്ന തന്നെയും പെങ്ങളേയും കണ്ടു. ഒരുസമയം വീട്ടിലെ പ്രാർത്ഥനാമുറിയിൽനിന്നും പുറത്തേയ്ക്ക് ഓടുന്ന പെങ്ങളെ കണ്ടു: തന്റെ തന്നെ ഇരട്ട. ജോൺ റോഡിൽ തലകുത്തി വീണു. അവിടെ കിടന്നുകൊണ്ടുതന്നെ ഒരു ‘ലിഫ്റ്റി’നുവേണ്ടി ജോൺ കൈ ഉയർത്തിക്കൊണ്ടുമിരുന്നു... ഒടുവിൽ ആറോ ഏഴോ അതോ ആയിരമോ പതിനായിരമോ വാഹനങ്ങൾക്കു ശേഷം, ഒരു കാർ പതുക്കെ നിന്നുകൊടുക്കുന്നതുവരെ.

ആ രാത്രിയിലും പിറ്റേന്ന് പുലരുന്നതുവരെയും അതേ കാറിന്റെ പിൻസീറ്റിൽ തനിക്ക് ഇരുവശവുമായി തിങ്ങിക്കൂടിയും അപ്പോഴും ഒരു കൂട്ടമൗനത്തിൽ കെട്ടിയിട്ടപോലെയും ഇരിക്കുന്ന മറ്റു യാത്രക്കാരുടെകൂടെ, സീറ്റിന്റെ ഇങ്ങേ അറ്റത്ത് ജോൺ ഇരുന്നു. ഒരു എളിയ ജീവിയെപ്പോലെ. അല്ലെങ്കിൽ പാപം ചെയ്യുന്നപോലെ. അല്ലെങ്കിൽ ഇനിയും ഒരാൾക്കൂടി, കാറിലേക്ക് കയറാനുണ്ടെന്നവിധം തന്റെ തൊട്ടരികിൽ ആവുന്നത്ര സ്ഥലം ഒഴിച്ചിട്ടുകൊണ്ട്.

കാറിൽനിന്നും ഇറങ്ങുന്നതുവരെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ വീണ്ടും സജീവം; മധ്യപ്രദേശ് സര്‍ക്കാരിന്റെ ആവശ്യം 280 കോടി രൂപ

ചോറോ കഞ്ഞിയോ? ആരോ​ഗ്യത്തിന് ഏതാണ് കൂടുതൽ ​ഗുണകരം

'സമയമാണ് പ്രശ്‌നം'; കോഴിക്കോട് ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തു

ബാച്ചിലര്‍ പാര്‍ട്ടി D'Eux- ലേക്ക് വിളിക്കാത്തതില്‍ വിഷമമുണ്ട്, വിളിച്ചിരുന്നേല്‍ പൊളിച്ചേനെ: രാഹുല്‍ രാജ്

സുഹൃത്തിന് പണം കടം കൊടുത്തിട്ട് കിട്ടിയില്ലേ? കേസിന് പോയിട്ട് കാര്യമുണ്ടോ, യുഎഇയില്‍ നിയമം ഇങ്ങനെ