

ബാച്ചിലര്‍ പാര്‍ട്ടി ദ്യു കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. നസ്ലെന്, കുഞ്ചാക്കോ ബോബന്, ഷറഫുദ്ദീന്, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ചന്തു സലിം കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. 2012 ല്‍ പുറത്തിറങ്ങിയ ബാച്ചിലര്‍ പാര്‍ട്ടിയുടെ സ്പിരിച്വല്‍ സീക്വലാണ് പുതിയ ചിത്രം.
2012 ല്‍ പുറത്തിറങ്ങിയ ബാച്ചിലര്‍ പാര്‍ട്ടിയിലെ മുഖ്യാകര്‍ഷണങ്ങളിലൊന്ന് രാഹുല്‍ രാജ് ഒരുക്കിയ സംഗീതമായിരുന്നു. ചിത്രത്തിലെ ഓരോ പാട്ടുകളും, പശ്ചാത്തല സംഗീതവും ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ സംഗീതം ഒരുക്കുന്നത് രാഹുല്‍ രാജ് അല്ല. യുവതലമുറയിലെ മുന്‍നിരക്കാരനായ ക്രിസ്റ്റോ സേവ്യറാണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
രണ്ടാം ഭാഗത്തിലെ തന്റെ അസാന്നിധ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് രാഹുല്‍ രാജ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ രാജ് മനസ് തുറന്നത്. രണ്ടാം ഭാഗത്തിലേക്ക് വിളിക്കാത്തതില്‍ വിഷമമുണ്ടെന്നും വിളിച്ചിരുന്നുവെങ്കില്‍ പൊളിച്ചേനെ എന്നും രാഹുല്‍ പറയുന്നു. അതേസമയം ആര്‍ക്കൊപ്പം ജോലി ചെയ്യണമെന്നത് സംവിധായകന്റെ താല്പര്യമാണ്. ക്രിസ്റ്റോയുടെ പാട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും രാഹുല്‍ പറയുന്നുണ്ട്.
''മനുഷ്യനാണെങ്കില്‍ നമ്മള് ആയിരുന്നുവെങ്കില്‍ എന്നൊരു തോന്നലുണ്ടാകുമല്ലോ. ഈയ്യടുത്തും അതേക്കുറിച്ചുള്ളൊരു റൈറ്റ് അപ്പ് ഞാന്‍ അമലിന് അയച്ചു കൊടുത്തിരുന്നു. ഇപ്പോഴും ഞങ്ങള്‍ കാര്യങ്ങള്‍ പങ്കുവെക്കാറുണ്ട്. ബാച്ചിലര്‍ പാര്‍ട്ടിയുടെ തിരക്കൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് വരാടാ എന്നൊക്കെ പറഞ്ഞിരിക്കുകയാണ്. അതൊക്കെ വേറെ സൈഡില്‍ കൂടെ നടക്കുന്നുണ്ട്'' എ്ന്നാണ് രാഹുല്‍ രാജ് പറയുന്നത്.
''എന്തുകൊണ്ടോ ആ സമയത്ത് വിളിച്ചില്ല. പ്രാരംഭഘട്ടത്തിലായിരിക്കാം. അത് പക്ഷെ നമ്മള് ചോദിക്കാന്‍ പാടില്ല. ഒരു ഫിലിം മേക്കറുടെ ഇഷ്ടമല്ലേ. അദ്ദേഹത്തിന് പുതിയൊരാളുമായി ചേര്‍ന്ന് വര്‍ക്ക് ചെയ്യാനാണ് ആഗ്രഹമുണ്ടാകാം. പക്ഷെ മനുഷ്യന് എന്ന നിലയില്‍ ശ്ശേ വിളിച്ചിരുന്നുവെങ്കില്‍ പൊളിക്കാമായിരുന്നു എന്ന് തോന്നും. ക്രിസ്റ്റോ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്താണ് പ്രേക്ഷകര്‍ക്ക് വേണ്ടതെന്ന് അറിയുന്ന പിള്ളേരാണ്. അവരത് ചെയ്യട്ടെ'' എന്നും അദ്ദേഹം പറയുന്നു.
''പിന്നെ ഞങ്ങള്‍ കണ്ടിട്ട് കുറച്ചായി. എന്താണ് എന്റെ ഇപ്പോഴത്തെ സാങ്കേതികമായ വളര്‍ച്ച എന്താണെന്ന് അറിയണമെന്നില്ല. കൂടെ ജോലി ചെയ്യുന്നവര്‍ക്കേ അത് അറിയാന്‍ സാധിക്കുകയുള്ളൂ. അത്തരം കാര്യങ്ങള്‍ പുതിയ സിനിമകളിലൂടെ മാത്രമേ തെളിയിക്കാന്‍ സാധിക്കൂ. സിനിമ ഒരുപാട് എലമെന്റുകള്‍ ഒരുമിച്ചു കൊണ്ടു വരുന്നതാണ്. അങ്ങനെ ഒരു മാച്ച് മേക്കിങ് പ്രോസസിലൂടെയാണ് ഒരു ക്രൂവിനെ കൂട്ടിച്ചേര്‍ക്കുക'' രാഹുല്‍ രാജ് പറയുന്നു.
അതേസമയം, ബാച്ചിലര്‍ പാര്‍ട്ടി ദ്യൂ ഏറ്റെടുക്കുന്നതിന് മുമ്പായി ക്രിസ്റ്റോ തന്നെ വിളിച്ചിരുന്നുവെന്നും രാഹുല്‍ രാജ് പറയുന്നു. ''ക്രിസ്റ്റോ എന്നെ വിളിച്ചിരുന്നു, അനുഗ്രഹം തേടലിന്റെ ഭാഗമായി. അമല്‍ പറഞ്ഞിരുന്നു ക്രിസ്റ്റോ വിളിക്കുമെന്ന്. ഇങ്ങനെ ചെയ്യുന്നുണ്ടെന്നും ചിലപ്പോള്‍ ഒന്ന് രണ്ട് ട്രാക്കുകള്‍ റീമിക്സ് ചെയ്യുമെന്നും പറഞ്ഞു'' എന്നാണ് അദ്ദേഹം പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates