ബംഗാളിന്റെ ഏറ്റവും തിളക്കമാർന്ന ആഘോഷമാണ് ദുർഗാപൂജ. അനീതിയുടേയും തിന്മയുടേയും പ്രതീകമായ മഹിഷാസുരനെ വധിച്ച് നീതിയും നന്മയും പുലരുവാൻ വേണ്ടിയാണ് എല്ലാ വർഷവും മാ ദുർഗ എത്തുന്നതെന്നാണ് സങ്കല്പം. എന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് നടുക്കുന്ന ചില അനുഭവങ്ങളെ മുൻനിർത്തിയാണ് ഈ വർഷത്തെ ദുർഗാപൂജ ഓർമിക്കപ്പെടുക. മധ്യ കൊൽക്കത്തയിലെ ചോര്ബഗാനിലെ പൂജാപ്പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം മനുഷ്യർ മരണപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ദാരുണസംഭവമായിരുന്നു അതിലൊന്ന്. ബംഗാളിൽ എല്ലായിടത്തും ദുർഗാപൂജയോടനുബന്ധിച്ച് കാലങ്ങളായി നടത്തിവരുന്ന പുസ്തകശാലകൾ വ്യാപകമായി ആക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തതാണ് മറ്റൊന്ന്. പൂജാപ്പന്തലുകളിൽ അനിയന്ത്രിതമായ തിരക്കുണ്ടായാൽ കൈക്കൊള്ളേണ്ടിയിരുന്ന നടപടിക്രമങ്ങൾ അവഗണിച്ചതാണ് ആദ്യത്തെ സംഭവത്തിലേക്ക് നയിച്ചതെങ്കിൽ രണ്ടാമത്തേത് അസഹിഷ്ണുതയുടെ പ്രതീകമായി വേണം കാണാൻ. ഒന്ന് ആസൂത്രണപ്പിഴവായിരുന്നെങ്കിൽ മറ്റൊന്ന് തികച്ചും ആസൂത്രിതമായ നീക്കമായിരുന്നു.
കൊൽക്കത്തയിലെ ജാദവ്പൂരിൽ, നാഗേർബസാറിൽ, എൻറ്റാലിയിൽ, ബെഹാലയിൽ, ധാക്കുറിയയിൽ, അയൽജില്ലകളായ ഹൗറയിലും ദക്ഷിണ 24 പർഗനാസിലെ ബാരസാത്തിലുമെല്ലാം കാവിപ്പട കടന്നുകയറി പുസ്തകശാലകൾ തകർത്തു. പുസ്തകങ്ങൾ വലിച്ചുകീറിയും തെരുവിലേക്ക് വലിച്ചെറിഞ്ഞും ചവിട്ടിയരച്ചും ബാനറുകൾ വലിച്ചുകീറിയും മേശകളും കസേരകളും അടിച്ചുതകർത്തുമാണ് അവർ കലിയടക്കിയത്. തങ്ങളുടെ ‘ആഗ്രഹം’ നടപ്പിലാക്കുമ്പോൾ അവർ ബംഗാളികൾ കേട്ടു ശീലിച്ചിട്ടില്ലാത്ത ‘ജയ് ശ്രീരാം’, ‘ജയ് ശിവജി’, ‘ജയ് ഭവാനി’ എന്നിങ്ങനെയുള്ള വാക്കുകൾ ഉച്ചത്തിൽ മുഴക്കുന്നുണ്ടായിരുന്നു. ഇടതുപക്ഷ പാർട്ടികളായ സി.പി.എമ്മും എസ്.യു.സി.ഐയും സി.പി.ഐ(എം.എല്ലും) ഫോർവേർഡ് ബ്ലോക്കും രാഷ്ട്രീയ പാര്ട്ടിയല്ലാത്ത അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സും (APDR) ദുർഗാപൂജയോടനുബന്ധിച്ച് സ്ഥാപിച്ച പുസ്തകവിപണന കേന്ദ്രങ്ങളാണ് വ്യാപകമായി ആക്രമിക്കപ്പെട്ടത്.
‘ശരത്ചന്ദ്ര ചാറ്റർജി രാജ്യദ്രോഹിയാവുന്നു’
ഉത്തര കൊൽക്കത്തയിലെ നാഗേർബസാറിലെ സി.പി.എമ്മിന്റെ പ്രഗതിശീൽ ബുക്ക് സ്റ്റാളിൽ അതിക്രമിച്ചു കയറിയ ചെറുപ്പക്കാരൻ നിരത്തിവച്ച പുസ്തകങ്ങളിൽനിന്നും ഒരെണ്ണമെടുത്ത് ഉയർത്തിക്കാട്ടിയ ശേഷം അമർഷത്തോടെ പറയുന്നുണ്ട് “ഈ പുസ്തകങ്ങളുടെ ഉള്ളടക്കം എന്താണ്? ഈ പുസ്തകങ്ങളെല്ലാം രാജ്യദ്രോഹം പ്രചരിപ്പിക്കുന്നവയാണ്...” പക്ഷേ, അയാൾ ഉയർത്തിക്കാട്ടുന്ന പുസ്തകം ബംഗാളിലെ എന്നുമാത്രമല്ല, ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ എഴുത്തുകാരിൽ ഒരാളായ ശരത്ചന്ദ്ര ചാറ്റർജി എഴുതിയ ‘പൊഥേർ ദാബി’ എന്ന നോവലായിരുന്നു. കൃത്യം ഒരു നൂറ്റാണ്ട് മുൻപ് രാജ്യദ്രോഹവും വിപ്ലവാശയങ്ങളും പ്രചരിപ്പിക്കുന്ന കൃതിയാണെന്ന് ആരോപിച്ച് ബ്രിട്ടീഷ് ഭരണാധികാരികൾ നിരോധിച്ച പുസ്തകമായിരുന്നു ‘പൊഥേർ ദാബി’. നൂറ് വർഷം കഴിഞ്ഞ് സ്വാതന്ത്ര്യം നേടിയതിന്റെ സപ്തതി പിന്നിട്ട രാജ്യത്ത് അതേ പുസ്തകം ഉയർത്തിക്കാട്ടി അതിനുമേൽ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുകയാണ്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്കുവേണ്ടി ഒത്താശ ചെയ്ത പാരമ്പര്യമുള്ള പ്രസ്ഥാനത്തിന്റെ പുതുതലമുറ പ്രതിനിധികൾക്ക് ശരത്ചന്ദ്രയെ അറിയില്ലായിരിക്കാം. ‘പൊഥേർ ദാബി’ എന്ന കൃതിയുടെ പേര് കേട്ടിട്ടുപോലും ഉണ്ടാവില്ലായിരിക്കും. രാജ്യത്ത് നവോത്ഥാനത്തിനും ദേശീയ പ്രസ്ഥാനത്തിനും ഒട്ടനവധി രാഷ്ട്രീയ പാർട്ടികൾക്കും വെള്ളവും വളവും വെളിച്ചവുമേകിയ, വിചാരവിപ്ലവത്തിന്റെ വിത്തുപാകിയ ബംഗാളിന്റെ മണ്ണിലാണിത് സംഭവിക്കുന്നത്.
യുക്തിചിന്തയേയും ശാസ്ത്രാവബോധത്തേയും മാത്രമല്ല, ധൈഷണികമായ എല്ലാത്തരം മുന്നേറ്റങ്ങളേയും ഭയക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരു സമൂഹം വളരുന്നുണ്ട് എന്നതിന്റെ ദൃഷ്ടാന്തമായി പുസ്തകശാലകൾക്കു നേരെയുള്ള ഈ ആക്രമണത്തെ കാണാം. പക്ഷേ, അതിനെതിരെ ആരുടേയും ആഹ്വാനമില്ലാതെ ജനങ്ങൾ ശക്തമായി പ്രതികരിച്ചു എന്നതാണ് പ്രത്യാശയുണർത്തുന്നത്. ഫാസിസത്തിന്റെ കുരിപ്പുകൾ പ്രകടമായിത്തന്നെ മുളച്ചുപൊന്തുകയും അതിലേക്ക് അതിവേഗം നീളുന്ന പ്രവണതകൾ അതിന്റെ ദംഷ്ട്രകൾ വെളിപ്പെടുത്തുകയും ചെയ്യുന്ന ബംഗാളിന്റെ വർത്തമാനകാല രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങൾക്കെതിരെ ശക്തമായ പൊതുബോധം ഉണരുന്നുണ്ട് എന്നത് ഏത് ഇരുണ്ട കാലവും പുതിയൊരു സൂര്യോദയത്തിലേക്ക് എന്നെങ്കിലുമൊരിക്കൽ എത്തിച്ചേരുമെന്ന ശുഭാപ്തിവിശ്വാസത്തിലേക്ക് ജനാധിപത്യ വിശ്വാസികളെ ഉണർത്തുന്നു.
അക്ഷരങ്ങളുടെ സ്നേഹമുദ്ര പതിഞ്ഞ ബംഗാൾ
അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും അവ പ്രാണൻ പകരുന്ന പുസ്തകങ്ങളും രോഗാതുരമായ ഒരു സമൂഹത്തിന്റെ പ്രതിരോധ കുത്തിവയ്പ്പാണെന്നും പലപ്പോഴും അതൊരു സിദ്ധൗഷധത്തിന്റെ ഗുണം ചെയ്യുമെന്നും ആർക്കാണ് അറിഞ്ഞുകൂടാത്തത്. അതിക്രമിച്ചുകയറി പുസ്തകശാലകൾ നശിപ്പിച്ചാലോ പുസ്തകങ്ങൾ വലിച്ചുകീറിയാലോ വായനാനുഭവത്തേയും വായനക്കാരുടെ ഭാവുകത്വത്തേയും അമർച്ചചെയ്യാൻ സാധിക്കുമെന്ന് കരുതുന്നത് എന്തൊരു മൗഢ്യമാണ്. ആ മൂഢസ്വർഗത്തിലേക്കാണ് പുസ്തകശാലകൾ നശിപ്പിക്കാനെത്തിയവർ കൂട്ടത്തോടെ നയിക്കപ്പെടുന്നതും. പതിനഞ്ചാം നൂറ്റാണ്ടോടെയാണ് ലോകത്ത് പുസ്തകശാലകൾ സ്ഥാപിതമാവുന്നത്. അന്നുമുതൽക്കുതന്നെ പുസ്തകങ്ങളെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നവർ എല്ലാക്കാലത്തും പുസ്തകശാലകള്ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. പുസ്തകങ്ങൾ നിരോധിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ നിരോധിക്കപ്പെടുകയും ഭരണകൂടഭീകരത നേരിടുകയും ചെയ്തിട്ടുള്ള പുസ്തകങ്ങൾ കാലാതിവർത്തിയായി മാറിയിട്ടുണ്ട് എന്നതാണ് ചരിത്രം.
ബംഗാളിന്റെ ദൈനംദിന ജീവിതവ്യവഹാരങ്ങളുടെ ഓരോ വളവിലും തിരിവിലും അക്ഷരങ്ങളുടെ സ്നേഹമുദ്ര കാണാനാവും. അക്ഷരങ്ങളുടെ ലഹരിയും ലയവും ലാവണ്യവും സാധാരണക്കാരുടെ ജീവിതത്തിലും ലയിച്ചുകിടക്കുന്നത് അനുഭവിക്കാനാവും. 1997-ൽ കൊൽക്കത്തയിലെ പ്രശസ്തമായ പുസ്തകമേളയ്ക്ക് തീ പിടിച്ചപ്പോൾ അഗ്നിക്കിരയാവുന്ന പുസ്തകങ്ങളെ നോക്കി നിസ്സഹായരായി വാവിട്ടുകരയുന്ന മനുഷ്യരെ കണ്ടതിന്റെ ഓർമ ഇപ്പോഴും പിന്തുടരുന്ന ഒരാളെന്ന നിലയിൽ ഇക്കുറി പുസ്തകശാലകൾ രാഷ്ട്രീയോന്മാദത്താൽ തകർക്കപ്പെട്ടതറിഞ്ഞ് ആവേശത്തോടെ അലങ്കോലപ്പെട്ടു കിടന്ന പുസ്തകശാലകളിലേക്ക് പ്രായഭേദമെന്യേ ഇരച്ചെത്തിയ മനുഷ്യർ പൂരിപ്പിക്കുന്നത് വംഗനാടിന്റെ ചരിത്രപരമായ സൗന്ദര്യത്തേയും സാമൂഹ്യപ്രതിബദ്ധതയേയുമാണ്. അതുതന്നെയാണ് ഇന്നത്തെ ബംഗാൾ മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷയും.
ചരിത്രത്തിലെ അക്ഷരഹത്യകൾ
ഒന്നു പുറംതിരിഞ്ഞുനോക്കിയാൽ ചരിത്രത്താളുകളിൽ അക്ഷരങ്ങളും അധികാരവും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നു കാണാം. നൂറ്റാണ്ടുകൾക്കു മുൻപ് ഇറ്റലിയിൽ ശാസ്ത്രാവബോധം പ്രചരിപ്പിച്ചതിന്റെ പേരിൽ ജിയോർദാനോ ബ്രുണോയെ കത്തോലിക്കാസഭ ചുട്ടുകൊന്നത് ചരിത്രത്തിലുണ്ട്. മരണമുഖത്ത് നിൽക്കുമ്പോൾ ബ്രുണോ പറഞ്ഞത് ഇപ്രകാരമാണ് “ഒരുപക്ഷേ, എന്റെ ശിക്ഷ പ്രഖ്യാപിക്കുന്ന നിങ്ങൾ അത് സ്വീകരിക്കുന്ന എന്നെക്കാൾ ഭയത്തിലായിരിക്കും.” ഒരുപക്ഷേ, ശാസ്ത്രവിജ്ഞാനം പകർന്നുനൽകാൻ ശ്രമിച്ച് രക്തസാക്ഷിത്വം കൈവരിച്ച ലോകത്തെ ആദ്യവ്യക്തി ബ്രുണോ ആയിരിക്കണം. മധ്യയുഗത്തിൽ മതഗ്രന്ഥങ്ങൾ ഒഴികെയുള്ള വായനകൾ നിഷിദ്ധമായിരുന്നു. തന്റെ ഭരണകാലത്ത് ചരിത്രവും തത്ത്വശാസ്ത്രവും സംബന്ധമായി എഴുതപ്പെട്ട പുസ്തകങ്ങളത്രയും കത്തിച്ചുകളയാൻ ആജ്ഞാപിച്ച ചൈനീസ് ചക്രവർത്തിയായിരുന്ന ക്വിൻ ഷി ഹുവാങ് ആ നടപടിയെ എതിർത്ത അഞ്ഞൂറോളം പണ്ഡിതരെ ജീവനോടെ കുഴിച്ചുമൂടിയാണ് തന്റെ അധികാരം പ്രകടിപ്പിച്ചത്.
ബാഗ്ദാദിലെ ഹൗസ് ഓഫ് വിസ്ഡം എന്നറിയപ്പെട്ടിരുന്ന ലക്ഷക്കണക്കിനു വരുന്ന പുസ്തകശേഖരം തീയിട്ടു നശിപ്പിക്കുകയും ശേഷിച്ചവ ടൈഗ്രിസ് നദിയിലേക്ക് വലിച്ചെറിയുകയും ചെയ്ത മംഗോൾ ഭരണാധികാരിയായിരുന്നു ഹുലഗു ഖാൻ. രാജകീയ പ്രൗഢിയോടെ നിലകൊണ്ടിരുന്ന കോൺസ്ടാന്റിനോപ്പിളിലെ ഗ്രന്ഥശാലയും പ്രാചീന ഭാരതത്തിലെ നളന്ദ സർവകലാശാലയിലെ ഗ്രന്ഥപ്പുരയും അഗ്നിക്കിരയാക്കപ്പെടുകയാണുണ്ടായത്. ഹിറ്റ്ലറുടെ കാലത്ത് ആൽബേർട്ട് ഐൻസ്റ്റീൻ, കാൾ മാക്സ്, ഫ്രാൻസ് കാഫ്ക, സിഗ്മണ്ട് ഫ്രോയ്ഡ്, തോമസ് മാൻ, ബെർതോൾദ് ബ്രെഹ്ത് തുടങ്ങി പ്രശസ്തരായ നിരവധി എഴുത്തുകാരുടെ കൃതികളാണ് പരസ്യമായിത്തന്നെ വിവിധ ജർമൻ നഗരങ്ങളിൽ വച്ച് തീയിട്ട് നശിപ്പിച്ചത്. ബെർലിൻ നഗരത്തിൽ മാത്രം ഇരുപതിനായിരം പുസ്തകങ്ങൾ കത്തിച്ചതായി രേഖകൾ പറയുന്നു. അങ്ങനെ നോക്കിയാൽ പുസ്തകങ്ങൾ കത്തിക്കുന്നതും പുസ്തകശാലകൾ നശിപ്പിക്കുന്നതും ഒരു സ്വേച്ഛാധിപത്യ പ്രവണതയായി കണക്കാക്കാം. ഫാസിസം ചോദ്യങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതിനാൽ ചോദ്യങ്ങൾ ചോദിക്കുന്നവരെ, വായിക്കുന്നവരെ, ചിന്തിക്കുന്നവരെ സ്വേച്ഛാധിപതികൾ ഭയക്കുന്നു. അതിനു ശ്രമിക്കുന്നവരെ അവർ നിശ്ശബ്ദരാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.
പുസ്തകവിൽപ്പനശാല തകർക്കാൻ ബുൾഡോസർ
കൊൽക്കത്തയിലെ പുസ്തകശാല തകർക്കാൻ ബുൾഡോസറും ഖരമാലിന്യം ശേഖരിക്കാൻ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ ഉപയോഗിക്കുന്ന ട്രക്കുകളുമായി എത്തിയതും ദിനാജ്പൂർ ജില്ലയിൽ ഒരിടത്ത് പൂജ കാണാനെത്തിയ ഇസ്ലാം മതവിശ്വാസിയോട് നിങ്ങൾ എന്തിനിവിടെ വന്നുവെന്ന ചോദ്യമെറിയുന്നതും ബംഗാളിനെ ഗ്രസിക്കുന്ന മാരകമായ ഒരു മഹാവ്യാധിയുടെ സൂചനയായി വേണം കാണാൻ. 1954-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി മുസഫർ അഹമ്മദിന്റെ നേതൃത്വത്തിൽ ആരംഭിച്ച് പതിറ്റാണ്ടുകളായി ബംഗാളിൽ തുടർന്നുകൊണ്ടിരിക്കുന്ന, ഒരു സാംസ്കാരിക പ്രവർത്തനമായി മാറിക്കഴിഞ്ഞ ഒന്നാണ് ദുർഗാപൂജ സമയത്തുള്ള പുസ്തകവിൽപ്പനശാലകൾ. പുസ്തകങ്ങൾക്ക് പക്ഷമുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ടിവിടെ. തീർത്തും വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പിന്റെ മേഖലയാണതെന്ന മറുപടിയാണ് അതിനുത്തരം.
ഇടതുപക്ഷ ആശയങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന പ്രസാധകശാലയായ നാഷണൽ ബുക്ക് ഏജൻസിയുടെ മേൽനോട്ടത്തിലാണ് പൂജാകാലത്തെ പുസ്തകവിൽപ്പനയ്ക്ക് തുടക്കം കുറിച്ചതും. തുടങ്ങി ഏതാനും വർഷങ്ങൾക്കകം തന്നെ ബംഗാളിലെ പ്രകടമായ രാഷ്ട്രീയ-സാംസ്കാരിക ഇടപെടലുകളിൽ ഒന്നായി ദുർഗാപൂജ കാലത്തെ പുസ്തകവിൽപ്പനശാലകൾ മാറുകയുണ്ടായി. എല്ലാ വർഷവും ഒരേയിടത്തുതന്നെ പുസ്തകശാലകൾ ഉയരുന്ന സാഹചര്യവും കാലക്രമത്തിൽ നിലവിൽ വന്നു. ഒരു രാത്രികൊണ്ടല്ല ഇത് സംഭവിച്ചത്. ദുർഗാപൂജ വംഗജനതയുടെ ഏറ്റവും വലിയ ജനകീയ ഉത്സവമായി മാറിയതും നേരം ഇരുട്ടിവെളുത്തപ്പോഴല്ല.
അസഹിഷ്ണുതയുടെ അമാവാസിയെ വീറുറ്റ പ്രതിബദ്ധതയും പ്രതിരോധം കൊണ്ടുമാണ് ബംഗാളികൾ നേരിട്ടത്. പെൺകുട്ടികളും കുട്ടികളുമടക്കം ധാരാളം മനുഷ്യർ ജാദവ്പൂരിൽ എത്തിയ ബുൾഡോസർ തടഞ്ഞ് പുസ്തകശാല പൊളിക്കാനുള്ള നീക്കത്തെ പരാജയപ്പെടുത്തി. തുടർന്നുവന്ന രാപ്പകലുകളിൽ അവർ പുസ്തകശാലകൾക്ക് കാവലിരുന്നു. സാധാരണക്കാരായ നൂറുകണക്കിന് വായനക്കാർ പുസ്തകശാലകളിലേക്ക് കൂട്ടത്തോടെ എത്തി. ഏതാനും ആയിരങ്ങൾ മാത്രം വിൽപ്പന നടന്നിരുന്ന ജാദവ്പൂരിലെ വിൽപ്പനശാലയിൽ ബുൾഡോസർ പൊളിക്കാനെത്തിയതിന്റെ പിറ്റേന്നു വിറ്റുപോയത് മൂന്നു ലക്ഷം രൂപയുടെ പുസ്തകങ്ങളാണ്.
ഉയരുന്ന പ്രതിഷേധവും പ്രതിരോധവും
വെറുപ്പും വിദ്വേഷവും പങ്കുവയ്ക്കുന്നതല്ല ദുർഗാപൂജ നാളിതുവരെ മുന്നോട്ടുവച്ച മൂല്യം. ദുർഗാപൂജ അറിയപ്പെടുന്നതുതന്നെ ‘സാർബൊജൊനീൻ ദുർഗാപൂജ’ എന്നാണ്. ജാതിമത ഭേദമെന്യേ ബംഗാൾ കൊണ്ടാടുന്ന ആഘോഷമാണ് ദുർഗാപൂജ. ഒരുകാലത്ത് ജമീന്ദാർ-അഭിജാത കുടുംബങ്ങളിൽ മാത്രം പരിമിതപ്പെട്ടുനിന്നിരുന്ന ദുർഗാപൂജയെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പന്ത്രണ്ട് സുഹൃത്തുക്കൾ ചേർന്നാരംഭിച്ച, പിന്നീട് ബാരോവാരി എന്നറിയപ്പെട്ട ആഘോഷമാണ് ആധുനിക കാലത്ത് ‘സാർബൊജൊനീൻ ദുർഗാപൂജ’യായി മാറിയത്. അതിന്റെ സാംസ്കാരിക അനുബന്ധങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞ പുസ്തകവിൽപ്പനശാലകളാണ് ഇപ്പോൾ നിഷിദ്ധമായി ചിത്രീകരിക്കപ്പെടുന്നത്.
കൂടുതലായി പുസ്തകങ്ങൾ വാങ്ങിയും വിതരണം ചെയ്തും വീടുവീടാന്തരം വാൻ റിക്ഷയിൽ പുസ്തകങ്ങൾ വിൽക്കാനെത്തിച്ചും റാലി സംഘടിപ്പിച്ചും പ്രതിഷേധപ്രകടനങ്ങൾ നടത്തിയും നാളിതുവരെ കാണാത്ത അസഹിഷ്ണുതയ്ക്കെതിരെ ബംഗാൾ ശക്തമായി പ്രതികരിക്കുകയാണ്. ‘പുസ്തകങ്ങൾക്കായി നടക്കാം’ എന്ന സന്ദേശവുമായി ഒരു റാലി സംഘടിപ്പിച്ചപ്പോൾ അതിൽ പങ്കെടുക്കാനെത്തുന്നവർ കയ്യിൽ ഓരോ പുസ്തകം കരുതണം എന്നാണ് സംഘാടകർ ആവശ്യപ്പെട്ടത്.
പശ്ചിമ ബംഗാൾ സർക്കാരിന്റെ കീഴിലുള്ള വിനോദസഞ്ചാരവകുപ്പ് നൽകുന്ന പുതിയ പരസ്യവാചകം ‘Where India feels different’ എന്നാണ്. കൊൽക്കത്തയിലും ബംഗാളിന്റെ വിവിധ പ്രാന്തങ്ങളിലും പുസ്തകശാലകളെ തകർക്കാനുള്ള തീവ്രവലതുപക്ഷ ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി ചെറുത്തുനിൽപ്പ് രേഖപ്പെടുത്തുമ്പോൾ വംഗജനത അടിവരയിട്ടുകൊണ്ട് പറയുന്നതും ‘Where India feels different’ എന്നുതന്നെയാണ്.