വര്‍ഗീസ് എങ്ങനെയാണ് അടിയാരുടെ പെരുമന്‍ ആയത്? അയാള്‍ വരുംമുന്‍പ് എന്തായിരുന്നു അവരുടെ ജീവിതം? വലിയൊരു ചരിത്രത്തിന്റെ നഖചിത്രമാണ്, ജോസ് ഡേവിഡ് എഴുതിയ ഈ റിപ്പോര്‍ട്ട്. മലയാളം വാരിക 1997 ഒക്ടോബര്‍ 10ന് (ലക്കം 22) പ്രസിദ്ധീകരിച്ചത്.
''അയാളൊരു ആണ്‍കുട്ടി തന്നെയായിരുന്നു. അങ്ങനെ ഒരാളേ ഈ വയനാടന്‍ മലകളില്‍ പിറന്നിട്ടുള്ളൂ.'' വരിനിലം കുന്നിന്റെ നെറുകയിലെ കുള്ളിലിരുന്നു മൂപ്പന്‍ ഓര്‍ത്തു. എഴുപതുകളിലും ഒരഗ്‌നികുണ്ഡം കണ്ണുകളില്‍ എരിയുന്ന ചോമന്‍.
പുല്ലുമേഞ്ഞ, ചാണകം മെഴുകി വെടുപ്പാക്കിയ കുടിലില്‍ അരിച്ചരിച്ചുമാത്രം ഒളിയിടുന്ന വെളിച്ചം. പുറത്ത് കോടമഞ്ഞില്‍ മൂടിപ്പുതച്ചു നോക്കെത്താദൂരത്തില്‍ കിടക്കുന്ന തൃശ്ശിലേരിക്കാടുകള്‍. മടിക്കുത്തില്‍നിന്ന് ഒരു ബീഡിയെടുത്തു കത്തിച്ച്, മൂപ്പന്‍ നീട്ടി പുകയൂതി.
ബാക്കിപത്രങ്ങളില്‍ ഇനി ഒന്നും ബാക്കിയില്ല. കൂമ്പാരക്കുനി കുന്നില്‍ ചേതനയറ്റു കിടന്ന അയാളുടെ ജഡം. ചവുട്ടി മെതിക്കപ്പെട്ട കുറേ ജീവിതങ്ങള്‍. കാലത്തിനും മായ്ച്ചുതീര്‍ക്കാനാവാത്ത അഭിശപ്തമായ യാതനകള്‍... അടിയാന്‍ എന്നിട്ടും കരയുന്നില്ല. ജന്മജന്മാന്തരങ്ങള്‍ക്കുമപ്പുറം അവന്റെ കണ്ണുനീര്‍, ഈ മലകളിലെ കൊടുംശൈത്യത്തില്‍ ഉറഞ്ഞുപോയതുപോലെ.
അമ്മാളു മരിച്ചു. മൂന്നുകൊല്ലം മുന്‍പ്. അവള്‍ക്കു പേയ്. കാടുകളില്‍, മാനന്തവാടിക ടൗണില്‍. അമ്മാളു ഭ്രാന്തിയായി അലഞ്ഞുനടന്നു. കഴുകന്മാര്‍ വീണ്ടും വീണ്ടും അവളെ കൊത്തിക്കീറി.
അവള്‍ തപ്പ് പെണ്ണ്. നക്സലൈറ്റ് ഗോണി ജയില്‍മോചിതനായി കുള്ള്ന്ന് വന്നപ്പോഴാണ് അതു കണ്ടത്. അവന്റെ നാരായണനു ഇളയതായി ഒന്നുകൂടി മുറ്റത്ത്.
''നിന്‍ പുള്ള?''
ഏട്ടന്‍ നാരായണന്റെ കൈ പിടിച്ചു മുറ്റത്തു പിച്ചവയ്ക്കുന്ന ചാത്തനെ ചൂണ്ടി അവന്‍ ഭാര്യയോടു ചോദിച്ചു. അമ്മാളു തലതാഴ്ത്തിനിന്നു. അവന്റെ സപ്തനാഡികളും തളരുന്നപോലെ. അവന്‍ വീഴുമെന്ന് തോന്നി. പൊലീസ് ലോക്കപ്പില്‍, ജയിലില്‍ ഭീകരമായ മര്‍ദ്ദനമേല്‍ക്കുമ്പോഴും തളരാതെ നിന്ന ഗോണി. തീയില്‍ ചവുട്ടിയതുപോലെ അവന്‍ പിന്തിരിഞ്ഞു.
''നിന്നെ എനാക്കു വേണ്ടാ,'' അവന്‍ നടന്നു.
അമ്മാളു തരിച്ചിരുന്നുപോയി.
''പഗോതീ, മലങ്കാരീ...'' നീണ്ട എട്ടുവര്‍ഷങ്ങളിലെ നിശൂന്യമായ കാത്തിരിപ്പ്. വയനാടന്‍ കുന്നുകള്‍, അതിനുമപ്പുറം ലോകമുണ്ടെങ്കില്‍ അതും. തനിക്കുചുറ്റും കറങ്ങുന്നപോലെ. കൈക്കുഞ്ഞായ നാരായണനെ തന്ന്, ഈ മനുഷ്യന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍ താനെങ്ങനെയാണ് ജീവിക്കേണ്ടിയിരുന്നത്. ഒരിക്കലുമടങ്ങാത്ത പട്ടിണി. ചുരത്താത്ത മുലകള്‍ വായില്‍ തിരുമ്മി നാരായണനെ ഉറക്കിയ അന്തമില്ലാത്ത രാത്രികള്‍. കാട്ടുചോലയിലെ തെളിനീരു മാത്രമിറക്കി വയറിന്റെ കത്തലടക്കിയ ദിനരാത്രങ്ങള്‍.
ഒടുവില്‍, ഒരു മാനം നെല്ലിനുവേണ്ടി, അമ്പതുപൈസയ്ക്കുവേണ്ടി അവള്‍ തപ്പ് ചെയ്തു. ചാത്തനെന്ന അവിശുദ്ധ ജീവന്റെ ജന്മരഹസ്യം ഒക്കെക്കും ഈ തിരുനെല്ലിപ്പെരുമാള്‍ സാക്ഷി.
ഗോണി അക്കരെ മലയില്‍ കുള്ളുകെട്ടി. വള്ളിയൂര്‍ക്കാവിലെ ആറാട്ടിന് അവന്‍ മറ്റൊരുവള്‍ക്കു - പേമ്പിക്കു- ചേല കൊടുത്തു. അമ്മാളുവിന് അതുകണ്ട് സമനില തെറ്റിപ്പോയി.
അവള്‍ക്കു പേയ്.
അതകറ്റാന്‍ തമ്മാടി വന്നില്ല. അരയില്‍ ചുവന്ന തുണി കെട്ടി, കാലുകളില്‍ ചിലങ്ക കെട്ടി, സിന്ദൂരപൊട്ടിട്ട്, അവളുടെ പുല്‍പ്പുരയിലിരുന്നു. തുടികള്‍ കൊട്ടിയില്ല. കോഴിയെ തലയ്ക്കുഴിഞ്ഞു അറുത്തില്ല. കാക്കത്തൊള്ളായിരം ഭഗവാന്മാരെ വിളിച്ചുകേണില്ല.
പിരാന്തുമൂത്ത അമ്മാളു കാടിറങ്ങി. അലഞ്ഞു. ഒടുവില്‍, ഒരു കാട്ടുജന്തുവിനെപ്പോലെ വീണുചത്തു.
വസന്തത്തിന്റെ ഇടിമുഴക്കം തിരുനെല്ലിക്കാടുകളില്‍ മഹാദുരന്തങ്ങളായി പെയ്തിറങ്ങുകയായിരുന്നു. അടിയാത്തിപ്പെണ്ണുങ്ങള്‍ തുരുതുരെ സി.ആര്‍.പിക്കാരന്റെ നാണംകെട്ട ബീജം ഏറ്റുവാങ്ങി. നക്സലിസമെന്ന വിഷച്ചെടി പിഴുതെറിയാന്‍ വന്ന സി.ആര്‍.പി ആ കാട്ടുപൂക്കളെ കശക്കിയെറിഞ്ഞു
ചിന്തകള്‍ ചോമന്‍മൂപ്പനെ മഥിക്കുകയാണ്. മകള്‍ മുത്തയ്ക്കു എട്ടുവയസ്സായിരുന്നു. താന്‍ പോകുമ്പോള്‍. തിരിച്ചെത്തുമ്പോള്‍ അവളെ കെട്ടിച്ചയച്ചിരിക്കുന്നു. തന്റെ റാട്ടി മാരയെപ്പറ്റി പറഞ്ഞുകേട്ട കഥകള്‍! ഹൊ! കണ്ണില്‍ ഇരുട്ടു കയറുന്നു. അടിയാരുടെ ഉയിര്‍ത്തെഴുന്നേല്പിനെ സ്വപ്നം കണ്ടതിന് തനിക്ക് നല്‍കേണ്ടിവന്ന വില!
ചോമന്‍ മാരയുമായി വഴിപിരിഞ്ഞു. അയാള്‍ മറ്റൊരുവള്‍ക്ക് ഉറുപ്പികത്താലി കൈമാറി. ബള്ളയ്ക്ക്. കരുത്ത കല്ലുമാലയില്‍ കോര്‍ത്ത ഉറുപ്പികത്താലി.
വസന്തത്തിന്റെ ഇടിമുഴക്കം തിരുനെല്ലിക്കാടുകളില്‍ മഹാദുരന്തങ്ങളായി പെയ്തിറങ്ങുകയായിരുന്നു. അടിയാത്തിപ്പെണ്ണുങ്ങള്‍ തുരുതുരെ സി.ആര്‍.പിക്കാരന്റെ നാണംകെട്ട ബീജം ഏറ്റുവാങ്ങി. നക്സലിസമെന്ന വിഷച്ചെടി പിഴുതെറിയാന്‍ വന്ന സി.ആര്‍.പി ആ കാട്ടുപൂക്കളെ കശക്കിയെറിഞ്ഞു. അവര്‍ തിരുനെല്ലിയിലെ അവിവാഹിതകളായ അമ്മമാരായി. ഇന്നും കൃത്യമായി എണ്ണിപ്പറയാനാവാത്തത്ര അമ്മമാര്‍. അവരുടെ ആത്മരോദനം വനസീമകളെ അതിലംഘിച്ച് പരന്നൊഴുകി.
ഇതിനായിരുന്നോ വര്‍ഗീസ് അടരാടി മരിച്ചത്? ചമ്പരനും കൊറിയനും ഗോണിയും കരിയനും ബട്ടിയും കാളനും മരച്ചാത്തനും താനും എട്ടുകൊല്ലം കാരാഗൃഹത്തില്‍ കഴിഞ്ഞത്? മീനം പതിന്നാലിന്, വള്ളിയൂര്‍ക്കാവിലെ ആറാട്ടുചന്തയില്‍ വില്‍ക്കപ്പെടുന്ന അടിയാരെ നടുവുനിവര്‍ത്തി നില്‍ക്കാന്‍ പഠിപ്പിച്ചത്? മേലാളരുടെ അടിയും തൊഴിയും ഏറ്റുവാങ്ങി ശീലിച്ച മുതുകില്‍ പൊലീസുകാരന്റെ ബൂട്ട്‌സിന്റെ മുദ്രണങ്ങള്‍ വാങ്ങിക്കൂട്ടിയത്?
അടുത്തിരിക്കുന്ന കൊറിയനെ ചൂണ്ടി മൂപ്പന്‍ പറഞ്ഞു: ''ഇവരാരും ഇപ്പോള്‍ നക്സലൈറ്റല്ല. ഞാനൊഴികെ. അവര്‍ക്കിനിയും ഒരു പീഡനം താങ്ങാന്‍ ത്രാണിയില്ല.''
കൊറിയന്‍ ജയിലിലാവുമ്പോള്‍ മോനു രണ്ടരവയസ്സായിരുന്നു. പേറ്റുപായയില്‍ തന്റെ ഇളയമകളുമായി കിടക്കുന്ന ഭാര്യ. എട്ടുവര്‍ഷങ്ങള്‍ ആ കുടുംബത്തിനേല്പിച്ച ആഘാതങ്ങള്‍ തിട്ടപ്പെടുത്താവുന്നതിലുമേറെയായിരുന്നു. ഈ ജന്മംകൊണ്ടു കൊറിയനു പരിഹരിക്കാനാവാത്തത്ര.
ബട്ടി മടങ്ങിവന്നതു സ്വന്തം കുടുംബം തന്നെ ഛിന്നഭിന്നമായതു കാണാനാണ്. ഭാര്യ കൊളുമ്പി നാട്ടുമൂപ്പന്‍ കരിയന്റെ ഭാര്യയായി മാറിയിരിക്കുന്നു. അയാള്‍ പിന്നെ കുറുമാട്ടിയെ കെട്ടി.
കാട്ടുപന്നികള്‍ കൂത്താടിയ നെല്‍പ്പാടം പോലെ കിടന്നു. ഒടുവില്‍ തൃശ്ശിലേരിയും തിരുനെല്ലിയും. അങ്ങനെയാണവര്‍ ആദിവാസിയുടെ മോചനസ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയത്, രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറം.
അകലെ. പീക്കിങ്ങിലെവിടെയോ ഇരുന്ന്, 'പര്‍വതങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധന്റെ കഥ' പറഞ്ഞുകൊടുത്ത ഒരു വിപ്ലവകാരിയെ ധ്യാനിച്ച് ഈ തൃശ്ശിലേരിക്കാടുകളില്‍ മോഹങ്ങള്‍ നെയ്തുകൂട്ടിയവര്‍. വൃദ്ധന്‍, ഇച്ഛാശക്തി കൈവിടാതെ മക്കളുമൊത്തു പര്‍വതങ്ങളെ കിളച്ചുമറിക്കാന്‍ നോക്കിപോലും. ഒടുവില്‍, ആ ദൃഢനിശ്ചയത്തില്‍ മനസ്സലിഞ്ഞ് ദൈവം മാലാഖമാരെ അയച്ച് പര്‍വതങ്ങളെ എടുത്തുകൊണ്ടുപോയി പോലും. ഇവിടെ, പക്ഷേ, കുന്നുകയറിവന്നതു മാലാഖമാരല്ല; കൊമ്പുകളുള്ള, നീണ്ട ദൃംഷ്ട്രകളുള്ള പിശാചുക്കള്‍.
അവരുടെ നീണ്ടുകൂര്‍ത്ത പല്ലുകള്‍ ആദിവാസികളുടെ ചങ്കില്‍ ആഴ്ന്നിറങ്ങി. ബാവലിപ്പുഴ ചുവന്നുതുടുത്തു. അവന്റെ സംഘബോധം തരിപ്പണമായി. അടിയാരുടെ പെരുമന്‍ പൊലീസുകാരുടെ വെടിയുണ്ടകളില്‍ ചത്തുമലച്ചു.
വയനാട് ശാന്തമായി. കൊടുങ്കാറ്റിനും പേമാരിക്കും ശേഷം പെയ്ത വെയിലുപോലെ ബൂട്ട്‌സിട്ട കാലുകള്‍ ചുരമിറങ്ങുന്നതിന്റെ താളം കാടുകളില്‍ പ്രതിദ്ധ്വനിച്ചു.
പക്ഷേ, തൃശ്ശിലേരിയിലെ, തിരുനെല്ലിയിലെ, ഈ വയനാട്ടിലെ ആദിവാസി ഒന്നും മറക്കുന്നില്ല. അവനെ ഇന്നും കോര്‍ത്തിണക്കുന്ന അജ്ഞാതമായ ഒരു ചരടായി അവരുടെ പെരുമന്‍.
''ഇത്രയൊക്കെ പാര്‍ട്ടിക്കാരു വന്നിട്ടും ഇത്ര കളങ്കമില്ലാത്ത ഒരു മനുഷ്യന്‍ വന്നിട്ടില്ല. ഒരു കളങ്കോമില്ലാതെ എല്ലാം. കൂലീം എല്ലാം ഞങ്ങള്‍ക്ക് വാങ്ങിത്തന്നു, അയാള്‍.''
വെറ്റിലപ്പൊതി തുറന്ന് ഒരു നുള്ളു പുകയിലെടുത്തു വാസനിച്ചു മൂപ്പന്‍.
വള്ളിയൂര്‍ക്കാവില്‍ ഞങ്ങളെ വിലയ്ക്കുവാങ്ങുന്ന കാലാ അക്കാലം. പകലന്തിയോളം പണി. കൂവയില കൊണ്ടു മെടഞ്ഞ കൊരമ്പയില്‍ മഞ്ഞും മഴയും വെയിലുമറിയാതെ ആണാളും പെണ്ണാളും എല്ലുമുറിയെ പണി. കൊരമ്പക്കുള്ളില്‍ കൂടിയാല്‍ ഒരു വീട്ടിനുള്ളില്‍ കൂടിയ സുഖമാണ്.
ഒരിക്കലും വിശപ്പടങ്ങാത്ത നാളുകള്‍. ആണിനു മൂന്നുമാനവും പെണ്ണിനു രണ്ടുമാനവും വല്ലികൂലിയായി കിട്ടിയാല്‍ എന്താവാനാണ്. ഉച്ചവല്ലി കൊണ്ടുപോയി കുത്തി അരിയാക്കി കഞ്ഞിവച്ചുകുടിച്ചിട്ട് വേണം, ഉച്ചതിരിഞ്ഞു പണിക്ക് വരാന്‍.
ഇത്തിരി ഉപ്പും മുളകും ഉണക്കമീനും കൂട്ടി നന്നായി കഞ്ഞി കുടിച്ച കാലം മറന്നു. കഞ്ഞി വേവുമ്പോള്‍, പിള്ളേരുടെ തളര്‍ന്നുവാടിയ മുഖം കാണുമ്പോള്‍ തോന്നും എന്തിനാണ് താന്‍ കഴിക്കുന്നതെന്ന്. ആ ചട്ടി കൂടി കുഞ്ഞുങ്ങളുടെ മുന്നിലേക്ക് നീക്കിവച്ച് എഴുന്നേറ്റ് കൈ കഴുകും.
കൊല്ലത്തിലൊരിക്കല്‍ വയറുനിറയെ ചോറുണ്ണുന്നത് ആറാട്ടുനാളില്‍ തോട്ടമുടമകളും നെല്ലു മുതലാളിമാരും വള്ളിയൂര്‍ക്കാവില്‍ സദ്യ വിളമ്പുമ്പോഴാണ്. കാവില്‍ കെട്ടിയുണ്ടാക്കിയ പന്തലില്‍ മേലാളന്മാരുടെ ചോറൂണ് കഴിയുവോളം അടിയാരത്രയും പുറത്തുകാത്തിരിക്കും. ഒരില ചോറിനുവേണ്ടി ആര്‍ത്തിപൂണ്ട്.
ആറാട്ടുചന്തയിലാണ് അടിമക്കച്ചവടം. മടിശ്ശീലയില്‍ ചുരുട്ടിവച്ച നോട്ടുകളുമായി ചന്തപ്പുരകളില്‍ ചുറ്റിനടക്കുന്ന തമ്പ്രാക്കള്‍. അടിയാര്‍ ചേലയ്ക്കു വില പറയുമ്പോള്‍, തുക തെകയാതെ കുഴങ്ങുമ്പോഴ്, അപ്പോഴാണ് അവരുടെ പണമിറങ്ങുക. അഞ്ചോ പത്തോ രൂപ. പരമാവധി വന്നാല്‍ ഇരുപത്. ഇനി അടുത്ത ആറാട്ടുവരെ അടിയാന്‍ തമ്പ്രാന്റെ അടിമയാണ്. അയാളുടെ കളം വിട്ട് അടിയാന് പൊയ്ക്കൂടാ. പോയാല്‍?
കഷ്ടപ്പാടിന്റെ, പട്ടിണിയുടെ, ദീനത്തിന്റെ ഈ നാളുകളിലാണ് അയാള്‍ വന്നത്. അയാള്‍ക്ക് ഇതൊക്കെ കണ്ട് വലിയ സങ്കടോണ്ടാരുന്നു. ഞങ്ങടെ വേദന അയാള്‍ക്ക് മനസ്സിലായി
കുറുമനു കുഞ്ഞിരാമന്‍ വാര്യരുടെ അടിമപ്പണം അഞ്ചുരൂപയായിരുന്നു. മേടത്തില്‍ ഞാറുപാകുമ്പോള്‍ കുറുമനുണ്ട് അപ്പുസ്വാമിയുടെ കളത്തില്‍ വേലയ്ക്കുനില്‍ക്കുന്നു. കലിതുള്ളി വാര്യര്‍ ആ കളത്തിലെത്തി. അടിയാരത്രയും വിറങ്ങലിച്ചുനില്‍ക്കെ കുറുമനെ വിറകുകൊള്ളികൊണ്ട് അയാള്‍ മതിവരുവോളം തല്ലി. കുറുമനുവേണ്ടി അഞ്ചുരൂപ വാര്യര്‍ക്ക് സ്വാമി വച്ചുനീട്ടിയെങ്കിലും അയാള്‍ വാങ്ങിയില്ല. കുറുമനെ അയാള്‍ അടിച്ചുതെളിച്ചു. സ്വന്തം കളത്തിലേക്ക്.
ദീനം പിടിച്ച് പണിക്കു ചെല്ലാതിരുന്നാലും ശിക്ഷ ഇതുതന്നെ. കൊറിയന്റെ പേരപ്പന്‍ ചന്തു പെരുമാനെ വാര്യര്‍ കുള്ളില്‍നിന്നു പിടിച്ചിറക്കി തല്ലുന്നതും പേടിച്ചരണ്ടു നോക്കിനിന്നു അടിയാര്‍.
ആണ്ടറുതിയിലെ കുണ്ടല്‍ വിറ്റ കാശും അടിമപ്പണവും ചേര്‍ത്താലും ഭാര്യക്കും കുട്ടികള്‍ക്കും ചേലയ്‌ക്കൊഴികെ ഒന്നിനും തെകയില്ല. ഒരൊറ്റ ചേല. ഉടുതുണിക്ക് മറുതുണിയില്ലാത്ത അടിയാത്തി. ഒരറ്റം നനച്ച് കാറ്റില്‍ ആറിയുടുത്തുവേണം മറുഭാഗം നനയ്ക്കാന്‍.
ഓണത്തിനും വിഷുവിനും മേലാളര്‍ എന്തെങ്കിലും തരും. ഓണത്തിന് ഒരു മുണ്ടും കുപ്പായവും. ലേശം വെളിച്ചെണ്ണ. ഒരു തേങ്ങ പിന്നെ എല്ലാവര്‍ക്കും കൂടി കുറച്ചു ചോറും പായസവും. വിഷുവിന് കുറച്ച് നെല്ല്.
ഞാറു പറിച്ചുനട്ടുകഴിഞ്ഞ്, നെന്മണികള്‍ തലയിടുമ്പോള്‍ കാവല്‍മാടങ്ങളില്‍ അടിയാന്റെ കാത്തിരിപ്പു തുടങ്ങുകയായി. കണ്ണൊന്നു ചിമ്മിയാല്‍ ഒക്കെ കാട്ടുപന്നി കൊണ്ടുപോകും. അടിമപ്പണിക്കാരന് ഇതിനു കൂലിയില്ല. പകരം പുതച്ചുറങ്ങാന്‍ കാരിക്കന്‍. പതിനാറുമുഴം വരുന്ന കട്ടിത്തുണി. തുണിക്കു വില കേറിയപ്പോള്‍ അഞ്ചു രൂപ മാത്രമാക്കി 'കാരിക്കന്‍.'
മരം കോച്ചുന്ന തണുപ്പില്‍ പാടത്ത് ആനയ്‌ക്കെത്താത്ത ഉയരത്തില്‍ കാവല്‍മാടം. ഇല്ലി മുളകള്‍ പാകി മേലേ മണ്ണ് നിരത്തി, അതില്‍ തീയിട്ട് കിടക്കും, ഉറങ്ങാതെ.
കഷ്ടപ്പാടിന്റെ, പട്ടിണിയുടെ, ദീനത്തിന്റെ ഈ നാളുകളിലാണ് അയാള്‍ വന്നത്. അയാള്‍ക്ക് ഇതൊക്കെ കണ്ട് വലിയ സങ്കടോണ്ടാരുന്നു. ഞങ്ങടെ വേദന അയാള്‍ക്ക് മനസ്സിലായി.
വയനാട്ടിലെ ആദിവാസിയുടെ ഹൃദയത്തില്‍ സ്വന്തം ഹൃദയം കൊണ്ടാണയാള്‍ തൊട്ടുനോക്കിയത്. ഈ കാടിന്റെ മക്കള്‍ അയാളെയല്ലാതെ മറ്റൊരാളെയും അതിനുമുന്‍പും പിന്‍പും ഇങ്ങനെ വിശ്വസിച്ചിട്ടില്ല. അവര്‍ക്കയാള്‍ അവരുടെ പെരുമകനാണ്, രക്ഷകന്‍.
ധനുമാസത്തിലെ തെളിവുള്ള ആകാശത്ത് അടിയാര്‍. തിളങ്ങുന്ന ആ കണ്ണുകള്‍ ഇന്നും തെരയുന്നു. ചൂഴ്ന്നെടുക്കപ്പെട്ട അയാളുടെ കണ്ണുകള്‍. ആ കോടാനുകോടി നക്ഷത്രങ്ങളില്‍ അവ ഏതാണ്?
അയാളുടെ മുപ്പത്തിരണ്ടാം പിറന്നാളായിരുന്നു അന്ന്. പുറത്ത് വെയില്‍ മൂത്തു വരികയാണ്. ചുറ്റും മണം പിടിച്ചു നടക്കുന്നു, പൊലീസ്.
ഉറങ്ങരുത്, ഉറങ്ങിയാല്‍... അതു മരണത്തിലേക്കുള്ള യാത്രയാവും. പക്ഷേ, കണ്ണിമകള്‍ താനേ അടഞ്ഞുപോകുന്നു. എത്ര നിയന്ത്രിച്ചിട്ടും, എത്ര ദിവസങ്ങളായി ഉറങ്ങിയിട്ട്?
ഒപ്പം നിന്നവരെവിടെ? പലരും ഓടിയൊളിച്ചു കഴിഞ്ഞു. അല്ലെങ്കില്‍ സുരക്ഷിതരാവാന്‍ പിടികൊടുത്തു. അവരൊക്കെ ഇപ്പോള്‍ പ്രത്യയശാസ്ത്രത്തിന്റെ തലനാരിഴകള്‍ കീറി മുറിച്ച് പ്രസ്താവനകളിറക്കി രസിക്കുകയാണ്.
ചാരുമജൂംദാര്‍ ഈ കാട്ടില്‍ കാണാന്‍ വന്നിരുന്നു. വേണ്ട, തനിക്കയാളെ കാണണ്ട. ഞങ്ങളുടെ വഴികള്‍ വെവ്വേറെയാണ്, തമ്മില്‍ കണ്ടില്ല.
ഒരാഴ്ച മുന്‍പ്, ഒരിരുണ്ട രാത്രിയില്‍, എ.കെ.കെ. മാഷിനെ കാണാന്‍ പോയിരുന്നു. ഗുരുനാഥന്‍. മനസ്സിന്റെ ഭാണ്ഡക്കെട്ടുകള്‍ അഴിച്ചുവെയ്ക്കുന്നത് പലപ്പോഴും അവിടെയാണ്. അന്ത്യയാമങ്ങള്‍ വരെ സംസാരിച്ചു. അല്ല, തര്‍ക്കിച്ചു. എന്നും അങ്ങനെയാണ് മാഷിന്റെ മുന്നില്‍. മാസ്റ്റര്‍ അന്നും ഇന്നും മാര്‍ക്സിസ്റ്റ്.
''ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യനു പലതും ചെയ്യേണ്ടി വരും മാഷേ,'' വാദിച്ചു. ''ഇല്ല. എനിക്കിനിയും കാര്യങ്ങള്‍ ചെയ്യുവാനുണ്ട്.'' പാടമിറങ്ങി ഇരുളിലേക്ക് നടക്കുമ്പോള്‍ മാഷ് വെളിച്ചവുമായി ഒപ്പം വന്നിരുന്നു. വയലിറമ്പോളം.
ആദിവാസി വയനാട് പിടിച്ചടക്കും... ഇരു ചുരങ്ങളും ആദിവാസി സൈന്യത്തിന്റെ നിയന്ത്രണത്തിലാവും... പിന്നെ ഈ മലയിടുക്കുകള്‍ താവളമാക്കി കേരളത്തിന്റെ വിമോചനപ്രക്ഷോഭം... വരമ്പിന്നിരുവശം തലയാട്ടി നിന്ന നെല്‍ച്ചെടികളെ നോക്കി അയാള്‍ ചൂളമിട്ടു. അവ തിരിച്ചും.
ഇ.എം.എസ്സിനെ കാണാന്‍ പോകേണ്ടിയിരുന്നില്ലെന്നു തോന്നി. മാനന്തവാടിയില്‍നിന്നു തന്നെ കണ്ണൂര്‍ പാര്‍ട്ടി ഓഫീസിലേക്കു കൊണ്ടുപോയത് ഇ.എം.എസ്സും എ.കെ.ജിയുമാണ്. ഒക്കെ പണ്ട്. അപ്പനു തന്നെ വൈദികനാക്കണമെന്നായിരുന്നു. അരമനയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അപ്പനൊരുങ്ങുമ്പോള്‍ താന്‍ വഴങ്ങിയില്ല. തെരഞ്ഞെടുത്ത പാത വേറെയായിരുന്നു.
മുഖ്യമന്ത്രിയുടെ മുറി വിട്ടിറങ്ങുമ്പോള്‍ നിരാശ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഛെ! തന്റെ വിശ്വാസപ്രമാണങ്ങള്‍ മുഴുവന്‍ വീണുടയുന്നതുപോലെ. അപ്പോഴും മനസ്സില്‍ തികട്ടിവന്നത് അടിയാന്റെ ദൈന്യതയാര്‍ന്ന നോട്ടം. അവര്‍ക്കെന്തിനാണു വെറുതെ ഈ പ്രതീക്ഷകള്‍ നല്‍കിയത്? എന്തിനാണവര്‍ വോട്ടു നല്‍കി ഇ.എം.എസ്സിനെ മുഖ്യമന്ത്രിയാക്കിയത്?
ആദിവാസിയുടെ ആത്മനൊമ്പരങ്ങള്‍ക്ക് ഇതൊന്നും പ്രതിവിധിയല്ലെന്നുള്ള അറിവ്, ശരീരത്തിലെവിടെയോ ഒക്കെ മുറിവുകളായി നോവിച്ചു. ഒടുവില്‍, തനിക്ക് തപാലില്‍ വന്ന ഒരു ഔദ്യോഗിക സ്ഥാനമാനത്തിന്റെ അറിയിപ്പ്. തുണ്ടം തുണ്ടമാക്കി പിച്ചിക്കീറുമ്പോള്‍ മനസ്സു നിറയെ പകയായിരുന്നു. താന്‍ വിശ്വസിച്ച ആ പാര്‍ട്ടിയോടുപോലും. വയ്യ, ഈ ആത്മവഞ്ചന തനിക്കു വയ്യ. അങ്ങനെ നക്സലൈറ്റായി. ഒറ്റയ്ക്കായിരുന്നില്ല. താന്‍ സെക്രട്ടറിയായിരുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാനന്തവാടി മണ്ഡലം കമ്മറ്റി പൂര്‍ണമായും കൂടെ നിന്നു.
പിന്നെ എത്രദൂരം നടന്നു? രണ്ടടി പിന്നോട്ടും ഒരടി മുന്‍പോട്ടുമുള്ള സുദീര്‍ഘമായ യാത്രകള്‍. ആദിവാസി തല ഉയര്‍ത്തി നിന്നു. അവന്‍ അമ്പും വില്ലുമെടുത്തു. കാട്ടുമൃഗങ്ങളെ മാത്രം വേട്ടയാടി ശീലിച്ച ആ കരുത്തന്‍ കൈകളുടെ ഇപ്പോഴത്തെ ഉന്നം അതേക്കാളും ക്രൂരരായ മനുഷ്യമൃഗങ്ങളുടെ നേരേയായിരുന്നു... സംഭവബഹുലമായ രണ്ടു വര്‍ഷങ്ങള്‍.
...പൊലീസ് സ്റ്റേഷന്‍ പറമ്പില്‍ നിന്നു പേടിച്ചോടിയ പശുക്കളുടെ കുളമ്പടി പൊലീസിന്റേതെന്നു കരുതി ആക്ഷനു പോയവര്‍ ചിന്നിച്ചിതറിയ തലശ്ശേരി. കൂട്ടത്തിലാരോ വലിച്ചെറിഞ്ഞ ബോംബ് ഉന്നം പിഴച്ചു. പൊട്ടിയ, പാളിപ്പോയ ആക്ഷന്‍. തലശ്ശേരിക്കു ശേഷം പുല്പള്ളിയിലെത്താന്‍ അവര്‍ക്കായി വെട്ടിത്തെളിച്ചിരുന്ന കാട്ടുപാത വിജനമായി കിടന്നു. ആരും വന്നില്ല.
പതറിയില്ല. താന്‍ തോല്‍ക്കാന്‍ പാടില്ല. പദ്ധതിയിട്ടതുപോലെ രണ്ടാം നാള്‍ പുല്പള്ളി സ്റ്റേഷന്‍ ആക്രമിച്ചു. പ്രതീക്ഷിച്ചുപോയ എസ്.ഐ അല്ലപ്പനില്ല; തോക്കുകളില്ല. കിട്ടിയത് ഒരു വയര്‍ലെസ് ഓപ്പറേറ്ററെ മാത്രം.
രണ്ടാമൂഴം, പാവങ്ങളുടെ ആധാരങ്ങളും പ്രോനോട്ടുകളും വാങ്ങി വച്ചിരുന്ന ചെട്ടികളുടെ വീടുകളായിരുന്നു. ആദിവാസിയുടെ കണ്ണീരിന്റെയും ചോരയുടെയും മണമുള്ള രേഖകള്‍. ഒക്കെ വാരിയിട്ട് ചുട്ടു. അരിയും പാത്രങ്ങളും സ്വര്‍ണവും വെള്ളിയും പണവും കൊള്ളയടിച്ചു; ആദിവാസിക്ക് പങ്ക് വച്ചുകൊടുക്കാന്‍. പിന്നെ, കാട്ടിന്റെ നിഗൂഢ മടക്കുകളിലേക്ക്.
പുറത്ത്, കാടടച്ചു വേട്ടയാടുന്ന പൊലീസ്. വാര്‍ത്താവിനിമയ ബന്ധങ്ങളറ്റു. കരുതി വച്ച അരി സാമാനങ്ങള്‍ തീര്‍ന്നു. സംഘാംഗങ്ങളില്‍ മടുപ്പും പിരിഞ്ഞു പോകാനുള്ള തത്രപ്പാടും. ബോംബ് അബദ്ധത്തില്‍ പൊട്ടി അസ്ഥിപഞ്ജരമായി മാറിയ കിസാന്‍ തൊമ്മന്‍. ആ ദയനീയ രൂപത്തിനു മേല്‍ ഉതിര്‍ത്ത കാരുണ്യത്തിന്റെ വെടിയുണ്ടകള്‍. കാട്ടില്‍ മണ്ണുമാന്തി മറവു ചെയ്യപ്പെട്ടു ആ വിപ്ലവകാരി. പുറം ലോകവുമായി ബന്ധങ്ങളില്ല. പിരിഞ്ഞുപോകാന്‍ കൊതിക്കുന്ന സംഘാംഗങ്ങള്‍. ഒടുവില്‍, ഏഴാംനാള്‍ എല്ലാവരും കാടിറങ്ങി. അടയ്ക്കാത്തോടില്‍ അവര്‍ പിടിയിലാവുമ്പോള്‍ താന്‍ മാത്രം കാടിന്റെ അഗാധതയിലേക്ക് ഊളിയിട്ടു.
അടിയാന്റെ കുടിലില്‍ ഒരിത്തിരി ഇടം എന്നും തനിക്കുറപ്പുണ്ടായിരുന്നു. മണ്ണിനും മാനത്തിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി അവര്‍ ചെയ്തതിനൊക്കെ പിന്നില്‍ തന്റെ കൂടി കൈകളില്ലേ. അവര്‍ പകരം തന്നത് കാടിന്റെ നിഷ്‌കളങ്കമായ സ്‌നേഹമാണ്. കബനിയില്‍ വന്നു നിറയുന്ന കാട്ടുചോലയുടെ നൈര്‍മല്യമുള്ള സ്‌നേഹം.
പിന്തിരിയരുത്. ഒക്കെ അവര്‍ക്കുവേണ്ടിയാണ്. താന്‍ വെടി പൊട്ടിച്ചു കഴിഞ്ഞു. കാടിളക്കി കഴിഞ്ഞു...
ഉറങ്ങരുത്, ഉറങ്ങിയാല്‍... പക്ഷേ, കണ്ണുകള്‍ തുറന്നിരിക്കുന്നില്ല... ഉറക്കം... ഞെട്ടി ഉണര്‍ന്നു നോക്കിയതു പൊലീസിന്റെ മുഖത്തേക്കാണ്.
ബന്ധിതനാക്കി. തിരുനെല്ലി ആദിവാസി സ്‌കൂളിനു മുന്നിലൂടെ അയാളെ അവര്‍ നടത്തി. ഒറ്റുകാരനെന്ന പേരില്‍ കൊലപ്പെടുത്തിയ ചേക്കുവിന്റെ വീട്ടിലേക്കാണയാളെ ആദ്യം കൊണ്ടുപോയത്.
''നിന്റെ ഭര്‍ത്താവിനെ കൊന്നത് ഇവനല്ലേ.'' ചേക്കുവിന്റെ വിധവയോട് അവര്‍ ചോദിച്ചു.
''ഇയാളും ഉണ്ടായിരുന്നെന്ന് തോന്നുന്നു'' ആ സ്ത്രീ മറുപടി പറഞ്ഞു.
ക്യാമ്പ്, ശിലകളലിയുന്ന പീഡനം. ഈ പകലും ഈ പീഡനവും ഒരിക്കലുമവസാനിക്കില്ലെന്നു തോന്നി. ചെമ്പു പാത്രത്തില്‍ തിളപ്പിച്ചുകൊണ്ടിരുന്ന വെള്ളത്തില്‍ അവരയാളെ നിര്‍ത്തി. കാലുകളിലെ തൊലി പൊള്ളിയടര്‍ന്നു. പച്ചമാംസം വേവുന്ന ദുസ്സഹമായ നാറ്റം. വൃഷണങ്ങള്‍ ചുങ്ങിച്ചുരുങ്ങി. അയാളുടെ കണ്ണുകള്‍ അവര്‍ ചൂഴ്ന്നെടുത്തു. അപകടകാരിയായ ഈ മനുഷ്യനെ അധികംവച്ചുകൊണ്ടിരിക്കുന്നതു കൂടുതല്‍ കുഴപ്പങ്ങള്‍ക്കു ഇടവരുത്തുമെന്ന് അവര്‍ക്കറിയാമായിരുന്നു.
കൂമ്പാരക്കൂനി കുന്നില്‍ പകല്‍ അസ്തമിക്കുന്നതേയുണ്ടായിരുന്നില്ല. അവിടെ നാട്ടിയ ഒരു തൂണില്‍ അവരയാളെ താങ്ങിനിര്‍ത്തി ബന്ധിച്ചു. മൂന്നു വെടിയുണ്ടകള്‍ ആ ജീവച്ഛവത്തിന്റെ നെഞ്ചിടം പിളര്‍ത്തു. മുറിവുകളില്‍നിന്നു ചിതറിത്തെറിച്ച ചോര ഭൂമിയും വാനവും ചോപ്പിച്ചു.
പിറ്റേന്നാളിലെ പത്രങ്ങള്‍ പുറത്തിറങ്ങിയത് ''നക്സലൈറ്റ് നേതാവ് വര്‍ഗീസ് പൊലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു''വെന്ന വാര്‍ത്തയുമാണ്! അത് 1970 ഫെബ്രുവരി 19-ന് ആയിരുന്നു.
അടര്‍ന്നു തൂങ്ങിയ കണ്ണുകളിലൊന്നു മാനന്തവാടി ആശുപത്രിയില്‍ അവര്‍ തുന്നിച്ചേര്‍ത്തു. അയാളുടെ മൃതദേഹം ഏറെ പണിപ്പെട്ടാണ് വിട്ടുകിട്ടിയത്. പൊതുദര്‍ശനത്തിനു വയ്ക്കരുതെന്നും കൊണ്ടു ചെന്നപാടേ മറവുചെയ്യണമെന്നുമായിരുന്നു കല്പന. പക്ഷേ, ജനങ്ങള്‍ അതു സമ്മതിച്ചില്ല. ശരീരത്തിലെ ഓരോ മുറിവും ചൂണ്ടി അപ്പന്‍ വര്‍ക്കി ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പൊലീസ് ഒന്നും ഉരിയാടാതെ നിന്നു.
അവരയാള്‍ക്കു വേണ്ടി കുഴിവെട്ടിയതു വെള്ളമുണ്ട ഒഴുക്കന്മൂലയിലെ പത്തു സെന്റ് ഭൂമിയിലായിരുന്നു. കുടിയേറ്റ കൃഷിക്കാരനായ വര്‍ക്കി, മക്കള്‍ക്ക് ഓഹരി വെക്കുമ്പോള്‍ വര്‍ഗീസ് ആകെ ചോദിച്ചത് ഈ മണ്ണാണ്, അവിടെ പാര്‍ട്ടി ഓഫീസ് പണിയാന്‍.
മകനെ തെമ്മാടിക്കുഴിയിലേ സംസ്‌കരിക്കൂ എന്നു സഭ ശാഠ്യം പിടിച്ചപ്പോള്‍ വര്‍ക്കി പറഞ്ഞു: ''വേണ്ട, അവനെ ആ പത്തു സെന്റില്‍ മറവു ചെയ്താല്‍ മതി.'' വൈദികന്റെ ഓതുവെള്ളത്തിനു പകരം മകനു മേല്‍ തൂകപ്പെട്ടത് അപ്പന്റെയും അമ്മയുടെയും കണ്ണുനീര്‍ത്തുള്ളികള്‍!
ആ ബലികുടീരത്തില്‍ ഒപ്പം മറവു ചെയ്യപ്പെട്ടത് ഒരു ജനതയുടെ സ്വപ്നങ്ങളായിരുന്നു: അറുപതുകളുടെ അന്ത്യത്തില്‍ ഒരു കൊടുങ്കാറ്റായി വീശിയടിച്ച മഹാപ്രസ്ഥാനത്തിന്റെ ശവക്കല്ലറ.
ദുരന്തങ്ങള്‍, പക്ഷേ പിന്നെയും തീമഴകളായി മലമടക്കുകളില്‍ പെയ്തിറങ്ങി. അടിയാന്റെ കുടിലുകളില്‍ മൃഗീയത കരാളനൃത്തമാടി. രാത്രികളുടെ നിശ്ശബ്ദതയില്‍ അടിയാക്കുള്ളുകള്‍ കിടന്നു വിറച്ചു. അടിയാത്തിയുടെ പവിത്രമായ ചേല കാട്ടുജന്തുക്കള്‍ വീണ്ടും വീണ്ടും പിച്ചിച്ചീന്തി. നിസ്സംഗയായി നിശ്ചേതം അവര്‍ മാനത്തേക്ക് തുറിച്ചുനോക്കികിടന്നു...
കാലം, ബാവലിയില്‍ എന്തെന്തു മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കാല്‍നൂറ്റാണ്ടുകളുടെ മാറ്റം ഒന്നിനുമിപ്പോള്‍ പുതുമയില്ലാതായിരിക്കുന്നു. വിരസമായി പിറക്കുന്ന ഓരോ പകലും രാവും പിഞ്ചിയ ചേലയില്‍ നാണം ചുറ്റി. കൂവയിലകളില്‍ മെടഞ്ഞ കൊരമ്പ ചൂടി അകലെ തോട്ടത്തിലേക്ക് പണിക്കുപോകുന്ന അടിയാത്തി. വയല്‍ച്ചെളിയില്‍ നിറം മങ്ങിയ മുണ്ട് മാടിക്കെട്ടി, തന്റെ റാട്ടിക്കു കാവലായി. പിന്‍പേ നടക്കുന്ന അടിയാന്‍.
വഴിവക്കില്‍ കണ്ട പേമ്പി പരിദേവനത്തിന്റെ ഭാണ്ഡമഴിച്ചു.
''പുള്ള സ്‌കൂളില്‍ പോകുന്നില്ല. തമ്പ്രാ, അവള്‍ക്കു ഒറ്റക്കുപ്പായമുള്ളതു കീറി.''
അവള്‍ കൈനീട്ടി. ഇവിടെ കണ്ടുമുട്ടിയ പലരും കൈനീട്ടി. ഒടുവില്‍, ഒക്കെ പറഞ്ഞു തീര്‍ന്ന ചോമന്‍ മൂപ്പന്‍ പോലും.
അവരുടെ കൈകളിലേക്ക് എന്തെങ്കിലും വച്ചുകൊടുക്കുക! മണം മാറാത്ത ഒരു നോട്ട് അല്ലെങ്കില്‍ ഒരു തുണിക്കഷണം. അതല്ലെങ്കില്‍ ഇത്തിരി അരി. അവര്‍ തൃപ്തരാവും.
മതി. അത്രമതി.
കാരുണ്യം അതിനപ്പുറമാവരുത്. അല്ലെങ്കില്‍, ഇനിയും അവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് സ്വന്തം നാശത്തിനായിരിക്കും.
അവരുറങ്ങട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates