മുംബൈയില്‍ ജനിച്ചു വളര്‍ന്ന, ഡല്‍ഹിയില്‍ വളരെയേറെക്കാലമായി സ്ഥിര താമസക്കാരിയായ പൂര്‍വ്വ സഹപ്രവര്‍ത്തകയാണ് 'കാതല്‍' എന്ന മമ്മൂട്ടിച്ചിത്രം തീര്‍ച്ചയായും കാണണം എന്ന് എന്നോട് ശുപാര്‍ശ ചെയ്യുന്നത്. 'ബാബൂ, വാട്ട്‌സ് ഹാപ്പെനിങ് ടു ഔവര്‍ മമ്മൂട്ടി. വി മസ്റ്റ് സല്യൂട്ട് ഹിം ഫോര്‍ ദ കറേജ് ഓഫ് ടേക്കിങ് ദിസ് ഹ്യൂജ് റിസ്‌ക്' എന്ന അവരുടെ ആവേശഭരിതമായ വാക്കുകള്‍ ഇപ്പോഴും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. അന്നു തന്നെ തെക്കന്‍ ഡല്‍ഹിയിലെ തിയറ്ററില്‍ പോയി ആ ചിത്രം കണ്ടപ്പോഴാണ് എത്രയേറെ ഉത്തരേന്ത്യന്‍ പ്രേക്ഷകരാണ് മമ്മൂട്ടിയുടെ വേറിട്ട ഈ ചിത്രം കാണന്‍ എത്തിയിട്ടുള്ളത് എന്ന് മനസ്സിലായത്. ഗ്ലോബല്‍ റിലീസിന്റെയും ഒടിടിയുടെയും കാലത്ത് മമ്മൂട്ടിയുടെ സ്വീകാര്യത അന്യഭാഷാ പ്രേക്ഷകരിലേക്ക് എത്രയേറെ വ്യാപിച്ചിട്ടുണ്ട് എന്നതിനുദാഹരണമായിരുന്നു, മലയാളികളേക്കാള്‍ കൂടുതല്‍ തിയേറ്ററിലുണ്ടായിരുന്ന മറ്റു ഭാഷക്കാരായ കാണികള്‍!
മമ്മൂട്ടി ഒരിക്കലും ചെയ്യുമെന്ന് കരുതാത്ത കാതലിലെ നിസ്സഹായനായ നായകന്റെ വേഷം കണ്ട് അതിശയിച്ചു മടങ്ങുമ്പോള്‍ എന്റെ മനസ്സിലും ഏതാണ്ടൊക്കെ എന്റെ സുഹൃത്ത് ചോദിച്ച ചോദ്യങ്ങള്‍ തന്നെയായിരുന്നു. 'ഈ മമ്മൂട്ടി്‌ക്കെന്തു പറ്റി? ഇത്തരമൊരു സാഹസം ചെയ്യാന്‍ ഇദ്ദേഹത്തിന് എങ്ങനെ ധൈര്യം കിട്ടി?'
പിന്നീട് ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ തകര്‍പ്പന്‍ ക്രൂര കഥാപാത്രത്തെക്കൂടി കണ്ടപ്പോള്‍ 'മമ്മൂട്ടി്‌ക്കെന്തോ പറ്റിയിട്ടുണ്ട്' എന്ന് എനിക്കുറപ്പായി.
നടനെന്ന നിലയില്‍ തനിക്കു വെല്ലുവിളികളുള്ള വേഷങ്ങള്‍ ചെയ്യാനും പരീക്ഷണ സിനിമകള്‍ക്കൊപ്പം നില്‍ക്കാനും പുതിയ പ്രതിഭകളെ ചേര്‍ത്തു പിടിക്കാനുമൊക്കെ മുമ്പൊന്നുമില്ലാത്തത്ര ആഭിമുഖ്യം മമ്മൂട്ടിയില്‍ വന്നുചേര്‍ന്നിട്ടുണ്ടെന്നത് തീര്‍ച്ചയായിരുന്നു.
ആ തീര്‍ച്ചയെ സിമന്റിട്ടുറപ്പിച്ചു, 2025 അവസാനം റിലീസായ കളങ്കാവല്‍ എന്ന മമ്മൂട്ടി ചിത്രം! സ്റ്റാന്‍ലി ദാസ് എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച് വിജയിപ്പിച്ചകളങ്കാവല്‍ എന്തുകൊണ്ടും മമ്മൂട്ടിയെന്ന മഹാനടന്റെ അഭിനയ യാത്രയിലെ എടുത്തു പറയാവുന്ന നാഴികക്കല്ലാണ്.
ഈ സിനിമയുടെ പ്രത്യേകതകളെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ അനിതരമായ പ്രകടനത്തെപ്പറ്റിയുമൊക്കെ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു എന്നതിനാല്‍ ഭകളങ്കാവല്‍' എന്ന ചിത്രത്തെ വിലയിരുത്താനല്ല, മറിച്ച് കളങ്കാവല്‍ വരെ എത്തി നില്‍ക്കുന്ന മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തെ, നടനെ, സിനിമാ പ്രവര്‍ത്തകനെ വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ഉന്നം.
ഒറ്റയ്ക്ക് വിലയിരുത്തപ്പെടേണ്ട ഒരു സിനിമയല്ല 'കളങ്കാവല്‍'. മമ്മൂട്ടി എന്ന അഭിനേതാവിന്റെ വളര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന സിനിമയായി വേണം കളങ്കാവലിനെ കാണാന്‍. ഈ ബോധ്യത്തില്‍ഊന്നിനിന്നുകൊണ്ട് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ മമ്മൂട്ടിയുടെ വേറിട്ട സിനിമാ യാത്രകളെ അടയാളപ്പെടുത്തുന്ന അഞ്ചു സിനിമകളെ ('നന്‍പകല്‍ നേരത്ത് മയക്കം', 'പുഴു', 'കാതല്‍ ദ കോര്‍', 'ഭ്രമയുഗം', പിന്നെ... 'കളങ്കാവല്‍') മുന്‍ നിര്‍ത്തി, ഈ സിനിമകളോരോന്നും ഒറ്റയ്ക്കു കാണുമ്പോള്‍ നമ്മള്‍ കാണാതെ പോകാനിടയുള്ളഒരു കാര്യം അടിവരയിട്ടു പറയാനും ഇവിടെ ഒരു ശ്രമം നടത്തുകയാണ്.
**
മെഗാസ്റ്റാര്‍ പദവിയിലുള്ള ഒരു താരം ഒരിക്കലും കൈവെയ്ക്കാന്‍ ഇഷ്ടപ്പെടാനിടയില്ലാത്ത ഈ വേഷം കൈകാര്യം ചെയ്തതിലൂടെ മമ്മൂട്ടി സിനിമയിലുള്ള തന്റെ രൂപമാറ്റത്തിന്റെ ഉറച്ച തീരുമാനം അറിയിക്കുക കൂടിയായിരുന്നു
കോവിഡ്കാര്യമായി ബാധിച്ച ഒരാളാണ് മമ്മൂട്ടി! കോവിഡാനന്തര കാലത്ത് മമ്മൂട്ടി സിനിമകളില്‍ പ്രകടമാവുന്ന സ്വഭാവമാറ്റങ്ങളാണ് ഇത്തരമൊരു നിഗമനത്തില്‍ നമ്മളെ എത്തിക്കുന്നത്.
2020 ല്‍ മമ്മൂട്ടിയുടെ അക്കൗണ്ടില്‍ ഒരേ ഒരു സിനിമയാണുള്ളത്. കോവിഡ് വ്യാപനത്തിന് മുമ്പ് റിലീസായ 'ഷൈലോക്ക്' എന്ന മാസ് പടമാണത്! അതില്‍ പിന്നെ, കാലം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിച്ച കോവിഡും ലോക്ക് ഡൗണും താണ്ടി വന്നപ്പോള്‍ നമ്മള്‍ കാണുന്നത്, ഹ്രസ്വകാല നിര്‍ബ്ബന്ധിത വിശ്രമവും സ്വയംവിലയിരുത്തലുകളുമൊക്കെച്ചേര്‍ന്ന് കൂടുതല്‍ പാകപ്പെടുത്തിയഒരു 'പുതിയ മമ്മൂട്ടി'യെയാണ്. മലയാള സിനിമയോട് കൂടുതല്‍ അര്‍പ്പണ ബോധവും നല്ല സിനിമയോട് കുറേക്കൂടി ദൃഢമായി ഊട്ടി ഉറപ്പിച്ച ആഭിമുഖ്യവുമുള്ള ഈ 'പുതിയ മമ്മൂട്ടി'യുടെ വേറിട്ട സിനിമാ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.
രണ്ട് അന്യഭാഷാ ചിത്രങ്ങളടക്കം, പതിനേഴ് ചിത്രങ്ങളും 'മനോരഥങ്ങള്‍' എന്ന എം.ടി. കഥകളെ അവതരിപ്പിക്കുന്ന സീരീസിലെ ഒരു എപ്പിസോഡുമാണ് 2021 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ മമ്മൂട്ടിയുടേതായുള്ളത്. മേല്‍ പറഞ്ഞ പതിനേഴ് സിനിമകളില്‍ പതിനഞ്ചിലും മുഖ്യ വേഷങ്ങള്‍ തന്നെ കൈയാളിയ മമ്മൂട്ടി, തന്റെ എല്ലാത്തരത്തിലുമുള്ള പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തും വിധം വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഏഴു പടങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് മമ്മൂട്ടിക്കമ്പനി അതിന്റെ ശക്തമായവരവറിയിച്ചതും ഈ ഹ്രസ്വകാലയളവില്‍ തന്നെയാണ്.
മുപ്പതോ നാല്‍പതോ വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്ത് ഏറെക്കുറെ ഭാവി ജീവിതത്തിനുള്ള പണം മിച്ചം വെച്ച് ഫിക്്‌സ്ഡ് ഡെപ്പോസിറ്റായി കരുതി വെച്ചശേഷം ശിഷ്ടകാലത്തെ വരുമാനവും പ്രവര്‍ത്തനങ്ങളും തങ്ങളുടെ മനസ്സ് പറയുംപോലെ ഉപാധികളില്ലാതെ വിനോദത്തിനും യാത്രയ്ക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായിചെലവഴിക്കുന്ന നിരവധി പേരെ നമുക്കറിയാം. അതുപോലെയൊരു സ്വഭാവമാറ്റം കോവിഡിനു ശേഷമുള്ള മമ്മൂട്ടിയിലും കാണാവുന്നതാണ്. എന്നും തന്നോടൊപ്പം കൂടെ നിന്ന ലക്ഷക്കണക്കിനുള്ള പ്രേക്ഷകരെ നിരാശപ്പെടുത്താതെ തനിക്കു ചെയ്യണമെന്ന് ബോധ്യമുള്ള ചില കാര്യങ്ങള്‍ കൂടി ചെയ്യാന്‍ പുതിയ മമ്മൂട്ടി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കയാണ് എന്നതിന് നേര്‍സാക്ഷ്യമാണ് മേല്‍സൂചിപ്പിച്ച കോവിഡിനു ശേഷമുള്ള അഞ്ചു മമ്മൂട്ടി ചിത്രങ്ങളും.
'നന്‍പകല്‍ നേരത്ത് മയക്കം' (2022) എന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ തന്റെ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു മമ്മൂട്ടി! തികച്ചും വ്യത്യസ്തമായ സാമൂഹ്യ-സാംസ്‌കാരിക പശ്ചാത്തലത്തിലുള്ള രണ്ട് കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിച്ച് വിജയിപ്പിച്ച മമ്മൂട്ടി, നടനെന്ന നിലയില്‍ തന്നെത്തന്നെ വെല്ലുവിളിച്ച സിനിമകളിലൊന്നായി മാറി 'നന്‍പകല്‍'. തന്റെ പകുതിയില്‍ താഴെ മാത്രം പ്രായമുള്ള ഒരു കഥാപാത്രമായി മമ്മൂട്ടി നടത്തിയ പകര്‍ന്നാട്ടം ഏറ്റവും അവിശ്വസനീയമായ മമ്മൂട്ടിയുടെഅഭിനയ മുഹൂര്‍ത്തങ്ങളിലൊന്നാണ്. ഈ ദശാബ്ദത്തില്‍ മമ്മൂട്ടിയുടെ കണക്കിലേക്ക്മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന അവാര്‍ഡും ഏറ്റവും അനായാസമായി നേടിയെടുത്തു ഈ ചിത്രം!
സങ്കുചിതമായ ജാതിചിന്തയിലൂന്നിയുള്ളദുരഭിമാനക്കൊല പ്രമേയമാക്കിയ 'പുഴു'വിലെ പ്രതിനായകനായ കേന്ദ്ര കഥാപാത്രത്തിലൂടെ 2022 ല്‍ മമ്മൂട്ടി തന്റെ പ്രിയപ്പെട്ട പ്രേക്ഷകരെ വീണ്ടും അമ്പരപ്പിച്ചു. മെഗാസ്റ്റാര്‍ പദവിയിലുള്ള ഒരു താരം ഒരിക്കലും കൈവെയ്ക്കാന്‍ ഇഷ്ടപ്പെടാനിടയില്ലാത്ത ഈ വേഷം കൈകാര്യം ചെയ്തതിലൂടെ മമ്മൂട്ടി സിനിമയിലുള്ള തന്റെരൂപമാറ്റത്തിന്റെ ഉറച്ച തീരുമാനം അറിയിക്കുക കൂടിയായിരുന്നു. പെങ്ങളെ പ്രേമിച്ച് വിവാഹം ചെയ്ത പുരോഗമന ചിന്താഗതിക്കാരനായ കീഴ്ജാതിക്കാരനോടുള്ള അസഹിഷ്ണുത വളരെ നനുത്ത അഭിനയ രീതിയിലൂടെ ഏറ്റവും മിഴിവോടെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്കായി. ആണ്‍മേല്‍ക്കോയ്മ, ടോക്‌സിക് പേരന്റിങ് തുടങ്ങി മറ്റു പല സാമൂഹ്യ പ്രശ്‌നങ്ങളും സൂക്ഷ്മമായി, മികവോടെ അവതരിപ്പിച്ച ഈ ചിത്രം ചെയ്യുന്നതിലൂടെ മേല്‍പ്പറഞ്ഞ വിഷയങ്ങളോടുള്ള തന്റെ നിലപാടുകള്‍ കൂടിയാണ് മമ്മൂട്ടി വെളിപ്പെടുത്തിയത്. തുടക്കക്കാരിയായ രതീന പി.ടി.യായിരുന്നു 'പുഴു'വിന്റെ സംവിധായിക എന്നതും പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള മമ്മൂട്ടിയുടെ ഉത്സാഹത്തേയാണ് രേഖപ്പെടുത്തുന്നത്.
റിലീസ് ചെയ്ത സമയത്തും അതിനു ശേഷവും വളരെയേറെ വിമര്‍ശനങ്ങളും സാമൂഹ്യ മാധ്യമ ആക്രമണങ്ങളും നേരിടേണ്ടിവന്ന സിനിമയാണ് 'പുഴു'. ദലിത് ഗ്രൂപ്പുകളില്‍ നിന്നുംവരേണ്യ സാമൂഹ്യ വിഭാഗങ്ങളുടെ വക്താക്കളില്‍ നിന്നും ഒരു പോലെ വിമര്‍ശനം ഏറ്റു വാങ്ങിയ ഈ ചിത്രം മമ്മൂട്ടി നാളിതുവരെ ഏറ്റെടുത്ത ഏറ്റവും വെല്ലുവിളികളുയര്‍ത്തിയ റോളുകളില്‍ ഒന്നാണ്. അത്തരം കോലാഹലങ്ങളൊന്നും ഗൗനിക്കാതെ വീണ്ടും നടനെന്ന നിലയില്‍ തന്നെ കണ്ടെത്താനുള്ള യാത്ര തുടരാന്‍ തന്നെയാണ് അദ്ദേഹം തീരുമാനിച്ചതെന്നതിന്ന് അതിനു ശേഷം വന്നവയും ഇനി വരാനിരിക്കുന്നവയുമായ മമ്മൂട്ടിച്ചിത്രങ്ങള്‍ തന്നെയാണ് തെളിവ്.
തീ കാഞ്ഞു ഹരം പിടിച്ചയാള്‍ കനലാട്ടം സ്വപ്നം കണ്ടു തുടങ്ങുമെന്ന പോലെ, ജോ ബേബിയുടെ സംവിധാനത്തില്‍ വന്ന 'കാതല്‍ ദ കോര്‍' (2023) എന്ന സിനിമയില്‍ 'അതുക്കും മേലെ' വെല്ലുവിളികള്‍ നല്‍കുന്ന വേഷമാണ് മമ്മൂട്ടി തിരഞ്ഞെടുത്തത്! സ്വവര്‍ഗ്ഗാനുരാഗത്തിന്റെ സാമൂഹ്യപ്രശ്‌നങ്ങള്‍ ഏറ്റവും ശക്തമായ അവതരിപ്പിച്ച ഈ സിനിമയില്‍ നിസ്സഹയനായ ഭര്‍ത്താവിന്റെയും അച്ഛന്റെയും കമിതാവിന്റെയും പ്രശ്‌നങ്ങള്‍അനായാസമായി അവതരിപ്പിച്ചു കൊണ്ട് സിനിമാന്ത്യത്തില്‍ എഴുതിക്കാണിച്ച വിധം 'ചരിത്ര വിജയത്തിലേക്കാണ്' മമ്മൂട്ടി അഭിനയിച്ചു കേറിയത്. ഇത്തരം ഒരു റോള്‍ മമ്മൂട്ടിയെപ്പോലെയുള്ള ഒരു പൊതുജന സ്വീകാര്യനായ നടന്‍ തിരഞ്ഞെടുത്തു എന്നതു തന്നെ ഏറ്റവും അപ്രതീക്ഷിതമായിരുന്നു. നാലു പതിറ്റാണ്ടിലധികമായി ആര്‍ജ്ജിച്ച ആരാധക വൃന്ദത്തെ നിരാശപ്പെടുത്താനിടയുള്ള ഈ തീരുമാനം നടനെന്ന നിലയില്‍ ആത്മഹത്യാപരവുമായിരുന്നു.
പതിവു ഹൊറര്‍ സിനിമകളില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ 'ഭ്രമയുഗം' (2024) എന്ന, രാഹുല്‍ സദാശിവന്‍ എന്ന യുവ സംവിധായന്റെ രണ്ടാം ചിത്രത്തില്‍ കൊടുമണ്‍ പോറ്റിയുടെ വേഷത്തില്‍ മമ്മൂട്ടി നടത്തിയ പകര്‍ന്നാട്ടം അതിശയകരമായിരുന്നു. നടനെന്ന നിലയില്‍ മമ്മൂട്ടിക്ക് ഏറെ അഭിനയ സാധ്യതകള്‍ നല്‍കിയ ഈ ചിത്രത്തിലെ അഭിനയത്തിന്മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഒരിക്കല്‍ കൂടി അദ്ദേഹത്തെ തേടിയെത്തിയപ്പോള്‍ ഏഴു തവണ ഈ അംഗീകാരം നേടിയ ഒരേയൊരു മലയാള അഭിനേതാവ് എന്ന നേട്ടവും മമ്മൂട്ടിക്ക് മാത്രമായി. മോണോക്രോം (ബ്ലാക് എന്റ് വൈറ്റ്) മീഡിയത്തില്‍ അവതരിപ്പിച്ച ഈ സിനിമയില്‍ മേലാളന്റെ ക്രൗര്യവും കുടില ബുദ്ധിയുമൊക്ക ഏറ്റവും സൂക്ഷ്മതയോടെ അഭിനയിച്ചനുഭവിപ്പിച്ചപ്പോള്‍ തന്റെ താരമൂല്യത്തിന്റെയും നടന വൈഭവത്തിന്റെയും ബലത്തില്‍ വ്യത്യസ്തമായ ഒരു ഹിറ്റ് സിനിമയാണ് മലയാള സിനിമാ ചരിത്രത്തില്‍ മമ്മൂട്ടി എഴുതി ചേര്‍ത്തത്.
മമ്മൂട്ടിയെപ്പോലൊരു താരം സാധാരണ ഗതിയില്‍ ഏറ്റെടുക്കാന്‍ ആലോചിക്കുക പോലും ചെയ്യാത്ത റിസ്‌കാണ് നിരവധി സ്ത്രീകളെ പഞ്ചാര വാക്കില്‍മയക്കി ചതിച്ച് കൊലപ്പെടുത്തുന്ന കളങ്കാവലിലെ വില്ലന്‍ കഥാപാത്രമാവാന്‍ തയ്യാറായതിലൂടെ മമ്മൂട്ടി ചെയ്യുന്നത്.
പുതുമുഖ സംവിധായകനായ ജിതിന്‍ കെ. ജോസ് അടക്കം നിരവധി പുതുമുഖങ്ങളേയും തുടക്കക്കാരായ സിനിമാ പ്രവര്‍ത്തകരേയും ഒരുമിപ്പിച്ചു എന്നതും കളങ്കാവലിന്റെപ്രത്യേകതയാണ്. ഇരുപതില്‍പരം നടി കളോടൊപ്പം മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചു എന്നതും എടുത്തു പറയേണ്ടതാണ്. ഒരു പക്ഷെ, ഈ സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ ഹൈലൈറ്റ് 'നിലാ കായും' എന്ന കാതലായ ഗാനമാലപിക്കാന്‍ മമ്മൂട്ടിയുംകൂട്ടരും കണ്ടെത്തിയ ഗായികയായിരിക്കും.കളങ്കാവലിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളുടെ അമ്മയായ സിന്ധു ഡെല്‍സണ്‍ എന്ന നാല്‍പത്തഞ്ചുകാരിയായ വീട്ടമ്മയെ ഏറ്റവും സുപ്രധാനമായ ഈ ഗാനം പാടാന്‍ ഏല്‍പ്പിച്ച മമ്മൂട്ടിയുടേയും സംഗീത സംവിധായകന്‍ മുജീബ് മജീദിന്റേയുംചങ്കൂറ്റം എത്ര മേല്‍ അഭിനന്ദിച്ചാലും മതിയാവില്ല!
***
മെഗാ താരമെന്ന തന്റെ പദവി പണയം വെച്ച് തന്നിലെ നടനെ തൃപ്തിപ്പെടുത്താനായിഒരിക്കല്‍കൂടി ചൂതുകളിക്കുന്ന മമ്മൂട്ടിയെയാണ്കളങ്കാവലില്‍ നമ്മള്‍ കാണുന്നത്
മെഗാ താരമെന്ന തന്റെ പദവി പണയം വെച്ച് തന്നിലെ നടനെ തൃപ്തിപ്പെടുത്താനായിഒരിക്കല്‍കൂടി ചൂതുകളിക്കുന്ന മമ്മൂട്ടിയെയാണ്കളങ്കാവലില്‍ നമ്മള്‍ കാണുന്നത്. തികച്ചും സാഹസികമായ ഈ തീരുമാനം ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു താരത്തെ സംബന്ധിച്ചിടത്തോളം അത്ര നിസ്സാരമായ ഒന്നല്ല.
'ഇലവന്‍ മിനിറ്റ്‌സ്' എന്ന വിഖ്യാതമായ നോവല്‍ പൗലോ കൊയ്‌ലോ സമര്‍പ്പിക്കുന്നത് അദ്ദേഹത്തിന്റെഒരു ആരാധകനാണ്. ഫ്രാന്‍സിലുള്ള ലൂര്‍ദിലെ ഗ്രോട്ടോ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വെച്ച് യാദൃച്ഛികമായികണ്ടുമുട്ടിയഈ ആരാധകന്‍ പൗലോയുടെ പുസ്തകങ്ങള്‍ ഓരോന്നും വായനക്കാരെ സ്വപ്നം കാണിക്കുന്നവയാണ് എന്ന് ആവേശത്തോടെ വെളിപ്പെടുത്തുമ്പോള്‍ ആ വാക്കുകള്‍തന്നെ ഏറ്റവും ഭയപ്പെടുത്തി എന്ന് പൗലോ കുറിച്ചിടുന്നു. തനിക്ക് തുറന്നു പറയണം എന്ന് ആഗ്രഹമുള്ള പരുഷവും കഠിനവുമായ അപ്രിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഏറ്റവും പുതിയ സൃഷ്ടി (ഇലവന്‍ മിനിറ്റ്‌സ് ) ഇത്രയും കാലം കൂടെ നിന്ന വായനക്കാര്‍ എങ്ങനെ സ്വീകരിക്കും എന്ന ഉത്കണ്ഠയാണ് അപ്പോള്‍ അദ്ദേഹത്തെ വ്യാകുലപ്പെടുത്തിയത്.
ഇപ്പോഴും 'ആല്‍ക്കെമിസ്റ്റ്' കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രാധാന്യത്തോടെ വായനാ ലോകം വിലയിരുത്തുന്ന പൗലോയുടെ ഈ പുസ്തകംലൂര്‍ദില്‍ വെച്ചു കണ്ടുമുട്ടിയ ആ വായനക്കാരന് സമര്‍പ്പിക്കുമ്പോള്‍ പൗലോ ഇങ്ങനെ എഴുതുന്നു .
''മൗറിസ് ഗ്രാവലൈന്‍സ്, ഈ പുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. താങ്കളോടും പത്‌നിയോടും കൊച്ചു മകളോടും എന്നോടു തന്നേയും എനിക്കൊരു കടമയുണ്ട്. മറ്റുള്ളവര്‍ എന്നില്‍ നിന്ന് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വാക്കുകള്‍ക്കുപരിയായി എനിക്ക് ആശങ്കയുള്ള കാര്യങ്ങള്‍ പറയുക എന്നതാണ് ആ ചുമതല.ചില പുസ്തകങ്ങള്‍ നമ്മെ സ്വപ്നങ്ങള്‍ കാണാന്‍ പ്രാപ്തരാക്കും. മറ്റു ചിലത് യാഥാര്‍ത്ഥ്യത്തെ മുഖാമുഖം കാണാനും. പക്ഷെ,എത്രത്തോളം സത്യസന്ധമായാണ് എഴുത്തുകാരന്‍ആ പുസ്തകമെഴുതിയിട്ടുള്ളത് എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം'
വേറിട്ട വഴികളില്‍ സഞ്ചരിക്കാന്‍ ധൈര്യം കാണിക്കുന്ന തന്റെ ഓരോ സിനിമകള്‍ക്കു മുമ്പും ഇത്തരം ചിന്തകള്‍ തന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കായി മമ്മൂട്ടിയും മനസ്സില്‍ പേറിയിട്ടുണ്ടാവും എന്ന് എനിക്കുറപ്പുണ്ട്.
***
1980 ല്‍ റിലീസ് ചെയ്ത എം.ടി. വാസുദേവന്‍ നായരുടെ 'വില്‍ക്കാനുണ്ട് സ്വപ്നങ്ങളി'ലൂടെ മലയാള സിനിമയില്‍ തിരിച്ചറിയാവുന്ന സാന്നിധ്യമറിയിച്ചമമ്മൂട്ടിയുടെ പല സമീപകാല സിനിമകള്‍ക്കും കൂടി ഒരുമിച്ചൊരു പേരിടണമെങ്കില്‍ ഏറ്റവുമനുയോജ്യം 'കാണാനുണ്ട് സ്വപ്നങ്ങള്‍' എന്നായിരിക്കും. നാലര ദശാബ്ദങ്ങളിലെ അസൂയാര്‍ഹമായനേട്ടങ്ങള്‍ക്കു ശേഷവും തനിക്കും മലയാളത്തിനും ഇനിയും വേണ്ടനല്ല സിനിമകള്‍ സ്വപ്നം കാണുന്നുണ്ട് ഈ മഹാനടന്‍ എന്നതിന്റെ ഏറ്റവും നേര്‍സാക്ഷ്യമാണ് സമീപകാലത്തെ മമ്മൂട്ടിച്ചിത്രങ്ങളില്‍ പലതും. സ്വന്തം കരിയറിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും വീണ്ടും നല്ലൊരു പടം എന്ന് സ്വപ്നം മമ്മൂട്ടിക്കുണ്ടെന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിലെ സമര്‍പ്പിത കലാകാരനെ നമ്മള്‍ തിരിച്ചറിയുന്നത്. എഴുത്തിന്റെ വഴിയില്‍ എഴുപത്തഞ്ചാണ്ട് തികച്ചിട്ടും ഇപ്പോഴും നല്ലൊരു പുസ്തകം കൂടി എഴുതിത്തീര്‍ക്കാന്‍ സ്വപ്നം കാണുന്ന റസ്‌കിന്‍ ബോണ്ടും തൊണ്ണൂറ്റഞ്ചാം വയസ്സിലും തന്റെ പുതിയ കഥ പുറത്തു വരുന്നത് ആവേശപൂര്‍വ്വം കാത്തിരുന്ന ടി. പത്മനാഭനുമൊക്കെ സ്വന്തം കര്‍മ്മ മേഖലകളില്‍ നിരന്തരം സ്വപ്നങ്ങള്‍ നെയ്യുന്ന പ്രതിഭകള്‍ക്ക് ഉദാഹരണങ്ങളാണ്.
***
നടനും സൂപ്പര്‍ താരവുമെന്ന നിലയിലുള്ള സ്വന്തം കളം ഭദ്രമായ നിലനിര്‍ത്തുന്നതിനോടൊപ്പം മലയാള സിനിമയുടെ മികവിന്റെ കളവും ഏറ്റവും ജാഗ്രതയോടെ കാക്കാനുള്ള ഉത്തരവാദിത്വം കൂടി താന്‍ സ്വമേധയാ ഏറ്റെടുക്കുന്നു എന്ന മമ്മൂട്ടിയുടെ നയ പ്രഖ്യാപനം കൂടിയാണ് മേല്‍ പറഞ്ഞ സിനിമകളോരോന്നും
മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം മേല്‍പറഞ്ഞ സമീപകാല സിനിമകളിലൊക്കെ രണ്ട് തരം കളംകാവല്‍ ഏറ്റവും ജാഗ്രതയോടെ ചെയ്യേണ്ടി വരുന്നുണ്ട്. തന്റെ സിനിമായാത്രയിലുടനീളം കൂടെ നിന്നസ്വന്തം ആരാധകരുടെ തന്നോടുള്ളവിശ്വാസം നിലനിര്‍ത്തിക്കൊണ്ടു തന്നെ, തന്നിലെ നടനെ തൃപ്തിപ്പെടുത്തുക എന്ന സ്വയം ഏറ്റെടുത്ത ഞാണിന്മേല്‍ കളിയില്‍ നിന്ന് മാനം കാത്ത് ഓരോ തവണയും ഊരിപ്പോരുക എന്നതാണിതില്‍ ഒന്നാമത്തേത്.അക്കാര്യം ഏററവും ഭദ്രമായി തന്നെ നിറവേറ്റി, മമ്മൂട്ടി തന്റെ സ്വന്തം കളം കാത്തു എന്നതിന് പ്രേക്ഷകര്‍ സഹര്‍ഷം കൊണ്ടാടിയ സിനിമകള്‍ തന്നെയാണ് സാക്ഷ്യം.
നടനും സൂപ്പര്‍ താരവുമെന്ന നിലയിലുള്ള സ്വന്തം കളം ഭദ്രമായ നിലനിര്‍ത്തുന്നതിനോടൊപ്പം മലയാള സിനിമയുടെ മികവിന്റെ കളവും ഏറ്റവും ജാഗ്രതയോടെ കാക്കാനുള്ള ഉത്തരവാദിത്വം കൂടി താന്‍ സ്വമേധയാ ഏറ്റെടുക്കുന്നു എന്ന മമ്മൂട്ടിയുടെ നയ പ്രഖ്യാപനം കൂടിയാണ് മേല്‍ പറഞ്ഞ സിനിമകളോരോന്നും.
നടനെന്ന നിലയില്‍ തന്റെ വിശപ്പടക്കാനുള്ള കഥാപാത്രങ്ങളെ തേടി നടക്കുന്ന കലാകാരനാണ് മമ്മൂട്ടി. ഒരേ അച്ചില്‍ വാര്‍ത്ത വേഷങ്ങളില്‍ സ്വയം തളച്ചിടാതെ, പരീക്ഷണ ചിത്രങ്ങള്‍ക്കു കൂടി വേണ്ടത്ര പ്രാധാന്യം നല്‍കി, നാട്ടുനടപ്പനുസരിച്ച് പൂര്‍ണ്ണമായും ശരിയല്ലാത്ത ഇരുണ്ട കഥാപാത്രങ്ങളേയും പ്രതിനായക വേഷങ്ങളേയും സ്വീകരിച്ചു കൊണ്ട്, നിശ്ചിത കമ്പോള വിജയ സാധ്യതകള്‍ പ്രവചിക്കാനാവാത്ത നല്ല സിനിമകള്‍ക്ക് ഭാഗികമായോ, പൂര്‍ണ്ണമായോ, പരോക്ഷമായോ മുതല്‍ മുടക്കിക്കൊണ്ട് മമ്മൂട്ടി നടത്തുന്ന തികച്ചും വേറിട്ട ഒരു യാത്രയാണിത്. അതിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വന്നെത്തിയ വിജയങ്ങളില്‍ മതിമറക്കാതെ വീണ്ടും വീണ്ടും ആ മനുഷ്യന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ്. തന്നിലെ നടനോടും മലയാള സിനിമയോടുമുള്ള അടങ്ങാത്ത പ്രതിബദ്ധത തന്നെയാണത്.
'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കളംകുറിച്ച മമ്മൂട്ടി തന്റെ ഓരോ അനുഭവങ്ങളും തിരിച്ചടികളും സൂക്ഷ്മമായി നിരീക്ഷിച്ച് സ്വന്തം സിനിമാ ജീവിതം കെട്ടിപ്പൊക്കിയ നടനാണെന്ന് കാണാം. നല്ല സ്‌ക്രിപ്റ്റുകളും, നല്ല സംവിധായകരും, നടനെന്ന നിലയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കഥാപാത്രങ്ങളുമായി, തനിക്കു ബോധ്യമുള്ള വിശ്വാസങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ ചങ്കൂറ്റം കാട്ടി മുന്നേറുന്ന ഈ ഇരട്ടക്കളംകാവലാളുടെ കൈകളില്‍ മലയാള സിനിമയുടെ ഭാവി സുഭദ്രമാണെന്നത് തീര്‍ച്ച. തുടക്കക്കാര്‍ക്കും അപ്രശസ്തര്‍ക്കും, കന്നിയങ്കം കുറിയ്ക്കുന്നവര്‍ക്കുമായി ഇത്തിരി കളം ഒഴിച്ചിടാന്‍ കാട്ടുന്ന ആ സന്മനസ്സ് മലയാള സിനിമയുടെ നല്ല നാളേയ്ക്കു വേണ്ടിയുള്ള കരുതല്‍ കൂടിയാണ്.
ഇഷ്ടനടന്റെ മനസ്സറിഞ്ഞ്, ആഗ്രഹമറിഞ്ഞ് കടുംപിടുത്തമില്ലാതെ ഈ പരീക്ഷണ ചിത്രങ്ങളോരോന്നും നെഞ്ചോടു ചേര്‍ത്ത പ്രേക്ഷകരെല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ മമ്മൂട്ടിയുടേയും നല്ല (മലയാള) സിനിമയുടേയും കളംകാവല്‍ക്കാര്‍ തന്നെയാണ്!
(ഡല്‍ഹി അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates