വിഖ്യാത മാരത്തണ്‍ ഓട്ടക്കാരന്‍ ഫൗജ സിങ്ങിന്റെ ജീവിതം പറഞ്ഞു തരുന്ന പാഠങ്ങള്‍  File
News+

'റിട്ടയര്‍ ചെയ്യുന്നില്ല നിങ്ങളിലാരും തന്നെ, മട്ടൊന്നു മാറി തവ സേവനം തുടരാവൂ'

ബാബു പി രമേഷ്

'ഇദ്ദേഹത്തെക്കുറിച്ച് ഞാന്‍ അറിയുന്നത് മരണ ശേഷമാണ്'. വിഖ്യാത ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ വിയോഗത്തെപ്പറ്റിയുള്ള 'സാമൂഹ്യപാഠം' ലേഖനം വായിച്ച ശേഷം ഉറ്റസുഹൃത്ത് മുകുന്ദന്‍ പൊറ്റമേല്‍ എനിക്കെഴുതിയ വരികളാണിവ!

അതെ. പലപ്പോഴും പലരും നമ്മുടെ അറിവില്‍ ജനിക്കുന്നത് അവരുടെ മരണശേഷമാണ്. നേരിട്ടു പരിചയമുള്ള മേഖലകളില്‍ നിന്നല്ലെങ്കില്‍ ഇത്തരം വ്യക്തികള്‍ ഇവിടെയൊക്കെ ഉണ്ടായിരുന്നുവെന്നത് നാമറിയാതെ പോകുന്നത് തികച്ചും സ്വാഭാവികമാണ്! 'അശ്വമേധം' പ്രദീപിനു പോലും അറിയാത്ത എത്രയോ പ്രത്യേകതയുള്ള മനുഷ്യര്‍ നമുക്കയലത്തും അകലത്തുമുണ്ടാവാം എന്ന് സാരം!

ഈ ലോകത്ത് അവരുണ്ടായിരുന്ന കാര്യം നമ്മള്‍ അതുവരെ അറിയാതെ പോയി എന്നതാണ് സത്യം. അവരുടെ പ്രശസ്തി കൊണ്ടോ, കുപ്രസിദ്ധിയാലോ സവിശേഷത കൊണ്ടോ ഒക്കെ മരണത്തിനു തൊട്ടു പിന്നാലെ കിട്ടുന്ന മീഡിയാ കവറേജ് പെട്ടെന്ന് ഇത്തരം ആളുകളെ നമുക്ക് പരിചിതരാക്കും.

ഫൗജാ സിങ്

എന്റെ തന്നെ കാര്യമെടുത്താല്‍, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരിച്ച വിശ്രുത വയലിനിസ്റ്റ് ബാലഭാസ്‌കറും 'കൈതോലപ്പായ വിരിച്ച് .....'; 'പാലോം പാലോം, നല്ല നടപ്പാലം ....' തുടങ്ങിയ എണ്ണം പറഞ്ഞ നാടന്‍പാട്ടുകള്‍ സമ്മാനിച്ച ശേഷം അകാലത്തില്‍ നമ്മളെ വിട്ടു പിരിഞ്ഞ അനുഗ്രഹീത ഗാനരചയിതാവും പാട്ടുകാരനുമായ ജിതേഷ് കക്കടിപ്പുറവും; ഈയിടെ ദിവംഗതയായ പാണ്ഡവാണി കലാകാരി തീജന്‍ ബായിയുമൊക്കെ മരണാനന്തരം ഞാന്‍ പരിചയപ്പെട്ട വ്യക്തിത്വങ്ങളാണ്. മുരുകന്‍ കാട്ടാക്കടയുടെ 'രക്തസാക്ഷി'യിലെ വരികള്‍ സന്ദര്‍ഭം തെറ്റി ഉപയോഗിച്ചാല്‍ ഇവരില്‍ പലരും നമ്മളെ സംബന്ധിച്ചിടത്തോളം 'മരണത്തിലൂടെ പിറന്നവരാണ്'!

ഇപ്രകാരം തന്നെയാണ് ഫൗജാ സിങ് എന്ന ഇന്ത്യന്‍ വംശജനായ ബ്രിഷീട്ട്-സിഖ് വയോധികന്‍ അദ്ദേഹത്തിന്റെ മരണത്തിന്റെ തൊട്ടടുത്ത ദിവസം, കഴിഞ്ഞ വര്‍ഷം ജൂലൈ പതിനഞ്ചാം തീയതി, ആദ്യമായി എന്റെ അറിവിന്റെ അതിര്‍ത്തിക്കുള്ളില്‍ പിറന്നു വീണത്! വിയോഗത്തിന്റെ ഒരു വര്‍ഷത്തിനു ശേഷവും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഏറ്റവും പ്രചോദനകരമായി തുടരുന്നുവെന്നതും, അത് ഇനിയങ്ങോട്ട് നിരവധി വര്‍ഷങ്ങളോളം അങ്ങനെത്തന്നെയായിരിക്കുമെന്നുമുള്ള തിരിച്ചറിവാണ് ഫൗജാ സിങിനെ 'സാമൂഹ്യ പാഠം' വായനക്കാര്‍ക്കു കൂടി പരിചയപ്പെടുത്തണം എന്ന തീരുമാനത്തിലെത്താനുള്ള കാരണം!

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും പ്രായം കൂടിയ മാരത്തോണ്‍ ഓട്ടക്കാരനായിരുന്നു, 101-ാം വയസ്സുവരെ മാരത്തോണ്‍ രംഗത്തുണ്ടായിയിരുന്ന ഫൗജാ സിങ്! 89 -ാം വയസ്സിലാണ് ഫൗജാ സിങ് ആദ്യമായി മാരത്തോണ്‍ ഓടിത്തുടങ്ങിയത്.

ഫൗജാ സിങ് 2025 ജൂലൈ 14ന് സ്വന്തം ജന്മദേശമായ പഞ്ചാബിലെ ബിയാസ് പിന്‍ഡില്‍ വെച്ച് മരിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 114 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളൊന്നുകൊണ്ടുമല്ല, മറിച്ച് റോഡ് മുറിച്ച് കടക്കുമ്പോള്‍ ഒരു വാഹനം വന്ന് തട്ടിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം എന്നത് പ്രത്യേകം പറയേണ്ടതുണ്ട്. ഒരു പക്ഷെ, ആ അപകടം സംഭവിച്ചിരുന്നില്ലെങ്കില്‍ ഈ ആഴ്ച ഫൗജാ സിങിന്റെ 115 -ാം പിറന്നാള്‍ ആഘോഷത്തിന്റെതാവുമായിരുന്നു.

ശരാശരിയേക്കാള്‍ എത്രയോ ഏറെ ആയുര്‍ ദൈര്‍ഘ്യമുള്ള ഒരാളുടെ അപകട മരണം എന്ന പ്രത്യേകതയ്ക്കപ്പുറം, ഫൗജാ സിങിന്റെ മരണത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ടായിരുന്നു. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും പ്രായം കൂടിയ മാരത്തോണ്‍ ഓട്ടക്കാരനായിരുന്നു, 2013 ല്‍ അദ്ദേഹത്തിന്റെ 101-ാം വയസ്സുവരെ മാരത്തോണ്‍ രംഗത്തുണ്ടായിയിരുന്ന ഫൗജാ സിങ്! 89 -ാം വയസ്സിലാണ് ഫൗജാ സിങ് ആദ്യമായി മാരത്തോണ്‍ ഓടിത്തുടങ്ങിയത് എന്നതും മറ്റൊരു സവിശേഷതയാണ്.

2025 ജൂലൈ പതിനഞ്ചാം തീയതിയിലെ ഒട്ടുമിക്ക പത്രങ്ങളിലും ഫൗജാ സിങിന്റെ മരണവാര്‍ത്ത അത്യാവശ്യം പ്രാധാന്യത്തോടെ തന്നെ ഫോട്ടോ സഹിതം കൊടുത്തിട്ടുണ്ടായിരുന്നു. ഫൗജാ സിങിന്റെ പ്രത്യേകതകളും നേട്ടങ്ങളും വിവരിക്കുന്ന ഒന്നു രണ്ട് പത്രവാര്‍ത്തകള്‍ ഞാനും രാവിലെ തന്നെ വായിച്ചിരുന്നു . വൈകുന്നേരം വീട്ടിലെത്തി, ചായകുടി സമയത്ത് പതിവുപോലെ കോണ്‍ടാക്ടിലുള്ളവരുടെ വാട്ട്‌സാപ്പ് സ്റ്റാറ്റസുകള്‍ നോക്കിയിരിക്കുമ്പോഴുണ്ട്, ഫൗജാ സിങിന്റെ പടവും താഴെ ഏതാനും വരികളുമായി ഒരു സ്റ്റാറ്റസ് പോസ്റ്റ്. ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനും ഡല്‍ഹിയിലെ പേരുകേട്ട ഒരു ഹോസ്പിറ്റലിലെ വയോജന ചികിത്സാ വിദഗ്ദനുമായ ഡോ. ഹര്‍ജിത് സിങ് ഭട്ടിയുടെതായിരുന്നു അത്. ജീറിയാട്രിക് മേഖലയിലെ തന്നെപ്പോലുള്ള ഡോക്ടര്‍മാര്‍ക്കെല്ലാം പ്രചോദനമാണ് ഫൗജാ സിങ്ങിന്റെ ജീവിതമെന്നായിരുന്നു, അടിക്കുറിപ്പുകളുടെ സാരം. ഉടന്‍ തന്നെ 'ഇത്തരമൊരു സ്റ്റാറ്റസ് കുറിപ്പല്ല, ഹര്‍ജിതിനെപ്പോലെയുള്ള ഒരു ഡോക്ടറില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും, ഫൗജാ സിങ് ലോകത്തിനു നല്‍കുന്ന പാഠങ്ങളെപ്പറ്റിയും; വാര്‍ദ്ധക്യ ചികിത്സാ മേഖലയിലെ വിദഗ്ദര്‍ക്കു നല്‍കിയ ഉള്‍ക്കാഴ്ചകളെപ്പറ്റിയും വിശദമയായ ഒരു ലേഖനം തന്നെ എഴുതേണ്ടതുണ്ടെന്നും' കാണിച്ച് ഒരു അഭിപ്രായ സന്ദേശം ഞാന്‍ അയച്ചു. 'ഞാന്‍ അങ്ങനെയുള്ള ലേഖനങ്ങളൊന്നും ഇതുവരെ എഴുതിയിട്ടില്ല' എന്ന ഹര്‍ജിതിന്റെ മറുപടിയും, 'ഇങ്ങനെയൊക്കെയല്ലേ എഴുതിത്തുടങ്ങുക' എന്ന എന്റെ നില കടുപ്പിക്കലും ഏതാനും മിനുറ്റുകള്‍ക്കകം തന്നെ ഉണ്ടായി. എന്തിനു പറയണം വെറും അഞ്ചു മിനിറ്റിനുള്ളില്‍ ഏതെങ്കിലും ഒരു ദേശീയ ദിന പത്രത്തില്‍ പ്രസിദ്ധീകരിക്കാവുന്ന ഒരു ലേഖനം എഴുതാന്‍ ഹര്‍ജീതും അത് പ്രസിദ്ധീകൃതമാവും വരെ കട്ട സപ്പോര്‍ട്ട് നല്‍കാമെന്ന് ഞാനും ഉഭയസമ്മതത്തിലെത്തി. അന്നേയ്ക്ക് അഞ്ചാം നാള്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഡോ. ഹര്‍ജിത് സിങ് ഭട്ടിയെഴുതിയ ഫൗജാ സിങിനെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴേക്കും എഡിറ്റിംഗിനും ഭാഷ മിനുസപ്പെടുത്താനുമൊക്കെ സഹായിയായി കൂടിയ ഞാനും ഫൗജയെപ്പറ്റി ഏതാണ്ടൊക്കെ മനസ്സിലാക്കിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷവും അറിഞ്ഞ കാര്യങ്ങളൊക്കെ വ്യക്തമായി ഓര്‍മ്മയിലുണ്ടെന്ന കാര്യം ഇപ്പോള്‍ ഈ കുറിപ്പെഴുതുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്.

ഫൗജാ സിങ്

'ടര്‍ബണ്‍ഡ് ടോര്‍ണാഡോ' (തലക്കെട്ടുള്ള ചുഴലിക്കാറ്റ്), 'ഓട്ടക്കാരന്‍ ബാബ', 'സിഖ് സൂപ്പര്‍മാന്‍' എന്നിങ്ങനെയൊക്കെയുള്ള ഓമനപ്പേരുകളില്‍ പില്‍ക്കാലത്ത് അറിയപ്പെട്ട ഫൗജാ സിങ് 1911 ല്‍ പഞ്ചാബിലെ ജലന്ധറിനടുത്തുള്ള ബിയാസ് പിന്‍ഡിലെ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. അഞ്ചാം വയസ്സു വരെ നടക്കാന്‍ പറ്റാതിരുന്ന കുട്ടി, ബാലാരിഷ്ടതകളൊക്കെ താണ്ടിയ ശേഷം കര്‍ഷകനും ഗൃഹസ്ഥനുമായി എഴുപത്തിയൊന്നാം വയസ്സു വരെ പഞ്ചാബില്‍ തന്നെയാണ് ജീവിച്ചത്. ഭാര്യ, ഗ്യാന്‍ കൗറിന്റെ മരണ ശേഷം മകന്റെ കൂടെ 1992 ല്‍ ഇംഗ്ലണ്ടിലേക്ക് ചേക്കേറിയ ഫൗജാ സിങിന് ഏറെക്കാലം കഴിയും മുമ്പ് 1994 ല്‍ തന്റെ അഞ്ചാമത്തെ മകന്‍ കുല്‍ദീപിന്റെ മരണത്തിന്റെ ആഘാതം കൂടി താങ്ങേണ്ടി വന്നു. ഇങ്ങനെ വിഷാദപൂരിതമായ ഘട്ടത്തിലൂടെ കടന്നു പോവുമ്പോഴാണ് സങ്കടങ്ങളെ മറി കടക്കാനായി ഫൗജാ സിങ് ചെറുതായി ഓടിത്തുടങ്ങിയത്. പക്ഷെ അത് ലോകരെയാകെ വിസ്മയിപ്പിക്കാനുള്ള വലിയ ഓട്ടങ്ങളുടെ തുടക്കമായിരുന്നുവെന്ന് അദ്ദേഹം പോലും കരുതിയിട്ടുണ്ടാവില്ല!

2000 ല്‍ ലണ്ടനില്‍ നടന്ന മാരത്തണ്‍ മത്സരം 6 മണിക്കൂര്‍ 54 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് 'റണ്ണിംഗ് ബാബ' കായിക ചരിത്രത്തില്‍ അക്കൗണ്ട് തുടങ്ങിയത്. അധികം വൈകാതെ 2003 ല്‍ ടോറന്റോ മാരത്തണ്‍ 5 മണിക്കൂര്‍ 40 മിനിറ്റില്‍ പൂര്‍ത്തിയാക്കി തന്റെ ഏറ്റവും മികച്ച സമയം നേടിയ ഫൗജാ സിങ് 2011 ല്‍ ടോറന്റോയില്‍ തന്നെ നടന്ന വാട്ടര്‍ഫ്രണ്ട് മാരത്തണ്‍ ഓടി മുഴുമിച്ചപ്പോള്‍ മുഴുവന്‍ മാരത്തണ്‍ (42.2 കിലോമീറ്ററോളം) പൂര്‍ത്തിയാക്കുന്ന നൂറു വയസ്സു കഴിഞ്ഞ ലോകത്തിലെ തന്നെ ആദ്യ വ്യക്തിയായി മാറി. അധികം വൈകാതെ 2013 ല്‍ ഹോങ്കോങ്ങില്‍ നടന്ന 10 കിലോമീറ്റര്‍ ഓട്ടത്തിനു ശേഷം മാരത്തോണില്‍ നിന്ന് വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 102നടുത്തായിരുന്നു!

ഫൗജാ സിങിനെ യാത്രക്കാരനായി കിട്ടിയ ഒരവസരത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്സ് തങ്ങളുടെ സെലിബ്രിറ്റി ട്രാവലറെപ്പറ്റി പ്രത്യേക ആൗണ്‍സ്‌മെന്റ് നടത്തിയതും ബോര്‍ഡിംഗ് പാസില്‍ 'ലോക സഞ്ചാരിയും ശതാഭിഷിക്തനുമായ മാരത്തോണര്‍' എന്ന് പ്രിന്റ് ചെയ്തതുമൊക്കെ വേറിട്ട അനുഭവങ്ങള്‍ തന്നെ
ടര്‍ബന്‍ഡ് ടൊര്‍ണാഡോ കവര്‍

ഒരു വ്യാഴവട്ടക്കാലത്തോളം നീണ്ട ദീര്‍ഘദൂര ഓട്ടക്കാലത്തിനിടയില്‍ ലണ്ടന്‍, ടോറന്റോ, ന്യൂയോര്‍ക്ക്, മുംബൈ, ഹോങ്കോങ്, ഗ്ലാസ്‌ഗോ എന്നിങ്ങനെ പലയിടങ്ങളിലായി ഒമ്പത് പൂര്‍ണ്ണ മാരത്തോണുകളടക്കം പതിനെട്ട് ദീഘദൂര ഓട്ടങ്ങള്‍ തന്റെ കണക്കില്‍ കുറിച്ചിട്ടയാളാണ് ഫൗജാ സിങ്! ഇക്കാലമത്രയും അദ്ദേഹത്തിന്റെ ഓട്ടങ്ങള്‍ക്ക് സഹായം നല്‍കിയത് ഹര്‍മീന്ദര്‍ സിങ് എന്ന പേഴ്‌സണല്‍ ട്രൈനര്‍ ആയിരുന്നു.

മാരത്തോണ്‍ രംഗത്തെ 'സിഖ് സൂപ്പര്‍മാന്റെ' നേട്ടങ്ങള്‍ക്ക്, അര്‍ഹമായ നിരവധി അംഗീകാരങ്ങള്‍ ഫൗജാ സിങിനെ തേടിയെത്തി. 2012 ലെ ഒളിംപിക്‌സില്‍ ദീപശിഖയേന്താന്‍ കിട്ടിയ അവസരമാണ് ഇതില്‍ എടുത്തു പറയേണ്ട ഒന്ന്. അതു പോലെ തന്നെ, ഫൗജാ സിങിനെ യാത്രക്കാരനായി കിട്ടിയ ഒരവസരത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്സ് തങ്ങളുടെ സെലിബ്രിറ്റി ട്രാവലറെപ്പറ്റി പ്രത്യേക ആൗണ്‍സ്‌മെന്റ് നടത്തിയതും ബോര്‍ഡിംഗ് പാസില്‍ 'ലോക സഞ്ചാരിയും ശതാഭിഷിക്തനുമായ മാരത്തോണര്‍' എന്ന് പ്രിന്റ് ചെയ്തതുമൊക്കെ ഏറ്റവും വേറിട്ട അനുഭവങ്ങള്‍ തന്നെ.

ഫൗജാ സിങ്

ഫൗജാ സിങിന്റെ ശതാബ്ദി വേളയില്‍, അദ്ദേഹത്തിന്റെ ട്രൈനര്‍ ഹര്‍മീന്ദര്‍ സിങിന്റെ അഭ്യര്‍ത്ഥന പ്രകാരം ചണ്ഡീഗഡില്‍ നിന്നുള്ള എഴുത്തുകാരനും കോളമ്‌നിസ്റ്റുമായ ഖുശ്വന്ത് സിങ് (ഡല്‍ഹിയില്‍ ജീവിച്ചിരുന്ന പ്രശസ്ത പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ ഖുശ്വന്ത് സിങ് അല്ല ഇത്) തയ്യാറാക്കിയ 'ടര്‍ബണ്‍ഡ് ടൊര്‍ണാഡോ' എന്ന ജീവചരിത്രം 2011 ജൂലൈ ഏഴാം തീയതി പ്രകാശനം ചെയ്യപ്പെട്ടത് ബ്രിട്ടണിലെ ഹൗസ് ഓഫ് ലോഡ്സില്‍ ആയിരുന്നു എന്നത് ഏറ്റവും പ്രത്യേകതയുള്ള കാര്യമാണ്. ഫൗജാ സിങിന്റെ ജീവിതത്തില്‍ നിന്നുള്ള നിരവധി കൊച്ചു കൊച്ചു കാര്യങ്ങള്‍ പറയുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ജീവിത വീക്ഷണങ്ങളെ ഉള്‍ക്കൊള്ളുന്ന 'ഫൗജണോമിക്‌സ്' എന്ന ഒരു പുത്തന്‍ പദം വരെ ജീവചരിത്രകാരന്‍ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്, ഈ പുസ്തകത്തില്‍. 'മിതഭാഷണം പ്രശ്‌നങ്ങളൊഴിവാക്കും'; ' കുറച്ചു തിന്നുക, ആരോഗ്യത്തിനു വേണ്ടതു മാത്രം' തുടങ്ങിയ ഫൗജണോമിക്സിന്റെ അടിസ്ഥാനതത്വങ്ങളോരോന്നുമറിയുമ്പോള്‍ അവയെല്ലാം നൂറു വര്‍ഷത്തെ ജീവിതം ഫൗജാ സിങിനെ പഠിപ്പിച്ച വിലപ്പെട്ട പാഠങ്ങളായിരുന്നുവെന്ന് നാം തിരിച്ചറിയും!

പ്രശസ്തിയുടെ നാളുകളില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സിഖ് സമൂഹത്തിന്റെ സംസ്‌കാരിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുമൊക്കെ സമയം കണ്ടെത്തിയ ഫൗജാ സിങിന്റെ പേര് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ രേഖപ്പെടുത്താതെ പോയത് കൃത്യമായ ജനന സര്‍ട്ടിഫിക്കറ്റ് രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതു കൊണ്ടു മാത്രമാണ്.

ഫൗജാ സിങ്

വെജിറ്റേറിയന്‍ ആയിരുന്ന ഫൗജാ സിങ് മൃഗസ്‌നേഹികളുടെ സംഘടനയായ 'പേറ്റ'യുടെ പരസ്യ കാംപൈനുകളില്‍ വന്ന ഏറ്റവും പ്രായം ചെന്നയാളാണ്. 2004 ല്‍ തന്നെ 'ഒന്നും അസാധ്യമല്ല' എന്ന അഡിഡാസിന്റെ പരസ്യത്തില്‍ ഡേവിഡ് ബെക്കാമിനും മുഹമ്മദാലിക്കുമൊപ്പം മോഡലായി വന്ന ഫൗജാ സിങിനെ നൂറാം പിറന്നാള്‍ വേളയില്‍ നേരിട്ട് കത്തെഴുതി ജന്മദിനാശംസകള്‍ നേര്‍ന്നവരില്‍ എലിസബത്ത് രാജ്ഞിയുമുണ്ടായിരുന്നുവെന്നറിയുമ്പോള്‍ കാലം ആര്‍ക്കൊക്കെ വേണ്ടി എന്തൊക്കെ വിസ്മയങ്ങളാണ് കരുതി വെച്ചിട്ടുള്ളതെന്ന് നാം അത്ഭുതം കൂറും!

പ്രായം വെറുമൊരു അക്കമാണെന്ന് കാണിച്ചു തന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ടായിരുന്നു; ഇപ്പോഴും ഉണ്ട് താനും! തൊണ്ണൂറിന്റെ ചെറുപ്പത്തിലും കേരള രാഷ്ട്രീയമണ്ഡലത്തില്‍ നിറഞ്ഞു നിന്ന വിഎസ് അച്യുതാനന്ദനും നവതിയുടെ വര്‍ഷത്തില്‍ മാത്രം എട്ട് എണ്ണം പറഞ്ഞ പുസ്തകങ്ങള്‍ വിഖ്യാത പ്രസാധകരിലൂടെ പ്രസിദ്ധീകരിച്ച് ഇനിയും എഴുതണം എന്ന ദൃഢനിശ്ചയതോടെ മുന്നേറിക്കൊണ്ടിരിക്കുന്ന റസ്‌കിന്‍ ബോണ്ടും തൊണ്ണൂറ്റഞ്ചിലേക്ക് അടുക്കുമ്പോഴും തന്റെ സ്വന്തം മേഖലയായ റെയില്‍ ഗതാഗതരംഗത്ത് പുതിയ പ്രോജക്ടുകള്‍ തയ്യാറാക്കി ഉത്സാഹം വിടാതെ മുന്നേറുന്ന ഇ. ശ്രീധരനും ഇനിയും ഒരു മുപ്പത് നാല്‍പത് കൊല്ലം കൂടി നിങ്ങള്‍ക്കൊപ്പം ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം എന്ന് തന്റെ തൊണ്ണൂറാം ജന്മദിനവേളയില്‍ പ്രസ്താവിച്ച ദലൈലാമയും നൂറാം വയസ്സിലും അരങ്ങില്‍ സാന്നിധ്യമറിയിക്കുകയും, അതിലും പിന്നീട് പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുകയും ചെയ്ത കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുമൊക്കെയുള്ള ആ ലിസ്റ്റ് അങ്ങനെ നീണ്ടു പോകുന്നു. അവരുടെ കര്‍മ്മമേഖലകളില്‍ ചെറുപ്പക്കാരായി തുടര്‍ന്ന / തുടരുന്ന ഇവരെയൊക്കെ കാണുമ്പോള്‍ അമ്പത്തിയാറില്‍ റിട്ടയര്‍മെന്റും കഴിഞ്ഞ് ഇനിയുള്ള കാലം 'അനായാസേന മരണം......' എന്നു സങ്കല്‍പ്പിച്ചു നടക്കുന്ന ചിലരെപ്പറ്റിയെങ്കിലും ഓര്‍ക്കാതിരിക്കുന്നത് അസ്വാഭാവികം!

വാര്‍ദ്ധക്യം ജോലിയെടുക്കാനുള്ള പ്രോജക്ടാക്കണമെന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. മറിച്ച്, 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങാന്‍ ഇനിയും വൈകിയിട്ടില്ല' എന്ന ഫൗജാ സിങ് നല്‍കുന്ന ജീവിത സന്ദേശമുള്‍ക്കൊണ്ട് താത്പര്യമുള്ള മേഖലകളില്‍ സന്തോഷപൂര്‍വ്വം വ്യാപൃതരാവാനുള്ള അവസരമായി വരിഷ്ഠ കാലത്തെ കാണണം എന്നാണ്.

ചെറുപ്പകാലത്തു റിട്ടയര്‍മെന്റും കഴിഞ്ഞ് തങ്ങള്‍ക്ക് ചെയ്യാനുള്ളതെല്ലാം ചെയ്‌തെന്നും ഇനി പുതിയൊരങ്കത്തിന് പാങ്ങില്ലെന്നും കരുതി സജീവ ജീവിതത്തില്‍ നിന്ന് സ്വയം വിരമിച്ചവര്‍ അവശ്യം പഠിച്ചിരിക്കേണ്ട ഒരു പാഠപുസ്തകം തന്നെയാണ് നവതിക്ക് തൊട്ടു മുമ്പ് മാത്രം തന്റെ മേഖല കണ്ടെത്തി, അടുത്ത ഒരു വ്യാഴ വട്ടക്കാലം ആ രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് ലോകത്തിനു തന്നെ മാതൃകയായി മാറിയ ഫൗജാ സിങ്!

അല്‍പസ്വല്‍പം കവിതയൊക്കെ എഴുതിയിരുന്ന എന്റെ അമ്മയും ടീച്ചറും (സ്‌കൂള്‍ അധ്യാപന കാലത്തെ) സഹപ്രവര്‍ത്തകയുമായിരുന്ന പി.ഗൗരിട്ടീച്ചര്‍, 1970കളുടെ മധ്യത്തില്‍ അധ്യാപകരുടെ ഒരു യാത്രയയപ്പ് സമ്മേളനത്തില്‍ എഴുതി അവതരിപ്പിച്ച 'തിരിയില്‍ നിന്ന് കൊളുത്തിയ തീപ്പന്തങ്ങള്‍' എന്ന കവിതയിലെ 'റിട്ടയര്‍ ചെയ്യുന്നില്ല നിങ്ങളിലാരും തന്നെ / മട്ടൊന്നു മാറി തവ സേവനം തുടരാവൂ' എന്നീ വരികളുടെ അര്‍ത്ഥം അന്ന് കുട്ടിയായിരുന്ന എനിക്ക് പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല. എന്നാല്‍ സ്വന്തം റിട്ടയര്‍മെന്റിനു ശേഷം മൂന്നരപ്പതിറ്റാണ്ടോളം സാമൂഹ്യ സേവനരംഗത്ത് നിറഞ്ഞു നിന്ന് 'പൊന്നാനിക്കാരുടെ അധ്യാപിക മുത്തശ്ശി' എന്ന പേര് അന്വര്‍ത്ഥമാക്കികൊണ്ട് സ്വന്തം കവിതയിലെ വരികള്‍ക്ക് പ്രാക്ടിക്കല്‍ രൂപം കൂടി നല്‍കി ശേഷം എന്റെ 'അമ്മട്ടീച്ചര്‍' യാത്രയാവുമ്പോഴേക്കും അന്ന് ആ വരികളിലൊതുക്കിയ പൊരുള്‍ എനിക്ക് കൂടുതല്‍ കൂടുതല്‍ വ്യക്തമായിരുന്നു.

റിട്ടയര്‍മെന്റ് വെറുമൊരു പ്രായാനുസൃത ഘട്ടത്തിന്റെ അനിവാര്യതയായി കണ്ട് അതേ മേഖലയിലോ, മറ്റേതെങ്കിലുമൊരു തെരഞ്ഞെടുത്ത മേഖലയിലോ സന്തോഷപൂര്‍വ്വം പുതിയൊരു ഇന്നിംഗ്‌സ് തുടങ്ങുമ്പോള്‍ ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി. ഫൗജാ സിങ്ങിന് അമ്പത്തിയാറ് വയസ്സായിരുന്നപ്പോള്‍ കേരളത്തില്‍ ജനിച്ച ഒരാള്‍, വളര്‍ന്ന് വലുതായി സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗത്തില്‍ ചേര്‍ന്ന് അമ്പത്തിയാറാം വയസ്സില്‍ റിട്ടയര്‍ ചെയ്തപ്പോഴും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ 112 വയസ്സിന്റെ ചെറുപ്പത്തില്‍ നമ്മളെയൊക്കെ വിസ്മയിപ്പിച്ചു കൊണ്ട് ഫൗജാ സിങ് നമുക്കൊപ്പമുണ്ടായിരുന്നു. അതായത്, റിട്ടയര്‍മെന്റ് ജീവിതത്തിന്റെ അസ്തമന വേളയായല്ല, പുതിയൊരു പ്രഭാതത്തിന്റെ തുടക്കമായി വേണം കാണേണ്ടത് എന്നാണ് ഫൗജാ സിങ് .സ്വന്തം ജീവിതത്തിലൂടെ നമുക്ക് പറയാതെ പറഞ്ഞു തന്നത്! പ്രചോദനപരമായ ആ ജീവിതത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നമുക്കൊരോരുത്തര്‍ക്കും 'നമ്മള്‍ ഓടാന്‍ ആഗ്രഹിക്കുന്ന വ്യത്യസ്തമായ മാരത്തോണുകള്‍' പ്ലാന്‍ ചെയ്യാം!

(ഡല്‍ഹിയിലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)

Babu P. Ramesh writes about Fauja Singh, who began running marathons at the age of 89 and remained active in the field until he was 101.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ20 പെട്രോള്‍ വേണ്ട; നോ പറഞ്ഞ് എന്‍ഡിഎ വോട്ടര്‍മാരില്‍ ഭൂരിഭാഗവും; കാരണങ്ങള്‍ നിരത്തി സര്‍വേ

സെമിയിൽ 'നീല ജേഴ്സി' തന്നെ വേണമെന്ന് അർജന്റീന; കാരണം 'കബാല'?

പാലക്കാട് ജില്ലാ ആശുപത്രി 2028-ഓടെ പൂർണ്ണസജ്ജമാക്കും; നവംബറോടെ പുതിയ കെട്ടിടം പൂർത്തിയാകുമെന്ന് മന്ത്രി

ഇടുക്കിയിൽ വീണ്ടും വൻകിട കയ്യേറ്റമൊഴിപ്പിക്കൽ; പൂപ്പാറയിൽ 4 ഏക്കറോളം സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

കരുത്തുറ്റ 8,000mAh ബാറ്ററി, 34,990 രൂപ മുതല്‍ വില; റെഡ്മി നോട്ട് 17 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍