Dinjith Ayyathan Interview ഫയല്‍
News+

'നായകളെ കണ്ടെത്തിയത് ഓഡിഷനിലൂടെ, ഒരു നായയെ കാണാതായി'; 'എക്കോ'യിലെ ആ രം​​ഗങ്ങൾക്ക് പിന്നിൽ

കിഷ്കിന്ധാ കാണ്ഡത്തിന് അവാർഡ് കിട്ടാതെ പോയതിൽ വിഷമമുണ്ട്.

ഹിമ പ്രകാശ്

വ്യത്യസ്തമാർന്ന മേക്കിങ് സ്റ്റൈലിലൂടെ മലയാളികൾക്ക് പുതിയൊരു കാഴ്ചാനുഭവം സമ്മാനിച്ച സംവിധായകനാണ് ദിൻജിത്ത് അയ്യത്താൻ. 'കക്ഷി അമ്മിണിപ്പിള്ള'യിൽ തുടങ്ങി 'കിഷ്കിന്ധാ കാണ്ഡ'ത്തിലൂടെ 'എക്കോ'യിൽ എത്തി നിൽക്കുന്നു ദിൻജിത്തിന്റെ വിഷ്വൽ ക്രാഫ്റ്റ്.

"Sometimes protection and restriction both look the same" എന്ന ടാ​ഗ് ലൈനോടെയാണ് എക്കോ ഫ്രം ദി ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ പ്രേക്ഷകരിലേക്കെത്തിയത്. വെറുമൊരു സിനിമ എന്നതിനപ്പുറം ഒരുപാട് കാര്യങ്ങൾ പറയുകയും പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് എക്കോ. സിനിമാ വിശേഷങ്ങളുമായി സംവിധായകൻ ദിൻജിത്ത് അയ്യത്താൻ സമകാലിക മലയാളത്തിനോട് സംസാരിക്കുന്നു.

'എക്കോ'യുടെ തുടക്കം എങ്ങനെയാണ് ?

കിഷ്കിന്ധാ കാണ്ഡം ഷൂട്ട് തുടങ്ങുന്നതിന് മുൻപ് തന്നെ ബാഹുൽ, എക്കോയുടെ സ്ക്രിപ്റ്റ് വായിക്കാൻ തന്നിരുന്നു. എപ്പോഴും ഉള്ളതുപോലെ ബാഹുലിന്റെ കഥ കേൾക്കുമ്പോഴുള്ള ഒരു എക്സൈറ്റ്മെന്റുണ്ടായിരുന്നു എനിക്ക്. ഒരേസമയം എക്സൈറ്റ്മെന്റും ചലഞ്ചിങ്ങുമാണ് അത്. കഥ വായിച്ച് കഴിഞ്ഞ് ഇത് ഞാൻ തന്നെ ചെയ്തോളാമെന്ന് ബാഹുലിനോട് പറഞ്ഞു. പെട്ടെന്ന് കിട്ടുന്ന ഏതെങ്കിലും ആർട്ടിസ്റ്റിനെ വച്ച് ചെയ്യാമെന്നായിരുന്നു ഞാനും ബാഹുലും ആദ്യം പ്ലാൻ ചെയ്തിരുന്നത്.

ആ സമയത്ത് നമ്മളൊരു ആർട്ടിസ്റ്റിന്റെ അടുത്ത് ഡേറ്റൊക്കെ ചോദിച്ചിരുന്നു. കിഷ്കിന്ധാ കാണ്ഡം ഹിറ്റായതിന് ശേഷമാണ് സ്ക്രിപ്റ്റിലുള്ള പ്രായത്തിലുള്ള ഒരാളെ തന്നെ കാസ്റ്റ് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അങ്ങനെയാണ് ഞാനും ബാഹുലും സന്ദീപിലേക്ക് എത്തുന്നത്. സന്ദീപിനെ നേരത്തെ ശ്രദ്ധിച്ചിരുന്നു. ഫാലിമിയിലെ സന്ദീപിന്റെ പെർഫോമൻസൊക്കെ അത്രയും ഇഷ്ടപ്പെട്ടിരുന്നു.

Eko

അങ്ങനെ സന്ദീപിനോട് സംസാരിച്ചു. സന്ദീപിനോട് സംസാരിക്കുമ്പോഴും നിർമാതാവിന്റെ ഒരു പ്രശ്നം നമുക്കുണ്ടായിരുന്നു. സന്ദീപിനെ വച്ച് ഒരു ബജറ്റ് ചെയ്യുമ്പോൾ എങ്ങനെയാകും എന്നൊക്കെയുള്ള കൺഫ്യൂഷനും ഉണ്ടായിരുന്നു. പിന്നീട്, ചെന്നൈയിലുള്ള എന്റെ ബന്ധു കൂടിയായ ജയറാം സിനിമ നിർമിക്കാമെന്ന് പറഞ്ഞു. അ​ദ്ദേഹം എന്നോട് കുറേ കാലമായിട്ട് സിനിമയിലേക്ക് വരണമെന്ന ആ​ഗ്രഹമൊക്കെ പറയുമായിരുന്നു. ജയറാം ഏറ്റെടുത്തപ്പോൾ നമുക്കും സന്തോഷം.

എല്ലാ കാര്യങ്ങളും ടെൻഷനൊന്നുമില്ലാതെ വളരെ ഫ്രീയായിട്ട് നമുക്ക് ചെയ്യാം. വേറെ പ്രൊഡ്യൂസേഴ്സ് ആയിരുന്നെങ്കിൽ ചിലപ്പോൾ കുറച്ച് ടെൻഷൻ ആയേനെ. കാരണം നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ ചെയ്യാൻ പറ്റണമെന്നില്ല. ജയറാം ആയതുകൊണ്ട് അത്തരം പ്രശ്നങ്ങളൊന്നുമില്ലായിരുന്നു, എന്തും പറയാമായിരുന്നു.

"Sometimes protection and restriction both look the same" – (ചിലപ്പോൾ സംരക്ഷണവും നിയന്ത്രണവും തമ്മിലുള്ള വേർതിരിവിന് ഒരു നൂലിഴയുടെ വ്യത്യാസം മാത്രമേ കാണൂ)- ഈ ഒരു ചിന്തയിൽ‌ നിന്നാണ് സിനിമ തുടങ്ങുന്നത്. ഈ ഒരൊറ്റ വാക്യത്തിലാണ് ഫുൾ സിനിമ ഓൺ ആകുന്നത്. ആദ്യം മനസിലേക്ക് വന്ന ഡയലോ​ഗും ഇതാണ്.

ബാഹുലിന്റെ കഥകളോട് ഒരു പ്രത്യേക ഇഷ്ടം തോന്നാൻ കാരണം എന്താണ് ?

ബാഹുലും ഞാനും തമ്മിൽ 'കക്ഷി അമ്മിണിപ്പിള്ള' ചെയ്യുമ്പോൾ മുതലുള്ള ബന്ധമാണ്. 'കക്ഷി അമ്മിണിപ്പിള്ള'യുടെ കാമറ ആരെയാണ് ചെയ്യിപ്പിക്കേണ്ടത് എന്നൊരു തിരച്ചിലിലായിരുന്നു ഞാൻ. എന്നോട് ഒപ്പം നിൽക്കുന്ന ഒരാളെയായിരുന്നു വേണ്ടത്. കാരണം എന്റെ വൈബിനൊത്ത് പോയില്ലെങ്കിൽ എനിക്ക് ഇറിറ്റേഷനാകും.

അപ്പോഴാണ് ഒരു സുഹൃത്ത് 'ബാഹുൽ എന്ന് പറയുന്ന ഒരു പയ്യനുണ്ട്, നമുക്ക് നോക്കാം' എന്ന് പറയുന്നത്. എഴുതുന്നതെല്ലാം വളരെ വ്യത്യസ്തമാർന്ന കഥകളായിരിക്കും എന്നതാണ് ബാഹുലിന്റെ പ്രത്യേകത.

ലോകമായാലും കഥാപാത്രമായാലും സാഹചര്യമായാലും എല്ലാം വ്യത്യസ്തമായിരിക്കും. നമ്മൾ എപ്പോഴും കാണുന്ന ഒന്നുമുണ്ടാകില്ല ബാഹുലിന്റെ കഥയിൽ. എല്ലാത്തിലും ഒരു വ്യത്യസ്തത ഉണ്ടായിരിക്കും. ഒരു സീനിൽ തന്നെ പ്രേക്ഷകർ ആ കഥയിലേക്ക് കയറും. ഓരോ സീനും പ്രത്യേകമായി എടുത്തു നോക്കിയാൽ പോലും, അത് തന്നെ ഭയങ്കര രസമായി തോന്നും. അങ്ങനെയുള്ള കഥകളാണ് ബാ​ഹുലിന്റേത്. ബാഹുലിന്റെ കഥ എപ്പോൾ വായിച്ചാലും ഞാനതിന്റെ ഉള്ളിലാകും.

Eko

വേറെ ആളുകളുടെ സ്ക്രിപ്റ്റ് വായിക്കുമ്പോഴൊന്നും എനിക്ക് അങ്ങനെ സംഭവിക്കാറില്ല. ബാഹുലിന്റെ കഥകൾ എന്നെ എപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. പിടിച്ചിരുത്തുന്ന രീതിയിലുള്ള സാധനങ്ങളും രസകരമായ സംഭവങ്ങളുമൊക്കെ ബാഹുലിന്റെ പ്രത്യേകതയാണ്.

ഇപ്പോഴത്തെ കാലത്തിന് അനുസരിച്ചുള്ള കഥകളും എഴുത്ത് പാറ്റേണുമാണ് അദ്ദേഹത്തിന്റേത്. ഒരു കാലഘട്ടം വരെ എല്ലാം സ്പൂൺ ഫീഡ് ചെയ്ത് അല്ലെങ്കിൽ ലീനിയർ ആയിട്ടുള്ള കഥകളായിരുന്നു വന്നു കൊണ്ടിരുന്നത്. പക്ഷേ അതല്ലാതെ നോൺ ലീനിയർ ആയിട്ടുള്ള കഥകളും അതുപോലെ കാണുന്നവർക്ക് ചിന്തിക്കാനുള്ള സ്പെയ്സ് കൊടുത്തിട്ടായിരിക്കും അദ്ദേഹം കഥകളെഴുതുന്നത്. അതെല്ലാം എനിക്ക് വളരെ പ്രചോദനമാണ്. ഒരു സംവിധായകന് അങ്ങനെയൊരു എഴുത്തുകാരനെ കിട്ടുക, അത് നല്ല രീതിയിൽ എടുത്ത് ഫലിപ്പിക്കാൻ പറ്റുക എന്നതൊക്കെ ഒരു ഭാ​ഗ്യമാണ്.

എഴുത്തുകാരൻ എപ്പോഴും സ്വതന്ത്രനായിരിക്കും. ഭാവനയിലൂടെ മറ്റൊരു ലോകം തന്നെ അവർക്ക് സൃഷ്ടിക്കാം. പക്ഷേ സംവിധായകന് അത് പറ്റണമെന്നില്ല. ആശയപരമായി അഭിപ്രായ വ്യത്യാസങ്ങൾ സംഭവിക്കാറുണ്ടോ ?

എഴുത്തുകാരന്റെ ഭാവന പല രീതിയിൽ ഉണ്ടാകാം, പക്ഷേ അത് ചേർന്ന് പോകുന്നത് നമ്മുടെ കമ്മ്യൂണിക്കേഷൻ കൊണ്ടാണ്. ബാഹുൽ എനിക്ക് കഥയും സാഹചര്യങ്ങളുമൊക്കെ വിശദീകരിച്ചു തരുമ്പോൾ അത് എനിക്കും ഓക്കെയാണ്. ചില കാര്യങ്ങൾ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പറയും. ഇതെല്ലാം ഒരു ​ഗിവ് ആൻഡ് ടേക്ക് ആണ്. രണ്ടു പേർക്കുമിടയിൽ ഈ​ഗോയൊന്നുമില്ലാതെ പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രമെടുത്ത് മുന്നോട്ട് പോകുന്നു.

Eko

തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്ന എഴുത്തുകാരെയും സംവിധായകരെക്കുറിച്ചുമൊക്കെ ഞാൻ കേട്ടിട്ടുണ്ട്. രണ്ട് പേരുടെയും വിഷ്വൽ രണ്ടാകുമ്പോഴാണ് അങ്ങനെയൊക്കെ സംഭവിക്കുന്നത്. നമ്മൾ ഒരേ വേവ് ലെങ്തിൽ ഒരേ ചിന്തയിൽ പോകുന്നതു കൊണ്ട് അത്തരം ടെൻഷനൊന്നും ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ എന്റെ അഭിപ്രായം ഇതാണ് അങ്ങനെ തന്നെ പോകണം എന്ന് പറയും. അത് പിന്നെ ടീമുമായി ചർച്ച ചെയ്യും. ഏത് അഭിപ്രായത്തോടാണ് കൂടുതൽ ആളുകളും സപ്പോട്ട് ചെയ്യുന്നത് എന്ന് നോക്കും. ചില സീനുകളൊക്കെ അങ്ങനെ മാറ്റിയിട്ടുണ്ട്. അതൊക്കെ പോസിറ്റീവായി എടുത്ത് നമ്മൾ മുന്നോട്ടു പോകുന്നു.

എക്കോയുടെ നെടുംതൂൺ ആണ് കുര്യച്ചൻ. മലയാളി പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്ത മുഖമായിരുന്നു ആ കഥാപാത്രത്തിന്റേത്. സൗരഭ് സച്ച്ദേവയുടെ കാസ്റ്റിങ് ?

മലയാള സിനിമകളിലൊക്കെ നമ്മൾ കാണാറില്ലേ, ഒരു നോർത്ത് ഇന്ത്യൻ ആക്ടർ വരുമ്പോൾ പെട്ടെന്നൊരു ഫ്രഷ്നെസ് ഉണ്ടാകും. ഒരു സീനിലൊക്കെ അങ്ങനെയുള്ള ആളുകൾ വരുമ്പോൾ വലിയൊരു മാറ്റമായിരിക്കും സംഭവിക്കുന്നത്. നമ്മുടെ തന്നെ റീജിയണൽ ആക്ടേഴ്സിനെ കൊണ്ടുവന്നാൽ ചിലപ്പോൾ ആ ഫ്രഷ്നസ് ഉണ്ടായി എന്നു വരില്ല. പ്രത്യേകിച്ച് അത്രയും സുപ്രധാനമായ കഥാപാത്രങ്ങളാകുമ്പോൾ.

Eko

അങ്ങനെയൊരു തോന്നലിലാണ് ആ കഥാപാത്രത്തിന് മലയാളത്തിൽ നിന്ന് ആരും വേണ്ട എന്ന് തീരുമാനിച്ചത്. തമിഴ് താരങ്ങളെ നോക്കിയാലോ എന്ന് ചിന്തിച്ചു, അവിടെയും നമുക്ക് പരിചയമുള്ള മുഖങ്ങളാണ്. അധികം പരിചിതമല്ലാത്ത, രണ്ട് കാലഘട്ടമാണല്ലോ കാണിക്കുന്നത് അപ്പോൾ ആ പ്രായം തമ്മിൽ മാച്ച് ആകണം, പിന്നെ ബോഡി ലാങ്വേജ്, ലുക്ക് അതെല്ലാം വച്ച് കുറച്ച് താരങ്ങളെ ലിസ്റ്റ് ചെയ്തു. അതിൽ സൗരഭും ഉണ്ടായിരുന്നു.

കുര്യച്ചൻ എന്ന് പറയുമ്പോൾ നമുക്ക് തോന്നണം അത് കുര്യച്ചനാണെന്ന്. അങ്ങനെയാണ് സൗരഭിലേക്ക് എത്തുന്നത്. എന്തോ ഭാ​ഗ്യത്തിന് എല്ലാ കാര്യങ്ങളും ഒത്തുവന്നു. ഈ കഥ കേട്ടിട്ട് എല്ലാവരും അമ്പരന്നു പോയി. ആർട്ടിസ്റ്റുകൾക്കുള്ള ആ ഇഷ്ടം ഈ സിനിമ ചെയ്യാൻ വളരെയധികം ​സഹായിച്ചു എന്ന് പറയാം.

എക്കോ എന്ന പേര് തന്നെ പെട്ടെന്ന് നമ്മുടെ ശ്രദ്ധയിൽ പെടുന്ന ഒന്നാണ്. ഇങ്ങനെയൊരു പേരിടാൻ കാരണമെന്താണ് ?

പ്രതിധ്വനി തന്നെയാണ് എക്കോ എന്ന് പറഞ്ഞാൽ. പിന്നീട് നോക്കിയപ്പോഴാണ് അതിന് ഒരുപാട് അർഥങ്ങൾ ഉണ്ടെന്ന് മനസിലാകുന്നത്. ചില ഭാഷയിൽ ന്യൂ ബോൺ, ചിലതിൽ സ്ട്രോങ്, ഏക അങ്ങനെ കുറേ അർഥങ്ങളുണ്ട്. ഇതെല്ലാം നോക്കിയപ്പോഴും നമ്മുടെ സിനിമയുമായി റിലേറ്റ് ചെയ്യുന്ന അർഥങ്ങളാണ്.

റിലീസ് കഴിഞ്ഞ് എല്ലാവരും പറഞ്ഞു, ഈ സിനിമയ്ക്ക് പറ്റിയ കറക്ട് പേരാണ് എക്കോ എന്ന്. പക്ഷേ ഞങ്ങൾക്ക് പേരിടുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നു, കാരണം ഇതൊരു ഇം​ഗ്ലീഷ് വാക്കാണല്ലോ. ആദ്യം ആൾക്കാരൊക്കെ പറഞ്ഞിരുന്നു, ഇം​ഗ്ലീഷ് ടൈറ്റിൽ കണ്ടാൽ ആരും വരില്ല എന്നൊക്കെ. പക്ഷേ അതൊന്നും സിനിമയെ ബാധിച്ചിട്ടില്ല. അത്രത്തോളം ആ പേര് സിനിമയോട് ചേർന്ന് നിന്നു.

Eko

മോഹൻ പോത്തനായി വിനീത് തന്നെയായിരുന്നോ ആദ്യം?

വിനീതേട്ടൻ ലെ‍ജൻഡ് അല്ലേ, ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നതാണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ് വിനീതേട്ടന്റെ സിനിമകളൊക്കെ. വിനീതേട്ടൻ ശരിക്കും കിഷ്കിന്ധാ കാണ്ഡത്തിൽ വരേണ്ടതായിരുന്നു. ആ സമയത്ത് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് നടന്നില്ല. ഇതിൽ എന്തായാലും വിനീതേട്ടന് ഒരു വേഷം കൊടുക്കണമെന്ന് മനസിലുണ്ടായിരുന്നു. പിന്നെ കഥ കേട്ടപ്പോൾ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞു, അതും ഒരു ഭാ​ഗ്യമാണ്.

മ്ലാത്തി ചേട്ടത്തിയുടെ ലൈഫ് തന്നെ ആ ശബ്ദമായിരുന്നു. കെപിഎസ്‍സി ലീലയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. എങ്ങനെയായിരുന്നു ആ പ്രോസ്സ് ?

മ്ലാത്തി ചേട്ടത്തിക്ക് വേണ്ടി കുറച്ചു പേരെ സൗണ്ട് ടെസ്റ്റ് ചെയ്തിരുന്നു. പക്ഷേ അതിലൊന്നും തൃപ്തി വന്നില്ല. പിന്നീടെപ്പോഴോ ലീലാമ്മയെ കുറിച്ച് ആരോ സംസാരിച്ചപ്പോൾ എന്നാ പിന്നെ അത് നോക്കാം എന്ന് തീരുമാനിച്ചു. ലീലാമ്മയെ വോയ്സ് ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ കറക്ടായിരുന്നു.

Eko

അവരുടെ ശബ്ദം കുറച്ച് വ്യത്യസ്തമായി തോന്നിക്കുന്നതാണല്ലോ. അത് കറക്ടായി മ്ലാത്തി ചേട്ടത്തിക്ക് വർക്കായി. ലീലാമ്മയുടെ ശബ്ദം വന്ന് കഴിഞ്ഞപ്പോൾ മ്ലാത്തി ചേട്ടത്തിയുടെ കാരക്ടർ തന്നെ വേറൊന്നായി മാറി. ആ ഡബ്ബിങിന് കുറച്ചു സമയമെടുത്തു. കുറച്ച് ഡീറ്റെയ്ൽ ആയി ചെയ്യേണ്ടതാണല്ലോ. പിന്നെ ലീലാമ്മ കുറച്ച് പ്രായമുള്ള ആളു കൂടിയാണല്ലോ. അവർ, ഒരുപാട് പണിയെടുത്തു, അവരെ കുറേ കഷ്ടപ്പെടുത്തി എന്നതാണ് വാസ്തവം, ലീലാമ്മ ശരിക്കും മടുത്തു പോയി. കുറച്ച് സമയമെടുത്തെങ്കിലും ഫൈനൽ റിസൽറ്റ് നന്നായി.

നായകളുടെ സിനിമകൾ പൊതുവേ നമുക്കൊരു ഇമോഷണൽ ഫീലിങ്സ് തരാറുണ്ട്. ഈ സിനിമയിൽ കുറേ നായകളുണ്ട്, പക്ഷേ അവരത്ര സോഫ്റ്റും അല്ല. നായകളുടെ കണ്ടെത്തലൊക്കെ എങ്ങനെയായിരുന്നു ?

ശരിക്കും അത് മലേഷ്യൻ ബ്രീഡ് ഒന്നുമല്ല, ഇവിടുത്തെ നായ്ക്കൾ തന്നെയാണ്. ട്രെയ്‌നർ ജിജേഷിന്റെ കഴിവാണ് അവരുടെ പെർഫോമൻസ്. അദ്ദേഹത്തിന്റെ ട്രെയ്നിങ്ങിന്റെ ​ഗുണമാണ് നിങ്ങൾ സ്ക്രീനിൽ കണ്ടത്. ഒരു പ്രത്യേക കളറിലുള്ള നായകൾ തന്നെ വേണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഇവരെ കാണുമ്പോൾ നമുക്കൊരു ബ്രീഡ് ആണെന്ന് തോന്നിക്കണം.

ഇവിടെയെക്കെയുള്ള ഒരു ബ്രീഡിനെ കണ്ടു, അത് ഓക്കെയായി. പക്ഷേ ഒരേ കളറിലുള്ള നായ്ക്കളെ കിട്ടുമോ എന്നതായിരുന്നു അടുത്ത ചോദ്യം. ജിജേഷ് തന്നെയാണ് അവരെ കണ്ടെത്തുന്നതും. പിന്നെ അവിടേക്ക് ഒരാളെ അയക്കുകയും ഏകദേശം നാല്പതോളം നായകളെ സെലക്ട് ചെയ്തു. എന്നിട്ട് ജിജേഷിനെ അവിടേക്ക് കൊണ്ടുപോയി, അതിൽ നിന്ന് പത്ത് പേരെ തെരഞ്ഞെടുത്തു.

Eko

ഈ നായ്ക്കളെ ട്രെയിൻ ചെയ്യിപ്പിക്കുന്നതിനും സമയമുണ്ടായിരുന്നു. കാരണം ഇവരെ ഒരു പ്രത്യേക പ്രായത്തിനുള്ളിൽ തന്നെ ട്രെയിൻ ചെയ്യിപ്പിക്കണം. നമ്മളോട് വളരെ അടുപ്പം കാണിക്കുന്ന നായകളായിരുന്നു ..അവർ ആരെയും കടിക്കുകയോ ഉപദ്രവിക്കുകയോ ഒന്നും ചെയ്തില്ല. പക്ഷേ, എല്ലാവരും കൂടി ചേരുമ്പോൾ. അവർക്കുള്ളിൽ ഭയങ്കര പ്രശ്നങ്ങളുണ്ടായിരുന്നു,

ചില ദിവസങ്ങളിൽ ഈ നായകളിൽ ആരെങ്കിലുമൊക്കെ ഓടി പോകും. ഒരു ദിവസം ഒരെണ്ണത്തിനെ കാണാതായി. പിന്നെ പിറ്റേ ദിവസം അത് തിരിച്ചു വന്നു. അങ്ങനെ ചെറിയ ചില പ്രശ്നങ്ങളുണ്ടായി. പക്ഷേ ജിജേഷ് ഇവർക്ക് കുറേ ആക്ടിവിറ്റികളൊക്കെ പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. രണ്ട് പേരെ വീതമാണ് പഠിപ്പിക്കുന്നത്, ഒരെണ്ണം ചെയ്തില്ലെങ്കിൽ മറ്റേത് ചെയ്യും. ഷൂട്ടിങ്ങും അങ്ങനെയായിരുന്നു. പിന്നെ വന്ന ഒരു പ്രശ്നം ഇവർ പെട്ടെന്ന് ക്ഷീണിക്കും. രണ്ട് മൂന്ന് ഷോട്ട് എടുക്കുമ്പോൾ തന്നെ ഇവർ ക്ഷീണിക്കും. അപ്പോൾ നമ്മൾ രണ്ടാമത്തെ നായയെ ഉപയോ​ഗിക്കും. അങ്ങനെയാണ് നായകളുടെ സീനൊക്കെ ഷൂട്ട് ചെയ്തത്.

മലേഷ്യയുള്ള സിം ഷി ഫെയ് എന്ന മോഡലിനെ നായികയായി കൊണ്ടുവരുന്നു. ഇതൊക്കെ എങ്ങനെയാണ് സാധിച്ചത് ?

മലായ് പെൺകുട്ടിക്ക് വേണ്ടിയുള്ള ഓഡിഷൻ നടത്തിയത് ഓൺലൈനിലൂടെയായിരുന്നു. ആ കാസ്റ്റിങ്ങിന്റെ കാര്യത്തിൽ കുറച്ച് ടെൻഷനായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു ആ കാസ്റ്റിങ് നടത്തുന്നത്. ഒന്നാമതായി ലുക്ക് വേണം, പിന്നെ അഭിനയിക്കാൻ അറിയണം. ഇതൊക്കെ നോക്കിയിട്ട് അഭിനയിക്കാൻ അറിയുന്ന ഒരാളെ കിട്ടുന്നില്ല. അവസാനം ലുക്ക് വച്ച് ഒരാളെ കിട്ടിയപ്പോൾ ഓക്കെ പറഞ്ഞു.

Eko

പക്ഷേ ഞങ്ങൾ അന്ന് വലിയ റിസ്കാണ് എടുത്തത്. ഷൂട്ട് തുടങ്ങുന്നതിന് മുൻപ് ഇവരുടെ വിസയും കാര്യങ്ങളുമൊക്കെ ശരിയാക്കി, എല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ട് നടന്ന കലാപരിപാടികൾ ആയിരുന്നു. ഈ പെൺകുട്ടി ഇവിടെ വന്നതിന് ശേഷമാണ് ഇതിന്റെ റിസ്ക്കിനെ പറ്റി ആലോചിക്കുന്നത്. ഈ പെൺകുട്ടി ശരിക്ക് അഭിനയിക്കുമോ എന്നൊക്കെയുള്ള കാര്യങ്ങൾ ചിന്തിക്കുന്നത് അപ്പോഴാണ്.

കാരണം ആ കുട്ടി അതുവരെ മോഡലിങ് മാത്രമാണ് ചെയ്തിട്ടുള്ളത്. പക്ഷേ ഇവിടെ വന്നപ്പോൾ നമ്മൾ പറഞ്ഞു കൊടുത്ത കാര്യങ്ങളെല്ലാം കറക്ട് ആയി ചെയ്തു. അതുപോലെ യോസിയാന്റെ കഥാപാത്രം ചെയ്ത നടനും അസാധ്യ നടനാണ്. നമ്മൾ പല ഡയലോ​ഗുകൾ കൊടുത്തപ്പോൾ ഒരു ടെൻഷനുമില്ലാതെ വളരെ പെട്ടെന്ന് ചെയ്തു. ചില കാര്യങ്ങളിൽ‌ അനു​ഗ്രഹം ഉണ്ടാകുമെന്നൊക്കെ പറയില്ലേ. ‌‌

താങ്കളുടെ സിനിമകളിലെല്ലാം ജിയോ​ഗ്രഫിക്ക് പ്രത്യേക സ്ഥാനമുണ്ട്. യാത്രികൻ ആണോ ?

യാത്ര ചെയ്യാൻ എനിക്ക് വലിയ ഇഷ്ടമാണ്. തനിച്ച് പോകുന്നതിനോട് വലിയ താൽപ്പര്യമില്ല. എപ്പോഴും ഒരു ​ഗ്രൂപ്പിന്റെ കൂടെ സഞ്ചരിക്കാനും ട്രക്കിങ്ങിന് പോകാനുമൊക്കെ എനിക്ക് ഇഷ്ടമാണ്. ഇങ്ങനെ യാത്ര ചെയ്യുമ്പോൾ ചില ലൊക്കേഷനൊക്കെ നോക്കി വയ്ക്കും. ചില വീടുകളൊക്കെ കാണുമ്പോൾ ഫോട്ടോ എടുത്ത് വയ്ക്കും.

Dinjith

പിന്നീട് ആവശ്യം വരുമ്പോൾ ഈ ഫോട്ടോ എടുത്ത് നോക്കും. എനിക്ക് തോന്നുന്നു മിക്ക സംവിധായകരും ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്ന്. പിന്നെ മെയിൻ ആയിട്ട് ലൊക്കേഷൻ ഹണ്ടിന്റെ സമയത്ത്, നമ്മൾ അവിടെയുള്ള ഫുൾ ഏരിയ കവർ ചെയ്യും. ഒന്നും വെറുതെ വിടില്ല. ഒരു സ്ഥലത്ത് എത്തിയാൽ മാക്സിമം ചുറ്റി കണ്ടിട്ടേ അവിടുന്ന് വിടുകയുള്ളൂ. ഈ സിനിമയ്ക്ക് വേണ്ടി പശ്ചിമഘട്ടം മുഴുവൻ ഒരുവിധം തപ്പിയിരുന്നു.

പ്രകൃതിയും എക്കോയിലൊരു കഥാപാത്രമാണ്. എന്തെങ്കിലും വെല്ലുവിളികൾ നേരിടേണ്ടി വന്നോ ?

വെയിലത്തായിരുന്നു ശരിക്കും ഷൂട്ട് പ്ലാൻ ചെയ്തിരുന്നത്. പക്ഷേ ഒരു ഘട്ടത്തിൽ നമുക്ക് ചെറിയ രീതിയിൽ ഡിലേ ആയി. അപ്പോഴേക്കും മഴ തുടങ്ങി. പിന്നെ ഇപ്പോൾ സിനിമയിൽ കാണുന്ന രീതിയിൽ അവിടെ ഫുൾ പച്ചപ്പൊക്കെ ആയി. അത് ശരിക്കും പ്രകൃതി അനു​ഗ്രഹിച്ചതു പോലെയാണ്. അങ്ങനെ ആലോചിച്ചിട്ടില്ലായിരുന്നു. പക്ഷേ അങ്ങനെ വന്നു ചേർന്നു. അത് അതിമനോഹരമായി മാറി.

Eko

പ്രതികൂല കാലവസ്ഥകളുണ്ടായിരുന്നപ്പോൾ പോലും ക്രൂ ഫുൾ നമുക്കൊപ്പം നിന്നു. ഈ സിനിമയോടും കഥയോടുമുള്ള ആർട്ടിസ്റ്റുകളുടെ ഇഷ്ടം നമുക്ക് എല്ലായിടത്തും കാണാൻ പറ്റും. ശരിക്ക് പറഞ്ഞാൽ കിഷ്കിന്ധാ കാണ്ഡവും ​ഗുണമായി മാറി. കിഷ്കിന്ധാ കാണ്ഡത്തിന്റെ മേക്കേഴ്സ് എന്നൊരു ബഹുമാനം എല്ലാവരിൽ നിന്നും കിട്ടുന്നുണ്ടായിരുന്നു. നമ്മൾ സീരിയസായിട്ടുള്ള ഫിലിം മേക്കേഴ്സ് ആണ് എന്നൊരു തോന്നലുണ്ടായിരുന്നു അവർക്ക്. അവരും അതുകൊണ്ട് നമുക്കൊപ്പം നിൽക്കുകയായിരുന്നു.

പശ്ചാത്തല സം​ഗീതത്തിനും സിനിമയിൽ വളരെ പ്രാധാന്യമുണ്ട്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം വീണ്ടും മുജീബ് മജീദിനൊപ്പം ?

കിഷ്കിന്ധാ കാണ്ഡത്തിന്റെ സമയത്ത് മുജീബിന് നമ്മൾ റഫറൻസ് കൊടുത്തിരുന്നു. ഇതിൽ റഫറൻസ് ഒന്നും കൊടുത്തിട്ടില്ല. പുതുമയുള്ള ഒറിജിനൽ കംപോസിങ് വേണമെന്ന രീതിയിൽ തന്നെയാണ് എക്കോയ്ക്ക് വേണ്ടി നമ്മൾ മുജീബിനെ സമീപിക്കുന്നത്. അത് നല്ല രീതിയിൽ വർക്കാവുകയും ചെയ്തു.

മ്യൂസിക്കലി നോക്കുകയാണെങ്കിലും ഈ സിനിമയുടെ പാറ്റേൺ കുറച്ച് വ്യത്യസ്തമാണ്. കിഷ്കിന്ധാ കാണ്ഡം പോലെയല്ല. എവി‍ടെയും നിൽക്കാതെ തുടർന്നു കൊണ്ടിരിക്കുന്ന രീതിയിലാണ് മ്യൂസിക് ചെയ്തിരിക്കുന്നത്. പിന്നെ ടെക്നീഷ്യൻസിന്റെ ഒന്നും കാര്യത്തിൽ നമുക്ക് യാതൊരു ടെൻഷനുമില്ല. പിന്നെ ടെക്നീഷ്യൻസിന്റെ ഒന്നും കാര്യത്തിൽ നമുക്ക് യാതൊരു ടെൻഷനുമുണ്ടായിരുന്നില്ല. ചെറിയ ചെറിയ കറക്ഷൻസ് പറഞ്ഞു കൊടുത്താൽ മാത്രം മതി.

Eko

മലയാളികൾ ഇപ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് സന്ദീപിന്റെ പെർഫോമൻസിനേക്കുറിച്ചാണ്. സന്ദീപിനെക്കുറിച്ച് ?

എല്ലാം കൊണ്ടും നമുക്ക് പോസിറ്റീവായിരുന്നു സന്ദീപ്. നല്ലൊരു ടാലന്റഡ് ആർട്ടിസ്റ്റാണ്. ഇപ്പോഴത്തെ യുവതാരങ്ങളെ വച്ചു നോക്കുമ്പോൾ നമ്മൾ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ വളരെ പെട്ടെന്ന് അഡാപ്റ്റ് ചെയ്യുന്ന ആർട്ടിസ്റ്റ് കൂടിയാണ്. സന്ദീപ് നല്ല ഉയരങ്ങളിലെത്തും. എക്കോയിലൂടെ വേറൊരു ഹീറോ പരിവേഷം സന്ദീപിന് വന്നിട്ടുണ്ടെന്നാണ് വിശ്വാസം. പടക്കളം വന്നതും നമുക്കൊരു ടേണിങ് പോയിന്റായിരുന്നു.

എക്കോ തീരുമ്പോൾ നിരവധി ചോദ്യങ്ങളും സംശയങ്ങളുമൊക്കെ നമ്മുടെ മനസിൽ ബാക്കി നിൽക്കും. ഒരു രണ്ടാം ഭാ​ഗം ഉണ്ടാകുമോ ?

ഒരിക്കലും സെക്കൻഡ് പാർട്ടിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അതിൽ ഒരു താൽപ്പര്യവും ഇല്ല.

മറ്റു ഴോണറുകൾ പോലെ അത്ര എളുപ്പമല്ല ത്രില്ലർ ചെയ്യാൻ. ആദ്യം മുതൽ അവസാനം വരെ ഒരു ആകാംക്ഷ നിലനിർത്തണം. ബോധപൂർവ്വം അത്തരം എലമെന്റ് കൊണ്ടുവരാറുണ്ടോ ?

ബാഹുലിന്റെ എഴുത്തിൽ എപ്പോഴും ഒരു ചോദ്യമുണ്ടാകും. അടുത്തതിലേക്ക് കണക്ട് ചെയ്യാനുള്ള ഒരു ഡോട്ടായി ആ ചോദ്യം അവിടെ വെക്കും. ആ ചോദ്യത്തിന് ഉത്തരം കിട്ടുക ചിലപ്പോൾ രണ്ട് സീനുകൾ കഴിഞ്ഞിട്ടാകും. ഇങ്ങനെയുള്ള ഡോട്ട് കണ്കട് ചെയ്താണ് അദ്ദേഹത്തിന്റെ എഴുത്ത് പോകുന്നത്. ചിലപ്പോൾ ആ ചോദ്യത്തിനുള്ള ഉത്തരം നമ്മൾ ഉദ്ദേശിക്കുന്ന ആളിൽ നിന്നായിരിക്കില്ല കിട്ടുക, വേറൊരാളിൽ നിന്നായിരിക്കും.

Eko

അങ്ങനെ ഒരു ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിട്ട് ആയിരിക്കും അടുത്ത സീനിലേക്ക് പോവുക. ബാഹുലിന്റെ ഒരു എഴുത്തിന്റെ പാറ്റേൺ തന്നെ ഇങ്ങനെയാണ്.അല്ലാതെ ഒരു ത്രില്ലർ അന്തരീക്ഷം സെറ്റ് ചെയ്യാനായി മനഃപൂർവം നമ്മളൊന്നും ചെയ്യാറില്ല.

മലയാള സിനിമാ പ്രേക്ഷകർ മാറി കൊണ്ടിരിക്കുകയാണിപ്പോൾ. അതോടൊപ്പം സിനിമയും

മലയാളികൾക്കിടയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് മാറ്റം വന്നിട്ടുണ്ട്. കോവി‍ഡിന് ശേഷമുണ്ടായ മാറ്റമാണത്. കോവിഡിന്റെ സമയത്ത് നമുക്ക് ജോലിയുമില്ലായിരുന്നല്ലോ. എന്റർടെയ്ൻമെന്റായിട്ട് ഒന്നും വരുന്നില്ല. ആ സമയത്ത് പഴയ സിനിമകളും അതുപോലെ കിട്ടുന്ന സിനിമകൾ കാണുക എന്നല്ലാതെ വേറെ വഴിയൊന്നുമില്ല. അപ്പോഴാണ് സാധാരണ സിനിമാ പ്രേക്ഷകർ പോലും ഇതാണ് സിനിമയെന്ന് മനസിലാക്കി തുടങ്ങുന്നത്.

കൊമേഴ്സ്യൽ സിനിമ മാത്രമല്ല, കലാമൂല്യമുള്ള സിനിമകൾ കൂടുതൽ പേർ കാണുന്നത് അപ്പോഴാണ്. അത് ഒരു വലിയ മാറ്റമാണ്. പഠിക്കുന്ന സമയത്താണ് ഞാൻ ലോക സിനിമകളും വിദേശ സിനിമകളുമൊക്കെ കാണാൻ തുടങ്ങിയത്. ഇതൊക്കെ കണ്ടു തുടങ്ങുമ്പോൾ നമുക്കുണ്ടാകുന്ന ഒരു മാറ്റമുണ്ടല്ലോ. നമ്മുടെ കാഴ്ചപ്പാടിന്റെ മാറ്റം എന്നതുപോലെ തന്നെ നമ്മുടെയുള്ളിൽ ഒരു ക്വാളിറ്റി കൂടി ഉണ്ടായി വരും.

അങ്ങനെ നമ്മുടെ കാഴ്ചപ്പാട് ആകെ മൊത്തം മാറും. ഹിന്ദി സിനിമകൾക്കൊക്കെ അപ്പുറം ഈ ലോക സിനിമകളൊക്കെ കണ്ട ശേഷം ആണ് ശരിക്കും നമുക്ക് തിരിച്ചറിവുണ്ടാകുന്നത്. അപ്പോഴാണ് നമ്മൾ നമ്മുടെ സിനിമകൾ കാഴ്ചവയ്ക്കുന്നത്. അവർ നമ്മളെക്കാൾ മുകളിൽ എത്തിയിരിക്കുന്നു. അപ്പോൾ ചെയ്യാൻ പറ്റുന്ന കാര്യം ഒപ്പത്തിനൊപ്പം പിടിക്കുക എന്നുള്ളതാണ്.

പിന്നെ ജനറേഷന്റെ ഒരു വ്യത്യാസമുണ്ട്. എന്റെ മകനിപ്പോൾ ഡി​ഗ്രിക്ക് പഠിക്കുകയാണ്, അവനെപ്പോലെ വലിയൊരു വിഭാ​ഗം ഒരു വശത്തുണ്ട്. ആ വിഭാ​ഗത്തിനെയാണ് നമ്മളിനി സിനിമ കാണിക്കേണ്ടത്. അവരുടെ ചിന്തകളൊക്കെ വേറെ ലെവൽ ആണ്. അവരുടെ ഐക്യു എന്നൊക്കെ പറഞ്ഞാൽ നമുക്ക് പിടിച്ച് നിൽക്കാൻ പോലും കഴിയില്ല. പഴയ കാലത്തെ ഒരു വിഭാ​ഗം തീർന്നു, എഴുപതുകളിലെ ആളുകളെല്ലാം കഴിഞ്ഞു.

അപ്പോൾ നമ്മൾ അത്രയും ക്വാളിറ്റിയുള്ള സിനിമകൾ കൊടുത്തിട്ടേ കാര്യമുള്ളൂ. ഒരു സംവിധായകൻ എന്ന നിലയിൽ എന്നെപ്പോലെയുള്ളവരുടെ ചലഞ്ച് എന്ന് പറയുന്നത് എത്രത്തോളം നമ്മളെ അപ്ഡേറ്റ് ചെയ്യാൻ പറ്റും എന്നതാണ്. ഐ വി ശശിയൊക്കെ അന്ന് നൂറ് പടങ്ങൾ ചെയ്തതു പോലെ ഇപ്പോഴത്തെ ജനറേഷനിൽപ്പെട്ടവർക്ക് അത്രത്തോളം ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

ചെയ്യുന്ന പടങ്ങൾ ഏറ്റവും മികച്ച ക്വാളിറ്റിയിൽ ചെയ്യുക എന്നേയുള്ളൂ. ചെയ്യുകയാണെങ്കിൽ നല്ല സിനിമ ചെയ്യുക, ഇല്ലെങ്കിൽ വേണ്ട എന്നൊരു രീതിയാണ് എന്റേത്. പൈസയ്ക്ക് വേണ്ടിയിട്ടോ അല്ലെങ്കിൽ പ്രശസ്തിക്ക് വേണ്ടിയിട്ടോ ഞാനൊരു പടം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.

Eko

എന്തുകൊണ്ടും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹതയുള്ള സിനിമയായിരുന്നു കിഷ്കിന്ധാ കാണ്ഡം. കിട്ടാതെ പോയതിൽ വിഷമമുണ്ടോ ?

കിഷ്കിന്ധാ കാണ്ഡത്തിന് അവാർഡ് കിട്ടാതെ പോയതിൽ വിഷമമുണ്ട്. കാരണം നമ്മുടെ സ്ക്രിപ്റ്റിന് കിട്ടണമെന്ന് ആ​ഗ്രഹിച്ചിരുന്നു. ബാഹുലിന് കിട്ടും എന്ന് തന്നെയായിരുന്നു എന്റെ മനസിൽ. അത് കിട്ടാതെ വന്നപ്പോൾ എനിക്ക് വല്ലാതെ സങ്കടമായി. പിന്നെ കുട്ടേട്ടന് (വിജയരാഘവൻ) അവാർഡ് കിട്ടാത്തതിലും വിഷമമുണ്ട്.

കഥയ്ക്കും കാഴ്ചയ്ക്കുമപ്പുറം സിനിമ ഒരു അനുഭവം കൂടിയാണ്. കണ്ടിട്ടുള്ളതിൽ ഏറ്റവും കൂടുതൽ അതിശയിപ്പിച്ച സിനിമ ഏതാണ് ?

ദ് പെർസ്യുട്ട് ഓഫ് ഹാപ്പിനസ് എന്ന സിനിമ, മലയാളത്തിലാണെങ്കിൽ തന്മാത്ര, പിന്നെ കമൽ ഹാസന്റെ നായകൻ. എനിക്ക് എല്ലാ ഴോണറുകളും ഇഷ്ടമാണ്. പക്ഷേ ഇമോഷൻസ് ആണ് എന്നെ എപ്പോഴും ഇങ്ങനെ വേട്ടയാടി കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള സിനിമകളാണ് എന്നെ കൂടുതലും ഉള്ളിലേക്ക് വലിപ്പിക്കുന്നത്. ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്, ​ഗ്രേവ് ഓഫ് ദ് ഫയർഫ്ലൈസ് ഇങ്ങനെ കുറേ സിനിമകൾ ഇഷ്ടമാണ്. ഇമോഷൻസ് ഉള്ള സിനിമകൾ എന്റെ മനസിൽ എപ്പോഴും നിൽക്കും.

കക്ഷി അമ്മിണിപ്പിള്ള, കിഷ്കിന്ധാ കാണ്ഡം, എക്കോ. മൂന്ന് സിനിമകളും പ്രേക്ഷകർ ഏറ്റെടുത്തു. വിജയങ്ങളെ എങ്ങനെ കാണുന്നു ?

സന്തോഷമുണ്ട്, എന്തോ ഭാ​ഗ്യം, മൂന്നാമത്തെ സിനിമയും വിജയമാണ്. ഇനിയും നമ്മൾ ശ്രമിക്കും. നല്ല സിനിമകൾ ചെയ്യണം എന്നതാണ് എപ്പോഴും ആ​ഗ്രഹം. പ്രധാനമായിട്ടുള്ള പ്രശ്നമെന്താണെന്നുവച്ചാൽ നല്ല കഥകളെഴുതുന്ന എഴുത്തുകാരുടെ അഭാവമാണ്. നല്ല എഴുത്തുകാരില്ല ശരിക്കു പറഞ്ഞാൽ. ബാഹുലിനെയൊക്കെ പോലെയുള്ള, ഇപ്പോഴത്തെ കാലഘട്ടത്തിന് അനുസരിച്ചുള്ള നല്ല എഴുത്തുകാരെ നമുക്ക് കിട്ടുന്നില്ല സത്യം പറഞ്ഞാൽ. അതെങ്ങനെ നമ്മൾ പോസിറ്റീവ് ആക്കും എന്നാണ് നോക്കേണ്ടത്.

സംവിധായകൻ എന്നതിനപ്പുറം ഒരു ചിത്രകാരൻ കൂടിയാണ്. സിനിമയാണോ ചിത്രരചനയാണോ കൂടുതലിഷ്ടം ?

എനിക്ക് വരയ്ക്കാൻ ഇഷ്ടമാണ്. എന്നെ അറിയാവുന്ന ആളുകൾ പറയും, നിന്റെ അത്രയും നല്ലൊരു ടാലന്റ് നീ മിസ് ആക്കി കൊണ്ടിരിക്കുകയാണെന്ന്. വരയ്ക്കണം എന്നൊക്കെ പറയും. ഇപ്പോൾ പത്ത് വർഷത്തോളമായി ഞാനൊന്നും വരയ്ക്കാറില്ല. സിനിമയ്ക്ക് വേണ്ടി സ്റ്റോറി ബോർഡ് ചെയ്യുമെന്നല്ലാതെ പെയിന്റിങ് എന്ന രീതിയിൽ ഞാനൊന്നും ചെയ്യാറില്ല. പിന്നെ ഇതിനൊക്കെ മാനസികമായി കൂടി നമുക്കൊരു സമയം കിട്ടണമല്ലോ. ഇതുവരെ ഒരു സ്ട്ര​ഗിളിൽ ആയിരുന്നല്ലോ, എപ്പോഴും ഒരു അനിശ്ചിതത്വലായിരുന്നു ജീവിതം. പക്ഷേ ഇപ്പോൾ ഓക്കെയായി. ഇനിയുള്ള കാലം ചിലപ്പോൾ ഞാനൊരു ബ്രേക്ക് എടുത്തിട്ട് പെയിന്റിങ് ഒക്കെ ചെയ്യും.

Eko movie Director Dinjith Ayyathan exclusive interview.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗ കേസ്: രാഹുലിന് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു, ഉടന്‍ പുറത്തിറങ്ങി; ആര്‍ക്കും പരിക്കില്ല

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്, അറിയാം ചടങ്ങുകള്‍; ആലപ്പുഴയിലും തിരുവല്ലയിലും പ്രാദേശിക അവധി

ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അഭിപ്രായ വ്യത്യാസങ്ങള്‍ മാറും; ഈ ആഴ്ച ദാമ്പത്യം എങ്ങനെ

SCROLL FOR NEXT