മലയാള സിനിമയിലെ രാഷ്ട്രീയ മുഖങ്ങൾ 
News+

'അച്ഛന് പകരം ഹൈക്കമാൻഡിനെ കാണാൻ ഞാനാണ് പോകുന്നത്'; ളാഹേൽ വക്കച്ചൻ മുതൽ സ്റ്റീഫൻ നെടുമ്പള്ളിവരെ, മലയാള സിനിമയിലെ രാഷ്ട്രീയ മുഖങ്ങൾ

ഡ്രാമയുടെ ലാളിത്യത്തിലേക്കു രാഷ്ട്രീയ സിനിമകൾ കടന്ന കാലത്ത് രഞ്ജി പണിക്കരുടെ തൂലികയിൽ പിറന്ന കഥകൾ നായകത്വംകൊണ്ട് ത്രസിപ്പിക്കുന്ന ത്രില്ലറുകളായി.

ചന്ദ്ര സ്വസ്തി

രാഷ്ട്രീയ സിനിമകൾക്ക് വാണിജ്യപരമായും കലാപരമായും ചലനമുണ്ടാകാൻ സാധിച്ച മണ്ണാണ് മലയാള സിനിമയുടേത്. 'സ്‌റ്റേറ്റിന്റെ മുഴുവൻ പൊലീസിനെയും ചൂണ്ടുവിരലേൽ ഇട്ടു കറക്കുന്ന ഹോം മിനിസ്റ്റർ ളാഹേൽ വക്കച്ചൻ' മുതൽ അവസാന കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തെ താങ്ങിനിർത്തുന്ന സാമ്പത്തിക അധോലോകത്തിന്റെ കയ്യിലെ കളിപ്പാവയായിരുന്ന പി കെ രാംദാസ് എന്ന വൻമരം വരെ' മലയാള സിനിമ ആഘോഷമാക്കിയ രാഷ്ട്രീയക്കാർ ഏറെയാണ്. കാലത്തിനൊത്ത് ആ കോലങ്ങൾക്കും മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. കെ. ജി. ജോർജ് മുതൽ ജോൺ അബ്രഹാമും ടി. ദാമോദരനും പിന്നീടിങ്ങ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒരുക്കിയ രാഷ്ട്രീയക്കളങ്ങൾ ആശയങ്ങൾകൊണ്ടും അവതരണങ്ങൾകൊണ്ടും മെനഞ്ഞ വൈവിധ്യം വലുതാണ്. ഡ്രാമയുടെ ലാളിത്യത്തിലേക്കു രാഷ്ട്രീയ സിനിമകൾ കടന്ന കാലത്ത് രഞ്ജി പണിക്കരുടെ തൂലികയിൽ പിറന്ന കഥകൾ നായകത്വംകൊണ്ട് ത്രസിപ്പിക്കുന്ന ത്രില്ലറുകളായി. സിനിമകൾക്ക് രാഷ്ട്രീയത്തിൽ സ്വാധീനമേറുന്ന കാലത്തു വന്നതും വാണതുമായ കഥകൾക്കും കഥാപാത്രങ്ങൾക്കും പ്രാധാന്യമേറെയാണ്.

രഞ്ജി പണിക്കർ സിനിമകൾക്ക് ഒരു ഡ്രാമയുടെ ഇന്റൻസിറ്റിയും ത്രില്ലറിന്റെ ഊർജ്ജസ്വലത്തും മാത്രമായിരുന്നില്ല അതാതു കാലത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ സ്വാധീനം കൂടെയുണ്ടായിരുന്നു. ബ്യൂറോക്രാറ്റുകളുടെയും മാധ്യമപ്രവർത്തകരുടെയും സാധാരണമനുഷ്യരുടേയും ചെരുപ്പിൽനിന്നുകൊണ്ട് അയാളുടെ കഥകൾ രാഷ്ട്രീയക്കാരെ വരച്ചിട്ടു. ആ വരകളിലെ ശരിതെറ്റുകൾ കാലങ്ങൾക്കനുസരിച്ചു ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. അപ്പോഴും ഇരുപതാംനൂറ്റാണ്ടിന്റെ അവസാനദശകത്തിൽ തുടങ്ങിയിങ്ങോട്ട് ഷാജി കൈലാസിനും ജോഷിക്കുമൊപ്പം രഞ്ജി പണിക്കർ മെനഞ്ഞെടുത്ത മുഖങ്ങൾ ഒരു തലമുറയുടെ ഉള്ളിൽ പതിഞ്ഞത് അവരുടെ സ്വന്തം നേതാക്കളെന്നപോലെയാണ്. പ്രധാനമായും കരുണാകരൻ റെഫറൻസുകളിൽ ഒരുക്കുന്ന മുഖ്യമന്ത്രിമാർ അതിന്റെ സവിശേഷതയായിരുന്നു. 'തലപ്പാവിലും സ്ഥലത്തെ പ്രധാന പയ്യന്‍സിലും അവതരിപ്പിച്ച രാഷ്ട്രീയക്കാരായ കഥാപാത്രങ്ങൾക്ക് കരുണാകരന്റെ രീതികളുമായി സാദൃശ്യമുണ്ടെന്ന നിരൂപണങ്ങൾ അക്കാലത്തുണ്ടായിരുന്നു. എന്നാൽ മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ 'ദ കിങ്ങി'ലെ രാജൻ പി ദേവിന്റെ കഥാപാത്രത്തിന് കെ. കരുണാകരനുമായി നേരിട്ട് ബന്ധം കൽപ്പിക്കാൻ രഞ്ജി പണിക്കരുടെ എഴുത്ത് ശ്രമിച്ചിട്ടുണ്ട്.

നീന്തൽക്കുളത്തിൽ നിന്നും കുളികഴിഞ്ഞ് 'എന്റെ ഗുരുവായൂരപ്പാ' എന്ന് കൈകൂപ്പി തൊഴുതുകൊണ്ട് കയറിവരുന്ന ഗോവിന്ദ മേനോൻ ഒപ്പമുള്ള യുവനേതാവ് നാണപ്പനോടു പറയുന്ന ഡയലോഗ് ഇതാണ്: "ഇതുപോലെ എന്റെ കോണകം പിഴിഞ്ഞ് പിറകെനടന്നവന്മാര് പലരും ഇന്ന് കേന്ദ്രമന്ദ്രിമാരാ". നീന്തൽക്കുളവും ആ ഡയലോഗും കരുണാകരനെതിരെയുള്ള വിമർശമാണെന്ന് പ്രേക്ഷകർ എളുപ്പം ചേർത്തുവായിച്ചു. ക്ലിഫ് ഹൗസിൽ നീന്തൽക്കുളം നിർമിക്കുന്നത് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. അന്ന് സർക്കാർ ചെലവിൽ മുഖ്യമന്ത്രിക്കു കുളം കുത്തുന്നതിനെ ഇ. കെ. നായനാരടക്കമുള്ള പ്രതിപക്ഷം വിമർശിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. ഗോവിന്ദമേനോനെ കുളത്തിലിറക്കിയ രഞ്ജി പണിക്കർ തുടർന്നും കെ കരുണാകരനോടു കഥാപാത്രത്തെ അടുപ്പിക്കുന്നുണ്ട്. ഇതേ രംഗത്തേക്ക് പ്രവേശിക്കുന്ന മുരളിയുടെ വില്ലൻ വേഷം അമ്മാവനായ ഗോവിന്ദൻ മേനോനെ "ഗുരുവായൂര് നേദിച്ച കദളിപ്പഴം വേണോ അതോ ഒരൽപം നുണ കേൾക്കുന്നോ എന്ന് ചോദിച്ചാൽ, ആദ്യം നുണ പോരട്ടെ എന്ന് പറയുന്നതാണല്ലോ ശീലം" എന്ന് പരിഹസിക്കുന്നുണ്ട്. ഡയലോഗുകളിൽ ആക്ഷേപഹാസ്യത്തിന്റെ കുറുമ്പൊളിപ്പിച്ച അതേ തൂലിക, കാലങ്ങൾക്ക് ശേഷം ലീഡറുടെ ശവകുടീരത്തിൽ ഇതും കുറിച്ചിട്ടു - "ഈ നാടിന് എന്നും ഓർമ്മിക്കാൻ ഈടുവെയ്പുകൾ തന്ന ഭരണാധികാരി, കണ്ണന് കദളിക്കുല കാഴ്ചവെച്ചു തൊഴുതുനിൽക്കുമ്പോഴും കേരളത്തിന്റെ മതേതര രാഷ്ട്രീയ സ്വരൂപം, കോടാനുകോടി ജനമനസ്സുകളിൽ ലീഡർ എന്ന സ്‌നേഹ വിസ്മയം!".

പ്രജ എന്ന ചിത്രം അതിന്റെ നെടുനീളൻ, കടുകട്ടി ഡയലോഗുകൾകൊണ്ടും അതിലെ പൊളിറ്റിക്കൽ ഇൻഡിക്കേഷനുകൾകൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. മോഹൻലാലിനൊപ്പം രഞ്ജി പണിക്കർ ഒന്നിച്ച ചുരുക്കം ചിത്രങ്ങളിലൊന്ന്. മലയാള സിനിമയിലെ സീസൺഡ് പൊളിറ്റിഷ്യൻ സാക്ഷാൽ ളാഹേൽ വക്കച്ചനും സക്കീർ ഭായും നേർക്കുനേർ കോർത്ത ത്രില്ലിംഗ് ആക്ഷൻ ചിത്രം. കഴിഞ്ഞ പത്തുനാൽപ്പത്തഞ്ചു കൊല്ലക്കാലം കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിൽ കിടന്നു കറങ്ങിയതിന്റെ തഴമ്പാടാ വക്കച്ചന്റെ കയ്യില് എന്നുപറഞ്ഞു തുടങ്ങുന്ന വക്കച്ചന്റെ മോണോലോഗിൽ പ്രേക്ഷകരുടെ മനസ്സിലേക്ക് തെളിഞ്ഞു വരുന്ന മുഖത്തിനു കേരള രാഷ്ട്രീയത്തിലെ മുഖ്യശക്തികളിലൊരാളായിരുന്ന കെ. എം. മാണിയുമായി സാദൃശ്യമുണ്ടായിരുന്നു. എൻ. എഫ്. വർഗീസിന്റെ ഊറ്റംകൊള്ളിക്കുന്ന പ്രകടനത്തിൽ നെഗറ്റിവ് ഷെയിഡിലാണ് വക്കച്ചൻ തിളങ്ങിയത്. വക്കച്ചനെ പരിചയപ്പെടുത്തുമ്പോൾ തന്നെ മറ്റൊരു സ്ത്രീകഥാപാത്രത്തെയും രഞ്ജി പണിക്കർ അവതരിപ്പിക്കുന്നുണ്ട്. സ്ത്രീവിരുദ്ധമാണ് ആ അവതരണമെന്ന വിമർശനം പിന്നീടുണ്ടായിരുന്നു. ഗിരിജേടത്തി എന്ന കഥാപാത്രം കെ. കരുണാകരന്റെ മകളും ഇപ്പോൾ തൃശ്ശൂരിലെ ബി.ജെ.പി. സ്ഥാനാർത്ഥിയുമായ പദ്മജ വേണുഗോപാലുമായി സാദൃശ്യമുള്ളതാണെന്നും പിന്നീട് വായനയുണ്ടായി. 'അച്ഛന് പകരം ഹൈക്കമാൻഡിനെ കാണാൻ ഞാനാണ് പോകുന്നത്' എന്ന് പറയുന്ന ഗിരിജ എന്ന കഥാപാത്രത്തിനു പിന്നീട് സിനിമയിൽ യാതൊരു സിഗ്‌നിഫിക്കൻസുമുണ്ടായില്ല. നേതാവ് കാറിലേക്ക് കയറുമ്പോൾ മാധ്യമപ്രവർത്തകൻ ഏട്ടനെക്കുറിച്ച് ചോദിക്കുകയും മറുപടിയായി അവർ 'അദ്ദേഹത്തിന്റെ ബ്ലഡ് ഗ്രൂപ്പ് മാറിപ്പോയി, അനുരഞ്ജനത്തിന്റെ ആളായിപ്പോയി' എന്ന് പറയുകയും ചെയ്യുന്നുണ്ട്. പൊന്നമ്മ ബാബു അവതരിപ്പിച്ച കഥാപാത്രം കരുണാകരന്റെ കുടുംബത്തിന്റെയും കുടുംബപ്രശ്‌നങ്ങളുടെയും രാഷ്ട്രീയ സ്വാധീനം അടയാളപ്പെടുത്താൻ മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന് കാലങ്ങൾക്കിപ്പുറവും സിനിമഗ്രൂപ്പുകൾ കണ്ടെത്തുന്നുണ്ട്.

പ്രജ എന്ന ചിത്രത്തിലെ ളാഹേൽ വക്കച്ചൻ

2006 ൽ വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും വിമർശനങ്ങൾ നേരിട്ടിരുന്നു. പാർട്ടിക്കകത്തുതന്നെ പിണറായി പക്ഷമെന്നും വി. എസ് പക്ഷമെന്നും രണ്ടു ഗ്രൂപ്പുകളുണ്ടാവുകയും തർക്കങ്ങളുണ്ടാവുകയും ചെയ്ത കാലത്താണ് മുഖ്യമന്ത്രിക്കസേരയിൽ കണിശ്ശക്കാരനായ നേതാവായി വി. എസ്. എത്തിയത്. 2007 ൽ മുന്നാറിൽ ഭൂമാഫിയകളിൽ നിന്നും കയ്യേറ്റഭൂമികൾ പിടിച്ചെടുക്കാനായി നടത്തിയ പ്രവർത്തനങ്ങളും പ്രതിസന്ധി രൂക്ഷമാക്കി. ഒരു സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചാണ് വി. എസ്. ഭൂമികയ്യേറ്റങ്ങളിൽ നടപടിയെടുത്തത്. തൊട്ടടുത്തവർഷം മമ്മൂട്ടി - രഞ്ജിപണിക്കർ - ഷാജി കൈലാസ് കൂട്ടുകെട്ടിൽ മറ്റൊരു സിനിമ പുറത്തിറങ്ങി. മുഖ്യമന്ത്രി നേരിട്ടേൽപ്പിക്കുന്ന ഒരു കൊലപാതകക്കേസ് അന്വേഷിക്കാനിറങ്ങുന്ന പൊലീസ് ഓഫീസറായി മമ്മൂട്ടിയെത്തിയ രൗദ്രം. മുഖ്യമന്ത്രിയായത് ജനാർദ്ദനൻ. എന്നാൽ പരോക്ഷമായി വി എസ്സിന്റെ നടപടികളെ വിമർശിക്കുകയായിരുന്നു സിനിമയിലെ സുപ്രധാന ഡയലോഗുകളിലൂടെ. 'മൂന്നാർ എന്ന് കേൾക്കുമ്പോൾ അല്ലെങ്കിലേ അയാൾക്കൊരു ചൊറിച്ചിലാ', 'പണ്ടേയുള്ള രീതിയാ, കൂടെ നിൽക്കുന്നവരെ അവർക്കൊരാവശ്യം വരുമ്പോൾ കൈവിട്ടുകളയും' തുടങ്ങിയ ഡയലോഗുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ സ്വഭാവത്തെ സിനിമ അടയാളപ്പെടുത്തിയത്. ഒപ്പം മുഖ്യമന്ത്രിതന്നെ നീളത്തിൽ ഇങ്ങനെ പറഞ്ഞുവെച്ചു : 'അറിയാമല്ലോ, അണികളോ മുന്നണിയോ ജനങ്ങളോ പിന്തുണച്ചിട്ടല്ല, ചില ചാനലുകാരും പത്രക്കാരും സഹായിച്ചിട്ടും അല്ലാതെ ഒരുപാട് ഗെയിം ചെയ്തിട്ടും ഞാനൊരു ഇമേജ് ഉണ്ടാക്കി വെച്ചിട്ടുണ്ട്. എ സ്‌ട്രോങ്ങ് ഫേസ്. അത് വെടിപ്പാക്കി നിലനിർത്താൻ ഇടക്കിടക്ക് ഇങ്ങനെ ചില ഓപ്പറേഷൻസ് വേണ്ടിവരും'

ഒടുക്കം നായകനായ നരി എന്ന നരേന്ദ്രൻ മുഖ്യമന്ത്രിയുടെ എടുത്തുചാട്ടങ്ങളെ വിമർശിക്കുന്നുമുണ്ട്. 'കൊട്ടിഘോഷിച്ച് യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടിട്ട് ഒടുക്കം വിഢിത്തം തിരിച്ചറിയുമ്പോൾ ശത്രുപാളയത്തിൽ അങ്ങോട്ട് ചെന്ന് സന്ധി ഒപ്പുവെക്കുന്ന പതിവ് തന്ത്ര'മെന്നാണ് മുഖ്യമന്ത്രിയുടെ നടപടികളെ നായകൻ വിശേഷിപ്പിക്കുന്നത്. ശേഷം 'പാർട്ടി മൂക്കുകയറിട്ടു, സഹമന്ത്രിമാർ പാലം വലിച്ചു, കടക കക്ഷികൾ കടകം തിരിഞ്ഞു, അങ്ങനെ പത്രക്കാരെ ക്ഷണിച്ചുവരുത്തി സ്വയം രക്തസാക്ഷിത്വം സ്ഥാപിച്ചെടുക്കുന്ന സഖാവിന്റെ പതിവ് ഗിമ്മിക്ക്, നടപ്പിലാവില്ല' എന്നും പറയുമ്പോൾ അത് വി എസ്സിനെ എതിർക്കുന്ന പാർട്ടിക്കുള്ളിലെ മറുപക്ഷത്തിന്റെ ശബ്ദമായി മാറുന്നുണ്ട്. വി. എസ്. - പിണറായി എതിർപ്പുകൾ മൂർച്ഛിച്ച കാലത്താണ് ഒരു സൂപ്പർസ്റ്റാറിന്റെ ഹീറോയ്ക്ക് ഡയലോഗെത്തുന്നതും അത് തിയേറ്ററുകളിൽ വലിയ ആഘോഷമാകുന്നതും. 'അധികാരവും പദവിയും സ്ഥാനങ്ങളുമൊഴിഞ്ഞ് മഹാവര്യന്മാർ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലെ ചൊരിമണലിൽ ഒരു ചിതകത്തിയമർന്നു കഴിയുമ്പോൾ, അവസാനത്തെ ഇൻക്വിലാബും മുഴങ്ങിക്കഴിയുമ്പോൾ, ഒടുവിൽ സ്മാരകശികലയിൽ കൊത്തിവെക്കാൻ ഒരൊറ്റ വിശേഷണമേ ബാക്കിയുണ്ടാവൂ ജനങ്ങളുടെ മനസ്സിൽ, സഖാക്കന്മാരുടെ മനസ്സിൽ, അങ്ങേയുടെ പ്രസ്ഥാനത്തിന്റെ മനസ്സിൽ : എ കോമറേഡ് ഹൂ ബിട്രെയിഡ്; ഒറ്റവാക്കിൽ ഒറ്റുകാരൻ.' എന്ന് സിനിമ പറഞ്ഞവസാനിപ്പിച്ചത് വി എസ് എന്ന നേതാവിനെതിരായി ഉയർന്നിരുന്ന വിമർശനങ്ങളുടെ കൂടിച്ചേരലുകൂടെ ആയിരുന്നു. എന്നാൽ വി. എസ് എരിഞ്ഞമർന്ന ചുടുകാട്ടിൽ ഉയർന്നത് 'കണ്ണേ കരളേ വി. എസ്സേ' എന്നായിരുന്നെന്നു മാത്രം.

വി. എസ്. റെഫറൻസായി വന്ന ചിത്രങ്ങൾ രഞ്ജിപണിക്കർ എഴുത്തുകളിൽ മാത്രമായിരുന്നില്ല. ആരോഗ്യകാര്യങ്ങളിൽ അതീവജാഗ്രതയുണ്ടായിരുന്ന വി എസ്സിന്റെ രീതികൾ പലതവണ തിരശ്ശീലയിൽ അനുകരിക്കപ്പെട്ടിട്ടുണ്ട്. സി.പി.എമ്മിനെ, പ്രത്യേകിച്ചും പിണറായി വിജയനെന്ന നേതാവിനെ പരോക്ഷമായി വിമർശിക്കുന്ന ചിത്രമെന്ന ഖ്യാതികേട്ട ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും അത്തരം അവതരണം ഉണ്ടായിട്ടുണ്ട്. കൈതേരി സഹദേവനെന്ന വില്ലൻ വേഷത്തിൽ പിണറായിയോട് സാമ്യം തോന്നിക്കുന്ന കഥാപാത്രമെത്തിയപ്പോൾ വിജയരാഘവന്റെ സഖാവ് എസ്.എസ്. വി.എസ്. അച്യുതാനന്ദന്റെയും വിമർശനമായി. നിഷ്‌ക്രിയനായി നോക്കിനിൽക്കുന്ന സ്വാർത്ഥനായ നേതാവായി അവിടെ വി.എസ്. 2011 ൽ ഷാജി കൈലാസും മമ്മൂട്ടിയും ഒന്നിച്ച മറ്റൊരു ചിത്രം ഓഗസ്റ്റ് 15 ലേക്ക് എത്തിയപ്പോൾ അവിടെ രൗദ്രത്തിലെ അതേ സ്വഭാവക്കാരനായ മുഖ്യമന്ത്രി കണിശ്ശക്കാരനും നിസ്സ്വാർത്ഥനുമായിരുന്നു. വി.എസ്സുമായി വസ്ത്രധാരണത്തിലും ശരീരപ്രകൃതത്തിലും സാദൃശ്യത്തോൾടെയാണ് നെടുമുടി വേണുവിന്റെ കഥാപാത്രമെത്തിയത്.

2011 നു ശേഷം മലയാള സിനിമയിലുടനീളം അലയടിച്ച നവതരംഗം ഇത്തരം രാഷ്ട്രീയ സ്വഭാവമുൾപ്പെട്ട സിനിമകളിൽ മാറ്റമുണ്ടാക്കി. പരീക്ഷണസിനിമകളുടെ നീണ്ടകാലഘട്ടത്തിനിടെ ചുരുക്കം സിനിമകളേ നേരിട്ട് പൊളിറ്റിക്‌സ് തൊട്ടുള്ളൂ. കഥാപാത്രങ്ങളിൽ നിന്നും കഥകളിലേക്കും കഥാപശ്ചാത്തലങ്ങളിലേക്കും രാഷ്ട്രീയ വിഷയങ്ങൾ മാറി. ആഷിഖ് അബുവിന്റെ ഡാ തടിയാ പുതുതലമുറയുടെ രാഷ്ട്രീയവാസന അവതരിപ്പിച്ചു. ലൂക്കയുടെ മേഘരൂപൻ ജനകീയമുഖമായി. ജിബു ജേക്കബിന്റെ വെള്ളിമൂങ്ങ ഈ തെരഞ്ഞെടുപ്പിലും ട്രോളുകളിൽ തെളിയുന്ന മാമച്ചൻ എന്ന കഥാപാത്രത്തെയും സമ്മാനിച്ചു. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായി ഡിഎൻസിയെന്ന ദേശീയപാർട്ടിയിൽ അംഗമായി, കേരളത്തിന്റെ റവന്യൂ മിനിസ്റ്റാറാകുന്ന മാമച്ചൻ റിലേറ്റബിളായൊരു കഥാപാത്രമായി. ഒരു ഇന്ത്യൻ പ്രണയകഥയിലെ അയമനം സിദ്ധാർത്ഥനും ഉതുപ്പ് വള്ളിക്കാടനും ശേഷം കണ്ടുപരിചയമുള്ളൊരു കഥാപാത്രമായി മാമച്ചൻ വിലയിരുത്തപ്പെട്ടു. 2016 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ചെത്തിതിനു ശേഷം, 2017ൽ തുടച്ചയായി ഇടതുരാഷ്ട്രീയം തിരശ്ശീലയിൽ പതിഞ്ഞു. മാർച്ച് 3 ന് ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ ടോവിനോ നായകനായി ഒരു മെക്‌സിക്കൻ അപാരതയും ഏപ്രിൽ 14ന് സിദ്ധാർത്ഥ ശിവയുടെ നിവിൻ പോളി ചിത്രം സഖാവും മെയ് 5ന് അമൽ നീരദിന്റെ ദുൽഖർ ചിത്രം സിഐഎയും പുറത്തിറങ്ങി. മൂന്നും ഇടതുരാഷ്ട്രീയത്തിന്റെ ചുവപ്പു തണലിലാണ് ഒരുക്കിയതെങ്കിലും വിമർശനങ്ങളും വിവാദങ്ങളും ചർച്ചകളും പിറകെയെത്തി. ഒരു ഹീറോയ്ക്ക് പരിവേഷം കേരളത്തിലെ ഇടതുപാർട്ടികൾക്ക് നൽകാൻ ഈ ചിത്രങ്ങൾക്കായെന്ന വിലയിരുത്തൽ അന്ന് ശക്തമായിരുന്നു.

പൃത്വിരാജ് സുകുമാരൻ സംവിധായകക്കസേരയിലിരുന്ന് മോഹൻലാൽ എന്ന താരത്തിന് ഒരു 'എൽ ബ്രാൻഡ്' സൃഷ്ടിച്ച ലൂസിഫർ പിറകെയെത്തി. ഇടതിന് പകരം കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയമായിരുന്നു മുരളി ഗോപി കഥയെഴുതിയ ചിത്രത്തിന്റെ വിഷയം. പക്ഷെ പറഞ്ഞുവെച്ച കഥക്ക് ഗാന്ധികുടുംബമായായിരുന്നു കൂടുതൽ സാമ്യം. പി കെ രാംദാസ് എന്ന വന്മരത്തിനുപിറകേ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആ അഞ്ചുപേർ രാജീവ് ഗാന്ധിയുടെ മരണത്തോടെ രാഷ്ട്രീയത്തിലേക്കിറങ്ങിയ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വ്യക്തിജീവിതവുമായി ബന്ധം പുലർത്തിയിരുന്നു. ലൂസിഫർ ഉടനീളം കോൺഗ്രസിനെതിരെയുള്ള പ്രധാന ആരോപണമായ സ്വജനപക്ഷപാതത്തെ ഒളിച്ചും തെളിച്ചും കാണിച്ചിരുന്നു. സ്റ്റീഫൻ നെടുമ്പള്ളി നാടുകാക്കുന്ന ചെകുത്താനുമായി. 2021 ൽ മമ്മൂട്ടിയെ നായകനാക്കി തെരഞ്ഞെടുപ്പുകാലത്താണ് സന്തോഷ് വിശ്വനാഥിന്റെ സംവിധാനത്തിൽ വൺ എന്ന രാഷ്ട്രീയ സിനിമ പുറത്തിറങ്ങിയത്. പിണറായി വിജയനുമായി ഏറെ സാമ്യതയുണ്ടായിരുന്ന മമ്മൂട്ടിയുടെ കടക്കൽ ചന്ദ്രനെന്ന മുഖ്യമന്ത്രി വേഷം സിനിമയിലൂടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കമായിരുന്നുവെന്ന വിമർശനങ്ങൾക്ക് വഴിവെച്ചു.

ഭൂമിയിലെ രാജാക്കന്മാരും രക്തസാക്ഷികൾ സിന്ദാബാദും സമൂഹവും പഞ്ചവടിപ്പാലവും അടിത്തറയിട്ട മലയാളത്തിലെ രാഷ്ട്രീയ സിനിമകൾ ശക്തമായ ആശയങ്ങൾക്കും രാഷ്ട്രീയബോധത്തിനുമൊപ്പം നിന്നിരുന്നു. സന്ദേശം കേരളത്തിനൊരു അരാഷ്ട്രീയ സ്വഭാവം സമ്മാനിച്ചെങ്കിലും പിൽക്കാലത്ത് അത് വിമർശിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്തു. പോളണ്ടിനെപ്പറ്റി ഞങ്ങൾ പറയാമെന്നു ചാനൽ ചർച്ചയിൽ സന്ദേഹമില്ലാതെ എം സ്വരാജ് വെല്ലുവിളിച്ചതും അമേരിക്കൻ ഇറാൻ യുദ്ധം കേരളത്തിൽ സാധാരണക്കാരന്റെ അന്നത്തെ ബാധിച്ചപ്പോൾ കോട്ടപ്പള്ളിയായിരുന്നു ശരിയെന്ന് നാട് തിരുത്തിപ്പറഞ്ഞതും നമ്മൾ കണ്ടതാണ്. അതേ സമയം ജോൺ എബ്രഹാമിന്റെ അമ്മയറിയാൻ എന്ന ചിത്രത്തിലെ സൈദ്ധാന്തിക ഡയലോഗുകൾ സമൂഹമാധ്യമങ്ങളിൽ പുതുതലമുറ ഏറ്റെടുക്കുകകൂടെയാണ്. ഭൂമിയിലെ രാജാക്കന്മാരിലെ സീറ്റുകളുടെ മലക്കംമറച്ചിലും മഹേന്ദ്രവർമ്മയുടെ പൊളിറ്റിക്കൽ ഗെയിമുകളും തെരഞ്ഞെടുപ്പുകാലം റീവിസിറ്റ് ചെയ്യുകയാണ്. 'നിങ്ങളെ നയിക്കാനോ നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനോ ഉള്ള കഴിവൊന്നും എനിക്കില്ല, അതുകൊണ്ട് നിങ്ങളാരും എനിക്ക് വോട്ടു ചെയ്യരുത്. അർഹതയുള്ള വേറെ ആരെയെങ്കിലെയും തെരഞ്ഞെടുക്കുക' എന്ന് പ്രസംഗിച്ച സമൂഹത്തിലെ രാജലക്ഷ്മിയെയും തെരഞ്ഞെടുപ്പുകാലം ഓർമ്മപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയ സിനിമകൾക്കും പ്രൊപ്പഗാണ്ട സിനിമകൾക്കും ഇടയിലെ വരമ്പ് നേർത്തുവരുന്ന കാലത്ത്, പ്രത്യേകിച്ചും തെരഞ്ഞെടുപ്പടുക്കുന്ന കാലത്ത് ഈ സിനിമകളുടെ ശരിതെറ്റുകളും ചോദ്യംചെയ്യപ്പെടുന്നുണ്ട്.

From Lahel Vakkachan to Stephen Nedumpally; Political faces in Malayalam cinema

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി, വിചാരണ നേരിടണം

കഴിഞ്ഞ സീസണിലെ അതേ പിഴവ്, ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ

മുപ്പത് വര്‍ഷം മുന്‍പ്, വിഡ്ഢി ദിനത്തില്‍ ആന്റണിയുടെ 'പൂഴിക്കടകന്‍'; തെരഞ്ഞെടുപ്പ് കളത്തില്‍ ഇന്നും ചര്‍ച്ചയായി ചാരായ നിരോധനം

'പരാതി തികഞ്ഞ ​ഗൗരവത്തോടെ കാണുന്നു, രഞ്ജിത്തിനെ രണ്ട് യൂണിയനിൽ നിന്നും മാറ്റി നിർത്തും'; നടപടിയുമായി ഫെഫ്ക

നാച്വറല്‍ രീതിയില്‍ ഗ്ലൂട്ടത്തയോണ്‍ വര്‍ദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

SCROLL FOR NEXT