പൂന്തോട്ടങ്ങളുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്ന അലങ്കാരസസ്യങ്ങളില്‍ ഏറെ ശ്രദ്ധേയമാണ്മഞ്ഞമുള,സ്വര്‍ണ്ണമുളഎന്നീ പേരുകളില്‍ അറിയപ്പെടുന്ന ഗോള്‍ഡന്‍ ബാംബൂ. മഞ്ഞനിറമുള്ള തണ്ടുകളും മനോഹരമായ ഇലച്ചാര്‍ത്തും അതിവേഗ വളര്‍ച്ചയും കാരണം ലോകമെമ്പാടുമുള്ള ഉദ്യാനങ്ങളിലും ലാന്‍ഡ്‌സ്‌കേപ്പുകളിലും ഈ മുളയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അലങ്കാരസസ്യമെന്ന നിലയില്‍ പ്രശസ്തി നേടിയ ഈ ചൈനീസ് മുള ഇന്ന് നിരവധി രാജ്യങ്ങളില്‍ പ്രകൃതിദത്ത വനങ്ങളേയും തദ്ദേശീയ ജൈവവൈവിധ്യത്തേയും ഭീഷണിപ്പെടുത്തുന്ന അധിനിവേശ സസ്യമായി മാറിയിരിക്കുകയാണ്. ഭൂഗര്‍ഭ റൈസോമുകളിലൂടെ അതിവേഗം പടരുന്ന സ്വഭാവമാണ് ഇതിനെ സാധാരണ മുളകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
കേരളത്തില്‍ വ്യാപകമായ അധിനിവേശ സസ്യമായി മാറിയിട്ടില്ലെങ്കിലും ധാരാളം പ്രദേശങ്ങളില്‍ ഉദ്യാനവല്‍ക്കരണത്തിനായി ഇപ്പോള്‍ ഇത് വ്യാപകമായി ഉപയോഗിച്ചു വരുന്നു. കാലാവസ്ഥാ വ്യതിയാനം, വര്‍ദ്ധിച്ചുവരുന്ന തോട്ടവിള വ്യാപനം, അലങ്കാരസസ്യങ്ങളുടെ അനിയന്ത്രിത വ്യാപാരം എന്നിവയുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഇത് പരിസ്ഥിതിക്ക് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അറിയാം ഈ മഞ്ഞമുളയെ
ഗോള്‍ഡന്‍ ബാംബൂവിന്റെ ജന്മദേശംചൈനയാണ്. അവിടെ നിന്ന് ജപ്പാന്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും പിന്നീട് യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും അലങ്കാരസസ്യമായി വ്യാപിച്ചു. ഫിലോസ്റ്റാക്കിസ് ഓറിയ (Phyllostachys aurea) എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന മഞ്ഞമുള, പോയേസി (Poaceae) കുടുംബത്തില്‍ ഫിലോസ്റ്റാച്ചീസ് ജനുസ്സില്‍ പെട്ടതാണ്.
പടരുന്ന (running bamboo)വിഭാഗത്തില്‍പ്പെടുന്ന മുളയാണ്, ഗോള്‍ഡന്‍ ബാംബൂ. ഭൂഗര്‍ഭ റൈസോമുകള്‍ കൂടുതല്‍ ദൂരങ്ങളിലേക്ക് അതിവേഗം വ്യാപിക്കുമെന്നതിനാല്‍ മാതൃസസ്യത്തില്‍ നിന്ന് മീറ്ററുകള്‍ അകലെ പോലും പുതിയ ചെടികള്‍ പൊട്ടിമുളയ്ക്കും.
പൂര്‍ണ്ണവളര്‍ച്ചയെത്തിയ സസ്യത്തിന് ആറു മുതല്‍ പന്ത്രണ്ട് മീറ്റര്‍ വരെ ഉയരവും തണ്ടിന് മൂന്നു മുതല്‍ എട്ടു സെന്റിമീറ്റര്‍ വരെ വ്യാസവുമുണ്ടാകും. ഇളംപ്രായത്തില്‍ പച്ചനിറത്തില്‍ കാണുന്ന തണ്ടുകള്‍ പിന്നീട് സ്വര്‍ണ്ണനിറം അഥവാ മഞ്ഞ നിറത്തിലേക്ക് മാറുന്നു. ധാരാളം സൂര്യപ്രകാശം ലഭിക്കുമ്പോഴാണ് മഞ്ഞനിറം കൂടുതല്‍ പ്രകടമാകുന്നത്. നീളമുള്ള ഇലകള്‍ ദീര്‍ഘ വൃത്താകൃതിയിലുള്ളവയാണ്. ഒരു തണ്ടില്‍നിന്ന് അനേകം ശാഖകള്‍ രൂപപ്പെടുന്നതിനാല്‍ വളരെ ഇടതൂര്‍ന്ന കുറ്റിക്കാടുകള്‍ രൂപപ്പെടുന്നു.
ഗോള്‍ഡന്‍ ബാംബൂവിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത അതിന്റെ അസാധാരണമായ വളര്‍ച്ചാവേഗമാണ്
സ്വര്‍ണ്ണമുള വളരെ അപൂര്‍വമായി മാത്രമാണ് പൂക്കുന്നത്. ഇതിന്റെ ശാഖകളില്‍ കതിരുകള്‍ പോലെ വൈക്കോല്‍ നിറമുള്ള സഹപത്രങ്ങളില്‍ പച്ചനിറത്തിലുള്ളതും ഏകദേശം പതിനെട്ടു മുതല്‍ ഇരുപത്തിയഞ്ചു മില്ലീമീറ്റര്‍ വരെ നീളമുള്ളതുമായ പൂക്കളോടുകൂടിയ പൂങ്കുലകള്‍ കാണപ്പെടുന്നു. ചെറുതും നേരിയതുമായ വിത്തുകള്‍ കാറ്റിലൂടെ വിതരണം ചെയ്യപ്പെടുന്നു. വിത്തിലൂടെയുള്ള പുനരുത്പാദനം വളരെ വിരളമാണ്.
വളര്‍ച്ചയും പ്രത്യുല്‍പാദന സവിശേഷതകളും
ഗോള്‍ഡന്‍ ബാംബൂവിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത അതിന്റെ അസാധാരണമായ വളര്‍ച്ചാവേഗമാണ്. അനുകൂല സാഹചര്യങ്ങളില്‍ ഒരു ദിവസം, ഇരുപതു മുതല്‍ മുപ്പതു സെന്റിമീറ്റര്‍ വരെ പുതിയ മുളകള്‍ക്കു വളരാന്‍ കഴിയും.
പ്രധാനമായും രണ്ട് രീതികളിലാണ് ഇത് വ്യാപിക്കുന്നത്; റൈസോമുകള്‍ വഴിയും വിത്തുകള്‍ വഴിയും. റൈസോമുകള്‍ അഥവാ ഭൂഗര്‍ഭക്കിഴങ്ങുകള്‍ വഴിയാണ് പ്രധാന പ്രജനനരീതി. ഭൂഗര്‍ഭക്കിഴങ്ങുകള്‍ എല്ലാ ദിശകളിലേക്കും വ്യാപിച്ച് നിരവധി പുതിയ മുളകള്‍ പൊട്ടുന്നു. ഒരിക്കല്‍ നട്ടുപിടിപ്പിച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യാപിച്ച് ആ പ്രദേശമാകെ കൈയ്യടക്കുന്നു.
മറ്റു മുളകളെപ്പോലെ തന്നെ ഗോള്‍ഡന്‍ ബാംബൂവും അപൂര്‍വമായാണ് പൂക്കുന്നത്. ചിലപ്പോള്‍ പതിറ്റാണ്ടുകളിലൊരിക്കല്‍ മാത്രമേ കൂട്ടമായി (gregarious flowering) പൂക്കാറുള്ളൂ. അതിനാല്‍ പ്രകൃതിയില്‍ വിത്തുവഴിയുള്ള വ്യാപനം വളരെ കുറവാണ്.
ഈ മുളയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും മിതമായ ഈര്‍പ്പവും ആവശ്യമാണ്. എന്നാല്‍ ഒരിക്കല്‍ വേരുപിടിച്ചാല്‍ വരള്‍ച്ചയേയും തണുപ്പിനേയും ഭാഗിക തണലിനേയും ഇത് നന്നായി അതിജീവിക്കും. പൂര്‍ണ്ണസൂര്യപ്രകാശത്തിലും പാതിതണലിലും വളരും. വിവിധതരം മണ്ണുകളോട് പൊരുത്തപ്പെടുകയും ചെയ്യുന്നു.
ഉപയോഗങ്ങള്‍
ഗോള്‍ഡന്‍ ബാംബൂവിന്റെ സൗന്ദര്യവും നീളമുള്ള തണ്ടുകളും ഇടതൂര്‍ന്ന ഇലച്ചാര്‍ത്തും കാരണം നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. വീടുകള്‍, പാര്‍ക്കുകള്‍, റിസോര്‍ട്ടുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ലാന്‍ഡ്‌സ്‌കേപ്പിങ്ങില്‍ വ്യാപകമായി അലങ്കാരസസ്യമായി ഉപയോഗിക്കുന്നു. ഇടതൂര്‍ന്ന് വളരുന്നതിനാല്‍ പ്രകൃതിദത്ത മതിലായി ഉപയോഗിക്കുന്നു. ചരിവുള്ള പ്രദേശങ്ങളില്‍ മണ്ണൊലിപ്പ് തടയുവാന്‍ നട്ടുപിടിപ്പിക്കുന്നു. തണ്ടുകള്‍ ഉപയോഗിച്ച് ചെറിയ ഫര്‍ണിച്ചറുകള്‍, മുള കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്നു. കൃഷിയിടങ്ങളില്‍ കാറ്റിന്റെ ശക്തി കുറയ്ക്കുവാന്‍ ചില രാജ്യങ്ങളില്‍ തടയണയായി നട്ടുപിടിപ്പിക്കുന്നു.
ഒരിക്കല്‍ ഇടതൂര്‍ന്ന മുളങ്കാടായി മാറിയാല്‍ അതിനകത്ത് മറ്റു സസ്യങ്ങള്‍ക്ക് പ്രായോഗികമായി വളരുവാന്‍ സാധിക്കില്ല
അധിനിവേശ സ്വഭാവവും വ്യാപനത്തിന്റെ മാര്‍ഗങ്ങളും
അലങ്കാരസസ്യമായി എത്തിയ ഗോള്‍ഡന്‍ ബാംബൂ ഇന്ന് പല രാജ്യങ്ങളിലും ഗുരുതരമായപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അധിനിവേശ വിദേശസസ്യമായി (Invasive Alien Species)അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഈ സസ്യം, നിയന്ത്രണമില്ലാതെ ഭൂഗര്‍ഭക്കിഴങ്ങിലൂടെ വ്യാപിക്കുകയും സമീപത്തെ തദ്ദേശീയ സസ്യങ്ങളെ വെളിച്ചം, വെള്ളം, പോഷകങ്ങള്‍ എന്നിവയ്ക്കായി മത്സരിച്ച് ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ഇടതൂര്‍ന്ന മുളങ്കാടായി മാറിയാല്‍ അതിനകത്ത് മറ്റു സസ്യങ്ങള്‍ക്ക് പ്രായോഗികമായി വളരുവാന്‍ സാധിക്കില്ല. ഇത് തദ്ദേശീയ ആവാസവ്യവസ്ഥയുടെ ഘടനയെ മാറ്റിമറിക്കുകയും ജൈവവിധ്യ ശൈഥല്യം ഉണ്ടാക്കുകയും ചെയ്യുന്നു.
ഗോള്‍ഡന്‍ ബാംബൂ പ്രധാനമായും ഏതൊക്കെ മാര്‍ഗങ്ങളിലൂടെയാണ് പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് എന്നു നോക്കാം. ഭൂഗര്‍ഭ റൈസോമുകളുടെ വ്യാപനം അതില്‍ പ്രധാനമാണ്. തോട്ടപരിപാലന ആവശ്യങ്ങള്‍ക്കായി കിഴങ്ങുകള്‍ വിഭജിച്ച് നട്ടുപിടിപ്പിക്കുന്നതിലൂടെയും ഈ സസ്യം വ്യാപിക്കുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ മണ്ണിനൊപ്പം കിഴങ്ങിന്റെ ശകലങ്ങള്‍ മറ്റിടങ്ങളിലേക്ക് എത്തപ്പെടുന്നത് വ്യാപനത്തിന്റെ മറ്റൊരു കാരണമാണ്. പൂന്തോട്ട മാലിന്യങ്ങള്‍ അശ്രദ്ധമായി ഉപേക്ഷിക്കുന്നതും ശരിയായ രീതിയില്‍ സംസ്‌കരിക്കാതെയിരിക്കുന്നതും മഞ്ഞമുളയുടെ വ്യാപനത്തിന് കാരണമാകുന്നു. ജലത്തിലൂടെ റൈസോമുകള്‍ ഒഴുകിപ്പോയി ദൂരെയുള്ള പ്രദേശങ്ങളിലേക്ക് എത്തപ്പെടുവാനും വ്യാപിക്കുവാനും കാരണമാകുന്നു. അലങ്കാരസസ്യ വ്യാപാരത്തിലൂടെ ഗോള്‍ഡന്‍ ബാംബൂ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് എത്തപ്പെടുകയും വ്യാപനത്തില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നു.
കാണപ്പെടുന്ന രാജ്യങ്ങളും അധിനിവേശയിടങ്ങളും
ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, അമേരിക്ക, കാനഡ, മെക്‌സിക്കോ, ബ്രസീല്‍, അര്‍ജന്റീന, ബ്രിട്ടണ്‍, ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലും ഗോള്‍ഡന്‍ ബാംബൂ ഇന്ന് നട്ടുപിടിപ്പിച്ചിരിക്കുന്നു.
ലോകത്തെ വിവിധ അധിനിവേശ ഡാറ്റാബേസുകളിലും പരിസ്ഥിതി ഏജന്‍സികളുടെയും റിപ്പോര്‍ട്ടുകളിലുംഫിലോസ്റ്റാക്കിസ് ഓറിയയെ (Phyllostachys aurea) അധിനിവേശ സ്വഭാവമുള്ള ഒരു സ്പീഷീസായി രേഖപ്പെടുത്തിയിരിക്കുന്നു.
കേരളം പോലുള്ള പശ്ചിമഘട്ട മേഖലയിലെ സ്വാഭാവിക വനങ്ങളില്‍ ഇത് നിയന്ത്രണമില്ലാതെ പ്രവേശിച്ചാല്‍ അപൂര്‍വവും തദ്ദേശീയവുമായ സസ്യജാലങ്ങള്‍ക്ക് ദീര്‍ഘകാല ഭീഷണിയാകാന്‍ സാധ്യതയുണ്ട്
ഫ്‌ലോറിഡ, അലബാമ, ജോര്‍ജിയ, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന, വിര്‍ജീനിയ, ടെന്നസി, ടെക്‌സസ് എന്നിവ ഉള്‍പ്പെടെ അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങള്‍, ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്കയിലെ ചില പ്രദേശങ്ങള്‍, യൂറോപ്പിലെ മെഡിറ്ററേനിയന്‍ മേഖലയിലെ ചില രാജ്യങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.
യൂറോപ്യന്‍, മെഡിറ്ററേനിയന്‍ സസ്യ സംരക്ഷണ സംഘടന അതിന്റെ പ്രാദേശിക അപകടസാധ്യതകളെക്കുറിച്ചുള്ള ട്രാക്കിംഗ്, ക്വാറന്റൈന്‍ ഡാറ്റ സൂക്ഷിക്കുന്നു. അമേരിക്കയില്‍ ഗോള്‍ഡന്‍ ബാംബൂവിന്റെ ജൈവിക അപകടസാധ്യത, വ്യാപനം എന്നിവ യുഎസ്ഡിഎ ആനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ഷന്‍ സര്‍വീസിന്റെ ഔദ്യോഗിക വിലയിരുത്തലുകളില്‍ വിശദമായി പ്രതിപാദിക്കുന്നു. ആഗോളതലത്തില്‍ അതിന്റെ അധിനിവേശം, പാരിസ്ഥിതിക ആഘാതങ്ങള്‍, ഭൗതിക സവിശേഷതകള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ശാസ്ത്രീയ അവലോകനങ്ങള്‍ സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ബയോസയന്‍സസ് ഇന്റര്‍നാഷണല്‍ കോമ്പന്‍ഡിയത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കണക്റ്റിക്കട്ട് ജനറല്‍ സ്റ്റാറ്റിയൂട്ട്‌സ് പോലുള്ള പ്രാദേശിക നിയമങ്ങള്‍ മുള ഇനങ്ങള്‍ വളര്‍ത്തുന്നതിന് കര്‍ശനമായ നടീല്‍, നിയന്ത്രണ, നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ എന്തുകൊണ്ട് ഇത് പ്രശ്‌നകാരിയാണ്?
ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ അനുയോജ്യമായ ചൂടും ഈര്‍പ്പവും ലഭിക്കുന്നതിനാല്‍ ഗോള്‍ഡന്‍ ബാംബൂവിന്റെ വളര്‍ച്ചയ്ക്ക് തടസ്സങ്ങള്‍ വളരെ കുറവാണ്. ഇത് വേഗത്തില്‍ വ്യാപിക്കുന്നതിനാല്‍ തദ്ദേശീയ സസ്യങ്ങളുടെ വളര്‍ച്ച തടയുന്നു, വനങ്ങളുടെ സ്വാഭാവിക പുനരുജ്ജീവനം കുറയ്ക്കുന്നു. വന്യജീവികളുടെ ആവാസവ്യവസ്ഥ മാറ്റിമറിക്കുന്നു. ജൈവവൈവിധ്യം കുറയ്ക്കുന്നു. മണ്ണിലെ പോഷകചക്രങ്ങളില്‍ മാറ്റം വരുത്തുന്നു. ഇടതൂര്‍ന്ന മുളങ്കാടുകള്‍ തീപിടിത്തത്തിന്റെ തീവ്രത വര്‍ധിപ്പിക്കാനുള്ള സാധ്യത സൃഷ്ടിക്കുന്നു. നദീതീരങ്ങളിലെ സസ്യസമൂഹങ്ങളുടെ ഘടന മാറ്റുന്നു. കേരളം പോലുള്ള പശ്ചിമഘട്ട മേഖലയിലെ സ്വാഭാവിക വനങ്ങളില്‍ ഇത് നിയന്ത്രണമില്ലാതെ പ്രവേശിച്ചാല്‍ അപൂര്‍വവും തദ്ദേശീയവുമായ സസ്യജാലങ്ങള്‍ക്ക് ദീര്‍ഘകാല ഭീഷണിയാകാന്‍ സാധ്യതയുണ്ട്.
കേരളത്തിലെ സാഹചര്യം
കേരളത്തില്‍ ഗോള്‍ഡന്‍ ബാംബൂ നിലവില്‍ വ്യാപകമായ വന അധിനിവേശം സൃഷ്ടിച്ചതായി പ്രസിദ്ധീകരിക്കപ്പെട്ട ശാസ്ത്രീയ തെളിവുകള്‍ പരിമിതമാണ്. എന്നിരുന്നാലും അലങ്കാരസസ്യ വ്യാപാരം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത അനിവാര്യമാണ്. കേരളത്തിലെ പല പ്രദേശങ്ങളിലും ഇത് വ്യാപകമായി നട്ടുപിടിപ്പിച്ചിരിക്കുന്നതായി നിരീക്ഷണങ്ങളിലൂടെ വ്യക്തമാണ്.
കേരളത്തിലെ ഉയര്‍ന്ന മഴയും അനുയോജ്യമായ കാലാവസ്ഥയും ഈ സസ്യത്തിന് ഭാവിയില്‍ വ്യാപനസാധ്യത വര്‍ധിപ്പിക്കാം. അതിനാല്‍ ഉദ്യാനങ്ങളില്‍ നട്ടുപിടിപ്പിക്കുമ്പോള്‍ റൈസോം നിയന്ത്രണ സംവിധാനങ്ങള്‍ (Rhizome barriers) ഉപയോഗിക്കുകയും പ്രകൃതിദത്ത വനങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കൃഷി ഒഴിവാക്കുകയും ചെയ്യുന്നത് ഉചിതമാണ്.
നിയന്ത്രണ മാര്‍ഗങ്ങള്‍
ഗോള്‍ഡന്‍ ബാംബൂവിനെ നിയന്ത്രിക്കുന്നത് ദുഷ്‌കരമാണ്. ഒരു തണ്ട് മുറിച്ചുമാറ്റുന്നതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാവില്ല. ഭൂഗര്‍ഭ കിഴങ്ങുകള്‍ പൂര്‍ണ്ണമായി കുഴിച്ചെടുക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. കൃത്യമായ കാലയളവില്‍ കിഴങ്ങുകളും തണ്ടുകളും നീക്കം ചെയ്യുന്നതും പുതിയ മുളകള്‍ വീണ്ടും വീണ്ടും മുറിച്ചുനീക്കുന്നതും നിയന്ത്രണത്തിന് സഹായകമാണ്. കൃത്യമായ നിരീക്ഷണവും നിയന്ത്രണവും മഞ്ഞമുളയെ നിയന്ത്രിക്കുവാന്‍ അനിവാര്യമാണ്.
അലങ്കാരസസ്യ വ്യാപാരികളേയും ഉദ്യാന ഉടമകളേയും ഈ സസ്യത്തിന്റെ അധിനിവേശ സാധ്യതയെക്കുറിച്ച് ബോധവല്‍ക്കരിക്കേണ്ടത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഒരു പ്രദേശത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിയന്ത്രിതമായി വളരുന്ന സസ്യം മറ്റൊരു പ്രദേശത്ത് പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന അധിനിവേശയിനമായി മാറാം. അതുകൊണ്ടുതന്നെ അലങ്കാരസസ്യങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ പരിസ്ഥിതി സ്വാധീനവും അധിനിവേശ സാധ്യതയും ഒരുപോലെ വിലയിരുത്തേണ്ടത് ആവശ്യമാണ്.
കേരളം പോലുള്ള ജൈവവൈവിധ്യ സമ്പന്നമായ സംസ്ഥാനങ്ങളില്‍ ഗോള്‍ഡന്‍ ബാംബൂ ഉള്‍പ്പെടെയുള്ള വിദേശ അലങ്കാരസസ്യങ്ങള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ ശാസ്ത്രീയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുന്‍കരുതലാണ് ഏറ്റവും മികച്ച നിയന്ത്രണം എന്ന പരിസ്ഥിതി തത്വം ഈ സസ്യത്തിന്റെ കാര്യത്തിലും പൂര്‍ണമായും പ്രസക്തമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates