Health infrastructure in Kerala: 25 years of growth and the struggle for survival samakalika malayalam
News+

കേരളത്തിലെ ആരോഗ്യ അടിസ്ഥാന സൗകര്യം: 25 വർഷത്തെ വളർച്ചയും നിലനിൽപ്പിനായുള്ള പോരാട്ടവും

നീതി ആയോ​ഗി​ന്റെ കണക്കിൽ കേരളത്തിലെ ആരോ​ഗ്യരം​ഗം ഒന്നാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു. കേരളത്തിലെ ആരോ​ഗ്യമേഖലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വളർച്ചയുടെ കണക്കുകൾ കാണിക്കുന്നുണ്ടെങ്കിലും ഒട്ടേറെ വെല്ലുവിളികൾ ഉയർന്നു നിൽക്കുന്നുണ്ട്.

ഉണ്ണികൃഷ്ണന്‍ എസ്‌

ആരോ​ഗ്യ ശാസ്ത്രത്തി​ന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ വള‍ർച്ചയും വിളർച്ചയും ലോകം കണ്ടതായിരുന്നു കഴിഞ്ഞ നാളുകൾ. കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങൾ കേരളത്തിന്റെ ആരോഗ്യചരിത്രത്തിൽ മാറ്റങ്ങളുടെ കാലമായിരുന്നു. വെല്ലുവിളികളും അവ നേരിടുന്നതും കേരളത്തിന് മുന്നിലും വലിയൊരു വിഷയമായി ഉയർന്നു വന്നു. ഇതിനോടെല്ലാം കേരളത്തിലെ ആരോ​ഗ്യ രം​ഗം പൊതുവിൽ ​ഗുണപരമായാണ് പ്രതികരിച്ചത്.

ലോകം കടന്നുപോയ പലതരം പ്രതിസന്ധിഘട്ടങ്ങളിൽ ഒരു സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനം ലോകശ്രദ്ധ നേടുന്ന മാതൃകയായി മാറിയ സമയം കൂടെയാണ്. കേരളം ഇന്ത്യയിലെ പൊതുജനാരോഗ്യരംഗത്തെ പുനർവ്യാഖ്യാനിച്ചത്, അടിസ്ഥാന സേവനങ്ങളിൽ നിന്ന് സ്ഥാപനങ്ങളുടെ ശക്തിവരെ സമന്വയിപ്പിച്ചുകൊണ്ടാണ്.

ഈ പുരോഗതി കേരള മോഡൽ വികസനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ്. ഉയർന്ന സാക്ഷരത, ശക്തമായ പൊതുജനപങ്കാളിത്തം, സാമൂഹിക സമത്വം എന്നിവ കേരളത്തിലെ ആരോ​ഗ്യമാതൃകയിലെ പ്രധാന പടികളാണ്. സ്ഥിരമായി, സംസ്ഥാന ബജറ്റിൽ ആരോഗ്യത്തിന് മുൻഗണന നൽകുന്നതും, സർക്കാർ തലത്തിലുള്ള ആരോഗ്യ ചെലവുകൾ വർഷങ്ങളായി സ്ഥിരമായി വർദ്ധിപ്പിക്കുന്നതും ഈ പുരോഗതിക്ക് പിന്നിലെ പ്രധാന ഘടകങ്ങളാണ്.

ആരോഗ്യമേഖലയിൽ 2000-ൽ സംസ്ഥാന സർക്കാർ ചെലവഴിച്ചത് 763.7 കോടി രൂപ ആയിരുന്നു. ആരോ​ഗ്യമേഖലയിലെ പ്രതിശീർഷ ചെലവ് 232.68 രൂപ എന്നതായിരുന്നു. 2024–25-ൽ സംസ്ഥാന സർക്കാർ ആരോ​ഗ്യമേഖലയിൽ ചെലവഴിച്ചത് 2,052.23 കോടി രൂപയായി ഉയർന്നിട്ടുണ്ട്. 2000-ലും 2025-ലും കേരളത്തിലെ ആരോഗ്യസൗകര്യങ്ങൾ തമ്മിലുള്ള താരതമ്യം കണക്കുകളിലുലം ഗുണപരമായും വലിയ പുരോഗതിയുണ്ടായിട്ടുള്ളതിനെ കാണിക്കുന്നു.

2000-ൽ, കേരളത്തിൽ 143 ആശുപത്രികളിലായി 31,819 ബഡുകൾ ഉണ്ടായിരുന്നു. ഇതിൽ അഞ്ച് ജനറൽ ആശുപത്രികൾ, പതിനൊന്ന് ജില്ലാ ആശുപത്രികൾ, എട്ട് വനിതാ-ശിശു ആശുപത്രികൾ, ആറ് മെഡിക്കൽ കോളേജുകൾ, മുപ്പത്താറ് താലൂക്ക് ആശുപത്രികൾ, മൂന്ന് കുഷ്ഠരോഗ ആശുപത്രികൾ, അറുപത്തിയേഴു ഇടനില (intermediary) ആശുപത്രികൾ, ഒരു കണ്ണാശുപത്രി എന്നിവ ഉൾപ്പെടുന്നു. കൂടാതെ 105 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, 944 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പ്രൈമറി ഹെൽത്ത് സെന്ററുകൾ), 5,094 സബ് സെന്ററുകളുമാണ് ഉണ്ടായിരുന്നു. ഒരു ലക്ഷം പേ‍ർക്ക് 139 കിടക്കകളും ആണ് ഈ നൂറ്റാണ്ടി​ന്റെ തുടക്കത്തിൽ കേരളത്തിലുണ്ടായിരുന്നത്.

കാലക്രമത്തിൽ കാത്ത് ലാബുകൾ, ഡയാലിസിസ് യൂണിറ്റുകൾ, സ്ട്രോക്ക് യൂണിറ്റുകൾ തുടങ്ങിയ ആരോഗ്യ സംവിധാനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തി.

2025 ആയപ്പോഴേക്കും ആരോഗ്യ വകുപ്പി​ന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ മാത്രമുള്ള ആരോ​ഗ്യ സ്ഥാപനങ്ങളുടെ എണ്ണം 1,288 ആയി. ഇവയിൽ ആകെ 38,525 കിടക്കകളുണ്ട്. 6,545 ഡോക്ടർമാർ, 14,378 നഴ്സുമാർ, 7,312 പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണുള്ളത്. 849 പ്രൈമറി ഹെൽത്ത് സെന്ററുകളും ഫാമിലി ഹെൽത്ത് സെന്ററുകളും, 226 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററുകളും , 88 താലൂക്ക് ആസ്ഥാനം ആശുപത്രികൾ, 18 ജില്ലാ ആശുപത്രികൾ, 18 ജനറൽ ആശുപത്രികൾ, മൂന്ന് മാനസികാരോഗ്യ ആശുപത്രികൾ, 10 വനിതാ-ശിശു ആശുപത്രികൾ, മൂന്ന് കുഷ്ഠരോഗ ആശുപത്രികൾ, 14 ക്ഷയരോഗ ആശുപത്രികൾ, രണ്ട് പ്രത്യേക ആശുപത്രികൾ, 57 മറ്റ് ആശുപത്രികൾ എന്നിവയും ഈ ശൃംഖലയിലുണ്ട്. മെഡിക്കൽ കോളേജുകളുടെ എണ്ണം 14 ആയി വർദ്ധിച്ചു, കിടക്കകളുടെ എണ്ണം16,000 വർദ്ധിച്ചു. ഇടുക്കിയില്‍ കൂടി കാത്ത് ലാബ് സജ്ജമാകുന്നതോടെ രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും.

2024 സാമ്പത്തിക അവലോകന റിപ്പോ‍ർട്ട് പ്രകാരം ആധുനിക വൈദ്യശാസ്ത്ര ശാഖയിലെ സർക്കാർ മേഖലയിലെ ആകെ കിടക്കകളുടെ എണ്ണം 54,092 ആയി. കേരളത്തിന്റെ ആരോഗ്യ സൂചികകൾ, ഉയർന്ന സാക്ഷരത, ശക്തമായ പൊതുആരോഗ്യ പ്രവർത്തനം, മാതൃ-ശിശു സംരക്ഷണത്തിൽ സമഗ്രമായ സമീപനം എന്നിവയെ അടിസ്ഥാനമാക്കി, സംസ്ഥാനത്തിന് പൊതുജനാരോഗ്യ അടിയന്തരാവസ്ഥകളെ താരതമ്യേന ഫലപ്രദമായി നേരിടാൻ കഴിഞ്ഞിട്ടുണ്ട്. 2018-19-ലെ നിപ്പാ വൈറസ് ബാധയും 2020-22-ലെ കോവിഡ്-19 മഹാമാരിയും കേരളം പ്രതിരോധിച്ച രീതി ഇതിന് ഉദാഹരണമായി കാണാം. 2023–24-ൽ സർക്കാർ ആശുപത്രികളിൽ, പ്രൈമറി, കമ്മ്യൂണിറ്റി, താലൂക്ക്, ജില്ലാ ആശുപത്രികൾ ഉൾപ്പെടെ, 11.29 കോടി രോഗികൾ ചികിത്സ തേടിയിട്ടുണ്ട്.

ഈ നേട്ടങ്ങൾക്കിടയിലും 2000-ലും 2024-ലും പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകനങ്ങൾ സൂചിപ്പിക്കുന്നത് പല ആരോഗ്യ ലക്ഷ്യങ്ങളും ഇതുവരെ കൈവരിച്ചിട്ടില്ലെന്നതാണ്. 2001-ലെ സാമ്പത്തിക അവലോകനം, മൂന്നാം തലത്തിലുള്ള സ്ഥാപനങ്ങൾക്ക് (മെഡിക്കൽ കോളജുകൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ പോലുള്ളവ) കൂടുതൽ സ്വയംഭരണവും, രോഗനിർണയ-ചികിത്സാ പ്രോട്ടോകോളുകളുടെ വികസനവും, മരുന്നുകളുടെ ചെലവ് കുറയ്ക്കാൻ ജനറിക് മരുന്നുകളുടെ പ്രചാരവും ആവശ്യമാണ് എന്ന് നിർദ്ദേശിച്ചിരുന്നു. ഈ വിഷയങ്ങൾ അഭിമുഖീകരിക്കുകയോ പരിഹരിക്കപ്പെടുകയോ ചെയ്തില്ല.അതുകൊണ്ട് തന്നെ ചികിത്സാ മേഖലയിൽ ഇത് കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിച്ചേ‍ർന്നു.

കേരളം തുടർച്ചയായ വർഷങ്ങളിലായി (ഉദാഹരണത്തിന്, 2022, 2023) രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് സൗജന്യ വൈദ്യചികിത്സ നൽകുന്നതിന് കേന്ദ്ര സർക്കാർ നൽകുന്ന ആരോഗ്യ മന്തൻ അവാർഡ് നേടിയിട്ടുണ്ട്. ഈ വമ്പിച്ച സൗജന്യ ചികിത്സാ പദ്ധതികളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ സംവിധാനം പലപ്പോഴും ബുദ്ധിമുട്ടുന്നു, ഇത് പൊതു, സ്വകാര്യ ആശുപത്രികൾക്ക് നൽകേണ്ട റീഇംബേഴ്‌സ്‌മെന്റിൽ കുടിശ്ശിക വരുത്തുന്നു.

കേരളത്തിന്റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ 5.2 ശതമാനം ആരോഗ്യത്തിനായി ചെലവഴിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തെ ഏറ്റവും ഉയർന്ന ഔട്ട്-ഓഫ്-പോക്കറ്റ് ചെലവുകൾ രേഖപ്പെടുത്തുന്നത് കേരളമാണ്. ഓരോ വ്യക്തിക്കും അവരുടെ കൈയ്യിൽ നിന്നും ശരാശരി 7,889 രൂപ ചെലവാകുന്നു. മൊത്തം ആരോഗ്യ ചെലവിന്റെ ഏകദേശം 68 ശതമാനവും വ്യക്തികൾ തന്നെ വഹിക്കേണ്ടി വരുന്നു. ഇത് ആരോഗ്യ സംരക്ഷണ രംഗത്ത് വ്യക്തികൾക്ക് മേൽ വരുന്ന സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നു. ഇത് കേരളത്തിലെ ആരോ​ഗ്യ പരിരക്ഷാ മേഖലയിലെ വലിയ പോരായ്മയെ വെളിപ്പെടുത്തുന്നതാണ്.

ദീർഘകാല രോഗങ്ങളുള്ള രോഗികൾക്ക്, പ്രത്യേകിച്ച് കാൻസർ രോഗികൾക്ക്, സാമ്പത്തിക ഭാരം വളരെ കൂടുതലാണ്. കാൻസർ ബാധിതരുള്ള വീടുകളിൽ മൂന്നിൽ ഒന്നിൽ, വാർഷിക പ്രതിശീ‍ർഷ വരുമാനത്തിന്റെ പകുതിയിലധികം ആശുപത്രി ചെലവുകൾക്കായി മാറ്റി വെക്കേണ്ടി വരുന്നു. പൊതുജനാരോഗ്യ സംവിധാനത്തിൽ സൗജന്യ സേവനങ്ങൾ ലഭ്യമായിട്ടും, കാൻസർ രോഗികളിൽ വെറും 40 ശതമാനം പേർ മാത്രമാണ് ചികിത്സാ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നത്. കേരളത്തിലെ മരുന്നുകളുടെ പ്രതിശീർഷ ചെലവ് 2,567 രൂപ ആണ്. രാജ്യത്ത് വർഷംതോറും ഉൽപ്പാദിപ്പിക്കുന്ന ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള മരുന്നുകളിൽ 10 ശതമാനവും കേരളത്തിലാണ് ഉപയോഗിക്കുന്നത്.

കേരളത്തിൽ പ്രത്യക്ഷമായിട്ടുള്ള ആശങ്കാജനകമായൊരു പ്രവണതയാണ് സർക്കാർ ആശുപത്രികളിലെ ഇൻപേഷ്യന്റ് പ്രവേശനങ്ങളുടെ കുറവ്. 2014–15-ൽ 14.18 ലക്ഷം ആയിരുന്നത് 2023–24-ൽ 7.56 ലക്ഷം ആയി കുറഞ്ഞിട്ടുണ്ട്. അതുപോലെ, പ്രധാന ശസ്ത്രക്രിയകളുടെ എണ്ണം 2015–16-ൽ 1,01,953 ആയിരുന്നത് 2023–24-ൽ 89,775 ആയി കുറഞ്ഞിട്ടുണ്ട്. ഇത് രോ​ഗത്തിലെ കുറവല്ല, മറിച്ച് സ‍ർക്കാർ ആശുപത്രികളിൽ നിന്നുള്ള സേവനങ്ങളിൽ നിന്ന് സ്വകാര്യ ആശുപത്രികളിലെ സേവനങ്ങളിലേക്കുള്ള പ്രവേശന വർദ്ധനവ്. ആധുനിക വൈദ്യശാസ്ത്ര ശാഖയോടുള്ള വിമുഖത, മറ്റ് ആരോ​ഗ്യ മേഖലകളിലേക്കുള്ള മാറ്റം, പൊതുവിൽ അശാസ്ത്രീയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചില രീതികളിലേക്ക് മാറാനുള്ള പ്രവണതകൾ എന്നിവ ഇതിന് ഒരു കാരണമായിട്ടുണ്ടാകാം.

കേരള മോഡലിന്റെ പല ഘടകങ്ങൾ വെല്ലുവിളി നേരിടുന്ന കാലഘട്ടം കൂടെയാണിത്. ഉയർന്ന ആത്മഹത്യാനിരക്ക്, ഉയർന്ന ചികിത്സാചെലവ്, വാക്സിൻ വിമുഖത എന്നിവയുൾപ്പെടെയുള്ള പുതിയ പ്രശ്നങ്ങൾ കേരള മോഡലിന്റെ നിലനിൽപ്പിനെ വെല്ലുവിളിക്കുന്നു. ഒരിക്കൽ നിതി ആയോഗിന്റെ ദേശീയ ആരോഗ്യ റാങ്കിങ്ങിൽ ഒന്നാമതായിരുന്ന കേരളം ഇപ്പോൾ ഏഴാമതായിരിക്കുകയാണ്.

2020–21ൽ ആത്മഹത്യാനിരക്ക്, അപകടനിരക്ക്, ഔട്ട് ഓഫ് പോക്കറ്റ് ചെലവ് എന്നീ മൂന്നു പുതിയ സൂചികകൾ ചേർത്തതോടെ സംസ്ഥാനത്തിന്റെ റാങ്കിങ് താഴോട്ടു പോയി. 2023–24 ലെ സൂചികയിൽ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് 92 ശതമാനത്തിൽ നിന്ന് 85.4 ശതമാനമായി താഴ്ന്നതും ആശുപത്രിയിലെ പ്രസവനിരക്ക് 99.90 ശതമാനത്തിൽ നിന്ന് 99.85 ശതമാനമായി താഴ്ന്നതും കൂടി ഈ ഇടിവിന് കാരണമായി. ആരോഗ്യമേഖലാ ചെലവിന്റെ ജി എസ് ഡി പി (GSDP) വിഹിതം 2022–23ൽ 2.30 ശതമാനമായിരുന്നതിൽ നിന്ന് 2023–24ൽ 1.66 ശതമാനമായി കുറഞ്ഞു.

ഇത്തരം പരിമിതികളും പ്രതിസന്ധികളും ഉണ്ടെങ്കിലും കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങളിൽ ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ കുറച്ചു കാണേണ്ടതില്ല. ആരോഗ്യം ഒരു പൊതുസാമ്പത്തിക നേട്ടമായി കണക്കാക്കി സർക്കാരും സമൂഹവും ഈ മേഖലയിൽ നടത്തിയ ഇടപെടലുകളെ അത് പ്രതിഫലിപ്പിക്കുന്നു. എങ്കിലും ഈ നേട്ടം നിലനിർത്താൻ കാര്യക്ഷമത, ഉൾക്കൊള്ളൽ, സാമ്പത്തിക പര്യാപ്തത എന്നിവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്.

കൂടുതൽ ചെലവിടലും ആശുപത്രികളും മാത്രമല്ല, ഓരോ പൗരനും സാമ്പത്തിക ഭാരമില്ലാതെ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്നതാണ് സംസ്ഥാനം ഇനി മുന്നിൽ കാണേണ്ടുന്ന ലക്ഷ്യം. കേരളത്തിലെ ആരോ​ഗ്യരം​ഗത്തെ മുന്നോട്ടുള്ള നയങ്ങൾ രൂപീകരിക്കുമ്പോൾ രോ​ഗാതതുരത കൂടിയ സംസ്ഥാനം എന്ന നിലയിൽ രോ​ഗ പ്രതിരോധ പരിചരണത്തിൽ ഊന്നൽ നൽകിക്കൊണ്ട് വേണം.

ന്യായമായ ധനസഹായവും പരിഷ്‌കാരാധിഷ്ഠിതമായ നയങ്ങളും നവീകരണത്തിലും പ്രതിരോധആരോഗ്യത്തിലും തുടർച്ചയായ നിക്ഷേപവും ഉറപ്പാക്കാൻ കഴിഞ്ഞാൽ മാത്രമേ കേരളത്തിന് വീണ്ടും ഇന്ത്യയിലെ പൊതുജനാരോഗ്യ രംഗത്തെ മുൻനിര സ്ഥാനത്ത് തിരിച്ചെത്താൻ സാധിക്കുകയുള്ളൂ.

According to the NITI Aayog, Kerala's healthcare sector has slipped from first place to seventh place

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്തിമ തീരുമാനം എടുത്തിട്ടില്ല'; ചണ്ഡിഗഡ് ഭരണഘടനാ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍

ഒറ്റ ചേരുവ മതി, കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Samrudhi SM 30 lottery result

കൈക്കണക്കല്ല വേണ്ടത്, ദിവസവും ഉപയോ​ഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര?

ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ചില ഇൻഡോർ സസ്യങ്ങൾ

SCROLL FOR NEXT