മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ആശങ്കകളും വിവാദങ്ങളും ഏതൊരു കാലവര്‍ഷത്തിലുമെന്നവണ്ണം ഇക്കുറിയും അവിടവിടെ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിന് മുകളിലേക്ക് വീണേക്കാവുന്ന ജലബോംബ് എന്ന് ഒരു വിഭാഗം പറയുമ്പോള്‍, ഡാമിന്റെ ശക്തിക്ക് യാതൊരു കോട്ടവുമില്ലെന്നു മറുവിഭാഗം വാദിക്കുന്നു. ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കാത്തത് 999 വര്‍ഷം നീളുന്ന പാട്ടക്കരാര്‍ അസ്വാഭിവകം ആയിരുന്നു എന്ന് മാത്രമാണ്. കോളനിവത്കരണം എത്രത്തോളം ഈ അണക്കെട്ടിന്റെ ഉത്ഭവത്തെ സ്വാധീനിച്ചു എന്നത് പഠനവിധേയമാക്കേണ്ട വസ്തുതയാണ്. അത്തരമൊരു കരാറിന് പിന്നില്‍ എന്തൊക്കെ രാഷ്ട്രീയ ചരടുവലികളാണ് നടന്നതെന്ന് ഉറ്റുനോക്കേണ്ടത് ഈ സാഹചര്യത്തില്‍ തീര്‍ത്തും ഉപകാരപ്രദവുമാണ്.
പ്രയോജനപ്പെടുത്താം, 'പാഴായിപ്പോവുന്ന' ജലം
ജല ലഭ്യത ഏറെയുള്ള പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ വശത്തുനിന്നും, ജലദൗര്‍ലഭ്യം നേരിടുന്ന കിഴക്കന്‍ ഭാഗങ്ങളിലേക്ക്, കുറച്ചുകൂടെ വ്യക്തമാക്കിയാല്‍ പെരിയാറ്റിലെ ജലം വൈഗയില്‍ എത്തിക്കല്‍ ബ്രിട്ടീഷ് ഭരണം വരുന്നതിനുമെത്രയോ മുന്‍പ് രാമനാട് അടക്കമുള്ള പ്രദേശങ്ങളില്‍ പരിഗണനാവിഷയം ആയിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അതിനുള്ള സാദ്ധ്യതകള്‍ വിരളവുമായിരുന്നു. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ പെരിയാറില്‍ അണ കെട്ടി പഴയ മധുര മേഖലക്ക് ജലലഭ്യത ഉറപ്പാക്കുന്നത് ആലോചിച്ചു തുടങ്ങിയിരുന്നു. കമ്പം താഴ്വരയിലെ ജനങ്ങള്‍ അങ്ങോട്ടേക്കുള്ള നല്ല വഴികാട്ടികള്‍ ആയപ്പോള്‍, മുല്ലപ്പെരിയാര്‍ അണക്കെട്ട് വരുന്നതിന് ഏതാണ്ട് മുപ്പത് കൊല്ലം മുന്നെ ബ്രിട്ടീഷുകാര്‍ക്ക് ആ നദിയുടെ സാധ്യതകളും ഭൂപ്രദേശത്തിന്റെ കിടപ്പും വ്യക്തമായി. അതേസമയം, ഘോരവനത്തിനുള്ളിലെ മനുഷ്യവാസമില്ലാത്ത ആ പ്രദേശത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കാന്‍ തിരുവിതാംകൂറിനു പരിമിതികള്‍ ഉണ്ടായെന്നു മനസ്സിലാക്കണം.
1862 ഓഗസ്റ്റ് മാസം മദ്രാസ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ലെഫ്. കേണല്‍ ആക്റ്റര്‍ലോണി പെരിയാര്‍ പദ്ധതിയുടെ രൂപരേഖ നവംബറോടെ പൂര്‍ത്തിയായേക്കുമെന്നും, അടുത്തകൊല്ലത്തെ പൊതുമരാമത്തു ബജറ്റില്‍ വകയിരുത്താന്‍ സാധിച്ചേക്കുമെന്നു പ്രത്യാശപ്പെടുന്നു. കൗതുകമെന്തെന്നാല്‍, അതിനു കൃത്യം ഒരു മാസത്തിനു ശേഷമാണ് തിരുവിതാംകൂര്‍ ദിവാന്‍ സര്‍. ടി. മാധവറാവുവിന് ഇതേസംബന്ധിച്ചു ആദ്യത്തെ കത്ത് ലഭിക്കുന്നത്. വളരെ ആകര്‍ഷകമായ പദ്ധതിയായി ആണ് ഇത് തിരുവിതാംകൂര്‍ സര്‍ക്കാരിനോട് അവതരിപ്പിക്കപ്പെട്ടത്. രണ്ടു സര്‍ക്കാരുകള്‍ക്കും പ്രയോജനം ഉണ്ടായേക്കാവുന്ന ഒരു പദ്ധതിയോടു ന്യായമായും തിരുവിതാംകൂറിനു എതിര്‍പ്പ് വരേണ്ട കാര്യമില്ലായെന്നു ദിവാന്‍ മാധവ റാവു പ്രതികരിച്ചു. എന്നാല്‍ അത്തരമൊരു നിലപാടില്‍ പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ അക്ഷമരായി. തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റ് (പ്രതിനിധി) ഫിഷര്‍ വ്യക്തമായ മറുപടി തേടുകയും അനുകൂല കാലാവസ്ഥ മാറുന്നതിനു മുന്‍പേ പരിശോധന നടത്തേണ്ട ആവശ്യകതയും അറിയിച്ചു. ഇത്രയും കാലം 'ഉപയോഗശൂന്യമായി പാഴാക്കിക്കളഞ്ഞ' ജലത്തെയോര്‍ത്തു ഫിഷര്‍ പരിതപിച്ചു.
വേനല്‍ക്കാലത്തു കുളിക്കാന്‍ പോലും വെള്ളം ലഭിക്കാത്ത ആലുവ പെരിയാര്‍ അണക്കെട്ടുന്നതോടെ മണലാരണ്യമായേക്കുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു
ദിവാന്‍ മാധവറാവു 1863 ല്‍ എന്‍ജിനീയറിങ് പരിശോധനകള്‍ക്കു അനുമതി നല്‍കുകയും, മദ്രാസ് സര്‍ക്കാര്‍ നടത്തുന്ന ചെലവുകള്‍ക്കായി അഞ്ചു ശതമാനം പലിശയോടെ ലാഭത്തില്‍ നിന്ന് കുറച്ചശേഷം, ബാക്കി വരുന്ന ഈ ജലസേചനത്തില്‍ കൂടെ ലഭിക്കാവുന്ന ലാഭം രണ്ടു സര്‍ക്കാരും തുല്യമായി വീതിക്കണം എന്ന് വ്യവസ്ഥ വച്ചു. അതേസമയം പദ്ധതിയുടെ സാധുതയെപ്പറ്റി ആരാഞ്ഞപ്പോള്‍ തികച്ചും സാങ്കേതികമായ അനുമതിയാണ് അന്നത്തെ തിരുവിതാംകൂര്‍ എന്‍ജിനീയര്‍ വാല്‍ത്യു ക്ലാരന്‍സ് ബാര്‍ട്ടന്‍ നല്‍കിയത്. എന്നാല്‍ ഈ പദ്ധതി തിരുവിതാംകൂറിനെ എങ്ങനെ ബാധിക്കുമെന്നോ, ജലവിഭവത്തിനും കാര്‍ഷികരംഗത്തിനും ഉണ്ടാക്കിയേക്കാവുന്ന ശോഷണത്തെപ്പറ്റിയോ ബാര്‍ട്ടന്‍ തന്റെ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചില്ല. മാത്രവുമല്ല, ജലം നല്‍കുന്നത് തിരുവിതാംകൂറിനു ഗുണകരമാണെന്നുള്ള റിപ്പോര്‍ട്ട് ബാര്‍ട്ടന്‍ നേരിട്ട് ബ്രിട്ടീഷ് റസിഡന്റിനു സമര്‍പ്പിക്കുകയായിരുന്നു. 1867 ല്‍ ക്യാപ്റ്റന്‍ റീവ്‌സ് പെരിയാറില്‍ ഒരു അണ കെട്ടുന്നതിന് രൂപരേഖ തയ്യാറാക്കിയെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. 1868 ല്‍ അത്തരം ഒരു പദ്ധതിയില്‍ കൂടെ തിരുവിതാംകൂറിനു വലിയ ജലനഷ്ടം ഉണ്ടാകുന്നില്ലായെന്നും, പകരം ജലത്തിന്റെ ആധിക്യമാകും വലിയ നഷ്ടം വരുത്തിവെക്കുകയെന്നും ബ്രിട്ടീഷുകാര്‍ വാദിച്ചു. വാദപ്രതിവാദങ്ങളുമായി മുന്നിലേക്ക് പോയ ഈ പദ്ധതി 1876 - 78 കാലഘട്ടത്തില്‍ മദ്രാസില്‍ ഉണ്ടായ ക്ഷാമത്തെ തുടര്‍ന്ന് വീണ്ടും ചര്‍ച്ചാവിഷയമായി.
ഒരു കൊളോണിയല്‍ ചതി
പെരിയാറിലെ ജലം അണ കെട്ടി തിരിച്ചുവിടുന്നതിന്റെ ആഘാതങ്ങള്‍ പഠിക്കുന്നതില്‍ തിരുവിതാംകൂറിനു കടുത്ത വീഴ്ചയുണ്ടായി എന്ന് പറയാം. ബാര്‍ട്ടന്റെ റിപ്പോര്‍ട്ടിന് ശേഷം ഏതാണ്ട് ഒന്നരപ്പതിറ്റാണ്ടു കഴിഞ്ഞു 1881ല്‍ ആണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഒരു അന്വേഷണത്തിന് മുതിര്‍ന്നത്. ഫോറെസ്‌റ് കണ്‍സര്‍വേറ്റര്‍ വെര്‍ണാഡ്, ചീഫ് എന്‍ജിനിയര്‍ ജേക്കബ്, ദിവാന്‍ പേഷ്‌കാര്‍ രാമറാവു എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ തിരുവിതാംകൂറിനു കനത്ത നഷ്ടമായിരിക്കും ഈ പദ്ധതിവഴി ഉണ്ടാകുക എന്ന് ബോധ്യപ്പെട്ടു. നൂറടി വീതിയില്‍ ഒഴുകുന്ന പെരിയാറും, 74 അടി വീതിയില്‍ ഒഴുകുന്ന മുല്ലയാറും ചേരുന്ന മുല്ലത്താവളത്തില്‍ അണകെട്ടുന്നതോടെ പെരിയാറിലെ ജലലഭ്യത വളരെ കുറയുമെന്നും, മലയാറ്റൂര്‍ മുതല്‍ കൊച്ചിവരെയുള്ള നെല്‍കൃഷിയെ ബാധിക്കുമെന്നും കണ്ടെത്തി. ദിവാന്‍ പേഷ്‌കാര്‍ രാമറാവു ആണ് ഏറ്റവും രൂക്ഷമായ ഭാഷയില്‍ 1882 ലെ റിപ്പോര്‍ട്ടില്‍ പ്രതികരിച്ചത്. വേനല്‍ക്കാലത്തു കുളിക്കാന്‍ പോലും വെള്ളം ലഭിക്കാത്ത ആലുവ പെരിയാര്‍ അണക്കെട്ടുന്നതോടെ മണലാരണ്യമായേക്കുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. 'പാഴാക്കിക്കളയുന്ന' ഈ ജലമാണ് വടക്കന്‍ തിരുവിതാംകൂര്‍ മേഖലയുടെ കാര്‍ഷിക അഭിവൃദ്ധിക്ക് കാരണമെന്നു സൂക്ഷ്മപരിശോധനയിലെ മനസ്സിലാകുവെന്നും, എത്ര രൂപ ലഭിച്ചാലും ജനങ്ങളും നാടും അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്നും രാമറാവു എഴുതി.
ഈ കത്തിടപാടുകള്‍ നടക്കുന്നതിന്റെയിടയില്‍ ദിവാനായി രാമയ്യങ്കാര്‍ ചുമതലയേല്‍ക്കുകയും, തിരുവിതാംകൂറിന്റെ ഉദ്യോഗസ്ഥര്‍ പറഞ്ഞത് പരിശോധിക്കുന്നതിലേക്കായി പെരിയാറിലെ ജലത്തെ ഈ പദ്ധതി എങ്ങനെ ബാധിക്കുമെന്ന് പഠിക്കുന്നതിന് ഒരു എന്‍ജിനീയറുടെ സേവനം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത്തരം ആവശ്യം നിരാകരികരിക്കുന്ന നിലപാട് ആണ് അന്നത്തെ മദ്രാസ് ചീഫ് എന്‍ജിനീയര്‍ മേജര്‍ പെനിക്യൂക്ക് സ്വീകരിച്ചത്. അനാവശ്യമായ ധനചെലവും, അതിലുപരി പദ്ധതിയെ എന്നെന്നേക്കുമായി അവസാനിപ്പിക്കാനുമേ ഈ നിലപാട് സഹായിക്കുകയുള്ളുവെന്നു പറഞ്ഞ ചീഫ് എന്‍ജിനീയറുടെ നിലപാടിനോട് മദ്രാസ് സര്‍ക്കാര്‍ യോജിച്ചു. അണക്കെട്ടു വരുമെന്ന ബ്രിട്ടീഷ് പരമാധികാരത്തിന്റെ ഹുങ്ക് പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ചര്‍ച്ചകളുടെ തുടക്കത്തില്‍ പറഞ്ഞിരുന്ന പകുതി ലാഭം, ആറ് ലക്ഷമായി കുറഞ്ഞു, ഒടുവില്‍ വര്‍ഷം നാല്പതിനായിരം എന്ന സംഖ്യയിലെത്തി. പെരിയാര്‍ തടാകം ഒരു ഗതാഗത സംവിധാനം ആകുമെന്നും, അതിനെച്ചുറ്റി സ്ഥിരതാമസമാക്കുന്നവരാല്‍ വെള്ളത്തിനടിയിലായ ഭൂമിയെക്കാള്‍ മൂല്യമുള്ള പ്രദേശങ്ങള്‍ സൃഷ്ടിക്കാമെന്നുമുള്ള വാഗ്ദാനം മിച്ചമായി. തിരുവിതാംകൂര്‍ നല്‍കുന്ന ഭൂമിക്ക് പകരമായി അഞ്ചുതെങ്ങും, തങ്കശ്ശേരിയും ബ്രിട്ടീഷുകാര്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥ അവസാന നിമിഷം റദ്ദ് ചെയ്തു. ഒടുവില്‍ കരാറിന്റെ കരട് പെരിയാറില്‍ നിന്ന് റസിഡന്റ് ഹാന്നിങ്ടണ്‍ തിരുവന്തപുരത്തേക്ക് മഹാരാജാവിന്റെ അനുമതിക്കായി അയച്ചു. എന്നാല്‍ അധികം വൈകാതെ ബ്രിട്ടീഷ് പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ പരമാവധി പിടിച്ചുനിന്ന ശ്രീവിശാഖം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് 1885 ഓഗസ്റ്റ് 4 നു തന്റെ നാല്പത്തിയെട്ടാം വയസ്സില്‍ നിര്യാതനായി.
മേല്പറഞ്ഞ വ്യവസ്ഥയില്‍ എണ്ണായിരം ഏക്കര്‍ ഭൂമിയും, പെരിയാര്‍ പദ്ധതിയുടെ ആവശ്യത്തിന് വേറൊരു നൂറേക്കറും, ആ ഭൂമിയില്‍ എല്ലാവിധത്തിലുമുള്ള നിര്‍മാണങ്ങള്‍ നടത്തുവാനും, അതിലെ വൃക്ഷ-മത്സ്യ സമ്പത്ത് അനുഭവിക്കാനും, ഉള്ള അവകാശം തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പതു വര്‍ഷത്തേക്ക് 1886 ജനുവരി ഒന്ന് മുതല്‍ നല്‍കികൊണ്ട് പെരിയാര്‍ പാട്ടക്കരാര്‍ 1886 ഒക്ടോബര് 29 നു ഒപ്പുവെച്ചു. തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാളിന്റെ നിര്‍ദേശാനുസരണം ദിവാന്‍ രാമയ്യങ്കാറും, സെക്രട്ടറി ഓഫ് സ്റ്റേറ്റിന് വേണ്ടി മദ്രാസ് ഗവര്‍ണറുടെ നിര്‍ദേശാനുസരണം റസിഡന്റ് ഹാന്നിങ്ടണും ആണ് കരാറില്‍ ഒപ്പുവെച്ചത്.
ബ്രിട്ടീഷ് പരമാധികാരം ഒരു നാട്ടുരാജ്യത്തെ ഞെരുക്കുമ്പോള്‍...
അണക്കെട്ടിന്റെ നിര്‍മാണം ആരംഭിച്ചയുടനെ അതിന്റെ ശേഷി വര്‍ധിപ്പിക്കണമെന്ന് മദ്രാസ് സര്‍ക്കാര്‍ തിരുവിതംകൂറിനുമുകളില്‍ സമ്മര്‍ദം ചെലുത്തി. കാലവിളംബമുണ്ടാകാതിരിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അനുമതി പ്രതീക്ഷിച്ചു മുന്നിലേക്ക് പോകാന്‍ വെമ്പല്‍ കൊണ്ട ബ്രിട്ടീഷ് എന്‍ജിനീയറും, ഗത്യന്തരമില്ലാതെ കരാറിന് അനുസൃതമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നിലേക്കുപോകുന്നതിനു അനുമതി നല്‍കുന്ന ദിവാനെയും ചരിത്രരേഖകളില്‍ നമുക്ക് കാണാം. അധിക ഭൂമി ആവശ്യപ്പെടുന്ന ബ്രിട്ടീഷ് സര്‍ക്കാരും, കൈവശപ്പെടുത്തിയ ഭൂമിക്ക് നല്കാമെന്നേറ്റ തുക നല്‍കാതെ തര്‍ക്കിക്കുന്ന കൊളോണിയല്‍ ധിക്കാരവും മുല്ലപ്പെരിയാര്‍ നിര്‍മ്മാണകാലഘട്ടത്തില്‍ ഉണ്ടായി.
ഏറ്റവും വിരോധാഭാസമായി നമുക്ക് തോന്നുന്നത് പെരിയാര്‍ തടാകത്തിന്റെ വൃഷ്ടിപ്രദേശത് ജലലഭ്യത ഉറപ്പാക്കാന്‍ തിരുവിതംകൂര്‍ സര്‍ക്കാര്‍ വനപരിപാലനം ചെയ്യുന്നില്ല എന്ന ബ്രിട്ടീഷ് വാദമാണ്. ഇവിടുത്തെ വനങ്ങള്‍ കാട്ടുതീയില്‍ നിന്നും മരംമുറിയില്‍ നിന്നും സംരക്ഷിക്കേണ്ട ഉത്തരവാദിത്തക്കുറിച്ച് വാചാലനായി. അതേക്കുറിച്ചു അന്വേഷിക്കാന്‍ നിയുക്തനായ കാര്‍ഡമം ഹില്‍സ് (ഏലമല) ജില്ലാ മജിസ്ട്രേറ്റ് ജെ. എസ്. സീലി അവിടെ നടന്ന മരം മുറിയുടെ ഉത്തരവാദി ബ്രിട്ടീഷ് പൊതുമരാമത്തു വകുപ്പാണെന്നു കണ്ടെത്തി. പെരിയാര്‍ തടാകത്തിന്റെ വൃഷ്ടിപ്രദേശം 1886 ലെ കരാറില്‍ ഉള്‍പ്പെട്ടതാണ് എന്നും, വൃഷ്ടിപ്രദേശത്തുള്‍പ്പെടുന്ന ഏതാണ്ട് 238 ഏക്കര്‍ ഏലത്തോട്ടം ഒഴിപ്പിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‌കേണ്ടിവരുമെന്നു സീലി 1905 ല്‍ ദിവാന്‍ വി. പി. മാധവറാവുവിനെ ധരിപ്പിച്ചു. വൃഷ്ടിപ്രദേശത്തെ വനസംരക്ഷണം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥനെ നിയമിക്കാമെന്ന് തിരുവിതാംകൂറിന്റെ ഉറപ്പും ബ്രിട്ടീഷ് സര്‍ക്കാര്‍ നിരാകരിച്ചു, പകരം ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനെ നിയമിക്കണം എന്ന് ശഠിച്ചു. അത്തരത്തില്‍ ഒരു തീരുമാനമുണ്ടായാല്‍ കാലക്രമേണ ആ പ്രദേശം മദ്രാസ് സര്‍ക്കാരിന് വിട്ടുനല്‍കേണ്ടി വരുമെന്ന് തിരുവിതംകൂര്‍ ലോ ഓഫീസര്‍ ഐ. എച്ച്. പ്രിന്‍സ് മുന്നറിയിപ്പ് നല്‍കി. മൂന്നുവര്‍ഷം കഴിഞ്ഞു ദിവാന്‍ പി. രാജഗോപാലാചാരി വനസംരക്ഷണപ്രവര്‍ത്തനങ്ങളുടെ ചെലവ് ബ്രിട്ടീഷ് സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറാകണമെന്നും, അങ്ങനെ ആയാല്‍ തിരുവിതംകൂര്‍ വനംവകുപ്പിന്റെ തീരുമാനങ്ങളില്‍ മദ്രാസ് സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ ആരായുന്നതില്‍ സന്തോഷമേയുള്ളുവെന്നും അറിയിച്ചു. ഏലത്തോട്ടങ്ങളുടെ പട്ടയം ആവശ്യപ്പെട്ടുള്ള തിരുവിതാംകൂറുകാരുടെ അപേക്ഷകള്‍ ജില്ലാ റവന്യു ഓഫീസര്‍ റോബിന്‍സണ്‍ അനുഭാവപൂര്‍വം പരിഗണിച്ചപ്പോള്‍, ബ്രിട്ടീഷ് ശുപാര്‍ശയോടെ നിയമിതനായ ഫോറെസ്‌റ് കണ്‍സര്‍വേറ്റര്‍ വി. സുബ്രമണ്യ അയ്യര്‍ പട്ടയവിതരണത്തെ നഖശിഖാന്തം എതിര്‍ത്തു. അത്ഭുതമൊന്നുമുണ്ടാകാതെ പെരിയാര്‍ തടാകത്തെ ചുറ്റി ഉണ്ടാകുന്ന തിരുവിതംകൂറുകാരുടെ തോട്ടങ്ങള്‍ സ്വപ്നമായി തന്നെ തുടര്‍ന്നു.
പാട്ടത്തിനു നല്‍കിയ ഭൂമിയുടെ പരമാധികാരം തിരുവിതാംകൂറില്‍ നിക്ഷിപ്തമായിരിക്കുമെന്ന വ്യവസ്ഥ കാറ്റില്‍ പറത്തിക്കൊണ്ട് തിരുവിതംകൂറിന്റെ കസ്റ്റംസ്-വന നിയമങ്ങള്‍ക്കു വിധേയരാകാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ആദ്യം കസ്റ്റംസ് സ്റ്റേഷനും പിന്നീട് തടി കടത്തല്‍ തടയാനായി സ്ഥാപിച്ച ഫോറെസ്‌റ് സ്റ്റേഷനും മാറ്റിച്ചു. തിരുവിതാംകൂറിനുള്ളില്‍ ആണെങ്കിലും ബ്രിട്ടീഷ് സര്‍ക്കാരാവശ്യത്തിനുള്ള തങ്ങളുടെ യാത്രവണ്ടികള്‍ വനം വകുപ്പടക്കമുള്ള ഏതൊരു തിരുവിതാംകൂര്‍ വകുപ്പിന്റെയും പരിശോധനക്ക് വിധേയമാക്കാന്‍ പറ്റില്ലായെന്നു ബ്രിട്ടീഷുദ്യോഗസ്ഥര്‍ ശഠിച്ചു. മഹാരാജാവിന്റെ അനുമതിയില്ലാതെ പെരിയാര്‍ പദ്ധതിയുടെ ക്യാമ്പിനെ ബ്രിട്ടീഷ് ഭരണപ്രദേശമാക്കി മാറ്റാന്‍ സാധിക്കുകയില്ല എന്നും, തിരുവിതംകൂറിലെ ബ്രിട്ടീഷ് പൗരര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും മദ്രാസ് ഗവര്‍ണര്‍ അറിയിച്ചു. അതേത്തുടര്‍ന്ന് പെരിയാര്‍-തേക്കടി ക്യാമ്പുകള്‍ ബ്രിട്ടീഷ് മജിസ്ട്രേറ്റിന്റെയും പൊലീസിന്റെയും നിയന്ത്രണത്തില്‍ താത്കാലികമായി കൊണ്ടുവരേണ്ടത് ഏറെ സൗകര്യപ്രദമാകുമെന്നും, അടിയന്തരപ്രാധാന്യത്തോടെ മഹാരാജാവിന്റെ പരിഗണനക്ക് ഈ വിഷയം എത്തിക്കണമെന്ന് റസിഡന്റ് ഹാന്നിങ്ടണ്‍ തിരുവിതംകൂര്‍ ദിവാനെ അറിയിച്ചു.
മധുരയിലെ ജനങ്ങള്‍ക്ക് ജലമുറപ്പാക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത തിരുവിതാംകൂര്‍ സര്‍ക്കാര്‍, കാര്യക്ഷമമായ പൊലീസ് സംവിധാനത്തെയും, വേണമെങ്കില്‍ ബ്രിട്ടീഷുകാരനായ മജിസ്ട്രേറ്റിനെയും നിയമിച്ചാല്‍ പോരേയെന്നു ആരാഞ്ഞു. എന്നാല്‍ ഈ തീരുമാനം പുനഃപരിശോധിക്കാനും എത്രയും വേഗം ആവശ്യപ്പെട്ട പ്രകാരമുള്ള ഇളവുകള്‍ നല്‍കണമെന്നും ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി ഹാന്നിങ്ടണ്‍ വാദിച്ചു. 1890ല്‍ ആ ആവശ്യവും ശ്രീമൂലം തിരുനാളിനെകൊണ്ട് അംഗീകരിപ്പിക്കാന്‍ ബ്രിട്ടീഷ് പരമാധികാരത്തിനു സാധിച്ചു. 1896 ജൂലൈ മാസം വരെ ഈ പ്രദേശങ്ങളില്‍ ഇന്ത്യന്‍ പീനല്‍ കോഡ്, ഇന്ത്യന്‍ ക്രിമിനല്‍ പ്രോസിഡറെ കോഡ്, ഇന്ത്യന്‍ പൊലീസ് ആക്ട് എന്നിവ ഏര്‍പ്പെടുത്തി.
മുല്ലപ്പെരിയാറും ജലവൈദ്യുതിയും
വളരെക്കാലമായി ബ്രിട്ടീഷ് സര്‍ക്കാര്‍ പെരിയാറിലെ ജലമുപയോഗിച്ചു വൈദ്യുതി ഉല്പാദിപ്പിക്കാന്‍ പദ്ധിതിയിട്ടിരുന്നു. പെരിയാര്‍ കരാര്‍ കഴിഞ്ഞു അധികം വൈകാതെ തന്നെ ജലവൈദ്യുതി ഉല്പാദിപ്പിക്കാന്‍ മദ്രാസ് കരുക്കള്‍ നീക്കി. ഗസറ്റിലടക്കം പരസ്യം ചെയ്യുകപോലും ചെയ്തു, എന്നാല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് ഇതേപ്പറ്റി യാതൊരു ധാരണയും നല്‍കിയിരുന്നില്ല. ഏലമലയില്‍ നിന്ന് കൂടുതല്‍ ജലം ആവശ്യപ്പെട്ടത് ഒരുപക്ഷെ ജലവൈദ്യുത ഉല്പാദനത്തിനായിരുന്നിരിക്കണം എന്നുവേണം അനുമാനിക്കാന്‍. 1917ല്‍ മുന്‍ മദ്രാസ് ചീഫ് എന്‍ജിനീയര്‍ ഗരെറ്റ് ജലവൈദ്യുത ഉല്പാദനത്തിനു സര്‍ക്കാരില്‍ നിന്ന് അനുമതി തേടിയെങ്കിലും അത് നടപ്പായില്ല. ആല്‍ഫ്രഡ് ഡിക്കന്‍സണ്‍ കമ്പനി പെരിയാറിന്റെ കൈവഴിയായ കല്ലാറില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. തിരുവിതാംകൂറിനു വൈദ്യുതി ആവശ്യകത ഇല്ലാതിരുന്നതിനാലും, മദ്രാസ് സര്‍ക്കാരിനുണ്ടായേക്കാവുന്ന പങ്കാളിത്തവും കല്ലാര്‍ പദ്ധതിക്ക് തടസ്സമായി. നിയമനിര്‍മാണ കൗണ്‍സിലില്‍ മദ്രാസ് സര്‍ക്കാര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന പെരിയാര്‍ ജലവൈദ്യുത പദ്ധതിയും കല്ലാറും തമ്മിലെ ലാഭ-നഷ്ട അനുമാനങ്ങളും ഉണ്ടായി.
1932 ലെ മദ്രാസ് സര്‍ക്കാരിന്റെ പ്രധാന നീക്കം തിരുവിതാംകൂര്‍ തല്‍ക്ഷണം എതിര്‍ത്തു. പെരിയാര്‍ കരാറിന്റെ അന്തസ്സത്തക്ക് നിരക്കാത്ത തീരുമാനം ആണിതെന്നും, ഒരുകാരണവശാലും കരാര്‍ പ്രകാരം പെരിയാര്‍ ജലത്തില്‍നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ സാധിക്കില്ലായെന്നും തിരുവിതാംകൂര്‍ വാദിച്ചു. എന്നാല്‍ പെരിയാറിലെ ജലം എന്തിനും ഉപയോഗിക്കാമെന്ന് മദ്രാസ് എതിര്‍വാദം ഉന്നയിച്ചു. 1886 മുതല്‍ 1923 വരെ എല്ലാ മദ്രാസ് ആവശ്യങ്ങളും റസിഡന്റിന്റെ ഓഫീസ് മുഖാന്തിരം നടപ്പാക്കുന്ന തന്ത്രം ഇവിടെ വിലപ്പോയില്ല. 1923ല്‍ ഇന്ത്യ ഗവണ്മെന്റിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായി തിരുവിതാംകൂര്‍ അടക്കമുള്ള നാട്ടുരാജ്യങ്ങള്‍. അതിനാല്‍ത്തന്നെ ഒരു ആര്‍ബിട്രേഷന് മുന്നില്‍ ആദ്യമായി മുല്ലപെരിയാര്‍ സംബന്ധിച്ച തര്‍ക്കം എത്തി. മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി സര്‍. ഡേവിഡ് ദേവദാസും, മുന്‍ തിരുവിതാംകൂര്‍ ദിവാന്‍ വി. എസ്. സുബ്രമണ്യ അയ്യരുമായിരുന്നു ആര്‍ബിട്രേറ്റര്‍മാര്‍. മദ്രാസിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ സര്‍ അല്ലാഡി കൃഷ്ണസ്വാമി അയ്യരും, തിരുവിതാംകൂറിനു വേണ്ടി ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യരും വാദിച്ചു. വളരെ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ മദ്രാസിനും തിരുവിതാംകൂറിനും അനുകൂലമായി രണ്ടു വിധിപ്രസ്താവങ്ങളുണ്ടായി. സര്‍ ദേവദാസിന്റെ മദ്രാസിനു അനുകൂലമായ നിലപാടും, സര്‍ സുബ്രമണ്യ അയ്യരുടെ തിരുവിതാംകൂറിനു അനുകൂലമായ നിലപാടും പ്രതീക്ഷിച്ചതായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കല്‍ക്കട്ട ഹൈകോടതി മുന്‍ ഒഫീഷ്യയേറ്റിങ് ചീഫ് ജസ്റ്റിസും, വൈസറോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായിരുന്ന സര്‍. നളിനി രഞ്ജന്‍ ചാറ്റര്‍ജിയെ അമ്പയര്‍ ആയി തീരുമാനിച്ച് തര്‍ക്കപരിഹാരത്തിനു മുന്നിലേക്ക് പോയി.
വളരെ കൗതുകകരമായ വാദമുഖങ്ങള്‍ക്കാണ് പെരിയാര്‍ ആര്‍ബിട്രേഷന്‍ സാക്ഷ്യം വഹിച്ചത്. പെരിയാര്‍ കരാര്‍ വഴി ലഭിക്കുന്ന 'എല്ലാ ജലത്തിന്മേലും' തങ്ങള്‍ക്കു അവകാശമുണ്ടെന്ന് അല്ലാഡി കൃഷ്ണസ്വാമി അയ്യരുടെ വാദത്തിനു, ശക്തമായ മറുവാദം ആണ് ദിവാനും അതുല്യ അഭിഭാഷകനുമായിരുന്ന സി പി രാമസ്വാമി അയ്യര്‍ ഉന്നയിച്ചത്. മദ്രാസ് സര്‍ക്കാരിന് എതിരെ ഒരു മദ്രാസുകാരന്‍ വാദിക്കുന്ന അപൂര്‍വതയും അതിനുണ്ടായിരുന്നു. എന്ത് തന്നെയായാലും സര്‍ ചാറ്റര്‍ജിയെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ തിരുവിതാംകൂര്‍ വിജയിച്ചു. മുല്ലപ്പെരിയാറിലെ ജലം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമേ കരാര്‍ പ്രകാരം മദ്രാസ് വിനിയോഗിക്കാവൂയെന്നും, ജലസേചനത്തില്‍ കവിഞ്ഞു മറ്റൊരു കാര്യത്തിനും ആ ജലം ഉപയോഗിക്കരുതെന്നും, ഏതെങ്കിലും സാഹചര്യത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കേണ്ടി വന്നാല്‍ അത് ജലസേചനത്തിനും മാത്രമായി പരിമിതപ്പെടുത്തണം എന്നും ആര്‍ബിട്രേറ്റര്‍ 1941ല്‍ വിധിച്ചു.
രണ്ടാം ലോകമഹായുദ്ധവും, അതിനു ശേഷം സ്വതന്ത്ര തിരുവിതാംകൂര്‍ വാദവും, ദിവാന്‍ ഭരണത്തിനെതിരെ നടന്ന പ്രക്ഷോഭവും ഒക്കെ നടക്കുമ്പോള്‍ പെരിയാറില്‍ നിന്നുള്ള ജലവൈദ്യുതി ഉല്പാദിപ്പിക്കാന്‍ മദ്രാസ് കരുക്കള്‍ നീക്കികൊണ്ടേയിരുന്നു. ഒടുവില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയും, രാജഭരണം അവസാനിച്ചു തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരുകൊച്ചി സംസ്ഥാനം രൂപീകൃതമാവുകയും ചെയ്തു. രാഷ്ട്രീയ അനിശ്ചിതത്വം മദ്രാസ് നന്നായി മുതെലെടുക്കുകയും, അനുമതിയില്ലാതെ തന്നെ ഏതാണ്ട് പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തിരുകൊച്ചി ഉദ്യാഗസ്ഥരുമായി 1954 നവംബറില്‍ ചര്‍ച്ച നടത്തി, പെരിയാറില്‍ നിന്ന് ജലവൈദ്യുതി 1955 ഫെബ്രുവരിയില്‍ ഉല്പാദിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ മദ്രാസ് (പിന്നീട് തമിഴ്‌നാട്) നടത്തിയ ഏകപക്ഷീയമായ ഇടപെടലുകള്‍ നിയമപരമായത് 1970ല്‍ കേരള സര്‍ക്കാര്‍ നല്‍കിയ കരാര്‍ പുതുക്കലിലൂടെയാണ്.
മുല്ലപ്പെരിയാര്‍ പൊട്ടുമോ? ചില ചരിത്ര ഭയങ്ങള്‍
മുല്ലപ്പെരിയാറിന്റെ നിര്‍മാണം മുതല്‍ അതേക്കുറിച്ചുള്ള ഭയാശങ്കകള്‍ ഉണ്ടായികൊണ്ടേയിരുന്നു. 155 അടി ഉയരത്തില്‍ സുര്‍ക്കി മിശ്രിതവും ചുണ്ണാമ്പും ഒക്കെ ഉപയോഗിച്ചു നിര്‍മിച്ച ഈ ഗ്രാവിറ്റി അണക്കെട്ടു ഉണ്ടാക്കിയകാലം മുതലേ ഒരു എന്‍ജിനിയറിങ് വിസ്മയമായി പരിഗണിക്കപ്പെട്ടു. അണക്കെട്ടിന്റെ നിര്‍മാണം നടക്കുമ്പോള്‍ത്തന്നെ നിരവധി ആളുകള്‍ മലമ്പനി മൂലം മരിച്ചിട്ടുണ്ട്. 1895ല്‍ മാത്രം 123 തൊഴിലാളികള്‍ മരിച്ചു. പെരിയാര്‍ അണക്കെട്ടിന്റെ ചരിത്രമെഴുതിയ എ. ടി. മക്കന്‍സിയുടെ അഭിപ്രായത്തില്‍ ചാരായത്തിന്റെ ഔഷധഗുണം ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും അണക്കെട്ട് പെരിയാറില്‍ ഉയരില്ലായിരുന്നുവെന്നാണ്.
സ്വതന്ത്ര റിപ്പബ്ലിക്കായ ഇന്ത്യയില്‍ കേരളവും തമിഴ്നാടും രണ്ടു തുല്യ സംസ്ഥാനങ്ങള്‍ ആണെന്ന് മറന്നുകൊണ്ടാണ് 1970 ലെ കരാര്‍ അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് പുതുക്കിയത്.
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924ലെ മഹാപ്രളയത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉയര്‍ന്ന 153.9 അടി (ജൂലൈ 7) ജലനിരപ്പ് കടുത്ത ആശങ്കകള്‍ ഉയര്‍ത്തി. സമാനമായി 1943 ജനുവരി 3 നു 154.80 അടിയിലേക്ക് ജലനിരപ്പുയര്‍ന്നത് പരക്കെ ആശങ്ക സൃഷ്ടിച്ചു (പരമാവധി ഉയരത്തില്‍ നിന്ന് കേവലം 0.2 അടി കുറവ്). വരാന്‍ പോകുന്ന മഹാവിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പ് പീരുമേട് തഹസില്‍ദാര്‍ കൊച്ചി ദിവാനെ വരെ കമ്പി സന്ദേശത്തില്‍ കൂടെ അറിയിച്ചു. 1933ലും 1943ലും അണക്കെട്ടിന്റെ പരിപാലനത്തില്‍ മദ്രാസ് സര്‍ക്കാരിന്റെ ഉദാസീനതയെക്കുറിച്ച തിരുവിതാംകൂര്‍ പരാതിപ്പെട്ടു. 1943ല്‍ മനുഷ്യനും സ്വത്തിനും അണക്കെട്ടിനുതന്നെയും ഭീഷണിയാകുന്ന ഉദാസീനതയെപ്പറ്റി ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ മദ്രാസ് ഗവണ്‍മെന്റിനോട് പരാതിപ്പെട്ടു.
മുല്ലപ്പെരിയാറില്‍ ഇനിയെന്ത് ?
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇതിനോടകം വളരെ അപകടകരമായ സാഹചര്യങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്. ചരിത്രപഠനത്തില്‍ ദുരന്തങ്ങളെ പ്രവചിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ചരിത്ര പാഠങ്ങള്‍ വിസ്മരിച്ചാല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യത ഏറെയുണ്ട്. ബ്രിട്ടീഷ് പരമാധികാരത്തിനു കീഴിലെ നാട്ടുരാജ്യമായ തിരുവിതാംകൂര്‍ ആദ്യാവസാനം തങ്ങളുടെ പാട്ടക്കാരന്റെ നിര്‍ബന്ധബുദ്ധിക്ക് വഴങ്ങേണ്ടിവരുന്ന ദയനീയകാഴ്ചയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കാണാന്‍ സാധിക്കുന്നത്. അടിക്കടി ബ്രിട്ടീഷ്‌കാര്‍ സ്വന്തം സൗകര്യത്തിനു ഗോള്‍പോസ്‌റ് മാറ്റിക്കൊണ്ടേയിരുന്നു. പ്രത്യക്ഷത്തില്‍ത്തന്നെ അവരുടെ ആവശ്യങ്ങള്‍ അന്യായമായിരുന്നു എന്നും, കൊളോണിയല്‍ മനസ്ഥിതിയില്‍ ഉത്ഭവിച്ചതാണെന്നും പ്രകടമാണ്.
എന്നാല്‍ സ്വതന്ത്ര റിപ്പബ്ലിക്കായ ഇന്ത്യയില്‍ കേരളവും തമിഴ്നാടും രണ്ടു തുല്യ സംസ്ഥാനങ്ങള്‍ ആണെന്ന് മറന്നുകൊണ്ടാണ് 1970 ലെ കരാര്‍ അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് പുതുക്കിയത്. ബ്രിട്ടീഷ് പരമാധികാരത്തിനടിയില്‍ ഞെരുങ്ങിയ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കാണിച്ച പ്രതിരോധം പോലും കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. 2885 എന്ന വര്‍ഷം കാണാന്‍ നമ്മളോ നമുക്ക് ശേഷമുള്ള 6 -8 തലമുറകളോ ഒരിക്കലും ഉണ്ടാകില്ല. കരാര്‍ ഒപ്പിട്ട് 61 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ പദ്ധതിയിട്ട ബ്രിട്ടീഷ്‌കാരുടെ ഭരണം പോയി, 63 വര്ഷം ആയപ്പോള്‍ തിരുവിതാംകൂര്‍ എന്ന രാജ്യം തിരുകൊച്ചി എന്ന സംസ്ഥാനമായി, 70 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ കേരള സംസ്ഥാനം രൂപീകരിച്ചു. ഈ ചുരുങ്ങിയ കാലത്തില്‍ നടന്ന രാഷ്ട്രീയ മാറ്റങ്ങള്‍ ഇത്രയുമുള്ളപ്പോള്‍, നടന്നതും വരാനിരിക്കുന്നതുമായ സാമൂഹിക-സാംസ്‌കാരിക- പാരിസ്ഥിതിക മാറ്റങ്ങളെ കുറിച്ചും ചിന്തിച്ചു മാത്രമേ ഭാവിയിലേക്കുള്ള പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ പാടുള്ളു..
(മദ്രാസ് ഐ ഐ ടിയില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആയ ലേഖകന്‍ പാരിസ്ഥിതിക ചരിത്രത്തില്‍ ജര്‍മനിയുടെ ഫ്യൂച്ചര്‍ എന്‍വിറോണ്‍മെന്റല്‍ ലീഡര്‍ 2023 ഫെല്ലോഷിപ്പ് ജേതാവാണ്.)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates