തിരുവനന്തപുരത്തെ മോഡല്‍ ഹൈസ്‌കൂളില്‍, ഒരു സിനിമാ ചിത്രീകരണത്തിന്റെ ലൊക്കേഷനില്‍ നില്‍ക്കുകയായിരുന്നു, ഞാന്‍ അന്നാ പ്രഭാതത്തില്‍. ദൂരദര്‍ശന്റെ കാമറാ ടീമുമുണ്ട് ഒപ്പം. ഒരു ടെലിവിഷന്‍ പരിപാടി ചിത്രീകരിക്കുന്നതിന്റെ ഭാഗമായി ചെന്നതാണ് അവിടെ.
ആയിടെ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാന - ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കുറേയധികം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 1988ല്‍ നിര്‍മ്മിക്കപ്പെട്ട സിനിമകള്‍ വിലയിരുത്തിയ ബുദ്ധദേബ് ദാസ് ഗുപ്ത അദ്ധ്യക്ഷനായുള്ള സംസ്ഥാന ജൂറി മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ചിന്ത രവിയുടെ 'ഒരേ തൂവല്‍ പക്ഷികളെ' ആയിരുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'പിറവി'ക്ക് നല്‍കിയത് രണ്ടാം സ്ഥാനമാണ്. ഷാജി അവാര്‍ഡ് നിരസിക്കുകയും ചെയ്തു. ഒരു മാസം കഴിഞ്ഞ് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും നടനുമുള്ള പ്രധാന പുരസ്കാരങ്ങളൊക്കെ 'പിറവി 'നേടി.
ആദ്യത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം തൊട്ടു തന്നെ കേരളത്തില്‍ അവാര്‍ഡ് വിവാദം ഒരു തുടര്‍ക്കഥയാണല്ലോ. ഇതിന്റെ പശ്ചാത്തലത്തില്‍ 'സിനിമ -- മൂല്യനിര്‍ണ്ണയത്തിന്റെ പ്രശ്‌നങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ദൂരദര്‍ശനില്‍ ഒരു പരിപാടി ചെയ്യാനായി ഇറങ്ങിയതാണ് ഞാന്‍. മലയാള സിനിമാ രംഗത്തെ പ്രമുഖ വ്യക്തികളുമായി നടത്തിയ സംഭാഷണങ്ങള്‍ ഇന്റര്‍കട്ട് ചെയ്തുകൊണ്ട് സംവാദരൂപത്തില്‍ ഒരു പരിപാടി. അതായിരുന്നു ഫോര്‍മാറ്റ്.
അന്ന് തിരുവനന്തപുരത്ത് മൂന്നു ചിത്രങ്ങളുടെ ഷൂട്ടിങ് വ്യത്യസ്ത ലൊക്കേഷനുകളിലായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അതില്‍ പങ്കെടുക്കുന്നുണ്ട്. മോഡല്‍ സ്‌കൂളില്‍ ചിത്രീകരണം നടക്കുന്ന സിനിമയിലെ നായക നടന്റെ അഭിമുഖം എടുക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ രാവിലെ തന്നെ അവിടെ എത്തിയത്.
'ഇന്റര്‍വ്യൂ കിട്ടാത്തതുകൊണ്ട് വിഷമിച്ചു നില്‍ക്കുകയാണോ? ഹ... ഹ... ഹ... അവന്‍ ഇത്തരം വിവാദവിഷയങ്ങളില്‍ അങ്ങനെയിങ്ങനെ അഭിപ്രായമൊന്നും പറയാറില്ലെന്ന് ഇതുവരെ മനസ്സിലായിട്ടില്ലേ? മഹാ സൂത്രശാലിയല്ലേ!
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ പഠിച്ച ക്ലാസ്സ് റൂമിന്റെ വരാന്തയില്‍ ഷൂട്ടിങ് നടക്കുന്നത് കൗതുകത്തോടെ നോക്കി നില്‍ക്കുമ്പോഴും നായക താരത്തിന്റെ ഇന്റര്‍വ്യൂ കിട്ടുമോ എന്ന ആശങ്കയായിരുന്നു എന്റെ ഉള്ളില്‍. ചിത്രത്തിലെ ഒരു നിര്‍ണ്ണായക രംഗമാണ് അപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. പൊലീസ് എസ്‌ഐ പോസ്റ്റിലേക്കുള്ള നിയമന ഉത്തരവും കാത്തിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍, പൊലീസ് കോണ്‍സ്റ്റബിളായ തന്റെ അച്ഛനെ ഒരു റൗഡി പരസ്യമായി മര്‍ദ്ദിക്കുന്നതുകണ്ട് അതിനിടയിലേക്ക് കയറിച്ചെന്ന് അയാളെ കീഴ്‌പ്പെടുത്തുന്നു. നാടിനെ വിറപ്പിച്ച ഗൂണ്ടയെ തല്ലിച്ചതച്ചതിന്റെ പേരില്‍ ഹീറോ ആയി മാറിയെങ്കിലും പിന്നീട് അയാളെ കാത്തിരിക്കുന്നത് ദുരന്തങ്ങളുടെ ഒരു പരമ്പരയാണ്. ബാല്യകാലസഖിയെ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെ.... അവള്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ ചെന്നുകണ്ട് അവസാനമായി യാത്ര പറയുന്ന രംഗമാണ് ഇനി എടുക്കുന്നത്. ഈ വിടപറയലിന് സാക്ഷ്യം വഹിച്ചുകൊണ്ട് സ്‌കൂളിലെ ഒരദ്ധ്യാപകന്‍ കൂടിയായ അവളുടെ അച്ഛനുമുണ്ട്, രംഗത്ത്.
സംവിധായകനെയോ മറ്റു സാങ്കേതിക പ്രവര്‍ത്തകരെയോ ഒന്നും ബുദ്ധിമുട്ടിക്കാതെ ഞങ്ങള്‍ അവിടെയൊരു ഭാഗത്ത് മാറിയൊതുങ്ങിനിന്നുകൊണ്ട് ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. സംവിധായകന്‍ ബ്രേക്ക് പറഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ അനുവാദത്തോടെ നായകന്റെ അടുത്തേക്ക് ചെന്ന് വിഷയമവതരിപ്പിച്ചു . എന്നാല്‍ അദ്ദേഹത്തിന്റെ പ്രതികരണം ഒട്ടും സൗഹൃദപരമായിരുന്നില്ല. അവാര്‍ഡ് ആണ് വിഷയം എന്ന് കേട്ടപ്പോള്‍ തന്നെ ആ മുഖം ഒന്നു കടുത്തു.
'അവാര്‍ഡിനെക്കുറിച്ചൊക്കെ ഞാനെന്ത് അഭിപ്രായം പറയാന്‍! എനിക്ക് ഇതുവരെ നാഷണല്‍ അവാര്‍ഡൊന്നും കിട്ടിയിട്ടില്ലല്ലോ. ഏയ്, അതൊന്നും ശരിയാവില്ല! ഞങ്ങളീ സീനൊന്നു തീര്‍ത്തോട്ടെ. ഉടനെ റിലീസ് ചെയ്യാനുള്ള പടമാണ്.'
തൊട്ടപ്പുറത്ത് ടച്ചപ്പ് ചെയ്തുകൊണ്ടിരുന്ന നായിക എന്നെ സഹതാപത്തോടെ ഒന്നു നോക്കി.
നായകനെ കൂടുതല്‍ നിര്‍ബന്ധിച്ചിട്ട് ഫലമൊന്നുമില്ലെന്ന് മനസ്സിലാക്കി ഞാന്‍ പിന്‍വാങ്ങി. ഇനിയെന്തു വേണമെന്ന് ആലോചിച്ചുകൊണ്ട് മാറിയൊരിടത്തു നില്‍ക്കുമ്പോള്‍, ഒരാള്‍ എന്നെ അടുത്തേക്ക് മാടി വിളിച്ചു. നടന്നതെല്ലാം ശ്രദ്ധിച്ചുകൊണ്ട് അവിടെ നിന്നിരുന്ന, നായികയുടെ അച്ഛന്‍ വേഷം കെട്ടുന്ന നടനാണ്.
'ഇന്റര്‍വ്യൂ കിട്ടാത്തതുകൊണ്ട് വിഷമിച്ചു നില്‍ക്കുകയാണോ? ഹ... ഹ... ഹ... അവന്‍ ഇത്തരം വിവാദവിഷയങ്ങളില്‍ അങ്ങനെയിങ്ങനെ അഭിപ്രായമൊന്നും പറയാറില്ലെന്ന് ഇതുവരെ മനസ്സിലായിട്ടില്ലേ? മഹാ സൂത്രശാലിയല്ലേ! പിന്നെ ഇതുവരെ നാഷണല്‍ അവാര്‍ഡൊന്നും കിട്ടാത്തതിന്റെ വിഷമം കൂടി അവനുണ്ടാകുമെന്ന് കൂട്ടിക്കോളൂ.'
ഞാന്‍ അദ്ദേഹത്തെ ആദരവോടെ നോക്കി. കക്ഷത്തിലൊരു കറുത്ത ബാഗും കയ്യില്‍ കാലന്‍ കുടയും. മറ്റേ കൈകൊണ്ട് മുണ്ടിന്റെ കോന്തല ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന ആ കുറിയ രൂപം എത്രയെത്ര സിനിമകളില്‍ കണ്ടിരിക്കുന്നു - ഇതേ ഭാവഹാവാദികളോടെ തന്നെ! മലയാളത്തിന്റെ മഹാനടനായ ശങ്കരാടി ആയിരുന്നു അത്!
'നിങ്ങള്‍ക്കെന്താ അറിയേണ്ടത്? അവാര്‍ഡുകളെ കുറിച്ചോ അതോ വേറെ എന്തിനെയെങ്കിലും കുറിച്ചോ - എന്തു വേണമെങ്കിലും ധൈര്യമായി ചോദിച്ചോളൂ. ഞാന്‍ പറയാം. പക്ഷെ ഇപ്പോഴല്ല. ഷൂട്ടിങ് കഴിഞ്ഞിട്ട് റൂമില്‍ വന്നാല്‍ മതി. ഇന്നു ഞങ്ങള്‍ക്ക് കുറേ സീനെടുക്കാനുണ്ട്.'
അതുകേട്ടപ്പോള്‍ എനിക്ക് കുറച്ചാശ്വാസമായി.
അദ്ദേഹം സംഭാഷണം തുടരാനുള്ള ഭാവത്തിലായിരുന്നു. എന്നോട് പേരും മറ്റുവിശേഷങ്ങളുമൊക്കെ തിരക്കി. എന്റെ അച്ഛന്റെ പേര് പറഞ്ഞപ്പോള്‍ മുഖമൊന്ന് വിടര്‍ന്നു.
'ആ, അത് പറയൂ... കെഎസ് ചന്ദ്രന്റെ മകനാണ് നീ, അല്ലേ? ഒരുപാടു കാലത്തെ ബന്ധമാണ് ഞാനും ചന്ദ്രനും തമ്മില്‍. മൂലധനവും കാക്കപ്പൊന്നുമൊക്കെ പ്രതിഭ കളിക്കുമ്പോള്‍ കെ ബാലകൃഷ്ണനും കാമ്പിശ്ശേരിയും വൈക്കവും ചന്ദ്രനുമൊക്കെ കൂടെയാണ് കരുനാഗപ്പള്ളിയില്‍ റിഹേഴ്സല്‍ കാണാന്‍ വരാറുണ്ടായിരുന്നത്! നിനക്കറിയാന്‍ വഴിയില്ല അതൊന്നും. നീ ജനിച്ചിട്ടു കൂടിയുണ്ടാകില്ല അന്ന് '
മലയാളികളുടെയാകെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന, കയ്യും കലാശവുമൊക്കെ കാട്ടിക്കൊണ്ടുള്ള ആ നാടന്‍ കാരണവരുടെ സംഭാഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. പ്രായത്തില്‍ ഒരുപാട് ഇളപ്പമുള്ള എന്നോട് അദ്ദേഹം കാട്ടുന്ന ആ സൗഹൃദവും സമഭാവവും കണ്ടപ്പോള്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ എനിക്കു ധൈര്യം വന്നു - ആ ദിവസത്തിന് ഏതാണ്ട് നാലു മാസങ്ങള്‍ക്കുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1989 ജനുവരി മാസം പതിനാലാം തീയതി ശങ്കരാടിയെ ദൂരദര്‍ശന്റെ കാമറയുടെ മുമ്പില്‍ ഞാന്‍ പിടിച്ചു നിറുത്തിയതിനെക്കുറിച്ചായിരുന്നു ആ ഓര്‍മ്മപ്പെടുത്തല്‍. അവസാന യാത്രയ്‌ക്കൊരുങ്ങുന്ന മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിനെ കാണാനായി ശങ്കരാടി തിരുവനന്തപുരം വിജെറ്റി ഹാളില്‍ എത്തിയപ്പോള്‍, നസീര്‍ സാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടാനായിരുന്നു അത്. 1967ല്‍ എംടി - പി ഭാസ്‌ക്കരന്‍ കൂട്ടുകെട്ട് ഒരുക്കിയ ഇരുട്ടിന്റെ ആത്മാവില്‍ ഭ്രാന്തന്‍ വേലായുധനെ ക്രൂരമായി കീഴ്‌പ്പെടുത്തി വരുതിയില്‍ നിറുത്തുന്ന, യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ചങ്ങലയ്ക്കിടുന്ന മുരടനും പരുക്കനുമായ അച്ചുതന്‍ നായരായി അഭിനയിച്ചുകൊണ്ടാണ് പ്രേംനസീറുമൊത്തുള്ള ശങ്കരാടിയുടെ അഭിനയജീവിതം തുടങ്ങുന്നത്. അന്നുതൊട്ട് രണ്ടു പതിറ്റാണ്ടിലേറെക്കാലത്തോളം മദിരാശിയിലെ ഒരു സ്റ്റുഡിയോയില്‍ നിന്ന് മറ്റൊരു സ്റ്റുഡിയോയിലേക്ക് രാപകല്‍ ഓടി നടന്ന് പല പല വേഷങ്ങളില്‍ ഒരുമിച്ച് പകര്‍ന്നാടിയ ആ വസന്തകാലത്തെ ഓര്‍മ്മിച്ചുകൊണ്ട് ശങ്കരാടി അന്നു പറഞ്ഞു.
'ഞാനും നസീറും ഭാസിയും കൂടെ പത്തഞ്ഞൂറ് പടത്തിലെങ്കിലും ഒരുമിച്ചഭിനയിച്ചിട്ടുണ്ടാകും. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയുള്ള ബന്ധമായിരുന്നു ഞങ്ങളൊക്കെ തമ്മില്‍.'
മനസ്സുകൊണ്ട് തൊട്ടടുത്തു നിന്നിരുന്ന ഒരു ചങ്ങാതിയുടെ നിനച്ചിരിക്കാതെയുള്ള വേര്‍പാടില്‍ അനുഭവിക്കുന്ന വിങ്ങല്‍ ആ വാക്കുകളില്‍ പ്രകടമായിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായ ശങ്കരാടി ഒരിക്കലും ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടതേയില്ലേ! സംസ്ഥാന അവാര്‍ഡ് പോലും അദ്ദേഹത്തിന് രണ്ടു തവണ മാത്രമാണ് കിട്ടിയിട്ടുള്ളത്
അപ്പോഴേക്കും അടുത്ത ഷോട്ടിന് സമയമായി. സ്‌കൂള്‍ വരാന്തയിലൂടെ നായകന്‍ നടന്നകലുമ്പോള്‍ നായിക ദുഃഖത്തോടെ നോക്കിനില്‍ക്കുന്നു. നായികയുടെ അച്ഛന്‍ ഫ്രെയിമിലേക്ക് കയറി വരുന്നു. ആ സിക്വന്‍സിന്റെ പശ്ചാത്തലമായി കേള്‍ക്കുന്ന പാട്ടിന്റെ ട്രാക്ക് മുഴങ്ങിത്തുടങ്ങി.
'കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി, ഈണം മുഴങ്ങും പഴം പാട്ടില്‍ മുങ്ങി....'
നിര്‍ഭാഗ്യവശാല്‍ എനിക്ക് അന്ന് ശങ്കരാടിച്ചേട്ടന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന് അന്നു രാത്രിയും വര്‍ക്ക് ഉണ്ടായിരുന്നു. പിറ്റേന്നു രാവിലെതന്നെ തിരുവനന്തപുരത്ത് നിന്ന് വേറെയേതോ ലൊക്കേഷനിലേക്ക് പോകുകയും ചെയ്തു. 'കിരീടം'കൂടാതെ രണ്ടു ചിത്രങ്ങളുടെ കൂടി ചിത്രീകരണം അന്ന് തിരുവനന്തപുരത്ത് നടക്കുന്നുണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'അര്‍ത്ഥം', ടികെ രാജീവ് കുമാറിന്റെ ആദ്യചിത്രമായ 'ചാണക്യന്‍' എന്നിവയായിരുന്നു അത്. 'അര്‍ത്ഥ'ത്തിന്റെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടിയുടെയും 'ചാണക്യന്റെ' സെറ്റില്‍ വെച്ച് മധുവിന്റെയും തിലകന്റെയും അഭിമുഖങ്ങള്‍ എടുത്തു.
ഇന്റര്‍വ്യൂവിന് തയ്യാറായെങ്കിലും മോഹന്‍ലാല്‍ പറഞ്ഞ സംഗതി മമ്മൂട്ടിയും പറയാതിരുന്നില്ല. തനിക്കിതുവരെ ദേശീയ അവാര്‍ഡ് കിട്ടിയിട്ടില്ല എന്ന കാര്യം. അന്ന് മമ്മൂട്ടി താന്‍ അപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചില വേഷങ്ങളെക്കുറിച്ച് എടുത്തു പറഞ്ഞപ്പോള്‍ അതില്‍ പ്രതീക്ഷകള്‍ നിറഞ്ഞു നിന്നിരുന്നു. ബഷീര്‍, ചതിയന്‍ ചന്തു, പുലി വേട്ടക്കാരന്‍ വാറുണ്ണി.....
ഒരു വര്‍ഷം കഴിഞ്ഞ് 1989 ലെ ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മമ്മൂട്ടി തന്നെയായിരുന്നു മികച്ച നടന്‍. കിരീടത്തിലെ പെര്‍ഫോമന്‍സിന് ലാലിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. തിലകന് അതിന് മൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഋതുഭേദത്തിലെ അഭിനയത്തിന് സഹനടനുള്ള ദേശീയപുരസ്‌കാരം കിട്ടിയിട്ടുണ്ടായിരുന്നു. അതും കഴിഞ്ഞാണ് നെടുമുടി വേണുവിന് ദേശീയ പുരസ്‌കാരം കിട്ടുന്നത്. എല്ലാവരും ദേശീയ പുരസ്‌കാരങ്ങള്‍ക്ക് സകല അര്‍ഹതയുമുള്ളവര്‍. എന്നാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായ ശങ്കരാടി ഒരിക്കലും ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടതേയില്ലേ! സംസ്ഥാന അവാര്‍ഡ് പോലും അദ്ദേഹത്തിന് രണ്ടു തവണ മാത്രമാണ് കിട്ടിയിട്ടുള്ളത്. (1970ല്‍ വാഴ്‌വേ മായം, എഴുതാത്ത കഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും അടുത്ത കൊല്ലം വിവിധ ചിത്രങ്ങളിലെ പ്രകടനത്തിനും. അന്നൊക്കെ ഇന്നത്തെപ്പോലെ മികച്ച രണ്ടാമത്തെ നടന്‍ എന്നായിരുന്നില്ല ആ അവാര്‍ഡ് അറിയപ്പെട്ടിരുന്നത്, മികച്ച സ്വഭാവ നടന്‍ എന്നായിരുന്നു)
ശങ്കരാടിച്ചേട്ടന്‍ അന്ന് എന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ചോദിച്ചു വാങ്ങിച്ചുകൊണ്ടാണ് പോയത്. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നുമില്ലല്ലോ. പിന്നീട് കുറേക്കാലം തിരുവനന്തപുരത്ത് ഷൂട്ടിന് വേണ്ടിയോ മറ്റെന്തെങ്കിലും കാര്യത്തിനോ വേണ്ടി എത്തിയാല്‍ അന്നു രാവിലെ കൃത്യമായി ശങ്കരാടിച്ചേട്ടന്റെവിളി വരുമായിരുന്നു. അദ്ദേഹത്തിന് ഒരാവശ്യവും ഉണ്ടായിട്ടല്ല. വെറുതെ കുറെ വിശേഷങ്ങള്‍ പറയും. എന്റെ വിശേഷങ്ങളൊക്കെ ചോദിച്ചറിയും. അച്ഛനെ കണ്ടാല്‍ കൊള്ളാമെന്നുള്ള ആഗ്രഹം പറയും. എന്തുകൊണ്ടോ അതു നടന്നില്ല.
പിന്നൊരിക്കല്‍ ശങ്കരാടി ചേട്ടനെ കണ്ടത് ആലപ്പുഴ വെച്ചാണ്. ഉദയാ സ്റ്റുഡിയോയില്‍ വിയറ്റ്‌നാം കോളനിയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഇതാണ് ആ രേഖ എന്ന് പറഞ്ഞുകൊണ്ട് വലതു കൈവെള്ള മലര്‍ത്തിപ്പിടിച്ച് മോഹന്‍ ലാലിനും ഇന്നസെന്റിനും കാട്ടിക്കൊടുക്കുന്ന സുപ്രസിദ്ധമായ രംഗമെടുക്കാനുള്ള തയാറെടുപ്പിനിടയില്‍ ഒന്നു കണ്ടെങ്കിലും അദ്ദേഹത്തിന് അപ്പോള്‍ സമയമില്ലാതിരുന്നതുകൊണ്ട് ഇന്റര്‍വ്യൂ എടുക്കണമെന്ന മോഹം നടന്നില്ല. പ്രേംനസീറിനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചെയ്യുന്നതിന്റെ ഭാഗമായി അവിടെ ചെന്നതായിരുന്നു ഞങ്ങള്‍. ആ പരിപാടിയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് മറ്റു പല സ്ഥലങ്ങളിലും പോയിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ ചേര്‍ത്തലയിലെ കാര്‍ത്ത്യായനി ഹോട്ടലില്‍ ശങ്കരാടി ചേട്ടന്‍ ഉണ്ടെന്നറിഞ്ഞു കയറി. സന്ധ്യയോടടുക്കുന്ന ആ നേരത്ത് ചേട്ടന്‍ തന്നെ കാണാനെത്തിയ ചില സുഹൃത്തുക്കളോടൊപ്പം 'കൂടുന്ന ' നേരത്താണ് ഞങ്ങള്‍ ചെന്നത്. ആ അവസ്ഥയില്‍ സംസാരിക്കാനുള്ള ബുദ്ധിമുട്ടു പറഞ്ഞപ്പോള്‍ ഞാന്‍ പിന്നെ കൂടുതല്‍ നിര്‍ബന്ധിച്ചില്ല. പിന്നീട് ആ ഇന്റര്‍വ്യു ഒരിക്കലും നടന്നില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കു വല്ലാത്ത നഷ്ടബോധം തോന്നുന്നു. സിനിമയെ കുറിച്ചു മാത്രമല്ല, താനൊരു കാലത്ത് മുന്‍നിര പ്രവര്‍ത്തകനായിരുന്ന ഇടതുപക്ഷ നാടക പ്രസ്ഥാനത്തെ കുറിച്ച്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച്, അന്നത്തെ അരുണാഭമായ ആ കാലഘട്ടത്തെക്കുറിച്ച്... അങ്ങനെ എന്തൊക്കെ കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തേക്കൊണ്ട് സംസാരിപ്പിക്കാമായിരുന്നു. എന്നോടുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ പലപ്പോഴായി പറഞ്ഞ കാര്യങ്ങള്‍ ചിലതൊക്കെ പിന്നീട് എനിക്ക് പ്രയോജനപ്രദമായി - 'ജീവിത നാടകം അരുണാഭം ഒരു നാടക കാലം' എന്ന പുസ്തകത്തില്‍ ശങ്കരാടി ഒരു കഥാപാത്രമായി വരുന്നുണ്ട്.
'ചെറായിക്കാരന്‍ ചന്ദ്രശേഖര മേനോന്‍ എന്ന സിഎം ശങ്കരാടി ബറോഡയില്‍ പോയത് മറൈന്‍ എന്‍ജിനിയറിങ് പഠിക്കാനാണ്. എന്നാല്‍ അപ്പോഴേക്കും കറ കളഞ്ഞ കമ്മ്യൂണിസ്റ്റ് വിശ്വാസിയായിത്തീര്‍ന്ന ആ ചെറുപ്പക്കാരന്‍ പഠനം കളഞ്ഞ് ഇറങ്ങിത്തിരിഞ്ഞത് റെയില്‍വേ തൊഴിലാളികളെ സംഘടിപ്പിക്കാനാണ്. അതിന്റെ പേരില്‍ കുറച്ചുനാള്‍ ജയിലില്‍ കിടക്കുകയും ചെയ്തു. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനമായിരുന്ന ബോംബെയില്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി കുറേനാള്‍. 1950കളുടെ തുടക്കത്തില്‍ സാംസ്‌കാരിക രംഗത്തേക്ക് പാര്‍ട്ടി നിയോഗിച്ചതനുസരിച്ച് നാട്ടിലേക്ക് മടങ്ങി. കൊച്ചിയില്‍ പിജെ ആന്റണിയും അഡ്വ. ജോസഫ് പാത്താടനും ചേര്‍ന്നാരംഭിച്ച പ്രതിഭാ ആര്‍ട്ട്‌സ് ക്ലബ്ബ് ഒന്നിനുപിറകെ ഒന്നായി നാടകങ്ങള്‍ അരങ്ങേറുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായിരുന്നു നാടക പ്രവര്‍ത്തകരില്‍ പലരും. ആന്റണിയുടെ അടുത്ത ചങ്ങാതിയായിത്തീര്‍ന്ന ശങ്കരാടി വൈകാതെ പ്രതിഭയുടെ മുന്‍നിര പ്രവര്‍ത്തകനും പ്രധാന നടനുമായി മാറി. നാടകത്തില്‍ അഭിനേതാവും അണിയറ പ്രവര്‍ത്തകനുമൊക്കെയായി ആന്റണിയുടെ നിഴലു പോലെ നില്‍ക്കുക മാത്രമായിരുന്നില്ല ശങ്കരാടി ചെയ്തത്. നാടകത്തിലെ നായികയും ആന്റണിയുടെ കാമുകിയുമായ മേരിയെ പാലായില്‍ ചെന്ന് പൊതു വഴിയില്‍ നിന്ന് സാഹസികമായി കാറില്‍ പിടിച്ചുകയറ്റിക്കൊണ്ടുപോയി മിന്നു കെട്ടുന്നതിനുമൊക്കെ ഒപ്പം തന്നെയുണ്ടായിരുന്നു.'
ഇന്നത്തെ തലമുറക്ക് കാണാനായി ആ പരിപാടിയുടെ ടേപ്പ് ദൂരദര്‍ശന്റെ ആര്‍ക്കൈവ്‌സില്‍ അവശേഷിച്ചിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വലിയ നഷ്ടബോധം തോന്നുന്നു.
ശങ്കരാടിയുടെ സംഭവബഹുലമായ നാടക ജീവിതത്തെയും അരങ്ങത്ത് ജീവന്‍ കൊടുത്ത പ്രധാന കഥാപാത്രങ്ങളെയും കുറിച്ച് വിശദമായിത്തന്നെ പിന്നീടൊരിക്കല്‍ എഴുതാമെന്ന് വിചാരിക്കുന്നതുകൊണ്ട് ആ ഭാഗം വിടുന്നു. ഒരിക്കല്‍ ദൂരദര്‍ശനില്‍ നെടുമുടി വേണുവുമൊത്ത് ശങ്കരാടി അഭിനയിച്ച ഒരു നാടകത്തെ കുറിച്ചു മാത്രം പരാമര്‍ശിക്കട്ടെ. വെറുമൊരു സാധാരണ നാടകമായിരുന്നില്ല അത്. കോഴിക്കോട് ആകാശവാണിയുടെ തുടക്ക കാലത്ത് പി ഭാസ്‌ക്കരന്‍ എഴുതിയ ഒരു കാവ്യനാടകം - സംഭാഷണങ്ങള്‍ക്കുപകരം പാട്ടുകളിലൂടെ പരസ്പരം സംവദിക്കുന്ന 'ഓപ്പെറാ' 1989ലോ 1990ലോ ഒരു നവവല്‍സര പരിപാടിയായി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തു. രാഘവന്‍ മാഷ് ആയിരുന്നു സംഗീത സംവിധായകന്‍. എന്റെ സഹപ്രവര്‍ത്തകനും ഉറ്റ ചങ്ങാതിയുമായ എംഎ ദിലീപ് ദൂരദര്‍ശന്‍ സ്റ്റുഡിയോയില്‍ ചിത്രീകരിച്ച ആ പ്രത്യേക പരിപാടി സംവിധാനം ചെയ്തു. ഞങ്ങളുടെ ഡയറക്ടര്‍ കെ കുഞ്ഞിക്കൃഷ്ണന്‍ സാറാണ് അങ്ങനെയൊരു പരിപാടി ചെയ്യാന്‍ മുന്‍ കയ്യെടുത്തത് - 'മണ്ണിന്റെ കവിതയും മാളികയുടെ കവിതയും.'
പഴയകാലത്തെ കേരളത്തിലെ മാപ്പിളപ്പാട്ട് മഹാകവിയും അതി സമ്പന്നനുമായ മമ്മദുട്ടി ഹാജി തന്റെ മാളികമുകളില്‍ കവിതയെഴുതാനായി തപസ്സു ചെയ്യുന്നു. വരികളൊന്നും കിട്ടാതെ കഷ്ടപ്പെടുന്ന ഹാജിയുടെ മുന്നിലേക്ക് വെറും കൂലിക്കാരനാണെങ്കിലും അനുഗൃഹീത കവി കൂടിയായ ഉമ്മര്‍ കുട്ടി കടന്നു വരുന്നു. നാട്ടുകാരെ സാക്ഷി നിര്‍ത്തിക്കൊണ്ട് അവര്‍ തമ്മില്‍ നടക്കുന്ന കവിതാ മത്സരത്തില്‍ അഹങ്കാരം മൂത്ത ഹാജിയാരെ വാസനാശാലിയായ കവിയായ ഉമ്മര്‍ കുട്ടി മലര്‍ത്തിയടിക്കുന്നു.
ശങ്കരാടിയും നെടുമുടി വേണുവുമാണ് ഈ രണ്ടു വേഷങ്ങളിലും നിറഞ്ഞാടിയത്. അവരുടെ ഡയലോഗിന്റെ ഒരു സാമ്പിള്‍ കേട്ടോളൂ.
ഹാജിയാര്‍:
'കാട്ടിലിരിക്കുന്ന സിംഹരാജന്റെ
കൂട്ടിനകത്തൊരു ചുണ്ടെലി വീരന്‍
കേറിക്കളഞ്ഞല്ലോ - അഹങ്കാര -
മേറിക്കവിഞ്ഞല്ലോ
നീറിപ്പിടക്കേണ്ട - നിക്കണ്ട - നോക്കണ്ട
കേമത്തം കാട്ടണ്ട - കൈയ്യുമ്മല്
കേറിക്കടിക്കണ്ടാ
ബുദ്ധിയും യുക്തിയും ശക്തിയും ചേരുന്ന
കൈത്തലം കൊണ്ടൊരു കൊത്തു കൊത്തിയാല്‍
പത്തിരിയാവൂലോ - നീ വെറും പപ്പടമാവൂലോ '
ഉമ്മര്‍:
'വേണ്ട വേണ്ട കെടന്നേറെ വേളയേണ്ടാ - പോരിന്
പോണ്ട പോണ്ട പൊല്ലാപ്പൊന്നുമെടുക്കേണ്ട
ചൂളി നില്‍ക്കുന്ന ജന്തുവെക്കണ്ട്
ചുണ്ടെലിയെന്ന് നിനക്കേണ്ട
താടി വളര്‍ന്നൊരു സിംഹവുമൊരുനാള്‍
താഴില്ലെന്ന് ധരിക്കേണ്ട
ചുണ്ടെലിയല്ലിത് കവിതപ്പൂങ്കാവില്‍
തെണ്ടി നടക്കണ വണ്ടാണ്
വണ്ടു മുരണ്ടു വരുന്നതു കണ്ടാല്‍
കണ്ടില്ലെന്ന് നടിക്കേണ്ട'
സിഒ ആന്റോയും കെപിഎസി ചന്ദ്രശേഖരനും ആലപിച്ച വരികള്‍ക്കൊപ്പിച്ച് ചുണ്ടനക്കിക്കൊണ്ട്, ചലച്ചിത്ര ലോകത്തെ ആ അതുല്യ പ്രതിഭകള്‍ തമ്മില്‍ നടത്തിയ ചടുലമായ കൊടുക്കല്‍ വാങ്ങലുകള്‍, അതിശയകരമായ ടൈമിങ്, ശരീര ഭാഷയിലും ഭാവാവിഷ്‌കാരത്തിലും പ്രകടമാകുന്ന തന്മയത്വം .... ഇങ്ങനെ ഞങ്ങളെല്ലാവരും വിസ്മയത്തോടെ നോക്കിയിരുന്നു പോയ നടന മുഹൂര്‍ത്തങ്ങളായിരുന്നു അത്. ഇന്നത്തെ തലമുറക്ക് കാണാനായി ആ പരിപാടിയുടെ ടേപ്പ് ദൂരദര്‍ശന്റെ ആര്‍ക്കൈവ്‌സില്‍ അവശേഷിച്ചിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വലിയ നഷ്ടബോധം തോന്നുന്നു.
എന്റെ കുട്ടിക്കാലത്തൊരിക്കല്‍ ശങ്കരാടി സ്റ്റേജില്‍ അഭിനയിക്കുന്നത് കാണാന്‍ അവസരമുണ്ടായ അനുഭവം കൂടി പങ്കുവെക്കട്ടെ. 1974 ല്‍ കൊല്ലത്തു വെച്ചു നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മലയാള സിനിമയിലെ അന്നത്തെ ഏതാണ്ടെല്ലാ താരങ്ങളും പങ്കെടുക്കുകയും നാടകങ്ങള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്‍ എന്‍ പിള്ള എഴുതിയ 'മൗലികാവകാശം 'എന്ന ഏകാങ്കമായിരുന്നു കലാപരിപാടികളിലെഒരു പ്രധാന ഐറ്റം. ദീര്‍ഘനാളത്തെ ജയില്‍ ജീവിതം കഴിഞ്ഞു പുറത്തുവന്ന പാപ്പന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ശങ്കരാടിയഭിനയിച്ചത്. ഭാര്യയായി കവിയൂര്‍ പൊന്നമ്മ, മക്കളായി മധു, സോമന്‍, റാണി ചന്ദ്ര എന്നിവരും. ഇവരെ കൂടാതെ മീനയും രാഘവനുമൊക്കെ ഉണ്ടായിരുന്നു വെന്നാണ് ഓര്‍മ്മ. എന്‍എന്‍ പിള്ളയുടെ ടിപ്പിക്കല്‍ ശൈലിയില്‍ ദ്വയാര്‍ത്ഥ പ്രയോഗമുള്ള സംഭാഷണങ്ങള്‍ കൊണ്ടു കത്തിക്കയറിയ 'മൗലികാവകാശം' ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ സൃഷ്ടിച്ചത് ചിരിയുടെ ഒരു വെടിക്കെട്ട് തന്നെയായിരുന്നു എന്നോര്‍ക്കുന്നു.
1970കളിലെ മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു പ്രേംനസീര്‍, അടൂര്‍ ഭാസി, ബഹദൂര്‍, ശങ്കരാടി കൂട്ടുകെട്ട്. പി ഭാസ്‌ക്കരനും സേതുമാധവനും മുതല്‍ ഹരിഹരനും എബി രാജും വരെയുള്ളവരുടെ എത്രയെത്ര സിനിമകളിലാണ് ഈ നാലുപേരും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടുകൊണ്ട് പ്രേക്ഷകരെ രസിപ്പിച്ചത്. ഈ കൂട്ടുകെട്ടില്‍ നിന്ന് പിന്നീട് ശങ്കരാടി മാത്രമാണ്, മലയാളസിനിമയാകെ മാറി മറിഞ്ഞ 80 കളിലും 90 കളിലുമെല്ലാം അന്നാളുകളിലെ ഏറ്റവും പുതിയ തലമുറയുമൊത്തുള്ള കൊമ്പോയിലും ഒരു പ്രധാന ഘടകമായത്. അതില്‍ പലതും നര്‍മ്മരസം കലര്‍ന്ന വേഷങ്ങളായിരുന്നതുകൊണ്ട് ഇന്നത്തെ തലമുറയെ സംബന്ധിച്ചിടത്തോളം ശങ്കരാടി എന്നാല്‍ പ്രധാനമായും ഒരു കൊമേഡിയനാണ്. തമാശക്കാരന്‍ എന്നത് അത്ര മോശമൊന്നുമല്ല. പക്ഷെ ആ ഒരു കളത്തില്‍ മാത്രമായി ഒതുക്കി നിര്‍ത്തേണ്ട ഒരാളല്ലല്ലോ ആ മഹാനടന്‍.
ശങ്കരാടി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ 1990 ന് ശേഷമുള്ള തലമുറയുടെ മനസ്സില്‍ ഓടിയെത്തുന്നത് സന്ദേശത്തിലെ കുമാരപിള്ള സാറും കൈവെള്ള ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഇതാണ് ആ രേഖ എന്ന് പറയുന്ന ചങ്ങലക്കിട്ട മനുഷ്യനും ഗോഡ് ഫാദറിലെ സൂത്രശാലിയായ വക്കീലും പിന്നെ വരവേല്‍പ്പും മിഥുനവും പോലെയുള്ള സത്യന്‍ അന്തിക്കാട് - പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ പല പല കഥാപാത്രങ്ങളുമാണ്.
തീര്‍ച്ചയായും ആ കഥാപാത്രങ്ങള്‍ എല്ലാവരും തിളക്കമുള്ളവരാണ്. ഒരു തര്‍ക്കവുമില്ല. എങ്കിലും എന്റെ മനസ്സില്‍ ശങ്കരാടി ജീവിക്കുന്നത് 1960 കളിലും 70 കളിലും അദ്ദേഹം ചെയ്ത ചില കഥാപാത്രങ്ങളിലൂടെയാണ്.
കൊട്ടാരക്കര, തിക്കുറിശ്ശി, പിജെ ആന്റണി, മുത്തയ്യ എന്നീ സ്വഭാവ നടന്മാര്‍ നിറഞ്ഞു നില്‍ക്കുന്ന കാലത്താണ് ശങ്കരാടിയുടെ വരവ്. എസ്പി പിള്ള, അടൂര്‍ ഭാസി, ബഹദൂര്‍ എന്നീ ഹാസ്യനടന്‍മാരും എന്തു വേഷവും കെട്ടാന്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നു അന്ന്. ജികെ പിള്ള, ജോസ് പ്രകാശ്, കോട്ടയം ചെല്ലപ്പന്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍.... നിര പിന്നെയും നീളുകയാണ്.
എന്നാല്‍ രൂപപ്രകൃതി കൊണ്ടും ശരീര ഭാഷ കൊണ്ടും അവര്‍ക്കാര്‍ക്കും ശങ്കരാടിക്ക് പകരം നില്‍ക്കാന്‍ കഴിയില്ലായിരുന്നു. നേരത്തെ സൂചിപ്പിച്ച ഇരുട്ടിന്റെ ആത്മാവിലെ അച്ചുതന്‍ നായരായാലും ശരി, തൊട്ടു പിന്നാലെവന്ന എംടിയുടെ തന്നെ അസുരവിത്തിലെ ശേഖരന്‍ നായരായാലും കൊള്ളാം - ആ കഥാപാത്രങ്ങള്‍ രണ്ടും ശങ്കരാടിക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതുപോലെ ആയിരുന്നു.
1960കളില്‍ ശങ്കരാടി ഗംഭീരമായി അവതരിപ്പിച്ച മറ്റൊരു കഥാപാത്രം 1957 - 60 കാലത്ത് അദ്ദേഹം തന്നെ അരങ്ങത്ത് അവിസ്മരണീയമാക്കിയ തോപ്പില്‍ ഭാസിയുടെ മൂലധനത്തിലെ അസ്സനാരാണ്. മൂലധനത്തിന് പുറമേ പി ഭാസ്‌ക്കരന്‍ 1969 ല്‍ തന്നെ സംവിധാനം ചെയ്ത ജി വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മയിലെ മേസ്തിരി ആയിരുന്നു ശങ്കരാടി തികഞ്ഞ സ്വാഭാവികതയോടെ അവതരിപ്പിച്ച മറ്റൊരു കഥാപാത്രം.
മഞ്ഞിലാസ് - കെഎസ് സേതുമാധവന്‍ ചിത്രങ്ങളിലെ സ്ഥിരം ഘടകമായിരുന്നു ശങ്കരാടി. അരനാഴികനേരത്തിലെ കീവറീച്ചന്‍, അനുഭവങ്ങള്‍ പാളിച്ചകളിലെ കൊച്ചൂട്ടി, ചട്ടക്കാരിയിലെ മേനോന്‍ തുടങ്ങിയവര്‍ കൂട്ടത്തില്‍ മായാതെ നില്‍ക്കുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാരമ്പര്യം കൊണ്ടാകാം
പാര്‍ട്ടി സഖാവും തൊഴിലാളി നേതാവുമായി തികഞ്ഞ സ്വാഭാവികതയോടെ അഭിനയിക്കാന്‍ ശങ്കരാടിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. വിന്‍സെന്റ് സംവിധാനം ചെയ്ത, വൈക്കം ചന്ദ്രശേഖരന്‍ നായരുടെ നഖങ്ങളിലെ സഖാവ് അച്യുതന്‍ നായരെയും മധു സംവിധാനം ചെയ്ത ഒഎന്‍വിയുടെ നീലക്കണ്ണുകളിലെ തൊഴിലാളി നേതാവിനെയും എടുത്തു പറയണം.
ശങ്കരാടിക്ക് ആദ്യമായി വ്യത്യസ്തമായ വേഷം കൊടുത്ത സംവിധായകന്‍ മധുവാണ്. തന്റെ ആദ്യ സംവിധാനസംരംഭമായ പ്രിയ (1970) യില്‍, സ്വയം ഒരു പ്രതിനായക വേഷത്തിലും അടൂര്‍ ഭാസിയെ നായകവേഷത്തിലും അവതരിപ്പിക്കാന്‍ ധൈര്യം കാണിച്ച മധു ശങ്കരാടിക്ക് നല്‍കിയത് അല്‍പ്പം eccentric ആയ ചിത്രകാരന്‍ ബാനര്‍ജിയുടെ വേഷമാണ്. ശങ്കരാടി അത് ഗംഭീരമാക്കുകയും ചെയ്തു. മധുവിന്റെ അടുത്ത ചിത്രമായ സിന്ദൂരച്ചെപ്പിലെ സ്വാര്‍ത്ഥമതിയായ ആനക്കാരന്‍ ശങ്കരന്‍ നായരും മാന്യശ്രീ വിശ്വാമിത്രനിലെ വക്കീലമ്മാവനും അങ്ങേയറ്റം വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളാണ്.
നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടായി അഭിനയിക്കാനായി എംടി മനസ്സില്‍ കണ്ടിരുന്നത് ശങ്കരാടിയെയായിരുന്നു.
ശങ്കരാടി സമര്‍ത്ഥമായി അവതരിപ്പിച്ച ചില വില്ലന്‍ വേഷങ്ങള്‍ ഓര്‍മ്മ വരുന്നു. ഡേഞ്ചര്‍ ബിസ്‌ക്കറ്റ്, പഞ്ചതന്ത്രം, അങ്കത്തട്ട് എന്നീ ചിത്രങ്ങളില്‍ ചെയ്ത ക്രൂരനും ചതിയനുമായ പ്രതിനായക കഥാപാത്രങ്ങളിലൂടെ സ്ഥിരം വില്ലന്‍ നടന്മാരുടെ പ്രകടനത്തെ ശങ്കരാടി കടത്തിവെട്ടി. എംടി എഴുതി പി ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത വിത്തുകളിലെ അച്ഛനും പ്രേക്ഷകരുടെ മനസ്സില്‍ വെറുപ്പാണ് ഉണര്‍ത്തിവിട്ട വികാരം. ഭാസ്‌ക്കരന്‍ മാഷിന്റെ തന്നെ സ്‌നേഹദീപമേ മിഴി തുറക്കൂ (ഏഴു ചുവട് എന്ന ബംഗാളി നോവല്‍) വിലെ അച്ഛന്‍ തിരുമേനിയാകട്ടെ സാത്വികതയുടെ മൂര്‍ത്തിമത്ഭാവമായി.
തനിക്ക് ചേരില്ല എന്ന് തിരിച്ചറിഞ്ഞ് ഒരു വേഷത്തില്‍ നിന്ന് പിന്മാറുക, ആ റോളിന് തന്നേക്കാള്‍ ഇണങ്ങിയ മറ്റൊരു നടനെ നിര്‍ദ്ദേശിച്ച്, താരതമ്യേനെ ചെറിയ ഒരു വേഷത്തിലേക്ക് ഒതുങ്ങിക്കൂടുക - ഒരുപക്ഷെ ശങ്കരാടി മാത്രം ചെയ്ത കാര്യമായിരിക്കും അത്. നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടായി അഭിനയിക്കാനായി എംടി മനസ്സില്‍ കണ്ടിരുന്നത് ശങ്കരാടിയെയായിരുന്നു. എന്നാല്‍ സിനിമയില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന വെളിച്ചപ്പാടിന്റെ റോളിന് തന്റെ രൂപഭാവങ്ങള്‍ ഒട്ടും ഇണങ്ങില്ലെന്നും ആ വേഷത്തിന് ഏറ്റവും പറ്റിയ നടന്‍ പിജെ ആന്റണിയാണെന്നും എംടിയോട് പറഞ്ഞ ശങ്കരാടി ചിത്രത്തില്‍ കുറച്ചു സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥകളി കോപ്പുകാരന്‍ രാവുണ്ണി നായരുടെ വേഷത്തില്‍ അഭിനയിച്ചു. കഥകളി കോപ്പുകള്‍ക്ക് കാവലിരിക്കാന്‍ വേണ്ടി മാത്രമായി കോവിലകത്ത് ഒരാളുടെ ആവശ്യമില്ലെന്ന് പറഞ്ഞ് വലിയ തമ്പുരാന്‍ പിരിച്ചയക്കുമ്പോള്‍, ഒരു ചെറിയ സഞ്ചിയും തൂക്കിക്കൊണ്ട് മുടന്തി മുടന്തി നിസ്സഹായനായി ഇറങ്ങിപ്പോകുന്ന രാവുണ്ണി നായര്‍ ഇപ്പോഴും മനസ്സില്‍ നൊമ്പരമുണര്‍ത്തി.
എന്നാല്‍ മറ്റൊരിക്കല്‍ ആകാരം കൊണ്ട് തനിക്ക് ഒരിക്കലും ചേരാത്ത ഒരു വേഷം ശങ്കരാടി അഭിനയിക്കുന്നത് കണ്ട് സങ്കടം തോന്നിയിട്ടുമുണ്ട്. തനിക്ക് ഏറെ ബഹുമാനമുള്ള ഭാസ്‌ക്കരഎംന്‍ മാഷിനോട് മറുത്തു പറയാനാകാത്തത് കൊണ്ടാകാം ശ്രീമദ് ഭഗവദ് ഗീത എന്ന മഹാഭാരത കഥയില്‍ അതികായനും കൗരവസേനയുടെ സര്‍വ്വസൈന്യാധിപനുമായ ഭീഷ്മ പിതാമഹന്റെ വേഷം ശങ്കരാടി കെട്ടിയത്. തന്റെ ശാരീരികമായ പരിമിതികള്‍ക്ക് തീരെ ഇണങ്ങാത്ത അത്തരം വേഷങ്ങള്‍ ശങ്കരാടി വേറെ അങ്ങനെ ചെയ്തു കണ്ടിട്ടില്ല.
പ്രേക്ഷകര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഇനിയും പല കഥാപാത്രങ്ങളും ഉണ്ടാകാം. എനിക്കു പ്രിയപ്പെട്ട ഒരു ശങ്കരാടി കഥാപാത്രത്തെ കുറിച്ചു കൂടി ഓര്‍മ്മിച്ചുകൊള്ളട്ടെ. താഴ്വാരം എന്ന എംടി - ഭരതന്‍ ചിത്രത്തിലെ നാണു. തന്റേടിയും സ്വന്തമായ നിലപാടുമുള്ള കൊച്ചൂട്ടി എന്ന ചെറുപ്പക്കാരിയുടെ അച്ഛന്‍. ശങ്കരാടിയെ അല്ലാതെ മറ്റാരെയും ആ വേഷത്തില്‍ സങ്കല്‍പ്പിക്കാന്‍ പറ്റില്ല എന്നു തോന്നിയിട്ടുണ്ട്.
അതു തന്നെയാണ് ശങ്കരാടി എന്ന വലിയ നടന്റെ സവിശേഷതയും. മെത്തേഡ് ആക്ടിങ്ങിനെയും ബീഹേവിയറല്‍ ആക്ടിങ്ങിനെയുമൊക്കെക്കുറിച്ച് കേള്‍ക്കുകയും വായിക്കുകമൊക്കെ ചെയ്യുന്നതിനു മുന്‍പുള്ള ഒരു കാലത്ത് സ്വാഭാവികവും സൂക്ഷ്മവുമായ ഭാവചലനങ്ങള്‍കൊണ്ടും ശരീര ഭാഷ കൊണ്ടും നമ്മെ അതിശയിപ്പിച്ച ഒരാള്‍. പകരക്കാരനില്ലാത്ത മഹാ പ്രതിഭ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates