study highlights that many young people in Kerala are staying awake late at night due to excessive mobile phone use. Samakalika Malayalam
News+

കേരളത്തിന്റെ ട്രെൻഡ് ഇതാണ്, രാത്രി പകലാക്കുന്ന യുവതലമുറ

കേരളത്തിന്റെ യുവതലമുറയുടെ പുതിയ രീതികൾ, അത് അവരിലും സമൂഹത്തിലും സൃഷ്ടിക്കുന്ന മാറ്റങ്ങൾ, എന്നിവയെ കുറിച്ചുള്ള പഠനം വെളിപ്പെടുത്തുന്ന കാര്യങ്ങൾ

അശ്വിൻ അശോക് കുമാർ

കേരളത്തിലെ യുവതലമുറയുടെ രീതികൾ ജൈവക്ലോക്കിന് തലതിരിച്ച് കറക്കുകയാണിന്ന്. സാധാരണഗതിയിൽ മനുഷ്യർ രാത്രികാലങ്ങളിൽ ഉറങ്ങുകയും രാവിലെ എഴുന്നേൽക്കുകയും ചെയ്യുന്നതാണ് ശീലം. രാജ്യങ്ങൾ മാറുമെങ്കിലും രാത്രി ഉറക്കം എല്ലായിടത്തെയും സ്വാഭാവിക രീതിയാണ്. എന്നാൽ, ഇന്ന് യുവതലമുറയുടെ ഉറക്കമില്ലാത്ത രാവുകളാണ് കേരളത്തിന്റെ ഭാവിയിൽ ചില ആശങ്കയുടെ വിത്തുകൾ പാകുന്നത്. ആരോഗ്യത്തിലും ബന്ധങ്ങളിലുമൊക്കെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിന് ഇത് വഴിവെച്ചേക്കാം എന്നതാണ്.

മൊബൈൽ സ്ക്രീനിന് മുകളിലെ സമയം നോക്കാതെ, രാവ് പുലരുവോളം റീൽസും സീരീസും കണ്ട് സമയം പോകുന്നവരുടെ കൂട്ടത്തിലാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ഈ നാട്ടിലെ ഭൂരിഭാഗം യുവാക്കളുടെ ഒരു പ്രതിനിധി ആയിരിക്കാം. കേരളത്തിലെ 86% യുവാക്കളും രാത്രി വൈകി മാത്രം ഉറങ്ങുന്ന ട്രെൻഡിന്റെ ഭാഗമാണ് എന്നാണ് സംസ്ഥാന യുവജന കമ്മീഷന്റെ പഠനത്തിൽ നിന്ന് വ്യക്തമാകുന്നത്.

18 നും 25 നും ഇടയിൽ പ്രായമുള്ള 1969 പേരിൽ നടത്തിയ പഠനത്തിൽ നിന്ന് ഈ വൈകുന്ന ഉറക്കത്തിന്റെ കാരണം അമിതമായ ഗാഡ്ജറ്റ് ഉപയോഗമാണ് എന്നാണ് വ്യക്തമാകുന്നത്. വൈകിയുള്ള ഉറക്കം മാത്രമല്ല 67% യുവാക്കളും രാത്രി 11ന് ശേഷമാണ് ഉറങ്ങാൻ പോകുന്നത് എന്നും 29.6% പേർ ആറുമണിക്കൂറോ അതിനു താഴെയോ മാത്രമാണ് ഉറങ്ങുന്നത് എന്നും പഠനം പറയുന്നു.

'യുവാക്കളുടെ ജീവിതശൈലി വ്യതിയാനങ്ങളും ക്ഷേമവും' എന്ന ഈ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സൈക്കോളജി വിദഗ്ധരുടെ നേതൃത്വത്തിൽ MSW, MSc സൈക്കോളജി വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് സംസ്ഥാനമൊട്ടാകെയുള്ള ഈ പഠനം പൂർത്തിയാക്കിയത്.

ഉറക്കശുചിത്വമില്ലായ്മ എങ്ങനെ ബാധിക്കുന്നു

ഉറക്കക്കുറവിന്റെ മാത്രമല്ല, ഉറക്കം തടസ്സപ്പെടുന്നതിന്റെയും പ്രധാനകാരണം വർദ്ധിച്ചുവരുന്ന സ്ക്രീൻ ടൈം ആണെന്നാണ് യുവതലമുറ പറയുന്നത്. സർവേയിൽ പ്രതികരിച്ച 46.8% സ്ത്രീകളും 44.5% പുരുഷന്മാരുമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നത്. ഇവയ്ക്ക് പുറമേ അക്കാദമിക്/ ജോലിഭാരം എന്നിവയും ചില പ്രധാന ഘടകങ്ങളാണ്. അങ്ങനെയിരിക്കലും 83% യുവാക്കൾക്കും ഉറങ്ങുവാനായി മരുന്നു കഴിക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. 63.7% യുവാക്കളും ഗാഡ്ജറ്റുകളുടെ അമിതമായ ആശ്രയം ചിന്തയെയും ഓർമ്മശക്തിയും തീരുമാനമെടുക്കാനുള്ള കഴിവിനെയും വരെ ബാധിക്കുന്നുവെന്ന് എന്ന അഭിപ്രായം രേഖപ്പെടുത്തി.

സൈബർ ഇടത്തിലെ യുവതയുടെ പെരുമാറ്റത്തെ കുറിച്ച് നടത്തിയ സർവേയിൽ, 74.2% പേ‍‍ർക്കും സാങ്കേതിക വിദ്യ വിവേകപൂർവ്വം കൈകാര്യം ചെയ്യാം എന്നുള്ളതിനെ കുറിച്ച് ഉയർന്ന അവബോധം ഉണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായത്, യഥാർത്ഥത്തിൽ നിന്നും ഒളിച്ചോടാനുള്ള ഒരു ഉപാധിയായി സമൂഹമാധ്യമങ്ങളെ അധികം യുവാക്കൾ കാണുന്നില്ല എന്ന വസ്തുത കൂടിയാണ്. 32.2% പേരും സമൂഹമാധ്യമങ്ങൾ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ നല്ല ഉപാധിയാണ് എന്ന് കരുതുന്നില്ല. സർവേയിൽ പങ്കെടുത്ത 77.7% പേരും, യുവാക്കൾക്കിടയിൽ അക്രമാസക്തി വർദ്ധിക്കുന്നതിന് സമൂഹമാധ്യമങ്ങളും ഒരു കാരണമാണ് എന്ന അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഗെയിമർമാർക്കും സ്ട്രീമർമാർക്കും കേരളത്തിലെ യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ഉണ്ട് എന്ന പൊതു ധാരണയ്ക്ക് വിപരീതമായി, 76.7% ആളുകളും ഗെയിമിങ് ഒരു വിനോദോപാധി മാത്രമാണെന്നും അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിലേക്ക് അതിനെ കൊണ്ടുപോയിട്ടില്ല എന്നും വ്യക്തമാക്കി. സർവേയിൽ പ്രതികരിച്ച പകുതിയോളം പേരും പൊതുവേ ഗെയിമിങ്ങിൽ പങ്കെടുക്കാറില്ല എന്ന് അഭിപ്രായപ്പെട്ടുന്നു എന്നത് ശ്രദ്ധേയമായ ഒരു ഘടകമാണ്. .

ജെമിനിയും നാനോ ബനാനയും

പക്ഷേ ഇവയ്ക്കിടയിലും, ജെമിനിയും നാനോ ബനാനയും ഉണ്ടാക്കിയ ഓളം ചെറുതല്ല എന്ന് സൂചിപ്പിക്കുന്ന വിധത്തിൽ നിർമ്മിത ബുദ്ധിയോടുള്ള യുവതലമുറയുടെ താൽപ്പര്യം കൂടുതലാണ് എന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പഠനത്തിന്റെ ഭാഗമായ 78.7 ശതമാനം പേരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച കൊണ്ടന്റ് സ്ഥിരമായി ഉപയോഗിക്കുന്നവരാണെന്നും ഇത് പഠനത്തെയോ വ്യക്തിജീവിതത്തെയോ നാളെ എങ്ങനെ സ്വാധീനിക്കും എന്നതിനെ കുറിച്ച് അജ്ഞരാണ് എന്നും പഠനം പറയുന്നു. ഇക്കൂട്ടർ വ്യക്തിഗത കാര്യക്ഷമതയെയും ബൗദ്ധികമായ വളർച്ചയെയും നിർമിത ബുദ്ധിയോടുള്ള അമിത താൽപ്പര്യം ഭാവിയിൽ തങ്ങളെ എങ്ങനെ ബാധിക്കും എന്നുള്ളതിനെ കുറിച്ച് ആശങ്കപ്പെടുന്നില്ല.

വർദ്ധിച്ച സ്ക്രീൻ ഉപയോഗം കാരണം സ‍ർവേയിൽ പങ്കെടുത്തതിൽ പകുതി പേ‍ർക്കും തലവേദനയും, 42.7% പേർക്ക് കാഴ്ചസംബന്ധിയായ ബുദ്ധിമുട്ടുകളും 30.7% പേർക്ക് കഴുത്ത് വേദനയോ സമാന പ്രശ്നങ്ങളോ നേരിട്ടതായി പറഞ്ഞു.

ആരോഗ്യകാര്യത്തിലെ ഇടപെടൽ

മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തിലും ഇന്നത്തെ യുവാക്കൾക്ക് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്ന് സൂചിപ്പിക്കുന്ന വിലയിരുത്തലുകളും പഠനം നടത്തുന്നുണ്ട്. ദിവസേന 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാത്തവരാണ് കേരളത്തിലെ 38.1% യുവാക്കളും എന്നാണ് കണ്ടെത്തൽ.

ഇതിൽ തന്നെ പുരുഷന്മാരാണ് (81.2%) സ്ത്രീകളേക്കാളും (26.4%) നോൺ ബൈനറി വ്യക്തികളെക്കാളും (20%) കൂടുതൽ കായികാധ്വാനത്തിൽ ഏർപ്പെടുന്നത്. ശാരീരിക അധ്വാനത്തിൽ ഏർപ്പെട്ടില്ലെങ്കിലും, 84.7% യുവാക്കളും ആരോഗ്യസംബന്ധിയായ വിവരങ്ങളെപ്പറ്റി ഇന്റർനെറ്റിൽ കാര്യമായ പഠനങ്ങൾ നടത്താറുള്ളവരാണ്. ഇവയിൽ പലതും ശരിയായ വിവരങ്ങളാകണം നൽകുന്നത് എന്നും നിർബന്ധമില്ല. ഇതിൽ തന്നെ 33.9% ആളുകൾ മാത്രമാണ് ഓൺലൈനിൽ കാണുന്ന ആരോഗ്യ വിവരങ്ങൾ കണ്ട് ആശങ്ക തോന്നാത്തവർ എന്നും പറയുന്നു.

കേരളത്തിലെ യുവതലമുറയിൽ പെട്ട 61.1% ഒരു വ്യക്തിക്ക് അവരവരുടെതായ ജെൻഡർ ഐഡന്റിറ്റി തെരഞ്ഞെടുക്കുവാൻ അവകാശമുണ്ട് എന്ന് കരുതുന്നവരാണെന്നും, 58.2% ജെൻഡർ, സെക്ഷൻ ഓറിയന്റഷൻ എന്നിവ നോക്കാതെ ആളുകൾക്ക് ജോലി ചെയ്യാൻ അവകാശമുണ്ട് എന്നും കരുതുന്നവരാണ്. പക്ഷേ അപ്പോഴും ലിംഗമാറ്റത്തെ അനുകൂലിക്കുന്നവർ 24.9% സ്വവർഗ്ഗ വിവാഹങ്ങളെയും ബന്ധങ്ങളെയും അനുകൂലിക്കുന്നവർ 30.5% മാത്രമാണ്.

ഫോൺ നോക്കി രാത്രി മുഴുവനും തള്ളിനീക്കുന്നത് മുതൽ കായികാധ്വാനത്തിൽ ഏർപ്പെടാതിരിക്കുന്നത് വരെയും യുവാക്കൾക്കിടയിൽ കൂടുതലായി കാണപ്പെടുന്നത് ആരോഗ്യകരമായ ഭാവിയെ അല്ല സൂചിപ്പിക്കുന്നത് എന്നാണ് റിസർച്ച് കമ്മിറ്റിയുടെ അധ്യക്ഷയായ ഡോ. ലിമ രാജ് അഭിപ്രായപ്പെടുന്നത്.

ആവശ്യാനുസരണം ഉള്ള ഉറക്കം കിട്ടാതിരിക്കുന്നത് ഡിമെൻഷ്യയും അൽഷിമേഴ്സും അടക്കമുള്ള അവസ്ഥകളിലേക്ക് ആളുകളെ കൊണ്ടെത്തിക്കാമെന്ന് ഒട്ടേറെ അന്താരാഷ്ട്രപഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. ആരോഗ്യമെന്നത് എല്ലാവർക്കും ഉറപ്പുള്ളതാണെന്നോ ആഡംബരമാണെന്നോ കരുതാതെ, കൃത്യമായി സമയവും അധ്വാനവും ഇൻവെസ്റ്റ് ചെയ്യേണ്ട ഒന്നാണെന്ന് ആളുകൾ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് ലിമ പറഞ്ഞു.

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ കീഴിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂറോ ഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്തിന്റെ (CENABH) പ്രോജക്ട് ഹെഡ് കൂടിയാണ് ഡോ. ലിമ.

കേരളീയ പൊതുമണ്ഡലത്തിലും സാമൂഹിക ജീവിതത്തിലും യുവത വർത്തമാനകാല ജീവിത സാഹചര്യങ്ങളിൽ നേരിടുന്ന പല മട്ടിലുള്ള സംഘർഷങ്ങളെയും ദൗർബല്യങ്ങളെയും ആധുനിക സമൂഹമെന്ന നിലയിൽ അക്കാദമിക പഠനത്തിന് വിധേയമാക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഇത്തരമൊരു പഠനത്തിലേക്ക് തങ്ങളെ എത്തിച്ചത് എന്ന യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ പറഞ്ഞു.

പല നിലയിലുള്ള വെല്ലുവിളികളാണ് യുവജനങ്ങൾ ഇന്ന് നേരിടുന്നത് അവയിൽ ഈ അക്കാദമിക പഠനം പ്രധനമായും കേന്ദ്രീകരിക്കുന്നത് യുവജനങ്ങളുടെ സ്വഭാവത്തിലെ വലിയ തോതിലുള്ള മാറ്റം. വിവാഹജീവിതത്തിലും വ്യക്തി ജീവിതത്തിലും വളരുന്ന സംഘർഷങ്ങൾ, വർധിക്കുന്ന ലഹരി ഉപയോഗം, ഉദാസീനമായ ജീവിതശൈലിയുടെ പ്രത്യാഘാതങ്ങൾ, ഡിജിറ്റൽ വിനിമയങ്ങൾ, മാറിമറിയുന്ന ആഹാരക്രമങ്ങൾ എന്നതടക്കമുള്ള കാര്യങ്ങളിലാണ്. ഷാജർ പറയുന്നു.

കേരളത്തിലെ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കാൻ അവരെ പ്രാപ്തരാക്കാനാണ് കേരള സംസ്ഥാന യുവജന കമ്മീഷൻ ശാസ്ത്രീയ പഠനം നടത്തിയതെന്നും പഠനത്തിന്റെ കണ്ടെത്തലുകൾ യുവതലമുറയുടെ ആരോഗ്യത്തിനും ക്ഷേമത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന നയരൂപീകരണ ശിപാർശകളായി സംസ്ഥാന സർക്കാരിന് സമർപ്പിച്ചതായി അദ്ദേഹം വിശദീകരിച്ചു.

പഠനത്തെ അടിസ്ഥാനമാക്കി പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങളും യുവജന കമ്മീഷൻ സർക്കാരിന് മുന്നിലേക്ക് വെച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടത് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടിയുള്ള വെൽനെസ് കോർണറുകൾ കൊണ്ടുവരുക എന്നതാണ്.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ഓപ്പൺ ജിമ്മും ക്യാമ്പസിനകത്ത് പരസ്പരം ഇടപഴകാനുള്ള ഇടങ്ങളും ഉണ്ടാകണം. ശാരീരിക അധ്വാനത്തെ പ്രോത്സാഹിപ്പിക്കാൻ ആയി കമ്മ്യൂണിറ്റി സ്പോർട്സ് ലീഗുകളും മത്സര ഇതര കായിക വിദ്യാഭ്യാസ മാർഗങ്ങളായ സൂംബ, എറോബിക്സ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം എന്നതാണ്.

മാത്രമല്ല, കരിക്കുലത്തിന്റെ ഭാഗമായി തന്നെ ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട് എന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു .

study reveals that many young people in Kerala stay awake late at night due to excessive mobile phone screen use, raising concerns about sleep loss and digital addiction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാനടനെ മനസിലാക്കണമായിരുന്നു, അപമാനിക്കരുതായിരുന്നു; മമ്മൂട്ടിയോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ സന്ദർശനം; ബുധനാഴ്ച കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം 

ഇത്തവണ മാറി നില്‍ക്കണമെന്ന് പിസി ചാക്കോ; എന്‍സിപി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

സഞ്ജുവിനൊപ്പം ഓപ്പണ്‍ ചെയ്യുക പാക് താരം; സൂര്യകുമാര്‍ ഇടം പിടിച്ചില്ല; ഐസിസി ലോകകപ്പ് ടീം ഇങ്ങനെ

'കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു; ഒന്നല്ല അയ്യായിരം പ്രണയമുണ്ട്'; മമ്മൂട്ടിയോട് മാപ്പുപറഞ്ഞ് പിണറായി; സഞ്ജുവിന് വന്‍ വരവേല്‍പ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT