More than 55% of primary agricultural credit societies in Kerala reported losses in 2025. Combined losses stood at Rs8,464.60 crore, according to the Economic Review.  representative purposes only.| Photo Deepu
News+

ഇനിയും തീരാത്ത 'കരുവന്നൂർ' എഫക്ട്: കിതയ്ക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ

സംസ്ഥാനത്തെ 55 ശതമാനം പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ നഷ്ടത്തിൽ

വിദ്യാനന്ദന്‍ എംഎസ്‌

കരുവന്നൂരിൽ തുടങ്ങിയ പ്രതിസന്ധിയിൽ നിന്ന് കേരളത്തിന്റെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ ഇനിയും കരകയറിയിട്ടില്ല. തട്ടിപ്പുകൾ തുടർക്കഥയായപ്പോൾ നിക്ഷേപകർ ഈ മേഖലയിൽ നിന്ന് അകലയുകയാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

(കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ 99 ശതമാനവും സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്കുകൾ എന്ന പേരിൽ അറിയപ്പെടുന്ന ബാങ്കിങ് സ്ഥാപനങ്ങളാണ്.)

കുതിച്ചു വളർന്നു കൊണ്ടിരുന്ന കാർഷിക വായ്പാ സംഘങ്ങളിലെ നിക്ഷേപങ്ങൾ കരുവന്നൂരിലെ തട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് കുത്തനെ ഇടിഞ്ഞത്. സംഘങ്ങളുടെ ചരിത്രത്തിൽ നിക്ഷേപങ്ങൾ സർവകാല റെക്കോഡിൽ നിന്ന 2021 ലാണ് കരുവന്നൂർ തട്ടിപ്പിന്റെ വാർത്തകൾ പുറത്തുവന്നത്. 2021ൽ ആകെ അന്നുണ്ടായിരുന്ന 1644 സ്ഥാപനങ്ങളിലുമായി 1.73 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത വർഷം ഇത് 1.39 ലക്ഷം കോടിയായി കൂപ്പുകുത്തി.

സഹകരണ മേഖലയെത്തന്നെ വലിയൊരു പ്രതിസന്ധിയിലെത്തിച്ച കേരളത്തിന്റെ 'ലീമാൻ ബ്രദേഴ്‌സ്' എന്ന് വിശേഷിപ്പിക്കാം കരുവന്നൂർ ബാങ്കിനെ. 2016 ൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ ആകെ നിക്ഷേപം 80,000 കോടി രൂപയായിരുന്നു. അവിടെനിന്ന് പടിപടിയായി ഉയർന്ന് 2021 ൽ 1.73 ലക്ഷം കോടിയിലെത്തി. 2022 ലെ പതനത്തിന് ശേഷം പിന്നീടൊരിക്കലും നിക്ഷേപങ്ങൾ പഴയ റെക്കോർഡ് തിരുത്തിയിട്ടില്ല. ഒടുവിലത്തെ കണക്കുകൾ പ്രകാരം 2025 ൽ അകെ നിക്ഷേപം 1.68 ലക്ഷം കോടിയാണ്.

55 ശതമാനം സംഘങ്ങൾ നഷ്ടത്തിൽ

സംസ്ഥാനത്തെ പകുതിയിലധികം കാർഷിക വായ്പാ സംഘങ്ങളും ഇന്ന് നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള പുതിയ കണക്കുകൾ സംസ്ഥാന ആസൂത്രണ ബോർഡിന്റെ അടുത്തിടെ പുറത്തിറക്കിയ 'സാമ്പത്തിക അവലോകനം 2025' റിപ്പോർട്ടിലുണ്ട്. അതുപ്രകാരം 2025ൽ സംസ്ഥാനത്ത് അകെ 1,687 സംഘങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ 929 എണ്ണം, 55%, നഷ്ടത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

നഷ്‌ടത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളുടെ ആകെ നഷ്ടം 8,464.60 കോടി രൂപയാണ്. തലേവർഷ (2024)വുമായി താരതമ്യപ്പെടുത്തുമ്പോൾ, നഷ്ടത്തിലോടുന്ന സംഘങ്ങളുടെ എണ്ണത്തിലും അവയുടെ ആകെ നഷ്ടത്തിലും വലിയ വർധനവാണ് കാണാനാവുന്നത്.

2021 ൽ 55 ശതമാനം ലാഭത്തിൽ 2025 ൽ 55 ശതമാനം നഷ്ടത്തിൽ

2021 ആകെ ബാങ്കുകളുടെ എണ്ണം 1644 ആയിരുന്നു.അന്ന് നഷ്ടത്തിലുണ്ടായിരുന്നത് 678 ആയിരുന്നു, 41%. അന്ന് ലാഭത്തിലുണ്ടായിരന്നത് 903 സഹകരണ സംഘങ്ങളായിരുന്നു. ലാഭത്തിലുണ്ടായിരുന്നത് 55% ആയിരുന്നു. ഇന്നത് നേരെ തിരിച്ചായി.

2024ൽ ആകെയുള്ള 1,662 സംഘങ്ങളിൽ 805 സ്ഥാപനങ്ങൾ, 48%, നഷ്ടത്തിലായിരുന്നു. ഇവയുടെ ആകെ നഷ്‌ടമാവട്ടെ 6,998.19 കോടി രൂപയും.

2025 ൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. തലേവർഷത്തെ 796 ൽ നിന്ന് 707 ആയാണ് കുറഞ്ഞത്. ആകെ ലാഭത്തുക 1,045.52 കോടി രൂപയിൽ നിന്ന് 955.32 കോടി രൂപയായി കുറഞ്ഞു.

കാർഷിക സംഘങ്ങളിൽ വിശ്വാസം കുറയുന്നോ?

കാർഷിക വായ്പാ സംഘങ്ങളുടെ വിശ്വാസ്യത കുറയുകയാണെന്ന് നിക്ഷേപങ്ങളുടെ കണക്ക് പരിശോധിച്ചാൽ വ്യക്തമാകും. 2024 ൽ നിന്ന് 2025 ആയപ്പോഴേക്കും ആകെ നിക്ഷേപങ്ങളിൽ ചെറിയൊരു വർദ്ധനവേ ഉണ്ടായിട്ടുള്ളു.

2024 ൽ ആകെ നിക്ഷേപങ്ങൾ 1.65 ലക്ഷം കോടിയായിരുന്നത് 2025ൽ 1.68 ലക്ഷം കോടി രൂപയായി. വളർച്ചാ നിരക്ക് വെറും 1.45 ശതമാനം. ഇക്കാലയളവിൽ കേരളത്തിലെ ആകെ ബാങ്കിങ് മേഖലയിലെ നിക്ഷേപ വളർച്ചാ നിരക്ക് 10.10 ശതമാനം ആയിരുന്നെന്നാണ് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മറ്റിയുടെ കണക്കുകൾ കാണിക്കുന്നത്.

കേരളാ ബാങ്കിന്റെ നിക്ഷേപങ്ങൾ 2024 മാർച്ചിൽ 63,94,080 കോടി രൂപയായിരുന്നത് 2025 മാർച്ചിൽ 66,39,967 കോടി രൂപയായാണ് വർധിച്ചത്. വളർച്ചാ നിരക്ക് 3.85 ശതമാനം.

2024 ൽ നിന്ന് 2025 ആയപ്പോഴേക്കും പ്രാഥമിക സഹകരണ ബാങ്കുകളുടെ വായ്പാ കുടിശ്ശിക (ഔട്‍സ്റ്റാൻഡിങ് ലോൺസ്) 1.13 ലക്ഷം കോടി രൂപയിൽ നിന്ന് 1.14 ലക്ഷം കോടി രൂപയായി ഉയരുകയും, കാലവധി കഴിഞ്ഞിട്ടും തിരിച്ചടയ്ക്കാത്ത കിട്ടാക്കടമായി ( ലോൺ ഓവർഡ്യൂസ്‌) രുന്ന തുക 23,230 കോടി രൂപയിൽ നിന്ന് 22,569 കോടി രൂപയായി കുറയുകയും ചെയ്‌തുവെന്ന്‌ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.

കരുവന്നൂർ തട്ടിപ്പ് കേസ്

2021 ജൂലായിലാണ് കരുവന്നൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിലെ വായ്പാ തട്ടിപ്പിന്റെ വാർത്തകൾ പുറത്തുവന്നത്. ഏതാണ്ട് 180 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. അനധികൃത ലോണുകൾ അനുവദിച്ചത്, ബിനാമി ഇടപാടുകൾ, വ്യാജ രേഖ ചമയ്ക്കൽ, ബാങ്കിന്റെ വസ്‌തുവകകളുടെ ദുരുപയോഗം എന്നിവയാണ് പ്രധാനമായും നടന്ന കുറ്റകൃത്യങ്ങളായി റിപ്പോർട്ട് ചെയ്തത്.

കബളിക്കപ്പെട്ട നിക്ഷേപകരിൽ ഭൂരിഭാഗവും റിട്ടയർമെന്റ് തുക നിക്ഷേപിച്ച മുതിർന്ന പൗരന്മാർ, ചെറുകിട കച്ചവടക്കാർ, ദിവസവേതനക്കാർ എന്നിങ്ങനെ സാധാരണക്കാരായ മനുഷ്യരായിരുന്നു.

ബാങ്കിന്റെ പുനരുദ്ധാരണത്തിനും നിക്ഷേപകരുടെ പണം മടക്കി നൽകാനും സർക്കാർ ഒരു റിവൈവൽ പാക്കേജ് ഉണ്ടാക്കി. അത് പ്രകാരം ഒരു ലക്ഷത്തിനു താഴെ നിക്ഷേപം ഉണ്ടായിരുന്ന 26,000 ത്തോളം പേർക്ക് മുഴുവൻ പണവും തിരികെ നൽകി. 64 കോടി രൂപയാണ് ഇങ്ങനെ നൽകിയത്. 263 കോടിയുടെ നിക്ഷേപങ്ങൾ ഇനിയും തിരികെ നൽകാനുണ്ട്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷിച്ച കേസിലെ കുറ്റപത്രത്തിൽ പ്രധാന പ്രതികളായത് ബാങ്കിന്റെ മുൻ സെക്രട്ടറി സുനിൽ കുമാർ ടി.ആർ., മാനേജർ ബിജു എം. കരീം, അക്കൗണ്ടന്റ് ജിൽസ് സി.കെ., സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിലെ സതീഷ് കുമാർ, റിയൽ എസ്‌റ്റേറ്റ് വ്യവസായി കിരൺ പി.പി. എന്നിവരാണ്.

തന്റെ ചികിത്സയ്ക്കായി നിക്ഷേപം തിരികെ കിട്ടാൻ അലഞ്ഞ പൗലോസ് എന്ന 68 കാരന്റെ മരണം കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച സംഭവമായി മാറി. ലോട്ടറി തൊഴിലാളിയായിരുന്ന പൗലോസിന് അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് ലക്ഷം രൂപയാണ് പൗലോസ് നിക്ഷേപിച്ചിരുന്നത്.

More than half of the primary agricultural credit societies (PACS) in Kerala reported losses in 2025, according to the Economic Review 2025 tabled in the Assembly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബന്ധുവായ 46കാരന് 100 വര്‍ഷം തടവ്; 10 ലക്ഷം രൂപ പിഴ

'ഓര്‍മ്മയുണ്ടോ?, പ്രളയം പൂര്‍ണമായും തുടച്ചുനീക്കിയ, ജനങ്ങളുടെ കണ്ണീരില്‍ മുങ്ങിയ ഒരു ഗ്രാമത്തെ?; ഉയിര്‍പ്പ് പൂര്‍ണമാക്കുകയാണ് ഈ സര്‍ക്കാര്‍'

ആയുഷ് മിഷനിൽ സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ അസിസ്റ്റ​ന്റ മാനേജ‍ർ തസ്തികകളിൽ ഒഴിവ്

വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യാൻ 5,600 രൂപ; കൈക്കൂലി വാങ്ങിയ ചേർത്തല എംവിഐ വിജിലൻസ് പിടിയിൽ

SCROLL FOR NEXT