Reading printed books is a powerful way to improve children’s brain health.  samakalika malayalam
News+

സ്ക്രീനിലെ അക്ഷരങ്ങളല്ല, അച്ചടിച്ച അക്ഷരങ്ങൾ;ശാസ്ത്രം പറയുന്ന പുതിയ കാര്യങ്ങൾ

സ്‌ക്രീനിലെ അക്ഷരങ്ങളല്ല, അച്ചടിച്ച അക്ഷരങ്ങളാണ് മരുന്നാകുന്നത്. കുട്ടികളുടെ മസ്തിഷ്ക ആരോഗ്യത്തിന് പുസ്തക വായന തിരിച്ചുപിടിക്കണമെന്നാണ് പുതിയ കാലം പറയുന്നത്.

ഉണ്ണികൃഷ്ണൻ എസ്

ലോകത്തെ മാറ്റിമറിച്ച നൂറ്റാണ്ടിലെ 25 വർഷങ്ങൾ കടന്നുപോകുകയാണ്. തുടക്കം മുതൽ സാങ്കേതിക രംഗത്തെ വികാസവും രൂപപ്പെട്ട പുരോഗതിയും, അപ്രതീക്ഷിതമായി പടർന്ന കോവിഡ് മഹാമാരിയും, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിസന്ധികളും മനുഷ്യജീവിതത്തെ തന്നെ പുനർനിർണ്ണയിച്ചു.

ഈ കാലഘട്ടത്തിൽ ഏറ്റവും ഉയർന്നുപറഞ്ഞത് വായനയുടെ സ്വഭാവം മാറുന്നു എന്നതാണ്. ഡിജിറ്റൽ ലോകം കൂടുതൽ സജീവമായതോടെ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മനുഷ്യജീവിതം മുൻപ് കണ്ടിട്ടില്ലാത്ത രീതിയിലുള്ള മാറ്റങ്ങളിലേക്ക് വഴിമാറി. നിർമ്മിത ബുദ്ധി (AI) കടന്നുവരവോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.

മഹാമാരിയുടെ കാലവും അതിനൊപ്പം വന്ന ലോക്ക്ഡൗണും വിദ്യാഭ്യാസം മുതൽ വായന വരെയുള്ള മേഖലകളിൽ അതിവേഗവും ദൂരവ്യാപകവുമായ മാറ്റങ്ങൾക്ക് കാരണമായി. അച്ചടിച്ച അക്ഷരങ്ങളിൽ നിന്ന് ആളുകൾ, പ്രത്യേകിച്ച് കുട്ടികൾ, അകന്നു സ്ക്രീനുകളിലേക്ക് ചേക്കേറാൻ തുടങ്ങി.

ഈ വർഷം ലോകത്ത് നടന്ന പ്രധാന അന്വേഷണങ്ങളിൽ ഒന്നും അതിൽ രൂപപ്പെട്ട തീരുമാനവും അച്ചടിച്ച അക്ഷരങ്ങളുമായി ബന്ധപ്പെട്ടതാണ്. കടലാസിൽ അച്ചടിച്ച വാക്കുകൾ വെറും അറിവോ ഭാവനയോ മാത്രമല്ല, ചികിത്സാപരമായ ശക്തിയും വഹിക്കുന്നു എന്നതാണ് പുതിയ കണ്ടെത്തൽ. അതുകൊണ്ട് തന്നെ കുട്ടികൾ എങ്ങനെ വായിക്കണം എന്ന കാര്യത്തിൽ ഗൗരവകരമായ തീരുമാനങ്ങൾ രൂപപ്പെട്ട വർഷമാണിത്.

കുട്ടികൾ എന്ത് വായിക്കുന്നു എന്ന് മാതാപിതാക്കൾ എപ്പോഴും കൗതുകത്തോടെയും ആശങ്കയോടെയും നോക്കിയിരുന്നു. അറിവ് സ്വായത്തമാക്കുന്നതിനും സ്വഭാവരൂപീകരണത്തിനും വായന നിർണ്ണായകമാണ്. എന്നാൽ കടലാസിന്റെ ഗന്ധവും പേജുകളുടെ മർമ്മരവുമുള്ള ആ പഴയ 'കാൽപ്പനിക' വായനയിൽ നിന്ന് മാറി, ഡിജിറ്റൽ യുഗത്തിന്റെ ഭാഗമായി കുട്ടികൾ സ്‌ക്രീനുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്.

ഇന്നത്തെ കുട്ടികൾക്ക് കഥകളിലേക്കും അറിവിലേക്കുമുള്ള പ്രധാന വാതിൽ പുസ്തകങ്ങളല്ല, മറിച്ച് സ്ക്രീനുകളാണ്. മഹാമാരി ഈ മാറ്റത്തിന് ആക്കം കൂട്ടി, ഡിജിറ്റൽ വായനയെ വിദ്യാഭ്യാസത്തിന്റെയും ദൈനംദിന ജീവിതത്തിന്റെയും ഭാഗമാക്കി. അക്ഷരങ്ങളോടൊപ്പം കാഴ്ചകളും ശബ്ദങ്ങളും ചേർന്ന അനുഭവം അറിവിന്റെ ആഴം കൂട്ടുമെന്ന് കരുതിയിരുന്നു, അതുകൊണ്ട് സോഷ്യൽ മീഡിയ പോലും വായനയുടെ ഭാഗമാകുകയായിരുന്നു.

പ്രതീകാത്മക ചിത്രം

എന്നാൽ ഈ വർഷാവസാനത്തോടെ വന്ന വാർത്ത, അച്ചടിച്ച പുസ്തകങ്ങളുടെ ആവശ്യകത വീണ്ടും ഉയരുന്നതാണ്. അച്ചടിച്ച പുസ്തകങ്ങൾ മനുഷ്യന്റെ ചിന്തയ്ക്ക് ചിറകുകൾ നൽകുന്നുവെന്നതാണ് പുതിയ കണ്ടെത്തൽ.

ഓസ്‌ട്രേലിയൻ മാതൃക: എന്തിനായിരുന്നു ആ വിലക്ക്?

ഈ മാറ്റത്തിനിടയിലാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഓസ്‌ട്രേലിയ ഒരു സുപ്രധാന തീരുമാനമെടുത്തത്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയമപരമായ വിലക്കേർപ്പെടുത്തിക്കൊണ്ട് തീരുമാനമെടുത്തു. ആഗോളതലത്തിൽ തന്നെ ആദ്യമായി ഇങ്ങനെ ഒരു തീരുമാനമെടുക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ.

കുട്ടികൾക്ക് അവരുടെ കുട്ടിക്കാലം തിരിച്ചുനൽകാനും മാതാപിതാക്കളെ സഹായിക്കാനുമാണ് ഈ നയമെന്ന് തീരുമാനത്തെ കുറിച്ച് വ്യക്തമാക്കിക്കൊണ്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് രംഗത്തെത്തി. വിവരങ്ങൾ വിരൽത്തുമ്പിൽ അതിവേഗം ലഭ്യമാകുമ്പോഴും അത്യന്താപേക്ഷിതമായ മറ്റെന്തോ നമുക്ക് നഷ്ടപ്പെടുന്നുണ്ടെന്ന തിരിച്ചറിവാണ് ഇത്തരം കർശന നടപടികൾക്ക് പിന്നിൽ.

ഡിജിറ്റൽ വായനയും മസ്തിഷ്ക ആരോഗ്യവും

മാതാപിതാക്കളും അദ്ധ്യാപകരും ഗവേഷകരും ഇപ്പോൾ ഒരേപോലെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ദീർഘകാല മസ്തിഷ്ക ആരോഗ്യത്തിന് (cognitive health) അച്ചടിച്ച പുസ്തകങ്ങളാണോ സ്ക്രീനുകളാണോ മികച്ചത്? കുട്ടികളിൽ അച്ചടിച്ച പുസ്തകങ്ങൾ നൽകുന്ന അനുഭവങ്ങൾ സ്ക്രീനുകൾക്ക് നൽകാനാവില്ലെന്നും അത് കുട്ടികളുടെ വളർച്ചയ്ക്ക് വലിയ ഗുണങ്ങൾ നൽകുന്നുണ്ടെന്നും തെളിവുകൾ സൂചിപ്പിക്കുന്നു.

ഡിജിറ്റൽ ഓവർലോഡ്

ആറാവെന്ന ഒൻപത് വയസ്സുകാരന്റെ അനുഭവം അമിതമായ സ്ക്രീൻ സമയം കൊണ്ടുണ്ടാകുന്ന ബൗദ്ധിക പ്രശ്നങ്ങളെ വ്യക്തമാക്കുന്നു. മഹാമാരിക്കാലത്ത്, ആറാവ് ദിവസവും മൂന്ന് മുതൽ നാല് മണിക്കൂർ വരെ ഇ-ബുക്കുകൾ, വേഗതയേറിയ വീഡിയോ ഗെയിമുകൾ, വിദ്യാഭ്യാസ വീഡിയോകൾ എന്നിവയിൽ മുഴുകി. ആദ്യം മാതാപിതാക്കൾക്ക് ഇത് പഠനത്തിന് സഹായകരമാണെന്ന് തോന്നിയെങ്കിലും, ഉടൻ തന്നെ പ്രശ്നങ്ങൾ പ്രകടമായി: ശ്രദ്ധ കുറയുക, കുട്ടി ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണം എടുത്തുമാറ്റുമ്പോൾ‍ അസഹിഷ്ണുത, എഴുത്തിൽ ആശയങ്ങൾ പ്രകടിപ്പിക്കാൻ ബുദ്ധിമുട്ട്, ഉറക്കക്കുറവ്, പഠനവിഷയങ്ങൾ ഓർക്കാൻ ബുദ്ധിമുട്ട്, സാമൂഹികമായി പിന്മാറ്റം. "ആറാവ് ബുദ്ധിമാനാണ്, പക്ഷേ മനസ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ചാടുന്നതുപോലെ തോന്നുന്നു ” എന്ന് ആറാവിന്റെ അദ്ധ്യാപകൻ നിരീക്ഷിച്ചു.

ഇത് ഒരു കുട്ടിയുടെ അനുഭവമോ, ഒറ്റപ്പെട്ട സംഭവമോ അല്ല,, 2020–21 കാലഘട്ടത്തിൽ ലോകമെമ്പാടും കണ്ട പ്രവണതയാണിത്. ലോക്ക്ഡൗൺ വിദ്യാഭ്യാസവും സാമൂഹിക ഇടപെടലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റി. നിയന്ത്രണങ്ങൾ നീങ്ങിയ ശേഷവും 2021–22 കാലത്തോളം ഉയർന്ന സ്ക്രീൻ സമയം തുടർന്നു. പഠനവും വിനോദവും തമ്മിലുള്ള അതിരുകൾ മാഞ്ഞുതുടങ്ങിയതോടെ, വിദ്യാ‍ർത്ഥികളുടെ ശ്രദ്ധക്കുറവും ക്ഷീണവും ലോകമെമ്പാടും അദ്ധ്യാപകർ രേഖപ്പെടുത്തി. ഇക്കാര്യം ഗവേഷണങ്ങളും തെളിയിച്ചു,

ആറാവിന്റെ ചികിത്സാ ഇടപെടൽ ഡിജിറ്റലിനോട് അകൽച്ച പാലിച്ചുകൊണ്ടായിരുന്നു: സ്ക്രീൻ സമയം കുറച്ചു, പുസ്തകങ്ങൾ, പസിലുകൾ, ബോർഡ് ഗെയിമുകൾ എന്നിവയിലേക്ക് മാറ്റിക്കൊണ്ടായിരുന്നു ചികിത്സാ രീതി. ഇതിന്റെ ഫലം വായനയുടെ അച്ചടി രൂപം ബൗദ്ധിക വളർച്ചയ്ക്ക് നിർണായകമാണെന്ന വിദഗ്ധരുടെ അഭിപ്രായത്തെ സാധൂകരിക്കുന്നതായിരുന്നു.

representative purpose only

അച്ചടിച്ച പുസ്തക വായനയുടെ ഗുണങ്ങൾ

ഏത് രീതിയിലുള്ള വായനയും മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുമെങ്കിലും സ്ക്രീനുകളെക്കാൾ വായനക്കാരെ ആഴത്തിൽ സ്വാധീനിക്കുന്നത് അച്ചടിച്ച പുസ്തകങ്ങളാണെന്ന് വിദഗ്ധർ പറയുന്നു.

"ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യക്തമായി ചിന്തിക്കാനും കാര്യക്ഷമമായി പഠിക്കാനും വിവരങ്ങൾ ഓർത്തുവെക്കാനും മികച്ച തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവിനെയാണ് മസ്തിഷ്ക ആരോഗ്യം എന്ന് വിളിക്കുന്നത്" എന്ന് തിരുവനന്തപുരം കിംസ് ഹെൽത്തിലെ (KIMSHEALTH) കൺസൾട്ടന്റ് സൈക്കോളജിസ്റ്റും എഡ്യൂക്കേഷണൽ തെറപ്പിസ്റ്റുമായ ഡോ. ജമീല കെ. വാര്യർ പറയുന്നു. സ്ക്രീൻ വായനയെക്കാൾ കൂടുതൽ മസ്തിഷ്ക ഗുണങ്ങൾ അച്ചടിച്ച പുസ്തകങ്ങൾ നൽകുന്നുണ്ടെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നതായും അവർ പറഞ്ഞു.

പുസ്തകങ്ങൾ പിടിക്കുന്നതും പേജുകൾ മറിക്കുന്നതും അവയുടെ കനം അനുഭവിക്കുന്നതും വായനക്കാർക്ക് വായന പൂർത്തിയാക്കി എന്നൊരു സംതൃപ്തി നൽകുന്നു. ഇത് വായിച്ച കാര്യങ്ങൾ സംഗ്രഹിക്കാൻ (summarizing) സഹായിക്കുന്നു. കൂടാതെ പുസ്തകങ്ങളിലെ ചിത്രങ്ങളും വാക്കുകളും ഓർത്തുവെക്കാനുള്ള കുട്ടികളുടെ കഴിവിനെ (visuospatial memory) ഇത് വർദ്ധിപ്പിക്കുന്നു. വിവരങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ അച്ചടിച്ച പുസ്തകങ്ങളാണ് കൂടുതൽ സഹായകരമാകുന്നതിന് ഇതൊരു കാരണമാണ്.

ശക്തമായ നാഡീവ്യൂഹം കെട്ടിപ്പടുക്കാം

സ്ക്രീനുകൾ വിവരങ്ങൾ വേഗത്തിൽ നൽകുമെങ്കിലും അച്ചടിച്ച പുസ്തകങ്ങൾ ആ വിവരങ്ങൾ തലച്ചോറിൽ ഉറപ്പിച്ചുനിർത്താൻ സഹായിക്കുന്നു. ഡിജിറ്റൽ ഉപകരണങ്ങൾക്ക് നൽകാൻ കഴിയാത്ത വിധത്തിൽ നമ്മുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാൻ അച്ചടിച്ച പുസ്തകങ്ങൾക്കാവും എന്നാണ് പ്ലെക്സസ് ന്യൂറോ സെന്ററിലെ മെഡിക്കൽ ഡയറക്ടർ ഡോ. നയീം സാദിഖ് പറയുന്നത്,

ഇതിന്റെ ശാസ്ത്രീയ വശം അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: "നമ്മൾ ഒരു പുസ്തകം വായിക്കുമ്പോൾ പേജുകൾ മറിക്കുന്നതും പ്രധാനപ്പെട്ട ഭാഗങ്ങൾ അടിവരയിടുന്നതും തലച്ചോറിന്റെ ഹിപ്പോകാമ്പസിനെ (hippocampus - ദീർഘകാല ഓർമ്മകളുടെ കേന്ദ്രം) സ്വാധീനിക്കുന്നു. ഇത് വിവരങ്ങളെ ശക്തമായി ഓർത്തെടുക്കാൻ സഹായിക്കുന്നു."

representative purpose only

സ്ക്രീൻ വായനയിൽ സംഭവിക്കുന്നത്

ഡിജിറ്റൽ വായന പലപ്പോഴും ഉപരിപ്ലവമായ ഒന്നായി മാറാറുണ്ടെന്ന് ഡോ. ജമീല വാര്യർ മുന്നറിയിപ്പ് നൽകുന്നു. സ്ക്രീനിൽ വായിക്കുമ്പോൾ വേഗത്തിൽ വായിച്ചുതീർക്കാനുള്ള പ്രവണതയും പ്രധാന ഭാഗങ്ങൾ മാത്രം ശ്രദ്ധിക്കുന്ന രീതിയും (skimming) വിവരങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിന് തടസ്സമാകുന്നു. വിവിധ നോട്ടിഫിക്കേഷനുകൾ ശ്രദ്ധ തെറ്റിക്കുന്നതും 'കോഗ്നിറ്റീവ് ഓവർലോഡ്' (മസ്തിഷ്കത്തിന് താങ്ങാനാവുന്നതിലപ്പുറമുള്ള വിവരം) ഉണ്ടാകുന്നതിനും വേഗത്തിൽ മാനസിക തളർച്ച അനുഭവപ്പെടുന്നതിനും കാരണമാകുന്നു.

ഡിജിറ്റൽ ഉപകരണങ്ങൾ നമ്മുടെ മസ്തിഷ്കത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ഡോ. സാദിഖും യോജിക്കുന്നു. സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചവും (blue light) നോട്ടിഫിക്കേഷനുകളും ശ്രദ്ധയെ ചിതറിക്കുകയും മസ്തിഷ്കത്തിന്റെ പ്രീഫ്രണ്ടൽ കോർട്ടക്സിന്റെ (prefrontal cortex) പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഇത് മാനസികമായ അവ്യക്തതയ്ക്കും (brain fog) ഓർമ്മക്കുറവിനും കാരണമാകും. സ്ക്രീനുകൾ അമിതമായി ഉപയോഗിക്കുന്ന യുവാക്കളിൽ ആശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനോ കഥകൾ ഓർത്തെടുക്കാനോ ഉള്ള കഴിവ് കുറയ്ക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു.

സ്ഥിരമായ മസ്തിഷ്ക ആരോഗ്യത്തിന് വിദഗ്ധരുടെ ഉപദേശം വ്യക്തമാണ്: അച്ചടിച്ച അക്ഷരങ്ങൾക്ക് മുൻഗണന നൽകുക. അച്ചടിച്ച പുസ്തകങ്ങൾ വായിക്കുന്നത് ഡിജിറ്റൽ അമിതഭാരത്തിൽ നിന്ന് സംരക്ഷണം നൽകുകയും തെളിഞ്ഞ ചിന്തയും മികച്ച ഓർമ്മശക്തിയും വളർത്താൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ് ഡോ. സാദിഖ് നടത്തുന്ന നിരീക്ഷണം.

അച്ചടിച്ച പുസ്തകങ്ങൾക്ക് പകരം വയ്ക്കുക എന്നതല്ല, മറിച്ച് സ്‌ക്രീൻ വായന അതിന് പൂരകമായി മാറുന്നതാണ്, ഓഫ്‌ലൈൻ വായനയുമായി സന്തുലിതമാകുമ്പോഴാണ് ഓൺലൈൻ കൂടുതൽ മികവുറ്റതാകുക, അതിനാൽ, കുട്ടികളുടെ വായനയുടെ കാര്യത്തിൽ അച്ചടിച്ച അക്ഷരങ്ങളിലേക്ക് ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നത് ഈ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ഡിജിറ്റൽ കുത്തൊഴുക്കി​ന്റെ കാലത്ത് നമ്മളെ ഓ‍ർമ്മിപ്പിക്കുന്നു.

Learn how printed books boost children’s brain health and how parents can balance screen reading safely and effectively.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നത്'; അപലപിച്ച് ഇന്ത്യ

ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച ഡിവൈഎഫ്‌ഐ നേതാവ്; കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിക്ക് പരോള്‍

കൂത്തുപറമ്പില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

ഇരട്ട സഹോദരങ്ങള്‍ പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി

SCROLL FOR NEXT