Ramayana File
News+

രാമായണത്തിന്റെ ഭിന്നവായനകള്‍; ബഹുത്വ സംസ്‌കൃതികളുടേതും

വാത്മീകിയുടെ ശ്ലോകങ്ങളില്‍ തുടക്കം കുറിച്ച രാമായണമെന്ന മഹാകാവ്യം ആധുനിക കാലഘട്ടം വരെ അതിന്റെ നിരവധി പരിവര്‍ത്തന രൂപങ്ങളിലൂടെയും പരിഭാഷകളിലൂടെയും തുടര്‍ച്ച നേടിയിട്ടുണ്ട്

മധു ഇളയത്

സംസ്‌കൃതികളുടെ അതിജീവന രഹസ്യമെന്നത് അവയുടെ ഇതിഹാസങ്ങളുടെ പുനരാഖ്യാനശേഷി കൂടെയത്രെ. ഇന്ത്യന്‍ സംസ്‌കാരത്തെ സംബന്ധിച്ചും ഏറെ സംഗതമായ കാര്യമാണത്. അതിലെ ഇതിഹാസ ആഖ്യാനങ്ങളായ രാമായണമോ മഹാഭാരതമോ ആകട്ടെ, അവ ഒരേയൊരു ദാര്‍ശനിക തലത്തിലേക്കോ വിചാരപരിധിയിലേക്കോ ചുരുക്കാനാവാത്തത്രയും വിപുലമാണ്. വാത്മീകിയുടെ ശ്ലോകങ്ങളില്‍ തുടക്കം കുറിച്ച രാമായണമെന്ന മഹാകാവ്യം ആധുനിക കാലഘട്ടം വരെ അതിന്റെ നിരവധി പരിവര്‍ത്തന രൂപങ്ങളിലൂടെയും പരിഭാഷകളിലൂടെയും തുടര്‍ച്ച നേടിയിട്ടുണ്ട്. ഓരോ പുതിയ അവതരണങ്ങളിലും ഘടനയും സന്ദേശവും മാറ്റപ്പെട്ട് ഭിന്നവായനകള്‍ക്കത് വിധേയമാവുകയും ചെയ്തു.

എന്നാല്‍ എല്ലാ കാലത്തുമെന്ന പോലെ ഇത്തവണയും രാമായണമാസത്തില്‍ തന്നെ അതിനെതിരെയുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ചിലര്‍ പറയുന്നത് രാമായണം ദലിതര്‍ ഒരിക്കലും വായിച്ചിട്ടില്ല, അതിനാല്‍ അതിന് ഈ സമൂഹത്തില്‍ പ്രസക്തിയില്ല എന്നും അതിനെ പ്രതിരോധിക്കേണ്ടതുണ്ട് എന്നതുമത്രെ.

ഇന്ത്യയുടെ ദാര്‍ശനിക, താന്ത്രിക, വൈദിക പാരമ്പര്യങ്ങളില്‍ ദലിതര്‍ മാത്രമല്ല, വിവിധ ഗോത്രീയ സമൂഹങ്ങളും പങ്കാളികളായിരുന്നിയിട്ടുണ്ട്. ഭാരതീയ ദര്‍ശനം ചാന്ദോഗ്യോപനിഷത്തിനും ശാക്താനുഷ്ഠാനങ്ങള്‍ക്കും ഒരേ വേദഭൂമിയില്‍ സ്ഥാനം നല്‍കുന്ന ഒരന്വേഷണശൈലിയാണ് പിന്തുടര്‍ന്നത് എന്ന് കാണാം. തന്ത്രങ്ങള്‍ ദലിത് ആചാരങ്ങളില്‍ നിന്നുമാണ് തുടക്കമെടുത്തത് എന്നത് സംശയമില്ലാത്ത കാര്യമാണ്. പക്ഷേ, അതിനോടൊപ്പം ബ്രാഹ്മണരും അതിലര്‍പ്പിച്ച സംഭാവനകള്‍ നിഷേധിക്കപ്പെട്ടുകൂടാ.

നമ്മുടെ ക്ഷേത്രങ്ങളിലെ ജാതിവ്യവസ്ഥ, പ്രസാദവിതരണത്തിലെ അപാകാത, അവ സമൂഹം കുറ്റബോധത്തോടെ തിരുത്തേണ്ടവ തന്നെയാണെന്ന് അനവധിക്കാലം ക്ഷേത്രപൂജാരിയായി സേവനം ചെയ്ത എനിക്ക് തീര്‍ച്ചയായും പറയാനാകും. പക്ഷേ, ആ തെറ്റുകള്‍ ഭവ്യമായ സംസ്‌കൃതിക പാരമ്പര്യങ്ങളെയും അവരുടെ ആത്മാവിനെയും നിഷേധിക്കാനുള്ള കാരണമാകരുത്. എഴുത്തച്ഛന്റെ രാമായണ വ്യഖ്യാനം തന്നെ നോക്കൂ, അതൊരു സമുദായത്തെയും കച്ചവടമാക്കാനുള്ള തന്ത്രമല്ല. അച്ഛനും അമ്മയും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബവുമായുള്ള സംവേദനമാണത്. അതിനെയാണ് ചിലര്‍ ഭ്രാന്ത് എന്നു വിളിക്കുന്നത്. എന്നാല്‍ ഈ 'ഭ്രാന്ത്' തലമുറകളെ ജാതിയല്ലാതെ, മനുഷ്യത്വത്തെക്കുറിച്ചും ധര്‍മ്മത്തെയും പഠിപ്പിച്ചു വളര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്.

രാമായണം ഒരു ജാതിഗ്രന്ഥമല്ല. അത് സത്യസന്ധതയുടെയും ധാര്‍മ്മികതയുടെയും കാവ്യാത്മക സാക്ഷ്യമായിട്ടേ പരിഗണിക്കപ്പെടേണ്ടതുള്ളൂ. അതിലെ രാമനാകട്ടെ സാധുതയുടെയും ഏകപത്‌നീവ്രതത്തിന്റെയും ധാര്‍മികഭാവത്തിന്റെയും പ്രതീകവും. അനന്തരകാലങ്ങളില്‍ പല ജാതികളും സമുദായങ്ങളും സ്വന്തം ഭാഷയില്‍ തങ്ങളുടെ ഭാവത്തോടെ രാമായണത്തെ പുനരാഖ്യാനം ചെയ്യാനായതിന്റെ തെളിവുകള്‍ ഇന്ത്യയുടെ സര്‍വ്വ ഭാഗങ്ങളിലും കാണാം.

മറ്റൊരര്‍ത്ഥത്തില്‍, രാമായണത്തിന്റെ ചരിത്രമെന്നത് അതിന്റെ വൈവിധ്യപരമായ വായനയുടെ കൂടി ചരിത്രമാണ് എന്ന് പറയാം. കേവലമൊരു മതഗ്രന്ഥം മാത്രമല്ലത്, പല ഭാഷകളിലൂടെയും സംസ്‌കാരങ്ങളിലൂടെയും തലമുറകളായി പുനരാഖ്യാനം ചെയ്യപ്പെട്ട, ജീവിതത്തെക്കുറിച്ചുള്ളൊരു ദാര്‍ശനിക സംഭാഷണം കൂടിയാണ്. വാല്മീകിയുടെ രാമായണത്തിനു പുറമെ ലോകം മുഴുവനും വിവിധരൂപങ്ങളിലായി പ്രചരിച്ച അനേകം രാമകഥകളുണ്ട്. തമിഴ് കംബരാമായണം, തെലുങ്ക് രഘുനാഥരാമായണം, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, തുളസീദാസിന്റെ രാമചരിത മാനസ്, തായ്, ലാവോ, കംബോഡിയന്‍, ജാവാനീസ് തുടങ്ങി ഏഷ്യന്‍ സംസ്‌കാരങ്ങളിലുണ്ടായ ഉപരാമായണങ്ങള്‍, തിബറ്റനും ചൈനീസ് സംസ്‌കാരങ്ങളിലും കണ്ടെത്തിയ വിവിധ രൂപങ്ങള്‍. ഇവ എല്ലാം ചേര്‍ന്നതാണ് രാമായണത്തിന്റെ ബഹുസ്വരത.

ഈ വൈവിധ്യം അതിന്റെ പേരില്‍ മാത്രമല്ല, കഥാശില്പത്തിലുള്ള ഭിന്നതകളിലൂടെയും പ്രകടമാകുന്നുണ്ട്. ചിലതില്‍ രാമന്‍ ദൈവികതയുടെ പ്രതീകമാകുന്നതിനൊപ്പം മനുഷ്യാവതാരമായും പ്രത്യക്ഷപ്പെടുന്നു. സീതയുടെ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായി ചിലത് മാറുമ്പോള്‍, മറ്റു ചിലവ രാമന്റെ ധര്‍മ ദൗത്യത്തെ ചോദ്യം ചെയ്യുന്നതായി മാറുന്നുമുണ്ട്.

ജൈന രാമായണങ്ങളില്‍ മതപ്രതീകങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെടുന്നു. രാമന്‍ ദൈവമല്ല ആത്മപരിപാകം നേടിയ മനുഷ്യനാണതില്‍. അവിടെ രാമന്‍ രാവണനെ അതിജീവിക്കുന്നത് ശക്തിയാലല്ല കരുണയാലും ശുദ്ധിയാലുമാണ്. ഭഗവത്കൃപയേക്കാള്‍ ആത്മവിശുദ്ധിക്കാണവിടെ പ്രാധാന്യം. അത്ഭുത രാമായണത്തില്‍ യുദ്ധമധ്യേ മഹാകാളി രൂപം സ്വീകരിച്ച് ശത്രുവിനെ സംഹരിക്കുന്നത് സീതയാണ്. നിശബ്ദ സഹനത്തിന്റെ പ്രതീകമല്ല അവിടെ സീത, ആധ്യാത്മിക വിശ്വാസത്തിന്റെ ജ്വാലയാണ്.

മധ്യപ്രദേശിലെയും മറ്റും ചില രാമായണ കഥകളില്‍ രാവണന്‍ ലങ്കയിലേക്ക് കൊണ്ടുപോകുന്നത് മായാസീതയെയാണ്. ശരിയായ സീതയെ അഗ്‌നിദേവന്‍ സംരക്ഷിക്കുന്നു. പവിത്രത തെളിയിക്കാനുള്ള യാതനകള്‍ ഒന്നുമില്ലവിടെ. തായ്ലന്‍ഡിലെ രാമായണ ആഖ്യാനങ്ങള്‍ സൗന്ദര്യവും ചാരുതയും നിറഞ്ഞതാണ്. ഇവിടെ ഹനുമാന്‍ വിനോദിയായ കാമുകനാണ്. ദൈവാനുരക്തിയില്ലാത്ത മനുഷ്യാനുഭവങ്ങളാണവിടെ ആഖ്യാനം ചെയ്യപ്പെടുന്നത്. ഇപ്പോഴും അവിടങ്ങളിലെ ക്ഷേത്രചുമര്‍ചിത്രങ്ങള്‍, നൃത്യ, നാട്യങ്ങളിലെ ചലനങ്ങള്‍ തുടങ്ങിയ പലതിലും ആ ആഖ്യാനത്തുടര്‍ച്ച കാണാം. ജാവരാമായണങ്ങളില്‍ രാമന്‍ ഭരണത്തിന്റെയും ഭരണഘടനയുടെയുമെല്ലാം പ്രതീകമാണ്. രാജചരിത്രത്തോട് ചേര്‍ന്നാണ് അവിടെ രാമകഥ ആഖ്യാനം ചെയ്യപ്പെട്ടത്.

വാത്മീകിരാമായണത്തില്‍ നിന്ന് തുടങ്ങി കമ്പരുടെ തമിഴ് രാമായണം, തുളസി ദാസിന്റെ ഭക്തിരസമായ രാമായണം, രാമനെ തികഞ്ഞ മാനവനായി ചിത്രീകരിക്കുന്ന ജൈനരാമായണം വരെ ഓരോന്നും ഓരോ ദാര്‍ശനിക ബിംബകല്പനാ സാമ്രാജ്യങ്ങളിലേക്കുള്ള കവാടങ്ങളാണ് എന്ന് പറയാം. ഭക്തിപ്രസ്ഥാനത്തിലൂടെയും തുളസിദാസിന്റെ രാമചരിതമാനസം പോലുള്ള കൃതികളിലൂടെയും പരിചിതമാക്കപ്പെട്ട രാമന്‍ ദൈവീകതത്വമായ, പാപരഹിതനായ പുരുഷനായിട്ടാണ് പ്രഖ്യാപിക്കപ്പെട്ടത്. രാമന്‍ ധര്‍മത്തിന്റെ പരിപൂര്‍ണമായ ബിംബമാണവിടെ. രാമന്റെ എല്ലാ പ്രവൃത്തികളും ന്യായീകരിക്കപ്പെടേണ്ടവയാണവിടെ. കൃത്യവുമാണ്. ഈ ഏകഭക്തി കാഴ്ചപ്പാടിനെ സമസ്തരാമായണങ്ങളുടെയും ഏകസത്യമാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

വിവിധ സംസ്‌കാരങ്ങളില്‍ രാമായണത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന വൈവിധ്യം ആശയപരമായ ബഹുസ്വരതയുടെ ഭാഗം തന്നെയാണ്. ഓരോ സമൂഹത്തിന്റെയും ആത്മാവിലേക്കുള്ള ദര്‍പ്പണമെന്ന നിലയില്‍ അവ പരിഗണിക്കപ്പെടുകയും വേണം. പരമ്പരയാ കൈമാറിവന്ന സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി, ചിത്രീകരിക്കപ്പെട്ട ശക്തിസംതുലനങ്ങളെയും സാംസ്‌കാരിക ധാര്‍മികതകളെയും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള പുനരാഖ്യാനങ്ങള്‍ ഓരോ സമൂഹത്തിന്റെയും ആന്തരിക ധര്‍മ്മചിന്തകളെ വെളിപ്പെടുത്തുന്ന വഴിയാകുന്നു. അതിനാല്‍ തന്നെ രാമായണം, മൗലികമായി ഒരു സാഹിത്യശൈലി മാത്രമാകാതെ ജീവിതത്തെക്കുറിച്ചുള്ള അവകാശവാദങ്ങളും, പ്രത്യാശകളും, വിമര്‍ശനങ്ങളുമൊക്കെ പകരുന്ന സജീവ പാരമ്പര്യമായി മാറുന്നു.

ഈ ആഖ്യാന വൈവിധ്യത്തെ ഒരേയൊരു ഏകതാവാദത്തില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് സാഹസം തന്നെയെന്നേ പറയാനാവൂ. രാമായണം അനേക കാലങ്ങളിലൂടെയും സംസ്‌കാരങ്ങളിലൂടെയും മനുഷ്യരുടെ കാഴ്ചപ്പാടുകളിലൂടെയും ഒഴുകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിനെ ഒരേ നിലയ്ക്ക് മാത്രം കാണാനാവില്ല. അതൊരു ഭക്തിഗാനം മാത്രമായി ചുരുക്കാനുമാവില്ല. വ്യത്യസ്ത വായനകളുള്ള ദാര്‍ശനിക ലോകം തന്നെയാണത്. സദാ സഞ്ചരിക്കുന്നതും സദാ പരിണമിച്ചുകൊണ്ടിരിക്കുന്നതുമായ ഒന്ന്.

ഭക്തിപ്രസ്ഥാന കാലത്ത് അതിലെ രാമന്‍ ജനഹൃദയങ്ങളെ കീഴടക്കിയെന്നത് വാസ്തവമാണ്. വാത്മീകി രാമായണം പോലും രാമനെ സര്‍വ്വശക്തനായ ദൈവം എന്ന നിലയ്ക്കല്ല മനുഷ്യ പരിധികള്‍ക്കുള്ളില്‍ ജീവിക്കുന്ന, ധര്‍മ്മസങ്കടങ്ങള്‍ നേരിടുന്ന അനുഭവ പുരുഷനെന്ന നിലയ്ക്കാണ് ആവിഷ്‌കരിക്കുന്നത്. ജൈന രാമായണങ്ങളിലാകട്ടെ രാമന്‍ ദൈവമല്ല, ഭവചക്രത്തിലൂടെ കടന്നുപോകുന്ന മനുഷ്യനാണ്. ദക്ഷിണേന്ത്യയിലെ ജനകീയ രാമായണങ്ങളിലും സാമൂഹിക സ്തുതികളിലും ആഖ്യാനങ്ങളിലും വായ്‌മൊഴികളിലും പ്രകടീഭവിക്കപ്പെടുന്ന രാമന്‍ ഒരേയൊരു വിചാരപരിധിയിലേക്കോ ദാര്‍ശനിക തലത്തിലേക്കോ ചുരുക്കാനാവാത്തത്രയ്ക്കും വിപുലമായ ഒന്നത്രേ.

വാത്മീകിയുടെ കൈകളിലെ രാമന്‍ മനുഷ്യരാശിക്കാകമാനമുള്ള മാതൃകയാണ്. ധീരനായും ധര്‍മ്മപരനായും ദിവ്യശക്തിയുള്ള മനുഷ്യനായും കഠിനമായ ധര്‍മ്മ പാതയില്‍ മുന്നേറുകയാണവിടെ രാമന്റെ ഗതി. എന്നാല്‍ കമ്പരാമായണത്തില്‍ രാമന്‍ ദൈവീക പുരുഷനാണെങ്കിലും കൂടുതല്‍ മൃദു സ്വഭാവമുള്ള, സീതയുടെ വേര്‍പാടില്‍ തകര്‍ന്ന മനുഷ്യനായി ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ഭക്തി എന്ന ചട്ടക്കൂടില്‍ മാത്രം രാമായണത്തെ ചുരുക്കുമ്പോള്‍ ഇതുപോലുള്ള സജീവതയാണ് നഷ്ടപ്പെടുന്നത്. ഭക്തി എന്നത് തന്നെ ഒരു ദാര്‍ശനിക ബോധമാണല്ലോ. പാരമ്പര്യ ധാരണകള്‍ പ്രകാരം ഒരാള്‍ ആത്മാവിന്റെ പുനരുദ്ധാരണത്തിനുള്ള പാത കയറുന്നത് അതിലൂടെയാണ്.

രാമന്‍ ഒരു ദൈവമായിരുന്നു എന്നതും അതോടൊപ്പം ഒരു മനുഷ്യനായിരുന്നു എന്നതും രണ്ടും രാമായണത്തിന്റെ സത്യങ്ങളാണ്. രണ്ട് രീതിയിലും രാമന്‍ ഒരേ നീതിയും ധര്‍മ്മവും പ്രതിനിധീകരിക്കുന്നു. അതാണ് ഐതിഹ്യത്തിന്റെ വൈവിധ്യമെന്നും പറയാം. ഓരോ സമൂഹത്തിനും അനുഭവപരമായ സത്യം വേറിട്ടതാകാം. ഈ സത്യങ്ങളെ ഒരു ഏക രൂപത്തിലേക്കൊതുക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ആഖ്യാനത്തിന്റെ സ്വാതന്ത്ര്യവും സൗന്ദര്യവും നഷ്ടമാകുകയും ചെയ്യും. വൈവിധ്യപൂര്‍ണ്ണമായ ആ ആഖ്യാനങ്ങളാകട്ടെ, ഓരോ തലമുറയുടെയും ജനപദങ്ങളുടെയും ആത്മസംശയങ്ങളും വിശ്വാസങ്ങളുമാണ്. അതിലേറെയും, പക്ഷേ മനസ്സിലാക്കപ്പെടേണ്ടത് ആത്മീയതലത്തില്‍ മാത്രമല്ല എന്നതും വാസ്തവം. അതിനാല്‍ രാമായണത്തിന്റെ ആത്മീയതലം സംരക്ഷിക്കുന്നതുപോലെ പ്രധാനമാണ് അതിന്റെ വൈവിധ്യത്തെ സംരക്ഷിക്കുന്നതും.

ആധുനിക ദാര്‍ശനികരും സാഹിത്യനിരൂപകരുമാണ് ഭിന്നവായനകളെ സജീവമായി ഉണര്‍ത്തിയത്. എ.കെ. രാമാനുജന്റെ 'മുന്നൂറു രാമായണങ്ങള്‍' ഈ ചര്‍ച്ചയുടെ അടിസ്ഥാനപഥമായിത്തീരുന്നു എന്ന് പറയാം. അതിന്റെ പഠനപരിധിയാകട്ടെ പുസ്തകങ്ങളിലോ ഇന്ത്യന്‍ ഭാഷകളിലോ മാത്രമായി ഒതുങ്ങുന്നില്ല; സാമൂഹത്തില്‍ നിന്ന് ബഹിഷ്‌കൃതരായവരുടെ കൂടി ചരിത്രത്തിലേക്കും ഭാവനാലോകങ്ങളിലേക്കുമാണ് അത് ദിശാബദ്ധമാകുന്നത്.

ഓരോ രാമായണ ആഖ്യാനത്തിനും സ്വന്തമായ ദാര്‍ശനികതയുണ്ട്. എല്ലാ രൂപങ്ങളുടെയും ദാര്‍ശനികത ഒരേ വിധം അളക്കാനുമാകില്ല. അവയോരോന്നിന്നും അടിസ്ഥാനമാകുന്നത് അതിന്റെ കാലവും ദേശവുമാണ്. അതുകൊണ്ടുതന്നെ വിവിധ രാമായണങ്ങളിലെ പാഠങ്ങള്‍ ഒരേ തരത്തിലല്ല. ചിലത് കഠിന ധര്‍മത്തെകുറിച്ചാണ്. ചിലത് ദയയുടെയും കരുണയുടെയും പ്രതീകങ്ങളാണ്. ചിലത് ത്യാഗത്തിന്റെ കാമ്യഗീതങ്ങളാണ്. ചിലത് പിതൃധര്‍മത്തിന്റെയും സ്ത്രീധര്‍മത്തിന്റെയും. ഒരേ തോണിയില്‍ ഒരേ ദിശയിലല്ല ഇവയെല്ലാം ഒഴുകുന്നത്. വ്യത്യസ്ത താളങ്ങളാണോരോന്നിനും. ആ വ്യത്യസ്തത തന്നെയാണ് രാമായണത്തെ ഒരു 'ജീവിതഗ്രന്ഥ'മാക്കുന്നതും.

ഒരു ഐതിഹ്യം ഒരേ വിധത്തില്‍ മാത്രമേ പറയാനാവൂ എന്നത് പരിമിതി തന്നെയാണ്. കാരണം ഐതിഹ്യങ്ങള്‍ നിര്‍ദിഷ്ടമായ ചരിത്രരേഖകളല്ല. അവ ജീവിതത്തിന്റെ ദാര്‍ശനികതയെ അവതരിപ്പിക്കുന്ന കലാരൂപങ്ങളാണ് എന്ന് പറയാം. ഓരോ രീതികളില്‍ ഓരോ ദേശങ്ങളെയും മനുഷ്യരെയും പ്രതിഫലിപ്പിക്കാനാകുന്നു എന്നതാണ് അവയുടെ കരുത്ത്. അതുകൊണ്ടുതന്നെ ഓരോ രാമായണങ്ങളും ഓരോ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കൂടിയാണ് എന്ന് വരുന്നു.

ഏകരൂപതയിലല്ല, പുനരാഖ്യാനങ്ങളിലൂടെയാണത് മുന്നോട്ട് നീങ്ങിയത്. അതിന്റെ വേരുകള്‍ പടര്‍ന്നു കിടക്കുന്ന, ദേശങ്ങളിലൂടെയും ഭാഷകളിലൂടെയും അതിശയകരമായ സംവേദനക്ഷമതയോടെ അത് സഞ്ചരിക്കുകയും ചെയ്തു. കൈമാറുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കുമനുസരിച്ച് അതിനു ഓരോ മുഖങ്ങളും ധാര്‍മിക മൂല്യങ്ങളുമുണ്ടായി. ഓരോ വായനയിലും കഥാപാത്രങ്ങള്‍ ഭിന്നമായി മനസ്സിലാക്കപ്പെടുകയും ചെയ്തു. പുണ്യഭൂമിയില്‍ തുടിച്ചു നില്‍ക്കുന്ന ദൈവകഥകളിലൂടെയല്ല, ജനപദങ്ങളുടെ വാമൊഴികളിലൂടെയാണ് ഈ കഥകള്‍ പലതും സഞ്ചരിച്ചത്.

വ്യവസ്ഥിതിപ്രധാനമായ വഴക്കമായല്ലാതെ, സംവേദനാത്മകമായ ജൈവസംസ്‌കാരമായി രാമായണത്തെ വീക്ഷിക്കേണ്ടതുണ്ട്. കാലഘട്ടത്തിന്റെ സത്യാന്വേഷണമെന്ന നിലക്ക് അങ്ങനെ രാമായണം ഒരു പ്രതിരോധമാകുകയും ചെയ്യുന്നു. അതിനുള്ളില്‍ നിന്ന് തന്നെ ഉയരുന്ന സ്ത്രീശബ്ദങ്ങളായോ സംവേദനാപൂരിതമായ ദലിത് വായനകളായോ മറ്റു വംശീയധാരകളായോ ആധുനിക സാഹിത്യത്തിലും തിയേറ്ററുകളിലുമെത്തിയ രാമായണങ്ങള്‍ ഈ ഭിന്നതകളെ മുഖാമുഖം നിര്‍ത്തിയിരുന്നു എന്നത് നേര്.

ഒരേ ആഖ്യാനത്തെ വ്യത്യസ്തങ്ങളായി പറയുന്നത് സത്യസന്ധതയെ ചോദ്യം ചെയ്യുകയല്ല, അതിലെ സത്യങ്ങളെ സമ്പന്നമാക്കുകയാണ് ചെയ്യുക. കഥയുടെ താളത്തില്‍ വൈവിധ്യം കൊണ്ടുവരികയും സാംസ്‌കാരിക ജീവിതത്തെ പ്രസന്നമാക്കുകയും ചെയ്യുന്നവയാണ് ഈ പുനരാഖ്യാനങ്ങള്‍. ഓരോ സമൂഹവും തങ്ങള്‍ അനുഭവിച്ച ദാരിദ്ര്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും അടിസ്ഥാനത്തില്‍ രാമായണത്തെ സ്വന്തം ഭാഷയിലും ശരീരത്തിലും തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് അവ സാക്ഷ്യം നല്‍കുന്നത്.

ഓരോ തപസ്സിനും സ്വന്തമായൊരോ പ്രത്യക്ഷതകളുണ്ട് എന്നതുപോലെ ഓരോ അന്വേഷക മനസ്സിനും തങ്ങളുടേതായ ദൈവത്തെ കണ്ടുപിടിക്കാനുള്ള അവകാശമുണ്ട്. അതിനാല്‍ കലാത്മകമായി പല വീക്ഷണങ്ങളില്‍ രാമകഥ പറയുന്നത് നീതിയുമാണ്. ചില ഗ്രാമപ്രദേശങ്ങളിലെയും ആദിവാസി സമൂഹങ്ങളിലെയും രാമന്‍ അവരോടൊപ്പം ജീവിക്കുകയും വേട്ടയാടുകയും ചെയ്ത രാമനാണ്. ചിലതില്‍ കര്‍മ്മയോഗിയായ യോദ്ധാവാണ്. ഏത് ശരി ഏത് തെറ്റ് എന്നെങ്ങനെ പറയാനാവും. ഭിന്നരൂപങ്ങള്‍ വായിക്കപ്പെടുമ്പോഴും അത്രകൂടി നമ്മെപ്പറ്റിയുള്ള തിരിച്ചറിവുകള്‍ക്കുള്ള വാതിലുകള്‍ തുറക്കപ്പെടുകയാണ് ചെയ്യുക. അതിന്റെ വൈവിധ്യത്തെ പ്രതിരോധിക്കുക എന്നതാണ് അനഭിലഷണീയമായത്. വ്യത്യസ്തതയെ സ്വീകരിക്കുന്ന സംസ്‌കാരമാണ് സത്യത്തില്‍ ജീവിതത്തെ അറിയുന്നത്, അതിന്റെ ചിരകാല സത്യമേതെന്ന് തിരിച്ചറിയുന്നതും.

ബഹുസ്വരമായ സംസ്‌കാരത്തെയും ജനാധിപത്യപരമായ ചര്‍ച്ചകളെയും ദൃഢമാക്കുന്ന പാഠപദ്ധതിയാണ് ആ ഭിന്നവായനകള്‍ എന്ന് പറയാം. ഒരു പാരമ്പര്യത്തെ പൂര്‍വനിശ്ചിതമായ അതിര്‍ത്തികളിലൊതുക്കാതെ അതിന്റെ പ്രത്യാശകളും സ്വാധീനവും തുറന്നുകാട്ടുന്ന ജീവിതചിന്തയായി കാണുന്നതിനുള്ള ക്ഷണമാണത്. ഓരോ സമൂഹത്തിനും അതിന്റെ കാഴ്ചപ്പാടിലും അഭിരുചിയിലും ആഖ്യാനങ്ങളെ കാണാനാകുന്നു എന്നതാണ് ഭിന്നവായനകളുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രത്യയശാസ്ത്രം.

ദക്ഷിണേഷ്യന്‍ കഥാചരിത്രത്തിന്റെ ആധികാരികത, സങ്കുചിതമായ മതപഠനങ്ങളെ മറികടക്കുന്ന ഉണര്‍ച്ചയാണ് ഭിന്നവായനകള്‍. ആ ഭിന്നതയെ ഏറ്റെടുക്കുക എന്നതാണ് ഏറ്റവും വലിയ സാഹസികത. അതിനാലാണ് രാമായണത്തിന്റെ പുനരാഖ്യാനങ്ങള്‍ ഒരു കലയായും രാഷ്ട്രീയമായും പ്രധാനമായിത്തീരുന്നത്. ഓരോ പുനരാഖ്യാനവും പുതിയ സത്യത്തിലേക്ക് നയിക്കുന്നു. അതാണ് രാമായണത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ പ്രതിബദ്ധത.

ramayana and diverse texts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT