Ornamental Senna plants commonly seen in Kerala and other parts of India  Shilo k Deve
News+

അറിഞ്ഞിരിക്കണം, അപകടം പൂത്തുലയുന്ന ഈ അപരന്മാരെ

കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകത്തിലും ഉൾപ്പടെ വ്യാപകമായി കണ്ടുവരുന്ന പലതരം മഞ്ഞ പൂക്കളുള്ള ചെടികൾ നാടിനും കാടിനും ചെയ്യുന്ന അപകടങ്ങളെക്കുറിച്ച് അറിയാം

ഷിലോ കെ ദേവ്‌

മഞ്ഞപ്പൂക്കൾ മലയാളികളുമായി വളരെയധികം ഇഴചേർന്നിരിക്കുന്നു. വിശ്വാസം കൊണ്ടും നിറംകൊണ്ടും പൂത്തുലഞ്ഞു നിൽക്കുന്ന ഭംഗികൊണ്ടുമൊക്കെ മഞ്ഞപ്പൂക്കൾ ഓർമ്മകളിലേക്ക് ഓടിയെത്തും. മഞ്ഞപ്പൂക്കൾ എന്നു പറയുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് കണിക്കൊന്ന തന്നെയാണ്.

കണിക്കൊന്ന അഥവാ കാസിയഫിസ്റ്റുല (Cassia fistula) ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മാർ, തായ്‌ലൻഡ്, എന്നീ പ്രദേശങ്ങളുൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ പ്രദേശങ്ങളിലും കാണപ്പെടുന്ന സസ്യമാണ്. ജന്മദേശത്തിനു പുറത്ത് നിരവധിപ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലും ഇന്ത്യയിലെ പശ്ചിമഘട്ടത്തിന്റെ ചില ഭാഗങ്ങളിലും അധിനിവേശയിനമായി ഇതിനെ കണക്കാക്കുന്നു.

ഫാബേസി (Fabaceae) കുടുംബത്തിൽപ്പെടുന്ന സീസൽപിനിയോയിഡേ (Caesalpinioideae) എന്ന ഉപകുടുംബത്തിൽ പെടുന്ന കാസിയ (Cassia) ജനുസ്സാണ് കണിക്കൊന്ന. അതേ കുടുംബത്തിലും ഉപകുടുംബത്തിലും പെടുന്നതും സെന്ന (Senna) ജനുസ്സിൽപ്പെടുന്നതുമായ മഞ്ഞപ്പൂക്കൾ ഉണ്ടാകുന്ന വിവിധ സ്പീഷീസുകൾ ഇപ്പോൾ അലങ്കാരച്ചെടികളായും കളകളായും ഇന്ത്യയിലും കേരളത്തിലും കാണപ്പെടുന്നുണ്ട്.

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സെന്ന അധിനിവേശത്തിന്റെ ഏറ്റവും ആശങ്കാജനകമായ ഉദാഹരണം ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടത്തിലാണ് കാണപ്പെടുന്നത്. അതിൽ പ്രധാനമാണ്, നീലഗിരി ബയോസ്ഫിയർ റിസർവിന് ഗുരുതരമായ പാരിസ്ഥിതിക നാശമുണ്ടാക്കുന്ന സെന്നസ്പെക്റ്റബിലിസ് (Senna spectabilis).

വയനാടിന്റെ ജൈവവൈവിധ്യത്തെ, പ്രത്യേകിച്ച് വയനാട് വന്യജീവിസങ്കേതത്തിനുള്ളിൽ ഭീഷണിയായതെക്കേഅമേരിക്കയിൽ നിന്നുള്ള ഈ സസ്യം, 1980 കളിൽ സാമൂഹികവനവൽക്കരണത്തിന്റെ ഭാഗമായി ഇവിടെ നട്ടുപിടിപ്പിച്ചതാണ്. വയനാട് വന്യജീവിസങ്കേതത്തിനുള്ളിൽ, 2021 ൽ 23 ശതമാനം പ്രദേശത്ത് വ്യാപിച്ചിരുന്ന സെന്ന, ഇപ്പോൾ 40 ശതമാനത്തിലധികം പ്രദേശത്തേക്ക് വ്യാപിച്ചു കഴിഞ്ഞുവെന്നാണ് കണക്കാക്കപ്പെടുന്നത്.

മുത്തങ്ങ, തോൽപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങളിൽ ഹെക്ടറുകളോളം വ്യാപിച്ചു കിടക്കുന്ന ഈ സസ്യത്തെ നീക്കം ചെയ്യുന്നതിനായി മരങ്ങൾ പിഴുതെറിഞ്ഞും വീണ്ടും വളരുന്നത് തടയുന്നതിനായി വേരുകൾ നശിപ്പിച്ചും പ്രാദേശിക സഹകരണത്തോടെ സംസ്ഥാന വനംവകുപ്പ് സെന്ന നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. ഇവ വെട്ടിമാറ്റിയ ഇടങ്ങളിൽ തദ്ദേശീയ വ്യക്ഷയിനങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് വനമേഖലയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്തുന്നത്.

വയനാട് കൂടാതെ, തൊട്ടടുത്തുള്ള തമിഴ്നാട്ടിലെ മുതുമല കടുവ സംരക്ഷണകേന്ദ്രം, കർണാടകയിലെ ബന്ദിപ്പൂർ ദേശീയോദ്യാനം, നാഗർഹോള ദേശീയോദ്യാനം എന്നിവിടങ്ങളിലേക്കും സെന്ന വ്യാപിച്ചിരിക്കുന്നു. നീലഗിരി, മുതുമല, സത്യമംഗലം എന്നിവിടങ്ങളിലെ വനമേഖലകളിൽ വ്യാപകമായ സെന്ന സ്പെക്റ്റബിലിസ്, പശ്ചിമഘട്ടത്തിലെ ഏറ്റവും വിനാശകരമായ സസ്യങ്ങളിൽ ഒന്നായി രേഖപ്പെടുത്തുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ആയിരക്കണക്കിന് ഹെക്ടറുകളിൽ വ്യാപിച്ചുകിടക്കുന്ന സെന്ന സ്പെക്റ്റബിലിസിന്റെ ഉന്മൂലന പ്രവർത്തങ്ങൾ തമിഴ് നാട് സർക്കാരും ചെയ്യുന്നുണ്ട്.

സെന്നയും അതിലെആക്രമണകാരികളും

ഫാബേസി (Fabaceae)കുടുംബത്തിൽപ്പെടുന്ന സീസൽപിനിയോയിഡേ (Caesalpinioideae) എന്ന ഉപകുടുംബത്തിൽ പെടുന്ന വലിയ ജനുസ്സാണ് സെന്ന. മഞ്ഞപ്പൂക്കൾക്കു പേരുകേട്ട ഇവയിൽ ലോകത്തിലെ ഉഷ്ണമേഖലാ, ഉപഉഷ്ണമേഖലാ പ്രദേശങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഏകദേശം 250–350 ഇനങ്ങൾ ഉൾപ്പെടുന്നു. ചെറുസസ്യങ്ങളായും, കുറ്റിച്ചെടികളായും മരമായും സെന്ന കാണപ്പെടുന്നു.

അലങ്കാരത്തിനും തണലിനുമായി നട്ടുപിടിപ്പിക്കുന്ന സെന്നയുടെ വിവിധയിനങ്ങൾ അവയുടെ ജന്മദേശ പരിധികൾക്കപ്പുറത്തേക്ക് എത്തിക്കഴിഞ്ഞു. ഇവയിൽ മിക്കവയും അധിനിവേശ സ്വഭാവം കാണിക്കുന്നവയാണ് എന്നത് അവയെത്തുന്ന ദേശങ്ങളിൽ ആശങ്കയായി മാറുന്നു.

സെന്ന സ്പെക്റ്റാബിലിസിനെ അധിനിവേശസസ്യമായി തിരിച്ചറിയുകയും അതിനെതിരെ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും സെന്നയിലെ മറ്റു സ്പീഷീസുകളും അധിനിവേശ സ്വഭാവം ഉള്ളവയായതിനാൽ, ഇപ്പോഴേ അവയെ തിരിച്ചറിയുകയും നിയന്ത്രിക്കുകയും വേണ്ടതുണ്ട്. സെന്ന ചെടികൾ ആക്രമണകാരിയായി വളരുകയും വ്യാപിക്കുകയും ചെയ്ത് തദ്ദേശീയ സസ്യങ്ങളെ ഉന്മൂലനം ചെയ്യുകയും ജൈവവൈവിധ്യത്തിന് ഭീഷണിയാകുകയും ചെയ്യുന്നു.

Senna spectabilis

ചില അധിനിവേശ സെന്ന സ്പീഷീസുകളെ അറിയാം

സെന്ന സ്‌പെക്റ്റാബിലിസ് (Senna spectabilis)

അമേരിക്കൻ സ്വദേശിയായ കാൽസിയോളാരിയ ഷവർ, മഞ്ഞക്കൊന്ന, രാക്ഷസക്കൊന്ന,എന്നൊക്കെയറിയപ്പെടുന്ന എഴു മുതൽ പതിനെട്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ വൃക്ഷം, കുലകുലയായുള്ള മഞ്ഞപൂക്കളോടു കൂടിയവയാണ്. കേരളം, തമിഴ്‌നാട്, അടക്കമുള്ള ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലും, ആഫ്രിക്കയിലും ഒരു പ്രധാന ഭീഷണിയാണ്.

തണൽ-അലങ്കാരവൃക്ഷമായിട്ടാണ് വ്യാപകമായി അവതരിപ്പിക്കപ്പെട്ടതെങ്കിലും ഈ സസ്യം ഇന്ന് ഒരു പ്രധാന അധിനിവേശ ഭീഷണിയായി മാറിയിരിക്കുന്നു.

സെന്ന സയാമിയ (Senna siamea)

മഞ്ഞകാസിയ അല്ലെങ്കിൽ സയാമീസ് സെന്ന എന്നറിയപ്പെടുന്ന ഈ സസ്യം, തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ളതാണ്. പത്തു മുതൽ പതിനഞ്ചു മീറ്റർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷമായ ഇതിൽ ഇളം നിറത്തിലുള്ള മഞ്ഞപ്പൂക്കളാണ് കാണുന്നത്. കെനിയ, മലാവി, ടാൻസാനിയ, ഉഗാണ്ട, തുടങ്ങി ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, ദക്ഷിണേന്ത്യ, ഓസ്ട്രേലിയയിലെ കേപ് യോർക്ക് പെനിൻസുല, കരീബിയൻ, പസഫിക് എന്നിവിടങ്ങളിൽ ഇത് അധിനിവേശയിനമായി കണക്കാക്കുന്നു. സെന്ന സ്പെക്റ്റാബിലിസ് പോലെ ഇതും വളരെയധികം അധിനിവേശ സ്വഭാവം ഉള്ളവയാണ്.

സെന്ന സുറാറ്റെൻസിസ് (Senna surattensis)

മഞ്ഞ പൂക്കളുള്ള, വേഗത്തിൽ വളരുന്ന ഒന്നു മുതൽ ഒൻപത് മീറ്റർ വരെ ഉയരമുള്ള ചെറിയ നിത്യഹരിത വൃക്ഷമാണിത്. ഗോൾഡൻസെന്ന, ഗ്ലോസ്സിഷവർ, സ്ക്രാംബിൾഡ്എഗ്ഗ്ട്രീ എന്നൊക്കെ അറിയപ്പെടുന്ന ഈ സസ്യം മൂന്നു മുതൽ എട്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഹവായ്, സിംഗപ്പൂർ, തായ്‌വാൻ, ഫ്രഞ്ച് പോളിനേഷ്യ, മൈക്രോനേഷ്യ എന്നിവിടങ്ങളിൽ ആക്രമണകാരിയായി അറിയപ്പെടുന്നു

Senna_siamea

സെന്ന കോറിംബോസ(Senna corymbosa)

തെക്കേഅമേരിക്കയിൽ നിന്നുള്ള അർജന്റീനിയൻ സെന്ന എന്നറിയപ്പെടുന്ന, രണ്ടു മുതൽ അഞ്ചുമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടിയും മഞ്ഞപ്പൂക്കൾ കൊണ്ട് ആകർഷകമാണ്. ദക്ഷിണാഫ്രിക്കയിൽ അധിനിവേശയിനമായി കണക്കാക്കപ്പെടുന്നതാണ് ഭംഗിയുള്ള ഈ കുറ്റിച്ചെടി.

സെന്ന മൾട്ടിഗ്ലാൻഡുലോസ (Senna multiglandulosa)

ഗ്ലാൻഡുലാർ സെന്ന അല്ലെങ്കിൽ ബട്ടർകപ്പ്ബുഷ് എന്നൊക്കെ അറിയപ്പെടുന്ന, ആറ് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ധാരാളം മഞ്ഞപ്പൂക്കൾ ഉണ്ടാകുന്ന ഒരു കുറ്റിച്ചെടിയാണിത്. അമേരിക്കയിൽ നിന്നുള്ള ആക്രമണകാരിയായ ഈ ചെടി ഇപ്പോൾ ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസ്, ന്യൂസിലാൻഡ്, ആഫ്രിക്കയുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിൽ അധിനിവേശയിനമായി വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

സെന്ന ബൈകാപ്സുലാരിസ് (Senna bicapsularis)

ക്രിസ്മസ്ബുഷ്, ക്ലയിമ്പിങ്ങ്കാസിയ എന്നപേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം തെക്കേഅമേരിക്കയിൽ നിന്നുള്ള വളരെ ആക്രമണകാരിയായ ചെടിയാണ്. അഞ്ചു മുതൽ ഒൻപത് മീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെടി അതിന്റെ മഞ്ഞപ്പൂക്കൾകൊണ്ട് വളരെയേറെ ആകർഷകമാണ്. ദക്ഷിണാഫ്രിക്കയിൽ ഇതിനെ കാറ്റഗറി മൂന്ന് അധിനിവേശസസ്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഗാലപാഗോസ്, ന്യൂകാലിഡോണിയ, ഇന്ത്യയുടെ ചില ഭാഗങ്ങൾ,കെനിയ, ടാൻസാനിയ, തുടങ്ങിയ സ്ഥലങ്ങളിലും ഇത് അധിനിവേശയിനമാണ്.

Senna bicapsularis

സെന്ന പെൻഡുല (Senna pendula)

രണ്ടു മുതൽ നാല് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈസ്റ്റർകാസിയ എന്നറിയപ്പെടുന്ന ഈ കുറ്റിച്ചെടി അവയുടെ മഞ്ഞപ്പൂങ്കുലകൾ കാരണം പ്രിയങ്കരമാണ്. തെക്കേഅമേരിക്കയിലും ബ്രസീലിലും പരാഗ്വേയിലും വേരുകളുള്ള ഈ ചെടി ഫ്ലോറിഡ, ഓസ്ട്രേലിയ, ആഫ്രിക്കയുടെചിലഭാഗങ്ങൾ എന്നിവിടങ്ങളിൽ വളരെ ആക്രമണകാരിയായി കാണപ്പെടുന്നു.

സെന്ന അലേറ്റ (Senna alata)

തെക്കേഅമേരിക്കയിൽ നിന്നുള്ള മഞ്ഞനിറത്തിലുള്ള മെഴുകുതിരിപോലുള്ള പൂക്കൾക്ക് പേരുകേട്ടതാണ് കാൻഡിൽ ബുഷ് അഥവാ മെഴുകുതിരിച്ചെടി എന്നറിയപ്പെടുന്ന ഈ സസ്യം. ഒന്നു മുതൽ നാലുമീറ്റർ വരെ ഉയരത്തിൽ ഇതു വളരുന്നു. ദ്രുതഗതിയിലുള്ള വളർച്ച കാരണം ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക്, തുടങ്ങിയ സ്ഥലങ്ങളിൽ ആക്രമണകാരിയായി കണക്കാക്കപ്പെടുന്നു.

സെന്ന ഡിഡിമോബോട്രിയ (Senna didymobotrya)

ആഫ്രിക്കൻസെന്ന, പോപ്‌കോൺകാസിയ എന്നൊക്കെ അറിയപ്പെടുന്ന ആക്രമണകാരിയും ഒന്നു മുതൽ നാലുമീറ്റർ വരെ ഉയരത്തിൽ വളരുന്നതുമായ ആഫ്രിക്കൻ കുറ്റിച്ചെടിയാണിത്. ജൈവവൈവിധ്യത്തിന് ഉയർന്ന ഭീഷണി ഉള്ളതിനാൽ, ദക്ഷിണാഫ്രിക്കയിൽ ഇതിനെ കാറ്റഗറി മൂന്ന് അധിനിവേശസസ്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, മെക്സിക്കോ, അമേരിക്കയിലെ കാലിഫോർണിയ, ഫ്ലോറിഡ, ഹവായ് എന്നിവിടങ്ങളിൽ ഇത് ആക്രമണകാരിയായി മാറിയിരിക്കുന്നു.

Senna alata

ഈ പറഞ്ഞവയൊക്കെ അലങ്കാരത്തിനും തണലിനുമായി ഉപയോഗിക്കുന്നവയാണ്. എന്നാൽ ഇതു കൂടാതെ, സെന്ന ടോറ, സിക്കിൾപോഡ് എന്നറിയപ്പെടുന്ന സെന്ന ഒബ്‌ടുസിഫോളിയ, കോഫി സെന്ന എന്നറിയപ്പെടുന്ന സെന്ന ഓക്‌സിഡന്റാലിസ് എന്നിവ ആഗോളതലത്തിൽ തുറസ്സായ സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും പ്രശ്‌നമുണ്ടാക്കുന്ന കളയിനങ്ങളായി കണക്കാക്കുന്നു.

അധിനിവേശ സെന്ന സ്പീഷീസുകളിലെ പൊതു സ്വഭാവ സവിശേഷതകൾ

സെന്നയുടെ പ്രത്യേകത അവയുടെ മഞ്ഞപ്പൂക്കളാണ്. നിരവധി രാജ്യങ്ങൾ സെന്ന ഇനങ്ങളെ പ്രശ്നകാരികളായ സസ്യങ്ങളായി തരംതിരിച്ചിട്ടുണ്ട്. .

സെന്ന ജനുസ്സിലെ അധിനിവേശ സ്പീഷീസുകളിൽ, ദ്രുതവളർച്ചയും വൻതോതിലുള്ള വിത്ത് ഉൽപാദനവും അവയുടെ അതിവ്യാപനത്തിനും അധിനിവേശത്തിനും സഹായിക്കുന്ന പ്രധാന സ്വഭാവസവിശേഷതകളാണ്. ഒരു ചെടിയിൽ നിന്നു തന്നെ പ്രതിവർഷം ആയിരക്കണക്കിന് വിത്തുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതും അവ ഏകദേശം ഒരു ദശാബ്ദക്കാലത്തോളം നിലനിൽക്കുന്നതും ഈ സസ്യത്തെ ഏതു പ്രതികൂല സാഹചര്യങ്ങളും മറികടക്കുവാൻ സഹായിക്കുന്നു.

സസ്യ പുനരുജ്ജീവനമാണ് മറ്റൊരു അനുകൂല ഘടകം. മുറിച്ചതിനു ശേഷമോ ഭാഗികമായി നീക്കം ചെയ്തതിനു ശേഷമോ, സെന്ന മരങ്ങൾക്ക്, അവയുടെ കുറ്റികളിൽ നിന്നോ വേരുകളിൽ നിന്നോ മുളയ്ക്കുവാൻ കഴിയും. പുറംതൊലി നീക്കം ചെയ്ത കുറ്റികളിൽ നിന്നുപോലും വേഗത്തിൽ മുളയ്ക്കുവാനുള്ള കഴിവും ഉന്മൂലന ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നു.

വൈവിധ്യമാർന്ന അവസ്ഥകളെ അതിജീവിക്കാനുള്ള ശേഷിയാണ് ഇവയുടെ മറ്റൊരു പ്രത്യേകത. പല സെന്ന സ്പീഷീസുകളും ഏതു തരം മണ്ണിലും, പൂർണ്ണ സൂര്യപ്രകാശത്തിലും, വരണ്ടതും ഈർപ്പമുള്ളതുമായ ഉഷ്ണമേഖലാ കാലാവസ്ഥകളിലും വളരുന്നു.

ചില സെന്ന സ്പീഷീസുകൾ സമീപത്തുള്ള സസ്യങ്ങളുടെ വളർച്ചയെ തടയുന്ന രാസവസ്തുക്കൾ പുറത്തു വിടുന്നു. ഈ അല്ലെലോപ്പതി (Allelopathy) പ്രക്രിയയിലൂടെ തദ്ദേശീയ സസ്യജാലങ്ങളെ നശിപ്പിക്കുവാനും ഈ രാസവസ്തുക്കൾ മണ്ണിൽ ലയിക്കുന്നതിലൂടെ തദ്ദേശീയ സസ്യങ്ങൾ വളരുന്നത് തടയുവാനും ഇവയ്ക്കു കഴിയുന്നു.

ഈ സ്വഭാവ സവിശേഷതകൾ, അധിനിവേശ പ്രദേശങ്ങളിലെ പ്രകൃതിദത്ത വേട്ടക്കാരുടെ (natural predators) അഭാവവുമായി ചേർന്ന്, ഏകജാതി കാടുകൾ സൃഷ്ടിക്കുവാൻ സെന്നയെ സഹായിക്കുന്നു. സെന്ന സ്പെക്റ്റാബിലിസും അനുബന്ധ ഇനങ്ങളും തദ്ദേശീയ മരങ്ങൾ, പുല്ലുകൾ, ഔഷധസസ്യങ്ങൾ എന്നിവയെ ഇല്ലാതാക്കും, ഇത് സസ്യവൈവിധ്യം കുറയ്ക്കുകയും വനഘടനയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു.

മാൻ, കാട്ടുപോത്ത്, ആനകൾ, തുടങ്ങിയ തദ്ദേശീയ സസ്യഭുക്കുകളായ വന്യജീവികകൾ വിവിധതരം പുല്ലുകൾ,കുറ്റിച്ചെടികൾ, എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇടതൂർന്ന സെന്നക്കാടുകൾ ഈ ഭക്ഷ്യസ്രോതസ്സുകളെ പരിമിതപ്പെടുത്തുന്നു.

ആവാസവ്യവസ്ഥയിലെ ഘടനാപരമായ വൈവിധ്യം കുറയുന്നത് അർത്ഥമാക്കുന്നത് പ്രാണികൾ, പക്ഷികൾ, ചെറിയ സസ്തനികൾ എന്നിവയ്ക്കുള്ള ഇടങ്ങൾ കുറയ്ക്കുക എന്നാണ്. ഇതു ഭക്ഷ്യശൃഖലയേയും ഭക്ഷ്യവലയത്തേയും ബാധിക്കുന്നു. ഇത് ആന, കടുവ തുടങ്ങിയ വലിയ സസ്തനികളെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുവാൻ നിർബന്ധിതരാക്കുന്നു. ഇത് മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിപ്പിക്കുന്നു.

അധിനിവേശ സെന്ന ജീവിവർഗങ്ങൾക്ക് പോഷക ചക്രത്തേയും മണ്ണിന്റെ ഘടനയേയും മാറ്റി തദ്ദേശീയ സസ്യസമൂഹങ്ങളുടെ വീണ്ടെടുക്കലിനു വെല്ലുവിളിയാകുന്നു. അവയുടെ വേരുകളുടെ വ്യവസ്ഥകൾക്ക് തദ്ദേശീയ സസ്യജാലങ്ങളുടെ അതേ സഹജീവിബന്ധങ്ങൾ പലപ്പോഴും ഇല്ലാത്തതിനാൽ കാലക്രമേണ മണ്ണിന്റെ ജൈവഗുണനിലവാരവും കുറയുന്നു.

വനത്തിലെ അടിക്കാടുകളിൽ വരണ്ട സെന്ന ബയോമാസ് അടിഞ്ഞുകൂടുന്നത് കാട്ടുതീയുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാന സമ്മർദ്ദങ്ങളിൽ വർദ്ധിച്ചുവരുന്ന ഒരു ആശങ്കയാണിത്.

നിയന്ത്രണ നടപടികൾ

സെന്ന ഇനങ്ങളുടെ ആക്രമണം നിയന്ത്രിക്കുന്നത് സങ്കീർണ്ണമാണ്, ഇതിനായി സുസ്ഥിരമായ ബഹുമുഖ സമീപനങ്ങൾ ആവശ്യമാണ്. മരങ്ങൾ വെട്ടിമാറ്റൽ, തൈകൾ പിഴുതുമാറ്റൽ, മരങ്ങളെ നശിപ്പിക്കുവാൻ പുറം തൊലിനീക്കം ചെയ്യൽ, വേരുകൾ പിഴുതുമാറ്റലും വേർതിരിച്ചെടുക്കലും എന്നിവ നിയന്ത്രണത്തെ സഹായിക്കുന്നു. പക്ഷേ പുനരുജ്ജീവന മാർഗ്ഗങ്ങൾ കാരണം ദീർഘകാലം ഈ പ്രക്രിയ തുടർന്നുകൊണ്ടിരുന്നാൽ മാത്രമേ അവയെ പൂർണ്ണമായി നശിപ്പിക്കുവാൻ കഴിയൂ. പുതിയ തൈകൾ തുടർച്ചയായി പിഴുതു കളയേണ്ടതും നശിപ്പിക്കേണ്ടതും അത്യാവശ്യമാണ്.

പൾപ്പ് അല്ലെങ്കിൽ ഇന്ധനത്തിനായി സെന്ന വെട്ടിമാറ്റി ഉപയോഗിക്കുന്നത് ഉന്മൂലനത്തിനുള്ള സാമ്പത്തികനഷ്ടത്തിൽ കുറവു വരുത്തുവാൻ സഹായിക്കും. പാരിസ്ഥിതിക പുനഃസ്ഥാപനം വളരെ നിർണ്ണായകമാണ്. സെന്നക്കാടുകൾ നീക്കം ചെയ്തതിനുശേഷം, തദ്ദേശീയ ഇനങ്ങൾ ഉപയോഗിച്ചുള്ള വനവൽക്കരണവും ശ്രദ്ധാപൂർവ്വമായ നിരീക്ഷണവും സെന്നയുടെ ആവർത്തിച്ചുള്ള വളർച്ച തടയുന്നതിനെ സഹായിക്കുന്നു.

സെന്നയെ ഇല്ലാതാക്കലിന് സമൂഹിക ഇടപെടൽ വളരെ അനിവാര്യമായ ഒന്നാണ് . പ്രാദേശിക പങ്കാളിത്തവും നിരീക്ഷണവും നേരത്തെയുള്ള നീക്കംചെയ്യലും സ്ഥിതി മെച്ചപ്പെടുത്തുവാൻ സഹായകരമാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിന് ദീർഘകാല പദ്ധതികൾ ആവശ്യമാണ്. ശാസ്ത്രീയ നിരീക്ഷണവും വനവൽക്കരണവും മുതൽ പൊതുജന ഇടപെടലും നയപിന്തുണയും വരെ. സംയോജിത പ്രവർത്തനത്തിലൂടെ മാത്രമേ സെന്നയെ നിയന്ത്രിക്കുവാൻ കഴിയൂ.

ഓൺലൈൻ അടക്കമുള്ള നേഴ്സറികളിലും മറ്റും വിവിധയിനം സെന്നച്ചെടികളുടെ വിത്തുകളും തൈകളും ഇപ്പോഴും വിൽപ്പന നടത്തുന്നുണ്ട്. ഒരു ഭാഗത്ത് സെന്നയുടെ അധിനിവേശം തടയുവാൻ ശ്രമിക്കുമ്പോൾ മറുഭാഗത്ത് നമ്മുടെ പരിസ്ഥിതിയിലേക്ക് അവയെ വീണ്ടും എത്തിക്കുന്നതിനെ തടയുവാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്നത് വളരെ ആശങ്കാജനകമാണ്.

മഞ്ഞപ്പൂക്കൾ കണ്ട് മയങ്ങുന്ന മലയാളി ഇനിയെങ്കിലും കണിക്കൊന്നയുടെ അപരന്മാരെ കരുതിയിരിക്കേണ്ടതുണ്ട്.

Ornamental Senna plants are common across Kerala and India, but some species pose serious ecological and health risks. Learn about different Senna varieties, the dangers they create, and effective control measures.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയത്തൊള്ള അലിറേസ അറാഫി ഇടക്കാല പരമോന്നത നേതാവ്; ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍

'25 വർഷം എന്നത് വളരെ ചെറിയ സമയമാണ്; അത്തരം സിനിമകൾ ചെയ്യാൻ യുവാക്കളുടെ ഒരു നിര തന്നെയുണ്ട് ഇപ്പോൾ'

കല്‍പ്പറ്റ ടൗണ്‍ഷിപ്പ്: 178 കുടുംബങ്ങള്‍ക്കും ടിവി നല്‍കി ഡിവൈഎഫ്‌ഐ

കടുത്ത വെയിലില്‍ വിശ്രമം അനിവാര്യം; ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മലയാളി മൈന്‍ഡ് ആക്കിയത് പോലുമില്ല, ഫസ്റ്റ് ഡേ നേടിയത് വെറും 3500; കേരള സ്റ്റോറി 2 ഇന്ത്യാ കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

SCROLL FOR NEXT