Blooming Tabebuia trees adding vibrant colour to urban roadsides Samakalika Malayalam
News+

ടബെബുയാ: നഗരങ്ങളുടെ നിറം മാറ്റുന്ന പൂമരങ്ങൾ

ഇപ്പോൾ വഴിയോരങ്ങളെ അലങ്കരിക്കുന്ന ജനപ്രിയ മരങ്ങളായി മാറിയിരിക്കുന്ന ടബെബുയാ എന്ന മനോഹരമായ ചെടിയുടെ പല സ്പീഷീസുകളും ഭാവിയിൽ സൃഷ്ടിക്കാവുന്ന അപകടസാധ്യതകളെ കുറിച്ച്

ഷിലോ കെ ദേവ്‌

ശിഖരങ്ങൾ മൂടി പിങ്ക് നിറത്തിലുള്ള പൂക്കൾ. മരങ്ങളെല്ലാം ഒന്നിച്ചു പൂക്കുമ്പോൾ നഗരങ്ങളെ അതു പിങ്ക് നഗരങ്ങളാക്കി മാറ്റുന്നു. കൊഴിഞ്ഞു വീണു കിടക്കുന്ന പൂക്കൾ നടപ്പാതകളേയും വീഥികളേയും വർണ്ണാഭമാക്കുന്നു. അതിന്റെ ഭംഗിയുള്ള കഥകൾ വർണ്ണക്കാഴ്ചകളോടൊപ്പം മാധ്യമങ്ങളിൽ നിറയുന്നു. കണ്ണിനേയും മനസ്സിനേയും മയക്കുന്ന ഈ പൂമരങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തുവാൻ ഇതു പ്രചോദനമാകുന്നു.

മുംബൈ, ബെംഗളൂരു, ചെന്നൈ, കൊച്ചി, തുടങ്ങി പല ഇന്ത്യൻ നഗരങ്ങളിലും ടബെബുയാ സ്പീഷീസുകൾ ഇപ്പോൾ വഴിയോരങ്ങളെ അലങ്കരിക്കുന്ന ജനപ്രിയ മരങ്ങളായി മാറിയിരിക്കുന്നു. കൊച്ചിയിലുള്ള തണൽ മരങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി 2017 ൽ നട്ടുപിടിപ്പിച്ചതാണ്, വല്ലാർപാടം കണ്ടയ്നർ റോഡിൽ മാത്രം എകദേശം അൻപതിൽ കൂടുതൽ മരങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. അതു കൂടാതെ, കൊച്ചിയിൽ തന്നെ പല വഴിയോരങ്ങളിലും ഈ മരങ്ങൾ പൂക്കൾ വിരിയിക്കുന്നു.

ടബെബുയാ (Tabebuia) ജനുസ്സിൽപ്പെട്ടവയാണ് മനോഹരമായ പൂക്കൾ വിരിയിക്കുന്ന ഈ തണൽ മരങ്ങൾ. പിങ്ക്, മഞ്ഞ, ലാവൻഡർ, വെള്ള, തുടങ്ങിയ നിറങ്ങളോടുകൂടിയ കോളാമ്പിയാകൃതിയിൽ കുലകളായി പൂക്കളുള്ളവയാണ് ഈ അമേരിക്കൻ-കരീബിയൻ സ്വദേശി.

മനോഹരമായ പൂക്കൾക്കുവേണ്ടി ടബെബുയാ മരങ്ങൾ സ്വദേശം കടന്ന് ഏഷ്യ, ആഫ്രിക്ക, ഉഷ്ണമേഖലാ ദ്വീപുകൾ എന്നിവിടങ്ങളിൽ അലങ്കാര സസ്യമായി വ്യാപകമായി നട്ടുപിടിപ്പിച്ചു വരുന്നു. ഇപ്പോൾ ഇത് അമേരിക്കൻ സമോവ,അംഗുയില, ബെർമുഡ, കേമാൻ ദ്വീപുകൾ, കുക്ക് ദ്വീപുകൾ, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, ഫിജി, ഫ്രഞ്ച് പോളിനേഷ്യ, ഗുവാം, മാർഷൽ ദ്വീപുകൾ, മൗറീഷ്യസ്, മൈക്രോനേഷ്യ, ഫെഡറേറ്റഡ് സ്റ്റേറ്റ്സ്, മോണ്ട്സെറാറ്റ്, വടക്കൻ മരിയാന ദ്വീപുകൾ, പലാവു, സിംഗപ്പൂർ, റീയൂണിയൻ, സീഷെൽസ്, വിർജിൻ ദ്വീപുകൾ, ബ്രിട്ടൻ, ബ്രിട്ടീഷ് ഇന്ത്യൻ മഹാസമുദ്ര പ്രദേശം, സോളമൻ ദ്വീപുകൾ, അമേരിക്ക, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വ്യാപിച്ചിരിക്കുന്നു.

ടബെബുയാ ജനുസ്സിലെ ആക്രമണകാരികൾ

ടബെബുയാ ജനുസ്സിൽ ഏകദേശം 67 മുതൽ 100 വരെ അംഗീകൃത സ്പീഷീസുകളുണ്ട്, ഇവയെ പലപ്പോഴും ട്രംപറ്റ് മരങ്ങൾ എന്ന് വിളിക്കുന്നു. ഈ ഗ്രൂപ്പിന്റെ വർഗ്ഗീകരണം സങ്കീർണ്ണമാണ്, നേരത്തെ ടബെബുയാ ജനുസ്സായി അറിയപ്പെട്ടിരുന്ന ഏകദേശം 30 മുതൽ 36 വരെ സ്പീഷീസുകളെ അടുത്ത ബന്ധമുള്ള ഹാൻഡ്രോആന്തസ് ജനുസ്സിലേക്കും രണ്ട് എണ്ണം റോസോഡെൻഡ്രോൺ ജനുസ്സിലേക്കും ഇപ്പോൾ മാറ്റിയിട്ടുണ്ട്.

"നാഗരിക ചെറി ബ്ലോസംസ്" എന്നറിയപ്പെടുന്ന പൂക്കാലം സൃഷ്ടിക്കുന്ന ടബെബുയയിലെ പലയിനങ്ങളും അവയുടെ ജന്മദേശ പരിധിക്ക് പുറത്ത്, പ്രത്യേകിച്ച് ഉഷ്ണമേഖലാ ആവാസവ്യവസ്ഥകളിൽ അധിനിവേശ പ്രവണതകൾ പ്രകടിപ്പിക്കാവുന്നവയാണ്.

അലങ്കാര ആവശ്യങ്ങൾക്കും വിലയേറിയ തടിക്കും വേണ്ടി പല രാജ്യങ്ങളിലേക്കും എത്തിയതാണ് ഈ ഇലപൊഴിയും വൃക്ഷം. അലങ്കാരയിനമായി സാധാരണയായി നട്ടുപിടിപ്പിക്കുന്ന ട്രംപറ്റ് മരങ്ങളിൽ ഏറ്റവും കൂടുതൽ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്നത് ടബെബുയാ ഹെറ്ററോഫില്ല (Tabebuia heterophylla) ആണ്. തൊട്ടു പുറകിൽ തന്നെ ടബെബുയാ പല്ലിഡ (Tabebuia pallida), ടബെബുയാ റോസിയ (Tabebuia rosea ), ടബെബുയാ ഓറിയ (Tabebuia aurea), ടബെബുയാ സെറാറ്റിഫോളിയ (Tabebuia serratifolia), ടബേബുയാ ക്രിസന്ത (Tabebuia chrysantha ) തുടങ്ങിയ ഇനങ്ങളുമുണ്ട്.

ഇതിൽ അധിനിവേശ സ്വഭാവം കൂടുതൽ കാണിക്കുന്നത് ടബെബുയാ ഹെറ്ററോഫില്ലയാണ്. പ്രത്യേകിച്ച് ഉഷ്ണമേഖലാ, ഉപ-ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇവയെ ആക്രമണകാരിയായ അധിനിവേശസസ്യമായി കണക്കാക്കുന്നു. അസ്വസ്ഥമായ ദുർബല പ്രദേശങ്ങളിലും, വരണ്ട തീരദേശ വനപ്രദേശങ്ങളിലും, ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളിലും വേഗത്തിൽ വളരുന്ന ഒരു അധിനിവേശ സ്പീഷീസായിട്ടാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ഈ സസ്യങ്ങൾ വളരെ വേഗത്തിൽ വളരുന്നവയാണ്, മറ്റ് സസ്യജാലങ്ങളെ ഒഴിവാക്കി ഏകജാതി സസ്യജാലമായി വളരുന്നു. ഒരിക്കൽ വേരൂന്നിയാൽ, അവ ഇടതൂർന്നു വളർന്ന് അത് തദ്ദേശീയ ജീവജാലങ്ങളുടെ നിലനിൽപ്പിനെ തടയുന്നു.

ടബെബുയാ ഹെറ്ററോഫില്ല അതിന്റെ ജന്മദേശമായ കരീബിയൻ മേഖലയ്ക്ക് പുറത്തുള്ള നിരവധി ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഒരു അധിനിവേശ ഇനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഹവായ്, മൗറീഷ്യസ് ദ്വീപ്, ഡീഗോ ഗാർസിയ എന്നിവിടങ്ങളിൽ ഇത് അധിനിവേശ സസ്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുവാമിലും ഇത് സ്വാഭാവികമായി കാണപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്ലോബൽ അധിനിവേശ സ്പീഷീസ് ഡേറ്റാബേസിൽ ഈ ഇനത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. 2023-ൽ ഫ്ലോറിഡ അധിനിവേശ സ്പീഷീസ് കൗൺസിൽ ഇതിനെ അധിനിവേശ സ്പീഷീസായി തരംതിരിച്ചു. കൂടാതെ, മൗറീഷ്യസിൽ അതിവേഗം പടരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ടബെബുയാ പല്ലിഡ, കരീബിയൻ സ്വദേശിയാണെങ്കിലും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമാകുകയും പ്രത്യേകിച്ച് പശ്ചിമ ഇന്ത്യൻ മഹാസമുദ്ര പ്രദേശത്ത്, ടബേബുയാ പല്ലിഡ ഒരു അധിനിവേശ വിദേശ സസ്യ ഇനമായി തിരിച്ചറിയപ്പെടുന്നു. മൗറീഷ്യസിൽ ഇത് പ്രധാന അധിനിവേശ ഇനമായി കണക്കാക്കപ്പെടുന്നു, അവിടെ ഇത് സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഗണ്യമായ ഭീഷണി ഉയർത്തുന്നു. ഫ്രാൻസ് നിയന്ത്രണത്തിലുള്ള റീയൂണിയൻ ദ്വീപ്, മൗറീഷ്യസ് തുടങ്ങിയ പ്രദേശങ്ങളിൽ, നട്ടുപിടിപ്പിച്ച ആവാസവ്യവസ്ഥയിൽ നിന്ന് പുറത്തേക്ക് വ്യാപിക്കുകയും ഏകജാതിക്കാടുകളായി നിലനിൽക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മധ്യ അമേരിക്കയിലും കരീബിയനിലും സ്വദേശിയായ ടബെബുയാ റോസിയ, ഏഷ്യയിലും ആഫ്രിക്കയിലും വ്യാപകമായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. അലങ്കാര സസ്യമായി വ്യാപകമായി നട്ടുപിടിപ്പിച്ച ഈ മരം ഇപ്പോൾ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സ്വാഭാവികമാകുകയും ചെയ്തു.

ടബെബുയാ ഓറിയയും ടബെബുയാ ക്രിസാന്തയും ജന്മദേശ പരിധിക്കു പുറത്ത് വരണ്ട ഉഷ്ണമേഖലാപ്രദേശങ്ങളിൽ കൃഷിയിടങ്ങൾക്ക് പുറത്തേക്ക് വ്യാപിക്കുകയും സ്വാഭാവികമാകുകയും ചെയ്തു. പ്യൂർട്ടോറിക്കോയിൽ ആക്രമണകാരിയായി രേഖപ്പെടുത്തിയിട്ടുണ്ട്. സിംഗപ്പൂരിൽ ദോഷകരവും ആക്രമണകാരിയുമായ ഒരു സസ്യമായി മാറിക്കൊണ്ടിരിക്കുന്ന ഒരു വിദേശയിനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. മാർഷൽ ദ്വീപുകൾ, ചാഗോസ് ദ്വീപസമൂഹം തുടങ്ങിയ പ്രദേശങ്ങളിൽ ആക്രമണകാരിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടബെബുയ സെറാറ്റിഫോളിയ അസ്വസ്ഥമായ ഉഷ്ണമേഖലാ ആവാസ വ്യവസ്ഥകളിൽ ആക്രമണകാരിയാണ്.

ടബെബുയായുടെ പൊതു സ്വഭാവ സവിശേഷതകൾ

10-30 മീറ്റർ ഉയരത്തിൽ വളരുന്ന ഇലപൊഴിയും വൃക്ഷമാണ് ടബെബുയാ. പൂക്കുന്നതിനു മുമ്പ് ഇലകളെല്ലാം പൊഴിക്കുകയും, ശിഖരങ്ങളിൽ പൂക്കൾ മാത്രം അവശേഷിക്കുകയും ചെയ്യുന്നു. പലപ്പോഴും "പിങ്ക് അല്ലെങ്കിൽ ഗോൾഡൻ ട്രംപറ്റ് മരങ്ങൾ" എന്ന് വിളിക്കപ്പെടുന്നു. വർഷത്തിൽ രണ്ടുതവണ പൂവിടുന്നത് സാധാരണയായി മാർച്ച്-മെയ് മാസത്തിലും വീണ്ടും ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലുമാണ്.

വർണ്ണാഭമായ തേനുള്ള പൂക്കൾ തേനീച്ചകളേയും പക്ഷികളേയും ചിത്രശലഭങ്ങളേയും ആകർഷിക്കുന്നു. തേനീച്ചകളാണ് പ്രാഥമിക പരാഗണകാരികൾ. ഹമ്മിങ് ബേഡുകൾ, കടന്നലുകൾ, ഈച്ചകൾ, ഉറുമ്പുകൾ എന്നിവയാണ് മറ്റ് സന്ദർശകർ. പരാഗണം ഉറപ്പാക്കാനും പൂമ്പൊടിയെ സംരക്ഷിക്കാനും സ്പർശിച്ച ഉടനെ അടയുന്ന രീതിയിലാണ് സ്റ്റിഗ്മ സംവിധാനം.

20 മുതൽ 30 സെ.മീ. വരെ നീളമുള്ള, നേർത്ത പയർ പോലുള്ള കായ്കൾ ഉൽപ്പാദിപ്പിക്കുന്നു. ചിറകുള്ള വളരെ ചെറിയ വിത്തുകൾ കാറ്റിലൂടെ വിതരണം ചെയ്യപ്പെടുന്നു. വിത്തുകൾ സാധാരണയായി രണ്ട് മുതൽ നാല് ആഴ്ചകൾക്കുള്ളിൽ മുളയ്ക്കും. സ്പീഷീസുകൾക്കനുസൃതമായി വിത്തുകൾ മുളയ്ക്കുവാൻ 20 ഡിഗ്രി മുതൽ 35 ഡിഗ്രി വരെ ഊഷ്മാവ് ആവശ്യമാണ്. ധാരാളം വിത്തുകൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ കൂടുതൽ പുതിയ പ്രദേശങ്ങളിലേക്ക് ഈ സസ്യം എത്തുവാനും കൂട്ടമായി വളരുവാനും കാരണമാകുന്നു.

ഏത് തരത്തിലുള്ള മണ്ണിലും ഇത് വളരുന്നു, ഈർപ്പം ലഭ്യമാണെങ്കിൽ മോശം മണ്ണുമായിപ്പോലും പൊരുത്തപ്പെടും. കൂടാതെ വരണ്ടതും ഈർപ്പമുള്ളതുമായ വന ആവാസ വ്യവസ്ഥകളിൽ ഇവയ്ക്ക് അതിജീവിക്കാൻ കഴിയും. ഇതിന്റെ കട്ടിയുള്ള ബയോമാസ്സ് തദ്ദേശീയ തൈകളുടെ വളർച്ചയെ തടയുന്നു. ഇവയുടെ വേരുകൾ മണ്ണിലെ സൂക്ഷ്മജീവി സമൂഹങ്ങളിൽ മാറ്റങ്ങളുണ്ടാക്കുന്നു.

ഉഷ്ണമേഖലാ ആവാസവ്യവസ്ഥയിൽ പരിചയപ്പെടുത്തിയ ടബെബുയാ സ്പീഷീസുകൾ സ്വാഭാവികമായി വളരാനും അധിനിവേശകാരികളാകാനുമുള്ള കഴിവ് ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്.

ആക്രമണ വളർച്ചാ സവിശേഷതകൾ

ടബേബുയാ ഇനങ്ങളുടെ ആക്രമണകരമായ വളർച്ചയ്ക്ക് നിരവധി ജൈവ സവിശേഷതകൾ സംഭാവന നൽകുന്നു. പല ടബേബുയാ ഇനങ്ങളും ദ്രുതഗതിയിൽ വളരുകയും മഴയും ചൂടുമുള്ള കാലാവസ്ഥയിൽ ഇവ വേഗത്തിൽ വേരുറപ്പിക്കുകയും ആവാസ വ്യവസ്ഥകളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും.

വിശാലമായ വേരുകളുടെ സംവിധാനങ്ങൾ ഈ സസ്യത്തിനെ ദ്രുത വളർച്ചയിൽ സഹായിക്കുന്നു. ടബേബുയാ മരങ്ങൾ ആഴത്തിലുള്ള തായ് വേരുകളും പടരുന്ന പാർശ്വവേരുകളുമായി ചേർന്ന് വേരുപടലം വികസിപ്പിക്കുന്നു. ഈ വേരുകളുടെ ഘടന ആഴത്തിലുള്ള മണ്ണിന്റെ ഈർപ്പം ചൂഷണം ചെയ്യുകയും വലിയ മേലാപ്പ് ഘടനകളെ സ്ഥിരപ്പെടുത്തുകയും സമീപസസ്യങ്ങളുമായി ശക്തമായി മത്സരിക്കുകയും ചെയ്യും. ഇതിന്റെ ഇടതൂർന്ന മേലാപ്പ് അടിത്തട്ടിലെ ജൈവവൈവിധ്യത്തെ കുറയ്ക്കുകയും അധിനിവേശ പ്രദേശങ്ങളിലെ മണ്ണിന്റെ പോഷക ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു.

വഴിയോരങ്ങൾ, തോട്ടങ്ങൾ അല്ലെങ്കിൽ ദുർബലമായ വനങ്ങൾ പോലുള്ള അസ്വസ്ഥമായ ആവാസ വ്യവസ്ഥകളിൽ, ഇത് സാവധാനത്തിൽ വളരുന്ന തദ്ദേശീയ മരങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിൽ വ്യാപിക്കുന്നു.

ചിറകുള്ള ധാരാളം വിത്തുകൾ ഉൽപ്പാദിപ്പിക്കുകയും ഈ വിത്തുകൾ കാറ്റിലൂടെ ദീർഘദൂരം സഞ്ചരിക്കുകയും അസ്വസ്ഥമായ പ്രദേശങ്ങളിലും ദുർബല പ്രദേശങ്ങളിലും വേഗത്തിൽ മുളയ്ക്കുകയും ചെയ്യുന്നു. ഈ അലങ്കാര വൃക്ഷങ്ങളെ ചുറ്റുമുള്ള ആവാസവ്യവസ്ഥയിലേക്ക് രക്ഷപ്പെടാൻ പ്രാപ്തമാക്കുന്ന പ്രധാന സംവിധാനങ്ങളിലൊന്നാണ് കാറ്റിലൂടെയുള്ള ഈ വ്യാപനം. ചില സ്പീഷീസുകൾക്ക് കേടായ വേരുകളിൽ നിന്നോ തണ്ടുകളിൽ നിന്നോ പുനരുജ്ജീവിക്കാൻ കഴിയുമെന്നുള്ളത് ഇതിന്റെ സ്ഥിരത വർദ്ധിപ്പിക്കുന്നു.

ജൈവവൈവിധ്യത്തിലെ പാരിസ്ഥിതിക ആഘാതങ്ങൾ

അനിയന്ത്രിതമായ വ്യാപനം ഉണ്ടായാൽ, അധിനിവേശ ടബേബുയാ സ്പീഷീസുകൾ നിരവധി പാരിസ്ഥിതിക ആഘാതങ്ങൾക്ക് കാരണമാകും. ഇടതൂർന്ന മേലാപ്പും വേരു പടലവും തദ്ദേശീയ സസ്യങ്ങളെ ഇല്ലാതാക്കുന്നു. കട്ടിയുള്ള ബയോമാസ്സ് തദ്ദേശീയ വൃക്ഷ തൈകളുടെ മുളയ്ക്കൽ ഇല്ലാതാക്കുന്നു

സസ്യഘടനയിലെ മാറ്റങ്ങൾ ജന്തുജാലങ്ങളേയും ബാധിക്കുന്നു. തദ്ദേശീയ പ്രാണികൾക്കുള്ള ഭക്ഷണ സ്രോതസ്സുകളുടെ കുറവ്, പക്ഷികളുടെ ആവാസ വ്യവസ്ഥയിലെ മാറ്റം, സസ്യ-പരാഗണ ശൃംഖലകളുടെ തടസ്സം, എന്നിവയുണ്ടാക്കുന്നു. ചില ടബെബുയാ പൂക്കൾ തദ്ദേശീയ ഇനങ്ങളെക്കാൾ പരാഗണകാരികളെ ആകർഷിക്കുകയും ഇത് തദ്ദേശീയ സസ്യങ്ങളുടെ പരാഗണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

മണ്ണിലും ആവാസവ്യവസ്ഥയിലും ഉണ്ടാകുന്ന ആഘാതം ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങളേയും മാറ്റിമറിക്കും. പോഷക അസന്തുലിതാവസ്ഥ, മണ്ണിലെ സൂക്ഷ്മജീവി സമൂഹങ്ങളിലെ മാറ്റങ്ങൾ, തുടങ്ങിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അലങ്കാര വൃക്ഷങ്ങളുടെ ഏകവിള കൃഷിയും മൊത്തത്തിലുള്ള ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷി കുറയ്ക്കും.

കേരളം പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെ അപകടസാധ്യതകൾ

ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള പ്രദേശങ്ങളിലൊന്നായ പശ്ചിമഘട്ട മേഖലയിൽ വരുന്ന കേരളത്തെ സംബന്ധിച്ചടത്തോളം ഈ പ്രദേശത്തെ പല ഘടകങ്ങളും ടബെബുയയ്ക്ക് അനുകൂലമാകുന്നു. തദ്ദേശീയ പ്രദേശങ്ങൾക്ക് സമാനമായ കാലാവസ്ഥയാണ് അതിൽ പ്രധാനം. മധ്യ അമേരിക്കൻ ഉഷ്ണമേഖലാ കാലാവസ്ഥ കേരളത്തിന്റെ ഈർപ്പമുള്ള ഉഷ്ണമേഖലാ പരിസ്ഥിതിയോട് സാമ്യമുള്ളതാണ്, ഇത് വേഗത്തിലുള്ള വളർച്ചയ്ക്ക് സഹായകമാകുന്നു.

നഗര വികസനം, പൂന്തോട്ടങ്ങൾ, റോഡ് വികസനം എന്നിവ അധിനിവേശ വൃക്ഷങ്ങൾ വളരാൻ കഴിയുന്ന ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കുന്നു. നഗരപ്രദേശങ്ങൾ പലപ്പോഴും പശ്ചിമഘട്ടത്തിലെ സ്വാഭാവിക വനങ്ങളോട് അടുത്താണ് സ്ഥിതി ചെയ്യുന്നത്, ഇത് അലങ്കാര സസ്യങ്ങളെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വ്യാപിക്കാൻ അനുവദിക്കുന്നു.

ടബേബുയാ മരങ്ങൾ പൂവിട്ടു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. നഗര പ്രകൃതിദൃശ്യങ്ങളെ അവ മാറ്റിമറിച്ചേക്കാം. എന്നാൽ, സൗന്ദര്യത്തിനായി അവതരിപ്പിച്ച നിരവധി അലങ്കാര ഇനങ്ങൾ പിന്നീട് പാരിസ്ഥിതിക പ്രശ്‌നങ്ങളായി മാറിയിട്ടുണ്ട്.

എല്ലാ ടബേബുയാ ഇനങ്ങളും നിലവിൽ എല്ലായിടത്തും അധിനിവേശയിനമല്ലെങ്കിലും, അവയുടെ ജൈവ സവിശേഷതകളായ ദ്രുതഗതിയിലുള്ള വളർച്ച, കാറ്റിലൂടെ വ്യാപിക്കുന്ന വിത്തുകൾ, ഉഷ്ണമേഖലാ കാലാവസ്ഥയുമായി പൊരുത്തപ്പെടൽ, തുടങ്ങിയവ അധിനിവേശ അപകടസാധ്യതകളെ സൂചിപ്പിക്കുന്നു, പ്രത്യേകിച്ച് കേരളം, പശ്ചിമഘട്ടം പോലുള്ള ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളിൽ.

Discover the benefits, risks, and environmental impact of Tabebuia trees, a popular choice for roadside beautification. Learn about different species and their pros and cons.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT