Tecoma flowering plants with vibrant blooms along with common growing problems and care tips Samakalika Malayalam
News+

ടെക്കോമ: മധുരമൂറുന്ന വിഷം നിറഞ്ഞ കോളാമ്പിപ്പൂക്കൾ

ഭംഗിയുള്ള പൂക്കൾ കൊണ്ട് ആളുകളെ ആകർഷിക്കുന്ന ടെക്കോമ ഇനങ്ങൾ നട്ടു വളർത്തുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഷിലോ കെ ദേവ്‌

നമ്മുടെ പാർക്കുകളിലും വീട്ടുമുറ്റങ്ങളിലും പൂന്തോട്ടങ്ങളിലും വഴിയോരങ്ങളിലുമൊക്കെ മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ വെയിൽ കായുന്ന വേലിപ്പൂക്കൾ കാണാതെ പോയിട്ടുള്ളവർ കുറവായിരിക്കും.ഇങ്ങനെ പൂത്തുലഞ്ഞ്,മനസ്സിൽ ഇടംപിടിച്ച് നമ്മുടെ സ്വന്തം നാട്ടിലെ ചെടി പോലെ തന്നെ കാണപ്പെടുന്നതാണ് ടെക്കോമ (Tecoma) ചെടികൾ.

കണ്ടാൽ നമ്മുടെ സ്വന്തം എന്ന് തോന്നുമെങ്കിലും ഇവരുടെ വരവ് കാതങ്ങൾക്ക് അകലെ നിന്നാണ്. അമേരിക്കയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ളവയാണ് ടെക്കോമ (Tecoma) ചെടികൾ. പൂക്കളുടെ മനോഹാരിത കൊണ്ട് വിൽപ്പന സാധ്യത കണ്ടറിഞ്ഞ നഴ്സറികളും ഓൺലൈൻ അലങ്കാരച്ചെടി വ്യാപാരികളും ടെക്കോമ ധാരാളമായി വിൽപ്പനയ്ക്കു വെച്ചിട്ടുണ്ട്.

അമേരിക്കയിൽ നിന്നുള്ള മഞ്ഞ പൂക്കളുള്ള എല്ലോ ബെൽസ് എന്നറിയപ്പെടുന്ന ഒരിനം കുറ്റിച്ചെടിയാണ് ടെക്കോമ സ്റ്റാൻസ് (Tecoma stans). ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഓറഞ്ച്, ചുവപ്പ്, പിങ്ക്, ആപ്രിക്കോട്ട് നിറങ്ങളിലുള്ള പൂക്കളുണ്ടാകുന്ന പടർന്നുകയറുന്ന കുറ്റിച്ചെടിയാണ് കേപ്പ് ഹണിസക്കിൾ എന്നറിയപ്പെടുന്ന ടെക്കോമ കാപെൻസിസ് (Tecoma capensis). ബിഗ്നോണിയേസി കുടുംബത്തിലും ടെക്കോമ ജനുസ്സിലും പെടുന്ന ടെക്കോമ സ്റ്റാൻസ്, ടെക്കോമ കാപെൻസിസ് എന്നിവയാണ് അധിനിവേശ സ്വഭാവം കാണിക്കുന്ന ഈ ജനുസ്സിലെ അലങ്കാരയിനങ്ങൾ.

Tecoma flowering plants with vibrant blooms along with common growing problems and care tips

അറിയാം ടെക്കോമയെ

ടെക്കോമ സ്റ്റാൻസ്, അതിവേഗം വളരുന്ന നിത്യഹരിത കുറ്റിച്ചെടി അല്ലെങ്കിൽ ചെറിയ വൃക്ഷമാണ്. സാധാരണയായി മൂന്ന് മുതൽ എട്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മഞ്ഞനിറത്തിലുള്ള കുലകുലയായി നിറഞ്ഞു പൂക്കുന്ന ഈ ചെടിയുടെ പൂക്കൾക്ക് കോളാമ്പി അല്ലെങ്കിൽ മണികളുടെ ആകൃതിയാണ്. വർഷം മുഴുവനും, പ്രത്യേകിച്ച് മഴയ്ക്ക് ശേഷം പൂക്കൾ വിരിയുന്നു. നല്ല സൂര്യപ്രകാശത്തിൽ വളരുന്ന ഈ ചെടി എത്ര മോശം മണ്ണിലും വരൾച്ചയിലും വളരുന്നു.

തേനീച്ചകൾ, ചിത്രശലഭങ്ങൾ, ഹമ്മിങ് ബേഡുകൾ തുടങ്ങിയ പരാഗണകാരികളെ ആകർഷിക്കുന്നു. വിഷാംശം ഇല്ലാത്ത സസ്യമാണെങ്കിലും ഇത് ഉൽപ്പാദിപ്പിക്കുന്ന തേനിൽ വിഷാംശം ഉണ്ട്. മലിനമായ മണ്ണിൽ നിന്നും വായുവിൽ നിന്നും ഘനലോഹങ്ങൾ ആഗിരണം ചെയ്യാൻ സാധ്യതയുണ്ട്, ഇത് വിഷാംശമുള്ള പൂമ്പൊടിയും തേനും ഉൽപ്പാദിപ്പിക്കുകയും തേനീച്ചയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

12 മുതൽ 22 സെ. മീ. വരെ നീളമുള്ള കായ്കൾ പൊട്ടി പലപ്പോഴും 42 അല്ലെങ്കിൽ അതിൽ കൂടുതൽ ചെറിയ, കടലാസ് പോലുള്ള ചിറകുള്ള വിത്തുകൾ പുറത്തുവിടുന്നു. വിത്തുകൾ കാറ്റിലൂടെയും വെള്ളത്തിലൂടെയും വിതരണം നടക്കുന്നു. ടെക്കോമ സ്റ്റാൻസ് അതിന്റെ വേഗത്തിലുള്ള വളർച്ചയ്ക്ക് പേരുകേട്ടതാണ്, ആദ്യ വർഷത്തിനുള്ളിൽ തന്നെ പൂവിടുന്നു, വിത്തുകൾ വഴിയും തണ്ടുകളിൽ നിന്നും വേരുകൾ വഴിയും പുനരുൽപ്പാദനം നടക്കുന്നു.

മറ്റൊരിനമായ ടെക്കോമ കാപെൻസിസ്, പടർന്നുകയറുന്ന ഒരു നിത്യഹരിത കുറ്റിച്ചെടി ആണ്. ഇത് സാധാരണയായി രണ്ട് മുതൽ നാല് മീറ്റർ വരെ ഉയരത്തിൽ വളരുന്നു. തിളക്കമുള്ള ഓറഞ്ച്, ചുവപ്പ്, പിങ്ക്, തുടങ്ങിയ നിറങ്ങളിൽ കുലകുലയായി നിറഞ്ഞു പൂക്കുന്ന ഈ ചെടിയുടെ പൂക്കൾക്കും കോളാമ്പി അല്ലെങ്കിൽ മണികളുടെ ആകൃതിയാണ്. ചൂടുള്ള കാലാവസ്ഥയിൽ ഈ ചെടിയിൽ വർഷം മുഴുവനും പൂക്കളുണ്ടാകും. തേനീച്ചകൾ, ചിത്രശലഭങ്ങൾ, ഹമ്മിങ് ബേഡുകൾ തുടങ്ങിയ പരാഗണകാരികളെ ആകർഷിക്കുവാൻ തേൻ നിറഞ്ഞ ഇവയുടെ പൂക്കൾക്കു കഴിയുന്നു.

ടെക്കോമ സ്റ്റാൻസിനേക്കാൾ ചെറുതും വളഞ്ഞതുമായ കായ്കൾ പൊട്ടുമ്പോൾ പരന്നതും ചിറകുള്ളതുമായ വിത്തുകൾ കാറ്റിലൂടെയും വെള്ളത്തിലൂടെയും വിതരണം ചെയ്യപ്പെടുന്നു. വിത്തുകൾ വഴിയും തണ്ടുകളിൽ നിന്നും വേരുകളിൽ നിന്നും പുനരുൽപ്പാദനം നടക്കുന്നു.

കൊമ്പുകോതൽ, വരൾച്ച എന്നിവയോടുള്ള സഹിഷ്ണുതയും ഏതൊരു സാഹചര്യങ്ങളോടും പൊരുത്തപ്പെടാനുള്ള കഴിവും പക്ഷികളെയും തേനീച്ചകളെയും ചിത്രശലഭങ്ങളെയും ആകർഷിക്കാനുള്ള കഴിവും കാരണം ഇത് ഇന്ന് അലങ്കാര സസ്യങ്ങൾക്കിടയിൽ ഏറെ പ്രിയമേറിയതായിട്ടുണ്ട്.

Tecoma capensis

ടെക്കോമ ആക്രമണകാരിയാകുമ്പോൾ

സമൃദ്ധമായ വിത്തുൽപ്പാദനം, ഏതൊരു ദുർഘട സാഹചര്യങ്ങളോടും പൊരുത്തപ്പെടുത്തപ്പെടുവാനുള്ള കഴിവ്, ദ്രുതഗതിയിലുള്ള വളർച്ച എന്നിവ കാരണം ഇന്ത്യയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് പലപ്പോഴും ആക്രമണകരമായ പ്രവണതകൾ പ്രകടിപ്പിക്കുന്നു.

ടെക്കോമ ഇനങ്ങളിൽ ടെക്കോമ സ്റ്റാൻസ്, പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ, ഉയർന്ന അപകടസാധ്യതയുള്ള അധിനിവേശ ഇനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അതിവേഗ വളർച്ച, സമൃദ്ധമായ വിത്ത് ഉൽപ്പാദനം, തണ്ടുകളിൽ നിന്നും വേരുകളിൽ നിന്നുമുള്ള ദ്രുതഗതിയിലുള്ള പുനരുൽപ്പാദനം, മോശം മണ്ണ്, വരൾച്ച, പൂർണ്ണ സൂര്യപ്രകാശം തുടങ്ങിയ വൈവിധ്യമാർന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടുവാൻ കഴിയുന്നത് ഇതിന്റെ അതിജീവന പ്രവണതകളെയാണ് സൂചിപ്പിക്കുന്നത്.

ഈ സവിശേഷതകൾ കാരണം റോഡരികുകളിലും, പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിലും വനത്തിന്റെ അരികുകളിലും വേഗത്തിൽ വ്യാപിക്കാൻ ഈ ചെടിയെ പ്രാപ്തമാക്കുന്നു. കാറ്റിലൂടെയും വെള്ളത്തിലൂടെയും വിതരണം ചെയ്യപ്പെടുന്ന ഭാരം കുറഞ്ഞ വിത്തുകൾ ഏത് ആവാസ വ്യവസ്ഥകളിലും എളുപ്പത്തിൽ മുളയ്ക്കുകയും ഇടതൂർന്ന ടെക്കോമ കുറ്റിക്കാടുകൾ വേഗത്തിൽ രൂപപ്പെടുവാൻ കാരണമാകുകയും ചെയ്യുന്നു. .

ഇതിന്റെ പടർന്നു വികസിച്ച വേരുപടലം മണ്ണിലേക്ക് ആഴ്ന്നിറങ്ങുകയും വരണ്ട സാഹചര്യങ്ങളിൽ പോലും ഈർപ്പം കാര്യക്ഷമമായി ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. വേരുകളുടെ ശകലങ്ങളിൽ നിന്ന് പുനരുജ്ജീവിക്കാൻ ഇതിന് കഴിയുമെന്നുള്ളതുകൊണ്ട് ഒരിക്കൽ വേരുപിടിച്ചാൽ പിന്നെ, നീക്കം ചെയ്യാൻ പ്രയാസമാണ്. ഇതിന്റെ അല്ലെലോപതിക് (Allelopathic- അല്ലെലോകെമിക്കലുകൾ ഉൽപ്പാദിപ്പിക്കുന്ന ജൈവ പ്രതിഭാസം) സ്വഭാവം സമീപത്തുള്ള തദ്ദേശീയ സസ്യങ്ങളുടെയും തദ്ദേശീയ ജീവികളുടെയും വളർച്ചയെയും പുനരുൽപ്പാദനത്തെയും തടയുന്നു. ഇത് ജൈവവൈവിധ്യം കുറയുന്നതിനും പ്രാദേശിക ആവാസവ്യവസ്ഥയുടെ ഘടനാമാറ്റത്തിനും കാരണമാകുന്നു.

ടെക്കോമ കാപെൻസിസ്, ടെക്കോമ സ്റ്റാൻസുമായി താരതമ്യപ്പെടുത്തുമ്പോൾ ആക്രമണസ്വഭാവം കുറവാണെങ്കിലും, അനുകൂല സാഹചര്യങ്ങളിൽ ആക്രമണകാരിയാകുന്നു. ഈ ചെടിയും വിത്തുകളിലൂടെയും തണ്ടുകളിലൂടെയും നാരുകൾ പോലെ പടരുന്ന വേരുകളിൽ നിന്നും വളരുന്നു. തണ്ടിന്റെ കഷ്ണങ്ങൾ മണ്ണുമായി സമ്പർക്കത്തിൽ വന്നാൽ പോലും എളുപ്പത്തിൽ വേരൂന്നുന്നു. ഇടതൂർന്നതും പടർന്നു കയറുന്നതുമായ കുറ്റിച്ചെടി എന്ന നിലയിൽ അതിന്റെ വളർച്ചാ സ്വഭാവവും തദ്ദേശീയ സസ്യങ്ങൾക്ക് പ്രകാശലഭ്യത പരിമിതപ്പെടുത്തുന്ന കട്ടിയുള്ള മേലാപ്പുകൾ രൂപപ്പെടുത്തുകയും ചെയ്യുന്നത്തിലൂടെ ചുറ്റുമുള്ള സസ്യങ്ങളുടെ വളർച്ച തടയുന്നു.

ടെക്കോമ കേരളത്തിലെത്തിയപ്പോൾ

നമ്മുടെ നാട്ടിൽ മിക്ക സ്ഥലങ്ങളിലും ഇപ്പൊൾ ടെക്കോമ എത്തിക്കഴിഞ്ഞു. ധാരാളം പൂക്കൾ ഉണ്ടാകുന്ന ടെക്കോമ കേരളത്തിലെ മണ്ണിൽ പെട്ടെന്നു വേരുപിടിക്കുന്നു. അതുകൊണ്ടു തന്നെ അലങ്കാര സസ്യ വിപണിയിൽ ഈ ചെടിക്ക് പ്രിയമേറെയാണ്.

കേരളം പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ ടെക്കോമ സ്റ്റാൻസും ടെക്കോമ കാപെൻസിസും അധിനിവേശ സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ടെക്കോമ സ്റ്റാൻസാണ് കൂടുതൽ ആക്രമണകാരി. ഇതിന്റെ ആഴത്തിലുള്ളതും പടരുന്നതുമായ വേരുപടലം വരണ്ട കാലത്തെ അതിജീവിക്കാൻ ശേഷിയുള്ളതാണ്. മുറിച്ചുമാറ്റിയാലും വീണ്ടും വേഗത്തിൽ വളരുന്നതിന് ഇത് സഹായകമാകുകയും ചെയ്യുന്നു. ടെക്കോമ കാപെൻസിസിന്റെ തണ്ടുകൾ മണ്ണുമായി സമ്പർക്കത്തിൽ വന്നാൽ മാത്രം മതി. അവ എളുപ്പത്തിൽ വേരുപിടിക്കുകയും പടരുകയും ചെയ്യും.

Tecoma capensis

ടെക്കോമ ചെടികൾ ജൈവവൈവിധ്യത്തിന്, പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ, ഭീഷണി ഉയർത്തുന്നു. വെളിച്ചം, പോഷകങ്ങൾ, സ്ഥലം എന്നിവയ്ക്കായി തദ്ദേശീയ സസ്യജാലങ്ങളെ മറികടക്കുകയും ഇടതൂർന്ന, ഏകസസ്യജാല കുറ്റിക്കാടുകൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇത് സസ്യ വൈവിധ്യത്തിൽ കുറവുണ്ടാക്കുകയും തദ്ദേശീയ ജീവിവർഗങ്ങളുടെ സ്വാഭാവിക പുനരുജ്ജീവനത്തെ തകരാറിലാക്കുകയും ചെയ്യുന്നു.

പല തദ്ദേശീയ പ്രാണികളും പക്ഷികളും ചെറിയ മൃഗങ്ങളും ഭക്ഷണത്തിനും ആവാസ വ്യവസ്ഥയ്ക്കും വേണ്ടി പ്രാദേശിക സസ്യജാലങ്ങളെ ആശ്രയിക്കുന്നു; ടെക്കോമ സസ്യങ്ങളുടെ ആധിപത്യം ഈ പാരിസ്ഥിതിക വിഭവങ്ങളെ കുറയ്ക്കുകയും ഭക്ഷ്യവലയങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ കനത്ത ഇലച്ചാർത്തുകളും അല്ലെലോപ്പതിക് സ്വഭാവവും മണ്ണിന്റെ ഘടനയിൽ മാറ്റം വരുത്തുകയും സൂക്ഷ്മജീവി സമൂഹങ്ങളെ ബാധിക്കുകയും കാലക്രമേണ മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുകയും ചെയ്യും.

ഇത് വേഗത്തിൽ വ്യാപിക്കുന്നത് ആവാസവ്യവസ്ഥയുടെ ശൈഥില്യത്തിനും ദീർഘകാല പരിസ്ഥിതി തകർച്ചയ്ക്കും കാരണമാകാം; പ്രത്യേകിച്ച് കേരളം പോലുള്ള ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളിൽ.

ടെക്കോമയെ നിയന്ത്രിക്കാൻ

ടെക്കോമയുടെ ഫലപ്രദമായ നിയന്ത്രണത്തിന് സംയോജിത സമീപനം ആവശ്യമാണ്. പുനരുജ്ജീവനം തടയുന്നതിന് പതിവായി മുറിക്കൽ, ഇളം ചെടികൾ പിഴുത് മാറ്റൽ, വേരുകൾ പറിച്ചെടുക്കൽ എന്നീ നിയന്ത്രണങ്ങൾ അനിവാര്യമാണ്. പൂവിടുന്നതിനുമുമ്പ് വെട്ടിമാറ്റി വിത്ത് ഉൽപ്പാദനം തടയുകയും കായ്കൾ നീക്കം ചെയ്യുകയും ചെയ്യുന്നത് വ്യാപനം പരിമിതപ്പെടുത്തുന്നതിന് നിർണായകമാണ്.

ടെക്കോമ കാപെൻസിസിന്റെ കാര്യത്തിൽ, മുറിച്ച തണ്ടുകൾ ശരിയായി നീക്കം ചെയ്തുകൊണ്ട് മണ്ണുമായുള്ള സമ്പർക്കം ഒഴിവാക്കി നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. വെട്ടിക്കളയുന്ന ചെടിയുടെ ഭാഗങ്ങൾ ശ്രദ്ധയോടെ സംസ്കരിച്ചില്ലെങ്കിൽ അത് അടുത്ത പ്രദേശങ്ങളിലേക്ക് പടരുവാൻ കാരണമാകും. കേരളം പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ, തുടർച്ചയായ നിരീക്ഷണം അത്യാവശ്യമാണ്.

ടെക്കോമയുടെ അധിനിവേശ നിഴലിൽ

ലോകത്തിലെ ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ടെക്കോമ ഇപ്പോൾ വ്യാപകമായിരിക്കുന്നു. ആക്രമണകരമായ വളർച്ചയും ഉയർന്ന പ്രത്യുൽപ്പാദന ശേഷിയും കാരണം, ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വിവിധ പസഫിക് ദ്വീപ് രാജ്യങ്ങൾ, തുടങ്ങി നിരവധി ദേശങ്ങളിൽ ഇതിനെ അധിനിവേശ ഇനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അവിടെ ഇത് റോഡരികുകളിലും പുൽമേടുകളിലും വനപ്രദേശങ്ങളിലും അതിക്രമിച്ചു കയറി തദ്ദേശീയ ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്നു. ഗ്ലോബൽ അധിനിവേശ സ്പീഷീസ് ഡേറ്റാബേസിൽ ഇതിനെ അധിനിവേശ ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ടെക്കോമ കാപെൻസിസ് ചൂടുള്ള കാലാവസ്ഥയുമായി സ്വാഭാവികമായി പൊരുത്തപ്പെടുന്നു. അലങ്കാര സസ്യമായി വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും, ഇത് സ്വാഭാവികമായി വളരുകയും ചെയ്യുന്നുണ്ട്.

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, പസഫിക് ദ്വീപുകളുടെ ചില ഭാഗങ്ങൾ, തുടങ്ങിയ രാജ്യങ്ങളിൽ ആക്രമണകാരിയായ സസ്യമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

Learn how to grow Tecoma plants with beautiful flowers and identify common problems.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്; തര്‍ക്കമില്ലെന്ന്‌ വിഡി സതീശന്‍

ജസ്പ്രിത് ബുംറയ്ക്ക് ബംഗളൂരുവിൽ പ്രത്യേക പരിശീലനം; ഐപിഎല്ലിൽ കളിക്കാൻ എത്തുമോ?

'യഥാർഥ ജീവിതത്തിലും ഇവർ നായകൻമാരായിരുന്നെങ്കിൽ, മൗനം ഐക്യദാർഢ്യമല്ല'; ട്രാൻസ്ജെൻഡർ ബില്ലിനെതിരെ പ്രതിഷേധിച്ച് നടി നേഘ ഷാഹിൻ

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; ഹരിപ്പാട് ക്ഷേത്രക്കുളത്തില്‍ 12കാരന്‍ മുങ്ങിമരിച്ചു

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ഥികള്‍, കൂടുതല്‍ കൊടുവള്ളിയില്‍

SCROLL FOR NEXT