Travelogue Greece| A Journey Long Imagined: Discovering Greece Beyond Stories and textbooks.  Samakalika Malayalam
News+

ഈജിയന്‍ മിത്തുകളും മീശ വിറപ്പിക്കുന്ന തത്വജ്ഞാനികളും

കുട്ടിക്കാലത്ത് കേട്ടും വായിച്ചുമറിഞ്ഞ കഥകളിലും പാഠപുസ്തകങ്ങളിലെ അടയാളവാക്യങ്ങളിലും അറിഞ്ഞ ​ഗ്രീസിലേക്കുള്ള യാത്രാനുഭവം പങ്കുവെക്കുകയാണ് ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റഫാലിയിൽ ഓട്ടോമോട്ടീവ് എൻജിനിയറിങ് ഡയറക്ടറായി ജോലി ചെയ്യുന്ന സ്മിത വിനീത്

സ്മിത വിനീത്‌

സേക്രഡ് റോക്ക്

ഗ്രീക്ക് ദേവന്‍മാരുടെ അധിപനാണ് സ്യൂസ്‌ദേവന്‍. തനിക്കു മെറ്റിസില്‍ ഉണ്ടാകാന്‍ പോകുന്ന സന്തതി തന്നേക്കാള്‍ ശക്തിയുള്ളവളാകും എന്ന പ്രവചനത്തെ ഭയന്ന സ്യൂസ്‌, മെറ്റിസിനെ വിഴുങ്ങുന്നു. കടുത്ത വേദന കൊണ്ട് വലഞ്ഞ സ്യൂസിന്‍റെ നെറ്റി പിളര്‍ന്നു അഥീന പുറത്തു വന്നു. സ്യൂസിന്‍റെ മാനസപുത്രി. അദ്ദേഹത്തിന്‍റെ ആയുധമായ ഇടിമിന്നല്‍ സൂക്ഷിച്ചിരിക്കുന്നിടം അറിയുന്ന ഒരേ ഒരാള്‍.

അഥീന ഏഥന്‍സിന്‍റെ പരദേവതയായതെങ്ങനെയെന്നോ?ഏഥന്‍സിന്‍റെ ആദ്യ രാജാവായി കണക്കാക്കപ്പെടുന്ന സെക്രോപ്സ്, സമതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വലിയ പാറയ്ക്കു ചുറ്റും പണിയാന്‍ പോകുന്ന, തന്‍റെ പുതിയ രാജ്യത്തിന്‍റെ രക്ഷാധികാരിയെ കണ്ടെത്താന്‍ അഥീനയും സമുദ്രദേവനായ പൊസൈഡണും തമ്മില്‍ ഒരു മത്സരം നടത്തി.

ഇരുവരും സെക്രോപ്സിന് ഒരു ഉപഹാരം നല്‍കണം. അതു നോക്കി ഏഥന്‍സിന്‍റെ രക്ഷാധികാരിയെ തീരുമാനിക്കും. പൊസൈഡണ്‍ തന്‍റെ ത്രിശൂലം കൊണ്ട് പാറമേല്‍ ഒരു വലിയ വിള്ളലുണ്ടാക്കി ഒരു നീരുറവ സൃഷ്‌ടിച്ചു. സമുദ്രദേവനല്ലേ? മനുഷ്യന് കുടിക്കാനോ കൃഷിക്കോ പറ്റാത്ത ഉപ്പു വെള്ളമാണ് വന്നതെന്ന്‌ മാത്രം.

അഥീന പുഞ്ചിരിച്ചു ശിരോകവചം ഒന്ന്‌ നേരേയാക്കി പതുക്കെ മണ്ണില്‍ തന്‍റെ കുന്തം വച്ചു മണ്ണു മാറ്റാന്‍ തുടങ്ങി. ഒരു ചെടി കിളുര്‍ത്തു വരാന്‍ തുടങ്ങി. നോക്കെ നോക്കെ അതു പച്ചയിലകളുള്ള എന്നാല്‍, ഏറെ വലുപ്പമില്ലാത്ത ഒരു മരമായി. അതില്‍ മഞ്ഞ കലര്‍ന്ന പച്ച നിറമുള്ള കായകള്‍ നിറഞ്ഞു.

അഥീന പറഞ്ഞു, “ഈ ഫലം ഏറെ അമൂല്യവും ഗുണപ്രദവുമാണ്.നൂറ്റാണ്ടുകളോളം ഇതിന്‍റെ ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടും വ്യാപാരം ചെയ്ത് ഈ നാട് ഏറെ പ്രസിദ്ധവും സമൃദ്ധിയുള്ളതുമായി മാറും.” സന്തുഷ്ടനായ സെക്രോപ്സ് തന്‍റെ രാജ്യത്തിന് ‘ഏഥന്‍സ്’ എന്ന് പേരിട്ടു. അഥീനയെ അതിന്‍റെ രക്ഷാധികാരിയായി പ്രഖ്യാപിച്ചു.

ഇത്രയും പറഞ്ഞു ‘ഏഥന്‍സ് വാക് ടൂര്‍സ്’ എന്നെഴുതിയ മഞ്ഞ കാലന്‍കുട ചരിച്ചു പിടിച്ചു ടൂര്‍ഗൈഡ് ഡാഫ്നെ, അക്രോപൊളിസിന്‍റെ വടക്കു ദിശയിലുള്ള ഒരു ക്ഷേത്രാവശിഷ്ടത്തിലേക്ക് കൈ ചൂണ്ടി. ഇറക്തിയോണ്‍, അഥീനയും പൊസൈഡണും തമ്മില്‍ മത്സരിച്ച സ്ഥലത്താണ് ഈ ക്ഷേത്രം പണിതിട്ടുള്ളത്. അതിനു മുന്‍വശത്തെ ഒലിവ് മരം അന്നു കിളിര്‍ത്ത മരത്തിന്‍റെ പിന്‍ഗാമിയും.പേര്‍ഷ്യന്‍ ആക്രമണത്തിലും, വെനിഷ്യന്‍ പീരങ്കിയില്‍ പൊട്ടിത്തെറിച്ച സ്ഫോടകവസ്തുക്കള്‍ക്ക് മുന്നിലും, ലോഡ് എല്‍ജിന്‍റെ കൊള്ളയിലും ലോകമഹായുദ്ധങ്ങളിലും തളരാത്ത അക്രോപൊളിസിനെ പോലെ തന്നെ തലയുയര്‍ത്തി നില്‍ക്കുന്നൊരു ഒലിവുമരം.

അക്രോപൊളിസിനു മുകളിലുള്ള ഇറക്തിയോണിലെ ഒലിവു മരം

ആ കാഴ്ചയിൽ നിന്നും കുട്ടിക്കാലത്തേക്ക്, പഠനകാലത്തേക്ക് ഒരു തിരിച്ചു പോക്ക്. വായിച്ചതും കേട്ടതുമായ കഥകളിൽ നിറഞ്ഞു നിന്ന ഗ്രീക്ക് ദൈവങ്ങൾ. വ‍ർഷമിത്രയും പിന്നിട്ടിട്ടും ഉള്ളിൽ നിന്നിറങ്ങി പോകാത്ത കഥകൾ. അസൂയാലുക്കളായ ദൈവങ്ങൾ, വീരരും ധീരരുമായ കഥാപാത്രങ്ങൾ, ഇതിഹാസ പ്രവൃത്തികൾ, പ്രോമിത്യൂസ്, ഹെ‍ർക്കുലീസ്, ഈഡിപ്പസ്, അപ്പോളോ,ഓർഫിയസ്, യൂറിഡിസ്,പണ്ടോറാ പെട്ടി, ഈജിയൻ തൊഴുത്ത് തുടങ്ങിയാലൊടുങ്ങാത്ത കഥാപാത്രങ്ങളും കഥകളും . പഠനത്തിൽ കയറിവന്ന ഗ്രീക്ക് അക്ഷരമാലകളും ആ ഒലിവ് മരം പോലെ ഉള്ളിൽ നിറഞ്ഞുവന്നു. കുട്ടിക്കാലത്ത് തലച്ചോറിലും ഹൃദയത്തിലും ഇടംപിടിച്ച ഗ്രീസിനെ ആ മണ്ണിൽ നിൽക്കുമ്പോൾ വീണ്ടും ഓർമ്മിപ്പിച്ചു.

പാശ്ചാത്യ നാഗരികതയുടെ കളിത്തൊട്ടിൽ എന്ന് ഗ്രീസിനെ വിളിക്കുമ്പോള്‍, പലപ്പോഴും അതിന്‍റെ പ്രതിരൂപമായി കണക്കാക്കുന്നത് ഏഥന്‍സ് നഗരത്തിനു മേല്‍തലയുയര്‍ത്തി നില്‍ക്കുന്ന അക്രോപൊളിസിനെയാണ്. നാല്പതു ഡിഗ്രി മേല്‍ ചൂടുള്ള ജൂലൈ മാസത്തില്‍ ആളുകള്‍ കൂട്ടം കൂട്ടമായി എന്തിനാണ് അക്രോപൊളിസ് കയറുന്നത് എന്ന് മനസ്സിലാവാത്തതുകൊണ്ടാണ് ഏഥന്‍സ് കാണാന്‍ ശരത്കാലകുളിര്‍മയുള്ള ഒക്ടോബര്‍മാസം തെരഞ്ഞെടുത്തത്. അതു കൊണ്ടു തന്നെ ചെറു മഴയുടെ അകമ്പടിയോടെ കുടയും പോഞ്ചോ (മഴ നനയാത്തതും ചെറു ചൂട് ലഭിക്കുന്നതുമായ മേൽക്കുപ്പായം) യുമൊക്കെയായാണ് കുന്നുകയറിയത്. ജൂലൈ മാസത്തെ ചൂടിനെ എന്തു കൊണ്ടാണ് ആളുകള്‍ വക വെക്കാത്തത് എന്ന തിരിച്ചറിവ് ഉണ്ടായി.

ഗൂഗിളില്‍ അക്രോപൊളിസ് എന്നു നോക്കിയാല്‍ മൂന്നു ചിത്രങ്ങളാണ്‌ പ്രധാനമായും വരിക. ഒന്നു കുന്നിന്‍റെ മുഴുവനായുള്ള പടം. രണ്ടാമത്തേത് അഥീനാക്ഷേത്രമായ പാർഥിനോൺ.വാസ്തുവിദ്യയുടെ കൊടുമുടിയെന്നും ഗണിതശാസ്ത്രപ്രതിഭാസമെന്നുമൊക്കെ വിളിക്കാവുന്ന, കന്യകയുടെ അറ എന്നര്‍ത്ഥം വരുന്ന, അക്രോപൊളിസിലെ ‘ഷോസ്റ്റോപ്പര്‍’ ക്ഷേത്രം. മൂന്നാമത്തേതാണ് ഇറക്തിയോണ്‍. കാര്യാറ്റിഡുകൾ അഥവാ കന്യകാരൂപമുള്ള ഇതിലെ സ്തംഭങ്ങള്‍ ആണ് ഇതിന്‍റെ ഒരു പ്രത്യേകത. അലൗകിക സൗന്ദര്യത്തോടെ പാർഥിനോണെ നോക്കി നില്‍ക്കുന്ന ആറു കന്യകാ ശില്പങ്ങള്‍ ആണ് ഇറക്തിയോണിനെ താങ്ങി നിര്‍ത്തുന്നത്.

പാർഥിനോൺ

അക്രോപൊളിസ് എന്നോ ഏഥന്‍സ് എന്നോ തിരയുമ്പോള്‍വരുന്ന ആദ്യ പത്തു ചിത്രങ്ങളില്‍ഒന്ന് ഇവരുടെ ആയിരിക്കും. ആകാശത്തെ താങ്ങി നിര്‍ത്തുന്ന അതേ പരിശ്രമത്തോടെ ബദ്ധപ്പെട്ട് കയ്യും ചുമലും കൊണ്ട് മേല്‍ക്കൂര താങ്ങുന്ന ‘അറ്റ്ലസ്’ എന്ന ആണ്‍ സ്തംഭങ്ങളില്‍നിന്നും ഇവര്‍ക്കുള്ള വ്യത്യാസം ഇവരുടെ ചാരുതയാണ്. കൈകള്‍ അനായാസേന താഴെയിട്ടു അഴകോടെ ശിരസ്സു കൊണ്ടു മാത്രം ഇറക്തിയോണ്‍ താങ്ങുന്ന കാര്യാറ്റിഡുകള്‍.

വനങ്ങൾ, വന്യജീവികൾ, കന്യകാത്വം, എന്നിവയുടെ ദേവതയായ ആര്‍ട്ടെമിസിന്‍റെ കന്യകാപൂജാരിണികളാണിവര്‍. കാഴ്ചയില്‍ ഒരുപോലെ തോന്നുമെങ്കിലും മുഖച്ഛായയിലോ കാലുകളുടെയോ കൈകളുടെയോ ഭാവത്തിലോ ഒക്കെ അവര്‍ വ്യത്യസ്ഥരാണെന്ന് സൂക്ഷ്മ നോട്ടത്തില്‍ കാണാം. നഗ്നമായ തോളിലൂടെ വീണുകിടക്കുന്ന മുടി പോലും പല രീതിയിലാണ് കെട്ടി വച്ചിരിക്കുന്നത്. മൂടുപടത്തിന്‍റെ ഇടയിലൂടെ ഇവര്‍ ശ്വസിക്കുന്നുണ്ടോ എന്ന് തോന്നിപ്പോകും. മാറിലൂടെ മടക്കുകള്‍ ണ്ടാക്കി കാലുകളിലേക്ക് ഊര്‍ന്നിറങ്ങുന്ന ഡോറിക് മൂടുപടങ്ങള്‍. ആറു കാര്യാറ്റിഡുകളില്‍ അഞ്ചു പേരെ ഇപ്പോള്‍ ഏഥന്‍സില്‍ ഉള്ളൂ. ഒരു കന്യകയെ ലോഡ് എല്‍ജിന്‍, ബ്രിട്ടീഷ് മ്യൂസിയം അലങ്കരിക്കാന്‍ എടുത്തു കൊണ്ടു പോയി.

അക്രോപൊളിസില്‍ കാണുന്ന അവശിഷ്ടങ്ങള്‍ മിക്കതും തനിപ്പകര്‍പ്പുകളാണ്. കാര്യാറ്റിഡുകളും ചിത്രപ്പണികളും എല്ലാം അതില്‍പെടും. കടുത്ത കാലാവസ്ഥ കാരണം ഒറിജിനല്‍ എല്ലാം ഇപ്പോള്‍ അക്രോപൊളിസ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലോഡ് എൽജിനും മറ്റ് അധിനിവേശകരും ബാക്കി വച്ചവ മാത്രം. അതുകൊണ്ടു തന്നെ കുന്നിറങ്ങി മ്യൂസിയം കൂടി കണ്ടാലേ ആ യാത്ര പൂര്‍ണമാകൂ. പുരാണമുറങ്ങുന്ന രണ്ടിങ്ങള്‍ക്കുമിടയില്‍ അഥീന ഏഥന്‍സിനു സമ്മാനിച്ച മാന്ത്രികക്കനി മരങ്ങള്‍നിറഞ്ഞ, കരിങ്കല്‍ വിരിച്ച ഒരു പാതയുണ്ട്. ആദ്യമായാണ്‌ അത്രയും ഒലിവുകള്‍ ഒരുമിച്ചു കാണുന്നത്. കായ് നിറഞ്ഞ ഒലിവു മരങ്ങളുടെ ഇടയിലൂടെ നടക്കുമ്പോഴുള്ള ആനന്ദം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അടുത്ത ഒരാഴ്ചത്തേക്ക് കാത്തിരിക്കുന്ന അനുഭവങ്ങളുടെയും അറിവുകളുടെയും ഒരു തിരനോട്ടം മാത്രമായിരുന്നു ആ ദിവസം.

കാര്യാറ്റിഡ്

അക്രോപൊളിസ് മ്യൂസിയം നില കൊള്ളുന്നത്‌ പല നിലകളായി ഒരു പുരാവസ്തു ഖനിയുടെ മുകളിലാണ്. ആ സ്ഥലം അതിന്‍റെ മൂലരൂപത്തില്‍ തന്നെ സംരക്ഷിച്ചിട്ടുണ്ട്. ഏറ്റവും താഴത്തെ നിലയുടെ നിലം പാകിയിരിക്കുന്നത്‌ സുതാര്യമായ ഗ്ലാസു കൊണ്ടാണ്. അതു കൊണ്ടു തന്നെ ഒരു പുരാവസ്തുഖനന (എക്സ്കവേഷൻ) സൈറ്റിന്‍റെ മുകളിലൂടെ നടക്കുന്ന പ്രതീതിയായിരുന്നു.

മ്യൂസിയത്തിന്‍റെ ഏറ്റവും മുകളിലത്തെ നില ഗ്ലാസ്‌ ചേംബര്‍പോലെ നിർമ്മിച്ചിരിക്കുന്ന പാർഥിനോൺ ഗ്യാലറിയാണ്. മ്യുസിയത്തിന്‍റെ ബാക്കി നിലകളുടെ ആകൃതിയിലല്ല മറിച്ച് അക്രോപൊളിസിനു മുകളിലുള്ള പാർഥിനോണിനു സമാന്തരമായി അതേയളവിലാണ് ഈ ഗ്യാലറി പണിതിട്ടുള്ളത്. ഒരു വാസ്തുവിദ്യാ വിസ്മയം! അവിടെ നിന്നു അങ്ങു ദൂരെയുള്ള അക്രോപൊളിസിലേക്ക് നോക്കിയാല്‍ പാർഥിനോൺ സമാന്തരമായി നില കൊള്ളുന്നത്‌ കാണാം. അവിസ്മയണീയമായൊരു കാഴ്ചയാണത്.

മ്യുസിയത്തിലെ ഒറിജിനല്‍ ശില്‍പങ്ങളുടെ യഥാര്‍ത്ഥ അവകാശി! അവകാശിയെക്കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. .ഗ്രീസ് തുര്‍ക്കി ഭരണത്തിലായിരുന്ന കാലഘട്ടത്തില്‍ സംരക്ഷിക്കാന്‍ എന്ന ന്യായത്തില്‍ അക്രോപൊളിസിലെ പല ശില്‍പ്പങ്ങളും തോമസ്‌ബ്ര്യുസ് എന്ന ലോഡ്‌ എല്‍ജിന്‍ ബ്രിട്ടീഷ്‌ മ്യുസിയത്തില്‍ എത്തിച്ചു.

പാർഥിനോണിനു സമാന്തരമായി അക്രോപൊളിസ് മ്യൂസിയത്തിലെ മുകള്‍ നിലയിലുള്ള ‘പാർഥിനോൺ ഗ്യാലറി’

അതു കൊണ്ടു തന്നെ അക്രോപൊളിസ് മ്യൂസിയത്തിലെ പല വസ്തുക്കളും അപൂര്‍ണ്ണങ്ങളാണ്‌. കാരണം അതിന്‍റെ തുണകള്‍ ഇരിക്കുന്നത് കടല്‍ ദൂരെയാണ്. അതു തിരികെ കൊണ്ടുവരുന്നതിനായി ഗ്രീസും ബ്രിട്ടനും തമ്മിലുള്ള ചര്‍ച്ചകള്‍ ഇനിയും വിജയകരമായിട്ടില്ല എന്ന് പറയുമ്പോള്‍ പ്രദേശവാസിയായ ഞങ്ങളുടെ ഗൈഡ് ഡാഫ്നെയുടെ ശബ്ദത്തില്‍വല്ലാത്തൊരു നിരാശയുണ്ടായിരുന്നു.

സിഗ സിഗയും മെഡിറ്ററേനിയൻ ഭക്ഷണശാലകളും

ഡാഫ്നെയോട് യാത്ര പറയുമ്പോൾ വിശപ്പിനേക്കാൾ ഗ്രീക്ക് ഭക്ഷണം പരീക്ഷിക്കാനുള്ള മനസ്സായിരുന്നു. അക്രോപൊളിസില്‍നിന്നും ഇറങ്ങി വരുന്ന സ്ഥലമാണ് ‘ദൈവങ്ങളുടെ അയല്‍പക്കം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്ലാക്ക. ഇന്റ‍ർനെറ്റിൽ ഒന്ന് തിരഞ്ഞുനോക്കൂ. നിറയെ ബോഗൻവില്ലകള്‍നിറഞ്ഞ അതിമനോഹരമായ തെരുവുകള്‍ തെളിഞ്ഞു വരും. വളഞ്ഞും തിരിഞ്ഞും പടികള്‍ കയറിയും ഇറങ്ങിയും അറ്റം ഇല്ലാത്തൊരു ലാബറിന്തു പോലെയാണ് പ്ലാക്ക.

ഇതാണോ,‘ഇന്‍സ്റ്റ’യില്‍ഏറ്റവും അധികം കാണുന്ന ബോഗൻവില്ലകള്‍ കൊണ്ടു മൂടിയ കഫേ എന്നൊക്കെ ഓരോ ഇടവഴിയോടും ചോദിച്ചു നടക്കുന്നതിനിടയിലാണ് ഗൗനിക്കാതിരിക്കാന്‍ തരമില്ലാത്ത വണ്ണം അവരെ കാണാന്‍തുടങ്ങിയത്. പളുങ്കു കണ്ണുകളുമായി ആരെയും കൂസാതെ നടക്കുന്ന പ്ലാക്കയിലെ തത്വജ്ഞാനികള്‍. ഒലിവു മാത്രമല്ല ഇത്രയും പൂച്ചകളെയും ഒരുമിച്ചു ഇതിനു മുന്‍പു കണ്ടിട്ടില്ല.

ജപ്പാനില്‍ ആണ് പൂച്ചപ്രിയര്‍ എന്നായിരുന്നു അത് വരെയുള്ള ധാരണ. പൂച്ചകളെക്കുറിച്ചുള്ള ജാപ്പനീസ് നോവലുകലാണ് ആ തോന്നലുണ്ടാക്കിയത്‌. ഗ്രീക്ക് യാത്രയില്‍ വായിക്കാന്‍എടുത്ത പുസ്തകങ്ങളില്‍ ഒന്നാകട്ടെ യുനിചിരോ തനിസാക്കിയുടെ ‘ എ ക്യാറ്റ്, എ മാന്‍ ആന്‍ഡ്‌ ടു വിമന്‍’. താന്‍ ഉപേക്ഷിച്ച ഭാര്യ ഷിനാകോയുടെയും, പുതിയ ഭാര്യ ഫുകുകോയുടെയും, ലില്ലി എന്ന തന്‍റെ പൂച്ചയോടുള്ള കടുത്ത സ്നേഹത്തിന്‍റെയും നടുവില്‍ കിടന്നു നട്ടം തിരിയുന്ന ഷോസോ എന്ന ‘മാന്‍’. പൂച്ചയുടെ പേരില്‍ ഈ മൂന്നു മനുഷ്യരുടെ ലോകം തകിടം മറിയുമ്പോള്‍ പൂച്ച അതില്‍ പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ലാതെ കഴിഞ്ഞു കൂടുന്നു. ദൈവങ്ങളുടെ അയല്‍പക്കത്തെ ഈ പൂച്ചകളും അങ്ങനെ തന്നെ. രോമക്കുപ്പായമിട്ട് ശാന്തരായി ഗ്രീസിന്‍റെ ആത്മാവുമായി അലിഞ്ഞു ചേര്‍ന്നപോലെ നടക്കുന്നു.

ഗ്രീസിലെ പൂച്ച

ഗ്രീക്കുകാര്‍ പൂച്ചയെ അവരുടെ സമൂഹത്തിലെ ഒരു അംഗവും രാജ്യത്തിന്‍റെ പ്രതിച്ഛായയുമായിട്ടാണ് കാണുന്നത്. തദ്ദേശവാസികൾ തന്നെ ഇവയ്ക്ക് പരിചരണം, ഭക്ഷണം, പാർപ്പിടം എന്നിവ നൽകുന്ന മാതൃകാപരമായ സെമി-സ്ട്രേ സംസ്കാരമാണ് മിക്കയിടങ്ങളിലും ഉള്ളത്. അതു കൊണ്ട് തന്നെ ഈ പൂച്ചകള്‍ പലതും നല്ല കൊഴുത്തുരുണ്ട് ഭംഗിയുള്ളവയാണ്‌. നാട്ടുകാർ ഭക്ഷണവും വെള്ളവും വിളമ്പുന്ന ചെറിയ "പൂച്ച സേവന സ്റ്റേഷനുകൾ" അങ്ങിങ്ങ് കാണാം. ചിലതില്‍ കളിപ്പാട്ടങ്ങള്‍ കൂടി വച്ചിട്ടുണ്ട്.

മിക്ക ട്രാവല്‍ബ്ലോഗുകളില്‍ നോക്കിയാലും. മിക്കനോസില്‍ കണ്ട ’മിക്കോ’യെക്കുറിച്ചോ റോഡ്‌സിലെ ‘ലിന്ടോ’യെക്കുറിച്ചോ അക്രോപൊളിസിലെ ഒലിവ് മരത്തിനിടയിലിരിക്കുന്ന ’അപ്പോളോ’യെക്കുറിച്ചോ ഉള്ള അനവധി കഥകളും പടങ്ങളുമൊക്കെ കാണാം.ദ്വീപുകളിലെ കടല്‍ത്തീരത്തോ, പുരാതനാവശിഷ്ടങ്ങള്‍ക്കിടയിലോ, സന്‍റ്റോറിനിയിലെ അതിമനോഹരമായ വെള്ളക്കെട്ടിടങ്ങള്‍ക്കിടയിലോ എല്ലാം ആശങ്കയേതുമില്ലാതെ കറങ്ങുന്ന പൂച്ചകളെ കാണാം. അവിടുത്തെ ഭക്ഷണശാലകളില്‍ മിഷെലിന്‍ റേറ്റിങ് (പാചകമികവിനുള്ള റേറ്റിങ്) ഇടുന്നത് പൂച്ചകളാണോ എന്ന് തോന്നിപ്പോകും. ഗ്രീസില്‍നിന്നും പൂച്ചകളെ ദത്തെടുത്തു കൊണ്ടു പോകുന്നത് വളരെ സാധാരണമാണ് എന്നതും ഒരു പുതിയ അറിവായിരുന്നു.

‘സിഗ സിഗ’ എന്ന ഗ്രീക്ക് ചോല്ലിന്‍റെ അര്‍ത്ഥം പതുക്കെ പതുക്കെ എന്നാണ്. മെഡിറ്ററേനിയൻ സംസ്കാരങ്ങളിൽ സാധാരണമായ, ജീവിതത്തോടുള്ള തിരക്കില്ലാത്ത സമീപനത്തെയാണിത്‌ പ്രതിഫലിപ്പിക്കുന്നത്. ദൈനംദിന ജീവിതത്തിനോ നല്ല ഭക്ഷണവും സൗഹൃദവും ആസ്വദിക്കുന്നതിനോ ഉള്ള സൗമ്യമായ വേഗത പോലെ ജീവിതാനുഭവങ്ങൾ തിരക്കുകൂട്ടരുത് എന്ന ഗ്രീക്ക് ചിന്താഗതിക്കൊത്തതാണ് അവരുടെ ഈ പൂച്ചസ്നേഹവും.

തവേര്‍ണ

വീതി കുറഞ്ഞ നാട്ടുവഴികളിലൂടെ പൂച്ചകളോട് സല്ലപിച്ച്‌, ഏറെ ദൂരം താഴേക്കു നീളുന്ന വലിയ പടിക്കെട്ടുകളുടെ മുന്നിലെത്തി. പടികളുടെ ഇരു വശവും ഗ്രീക്ക് റസ്റ്ററന്റുകള്‍ അഥവാ ‘തവേര്‍ണ’കള്‍.സീസണൽ ചേരുവകൾ കൊണ്ടുണ്ടാക്കിയ പരിമിതമായ മെനു വച്ച് മനം നിറയ്ക്കുന്ന ഗ്രീക്ക് ഭക്ഷണശാലകള്‍. പത്തില്‍ താഴെ മേശകള്‍ അകത്തും മഴയില്ലാത്ത ദിവസങ്ങളില്‍മൂന്നോ നാലോ മേശകള്‍പുറത്തും ഇടാന്‍സൗകര്യമുള്ള ഇടങ്ങള്‍. പലതിന്‍റെയും ഉള്ളിലെ നേര്‍ത്ത ഓറഞ്ച് വെളിച്ചത്തില്‍ചുവന്ന ഇഷ്ടിക പതിച്ച ചുവരുകളോ അധികം ആഡംബരമില്ലാത്ത അറബിക് രീതിയിലുള്ള അലങ്കാരങ്ങളോ കാണാം. നേര്‍ത്ത സംഗീതം നിറഞ്ഞു നിന്നിരുന്നു അവിടം മുഴുവന്‍.

അധികം തിരക്കില്ലാത്തതും എന്നാല്‍, അത്യാവശ്യം വിസ്തൃതിയുള്ളതുമായ ഒന്നില്‍ കയറി ജനാലക്കടുത്തുള്ള ഒരു ടേബിളില്‍ പോയിരുന്നു ഞങ്ങള്‍. ഈ തവേര്‍ണയുടെ മുന്‍വശത്തല്ല മറിച്ച് വലതു വശത്തായിരുന്നു ഔട്ട്‌ഡോര്‍സീറ്റുകള്‍. മെനു കാത്തിരിക്കുമ്പോള്‍ ജനാലക്കപ്പുറമിരിക്കുന്ന ബ്രിട്ടീഷ്‌ എന്നു തോന്നിക്കുന്ന സീനിയര്‍ കപ്പിളിന്‍റെ ടേബിളിലേക്ക് ജിജ്ഞാസയൊന്നൊളിഞ്ഞു നോക്കി. ‘പോര്‍ട്ടോകാലോപിറ്റ’യും ഗ്രീക്ക് കോഫിയും. കടിച്ചാല്‍പൊട്ടാത്ത പേരാണെങ്കിലും ഗ്രീക്ക് ഓറഞ്ച് പൈ എന്നാണ് അതിന്റെ പരിഭാഷ. ‘പോര്‍ട്ടോകലി’ എന്നാല്‍ ഓറഞ്ച്. സംഭവം അതിരുചികരമായ തനതു ഗ്രീക്ക് രീതിയിലുള്ള ഓറഞ്ച്സിറപ്പ് കേക്ക് ആണ്. ടര്‍ക്കിഷ് വംശജര്‍ ഏറെയുള്ള ഒരിടത്താണ് ഞങ്ങള്‍ ജര്‍മ്മനിയില്‍ താമസിക്കുന്നത്. അതുകൊണ്ടു തന്നെ ബകലാവ പോലെയുള്ള മധുരങ്ങള്‍ പരിചിതമാണ്. ഗ്രീക്ക് മധുരപലഹാരങ്ങളില്‍ പലതും അതു പോലെ പഞ്ചസാരപ്പാനി നിറഞ്ഞതാണ്‌. അധിനിവേശ ചരിത്രങ്ങള്‍കാരണം ഗ്രീക്ക്-ടര്‍ക്കിഷ് പാചകരീതികളും വിഭവങ്ങളും തമ്മില്‍ വലിയ സാമ്യമുണ്ട്‌ എന്ന് മനസ്സിലായി.

ഗ്രീക്ക്-ടര്‍ക്കിഷ് കോഫികള്‍ ഉണ്ടാക്കുന്നത് ജെസ്വെ അഥവാ ഇബ്രിക് എന്നു വിളിക്കുന്ന ചെറിയ വായുള്ള ചെമ്പ് കൊണ്ടുണ്ടാക്കിയ വാല്‍പ്പാത്രങ്ങളിലാണ്. എസ്പ്രെസ്സോയുമായി സാമ്യമുള്ളതും എന്നാല്‍ അതിനേക്കാള്‍ കടുപ്പം കുറഞ്ഞതും കാപ്പിത്തരികളോട് കൂടിയതുമാണ് ഗ്രീക്ക് കോഫി. കടുപ്പം പേടിച്ച് ഗ്രീസില്‍ നിന്നും ചെക്ക്‌ഔട്ട്‌ ചെയ്യുന്ന ദിവസമാണ് ഞാന്‍ അത് കുടിക്കാന്‍ ശ്രമിച്ചു നോക്കിയത്. എസ്പ്രെസ്സോയുടെ പോലെയേ അല്ല അതിന്‍റെ രുചി. ഡബിള്‍ എസ്പ്രെസ്സോയില്‍ പാല്‍ ഒഴിച്ച് തണുപ്പിച്ചുണ്ടാക്കുന്ന ഫ്രെഡോ കോഫി എന്നൊരു ചങ്ങാതി കൂടി ഉണ്ട് ഗ്രീക്ക് കോഫി മെനുവില്‍. ഒരു അനുഭവം എന്ന നിലയില്‍ ഇതെല്ലാം ശ്രമിച്ചു നോക്കിയാലും ശരവണഭവനിലെ ഫില്‍റ്റര്‍കാപ്പി ആറ്റിയൂതികുടിക്കുന്നതു തന്നെ പ്രിയം.

പോര്ട്ടോ കലിയും ഗയ്റോസും പിറ്റയും

തവേര്‍ണയിലേക്ക് തിരികെ വരാം. മെനു കൊണ്ടു വരുന്നതിന്‍റെ കൂടെ പിറ്റ ബ്രഡും തസത്സികിയും കൊണ്ടു വച്ചു കടയുടമ കൂടിയായ സര്‍വര്‍.യൂറോപ്പിലെ ഏതു മെഡിറ്ററേനിയൻ റസ്റ്ററന്‍റിൽ പോയാലും ഇറ്റാലിയൻ റസ്റ്ററന്‍റ്റില്‍ ബ്രെഡ്‌കൊണ്ടു വെക്കും പോലെ വയ്ക്കുന്ന നാന്‍ പോലെയുള്ള ഒന്നാണ് പിറ്റ. റായ്ത പോലെ തോന്നിക്കുന്ന എന്നാല്‍ രുചിയിലും ഘടനയിലും വ്യത്യാസമുള്ള ഒരു സോസ് ആണ് തസത്സികി .

ഗ്രീക്ക് യോഗര്‍ട്ടില്‍ കക്കിരിക്കയും, വെളുത്തുള്ളിയും, ഒലിവ് ഓയിലും, പിന്നെ മല്ലിയില, അയമോദകം അങ്ങനെ എന്തൊക്കെയോ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒന്ന്. ഇസ്രായേലി-ലെബനീസ് ഭക്ഷണത്തില്‍ ഹുമ്മുസ് പോലെയാണ് ഗ്രീക്ക് രീതിയില്‍ തസത്സികി. പിറ്റ രണ്ടിനും നല്ല കൂട്ടാണ്.മെഡിറ്ററേനിയൻ വിഭവങ്ങള്‍ എപ്പോഴും ഇന്ത്യന്‍ വിഭവങ്ങളുടെ ഓര്‍മ്മ വരുത്തും. പക്ഷേ രുചി മുകുളങ്ങള്‍ക്ക് കിട്ടുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണെപ്പോഴും.

മെനു നോക്കിയിരിക്കുമ്പോള്‍ അപ്പുറത്തെ ടേബിളില്‍ ഒരു വലിയ പ്ലാറ്റര്‍ വന്നു. എല്ലാ വിശേഷപ്പെട്ട വിഭവങ്ങളും കൂടിയ ഒരു വലിയ തളിക ഇത്തരമിടങ്ങളില്‍ചിലപ്പോള്‍ കിട്ടാറുണ്ട്. ചീസ് ഫ്രൈ ചെയ്തുണ്ടാക്കിയ ‘സഗനാകി’,സുക്കിനി മുട്ടയില്‍ മുക്കി വറുത്ത ‘സുക്കിനി ഫ്രിറ്റെര്‍സ്’ , പോര്‍ക്ക്‌ കൊണ്ടുണ്ടാക്കിയ ‘സൌലാക്കി’, വഴുതനങ്ങയും ഇറച്ചിയും ചേര്‍ത്തുണ്ടാക്കുന്ന ‘മൊസാക’, അരിയും രുചിക്കൂട്ടുകളും മുന്തിരിയിലയില്‍ പൊതിഞ്ഞ് ഇലയടപോലെയുണ്ടാക്കുന്ന ‘ഡോല്‍മഡാകിയ’. കൂടെ ഗ്രീക്ക് മദ്യമായ ഔസോയും. അപ്പുറത്തെ മേശയിലെ രണ്ടു യുവമിഥുനങ്ങള്‍ ഇത്രയും ഭക്ഷണം എങ്ങനെ കഴിച്ചു തീര്‍ക്കും എന്നോര്‍ത്തിരിക്കുമ്പോഴാണ് ഭക്ഷണം കഴിക്കാനല്ലേ വന്നത് എന്നു മറുപാതി ചോദിച്ചത്.

ചിക്കന്‍പ്രേമികളായതു കൊണ്ടും പ്രാദേശിക പരീക്ഷങ്ങളില്‍ തല്പരരല്ലാത്തതു കൊണ്ടും ഷവര്‍മയുമായി സാമ്യമുള്ള ഗയ്റോസില്‍ ഒതുക്കി അച്ഛനും മകനും സാഹസം. മാംസാഹാരം നിര്‍ത്തിയതു മുതല്‍ യാത്ര പോകുമ്പോള്‍ മെനുവില്‍ എനിക്ക് ഏറെ തിരയേണ്ടി വരാറുണ്ട്. അതു കൊണ്ടു തന്നെ ഇറച്ചിയിടാതെ മൊസാക ഉണ്ടാക്കിത്തരാം എന്നു റസ്റ്ററന്‍റ് ഉടമ പറഞ്ഞപ്പോള്‍വലിയ സന്തോഷമായി. വഴുതനങ്ങ ഇഷ്ടമല്ലാഞ്ഞിട്ടു കൂടി. ഒരു സ്ഥലത്തെ പ്രാദേശിക ഭക്ഷണം രുചിച്ചാലേ അവിടത്തെ ഊഷ്മളത ശരിക്കും ഉള്‍കൊള്ളാന്‍ സാധിക്കൂ.

ഭക്ഷണം കഴിച്ചു ഒന്നു വിശ്രമിച്ച് സോവനീര്‍ വാങ്ങാൻ ഇറങ്ങാം എന്ന് തീരുമാനിച്ചു ഹോട്ടലിലേക്ക് തിരിച്ചു നടന്നു. ദൈവങ്ങളുടെ അയല്‍പക്കം മുഴുവന്‍ നടന്നതിന്‍റെ ക്ഷീണവുമുണ്ടായിരുന്നു.

അഡ്രിയാനോ സ്ട്രീറ്റിലെ സോവനിര്‍ കടകള്‍

മിക്ക സ്ഥലങ്ങളും മയക്കത്തിലേക്കു പോകുന്ന പോലെ തോന്നി. ചില കടകളെല്ലാം അടച്ചിരിക്കുന്നു. വൈകുന്നേരം ഒരു കാപ്പിയൊക്കെ കുടിച്ച് യൂറോയില്‍ വാങ്ങാന്‍ കിട്ടുന്ന ഓര്‍മ്മകളും തപ്പി ഷോപ്പിങ് സ്ഥലങ്ങളില്‍ ഒന്നായ അഡ്രിയാനോ സ്ട്രീറ്റില്‍ പോയി.ഒരു ഫ്രിഡ്ജ്‌ മാഗ്നറ്റ്, ഷോട്ട്ഗ്ലാസ്‌, ഒരു കൊച്ചു പ്രതിമ അല്ലെങ്കില്‍ പെയിന്റിങ്, പ്രാദേശികമായ ഒരു ഭക്ഷണസാധനം. ഇതു കഴിഞ്ഞുള്ള മിനിമലിസമേ ഉള്ളൂ എല്ലാ യാത്രയിലും. പതിവു പോലെ പത്തു കടകള്‍ കയറിയിറങ്ങി. എല്ലാ കടയിലും കിട്ടുന്നത് ഒരു പോലെയുള്ള സോവനീറുകള്‍ ആണെങ്കിലും ഇതും ഒരു ചടങ്ങാണ്. അപ്പുറത്തെ കടയില്‍ ഇതിലും നല്ലത് ഉണ്ടെങ്കിലോ? അങ്ങനെ നടപ്പാതയില്‍നിന്നും താഴേക്കു പടിയിറങ്ങി പോവുന്ന വിശാലമായ ഒരു കട കണ്ടു പിടിച്ചു. കടക്കാരിയെ കണ്ടതും എനിക്ക് ചിമമാൻഡ അദിച്ചിയെ ഓര്‍മ്മ വന്നു. എനിക്ക് വളരെ ഇഷ്ടമുള്ള നൈജീരിയന്‍ എഴുത്തുകാരിയാണ്. ഞങ്ങള്‍ ഉച്ചയൂണ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ കടകളും ഭക്ഷണശാലകളുമെല്ലാം അടയ്ക്കാന്‍ തുടങ്ങിയിരുന്നു എന്ന് കുശലത്തില്‍ പറഞ്ഞു. അവര്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ‘മെസ്സിമെറി’. സിയെസ്റ്റയുടെ ഗ്രീക്ക് വാക്കാണത്. ഗ്രീസില്‍ ഉച്ചക്ക് രണ്ടിനും അഞ്ചിനും ഇടയില്‍ ആളുകൾ ചെറിയൊരു മയക്കത്തിനായി പണിയെല്ലാം നിര്‍ത്തി പോകും. ടൂറിസ്റ്റ് ഏരിയയില്‍ പല കടകളും ഇപ്പോള്‍ തുറന്നു വെക്കാറുണ്ട്.

സിയെസ്റ്റ ശരിക്കു കണ്ടത് ഏഥന്‍സില്‍നിന്നും ഞങ്ങള്‍പോയ ‘കോര്‍ഫു’എന്ന ദ്വീപിലാണ്. നാലു ദിവസം വെറുതെ ഇരിക്കുക എന്ന ഉദ്ദേശമായത് കൊണ്ട് ടൂറിസ്റ്റ് തിരക്ക് കുറഞ്ഞ ഒരിടം നോക്കിയാണ് പോയത്. ഒരു രാജ്യത്തിന്‍റെ ആത്മാവ് അവിടുത്തെ ഗ്രാമങ്ങളിലാണ് എന്ന വിശ്വാസത്തില്‍ റിസോര്‍ട്ടിന്‍റെ അടുത്തുള്ള ‘ബെനിറ്റ്സസ്’ എന്നൊരു ഗ്രാമത്തിലേക്ക് ട്രക്ക് ചെയ്ത് പോയി ഞങ്ങളുടെ മൂവർ സംഘം. പാക്സിനോസ് എന്നൊരു പുരാതന പരമ്പരാഗത തവേര്‍ണ കണ്ടുപിടിച്ചു.

ഭക്ഷണമെല്ലാം കഴിച്ചു റോഡില്‍ ഇറങ്ങിയപ്പോള്‍ തികഞ്ഞ നിശബ്ദത. ആ ടൗൺ സ്ക്വയറിന്‍റെ ഒരു പടം സൂക്ഷിക്കാനായി എടുത്തു. കാരണം എനിക്കപ്പോള്‍ ‘സിയെസ്റ്റ’ എന്ന പദം ആദ്യമായി മനസ്സില്‍ പതിഞ്ഞ മാര്‍ക്കേസിന്‍റെ ‘ട്യൂസ്ഡേ സിയെസ്റ്റ’ എന്ന കഥയോര്‍മ്മ വന്നു. ലാറ്റിനമേരിക്കയിലെ ഒരു ഗ്രാമത്തില്‍ഉച്ച മയങ്ങുന്ന നേരത്ത് ആ നാട്ടുകാര്‍ കൊന്ന കള്ളനായ മകനെയും അന്വേഷിച്ചു ട്രെയിനില്‍ വന്നിറങ്ങുന്ന അമ്മയും മകളും. കൊടും ചൂടില്‍ പാതിരിയുടെ വീട്ടിലേക്കു അവര്‍ നടന്നു പോകുന്ന വഴികള്‍ക്ക് ഇത്ര സൗന്ദര്യമൊന്നുമുണ്ടാവാന്‍ ഒരു വഴിയുമില്ല. എന്നാല്‍ കൂടിയും ഇതു പോലുള്ള സ്ഥലങ്ങള്‍ക്ക് ഒരു മ്ലാനഭാവമാണ്.

ഗ്രീക്ക് ടൗൺ സ്ക്വയര്‍

സോവനീര്‍ഷോപ്പില്‍നിന്നും നീലയും വെള്ളയും പശ്ചാത്തലത്തിലിരിക്കുന്ന ഒരു സുന്ദരിപ്പൂച്ചയുള്ള ഫ്രിഡ്ജ്‌മാഗ്നറ്റും സോക്രട്ടിസിന്‍റെ ഒഒരു പൈതഗോറന്‍ വൈന്‍ കപ്പും.. അഥീനയുടെ ഒരു പ്രതിമയും വാങ്ങി ഷോപ്പിങ് അവസാനിപ്പിച്ചു. ഒരു ദിവസം കൂടിയുണ്ട് ഏഥന്‍സില്‍. അതു കൊണ്ടു പൊസൈഡണ്‍ ക്ഷേത്രം കാണാന്‍ തീരുമാനിച്ചു.പിറ്റേന്ന് യാത്രക്കായി ഊബര്‍ വിളിച്ചപ്പോഴാണ് അത് ഏഥന്‍സിനു വെളിയിലാണ് എന്ന് മനസ്സിലായത്‌. ഈജിയന്‍ കടലോരത്ത് അറ്റിക്ക ഉപദ്വീപിന്‍റെ തെക്കേ മുനമ്പാണ് സൗനിയൻ. ഏഥന്‍സിന്‍റെ സുവര്‍ണ്ണകാലത്ത് സമുദ്രദേവനായ പൊസൈഡണെ ആദരിക്കാനും, നാവികർക്ക് ഒരു വഴികാട്ടിയുമായാണ് ഈ സ്ഥലം നിര്‍മ്മിച്ചത്.

ഗ്രീക്ക് പുരാണത്തില്‍ ഈജിയന്‍ കടലിന്‍റെ പേരിനു പിന്നിലുള്ള ഐതിഹ്യം നടക്കുന്നത് ഇവിടെയാണ്. ഈജിയസ് രാജാവിന്‍റെ പുത്രനായ തിസ്യൂസ് മിനോട്ടറിനെ വധിച്ചു തിരികെ വരുമ്പോള്‍ കപ്പല്‍പ്പായ കറുപ്പിനു പകരം വെളുപ്പാക്കാന്‍ മറന്നു പോകുന്നു. ഇതു കണ്ട ഈജിയസ് തന്‍റെ മകന്‍ മരിച്ചു എന്ന് കരുതി ഈ സ്ഥലത്തുവച്ച് കടലിലേക്കെടുത്തു ചാടി ജീവനൊടുക്കുന്നു. അങ്ങനെയാണ് ഈജിയന്‍ കടല്‍ എന്ന പേരുണ്ടാവുന്നത്.

പൊസൈഡണ്‍ ക്ഷേത്രവും സൗനിയൻ മുനമ്പും

സൗനിയനെ പുണ്യഭൂമിയായി പ്രഖ്യാപിച്ചത് ഹോമര്‍ ആണ്. നാവികർ യാത്രകൾക്ക് മുമ്പ് ഇവിടെ പൊസൈഡണിന് വഴിപാടുകൾ അർപ്പിക്കാറുണ്ടായിരുന്നു. ഏഥന്‍സിന്‍റെ സമുദ്രശക്തിയുടേയും വാസ്തുവിദ്യയുടെയും മകുടോദാഹരണമാണ് അതിമനോഹരമായ ഈ സ്ഥലം.

പൊസൈഡണ്‍ ക്ഷേത്രം സന്ദര്‍ശിച്ച് ഏഥന്‍സിലേക്ക് തിരിച്ചു വരുമ്പോള്‍ ഭൂമിയുടെ ഒരു കോണില്‍പോയി എന്നോര്‍ത്ത് നിര്‍വൃതിയടഞ്ഞിരിക്കുകയായിരുന്നു. ടാക്സി ഡ്രൈവര്‍ ഒരു വലിയ കെട്ടിടം ചൂണ്ടിക്കാണിച്ചു പറഞ്ഞു. അതാണ്‌ ഗ്രീസിലെ ആദ്യത്തെ ബ്രൂയിങ് കമ്പനി ‘ഫിക്സ്’. അപ്പോള്‍മാത്രം ആ യാത്രയില്‍ ആദ്യമായി ‘ഫൈ’ എന്ന ചിഹ്നത്തിലുള്ള അതിന്‍റെ കാന്‍ ഓര്‍ത്തു.

തിരികെ ജ‍ർമ്മനിയിലെത്തിയപ്പോൾ, ​ഗ്രീസ് യാത്രയെ ഓ‍ർമ്മിച്ചെടുക്കാൻ ശ്രമിച്ചു. അപ്പോഴാണ്, എനിക്ക് ആ തിരിച്ചറിവ് ഉണ്ടാകുന്നത്. ഗ്രീക്ക് എന്നാല്‍ എനിക്കിപ്പോൾ ആദ്യം മനസ്സിൽ വരുന്നത് ആല്‍ഫയും, ഗാമയും, തീറ്റയും അല്ല, അവയെ മറികടന്ന അത്ഭതുങ്ങളും ഭാവനയും അറിവും നിറഞ്ഞൊരു സാംസ്കാരികലോകമായി അത് മാറിയിരിക്കുന്നു എന്ന്.

Travelogue | Exploring Greece, a land once knew only through stories and textbooks, and the unforgettable experiences it offered

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോറ്റിയെ സഹായിക്കണമെന്ന് എഴുതി നല്‍കിയിട്ടില്ല; അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്'

മദ്യപിച്ച് ബോധം പോയാല്‍ പേടിക്കേണ്ട; കെട്ടിറങ്ങും വരെ വിശ്രമിക്കാം, ബംഗളൂരു പൊലീസ് വീട്ടിലെത്തിക്കും

പുഴയില്‍ കുളിക്കാനിറങ്ങി, അമ്മയും മകനും മുങ്ങി മരിച്ചു

ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി

സ്വര്‍ണവില മൂന്നാം തവണയും ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 960 രൂപ

SCROLL FOR NEXT