സംസ്ഥാന ചരിത്രത്തിലെ തന്നെ ഒരുപക്ഷേ ഏറ്റവും ഉറ്റുനോക്കപ്പെടുന്ന തെരഞ്ഞെടുപ്പിലേക്ക് കേരളം ചുവടുവെക്ക വേയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് എത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ കേരളത്തിന് കൈ നിറയെ വാഗ്ദാനങ്ങളുണ്ടാകുമെന്ന് പൊതുവിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കിട്ടിയതാകട്ടെ വളരെ കുറച്ചു മാത്രം. പൊതുവിൽ പ്രതീക്ഷിച്ച പദ്ധതികൾ ഒന്നും അനുവദിച്ചില്ലെന്ന് മാത്രമല്ല രാജ്യമൊട്ടാകെ പ്രഖ്യാപിച്ച പദ്ധതികളിൽ കേരളത്തിൻറെ വിഹിതം വളരെക്കുറച്ചു മാത്രം.
ഭരണ,പ്രതിപക്ഷ മുന്നണികൾ ഒരുമിച്ച് നിന്ന് കേന്ദ്രബജറ്റിനെതിരെ വിമർശനം ഉന്നയിക്കുമ്പോൾ സംസ്ഥാന ബിജെപിയുടെ നിലപാട് ശ്രദ്ധേയമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിളക്കത്തിന്റെ വെളിച്ചത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലും കേരള നിയമസഭയിലും ചുവടുറപ്പിക്കാൻ ബിജെപി കരുക്കൾ നീക്കുന്നതിനിടെയാണ് ബജറ്റിലെ ഈ തിരിച്ചടി.
ബജറ്റിന്റെ രൂപത്തിൽ വന്ന ഈ അപ്രതീക്ഷിത തിരിച്ചടി മറികടന്ന് നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ ബിജെപിക്ക് ഇത്തവണ പാടുപെടേണ്ടി വരും എന്ന് വ്യക്തം. കേന്ദ്ര അവഗണന എന്ന ഇടതുപക്ഷത്തിന് ആവർത്തിച്ചുള്ള ആരോപണം ശരിവയ്ക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്. എന്നാൽ അവഗണന എന്ന ഒറ്റവാക്കിൽ ഒതുങ്ങി നിൽക്കാതെ അതിനപ്പുറത്തെ രാഷ്ട്രീയം ചികയുകയും അതിൽ ഇടതുപക്ഷത്തെ സഹായിക്കാൻ മനപ്പൂർവ്വം കേന്ദ്രം ശ്രമിക്കുന്നു എന്ന ആരോപണം ഉയർത്താനുമാണ് യുഡിഎഫ് പദ്ധതിയിടുന്നത്.
ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാന സർക്കാരിന് മാറ്റിവയ്ക്കേണ്ടി വന്ന കെ റെയിൽ അഥവാ സിൽവർ ലൈൻ പുതിയ രൂപത്തിൽ അവതരിക്കപ്പെടും എന്നായിരുന്നു പരക്കെയുള്ള പ്രതീക്ഷ. മെട്രോമാൻ ഈ ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽപാത പദ്ധതിക്ക് ബജറ്റിൽ അനുമതി കിട്ടുമെന്ന് പൊതുവിൽ കരുതപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രസർക്കാരുമായും ബിജെപിയുമായും ബന്ധമുള്ള ഇ ശ്രീധരനിൽ നിന്നും ഉണ്ടായ പ്രതികരണങ്ങളുടെ വെളിച്ചത്തിൽ പദ്ധതിക്കുള്ള അനുമതി ഏറെക്കുറെ ഉറപ്പാണെന്നാണ് കരുതപ്പെട്ടിരുന്നത്. അതിവേഗ റെയിൽപാത മുന്നിൽക്കണ്ട് എന്ന സംസ്ഥാനം ഒരു ആർ ആർ ടി എസ് (റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) പ്രഖ്യാപിച്ചതോടെ ബജറ്റിൽ ഈ പദ്ധതിക്ക് അനുമതി ഉണ്ടാകുമെന്നും ഒരുപക്ഷേ, തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സർക്കാർ അതിന് തുക വകയിരുത്തും എന്നും സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, പദ്ധതിക്ക് അനുമതിയോ ധനസഹായമോ ലഭിച്ചില്ല എന്ന് മാത്രമല്ല കേന്ദ്രം പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികളിൽ സംസ്ഥാനം ഇടം പിടിച്ചതു പോലുമില്ല. കേന്ദ്ര പദ്ധതി കിട്ടുമെന്ന് പ്രതീക്ഷയിൽ ഇ ശ്രീധരനും സംസ്ഥാന സർക്കാരും കരുക്കൾ നീക്കിയെങ്കിലും ബജറ്റ് നിരാശപ്പെടുത്തി.
മറ്റൊന്ന് സംസ്ഥാനത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്ന എയിംസിനുള്ള കേന്ദ്രാനുമതി ആയിരുന്നു. വർഷങ്ങളായി ഈ പദ്ധതിയെക്കുറിച്ച് തുടർച്ചയായി പ്രഖ്യാപനങ്ങളും ചർച്ചകളും നടത്തുന്ന സാഹചര്യത്തിൽ ഇത്തവണയെങ്കിലും പദ്ധതിക്ക് അംഗീകാരം കിട്ടുമെന്ന് കേരളം കരുതി. കേന്ദ്ര നിർദ്ദേശപ്രകാരം പദ്ധതിക്കായുള്ള സ്ഥലവും സംസ്ഥാനം കണ്ടെത്തിയിരുന്നു എന്നാൽ ഇതും ബജറ്റിൽ എങ്ങും ഇടം പിടിച്ചില്ല.
കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ നടപ്പിലാക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയായിരുന്നു മറ്റൊരു പ്രധാന പ്രതീക്ഷ. അദാനി ഗ്രൂപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 2046 ൽ തീർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി 2028ഓടെ തന്നെ തീർക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അതിനായി രണ്ടാംഘട്ട പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചിട്ട് ഒരാഴ്ച ആയതേയുള്ളൂ. വിഴിഞ്ഞത്തിന് കഴിയുന്നത്ര സഹായിക്കും എന്ന് കേന്ദ്ര തുറമുഖ ഷിപ്പിങ് മന്ത്രാലയങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഈ വൻകിട പദ്ധതിക്ക് സുലഭമായ കേന്ദ്രസഹായം ലഭിക്കുമെന്ന് പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം ഇതിന് സഹായകമാകുമെന്നും പലരും പ്രത്യാശിച്ചു. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്തായി. വിഴിഞ്ഞം ബജറ്റിലൊരിടത്തും ഇടം പിടിച്ചതേയില്ല.
സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രസഹായത്തിൽ വലിയ രീതിയിൽ പ്രതീക്ഷ അർപ്പിക്കുന്നത് കൊണ്ടാകാം കേന്ദ്ര വിഹിതത്തിൽ കാര്യമായ വർദ്ധനവ് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. നിലവിലെ 41 ശതമാനത്തിൽ നിന്ന് അത് 50% ആയി വർധിപ്പിക്കണം എന്നായിരുന്നു കേരളം ഉന്നയിച്ച പ്രധാന ആവശ്യം എന്നാൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഈ ആവശ്യത്തോട് അനുകൂലമായി പ്രതകരിച്ചില്ല.
പ്രതീക്ഷിച്ച പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടായില്ലെങ്കിലും സംസ്ഥാനത്തോട് തീർത്തും അവഗണനയല്ല എന്നാണ് കേന്ദ്രാനുകൂലികൾ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന ബജറ്റിൽ ഇടംപിടിച്ച ഒരു സുപ്രധാന പ്രഖ്യാപനം കേന്ദ്ര ബജറ്റിലും ആവർത്തിച്ചത് ഇതിന് തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു സംസ്ഥാനത്ത് അപൂർവ്വ ധാതു ഇടനാഴി കൊണ്ടുവരുമെന്ന പ്രഖ്യാപനം സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കടലാമകൾക്കായുള്ള പ്രത്യേക സംരക്ഷണകേന്ദ്രം കേരളത്തിൽ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റൊന്ന് കേന്ദ്രത്തിൽനിന്ന് കേരളത്തിലുള്ള നികുതി വിഹിതത്തിലെ വർദ്ധനമാണ്. സംസ്ഥാനങ്ങൾക്കുള്ള വിഹിതം 41ൽ 50 ആക്കണം എന്ന് നിർദ്ദേശം അംഗീകരിച്ചില്ലെങ്കിലും കേരളത്തിനുള്ള വിഹിതത്തിൽ പൊതുവിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
നികുതി വിഹിതത്തിൽ 1.925 ശതമാനത്തില്‍ നിന്ന് 2.382 ശതമാനം വർദ്ധനവ് ഉണ്ടാകുമ്പോൾ പ്രതിവർഷം ഏതാണ്ട് പതിനായിരം കോടിയുടെ അധിക വിഭവം കേരളത്തിന് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ഇതുകൂടാതെ നാളികേര കശുവണ്ടി കൊക്കോ വികസനത്തിനായുള്ള പദ്ധതികളുടെ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
പ്രതീക്ഷിച്ചതു പോലെ തന്നെ കേന്ദ്ര ബജറ്റ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും കടുത്ത വിമർശനം ക്ഷണിച്ചുവരുത്തി. ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശേഷിപ്പിച്ചപ്പോൾ കേരളത്തോട് കടുത്ത വിവേചനം എന്നാണ് വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചത്.
ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചിട്ടും കേരളത്തിൻറെ പദ്ധതികൾ മാത്രം പരിഗണിക്കാത്തതിൽ എംപിമാർ കടുത്ത അമർഷം രേഖപ്പെടുത്തി. കേരളത്തിന് അവഗണന മാത്രം എന്നായിരുന്നു ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചത്. മല എലിയെ പ്രസവിച്ചത് പോലെയുള്ള പ്രഖ്യാപനങ്ങൾ എന്നാണ് കെസി വേണുഗോപാൽ ബജറ്റിനെ വിശേഷിപ്പിച്ചത്. ഒരു ചുവടു കൂടി കടന്ന് ബജറ്റിൽ മുന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടോ എന്നും വേണുഗോപാൽ സംശയം പ്രകടിപ്പിച്ചു.
കേന്ദ്ര ബജറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ആഞ്ഞടിച്ചിട്ടുണ്ട്. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് കേന്ദ്രബജറ്റ് എന്നും ഇന്ത്യൻ ഭൂപടത്തിൽ കേരളം ഉണ്ടെന്ന് ധനമന്ത്രി മറന്നുപോയോ എന്നുമാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. കേന്ദ്ര ബജറ്റിനെതിരെ കേരളത്തിലെ എംപിമാർ ശബ്ദമുയർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ പരിഗണിക്കുമ്പോൾ കേരളത്തെ അവഗണിച്ചതിനുള്ള കാരണം സംസ്ഥാന എംപിമാർ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബജറ്റിലെ തിരിച്ചടി മറികടക്കാൻ സംസ്ഥാന ബിജെപി ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. കേന്ദ്രം ഇതുവരെ തന്ന പദ്ധതികൾ പലതും കേരളം എന്തുകൊണ്ടും നടപ്പിലാക്കിയില്ല എന്ന മറുചോദ്യമാണ് ബിജെപി ഉയർത്തുന്നത്.
കേരളത്തിന് പൊതുവിൽ നിരാശ സമ്മാനിച്ച കേന്ദ്ര ബജറ്റ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. കേന്ദ്ര അവഗണന എന്ന പതിവ് പല്ലവിക്കപ്പുറം ഒരു പടി കടന്ന് ഇത് ഒരു രാഷ്ട്രീയ ക്യാമ്പയിനായി ഉയർത്തിക്കൊണ്ടുവരാൻ ആകും ഇടതു സർക്കാർ ശ്രമിക്കുക. അതിവേഗ റെയിൽപാത, വിഴിഞ്ഞം തുറമുഖം, എയിംസ് തുടങ്ങിയ വിഷയങ്ങളിൽ കേരളത്തോടുള്ള അവഗണന സംസ്ഥാനം ഒട്ടാകെയും അതാത് നിയമസഭാ മണ്ഡലങ്ങളിലും ചർച്ചാവിഷയമാകും എന്നതിൽ സംശയമില്ല. നിയമസഭ തെരഞ്ഞെടുപ്പ് ആയതുകൊണ്ട് തന്നെ കേന്ദ്ര അവഗണനയുടെ മുഴുവൻ ഉത്തരവാദിത്വവും കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുടെ തലയിൽ വയ്ക്കാൻ ആയിരിക്കും ഇടതുപക്ഷം ശ്രമിക്കുക. ഒപ്പം കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു എന്ന പ്രചാരവും നടത്തും. എന്നാൽ മുഖ്യ ശത്രുവായ യുഡിഎഫിന് നേരെയായിരിക്കും ആക്രമണത്തിന്റെ കുന്തമുന അധികവും.
മറുവശത്ത് കേരളവും കേന്ദ്രവും ഒത്തു കളിക്കുന്നു എന്ന പതിവ് പല്ലവി തന്നെ യുഡിഎഫ് ഉയർത്താനുള്ള സാധ്യത കുറവാണ്. കേന്ദ്ര ബജറ്റ് കേരളത്തെ ഏതാണ്ട് പൂർണമായും തഴഞ്ഞ സാഹചര്യത്തിൽ ഒത്തുകളി എന്ന ആരോപണത്തിന് എത്രത്തോളം ജനപിന്തുണ കിട്ടും എന്നത് സംശയമാണ്. അതുകൊണ്ടുതന്നെ എൽഡിഎഫിനെയും ബിജെപിയെയും ഒരുപോലെ ആക്രമിക്കുക എന്ന തന്ത്രം ആയിരിക്കും യുഡിഎഫ് സ്വീകരിക്കുന്നത്. വരും ദിവസങ്ങളിൽ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിരോധമുയർത്തിയും കേരളത്തിൻറെ ആവശ്യങ്ങൾ ആവർത്തിച്ച് ഉറപ്പിച്ചും കേരളത്തോടുള്ള അവഗണന ഒരു ക്യാമ്പയിനായി ഉയർത്തിയും എംപിമാർ അതിന് നേതൃത്വം കൊടുക്കുക എന്നതാകും യുഡിഎഫ് തന്ത്രം.
ഇരുവശത്തു നിന്നുമുള്ള ആക്രമണത്തിന്റെ കുന്തമുനയിൽ സ്വയം പ്രതിരോധിക്കുകയും അതോടൊപ്പം കേന്ദ്രത്തെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് നേരിടുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് സംസ്ഥാന ബിജെപിക്ക് മുന്നിലുള്ളത്. കേന്ദ്രം അനുവദിച്ച പദ്ധതികൾ പലതും കേരളം നടപ്പിലാക്കിയില്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപണം ഉയർത്തിയത് ഈ പശ്ചാത്തലത്തിലാണ്. കേന്ദ്ര പദ്ധതികൾ സംസ്ഥാനം നടപ്പിലാക്കുന്നതിൽ വിമുഖത കാണിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാഴ്ച മുമ്പ് ഉയർത്തിയ ആരോപണം ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്. പദ്ധതികൾ നൽകാത്തതല്ല നടപ്പിലാക്കാത്തതാണ് അതുകൊണ്ടാണ് കേരളം പിന്നാക്കം പോകുന്നത് എന്ന നിലപാട് ആയിരിക്കും ബിജെപി ഉയർത്തുക.
തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ കേന്ദ്ര ബജറ്റിലെ അവഗണന തെരഞ്ഞെടുപ്പ് അവസരമാക്കി മാറ്റാൻ ഭരണ പ്രതിപക്ഷ മുന്നണികൾ ശ്രമിക്കുമ്പോൾ അവഗണന ഒരു തിരിച്ചടി ആകാതിരിക്കാൻ കവചമൊരുക്കുക എന്നതാണ് ബിജെപിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
ബജറ്റിൽ ഊന്നി നിൽക്കുന്ന രാഷ്ട്രീയ പടയൊരുക്കങ്ങളും പ്രതിരോധവും ആക്രമണ പ്രത്യാക്രമണങ്ങളുമാകും വരും ദിവസങ്ങളിൽ കേരളം കാണുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates