

ഈ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ 12ആം ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഈ സർക്കാരിന്റെ അവസാനത്തെ ബജറ്റിലായിരുന്നു അത് എന്നത് ഏറെ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു. സാമ്പത്തിക വിദഗ്ധരിൽ നിന്ന് കടുത്ത വിമർശനങ്ങളും സർക്കാർ ജീവനക്കാരിൽ നിന്ന് സൂക്ഷ്മ പ്രതികരണങ്ങളും ഉയർന്നിട്ടുണ്ട്.
ശമ്പള പരിഷ്കരണ കമ്മീഷന്റെ പ്രധാന ലക്ഷ്യം സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കാലാനുസൃതമായി പുതുക്കി നീതിയുക്തമാക്കുക എന്നതാണ്.
ഇതിലൂടെ ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും, സർക്കാർ ധനകാര്യ ശേഷിയോട് പൊരുത്തപ്പെടുന്ന രീതിയിൽ ചെലവുകൾ നിയന്ത്രിക്കുകയും ചെയ്യുന്നു. കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നാളിതുവരെ 11 ശമ്പള കമ്മീഷനുകൾ വന്നിട്ടുണ്ട്. എന്നാൽ ഇന്നത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാതെ ഇരിക്കുകയോ, കൂടുതൽ മോശം അവസ്ഥയിലേക്ക് പോകുകയോ ചെയ്യാമെന്ന് കരുതുന്ന സാഹചര്യത്തിൽ വീണ്ടും ഒരു ശമ്പള കമ്മീഷന്റെ പ്രസക്തിയെപ്പറ്റിയാണ് ചോദ്യങ്ങൾ ഉയരുന്നത്.
ഇപ്പോഴുള്ള ഈ നീക്കം പ്രതീകാത്മകമാണെന്നും സംസ്ഥാനത്തെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നുമാണ് വിദഗ്ധർ പറയുന്നത്.
കേരളത്തിന്റെ ധനകാര്യ സ്ഥിതി വരുമാന-ചെലവ് അസന്തുലിതാവസ്ഥ കാരണം കടുത്ത സമ്മർദ്ദത്തിലാണ്. 2026-27-ൽ വരുമാന പ്രതീക്ഷ 1.83 ലക്ഷം കോടി രൂപയാണ്, ചെലവ് 2.18 ലക്ഷം കോടി രൂപയും. ഇതോടെ 35,000 കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് കണക്കാക്കുന്നു.
2021-ലെ 11 ആം ശമ്പള പരിഷ്കരണ കമ്മീഷൻ തന്നെ സംസ്ഥാനത്തിന് 4,810 കോടി രൂപയുടെ വാർഷിക ബാധ്യത കൂട്ടിയിരുന്നു. ശമ്പളവും പെൻഷനും ചേർന്ന് ഇപ്പോൾ കേരളത്തിന്റെ വരുമാനത്തിന്റെ പകുതിയിലധികം ഇങ്ങനെയാണ് ചെലവാകുന്നത് — ശമ്പളം ഏകദേശം 30% വും പെൻഷൻ 21%വും. ലളിതമായി പറഞ്ഞാൽ, സർക്കാർ നികുതികളിലും കേന്ദ്ര സഹായങ്ങളിലും നിന്ന് നേടുന്ന ഓരോ 100 രൂപയിലും 50 രൂപയിൽ കൂടുതൽ 10 ലക്ഷം ജീവനക്കാരുടെയും പെൻഷൻക്കാരുടെയും (ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം) ചെലവിനായി പോകുന്നു.
"സാധാരണയായി സർക്കാർ കാലാവധി അവസാനിക്കുന്നതിന് ഒരു വർഷം മുമ്പ് കമ്മീഷൻ രൂപീകരിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് പരിഷ്കരണം പ്രഖ്യാപിക്കാറുണ്ട്. എന്നാൽ ഇത്തവണ സാമ്പത്തിക സ്ഥിതി അപകടകരമാണ്. കമ്മീഷൻ താൽക്കാലികമായിരിക്കും, മുതിർന്ന ഉദ്യോഗസ്ഥർ അധ്യക്ഷരായിരിക്കും, ചെറിയ വർധനകൾ മാത്രമേ ശുപാർശ ചെയ്യുകയുള്ളു. അത് പോലും നടപ്പിലാക്കാനുള്ള സമയമില്ല. യാഥാർത്ഥ്യത്തിൽ, ഈ പ്രഖ്യാപനം ധനകാര്യ യാഥാർത്ഥ്യങ്ങളെക്കാൾ ട്രേഡ് യൂണിയനുകളെ സന്തോഷിപ്പിക്കാനാണ്. ഭാരം അടുത്ത സർക്കാരിന് മേൽ വീഴും. സാമ്പത്തിക സ്ഥിതി ഇനിയും മോശമാകാൻ സാധ്യതയുള്ളതിനാൽ അവർക്ക് മറ്റു മുൻഗണനകൾ കാണും. ശമ്പള കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കൽ അതുവഴി വൈകിപ്പിക്കും." എന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ സാമ്പത്തിക വിദഗ്ധൻ ജോസ് സെബാസ്റ്റ്യൻ അഭിപ്രായപ്പെടുന്നത്.
യൂണിയൻ സർക്കാർ 10 കൊല്ലത്തിൽ നടപ്പാക്കുന്ന ശമ്പള പരിഷ്കരണം കേരളം പോലെയുള്ള സംസ്ഥാനങ്ങൾ ഇടക്കിടെ നടപ്പാക്കുന്ന രീതിയെയും സാമ്പത്തിക വിദഗ്ധർ എതിർക്കുന്നു. കണക്കുകൾ നിരത്തി അവർ അതിലെ പൊരുത്തക്കേടിനെ ചൂണ്ടിക്കാട്ടുന്നു.
കേരളം ശമ്പള-പെൻഷൻ ചെലവിൽ രാജ്യത്തെ 17 പ്രധാന സംസ്ഥാനങ്ങളിൽ ഒന്നാമതാണ്. ദേശീയതലത്തിൽ ശമ്പളത്തിനുള്ള ശരാശരി ചെലവ് 28.49% ആണെങ്കിൽ, കേരളം 38.70% ചെലവഴിക്കുന്നു. പെൻഷനിൽ ദേശീയ ശരാശരി 12.22% ആണെങ്കിൽ, കേരളത്തിന്റെ ചെലവ് 22.87%.
പലിശ അടക്കമുള്ള സ്ഥിര ചെലവുകൾ ചേർന്ന് വരുമാനത്തിന്റെ 80.33% വിഴുങ്ങുന്നു, ദേശീയ ശരാശരി 55.21% മാത്രമാണ്. 2026-27-ൽ വരുമാനമായി 1.83 ലക്ഷം കോടി രൂപ പ്രതീക്ഷിക്കുമ്പോൾ, ശമ്പള-പെൻഷൻ ചെലവ് 90,000 കോടി രൂപയ്ക്ക് മുകളിൽ എത്തും.
ഇങ്ങനെയുള്ള സ്ഥിര ചെലവുകൾ നിയന്ത്രിക്കാതെ സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടില്ല എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്,
അതേസമയം, സർക്കാർ ജീവനക്കാരും ഈ പ്രഖ്യാപനത്തെ സംശയത്തോടെ കാണുന്നു. അവരുടെ അഭിപ്രായത്തിൽ ശമ്പള പരിഷ്കരണം 2024 മുതൽക്കേ നടപ്പിലാക്കേണ്ട ഒന്നാണ് എന്നാണ്.
"ഈ ബജറ്റ് വോട്ടു നേടാനുള്ള കളിയാണ്. 2024 ജൂലൈയിൽ നടപ്പാക്കേണ്ടിയിരുന്ന പരിഷ്കരണം വൈകിപ്പിച്ചതിലൂടെ ഈ സർക്കാരിന്റെ കാലാവധിയിൽ യാതൊരു ആശ്വാസവും ഉണ്ടാകില്ലെന്ന് തെളിയിന്നു," എന്ന് ഗവൺമെന്റ് എംപ്ലോയീസ് യൂണിറ്റി ഫോറം സെക്രട്ടറി മണികണ്ഠൻ പി പറഞ്ഞു.
സാമ്പത്തിക ഞെരുക്കം കാരണം കേരള സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ DA/DR വർധനകൾ സമയത്ത് നൽകാൻ കഴിഞ്ഞില്ല. ഇതോടെ ജീവനക്കാരും പെൻഷൻകാരും വലിയ കുടിശ്ശിക നേരിടേണ്ടി വന്നു.
കേരള സർക്കാർ 2026-27 ബജറ്റിൽ DA/DR കുടിശ്ശിക തീർപ്പാക്കും എന്ന് പ്രഖ്യാപിച്ചതോടെ, ജീവനക്കാരും പെൻഷൻകാരും ഏറെ നാളായി കാത്തിരുന്ന ആശ്വാസം ലഭിക്കും. എന്നാൽ, വരുമാന-ചെലവ് എന്നിവയിലെ അസന്തുലിതാവസ്ഥയും കേന്ദ്ര സഹായം കുറഞ്ഞും തുടരുന്ന സാഹചര്യത്തിൽ, ഈ തീർപ്പാക്കൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം ഒന്നുകൂടി വർധിപ്പിക്കാനിടയുണ്ട്.
വരുമാനം വർധിപ്പിക്ക (നികുതി ശേഖരണം ശക്തമാക്കൽ)ലും ചെലവ് നിയന്ത്രണം (സ്ഥിര ചെലവുകൾ കുറയ്ക്കൽ)വും ഇല്ലാതെ കേരളത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടില്ല എന്നാണ് വിദഗ്ധർ പറയുന്നത്,
16 ആം ധനകാര്യ കമ്മീഷൻ കേന്ദ്ര നികുതി വിഹിതം വർധിപ്പിക്കുകയും, ഗ്രാന്റ്-ഇൻ-എയ്ഡ് കൂട്ടുകയും ചെയ്യും എന്നതാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷ.
കേന്ദ്ര സർക്കാർ ശേഖരിക്കുന്ന നികുതികളിൽ നിന്ന് ഒരു വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുന്നു. 14 ആം ധനകാര്യ കമ്മീഷൻ കാലത്ത് ഇത് 42% ആയിരുന്നു.15 ആം ധനകാര്യ കമ്മീഷന്റെ കാലത്ത് കേന്ദ്ര നികുതികളിൽ സംസ്ഥാനത്തിന് ലഭിച്ച വിഹിതം കുറയുകയും, കൂടാതെ, ജിഎസ്ടി നഷ്ടപരിഹാരം കേരളത്തിന് നഷ്ടപ്പെടുകയും ചെയ്തു.
15 ആം ധനകാര്യ കമ്മീഷൻ കാലത്ത് ചില പ്രത്യേക ആവശ്യങ്ങൾക്കായി (defence, disaster relief) കേന്ദ്രം കൂടുതൽ വിഹിതം മാറ്റിവെച്ചതിനാൽ, സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിഹിതം കുറയുകയായിരുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന കേന്ദ്ര നികുതി വിഹിതം കുറഞ്ഞതോടെ, സംസ്ഥാന വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചു.
കേന്ദ്രം സംസ്ഥാനങ്ങൾക്ക് പ്രത്യേക പദ്ധതികൾക്കും സാമ്പത്തിക ക്ഷാമം പരിഹരിക്കുന്നതിനുമായി നൽകുന്ന സഹായമാണ് ഗ്രാന്റ്-ഇൻ-എയ്ഡ്. കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രം പദ്ധതികൾക്ക് ഫണ്ടിങ് കുറച്ചതും, ചില പദ്ധതികൾ സംസ്ഥാനങ്ങൾക്കു തന്നെ ഏറ്റെടുക്കേണ്ടി വന്നതും കാരണം ഗ്രാന്റ്-ഇൻ-എയ്ഡ് ഇടിഞ്ഞു. കേരളം പോലുള്ള ക്ഷേമ ചെലവുകൾ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുന്നു.
സാമ്പത്തിക വിദഗ്ധൻ പി. പ്രകാശിന്റെ നേതൃത്വത്തിലുള്ള പബ്ലിക് ഫിനാൻസ് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റിയാണ് കേരളത്തിന്റെ കടുത്ത സാമ്പത്തിക ഞെരുക്കത്തെ ചൂണ്ടിക്കാട്ടി, ചെലവുകൾക്ക് കർശന നിയന്ത്രണം, മികച്ച വരുമാന ശേഖരണം, വായ്പാ നടപടികളിൽ സുതാര്യത എന്നിവ ശുപാർശ ചെയ്തത്.
ശമ്പളവും പെൻഷനും നിയന്ത്രണമില്ലാതെ ഉയരുന്നത്, കേന്ദ്ര സഹായം ഇടിയുന്നത്, വരുമാന വളർച്ചയിൽ നേരിടുന്ന തളർച്ച എന്നിവയാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളെന്ന് കമ്മിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളം അഞ്ച് വർഷത്തിലൊരിക്കൽ ശമ്പളവും പെൻഷനും പരിഷ്കരിക്കുന്ന പതിവ് അനാരോഗ്യകരമായ ബാധ്യതകൾ സൃഷ്ടിച്ചുവെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. ഭാവിയിലെ പരിഷ്കരണങ്ങളിൽ മിതത്വം പാലിക്കുകയും, സംസ്ഥാനത്തിന്റെ ധനകാര്യ ശേഷിയോട് ബന്ധിപ്പിക്കുകയും വേണമെന്ന് അവർ ശുപാർശ ചെയ്തു.
ഇത്തരം ചെലവുകൾക്ക് പുറമെ കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ കേരളം കടന്നുപോയ പ്രതിസന്ധികൾ സമാനതകളില്ലാത്തതായിരുന്നു. ഓഖിയിൽ തുടങ്ങിയ പ്രളയം, ഉരുൾപൊട്ടൽ എന്നിങ്ങനെ കേരളം ഇന്നുവരെ കടന്നുപോകാത്ത പ്രതിസന്ധികളിലൂടെ കടന്നുപോയി. അതിനൊപ്പം ലോകത്തെ മുഴുവൻ മാറ്റിയ കോവിഡും.
കേരളം കടന്നുപോയ പ്രതിസന്ധയുടെ ആഴം വളരെ വലുതായിരുന്നുവെന്ന് തർക്കമില്ലെങ്കിലും ഇതിന് വേണ്ടുന്ന ധനസഹായമോ പിന്തുണയോ കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചില്ലെന്നതും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിക്ക് ഭാരമായി മാറി.
ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലും മറ്റ് ക്ഷേമ മേഖലകളിലും കേരളം നൽകുന്ന ഊന്നൽ, ഈ മേഖലകളിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ചെലവ് രേഖപ്പെടുത്തുന്നതാണ്.
ഉയർന്ന നികുതി ശേഖരണത്തിലും, 16 ആം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം ഏകദേശം 54% വരെ കേന്ദ്ര നികുതികളിൽ നിന്നുള്ള വിഹിത വർധനയിലും, കൂടാതെ കൂടുതൽ ഗ്രാന്റ്-ഇൻ-എയ്ഡിലും വലിയ പ്രതീക്ഷ വെച്ചിരിക്കുകയാണ് കേരളം.
ധനകാര്യ ഏകീകരണത്തിലൂടെ സംസ്ഥാനത്തെ സാമ്പത്തിക വെല്ലുവിളികളെ മറികടക്കാനാകുമെന്ന് ധനകാര്യ മന്ത്രിയുടെ ആത്മവിശ്വാസം വിദഗ്ധർ അംഗീകരിക്കുന്നില്ല. ധനകാര്യ കമ്മീഷൻ അനുവദിക്കുന്ന ഗ്രാന്റുകളിലും, കഴിഞ്ഞ വർഷങ്ങളിൽ കുത്തനെ കുറഞ്ഞ കേന്ദ്ര സഹായങ്ങളുടെ പ്രവണത മാറുകയാണെങ്കിൽ മാത്രമാകും കേരളത്തിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയുള്ളൂ എന്നതാണ് സാഹചര്യം.
ഇതിനെ യാഥാർത്ഥ്യബോധ്യത്തോടെ സമീപിക്കുന്നതിൽ സർക്കാരിന് എത്രത്തോളം മുന്നോട്ട് പോകാനാകും എന്നതിനെ ആശ്രയിച്ചായിരിക്കും കേരളത്തിലെ സാമ്പത്തിക സ്ഥിതിയുടെ മെച്ചപ്പെടലും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates