'ഒസിഡി' അഥവാ ഒബ്സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡർ വിശദീകരിക്കാൻ ചൂണ്ടിക്കാണിക്കുന്ന ഒരു ക്ലാസിക്കൽ ഉദ്ദാഹരണമാണ് 'നോർത്ത് 24 കാത'ത്തിലെ ഹരികൃഷ്ണൻ (ഫഹദ് ഫാസിൽ ചെയ്ത കഥാപാത്രം). വൃത്തിയുടെ കാര്യത്തിൽ അമിതമായി ശ്രദ്ധിക്കുകയും സ്വാർത്ഥനുമാണ് ഹരികൃഷ്ണൻ. തന്റെ പേഴ്സണൽ സ്പേയ്സിലേക്ക് ആരേയും അടുപ്പിക്കാത്ത പ്രകൃതം, വൃത്തി സംബന്ധമായ കാര്യങ്ങൾ പറയാൻ മാത്രം ഓഫീസിൽ വാ തുറക്കുന്ന ഒരാൾ... ഹരികൃഷ്ണനെ കണ്ട ഒരാൾക്ക് ഒരുപക്ഷെ ഒസിഡി എന്നാൽ വൃത്തിയും സ്വാർത്ഥതയും മാത്രമാണ്.
എന്നാൽ, അതു മാത്രമാണോ ഒസിഡി? അല്ല, അതിനും അപ്പുറത്താണ് യഥാർഥ ഒബ്സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡർ. എന്താണ് ഒസിഡി, അതിന്റെ ലക്ഷണങ്ങൾ, ചികിത്സ എന്നിങ്ങനെയുള്ള കാര്യങ്ങൾ കൊല്ലം ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാവം, മേധാവി ഡോ. മോഹൻ റോയ് ജി വിശദീകരിക്കുന്നു.
ഒസിഡി അഥവാ ഒബ്സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡർ എന്നത് അനിയന്ത്രിതമായി ഉണ്ടാകുന്ന ചിന്തകളും അത് മൂലം ആവർത്തിച്ചു ചെയ്യുന്ന പ്രവൃത്തികളും ചേരുന്നതാണ്. അല്ലാതെ, നമ്മൾ സിനിമകളിൽ കാണിക്കുന്ന പോലെ അമിത വൃത്തി മാത്രമല്ല. സിനിമയിൽ മിക്കവാറും എല്ലാ മാനസിക രോഗങ്ങളും വളരെ അശാസ്ത്രീയമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒസിഡിയും അതുപോലെ തന്നെ. സിനിമകളില്‍ കാണുന്ന പോലെ അവര്‍ അമിതവൃത്തിയുള്ളവര്‍ മാത്രമാണെന്നോ കുഴപ്പക്കാരാണെന്നോ ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്.
'ഒബ്സെഷന്‍' എന്ന് പറഞ്ഞാല്‍, മനസിലേക്ക് വരുന്ന ചിന്തകളാണ്. ആ ചിന്തകളില്‍ നിന്ന് രക്ഷപെടാന്‍ നാം ചില പ്രവൃത്തികള്‍ ചെയ്യും അതിനെയാണ് 'കംപല്‍ഷന്‍' എന്ന് പറയുന്നത്. ഉദാഹരണത്തിന് വീട്ടില്‍ ഗ്യാസ് കുറ്റി അടച്ചതിന് ശേഷം വീട് പൂട്ടി പുറത്തേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ ഗ്യാസ് കുറ്റി അടച്ചിരുന്നോ എന്ന ചിന്ത ഉണ്ടാകുന്നു. അത് പരിശോധിച്ച് അത് അടച്ചുവെന്ന് ഉറപ്പു വരുത്തുന്നു. ശേഷം വീട് പൂട്ടി പുറത്തേക്ക് വരുമ്പോള്‍ വീണ്ടും അതേ സംശയം ഉണ്ടാകുന്നു. പൂട്ടിയ കതകു തുറന്ന് വീണ്ടും ഗ്യാസ് പരിശോധിക്കുന്നു. യാത്രയ്ക്കായി കാറിൽ കയറുമ്പോഴും സംശയം ആവർത്തിക്കുന്നു. ഇങ്ങനെ ആവര്‍ത്തിച്ചുണ്ടാകുന്ന ചിന്തകളെയാണ് ഒബ്സെഷനുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. അതോടൊപ്പം നമ്മുടെ ഉത്കണ്ഠയെ അല്ലെങ്കില്‍ ആകുലതകളെ കുറയ്ക്കാന്‍ ചെയ്യുന്ന പ്രവൃത്തിയെയാണ് കംപല്‍ഷന്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
മിക്കവാറും സിനിമകളില്‍ മാനസികാരോഗ്യത്തെ കുറിച്ച് വളരെ വികൃതമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'താളവട്ടം' എന്ന ചിത്രത്തില്‍ ഷോക്ക് ചികിത്സയെ കുറിച്ച് ചിത്രീകരിച്ചിരിക്കുന്നത് വളരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന് ശേഷം ഇ സി ടി ചെയ്യാന്‍ ആളുകള്‍ വിസമ്മതിച്ചിട്ടുണ്ട്, യഥാര്‍ഥത്തില്‍ വിഷാദരോഗത്തിന് ഏറ്റവും ഫലപ്രദമായ ചികിത്സയായി ഷോക്ക് ചികിത്സയെ കണക്കാക്കാവുന്നതാണ്.
മാനസികരോഗ ലക്ഷണങ്ങള്‍ നിര്‍ണയിക്കുന്നത് പൊതുവെ രണ്ട് മാർഗനിർദേശങ്ങള്‍ വിലയിരുത്തിയാണ്. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഐസിഡി 11, അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ പുറത്തിറക്കിയിരിക്കുന്ന ഡിഎസ്എം ക്രൈറ്റീരിയ (ഡിഎസ്എം 5) ഈ രണ്ട് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ലക്ഷണങ്ങള്‍ നിര്‍ണയിക്കുന്നത്.
ഡിഎസ്എം 5 പ്രകാരം ഒസിഡി രോഗനിർണയം നടത്തണമെന്നുണ്ടെങ്കില്‍ ആവര്‍ത്തന സ്വഭാവമുള്ള പ്രവൃത്തികളും ചിന്തകളും മിക്കവാറും എല്ലാ ദിവസവും ഉണ്ടാവുന്ന രീതിയില്‍ കുറഞ്ഞത് രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്നതോ, ഇത് ദൈനംദിന ജീവിതത്തെ ബാധിക്കുകയോ, ആയിരിക്കണം. അതോടൊപ്പം മറ്റ് പല മാനസികരോഗങ്ങളുടെ ഭാഗമായും ഒസിഡി ഉണ്ടാവാം. എന്നാല്‍ അത് സാധാരണ ഒസിഡി ഗണത്തിലല്ല വിലയിരുത്തുക.
ഒരു പരിധി വരെ ജനിതകമാണെന്ന് പറയാം. കുടുംബത്തിലെ ഒരു വ്യക്തിക്ക് ഒസിഡി ഉണ്ടെങ്കില്‍ അവരുടെ പിന്‍തലമുറയ്ക്ക് ഒസിഡി വരാനുള്ള സാധ്യതയുണ്ട്. ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അളവിലുള്ള വ്യതിയാനം മൂലമാണ് ഇത്തരം രോഗാവസ്ഥകള്‍ പിന്‍തലമുറക്കാരിലേക്ക് എത്തുന്നത്. കുട്ടികളിൽ കാണുന്ന ഒസിഡിക്ക് ജനിതകമായ ഘടകങ്ങളുടെ സ്വാധീനം കൂടുതല്‍ ഉണ്ടായിരിക്കും. എന്നാൽ ജനിതകപരമായിഎല്ലാവരിലും ഒസിഡി ഉണ്ടാകണമെന്നില്ല. അതുപോലെ ജനിതകഘടകങ്ങള്‍ ഉള്ളവരിൽ മാത്രമാണ് ഒസിഡി വരുന്നതെന്നും പറയാനാകില്ല.
ഉത്കണ്ഠ സ്വഭാവം കൂടുതല്‍ ഉള്ളവരില്‍, എല്ലാം പെര്‍ഫക്ട് ആയി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരിൽ, ചില കാര്യങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് അമിതമായി ചിന്തിക്കുന്നവരിൽ അതോടൊപ്പം 'പാൻ്റാസ്' (പീഡിയാട്രിക് ഓട്ടോ ഇമ്മ്യൂണല്‍ ഡിസോര്‍ഡേഴ്സ് ഇൻ ചില്‍ഡ്രന്‍)- കുട്ടിക്കാലത്തുണ്ടാകുന്ന ചില തരം അണുബാധ ഉണ്ടായവർ എന്നിവർക്ക് ഒസിഡി വരാന്‍ സാധ്യത കൂടുതലായി കാണാറുണ്ട്.
യഥാര്‍ഥത്തില്‍ ഇത് തലച്ചോറിന് കിട്ടുന്ന ഇംപല്‍സുകളെ നമ്മള്‍ എങ്ങനെ വിശകലനം ചെയ്യുന്നുവെന്നതിന് ആശ്രയിച്ചിരിക്കുന്നു. ആ വിശകലനത്തിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ഒസിഡി ഉണ്ടാക്കുന്നത്. അമിതമായ സമ്മര്‍ദ സാഹചര്യങ്ങളിലൂടെ കടന്നു പോയ കുട്ടികള്‍ക്ക് ഒസിഡി വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നുണ്ട്.
ഒസിഡി പല രീതിയില്‍ ഉണ്ടാകാം. പല ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാം.
അഴുക്കിനോടുള്ള ഭയം; അതായത് കൈ എവിടെയെങ്കിലും സ്പര്‍ശിക്കുകയോ തട്ടുകയോ ചെയ്താല്‍ അണുക്കള്‍ അല്ലെങ്കില്‍ അഴുക്ക് പറ്റുമെന്ന തോന്നലിൽ ഇടയ്ക്കിടെ കൈകള്‍ കഴുകുന്നത്. വൃത്തിയിൽ അമിത ശ്രദ്ധ കേന്ദ്രീകരിക്കുക.
ഇടയ്ക്കിടെ പരിശോധിക്കുക (സംശയം); മുന്‍പ് പറഞ്ഞ ഗ്യാസിന്റെ ഉദാഹരണം എടുക്കാവുന്നതാണ്.
ചില പാറ്റേണുകള്‍ പിന്തുടരാറുണ്ട്; , അഞ്ച് സ്റ്റെപ്പ് മുന്നോട്ട് നടന്ന് ഒരു സ്റ്റെപ്പ് ഇടത്തോട്ട് നടന്ന ശേഷം ബാക്കി സ്റ്റെപ്പുകള്‍ വയ്ക്കുക എന്നത് പോലുള്ള രീതികൾ ഉദാഹരണമാണ്.
വസ്തുക്കള്‍ അടുക്കിവയ്ക്കുന്ന രീതി; അതായത്, ഒരു പ്രത്യേക രീതിയിൽ വസ്തുക്കള്‍ അടുക്കി സൂക്ഷിക്കുക. അല്ലെങ്കില്‍ പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ ചെയ്യണം എന്ന നിര്‍ബന്ധം. അത് തെറ്റിയാല്‍ അവര്‍ ക്ഷുഭിതരാവുകയും മറ്റുള്ളവരെ ശകാരിക്കുകയുമൊക്കെ ചെയ്യും.
മറ്റുള്ളവര്‍ക്ക് ഉപദ്രവം ചെയ്യുമോ അല്ലെങ്കിൽ അപകടം സംഭവിക്കുമോ എന്ന ഭയം; ചില അമ്മമാരൊക്കെ വീട്ടിൽ നിന്ന് കത്തി പോലുള്ള വസ്തുക്കള്‍ മാറ്റിവയ്ക്കാറുണ്ട്. കുഞ്ഞുങ്ങള്‍ അതെടുക്കുമെന്ന ഭയം അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഭയത്തോടെ എല്ലാം അമിതമായി സൂക്ഷിച്ചു ചെയ്യുന്നത് കാണാം.
വീണ്ടും വീണ്ടും കണക്കെടുക്കുക- ഉദാഹരണമായി, ഒരു ഓഫീസിലേക്ക് പോവുകയാണെങ്കില്‍ അവിടുത്തെ പടികളെത്രയാണെന്ന് എണ്ണിയില്ലെങ്കില്‍ സമാധാനം ഉണ്ടാകില്ല. അതുപോലെ ചില വാചകങ്ങള്‍ ആവര്‍ത്തിച്ച് വായിച്ചില്ലെങ്കില്‍ സമാധാനം ഉണ്ടാകില്ല. പുസ്തകം വായിക്കുമ്പോള്‍ വാക്കുകള്‍ എണ്ണി പോകുന്നവരുണ്ട്.
ചിന്ത മാത്രമായി വരുന്ന ഒസിഡി; അസാധാരണമായ ലൈംഗികപരമായ ചിന്തകള്‍ ഉണ്ടാവുക. ഉദാഹരണത്തിന് ആരാധനാലയത്തിൽ ഇരിക്കുമ്പോള്‍ ഇത്തരം ചിന്തകള്‍ ഉണ്ടാവുകയും താൻ പാപിയാണെന്ന തരത്തിൽ ഉത്കണ്ഠപ്പെടുകയും ചെയ്യാം. മതപരമായി അമിതമായി പാപം ചെയ്തിട്ടുണ്ടോ എന്ന ചിന്തകള്‍ അലട്ടുക.
ചില ആളുകള്‍ അവർക്കുണ്ടാകുന്ന തോന്നലുകള്‍ സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കില്‍ ചിലത് ഒഴിവാക്കിയാൽ എന്തെങ്കിലും അപകടമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകുമെന്ന തരത്തിലുള്ള യുക്തിരഹിതമായ ചിന്തകള്‍ അലട്ടുക. ചിലതരത്തിലുള്ള സംഖ്യകളോ നിറങ്ങളോ വാക്കുകളോ ഒക്കെ ഒഴിവാക്കുക. ഇത് യഥാര്‍ഥത്തില്‍ യുക്തിരഹിതമാണെന്ന് ആ വ്യക്തിക്ക് അറിയാം. എന്നാല്‍ അത് അവര്‍ക്ക് ചെയ്യേണ്ടി വരുന്നുവെന്നതാണ് ഏറ്റവും വലിയ ഗതികേട്.
ഉദാഹരണം. ഒരു അപകടത്തെ കുറിച്ച് ചിന്തിച്ചാല്‍ തൻ്റെ കുടുംബത്തിലുള്ളവര്‍ക്ക് അപകടമുണ്ടാകും എന്നുള്ള ഒരു അനാവശ്യ ചിന്തയുണ്ടാകും. ദിവസവും അമ്മയെ വിളിച്ചില്ലെങ്കില്‍ ദുരന്തമുണ്ടാകുമെന്ന വിശ്വാസം. പേന മാറിയാല്‍ പരീക്ഷ തോറ്റുപോകുമെന്ന ചിന്ത. ചില സംഖ്യകളോടും അമിതമായ വിശ്വാസം ഉണ്ടാവുക. ചിലര്‍ പേര് മാറ്റിയാല്‍ ജിവിതത്തില്‍ കൂടുതല്‍ വിജയം ഉണ്ടാകുമെന്ന ചിന്ത വരുന്നതൊക്കെ ഈ വിശ്വാസത്തില്‍ നിന്നാണ്.
ഒസിഡി ഇവ രണ്ടിനേയും ഒരേപോലെ ബാധിക്കും. അമിതമായ ഉത്കണ്ഠവും ഭയവുമൊക്കെ വരുമ്പോള്‍ ചില കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ആ വ്യക്തികളെ മാറ്റി നിര്‍ത്താം. ജോലി സംബന്ധമായ മികവിനെ ഇത് ബാധിക്കാം. ഇത്തരക്കാര്‍ക്ക് കാര്യങ്ങള്‍ ഒരു സംശയദൃഷ്ടിയോടെ മാത്രമേ ചെയ്യാന്‍ സാധിക്കൂ. നിരന്തരമുള്ള കുറ്റബോധം ഉണ്ടാകാം. തനിക്ക് ഇത്തരം ചിന്തകള്‍ ഉണ്ടാകുന്നത് താന്‍ മോശമായ ഒരാള്‍ ആയതു കൊണ്ടാണോ എന്നൊക്കെയുള്ള തോന്നലുകൾ ഉണ്ടാകാം.
അതുപോലെ ചില കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ട് തോന്നാം. നിര്‍ണായകമായ ഒരു തീരുമാനം എടുക്കേണ്ട സാഹചര്യം വന്നാല്‍ അവരുടെ ഈ അവസ്ഥ കൊണ്ട് തന്നെ അവര്‍ക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ല. അതോടൊപ്പം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതായത്, ഒരുതവണ വായിച്ച വാചകം വീണ്ടും വീണ്ടും വായിച്ചു നോക്കുക. ചില ആളുകള്‍ സ്വന്തം ശ്വാസോച്ഛാസം എണ്ണി മറ്റ് കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വരാറുണ്ട്.
ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ഒസിഡി വിഷാദത്തിലേക്ക് നയിക്കാം. ഇക്കൂട്ടർ വൈകാരികമായി പെട്ടെന്ന് തളര്‍ന്ന് പോവുകയും ചെയ്യും. ഉത്കണ്ഠയും ദേഷ്യവും കുറ്റബോധവുമൊക്കെ ഉണ്ടായാല്‍ അവര്‍ക്ക് ശ്രദ്ധകേന്ദ്രീകരിക്കാനോ മറ്റ് കാര്യങ്ങളില്‍ സമയം ഫലപ്രദമായി വിനിയോഗിക്കാനോ കഴിയില്ല. ഇതെല്ലാം സുഗമമായ ജീവിതത്തെ ബാധിക്കുന്നതിന് കാരണമാകാം.
കൂടാതെ ഒസിഡി ഉള്ളവരിൽ അമിതമായ ക്ഷീണം, വയറുവേദന, വേഗമേറിയ നെഞ്ചിടിപ്പ്, വയറ്റിലും നെഞ്ചിലും വലിഞ്ഞുമുറുകിയ അവസ്ഥ. ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ ഒസിഡി ഉള്ളവരെ കൂടുതലായി അലട്ടാം. തലവേദന, ഉറക്കപ്രശ്‌നങ്ങള്‍ ഉറക്കത്തിനിടെ ഞെട്ടല്‍, ചര്‍മപ്രശ്‌നങ്ങള്‍ എന്നിവയും ഉണ്ടാകാം. സമ്മര്‍ദം കൂടുമ്പോള്‍ സമ്മര്‍ദ ഹോര്‍മോണുകളായ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ ഹോര്‍മോണുകള്‍ ഉയരുകയും അത് ശാരീരികമായി ബാധിക്കുകയും ചെയ്യാം.
ജീവിതശൈലിയിൽ മാറ്റം വരുത്തിയതുകൊണ്ട് മാത്രം ഒസിഡി നിയന്ത്രിക്കാൻ സാധിക്കില്ല. ഒസിഡി ലക്ഷണങ്ങള്‍ കുറയ്ക്കാൻ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
ഇആര്‍പി (exposure and response prevention); ഒസിഡിയില്‍ ഉണ്ടാകുന്ന കംപൽഷൻ തടയാന്‍ ശ്രമിക്കുക എന്നതാണ് ഇആർപി ചികിത്സാ രീതിയിൽ ചെയ്യുന്നത്.
ഉദാഹരണമായി ഒരു വസ്തുവില്‍ തൊട്ടാല്‍ അഴുക്കുണ്ടാകുമെന്ന തോന്നല്‍ ഉണ്ടാവും. ഇതിന് പിന്നാലെ കൈകള്‍ കഴുകണമെന്ന ചിന്ത വരുമ്പോള്‍ കൈകള്‍ കഴുകുന്നതിൽ നിന്ന് ഒഴിവാകുക. അതായത്, എക്‌സ്‌പ്ലോഷന്‍ ഉണ്ടാവുകയും അതിന്റെ റെസ്‌പോണ്‍സ് തടസപ്പെടുത്തുകയും ചെയ്യുന്ന ചികിത്സാരീതി.
സിബിടി (cognitive behavioral therapy); ഇആര്‍പിക്കൊപ്പം ചെയ്യുന്ന ചികിത്സാ രീതിയാണ് സിബിടി അഥവാ അവബോധ സ്വഭാവ ചികിത്സ. അതായത്, ചിന്തകളാണ് നമ്മുടെ വികലമായ സ്വഭാവത്തിന് അടിസ്ഥാനം. ആവര്‍ത്തന സ്വഭാവമുള്ള യുക്തിരഹിതമായ ചിന്തകള്‍ ശാസ്ത്രിയമല്ലെന്ന അവബോധം ഈ ചികിത്സയിലൂടെ നല്‍കുന്നു. അവബോധവും അതില്‍ നിന്ന് ഉണ്ടാകുന്ന സ്വഭാവത്തിലെ നിയന്ത്രണവുമാണ് സിബിടി.
മരുന്നുകള്‍; തലച്ചോറിലെ സെറാട്ടോണില്‍ എന്ന രാസപദാര്‍ഥത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് മരുന്നുകളും ഇതോടൊപ്പം നൽകുന്നു.
ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍; ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച് തലച്ചോറിനെ ഉത്തേജിപ്പിക്കുക എന്ന ചികിത്സ രീതിയാണിത്.
ഇതിനൊപ്പം ജീവിതശൈലിയിലും മാറ്റം കൊണ്ടിവരേണ്ടതായിട്ടുണ്ട്. ഉറക്കമാണ് പ്രധാനം. രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക. സ്ഥിരമായ ഉറക്ക സമയം, ഉറക്കശുചിത്വം എന്നിവ പാലിക്കുക. വ്യായാമം തലച്ചോറിലെ രാസപദാര്‍ത്ഥങ്ങളെ ക്രമീകരിക്കാന്‍ സഹായിക്കും. 30-40 മിനിറ്റുള്ള നടത്തം, സ്‌ട്രെങ്ത്തനിങ് വ്യായാമങ്ങള്‍ എന്നിവ ചെയ്യാം. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, അമിതമായ മധുരപലഹാരങ്ങള്‍, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക. അതോടൊപ്പം സമ്മര്‍ദ്ദ അതിജീവന ടെക്‌നിക്കുകളും പരിശീലിക്കേണ്ടതുണ്ട്. അമിതമായ കഫീന്‍ ഉത്കണ്ഠ കൂട്ടാന്‍ കാരണമാകുമെന്നുള്ളതു കൊണ്ട് കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് നല്ലതാണ്. കൂടാതെ കുടുംബത്തിന്റെ പിന്തുണ ഒസിഡിയെ തുടർന്നുള്ള ബുദ്ധിമുട്ട് മറികടക്കാൻ അവശ്യമായതാണ്.
ഒസിഡി ലക്ഷണങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതും പ്രശ്‌നമാണ്. ആ സമയം തലച്ചോര്‍ മനസിലാക്കുന്നത്, ഇത് എന്തോ കുഴപ്പം പിടിച്ച സാധനമാണെന്നാണ്. ദൈനംദിന കാര്യങ്ങളെ ഒസിഡി ബാധിക്കുമ്പോള്‍ ചെയ്യാവുന്ന ഏറ്റവും മികച്ച ഒരു കാര്യം ടൈംടേബിള്‍ വികസിപ്പിക്കുക എന്നതാണ്. ഒസിഡി ഉള്ളവരെ അമിതമായി ആശ്വസിപ്പിക്കരുത്, കംപൽഷന്‍ പ്രകടിപ്പിക്കുമ്പോള്‍ അത് പ്രോത്സാഹിപ്പിക്കാതെ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കണം. ഒസിഡിയുടെ രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ഒരു ജീവിതശൈലിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ അതനുസരിച്ച് ഒസിഡിയെ തടയാന്‍ സാധിക്കും.
കുട്ടികളിലെ ഒസിഡി വളരെ പെട്ടെന്ന് തെറ്റിദ്ധരിക്കുന്നതാണ്. അവര്‍ക്ക് അമിതമായ വൃത്തിയുണ്ടെന്നും സ്വഭാവപ്രശ്‌നമാണെന്നും പേടിതട്ടിയതാണെന്ന തരത്തിലൊക്കെ ഇതിനെ വ്യാഖ്യാനിക്കാറുണ്ട്. കുട്ടികളിൽ ഇത് വളരെ ആശങ്കപ്പെടുത്തുന്ന ചിന്തകള്‍ ഉണ്ടാക്കാം. അച്ഛനും അമ്മയ്ക്കും എന്തെങ്കിലും അപകടമുണ്ടാകുമോ എന്ന ആശങ്ക. തെറ്റായ ചിന്തകള്‍ മൂലം താന്‍ മോശമാണെന്ന തോന്നലുണ്ടാവുക. താന്‍ ആരെയെങ്കിലും ഉപദ്രവിക്കുമോ എന്ന തോന്നല്‍. അല്ലെങ്കില്‍ താന്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ലെങ്കില്‍ എന്തെങ്കിലും കുഴപ്പം സംഭവിക്കുമെന്ന തോന്നൽ. മാതാപിതാക്കളോട് താന്‍ ചെയ്തതു ശരിയാണോ എന്ന് ആവർത്തിച്ചു ചോദിക്കുക.
പഠിക്കുമ്പോള്‍ ഒരേ വരി വീണ്ടും വീണ്ടും വായിക്കുക. നടക്കുമ്പോള്‍ പടികളെണ്ണി പോകുന്നത്. ചില മാതാപിതാക്കള്‍ അത് നല്ലൊരു കാര്യമെന്ന നിലയില്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാൽ എപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല. സ്‌കൂളില്‍ പോകാനുള്ള പേടി. പഠനത്തില്‍ പിന്നിലാവുക. ദേഷ്യം കൂടുന്നു. പഠിക്കാനും ചില കാര്യങ്ങള്‍ ചെയ്യാനും കൂടുതല്‍ സമയമെടുക്കുന്നു. ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണമെന്ന അമിതമായ വാശി. സാമൂഹികമായ ഉള്‍വലിയല്‍ എന്നിവ ഉണ്ടാകാം.
കുട്ടികളെ ശാസ്ത്രീയമായി ഇത് പറഞ്ഞു മനസിലാക്കുക എന്നതാണ് പ്രധാനം. കുട്ടിയെ കുറ്റപ്പെടുത്താതിരിക്കുക. ശരിയായ ചികിത്സ നൽകുക. ഇതിന് പുറമെ കുട്ടികളില്‍ ഒരു റുട്ടീന്‍ ഉണ്ടാക്കുക എന്നത് പ്രധാനമാണ്. അത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.
കുട്ടിക്കാലത്തും മുതിർന്ന ശേഷവും ഒസിഡി ഉണ്ടാകാം. എട്ട് വയസു മുതൽ കുട്ടികളിൽ ഒസിഡി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാം. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍ കുട്ടികളിലാണ് ഒസിഡി കൂടുതല്‍ കണ്ടുവരുന്നത്. ഇത് അവരുടെ അകാരണമായ പേടിയോ മറ്റോ ആണെന്ന് തെറ്റിദ്ധരിക്കും.
കുട്ടിക്കാലത്ത് വികസിക്കുന്ന ഒസിഡി ജനിതക ഘടകമായിരിക്കും പ്രധാനം. മുതിര്‍ന്ന പ്രായത്തിലും ഒസിഡി വരാറുണ്ട്. 20കളുടെ മധ്യം മുതല്‍ നാല്‍പതാം വയസില്‍ വരെ ഒസിഡി വരാം.
ഉത്കണ്ഠ രോഗങ്ങള്‍, പ്രസവാനന്തരം, ചില വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, സമ്മര്‍ദം തുടങ്ങിയവ മുതിര്‍ന്നവരില്‍ ഒസിഡി ഉണ്ടാവാനുള്ള കാരണമാകാറുണ്ട്. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഒസിഡി കുഴപ്പം പിടിച്ചതാണെന്ന തോന്നൽ വേണ്ട, ശരിയായ ചികിത്സയുണ്ടെങ്കില്‍ ഒസിഡി നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates