ദുബൈ: ഏഷ്യാ കപ്പിൽ ഇന്ത്യയുടെ അപരാജിത മുന്നേറ്റത്തിൽ നിർണായകമായത് ഓപ്പണർ അഭിഷേക് ശർമയുടെ കത്തും ഫോമാണ്. സൂപ്പർ ഫോർസിലെ മൂന്ന് മത്സരങ്ങളിലും താരം അർധ സെഞ്ച്വറി നേടി മിന്നിച്ചിരുന്നു. ശ്രീലങ്കക്കെതിരായ അവസാന സൂപ്പർ ഫോർ പോരാട്ടത്തിലും അർധ സെഞ്ച്വറി നേടി താരം ഒരു റെക്കോർഡും സ്വന്തം പേരിലാക്കി.
ടി20 ഫോർമാറ്റ് ഏഷ്യാ കപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമായി അഭിഷേക് മാറി. മുൻ പാകിസ്ഥാൻ നായകനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്റെ റെക്കോർഡാണ് പഴങ്കഥയായത്.
ഈ ഏഷ്യാ കപ്പിൽ ആറ് ഇന്നിങ്സുകൾ കളിച്ച് താരം ഇതുവരെ അടിച്ചെടുത്തത് 309 റൺസ്. ഫൈനൽ പോരാട്ടം ബാക്കി നിൽക്കെ ഈ റൺസ് ഇനിയും കൂടാനും സാധ്യതയുണ്ട്. ടി20 ഫോർമാറ്റിലെ ഏഷ്യാ കപ്പിൽ ആദ്യമായി ഒരു താരം 300നു മുകളിലും സ്കോർ ചെയ്തെന്ന പെരുമയും റെക്കോർഡിനുണ്ട്. പട്ടകയിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയാണ് മൂന്നാമത്.
2022ലെ ഏഷ്യാ കപ്പ് എഡിഷനിൽ മുഹമ്മദ് റിസ്വാൻ നേടിയ 281 റൺസായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം. ഇതാണ് അഭിഷേക് 309 അടിച്ചുകൂട്ടി തിരുത്തിയത്. ഇതേ സീസണിൽ തന്നെയാണ് കോഹ്‍ലിയും തിളങ്ങിയത്. 276 റൺസാണ് 2022ലെ ഏഷ്യാ കപ്പിൽ കോഹ്‍ലി സ്വന്തമാക്കിയത്.
സൂപ്പര്‍ ഫോര്‍സിലെ പാകിസ്ഥാനെതിരായ ആദ്യ പോരാട്ടത്തില്‍ അഭിഷേക് 39 പന്തില്‍ 79 റണ്‍സാണ് അടിച്ചെടുത്തത്. ബംഗ്ലാദേശിനെതിരായ പോരില്‍ 37 പന്തില്‍ 75 റണ്‍സും പിന്നാലെ ശ്രീലങ്കക്കെതിരെ 31 പന്തില്‍ 61 റണ്‍സും സ്വന്തമാക്കി. ആറിന്നിങ്‌സില്‍ നിന്നു 51.40 ശരാശരിയില്‍ 204 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ സ്‌ഫോടനാത്മക ബാറ്റിങ്. ഇതുവരെയായി 19 കൂറ്റന്‍ സ്‌ക്‌സുകളും 31 ഫോറുകളും അഭിഷേക് അടിച്ചിട്ടുണ്ട്.
രണ്ടിൽ കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ഒരു ടി20 ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടുന്ന ടെസ്റ്റ് പദവിയുള്ള രാജ്യത്തിന്റെ താരമെന്ന ലോക റെക്കോർഡും അഭിഷേക് മിന്നും പ്രകടനത്തിൽ സ്വന്തമാക്കി. 31 ഫോറും 19 സിക്സും ഉൾപ്പെടെ താരം 50 ബൗണ്ടറികൾ ഇതുവരെ പായിച്ചു. ശ്രീലങ്കൻ ഇതിഹാസം തിലകരത്നെ ദിൽഷന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് അഭിഷേക് തിരുത്തിയത്. 2009ലെ ടി20 ലോകകപ്പിൽ 46 ഫോറും 3 സിക്സും സഹിതം ദിൽഷൻ 49 ബൗണ്ടറികൾ അടിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates