വാംഖഡെ: ഐപിഎല്‍ ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ മുംബൈ ഇന്ത്യന്‍സ് നേരിടുന്ന കനത്ത പരാജയമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നേരിട്ടത്. മുംബൈ ഇന്ത്യന്‍സിന്റെ കളി കാണാന്‍ എന്നും നേരിട്ടെത്താറുള്ള ഉടമ ആകാശ് അംബാനിക്ക് ആ തോല്‍വി അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. കളി മുഴുവനാകും മുന്‍പ് തന്നെ ആകാശ് അതൃപ്തി പരസ്യമാക്കി സ്റ്റേഡിയത്തില്‍ നിന്നു എഴുന്നേറ്റ് പോയി. ഇതിന്റെ വിഡിയോ ഇപ്പോള്‍ വൈറലാണ്.
ചെന്നൈയോടു തോറ്റതോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്കു മങ്ങല്‍ ഏറ്റിട്ടുണ്ട്. നിലവില്‍ അവര്‍ എട്ടാം സ്ഥാനത്താണ്. 7 കളികളില്‍ നിന്നു 2 ജയം മാത്രമാണ് ടീമിനുള്ളത്. 5 കളികള്‍ തോറ്റു.
കളിയുടെ സമസ്ത മേഖലയിലും മുംബൈ ഇന്ത്യന്‍സിനെ നിഷ്പ്രഭമാക്കിയാണ് സിഎസ്‌കെ ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മോശം പ്രകടനമാണ് അവരുടെ സ്വന്തം തട്ടകത്തില്‍ കണ്ടത്. ബാറ്റിങിലും ബൗളിങിലും അമ്പേ പാളിപ്പോയ പ്രകടനം.
സഞ്ജു സാംസണ്‍ ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും വീര നായകനായ പോരില്‍ അകീല്‍ ഹുസൈന്റെ നിര്‍ണായക സ്പിന്നും ചെന്നൈ ബൗളിങ് നിരയുടെ ഒന്നാകെയുള്ള മികവും ജയം അനായാസമാക്കി. സീസണില്‍ 7 മത്സരങ്ങളില്‍ മൂന്നാം ജയം സ്വന്തമാക്കി ചെന്നൈ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കും കയറി.
103 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. മുംബൈയുടെ പോരാട്ടം 19 ഓവറില്‍ വെറും 104 റണ്‍സില്‍ അവസാനിച്ചു.
ജയത്തിലേക്ക് ബാറ്റെടുത്ത മുംബൈ ഇന്ത്യന്‍സിനെ അകീല്‍ ഹുസൈന്‍ സ്പിന്‍ കെണിയില്‍ വീഴ്ത്തി. ഒരിക്കല്‍ പോലും അതില്‍ നിന്നു പുറത്തു കടക്കാന്‍ അവര്‍ക്കായതുമില്ല. 37 റണ്‍സെടുത്ത തിലക് വര്‍മയും 35 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും ചേര്‍ന്നു ഒരു ശ്രമം നടത്തിയെങ്കിലും മറ്റാരും ക്രീസില്‍ അധികം നില്‍ക്കാന്‍ പോലും തുനിഞ്ഞില്ല. 100 കടന്നതു തന്നെ ഭാഗ്യം. അത്ര ദയനീയമായിരുന്നു അവരുടെ ബാറ്റിങ്. സൂര്യയും തിലകും ഒഴികെ ഒരാളും രണ്ടക്കം കടന്നതുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates