ലാഹോര്‍: ഏഷ്യാകപ്പില്‍ സൂപ്പര്‍ ഫോറില്‍ കടക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ തോല്‍വിയില്‍ അഫ്ഗാനിസ്ഥാന്റെ കോച്ചിംഗ് സ്റ്റാഫിനെതിരെ രൂക്ഷ വിമര്‍ശനം. പരിശീലകരും അനലിസ്റ്റും അടക്കമുള്ള സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിന്റെ കൃത്യമായ വിശകലനവും, കളിക്കാരെ അറിയിക്കുന്നതിലുള്ള വീഴ്ചയുമാണ് അഫ്ഗാന്റെ ദയനീയ തോല്‍വിക്ക് കാരണമെന്നാണ് വിമര്‍ശനം ഉയരുന്നത്.
അഫ്ഗാന്‍ സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിന്റെ മണ്ടത്തരമാണ് ടീമിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയതെന്ന് മുന്‍ കളിക്കാരും ക്രിക്കറ്റ് നിരീക്ഷകരും ഉള്‍പ്പെടെ പറയുന്നു. ഇത്തരമൊരു നിര്‍ണായക മത്സരത്തില്‍ സപ്പോര്‍ട്ടിങ്ങ് സ്റ്റാഫ് കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരം വെങ്കിടേഷ് പ്രസാദ് പറഞ്ഞു. സമാനമായ തരത്തില്‍ 2003 ലെ ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ തോല്‍വിയും പ്രസാദ് എടുത്തു കാണിക്കുന്നു.
അഫ്ഗാന് മികച്ച അവസരമായിരുന്നു, നല്ല പോരാട്ടമാണ് അവര്‍ കാഴ്ചവെച്ചത്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് അടക്കമുള്ള കാര്യങ്ങള്‍ കളിക്കാര്‍ക്ക് അറിയില്ലായിരുന്നു. കോച്ചിങ് സ്റ്റാഫ് ഇക്കാര്യം അറിയിക്കാതിരുന്നതു മൂലം അവരുടെ പോരാട്ടം പാഴായി. പാകിസ്ഥാന്‍ മുന്‍ താരം അമീര്‍ സൊഹെയ്ല്‍ പറഞ്ഞു.
കംപ്യൂട്ടറിന് മുന്നിലിരിക്കുന്ന അനലിസ്റ്റ് അടക്കമുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫും കളിക്കാരും തമ്മിലുള്ള ആശയവിനിമയത്തിലെ അപാകതയാണ് ഇത്തരമൊരു സങ്കടകരമായ സ്ഥിതിക്ക് കാരണമായതെന്ന് ശ്രീലങ്കന്‍ മുന്‍ നായകന്‍ മര്‍വന്‍ അട്ടപ്പട്ടു പറഞ്ഞു. ചെറിയ തെറ്റ് ഏഷ്യാകപ്പിലെ സാധ്യതകളാണ് ഇല്ലാതാക്കിയത്. ഇത്തരമൊരു മത്സരത്തില്‍ ഒരു തരത്തിലും ഇത്തരമൊരു തെറ്റ് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും അട്ടപ്പട്ടു പറഞ്ഞു.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 292 റണ്‍സിന്റെ വിജയലക്ഷ്യമാണ് അഫ്ഗാന് മുന്നില്‍ വെച്ചത്. ആദ്യ മത്സരം തോറ്റ അഫ്ഗാന് സൂപ്പര്‍ ഫോറില്‍ കടക്കാന്‍ നെറ്റ് റണ്‍റേറ്റും പരിഗണിക്കണമായിരുന്നു. ഇതുപ്രകാരം 37.1 ഓവറില്‍ അഫ്ഗാന്‍ ലക്ഷ്യം മറികടക്കണം. 36-ാം ഓവറില്‍ അഫ്ഗാനിസ്ഥാന്‍ എട്ടു വിക്കറ്റിന് 277 റണ്‍സ് എന്ന സ്‌കോറിലെത്തി. അടുത്ത ഏഴു പന്തില്‍ 15 റണ്‍സ് എടുത്താല്‍ മതിയായിരുന്നു.
എന്നാല്‍ വിവരം കൃത്യമായി കളിക്കാരെ അറിയിച്ചില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നത്. തകര്‍ത്തടിച്ചു കളിച്ച റാഷിദ് ഖാന്‍ 37-ാം ഓവറില്‍ മൂന്നു ബൗണ്ടറി സഹിതം 12 റണ്‍സെടുത്തു. 37.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നില്ലെങ്കിലും അഫ്ഗാന് സൂപ്പര്‍ ഫോറില്‍ കടക്കാന്‍ സാധ്യതയുണ്ടായിരുന്നു. അതായത് 38.1 ഓവറില്‍ 297 റണ്‍സെടുത്താലും അഫ്ഗാന് സൂപ്പര്‍ ഫോറില്‍ കടക്കാമായിരുന്നു.
ക്രീസിലുണ്ടായിരുന്ന റാഷിദ് ഖാനും മുജീബുര്‍ റഹ്മാനും ഇതറിയില്ലായിരുന്നു. 37.5 ഓവറില്‍ 295 റണ്‍സെടുത്താലും സൂപ്പര്‍ഫോര്‍ സാധ്യത നിലനില്‍ക്കെ, ബൗണ്ടറി ലക്ഷ്യമിട്ട് ഉയര്‍ത്തിയടിച്ച മുജിബുര്‍ റഹ്മാന്‍ പുറത്തായി. പിന്നീടെത്തിയ ഫസല്‍ഹഖ് ഫറൂഖി, റണ്‍റേറ്റിന്റെ കളികളറിയാതെ രണ്ടു പന്തുകള്‍ പ്രതിരോധിക്കുകയും മൂന്നാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുകയുമായിരുന്നു. വിജയത്തിനും രണ്ടു റണ്‍സ് അകലെ ഓള്‍ഔട്ടായ അഫ്ഗാന്‍ സൂപ്പര്‍ ഫോര്‍ കാണാതെ പുറത്തായി.
മണ്ടന്മാരായ അനലിസ്റ്റിനെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളെയും ടീമില്‍ നിന്നും പറപ്പിക്കണമെന്ന് ക്രിക്കറ്റ് പ്രേമികള്‍ അഭിപ്രായപ്പെടുന്നു. അഫ്ഗാന്‍ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിനെതിരെ സമൂഹമാധ്യമങ്ങൡ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates