ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ഓസ്ട്രേലിയൻ ടീം ashes pti
Sports

രണ്ടാം ഇന്നിങ്‌സിലും ക്ലച്ച് പിടിക്കാതെ ഇംഗ്ലണ്ട്; ഓസീസ് പരമ്പര ജയത്തിന്റെ വക്കില്‍

നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയില്‍

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയ ജയത്തിലേക്ക് അടുത്തു. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 435 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയില്‍. 4 വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ അവസാന ദിനത്തില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര താണ്ടേണ്ടത് 228 റണ്‍സ് കൂടി. കളി നിര്‍ത്തുമ്പോള്‍ 2 റണ്‍സുമായി ജാമി സ്മിത്തും 11 റണ്‍സുമായി വില്‍ ജാക്‌സുമാണ് ക്രീസില്‍.

ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 371 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 349 റണ്‍സുമാണ് നേടിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 286 റണ്‍സില്‍ അവസാനിച്ചു. ഈ ടെസ്റ്റും ജയിച്ചാല്‍ ആഷസ് കിരീടം ഓസ്‌ട്രേലിയ നിലനിര്‍ത്തും. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഓസീസ് പരമ്പരയില്‍ 2-0ത്തിനു മുന്നിലാണ്.

435 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനു രണ്ടാം ഇന്നിങ്‌സിലും ക്ലച്ച് പിടിക്കാന്‍ ആയില്ല. ഓപ്പണര്‍ സാക് ക്രൗളി ഒരറ്റത്ത് പൊരുതി നിന്നെങ്കിലും കാര്യമായ പിന്തുണ മറുഭാഗത്തു നിന്നു കിട്ടിയില്ല. ബെന്‍ ഡക്കറ്റ് (4), ഒലി പോപ്പ് (17), ജോ റൂട്ട് (39), ഹാരി ബ്രൂക്ക് (30), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (5) എന്നിവരാണ് തുടക്കത്തില്‍ മടങ്ങിയത്. പിന്നാലെ ആറാം വിക്കറ്റായി ക്രൗളിയും മടങ്ങിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. താരം 8 ഫോറുകള്‍ സഹിതം 85 റണ്‍സെടുത്തു. നതാന്‍ ലിയോണാണ് ചെറുത്തു നില്‍പ്പിന് അന്ത്യം കുറിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു നഷ്ടമായ ആറ് വിക്കറ്റുകള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നതാന്‍ ലിയോണും മൂന്ന് വീതം സ്വന്തമാക്കി പങ്കിട്ടു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിലും കമ്മിന്‍സ് 3 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ലിയോണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

നേരത്തെ രണ്ടാം ഇന്നിങ്സില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ഓസീസിനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ പിടിച്ചു നിര്‍ത്തിയാണ് കളിയിലേക്ക് തിരിച്ചെത്തി. 4 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ചത്. ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും ആറാമനായി എത്തിയ അലക്‌സ് കാരിയുടെ അര്‍ധ സെഞ്ച്വറിയുമാണ് ഓസീസിനു കരുത്തായത്. 85 റണ്‍സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. നാലാം ദിനത്തില്‍ പക്ഷേ ഇംഗ്ലണ്ട് തിരിച്ചടിച്ചു. സ്‌കോര്‍ 311ല്‍ നില്‍ക്കെ ഹെഡ് മടങ്ങിയതിനു പിന്നാലെ ഓസീസ് ഇന്നിങ്സ് അതിവേഗം തീര്‍ന്നു. ഓസീസിന്റെ ശേഷിച്ച 6 വിക്കറ്റുകള്‍ വെറും 38 റണ്‍സിനിടെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് തിരിച്ചു വന്നത്.

നാലാം ദിനത്തില്‍ ആദ്യം മടങ്ങിയത് ഹെഡാണ്. തലേദിവസത്തെ സ്‌കോറിനോട് 28 റണ്‍സ് കൂടി ചേര്‍ത്ത് 170 റണ്‍സുമായി ഹെഡ് മടങ്ങി. ഹെഡ് 16 ഫോറും രണ്ട് സിക്സും പറത്തി. പിന്നാലെ ആറാം വിക്കറ്റായി അര്‍ധ സെഞ്ച്വറിക്കാരന്‍ അലക്സ് കാരിയും പുറത്ത്. താരം 72 റണ്‍സ് നേടി.

ജാക്ക് വെതറാള്‍ഡ് (1), മര്‍നസ് ലാബുഷെയ്ന്‍ (13), ഉസ്മാന്‍ ഖവാജ (40), കാമറൂണ്‍ ഗ്രീന്‍ (7), ജോഷ് ഇംഗ്ലിസ് (10), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (6), നതാന്‍ ലിയോണ്‍ (0), സ്‌കോട്ട് ബോളണ്ട് (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഇംഗ്ലണ്ടിനായി ജോഷ് ടോംഗ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ബ്രയ്ഡന്‍ കര്‍സ് 3 വിക്കറ്റും സ്വന്തമാക്കി. ജോഫ്ര ആര്‍ച്ചര്‍, വില്‍ ജാക്സ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്സില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. താരം 83 റണ്‍സെടുത്തു. ക്യാപ്റ്റനു ഉറച്ച പിന്തുണ നല്‍കി ജോഫ്ര ആര്‍ച്ചറും തലേദിവസത്തെ ബാറ്റിങ് മികവ് ആവര്‍ത്തിച്ചതോടെ അവര്‍ 286ല്‍ എത്തി ഓസീസ് ലീഡ് കുറയ്ക്കുകയായിരുന്നു. ആര്‍ച്ചര്‍ 51 റണ്‍സെടുത്തു. ജോഷ് ടോംഗ് 7 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒരു ഘട്ടത്തില്‍ 94ന് നാല് എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. ട്രാവിസ് ഹെഡ്, ജാക്ക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍ എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഓസീസ് തകര്‍ച്ചയുടെ വക്കിലെത്തിയത്.

അലക്‌സ് കാരിയുടെയും ഉസ്മാന്‍ ഖവാജയുടെയും വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്കും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ നേടിയത്. അലക്‌സ് കാരി സെഞ്ച്വറിയോടെ 106 റണ്‍സും ഖവാജ 82 റണ്‍സും നേടി. സ്റ്റാര്‍ക്ക് 54 റണ്‍സും കണ്ടെത്തി.

ashes: England's troubles are going from bad to worse in this Test match.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ്: രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി, പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല

സഹോദരിയോടൊപ്പം വിറക് ശേഖരിക്കാന്‍ പോയി; വയനാട് കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 735 lottery result

ലൈംഗികാതിക്രമക്കേസ്, പി ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

SCROLL FOR NEXT