ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്ര വൈരത്തിന്റെ പ്രതീകമായ ഒരുപിടി ചാരം. ആ ചാരത്തിനു വീണ്ടും തീപിടിക്കുന്നു. ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ആഷസ് പോരാട്ടത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുന്നു. ആഷസിനോളം പഴക്കവും ആവേശവും നാടകീയതയും നല്‍കുന്ന മത്സരങ്ങള്‍ കായിക ലോകത്തു തന്നെ അപൂര്‍വമാണ്. ഈ മാസം 21 മുതലാണ് ആഷസിലെ ഒന്നാം ടെസ്റ്റിനു തുടക്കമാകുന്നത്.
1882ല്‍ ദി സ്പോര്‍ട്ടിങ് ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച പരിഹാസ ചരമക്കുറിപ്പില്‍ തുടങ്ങി, ഒരു ചെറിയ ട്രോഫിയുടെ ആകൃതിയുള്ള ചെപ്പിന്റെ ഉള്ളിലേക്ക് സ്റ്റംപ് കത്തിച്ചതിന്റെ ചാരം നിറച്ച വലിയ ചരിത്രത്തിന്റെ, അവിസ്മരണീയതയുടെ പേരാണ് ആഷസ്. 1877 മുതല്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ആഷസില്‍ മുഖാമുഖം വരുന്നു.
1882 ഓഗസ്റ്റിലാണ് ആഷസ് എന്ന വാക്ക് ആദ്യമായി ക്രിക്കറ്റിലേക്ക് വന്നതെന്നു കളി നിയമങ്ങള്‍ തീരുമാനിക്കുന്ന ഇംഗ്ലണ്ടിലെ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് പറയുന്നു. ഇംഗ്ലണ്ട് ടീം ഇംഗ്ലീഷ് മണ്ണില്‍ ഓസ്‌ട്രേലിയയോടു ആദ്യമായി പരാജയപ്പെട്ടപ്പോള്‍ ദി സ്പോര്‍ട്ടിങ് ടൈംസില്‍ അച്ചടിച്ച ഇംഗ്ലീഷ് ക്രിക്കറ്റിനായുള്ള ഒരു ആക്ഷേപഹാസ്യ ചരമക്കുറിപ്പാണ് ആഷസിന്റെ മഹത്തായ ചരിത്രത്തിനു നാന്ദി കുറിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നും സംസ്‌കാരം നടത്തി ചാരം (ആഷസ്) ഓസ്‌ട്രേലിയയിലേക്ക് കൊണ്ടു പോയെന്നുമായിരുന്നു ചരമക്കുറിപ്പ്.
പിന്നീട് ഈ ചിതാഭസ്മം തിരികെ പിടിക്കുമെന്ന പ്രതിജ്ഞയുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇവോ ബ്ലെ ഓസീസ് മണ്ണിലേക്ക് ടെസ്റ്റിനായി പുറപ്പെട്ടു. പരമ്പര തിരികെ പിടിച്ച ബ്ലെയ്ക്കിനു ഒരു ആരാധകന്‍ സ്റ്റംപ് കത്തിച്ച് അതിന്റെ ചാരം നിറച്ച മണ്ണ് കൊണ്ടുണ്ടാക്കിയ കുഞ്ഞ് ട്രോഫി സമ്മാനിക്കുന്നു. ഈ കുഞ്ഞു ട്രോഫി പിന്നീട് ഏറെ കാലം ബ്ലെ തന്റെ വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഈ കുഞ്ഞ് ട്രോഫി മെറില്‍ബോണ്‍ ക്ലബില്‍ ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്.
ആഷസ് ജയിക്കുന്ന ടീമിനു പ്രതീകാത്മക ട്രോഫിയാണ് ഇപ്പോള്‍ സമ്മാനിക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് ആഷസ് പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.
ബോഡി ലൈന്‍ തിയറി
ആഷസില്‍ നിരവധി ക്ലാസിക്ക് പോരാട്ടങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 1932-33 കാലത്തെ പരമ്പരയിലാണ് കുപ്രസിദ്ധമായ ബോഡി ലൈന്‍ ബൗളിങ് പരീക്ഷിക്കപ്പെട്ടത്. ഇതിഹാസ ബാറ്റര്‍ ഡോണ്‍ ബ്രാഡ്മാനായിരുന്നു ഇംഗ്ലീഷ് പടയുടെ ടാര്‍ഗറ്റ്. ബ്രാഡ്മാന്‍ അടക്കമുള്ള ഓസീസ് ബാറ്റര്‍മാരെ ഭയപ്പെടുത്തുക എന്നതു തന്നെയായിരുന്നു ഈ തന്ത്രം നടപ്പാക്കുന്നതിലൂടെ ഇംഗ്ലണ്ട് ഉദ്ദേശിച്ചത്. ഫാസ്റ്റ് ലെഗ് തിയറി എന്നറിയപ്പെട്ട ഈ തന്ത്രത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ട് പരമ്പര തിരിച്ചു പിടിച്ചു.
പില്‍ക്കാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ പരിഷ്‌കരണത്തിനു തുടക്കമിട്ട പരമ്പര കൂടിയായി 1932- 33 കാലത്ത് അരങ്ങേറിയ മത്സരങ്ങള്‍ മാറി. ശരീരം ലക്ഷ്യം വച്ചുള്ള ബൗളിങ് അടക്കമുള്ള തന്ത്രങ്ങള്‍ നിയന്ത്രിക്കാനായി നിയമങ്ങള്‍ പരിഷ്‌കരിച്ചു.
നൂറ്റാണ്ടിന്റെ പന്ത്
1993ല്‍ ഓള്‍ഡ് ട്രഫോര്‍ഡിലാണ് നൂറ്റാണ്ടിന്റെ പന്തെന്നു വിശേഷിപ്പിക്കപ്പെട്ട ഇതിഹാസ ഓസീസ് സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ ബൗളിങ് കണ്ടത്. മൈക്ക് ഗാറ്റിങിനെതിരെ വോണ്‍ എറിഞ്ഞ പന്ത് ക്രിക്കറ്റിനെ മാന്ത്രിക ലോകത്തേക്കാണ് കൊണ്ടു പോയത്. ആ പന്തിന്റെ ഡ്രിഫ്റ്റിങും സ്പിന്നിങും മനസിലാക്കാന്‍ ഗാറ്റിങിനു കഴിയാതെ പോയി. എന്താണ് സംഭവിച്ചതെന്നു മനസിലാക്കാന്‍ പോലും ഗാറ്റിങിനു സാധിച്ചില്ലെന്നു അദ്ദേഹത്തിന്റെ ക്രീസിലെ അന്തംവിട്ടുള്ള നില്‍പ്പില്‍ തന്നെ വ്യക്തമായിരുന്നു.
സ്‌റ്റോക്‌സിന്റെ 135
2019ല്‍ നിലവിലെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് നേടിയ സെഞ്ച്വറിയും ആഷസ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ്. ഒന്നാം ഇന്നിങ്‌സില്‍ വെറും 67 റണ്‍സിനു ഓള്‍ ഔട്ടായ ഇംഗ്ലണ്ടിനു മുന്നില്‍ ഓസ്‌ട്രേലിയ 359 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം വയ്ക്കുന്നു. ലീഡ്‌സില്‍ നടന്ന ഈ പോരാട്ടത്തില്‍ ഇംഗ്ലണ്ട് സ്‌റ്റോക്‌സിന്റെ ഐതിഹാസിക സെഞ്ച്വറിയുടെ ബലത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ വിജയത്തിനാവശ്യമായ 359 റണ്‍സ് 362 അടിച്ച് മറികടന്നപ്പോള്‍ സ്‌റ്റോക്‌സ് 135 റണ്‍സുമായി പുറത്താകാതെ നിന്നു.
245 റണ്‍സില്‍ അഞ്ചാം വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ട് വലിയ പ്രതീക്ഷയില്‍ തന്നെയായിരുന്നു. എന്നാല്‍ പിന്നീട് 41 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിനു 5 വിക്കറ്റുകളാണ് നഷ്ടമായത്. 5നു 245 എന്ന നിലയില്‍ നിന്നു 9നു 286 എന്ന റണ്‍സിലേക്ക് അവര്‍ അതിവേഗം വീണു. ജാക്ക് ലീഷിനെ ഒരറ്റത്തു നിര്‍ത്തി സ്‌റ്റോക്‌സ് പിന്നീട് നടത്തിയ ബാറ്റിങാണ് ചരിത്രമായത്. സ്റ്റോക്‌സ് 219 പന്തുകള്‍ നേരിട്ട് 8 സിക്‌സും 11 ഫോറും സഹിതം 135 റണ്‍സുമായി പുറത്താകാതെ നിന്നു ഇംഗ്ലണ്ടിനു ഒറ്റ വിക്കറ്റ് ജയം സമ്മാനിക്കുകയായിരുന്നു. 17 പന്തുകള്‍ ചെറുത്തു നിന്ന ജാക്ക് ലീഷ് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്താകാതെ നിന്നു.
ഒരു നാടോടി കഥയിലെ വീരനായകനെ പോലെയാണ് അന്ന് സ്‌റ്റോക്‌സ് അവതരിച്ചത്. നിര്‍ഭയവും സംയമനവും ധീരമായ ഷോട്ട് തിരഞ്ഞെടുക്കല്‍ നീക്കങ്ങളുമായി ഓസീസ് പ്രതീക്ഷകളെ സ്റ്റോക്‌സ് അമ്പരപ്പിക്കും വിധമാണ് തച്ചുതകര്‍ത്ത് ഇല്ലാതാക്കിയത്. എക്കാലത്തേയും മികച്ച ടെസ്റ്റ് ഇന്നിങ്‌സുകളിലൊന്നു കൂടിയായി ഈ പ്രകടനം മാറി.
കറുത്ത അധ്യായമായ റണ്ണൗട്ട്
2023ലെ ആഷസിലാണ് ജോണി ബെയര്‍സ്‌റ്റോയുടെ ഈ വിവാദ റണ്ണൗട്ട്. പന്ത് പ്രതിരോധിച്ച ശേഷം ക്രീസ് വിട്ട് എതിര്‍ ക്രീസിലുണ്ടായിരുന്ന ബെന്‍ സ്‌റ്റോക്‌സുമായി സംസാരിക്കാന്‍ ക്രീസില്‍ നിന്നു ഇറങ്ങി നടന്ന ബെയര്‍സ്റ്റോയെ ഓസീസ് താരങ്ങള്‍ റണ്ണൗട്ടാക്കുന്നു. അംപയര്‍ ഔട്ട് വിളിച്ചതോടെയാണ് വലിയ വിവാദങ്ങളിലേക്ക് സംഭവം മാറിയത്. അംപയര്‍മാരെ സംബന്ധിച്ചു അവര്‍ നിയമത്തിന്റെ വഴിക്കു പോയെന്നു പറയാം. എന്നാല്‍ കളിയുടെ മാന്യതയ്ക്കു നിരക്കുന്നതായിരുന്നില്ല ഓസീസ് പ്രവൃത്തി എന്നതായിരുന്നു വലിയ ആക്ഷേപമായി ആരാധകര്‍ ഉയര്‍ത്തിയത്. വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഈ റണ്ണൗട്ട് വഴിയൊരുക്കി. ഇതോടെ ഓസീസ് താരങ്ങള്‍ക്കെതിരെ അധിക്ഷേപ വാക്കുകളുമായി രാഷ്ട്രീയക്കാരടക്കം രംഗത്തെത്തി. ആഷസിന്റൈ ചരിത്രത്തിലെ സമീപകാലത്തുണ്ടായ കറുത്ത അധ്യായമായിരുന്നു ഈ റണ്ണൗട്ട്.
ചാരച്ചെപ്പ് ഓസീസിന്റെ കൈയില്‍
2017 മുതല്‍ ഓസട്രേലിയയ്ക്കാണ് ആധിപത്യം. കിരീടം അവര്‍ പിന്നീട് വിട്ടുകൊടുത്തിട്ടില്ല. സ്വന്തം നാട്ടില്‍ പരമ്പര വിജയങ്ങള്‍ അവര്‍ ആവര്‍ത്തിച്ചപ്പോള്‍ ഇംഗ്ലീഷ് മണ്ണില്‍ പരമ്പരയില്‍ സമനിലയും പിടിച്ചാണ് ഓസീസ് കപ്പ് ഇപ്പോഴും കൈയില്‍ വച്ചിരിക്കുന്നത്. 2011നു ശേഷം ഓസീസ് മണ്ണില്‍ ഒരു ആഷസ് ടെസ്റ്റ് പോലും ഇംഗ്ലണ്ട് ജയിച്ചിട്ടില്ല. 2013- 14 സീസണില്‍ 5-0ത്തിനു ഇംഗ്ലണ്ട് ദയനീയമായി പരാജയപ്പെട്ടു. 2017-18ലും 2021-22ലും ഇംഗ്ലണ്ടിന്റെ തോല്‍വി 4-0ത്തിനുമായിരുന്നു. 2010-11 സീസണില്‍ ഓസീസിനെ വീഴ്ത്തിയതാണ് ഇംഗ്ലണ്ടിന്റെ അവസാന നേട്ടം. 1989ല്‍ ഇംഗ്ലണ്ടില്‍ കിരീടം തിരിച്ചു പിടിച്ച ശേഷം ഓസീസ് സ്വന്തം മണ്ണില്‍ ആദ്യമായി തോല്‍ക്കുന്ന ഏക ആഷസ് ടെസ്റ്റായിരുന്നു 2011ലേത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates