ബെൻ സ്റ്റോക്സിന്റെ ബൗളിങ്, Ashes x
Sports

പെര്‍ത്തില്‍ ബാറ്റര്‍മാരുടെ ഘോഷയാത്ര; ആഷസിന്റെ ആദ്യ ദിനം വീണത് 19 വിക്കറ്റുകള്‍!

ഇംഗ്ലണ്ടിനെ ഓസീസ് എറിഞ്ഞു വീഴ്ത്തി, അതേ നാണയത്തില്‍ ഇംഗ്ലീഷ് തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ബൗളര്‍മാരുടെ സമ്പൂര്‍ണ ആധിപത്യം. ഇരു ടീമുകളിലേയും ബാറ്റര്‍മാര്‍ ഔട്ടായി ഘോഷയാത്ര നടത്തുന്ന കാഴ്ചയായിരുന്നു ആദ്യ ദിനത്തില്‍ പെര്‍ത്തിൽ. ആദ്യ ദിനത്തില്‍ വീണത് 19 വിക്കറ്റുകള്‍.

ഇംഗ്ലണ്ടിനെ 172 റണ്‍സില്‍ ഒതുക്കി ഓസ്‌ട്രേലിയ ഗംഭീര തുടക്കമിട്ടപ്പോള്‍ അതിനേക്കാള്‍ വലിയ കൂട്ടത്തകര്‍ച്ചയാണ് തങ്ങളെ കാത്തിരിക്കുന്നതെന്നു അവര്‍ അറിഞ്ഞില്ല. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന പരിതാപകരമായ സ്ഥിതിയില്‍. ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ഓസീസിനു ഇനിയും 49 റണ്‍സ് കൂടി വേണം. കളി നിലവില്‍ ഇംഗ്ലണ്ടിന്റെ പിടിയില്‍.

പേസര്‍മാര്‍ കളം വാണ പിച്ചില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ മാരക ബൗളിങാണ് ഓസീസ് ബാറ്റിങിന്റെ കടപുഴക്കിയത്. 6 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയാണ് സ്‌റ്റോക്‌സ് 5 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ജോഫ്ര ആര്‍ച്ചര്‍, ബ്രയ്ഡന്‍ കര്‍സ് എന്നിവര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി ക്യാപ്റ്റനെ കട്ടയ്ക്ക് പിന്തുണച്ചു.

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുന്‍പ് തന്നെ അവര്‍ക്ക് ഓപ്പണര്‍ ജാക് വെതറാള്‍ഡിനെ നഷ്ടമായി. അരങ്ങേറ്റ ടെസ്റ്റിനു ഇറങ്ങിയ താരത്തിനു 2 പന്തുകള്‍ മാത്രമാണ് നേരിടാനായത്. പൂജ്യം റണ്‍സുമായി താരം മടങ്ങി. സ്‌കോര്‍ 83ല്‍ എത്തുമ്പോഴേയ്ക്കും അവര്‍ക്ക് 6 വിക്കറ്റുകള്‍ നഷ്ടമായി.

26 റണ്‍സെടുത്ത അലക്‌സ് കാരിയാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. കാമറോണ്‍ ഗ്രീന്‍ (24), ട്രാവിസ് ഹെഡ് (21), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (17), മിച്ചല്‍ സ്റ്റാര്‍ക്ക് (12) എന്നിവരാണ് രണ്ടക്കം കടന്നവര്‍. മറ്റാരും ക്രീസില്‍ അധികം നിന്നില്ല.

ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അവരുടെ കണക്കുകൂട്ടല്‍ മൊത്തം പിഴച്ചു. ആദ്യ ദിനം 32.5 ഓവറുകള്‍ ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് പുറത്തായി. ഏഴ് വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ട് ബാറ്റര്‍മാരെ എറിഞ്ഞ് വീഴ്ത്തിയത്.

ഇംഗ്ലണ്ടിന് തുടക്കത്തിലെ വന്‍ തകര്‍ച്ച നേരിട്ടു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് 67 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി.

ഒലി പോപ്പും ഹാരി ബ്രൂക്കും ചേര്‍ന്ന അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി കാമറൂണ്‍ ഗ്രീന്‍ ഇംഗ്ലണ്ടിന് നാലാം പ്രഹരമേല്‍പ്പിച്ചു. താളത്തില്‍ കളിച്ച ബ്രൂക്കിനെ ഡൊഗ്ഗെറ്റും പുറത്താക്കി. 52 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ഇന്നിങ്സ് തുടക്കത്തിലെ 3 മുന്‍നിര വിക്കറ്റുകള്‍ പിഴുത് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ടിന്റെ പതനത്തിന് തുടക്കമിട്ടത്. സാക് ക്രൗളി(0), ബെന്‍ ഡക്കറ്റ് (21), ജോ റൂട്ട് (0), എന്നിവരെയാണ് സ്റ്റാര്‍ക്ക് ആദ്യം പുറത്താക്കിയത്. അതിനിടെ കാമറൂണ്‍ ഗ്രീന്‍ ഒലി പോപ്പിനെയും (46) മടക്കി. ലഞ്ചിന് ശേഷം ബെന്‍സ്റ്റോക്സിനെയും (6) ജാമി സ്മിത്തിനെയും (33) മാര്‍ക്ക് വുഡിനെയും (0) സ്റ്റാര്‍ക് തന്നെ വീഴ്ത്തി. ഡോഗ്ഗെറ്റ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഇതോടെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 172 റണ്‍സില്‍ ഒതുങ്ങി. ഡോഗ്ഗെറ്റ് അരങ്ങേറ്റ ടെസ്റ്റിനാണ് ഇറങ്ങിയത്.

Ashes: Ben Stokes has run through the lower middle-order. getting the big wicket of Travis Head, Cameron Green and Mitchell Starc.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ സുരേഷ് ഗോപിയുടെ മേയര്‍ സ്ഥാനാര്‍ഥിയെ മാറ്റി; ഡോ. വി ആതിരക്കു പകരം ശ്രീവിദ്യ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 28 lottery result

വിവാഹിതയാകുന്നു! സഹ താരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്ത് മോതിരമിട്ട കൈ ഉയര്‍ത്തി സ്മൃതി മന്ധാന (വിഡിയോ)

'ഇങ്ങനെ സ്വയം ട്രോളാനും ഒരു റേ‍ഞ്ച് വേണം'; വാർ 2 പരാജയത്തെക്കുറിച്ച് പറഞ്ഞ ഹൃത്വിക്കിനോട് ആരാധകർ

ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കരുത്

SCROLL FOR NEXT