ഗാബ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് പോരാട്ടത്തിലെ പ്ലെയിങ് ഇലവനില്‍ നിന്നു ഒഴിവാക്കിയതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പ് ഓസ്‌ട്രേലിയന്‍ വെറ്ററന്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍. 2012നു ശേഷം ഇതാദ്യമായാണ് ഓസീസ് മണ്ണിലെ ഒരു ടെസ്റ്റ് പോരാട്ടത്തില്‍ ലിയോണ്‍ പ്ലെയിങ് ഇലവനില്‍ അംഗമാകാതെ പോയത്. തുടരെ 69 ഹോം മത്സരങ്ങളാണ് ലിയോണ്‍ ഇതുവരെ കളിച്ചത്. 13 വര്‍ഷങ്ങള്‍ക്കിപ്പുറം അതിനാണ് വിരാമം വന്നത്. ക്രിക്കറ്റ് ലോകത്തെ ആകെ അമ്പരപ്പിച്ചാണ് ഓസീസ് രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്.
ടെസ്റ്റില്‍ 562 വിക്കറ്റുകള്‍ വീഴ്ത്തിയ ലിയോണിനു പകരം ഓസീസ് കളിപ്പിച്ചത് മിച്ചല്‍ നെസര്‍ എന്ന പേസറെയാണ്. സ്പിന്നര്‍മാരില്ലാതെ പേസ് അറ്റാക്കുമായാണ് രണ്ടാം ടെസ്റ്റില്‍ ഓസീസ് ഇറങ്ങിയത്. പകല്‍- രാത്രി നടക്കുന്ന പിങ്ക് പന്തിലെ പോരാട്ടമാണ് രണ്ടാം ടെസ്റ്റ്. അതിനാല്‍ തന്നെ പേസ് അറ്റാക്കുള്ള സംഘം മതിയെന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ തീരുമാനമാണ് ലിയോണിന്റെ വഴിയടച്ചത്.
വൃത്തികെട്ട തീരുമാനമെന്നാണ് ഉഗ്ര ദേഷ്യത്തില്‍ താരം പ്രതികരിച്ചത്. 7ക്രിക്കറ്റ് എന്ന ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിരാശ മറച്ചു വയ്ക്കാതെ തുറന്നടിച്ചത്.
ഓസീസ് പിച്ചുകള്‍ സമീപ കാലത്ത് കൂടുതല്‍ പേസ് അനുകൂലമായാണ് ഒരുക്കുന്നത്. അത് ലിയോണിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം പരിമിതപ്പെടുത്തുന്നുണ്ടെന്നു ദേശീയ സെലക്ഷന്‍ പാനല്‍ തലവന്‍ ജോര്‍ജ് ബെയ്‌ലി പ്രതികരിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യം ടീം മാനേജ്‌മെന്റ് സംസാരിച്ചിട്ടില്ലെന്നാണ് ലിയോണ്‍ പറയുന്നത്.
'എല്ലായ്‌പ്പോഴും എന്നതു പോലെ 12 മണിക്കു ഞാന്‍ ഗ്രൗണ്ടിലെത്തി. 12.30നു പ്ലെയിങ് ഇലവനില്‍ ഇല്ലെന്ന് അറിഞ്ഞു. തീരുമാനം വൃത്തികെട്ടതായിപ്പോയി. പക്ഷേ മറ്റൊന്നും ചെയ്യാനില്ലല്ലോ.'
'സത്യത്തില്‍ ഞാന്‍ പരിശീലകന്‍ മക്‌ഡൊണാള്‍ഡുമായും ജോര്‍ജ് ബെയ്‌ലിയുമായും സംസാരിച്ചിട്ടു പോലുമില്ല. ഇപ്പോള്‍ അവര്‍ക്കൊപ്പം ഇരിക്കാനും താത്പര്യമില്ല. ഒരു ടെസ്റ്റ് പോരാട്ടം നഷ്ടപ്പെടുന്ന ആദ്യ കളിക്കാരനല്ല. അവസാനത്തെ കളിക്കാരനുമായിരിക്കില്ല. എന്നാല്‍ ഓസീസ് ക്രിക്കറ്റിനായി ഇതുപോലൊരു വേദിയില്‍ മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. പ്ലെയിങ് ഇലവനില്‍ നിന്നു ഒഴിവാക്കപ്പെട്ടതില്‍ വലിയ നിരാശയുണ്ട്'- താരം തുറന്നടിച്ചു.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഒരറ്റത്ത് കരുത്തോടെ പൊരുതിയ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ട് ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ 300 കടക്കുമോ എന്നു സംശയിച്ച സ്‌കോര്‍ ഈ നിലയ്ക്കെത്തിച്ചത് അവസാന വിക്കറ്റില്‍ ഒന്നിച്ച റൂട്ട്- ജോഫ്ര ആര്‍ച്ചര്‍ സഖ്യത്തിന്റെ കൂറ്റനടികളാണ്. ഇരുവരും ചേര്‍ന്നു പിരിയാത്ത പത്താം വിക്കറ്റില്‍ 61 റണ്‍സ് അതിവേഗം ചേര്‍ത്തതോടെയാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടന്നത്.
40ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് ഗാബയില്‍ കുറിച്ചത്. ഈ ടെസ്റ്റ് സെഞ്ച്വറിക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്. ഓസീസ് മണ്ണില്‍ കരിയറില്‍ ആദ്യമായാണ് റൂട്ട് ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 202 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്സും സഹിതം റൂട്ട് 135 റണ്‍സുമായി പുറത്താകാതെ നിന്നു.
അവസാന സ്ഥാനത്തിറങ്ങിയ ജോഫ്ര ആര്‍ച്ചര്‍ കൂറ്റനടികളുമായി റൂട്ടിനൊപ്പം നിന്നതോടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 300 കടന്നത്. താരം 26 പന്തില്‍ 2 സിക്സും 1 ഫോറും സഹിതം 32 റണ്‍സ് വാരിയും ക്രീസില്‍ നില്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates