കൊൽക്കത്ത: ഐപിഎല്ലിൽ മികച്ച പരിശീലകനെന്ന പേരെടുത്ത ആളാണ് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. കന്നി വരവിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ ചാംപ്യൻമാരാക്കിയ നെഹ്റ ടീമിനെ രണ്ട് തവണ രണ്ടാം സ്ഥാനത്തും എത്തിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാൻ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് ശ്രദ്ധേയ മറുപടിയാണ് അദ്ദേഹം നൽകിയത്. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ വാർഷിക അവാർഡ്ദാന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പങ്കിട്ട മറുപടികളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴി തുറന്നരിക്കുന്നത്.
'ഞാൻ ഭാവിയിലേക്ക് വലിയ ലക്ഷ്യങ്ങളോ പ്ലാനുകളോ വയ്ക്കുന്ന ആളേ അല്ല. ആഗ്രഹം എന്ന വാക്ക് ഞാൻ പറയില്ല. എനിക്ക് പ്ലാനുകളും ഇല്ല. ഇന്ത്യൻ ടീം പരിശീലകൻ എന്നത് വലിയ ബഹുമതിയും പദവിയുമാണ്. പക്ഷേ അതൊന്നും ഞാൻ മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടില്ല. ഭാവിയിൽ എന്ത് സംഭവിക്കും എന്നു നമുക്ക് നോക്കാം. നിലവിൽ ഞാൻ സതൃപ്തനായ മനുഷ്യനാണ്.'
'ഗുജറാത്ത് ടൈറ്റൻസിന്റെ മികവ് ചൂണ്ടിക്കാട്ടി പലരും ഞാൻ മികച്ച പരിശീലകനാണെന്നു പറയാറുണ്ട്. എന്നാൽ അതിന്റെ ക്രെഡിറ്റ് എനിക്കല്ല. ടീമാണ് വിജയിക്കുന്നത്. ഇന്ത്യയിൽ പ്രത്യേകിച്ച് ടീമിന്റെ നേട്ടങ്ങൾ സംസാരിക്കുമ്പോൾ ക്യാപ്റ്റനും കോച്ചുമൊക്കെയാണ് അതിനു മുന്നിൽ നിൽക്കുന്നത് എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ അതിനോട് എനിക്ക് യോജിപ്പില്ല.'
'ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി ഭാവിയിൽ ക്ഷണം കിട്ടിയാലും അത് സ്വീകരിക്കുന്നതിനു മുൻപ് പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. അതിൽ പ്രധാനം കുടുംബമാണ്. എന്റെ ഹൈ കമ്മീഷൻ (ഭാര്യ) ഇക്കാര്യത്തിൽ സമ്മതം തരേണ്ടതുണ്ട്. അല്ലെങ്കിൽ എന്നെ അവർ ഡിവോഴ്സ് ചെയ്തുകളയും. കാരണം അന്താരാഷ്ട്ര ടീമിനൊപ്പം വർഷത്തിൽ എട്ട് മുതൽ ഒൻപത് മാസം വരെ യാത്ര ചെയ്യേണ്ടി വരും. എന്നെ സംബന്ധിച്ച് അത് അത്ര എളുപ്പമുള്ള കാര്യമല്ല.' (തമാശയായി നെഹ്റ പറഞ്ഞു).
'അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കോച്ചിന് വരുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളും തുടർ യാത്രകളുമൊക്കെ കാരണം വളരെ ചുരുക്കം ചില ആളുകൾക്ക് മാത്രമാണ് ആ സ്ഥാനം വഹിക്കാൻ സാധിക്കുന്നത്. അതു തന്നെ മൂന്നോ നാലോ വർഷം മാത്രമായിരിക്കും'- നെഹ്റ ചൂണ്ടിക്കാട്ടി.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ കന്നി വരവിൽ 2022ലാണ് നെഹ്റ ചാംപ്യൻമാരാക്കിയത്. 2023, 2026 വർഷങ്ങളിൽ ടീം ഫൈനലിലുമെത്തി. ഒരു ഫുട്ബോൾ പരിശീലകൻ എങ്ങനെയാണോ ഡഗൗട്ടിൽ നിന്നു കളിയിൽ ഇടപെടുന്നത് സമാന രീതി ക്രിക്കറ്റിൽ പരീക്ഷിച്ച് വിജയിച്ച കോച്ച് കൂടിയാണ് നെഹ്റ. മറ്റുള്ള പരിശീലകർ ലാപ് ടോപ്പിനു മുന്നിൽ ഇരുന്ന് തന്ത്രം മെനയുമ്പോൾ ബൗണ്ടറി ലൈനിനു സമീപം നിന്നു കളിയുടെ ഗതി നോക്കി താരങ്ങൾക്ക് നിർദ്ദേശം നൽകുന്നതടക്കമുള്ള ശൈലി ക്രിക്കറ്റിൽ പോപ്പുലറാക്കിയതിന്റെ ക്രെഡിറ്റും നെഹ്റയ്ക്കു തന്നെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates