കൊച്ചി: ഏഷ്യന്‍ ഗെയിംസ് ലോങ് ജംപില്‍ ഇന്ത്യയുടെ അഭിമാനമായി മലയാളി താരം ശ്രീ ശങ്കര്‍ വെള്ളി നേടിയപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ടിസി യോഹന്നാന്റെ നേട്ടങ്ങളുമായി സമാനതകള്‍ ഏറെ. 8.07 മീറ്റര്‍ ചാടിയാണ് ഇന്ന് നാഗോവില്‍ ശ്രീ ശങ്കര്‍ വെള്ളി നേടിയത്. 52 വര്‍ഷം മുന്‍പ് ഇതേദൂരം ചാടിയാണ് തെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ടിസി യോഹന്നാന്‍ സ്വര്‍ണം നേടിയത്. ഇരുവരുടെയും സമാനതകള്‍ വ്യക്തമാക്കുന്ന ഡോ. മുഹമ്മദ് അഷ്‌റഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.
തെഹ്‌റാനില്‍ ചരിത്രം കുറിച്ച ടിസി യോഹന്നാനെ പോലെ തന്നെയായിരുന്നു ശ്രീശങ്കറും. രണ്ടാമത്തെ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ 8.07 മീറ്റര്‍ ചാടി. 'ഒരേ ദൂരം. ഒരേ വേദന. രണ്ടുപേരും മലയാളികള്‍. ഒരാള്‍ക്ക് സ്വര്‍ണമായി മാറിയ 8.07, മറ്റൊരാള്‍ക്ക് വെള്ളിയായി മാറിയ 8.07' കുറിപ്പില്‍ പറയുന്നു.
നാഗോവില്‍ രണ്ടാം ശ്രമത്തില്‍ 8.07 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നെങ്കിലും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. നാലാം ശ്രമത്തിനിടെ താരത്തിന്റെ കാലിനു പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച്, ആറ് റൗണ്ടുകളില്‍ ശ്രീശങ്കര്‍ മത്സരിച്ചിരുന്നില്ല. എങ്കിലും മറ്റു താരങ്ങളൊന്നും ശ്രീശങ്കറിനെ മറികടക്കാതിരുന്നതോടെ താരം വെള്ളി സ്വന്തമാക്കുകയായിരുന്നു. ആദ്യ ശ്രമത്തില്‍ 7.66 മീറ്ററും, മൂന്നാം ശ്രമത്തില്‍ 7.56 മീറ്ററുമാണ് ശ്രീശങ്കര്‍ ചാടിയത്. 8.17 മീറ്റര്‍ ദൂരം ചാടിയ ചൈനയുടെ ഷി യുഹാവോയ്ക്കാണ് ഈയിനത്തില്‍ സ്വര്‍ണം.
കുറിപ്പിന്റെ പൂര്‍ണരൂപം
8.07 അര നൂറ്റാണ്ടിന്റെ സമാനത! ഒരേ ദൂരം. ഒരേ വേദന
1974 സെപ്റ്റംബര്‍ 12, ടെഹ്റാന്‍
കേരളത്തിന്റെ സ്വന്തം ടി.സി. യോഹന്നാന്‍ ഫൈനലിനിറങ്ങുമ്പോള്‍ ഇടതു കാലിന്റെ പെരുവിരലിന്റെ എല്ലിന് പൊട്ടലാണ്. ആദ്യ ചാട്ടം 7.25ാ. വേദന കൊണ്ട് പുളയുന്നു. ട്രാക്കില്‍ വെച്ച് തന്നെ പെയിന്‍കില്ലര്‍ ഇന്‍ജക്ഷന്‍ എടുക്കുന്നു. രണ്ടാം ചാട്ടം 7.80ാ. മൂന്നാമത്തേത് ഫൗള്‍. നാലാം ചാട്ടത്തില്‍ ചരിത്രം പിറന്നു - *8.07 മീറ്റര്‍!* ഏഷ്യയില്‍ ആദ്യമായി 8 മീറ്റര്‍ കടക്കുന്ന മനുഷ്യന്‍. ആ റെക്കോര്‍ഡ് 30 വര്‍ഷം ഇന്ത്യയില്‍ ആരും തൊട്ടില്ല, സ്വര്‍ണം!
2026 സെപ്റ്റംബര്‍ 28, ഐച്ചി-നാഗോവ്
52 വര്‍ഷങ്ങള്‍ക്ക് ശേഷം, അതേ 8.07 മീറ്റര്‍! മുരളി ശ്രീശങ്കര്‍ രണ്ടാം ശ്രമത്തില്‍ 8.07ാ ചാടി രണ്ടാമതെത്തി. നാലാം ശ്രമത്തില്‍ ലാന്‍ഡിങ്ങിനിടെ തെന്നി വീണു, കണങ്കാലിന് പരിക്ക്. വേദന സഹിക്കാനാവാതെ സ്‌പൈക്ക് ഊരി. മെഡിക്കല്‍ ടീം നോക്കാന്‍ പറഞ്ഞിട്ടും അവന്‍ ട്രാക്ക് വിട്ടില്ല. കടുത്ത വേദനയിലും പിടിച്ചുനിന്ന് വെള്ളി ഉറപ്പിച്ചു.
ഒരേ ദൂരം. ഒരേ വേദന. രണ്ടുപേരും മലയാളികള്‍. ഒരാള്‍ക്ക് സ്വര്‍ണമായി മാറിയ 8.07, മറ്റൊരാള്‍ക്ക് വെള്ളിയായി മാറിയ 8.07.
യോഹന്നാന്‍ ടെഹ്റാനില്‍ ചാടിയത് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ തുടക്കമായിരുന്നു എങ്കില്‍, ശ്രീശങ്കര്‍ നാഗോവില്‍ ചാടിയത് അതിന്റെ തുടര്‍ച്ചയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates