തിരുവനന്തപുരം: മൂന്ന് വര്‍ഷത്തിന് ശേഷം ക്രിക്കറ്റ് ആവേശത്തിലാണ് തലസ്ഥാനം. കളിക്കാരുടെ കൂറ്റന്‍ ഫ്‌ളെക്‌സുകളും നിരത്തുകളില്‍ നിറഞ്ഞ ആരാധകരും വമ്പന്‍ സുരക്ഷാ സന്നാഹങ്ങളുമെല്ലാമായി ആഘോഷ മൂഡിലായി കഴിഞ്ഞു നാട്.
7 മണിക്ക് ആരംഭിക്കുന്ന മത്സരത്തിനായി വൈകുന്നേരം 4.30 മുതല്‍ സ്‌റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും. 14 ഗേറ്റുകള്‍ വഴിയാണ് പ്രവേശനം. ടിക്കറ്റ് എടുത്തവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കൊണ്ടുവരണം. ടിക്കറ്റ് സ്‌കാന്‍ ചെയ്യുന്നതിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി പരിശോധിച്ചാവും സ്‌റ്റേഡിയത്തിനുള്ളിലേക്ക് കടത്തി വിടുക.
സുരക്ഷയ്ക്കായി പൊലീസും സ്വകാര്യ സെക്യൂരിറ്റിക്കാരും
മാസ്‌ക് ധരിക്കാത്തവര്‍ക്ക് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടാവില്ല. തീപ്പെട്ടി, സിഗരറ്റ്, മൂര്‍ച്ചയേറിയ സാധനങ്ങള്‍, ഭക്ഷണം, വെള്ളം എന്നിവയും സ്റ്റേഡിയത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. പ്രകോപനപരമായ കാര്യങ്ങള്‍ എഴുതിയ വസ്ത്രങ്ങള്‍, ബാനറുകള്‍ എന്നിവയ്ക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല.
1500ല്‍ അധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സ്‌റ്റേഡിയവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഇതില്‍ ഭൂരിഭാഗം പൊലീസുകാരേയും വിന്യസിച്ചിരിക്കുന്നത്. കളിക്കാര്‍ താമസിക്കുന്ന കോവളത്തെ ടീം ഹോട്ടല്‍ മുതലുള്ള റൂട്ടുകളിലും നഗരത്തിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊലീസ് സുരക്ഷ ഒരുക്കുന്നതിനൊപ്പം കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വകാര്യ സെക്യൂരിറ്റിക്കാരേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറുന്നൂറോളം സ്വകാര്യ സെക്യൂരിറ്റിക്കാരാണ് സുരക്ഷക്കായി ഉണ്ടാവുക. ഗ്യാലറിയിലെ ഓരോ സ്റ്റാന്‍ഡിലും പൊലീസിനൊപ്പം സ്വകാര്യ സെക്യൂരിറ്റിക്കാരുടെ നിരീക്ഷണവും ഉണ്ടാവും.
120–150 രൂപയാണ് ചിക്കൻ ബിരിയാണിയുടെ വില
കളി കാണാനെത്തുന്നവർ ഭക്ഷണവും വെള്ളവും ഗാലറിയിലെ കൗണ്ടറുകളിൽ നിന്ന് വാങ്ങണം. 28 ഫുഡ് കൗണ്ടറുകളാണ് സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ളത്. ഇതിൽ 12 കൗണ്ടറുകൾ കുടുംബശ്രീയുടെതാണ്. ചിക്കൻ ബിരിയാണി, ചപ്പാത്തി, പെറോട്ട, ചിക്കൻ, വെജിറ്റബിൾ കറി എന്നിവയ്ക്കൊപ്പം സ്നാക്ക്സ്, ചായ എന്നിവയും ലഭിക്കും.
120–150 രൂപയാണ് ചിക്കൻ ബിരിയാണിയുടെ വില. ചപ്പാത്തിക്കും പെറോട്ടക്കുമൊപ്പം ചിക്കൻ കറി കൂടി ചേർന്നുള്ള കോംബോയ്ക്ക് 100 മുതൽ 150 രൂപ വരെയാണു വില. ചായ 10–15 രൂപയാണ്. വെള്ളത്തിനായി 17 കൗണ്ടറുകളാണ് ഉള്ളത്. കുപ്പിവെള്ളവും സോഫ്ട് ഡ്രിങ്സും ലഭിക്കും. ഇതിനെല്ലാം എംആർപി നിരക്കാണ്. അടപ്പ് പൊട്ടിച്ചു മാറ്റിയ ശേഷമായിരിക്കും കുപ്പിവെള്ളം നൽകുക. വെള്ളത്തോടെ കുപ്പി ഗ്രൗണ്ടിലേക്ക് വലിച്ചെറിയുന്ന സാഹചര്യം ഒഴിവാക്കാനുള്ള സുരക്ഷാ മുൻകരുതലെന്ന നിലയ്ക്കാണിത്.
മത്സരം ഉപേക്ഷിച്ചാൽ ആരാധകർക്ക് ടിക്കറ്റ് തുക മുഴുവൻ ലഭിക്കും
മത്സരത്തിനായി 22.5 കോടി രൂപയുടെ അപകട ഇൻഷുറൻസ് ആണ് കെസിഎ എടുത്തിരിക്കുന്നത്. മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചാൽ ആരാധകർക്ക് ടിക്കറ്റ് തുക മുഴുവൻ ലഭിക്കും. കാണികൾക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുന്നതിനുൾപ്പെടെ 8 കോടി രൂപയുടെ ഇൻഷുറൻസും ഉണ്ട്.
35000 പേരെ ഉൾക്കൊള്ളാനാവുന്നതാണ് കാര്യവട്ടം സ്റ്റേഡിയം. നാല് സ്ഥലങ്ങളിലാണ് പാർക്കിങ്. മത്സരം കാണാനെത്തുന്നവർക്ക് സ്പോർട്സ് ഹബ് സ്റ്റേഡിയത്തിന്റെ മുൻവശം, കാര്യവട്ടം കേരള യൂണിവേഴ്സിറ്റി ക്യാംപസ്, കാര്യവട്ടം ഗവ.കോളജ്, എൽഎൻസിപിഇ എന്നിവിടങ്ങളിൽ കാറും ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാം. പാർക്കിങ് ഫീസ് നൽകേണ്ടതില്ല. ഇവിടങ്ങളിൽ വാഹനം പാർക്ക് ചെയ്ത ശേഷമേ സ്റ്റേഡിയത്തിലേക്കു വരാനാകൂ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates