australia women vs india women x
Sports

ഹർമൻപ്രീതിന്റെ പോരാളികൾ; മൈറ്റി ഓസീസിനെ വീഴ്ത്തി മധുര പ്രതികാരം! ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

ജെമിമ റോഡ്രിഗസ് പുറത്താകാതെ 127 റണ്‍സ്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനല്‍ നവംബര്‍ 2ന്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2017 ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ഇത്തവണത്തെ സെമിയില്‍ മധുര പ്രതികാരം ചെയ്ത് ഇന്ത്യന്‍ വനിതകള്‍. നിലവിലെ ചാംപ്യന്‍മാരായ മൈറ്റി ഓസീസിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ വനിതാ ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനലില്‍. സെമിയില്‍ 5 വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നേടിയത് 338 റണ്‍സ് കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 48.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സ് അടിച്ചെടുത്താണ് മറുപടി പറഞ്ഞത്. കന്നി ഏകദിന ലോകകപ്പ് കിരീടമെന്ന ഇന്ത്യന്‍ വനിതകളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് ഇനി ഒറ്റ ജയത്തിന്റെ അകലം മാത്രം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.

ഉജ്ജ്വല സെഞ്ച്വറിയുമായി കളം വാണു പുറത്താകാതെ നിന്നു പൊരുതിയ ജെമിമ റോഡ്രിഗസിന്റെ ഐതിഹാസിക ഇന്നിങ്‌സ് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ വിജയത്തിനു ചാരുത നല്‍കുന്നു. 134 പന്തില്‍ 14 ഫോറുകള്‍ സഹിതം ജെമിമ 127 റണ്‍സ് കണ്ടെത്തി.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനു അര്‍ഹിച്ച സെഞ്ച്വറി 11 റണ്‍സ് അകലെ നഷ്ടമായി. താരം 10 ഫോറും 2 സിക്‌സും തൂക്കി 89 റണ്‍സില്‍ മടങ്ങി. ഇരുവരും ചേര്‍ന്ന 3ാം വിക്കറ്റ് കൂട്ടുകെട്ടാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. 167 റണ്‍സ് ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്.

17 പന്തില്‍ 3 ഫോറുകള്‍ സഹിതം 24 റണ്‍സെടുത്ത ദീപ്തി ശര്‍മ, 16 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 26 റണ്‍സ് വാരിയ റിച്ച ഘോഷ് എന്നിവരുടെ വെടിക്കെട്ടും ജയത്തില്‍ നിര്‍ണായകമായി. ഒപ്പം 8 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു അമന്‍ജോത് കൗറും സ്‌കോറിലേക്ക് സംഭാവന നല്‍കി.

പ്രതിക റാവലിനു പകരം ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സീനിയര്‍ ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ ഷഫാലി വര്‍മയ്ക്കു തിളങ്ങാനായില്ല. ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ താരത്തെ നഷ്ടമായി. ഷഫാലിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. താരം 10 റണ്‍സ് മാത്രമാണ് എടുത്തത്. സ്‌കോര്‍ 59ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. സ്മൃതി മന്ധാന 24 പന്തില്‍ 24 റണ്‍സുമായി മടങ്ങി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സില്‍ ഓള്‍ ഔട്ടായി. ഫോബ് ലിച്ഫീല്‍ഡ് സെഞ്ച്വറിയും എല്ലിസ് പെറി, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഓസീസ് വനിതകള്‍ മികച്ച സ്‌കോറുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയ 400 കടക്കുമെന്നു തോന്നിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍ ഓസീസ് കുതിപ്പിനു കടിഞ്ഞാണിടുകയായിരുന്നു. അവസാന ഓവറില്‍ ഒരു റണ്ണൗട്ടടക്കം ഓസീസിന് 3 വിക്കറ്റുകളാണ് നഷ്ടമായത്.

2 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന കരുത്തുറ്റ നിലയില്‍ മുന്നേറിയ ഓസീസിന് 265ല്‍ എത്തുമ്പോഴേക്കും 6 വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ആഷ്‌ലി ഗാര്‍ഡ്‌നര്‍ നടത്തിയ വെടിക്കെട്ടാണ് സ്‌കോര്‍ 300 കടത്തിയത്.

22കാരിയായ ലിച്ഫീല്‍ഡിന്റെ മൂന്നാം ഏകദിന ശതകമാണിത്. കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ച് നേടി താരം ക്രീസ് വിട്ടു. 77 പന്തില്‍ താരം 100 റണ്‍സിലെത്തി. 17 ഫോറും 3 സിക്‌സും സഹിതം 93 പന്തില്‍ 119 റണ്‍സുമായി ലിച്ഫീല്‍ഡ് ഒടുവില്‍ പുറത്തായി. താരത്തെ പുറത്താക്കി അമന്‍ജോത് കൗറാണ് ഇന്ത്യക്ക് ആശ്വാസം പകര്‍ന്നത്.

എല്ലിസ് പെറി 88 പന്തില്‍ 77 റണ്‍സെടുത്തു. 6 ഫോറും 2 സിക്‌സും സഹിതമാണ് താരത്തിന്റെ അര്‍ധ സെഞ്ച്വറി.

പിന്നീട് തുടരെ വിക്കറ്റുകള്‍ വീണെങ്കിലും ആറാമതെത്തിയ ആഷ്‌ലി 45 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 63 റണ്‍സ് വാരിയാണ് സ്‌കോര്‍ 300 കടത്തിയത്.

ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം ആറാം ഓവറിലേക്ക് കടന്നപ്പോള്‍ മഴ വില്ലനായതോടെ കളി നിര്‍ത്തി വച്ചു. കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സെന്ന നിലയിലായിരുന്നു. മഴ മാറി മത്സരം പുനരാരംഭിച്ച ശേഷമാണ് ഓസീസ് 100 കടന്നത്.

ഓപ്പണറും ക്യാപ്റ്റനുമായ അലിസ ഹീലിയുടെ വിക്കറ്റാണ് ഓസീസിനു ആദ്യം നഷ്ടമായത്. താരം 15 പന്തില്‍ 5 റണ്‍സെടുത്തു. ക്രാന്തി ഗൗഡ് അലിസയെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ബെത് മൂണി (24), അന്നബെല്‍ സതര്‍ലാന്‍ഡ് (3), തഹില മഗ്രാത്ത് (12), കിം ഗാര്‍ത് (17), അലന കിങ് (4), സോഫി മൊണിനെക്‌സ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇന്ത്യക്കായി ശ്രീ ചരണി, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

australia women vs india women: Jemimah scores her third ODI hundred in Navi Mumbai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ

'ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല', പൊലീസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിലേക്ക്

അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്, എസ്‌ഐആറുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT