Scott Boland x
Sports

വിക്കറ്റ്, വിക്കറ്റ്, വിക്കറ്റ്! പിങ്ക് ബോളില്‍ ബോളണ്ട് ഹാട്രിക്ക് (വിഡിയോ)

വെസ്റ്റ് ഇന്‍ഡീസ് വെറും 27 റണ്‍സില്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കിങ്സ്റ്റണ്‍: ടെസ്റ്റില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ പേസര്‍ സ്‌കോട്ട് ബോളണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിനെ വെറും 27 റണ്‍സിനു ഓള്‍ ഔട്ടാക്കിയപ്പോള്‍ അതില്‍ മൂന്ന് വിക്കറ്റുകള്‍ തുടരെ വീഴ്ത്തിയത് ബോളണ്ടാണ്. 6 വിക്കറ്റെടുത്തു മിച്ചല്‍ സ്റ്റാര്‍ക്ക് ഒരറ്റത്ത് കൊയ്ത്ത് നടത്തുമ്പോഴാണ് സ്‌കോര്‍ 26ല്‍ എത്തിയപ്പോള്‍ താരം തുടരെ വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

14ാം ഓവറിലെ ആദ്യ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിനെ ബോളണ്ട് ബ്യു വെബ്‌സ്റ്ററുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ ഷമര്‍ ജോസഫിനെ വിക്കറ്റിന മുന്നില്‍ കുരുക്കി. മൂന്നാം പന്തില്‍ ജോമല്‍ വാറിക്കനെ താരം ക്ലീന്‍ ബൗള്‍ഡുമാക്കി.

ഒന്നാം ഇന്നിങ്‌സിലും താരം മികച്ച ബൗളിങ് പുറത്തെടുത്തിരുന്നു. ഒപ്പം ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് ആവറേജ് താരം 110 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തമാക്കിയാണ് നേട്ടത്തിലെത്തിയത്. പിന്നാലെയാണ് ഹാട്രിക്ക്.

69 വര്‍ഷത്തിനിടെ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായതിന്റെ നാണക്കേടും പേറിയാണ് വെസ്റ്റ് ഇന്‍ഡീസ് കളം വിട്ടത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്നതിന്റെ അപമാനത്തില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസ് കഷ്ടിച്ച് രക്ഷപ്പെട്ടു. 1955ല്‍ ഓക്ക്‌ലന്‍ഡില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 26 റണ്‍സിന് പുറത്തായ ന്യൂസിലന്‍ഡിന്റെ പേരിലുള്ള റെക്കോര്‍ഡില്‍ നിന്നാണ് വെസ്റ്റ് ഇന്‍ഡീസ് കഷ്ടിച്ച് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാത്രി ജമൈക്കയിലെ കിങ്സ്റ്റണിലെ സബീന പാര്‍ക്കില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാരെ എറിഞ്ഞിട്ട് ഓസ്ട്രേലിയ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. വെറും 204 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 27 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ 121 റണ്‍സിന് ഓള്‍ഔട്ടാക്കിയ വെസ്റ്റ് ഇന്‍ഡീസ് നാട്ടില്‍ ജയിക്കാമെന്ന പ്രതീക്ഷയോടെയാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ചുരുങ്ങിയ സ്‌കോറില്‍ വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടിയതോടെ 176 റണ്‍സിന്റെ വിജയമാണ് ഓസ്ട്രേലിയ നേടിയത്. മത്സരം മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്‌കോര്‍ 47 ആയിരുന്നു. 2004 ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലായിരുന്നു കുറഞ്ഞ സ്‌കോറിന്റെ റെക്കോര്‍ഡ്. ഇതും തിരുത്തി.

തന്റെ 100-ാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 9 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് വീഴ്ത്തിയത്. 15 പന്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍ക്ക് റെക്കോര്‍ഡ് ബുക്കിലും ഇടംപിടിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ അഞ്ച് വിക്കറ്റ് നേട്ടം എന്ന റെക്കോര്‍ഡ് ആണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. 400 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ ബൗളറായും സ്റ്റാര്‍ക്ക് മാറി. ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത്, നഥാന്‍ ലിയോണ്‍ എന്നിവരുടെ എലൈറ്റ് ക്ലബിലാണ് സ്റ്റാര്‍ക്കും ഇടംപിടിച്ചത്.

Scott Boland, West Indies vs Australia, 3rd Test at Kingston: Pacer Scott Boland grabbed everyone's attention with a marvelous hattrick against West Indies as Australia clinched the third Test of the three-match series by 176 runs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT