ന്യൂഡല്‍ഹി: ഐപിഎല്‍ 2027നായുള്ള ഒരുക്കങ്ങളിലാണ് ഫ്രാഞ്ചൈസികള്‍. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ മുഖ്യ പരിശീലകനായും യുവരാജ് സിങിനെ സഹ പരിശീലകനായും എത്തിച്ച്, ഋഷഭ് പന്തിനെ തിരികെ കൊണ്ടു വന്ന് മുഖം മിനുക്കിയാണ് വരും സീസണിന് തയ്യാറെടുക്കുന്നത്. എന്നാല്‍ ആരെ ക്യാപ്റ്റനാക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് ഇതുവരെ തീരുമാനം എടുക്കാന്‍ സാധിച്ചിട്ടില്ല. അടുത്ത മാസം നടക്കുന്ന മിനി ലേലത്തിനു മുന്‍പ് തീരുമാനം വരില്ല. എന്നാല്‍ ലേലം കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന ലക്ഷ്യത്തിലാണ് ഫ്രാഞ്ചൈസി ഉടമകള്‍.
കഴിഞ്ഞ രണ്ട് സീസണിലും സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ടീമിനെ നയിച്ചത്. എന്നാല്‍ തനിക്ക് ക്യാപ്റ്റനാകാന്‍ വയ്യെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അക്ഷര്‍. 2025ല്‍ അക്ഷറിനു കീഴില്‍ ടീം പ്ലേ ഓഫിനു തൊട്ടരികിലെത്തിയെങ്കിലും കടമ്പ കടന്നില്ല. ഇക്കഴിഞ്ഞ സീസണില്‍ ടീം ആറാം സ്ഥാനത്തുമാണ് എത്തിയത്. വ്യക്തിഗത മികവ് പുലര്‍ത്തുന്നതിലും അക്ഷര്‍ പരാജയപ്പെട്ടു. 14 കളിയില്‍ നിന്നു 173 റണ്‍സും 11 വിക്കറ്റും മാത്രമാണ് താരം നേടിയത്.
മറ്റ് ഫ്രാഞ്ചൈസികള്‍ അക്ഷറിനായി മികച്ച ട്രേഡ് ഓഫറുകള്‍ ഡല്‍ഹിക്ക് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ അതെല്ലാം അവര്‍ നിരസിച്ചു. അക്ഷറിനെ കൈവിടാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് ഡല്‍ഹി. താരം തന്നെ നയിക്കണമെന്ന ആഗ്രഹവും ഉടമകള്‍ക്കുണ്ട്. എന്നാല്‍ തന്നെ ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിലപാടില്‍ അക്ഷര്‍ ഉറച്ചു നിന്നതോടെയാണ് ഡല്‍ഹി വഴിമുട്ടി നില്‍ക്കുന്നത്. അക്ഷര്‍ ക്യാപ്റ്റനായില്ലെങ്കില്‍ പഴയ നായകന്‍മാരായ ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരില്‍ ഒരാളെ തന്നെ പരിഗണിക്കാനാണ് സാധ്യത.
'അക്ഷര്‍ ക്യാപ്റ്റനായി തുടരാന്‍ തീര്‍ത്തും വിമുഖത കാണിക്കുന്നുണ്ട്. മാനേജ്‌മെന്റ് അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. ഫ്രാഞ്ചൈസിയെ സംബന്ധിച്ച് അക്ഷര്‍ വളരെ നിര്‍ണായക താരമാണ്. ഈ സീസണില്‍ അദ്ദേഹത്തെ സ്വന്തമാക്കാനായി പല ടീമുകളുടേയും വന്‍കിട ട്രേഡ് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഡല്‍ഹി അതെല്ലാം നിരസിച്ചു. മിനി ലേലം കഴിഞ്ഞ ശേഷമേ എന്തായാലും ക്യാപ്റ്റനെ തീരുമാനിക്കു'- ടീമിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates