ഫുട്ബോൾ പോരാട്ടങ്ങൾ നടക്കുന്നതിനിടെ ആളുകൾ പിച്ച് കൈയേറുന്നതും മോശം കാലാവസ്ഥയിൽ കളി നിർത്തി വയ്ക്കുന്നതുമൊക്കെ സാധാരണമാണ്. എന്നാൽ ഉറുഗ്വെയിലെ രണ്ടാം ഡിവിഷൻ പോരാട്ടത്തിനിടെ നടന്നത് വിചിത്ര സംഭവങ്ങൾ. ഉറുഗ്വെ മോണ്ടെവീഡിയോയും പെയ്സാന്ദും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് സംഭവം. ഹൈവേക്ക് തൊട്ടരികിലുള്ള എസ്റ്റാഡിയോ പാർക്ക് എന്ന മൈതാനത്താണ് മത്സരം അരങ്ങേറിയത്.
ഈ മൈതാനത്തിനേയും ഹൈവേയേയും വേർതിരിച്ച് ഒരു കുഞ്ഞൻ മതിലുണ്ട്. മത്സരത്തിനിടെ ശക്തമായൊരു ക്ലിയറൻസിൽ പന്ത് മതിലിനു മുകളിലൂടെ ഹൈവേയിലേക്കാണ് പോയത്. തിരക്കേറിയ ഹൈവേയിലേക്ക് അപ്രതീക്ഷിതമായി എത്തിയ പന്ത് ഒരു കാറപകടത്തിനു കാരണമായി മാറിയതാണ് അമ്പരപ്പിച്ചത്. ഹൈവേയിലൂടെ ചീറിപ്പാഞ്ഞു പോകുന്ന കാറുകൾക്കിടയിലേക്ക് പെട്ടെന്നു പന്തെത്തിയപ്പോൾ ഡ്രൈവർമാർ അങ്കലാപ്പിലായി.
പന്തിന്റെ വരവിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതിന്റെ വിഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഹൈവേയിലേക്ക് പന്ത് വീഴുന്നത് കണ്ട് ഒരു വെള്ള കാറിന്റെ ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടുന്നു. അതോടെ പിന്നാലെ വന്ന മറ്റൊരു കാർ ഇതിൽ ഇടിക്കുകയായിരുന്നു.
മത്സരത്തിന്റെ ലൈവ് ടെലിവിഷൻ കാമറകൾ ഈ അപകടത്തിന്റെ വിഡിയോ പകർത്തുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ഇതു വ്യാപകമായി പ്രചരിച്ചതോടെയാണ് വൈറലായി മാറിയത്. ഭാഗ്യത്തിനു അപകടത്തിൽ കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കൊന്നും പറ്റിയില്ല.
വലിയ പ്രശ്നങ്ങളില്ലാതെ അവസാനിച്ചെങ്കിലും സ്റ്റേഡിയത്തിലെ മതിലിന്റെ ഉയരം കൂട്ടാൻ അധികൃതരെ നിർബന്ധിക്കുന്നതാണ് സംഭവം. ഇത്തരം അപകടങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ അധികൃതർ പുനരാലോചന നടത്തേണ്ട സമയം അതിക്രമിച്ചെന്നും അപകടം കാണിക്കുന്നു.
അപകടം ഉണ്ടായതോടെ മത്സരം നിർത്തി വച്ചു. അതിനു ശേഷം വീണ്ടും പുനരാരംഭിച്ചു. മത്സരത്തിൽ ഉറുഗ്വെ മോണ്ടെവീഡിയോ 1-0ത്തിനു വിജയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates