ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സ്പിന്നര്‍ നയീം ഹസനെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി ചറ്റോഗ്രാമിൽ വെച്ചാണ് സംഭവം. ധാക്ക പ്രീമിയര്‍ ഡിവിഷന് ക്രിക്കറ്റ് ലീഗില്‍ പ്രൈം ബാങ്ക് ക്രിക്കറ്റ് ക്ലബ്ബിന്റെ മത്സരത്തിന് ശേഷം ധാക്ക എയര്‍പോര്‍ട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു 25 കാരനായ നയീം ഹസന്. അതിനിടെയാണ് സംഭവം.
നയീമിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു.
ചറ്റോഗ്രാമിലെ ലാല്‍ഖാന്‍ ബസാറിനു സമീപം വെച്ച് പൊലീസ്, വാഹനം തടയുകയായിരുന്നു. ഈ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. യാതൊരു കാരണവുമില്ലാതെ പൊലീസ് തന്നോട് വളരെ മോശമായി പെരുമാറിയെന്ന് നയീം ആരോപിച്ചു. കഴുത്തിന് കുത്തിപ്പിടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍, തന്നെ മറ്റൊരു ഓട്ടോറിക്ഷയിലേക്ക് ബലമായി കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. കൂടെയുണ്ടായിരുന്നവരും നാട്ടുകാരും താന്‍ ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് താരമാണെന്ന് പറഞ്ഞിട്ടും പൊലീസ് അത് വകവെക്കാന്‍ കൂട്ടാക്കിയില്ലെന്നും നയീം പറയുന്നു.
'ഞാന്‍ ദേശീയ ടീം ക്രിക്കറ്റ് താരമാണെന്നു ആവര്‍ത്തിച്ച് പറഞ്ഞിട്ടും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ലാത്തിയും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ച് അവരെന്നെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് സ്റ്റേഷനിലെത്തി ഔദ്യോഗികമായി സ്വയം പരിചയപ്പെടുത്തിയപ്പോള്‍, താഴോട്ട് നോക്കി സംസാരിക്കാനാണ് സ്റ്റേഷന് ഇന്‍ ചാര്‍ജ് ആവശ്യപ്പെട്ടത്'- നയീം മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത താരം, അവര്‍ യഥാര്‍ഥ പൊലീസ് ഉദ്യോഗസ്ഥരാണെങ്കില്‍ ഔദ്യോഗിക വാഹനത്തിന് പകരം സിഎന്‍ജി ഓട്ടോറിക്ഷയില്‍ തന്നെ കൊണ്ടുപോകാന്‍ ശ്രമിച്ചതെന്തിനാണെന്ന ചോദ്യവും താരം ഉന്നയിച്ചു. സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം വേണമെന്നും താരം ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates