ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തിലെ കളി അവസാനിച്ചു. ടോസ് നേടി ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. ഒന്നാം ദിനം 85 ഓവറാണ് ഇന്ത്യ പന്തെറിഞ്ഞത്. കളി അവസാനിച്ചപ്പോള്‍ ഒന്നാം ദിനം കിവികള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയിലാണ്.
ക്യാപ്റ്റന്‍ ടോം ലാതമിനു പിന്നാലെ ടോം ബ്ലന്‍ഡലും അര്‍ധ സെഞ്ച്വറി നേടി. കളി നിര്‍ത്തുമ്പോള്‍ ടോം ബ്ലന്‍ഡല്‍ 6 ഫോറുകള്‍ സഹിതം 117 പന്തില്‍ 53 റണ്‍സുമായും ഗ്ലെന്‍ ഫിലിപ്‌സ് 64 പന്തില്‍ 5 ഫോറുകള്‍ സഹിതം 36 റണ്‍സുമായും ക്രീസില്‍. ഇരുവരും ചേര്‍ന്നു പിരിയാത്ത ആറാം വിക്കറ്റില്‍ 62 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്.
ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റെടുത്തു. അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു.
ബാറ്റിങിന് ഇറങ്ങിയ കിവികള്‍ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും ജസ്പ്രിത് ബുംറയ്ക്ക് മുന്നില്‍ പതറി രണ്ടിന്നിങ്സിലും പൂജ്യത്തിനു പുറത്തായ ക്യാപ്റ്റന്‍ ടോം ലാതം ഇത്തവണ ക്രീസില്‍ നങ്കൂരമിട്ട് നിന്നു. താരം അര്‍ധ സെഞ്ച്വറി നേടിയാണ് പുറത്തായത്.
79 പന്തുകള്‍ നേരിട്ട് 31 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയെയാണ് കിവികള്‍ക്ക് ആദ്യം നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാറാണ് ക്രീസില്‍ ഉറച്ച് മുന്നേറിയ ന്യൂസിന്‍ഡ് ഓപ്പണിങ് സഖ്യത്തെ പിളര്‍ത്തിയത്. സ്‌കോര്‍ 77ല്‍ എത്തിയപ്പോഴാണ് കോണ്‍വെ മടങ്ങിയത്.
രണ്ടാം വിക്കറ്റില്‍ ലാതമിനൊപ്പം ഹെന്റി നിക്കോള്‍സ് ചേര്‍ന്നതോടെ കിവികള്‍ അതിവേഗം മത്സരത്തിലേക്ക് തിരിച്ചെത്തി. ഇരുവരും ചേര്‍ന്നു സ്‌കോര്‍ 100 കടത്തി മുന്നേറുന്നതിനിടെ അടുത്ത പ്രഹരം. സ്‌കോര്‍ 110 ല്‍ നില്‍ക്കെ ലാതം മടങ്ങി. താരത്തെ ആകാശ് ദീപ് പുറത്താക്കി. 128 പന്തില്‍ 6 ഫോറുകള്‍ സഹിതം ലാതം 59 റണ്‍സുമായാണ് പുറത്തായത്. ലാതമിനെ പുറത്താക്കി ആകാശ് ദീപാണ് കളി വീണ്ടും ഇന്ത്യക്ക് അനുകൂലമാക്കിയത്.
സ്‌കോര്‍ 110ല്‍ നില്‍ക്കെ ലാതം, പിന്നാലെ ഹെന്റി നിക്കോള്‍സ്, രചിന്‍ രവീന്ദ്ര എന്നിവരെ കിവികള്‍ക്ക് തുടരെ നഷ്ടമായി. 110ല്‍ തുടരെ 3 വിക്കറ്റുകള്‍ നഷ്ടമായത് അവരെ ശരിക്കും ഞെട്ടിച്ചു. ലാതം പുറത്തായതിനു പിന്നാലെ അടുത്തടുത്ത ഓവറുകളില്‍ ഹെന്റി നിക്കോള്‍സ് (16), രചിന്‍ രവീന്ദ്ര (0) എന്നിവരാണ് മടങ്ങിയത്. അതിനിടെ ഒരു റണ്‍ പോലും ബോര്‍ഡില്‍ ചേര്‍ക്കാനും ആയില്ല. രചിന്‍ രവീന്ദ്രയെ റണ്ണെടുക്കും മുന്‍പ് മടക്കി ആകാശ് ദീപ് ഇന്ത്യക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. അതിനിടെ ഹെന്റി നിക്കോള്‍സിനെ അന്‍ഷുല്‍ കാംബോജും മടക്കി.
അഞ്ചാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍ ടോം ബ്ലന്‍ഡലിനെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് മുന്നോട്ടു നീക്കുന്നതിനിടെ കിവികള്‍ക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. ഡാരില്‍ മിച്ചലിനെ വാഷിങ്ടന്‍ സുന്ദര്‍ പുറത്താക്കി. താരം 74 പന്തില്‍ 4 ഫോറുകള്‍ സഹിതം 31 റണ്‍സെടുത്തു. സ്‌കോര്‍ 184 റണ്‍സിലെത്തിയപ്പോഴാണ് മിച്ചല്‍ പുറത്തായത്. പിന്നീടാണ് ആറാം വിക്കറ്റില്‍ ബ്ലന്‍ഡലും ഫിലിപ്‌സും ചേര്‍ന്നു കൂടുതല്‍ നഷ്ടമില്ലാതെ ഒന്നാം ദിനം പൂര്‍ത്തിയാക്കിയത്.
ഇന്ത്യ കഴിഞ്ഞ കളിയില്‍ നിന്നു ഒരു മാറ്റവുമായാണ് ഇറങ്ങിയത്. മുഹമ്മദ് സിറാജിനെ ഇന്നും കളിക്കാനിറക്കിയില്ല. പ്രസിദ്ധ് കൃഷ്ണയേയും ഒഴിവാക്കി. താരത്തിനു പകരം ഗുര്‍നൂര്‍ ബ്രാറിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates