ഫോട്ടോ: ട്വിറ്റർ 
Sports

വാതുവയ്പ് വെളിപ്പെടുത്തല്‍; സിംബാബ്‌വെ മുന്‍ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് വിലക്ക്

വാതുവയ്പ്പ് വെളിപ്പെടുത്തല്‍; സിംബാബ്‌വെ മുന്‍ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: സിംബാബ്‌വെ മുന്‍ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഐസിസി. വാതുവയ്പ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് പിന്നാലെയാണ് ടെയ്‌ലര്‍ക്ക് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയത്. മൂന്നര വര്‍ഷത്തേക്കാണ് താരത്തെ വിലക്കിയത്. വിലക്ക് വന്നതോടെ മൂന്നര വര്‍ഷത്തേക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും താരം വിട്ടുനില്‍ക്കേണ്ടി വരും.

അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തില്‍ താരം പങ്കാളിയാണെന്ന് സമ്മതിച്ചതായി ഐസിസി കണ്ടെത്തി. ഐസിസി അഴിമതി വിരുദ്ധ കോഡിന്റെ നാല് കുറ്റങ്ങളും ഐസിസി ഉത്തേജക വിരുദ്ധ കോഡ് ലംഘിച്ചതിനുമാണ് നടപടിയെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. 

ഒരു ഇന്ത്യന്‍ വ്യവസായി വാതുവയ്പ്പ് ആവശ്യവുമായി തന്നെ സമീപിച്ചെന്ന് കഴിഞ്ഞ ദിവസം ടെയ്‌ലര്‍ വെളിപ്പെടുത്തിയിരുന്നു. 2019ല്‍ നടന്ന കാര്യത്തെക്കുറിച്ചാണ് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) അറിയിക്കാന്‍ വൈകിയതുമൂലം തനിക്കെതിരെ വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടാകുമെന്നും ടെയ്‌ലര്‍ അറിയിച്ചിരുന്നു. താരം പ്രതീക്ഷിച്ചത് പോലെ തന്നെ ഇപ്പോള്‍ സംഭവിക്കുകയും ചെയ്തു. 

ടെയ്‌ലര്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ്

രണ്ട് വര്‍ഷത്തിലധികമായി ഞാനൊരു ഭാരം ചുമക്കുകയാണ്. ഇപ്പോഴത് എന്നെ വളരെ ഇരുണ്ട ഇടത്തേക്ക് എത്തിക്കുകയും എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുകയാണ്. വളരെ അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടും അടുത്തിടെ മാത്രമാണ് ഞാന്‍ എന്റെ കഥ പറഞ്ഞത്. അവരില്‍ നിന്ന് ഒരുപാട് പിന്തുണയും സ്‌നേഹവും ലഭിച്ചു. 
ഇത് വായിക്കാന്‍ അത്ര രസകരമായി തോന്നില്ല, എങ്കിലും ഐസിസി അധികം വൈകാതെ പുറത്തുവിടുന്ന ഒരു കണ്ടെത്തലിനെക്കുറിച്ച് ഒരു പ്രസ്താവന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

2019 ഒക്ടോബര്‍ അവസാനം എന്നെ ഒരു ഇന്ത്യന്‍ വ്യവസായി ബന്ധപ്പെട്ടു. പരസ്യക്കരാര്‍ സംസാരിക്കുന്നതിനും സിംബാബ്‌വെയില്‍ ഒരു ട്വന്റി20 ലീഗ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും വേണ്ടി അയാളുമായി കൂടിക്കാഴ്ച നടത്തി. യാത്രയ്ക്കായി 11 ലക്ഷത്തിലധികം രൂപ എനിക്ക് വാഗ്ദാനം ചെയ്തു. 

ഞാന്‍ കുറച്ച് ജാഗ്രത പുലര്‍ത്തിയിരുന്നു എന്നെനിക്ക് നിഷേധിക്കാന്‍ കഴിയില്ല. പക്ഷെ ആ സമയം സിംബാബ്‌വെ ക്രിക്കറ്റ് ഞങ്ങള്‍ക്ക് പ്രതിഫലം നല്‍കിയിട്ട് ആറ് മാസത്തിലധികം പിന്നിട്ടിരുന്നു. അന്താരാഷ്ട്ര തലത്തില്‍ സിംബാബ്‌വെ തിടര്‍ന്ന് കളിക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലുമായിരുന്നു. അതുകൊണ്ട് ഞാന്‍ ആ യാത്ര നടത്തി. അയാള്‍ പറഞ്ഞതനുസരിച്ച ചര്‍ച്ചകള്‍ നടന്നു. ഹോട്ടലിലെ അവസാന ദിവസം വ്യവസായിയും അയാളുടെ ഒപ്പമുണ്ടായിരുന്നവരും എന്നെ സെലിബ്രിറ്റി ഡിന്നറിനായി ക്ഷണിച്ചു. മദ്യവും ഉണ്ടായിരുന്നു. അന്ന് വൈകിട്ട് അവരെനിക്ക് കൊക്കെയിന്‍ നല്‍കി. ഞാന്‍ മണ്ടനായി ആ ചൂണ്ടയില്‍ വീണു. ആ രാത്രിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ ഇന്നും അസ്വസ്ഥനാകും. 

പിറ്റേന്ന് രാവിലെ അതേ ആളുകള്‍ എന്റെ മുറിയിലെത്തി. തലേന്ന് എടുത്ത ഒരു വിഡിയോ എന്നെ കാണിച്ചു. അവര്‍ക്കായി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒത്തുകളിച്ചില്ലെങ്കില്‍ ആ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ആ ആറ് പേര്‍ക്കൊപ്പം ഹോട്ടല്‍ മുറിയില്‍, എന്റെതന്നെ സുരക്ഷയില്‍ എനിക്ക് ഭയമുണ്ടായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒന്നിലേക്ക് ഞാന്‍ സ്വയം എത്തിപ്പെട്ടു. 

അവര്‍ പറഞ്ഞിരുന്ന 11 ലക്ഷം രൂപ നല്‍കി. പക്ഷെ ഒത്തുകളിക്കാനുള്ള അഡ്വാന്‍സ് ആണ് അതെന്ന് അവര്‍ പറഞ്ഞു. പറഞ്ഞ ജോലി പൂര്‍ത്തിയാക്കുമ്പോള്‍ 14 ലക്ഷത്തോളം വീണ്ടൂം നല്‍കുമെന്നും അവര്‍ പറഞ്ഞു. ആ പണം ഞാന്‍ വാങ്ങി അതുംകൊണ്ട് വിമാനത്തില്‍ കയറി ഇന്ത്യ വിട്ടു. എനിക്ക് മറ്റു വഴികളില്ലെന്ന് തോന്നി, കാരണം നോ പറയാന്‍ ഒരു സാഹചര്യവും മുന്നിലില്ലായിരുന്നു. അവിടെനിന്ന് പുറത്തുചാടണം എന്ന് മാത്രമേ എനിക്ക് അപ്പോള്‍ തോന്നിയൊള്ളു. 

വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ മാനസികമായും ശാരീരികമായും അസ്വസ്ഥനാക്കി. ആകെ കുഴഞ്ഞുമറിഞ്ഞ അസ്ഥയായിരുന്നു. എനിക്ക് ഷിംഗിള്‍സ് സ്ഥിരീകരിച്ചു, ശക്തമായ ആന്റീബയോട്ടിക്കുകള്‍ എടുക്കേണ്ടിവന്നു. 
ആ വ്യവസായിക്ക് അയാളുടെ നിക്ഷേപത്തിന് റിട്ടേണ്‍ വേണമായിരുന്നു, എന്നേക്കൊണ്ട് അത് സാധിക്കുമായിരുന്നില്ല. ഈ കുറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ എനിക്ക് നാല് മാസത്തോളം വേണ്ടിവന്നു. ആ കാലയളവ് ഒരുപാട് നീണ്ടുപോയി എന്നെനിക്ക് അറിയാം, പക്ഷെ എനിക്ക് എല്ലാവരെയും പ്രത്യേകിച്ച് എന്റെ കുടുംബത്തെ സംരക്ഷിക്കേണ്ടത് അത്യാവശ്യമായിരുന്നു. സ്വന്തമായി നിബന്ധനകള്‍ വച്ചാണ് ഞാന്‍ ഐസിസിയെ ബന്ധപ്പെട്ടത്. എന്റെ ആശങ്കയും സത്യസന്ധമായ ഭയവും തുറന്നുപറയുമ്പോള്‍ ഈ കാലതാമസം മനസ്സിലാക്കാന്‍ ഐസിസിക്ക് കഴിയും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. 

നിര്‍ഭാഗ്യവശാല്‍ അവര്‍ക്കതിന് കഴിഞ്ഞില്ല. പല അഴിമതി വിരുദ്ധ സെമിനാറുകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട് അതുകൊണ്ടുതന്നെ സമയം നിര്‍ണ്ണായകമാണെന്ന് എനിക്കറിയാം. ഞാന്‍ ഒരുതരത്തിലുമുള്ള ഒത്തുകളിയിലും ഭാഗമായിട്ടില്ല. ഞാന്‍ പലതും ചെയ്തിട്ടുണ്ടാകും പക്ഷെ ഒരു ചതിയന്‍ അല്ല. ക്രിക്കറ്റ് എന്ന മനോഹരമായ കളിയോടുള്ള എന്റെ സ്‌നേഹം എനിക്ക് നേരെയുള്ള ഭീഷണികളേക്കാള്‍ അധികമാണ്. 

ഐസിസിയെ ബന്ധപ്പെട്ടതിന് ശേഷം ഞാന്‍ പല അഭിമുഖങ്ങളും നടത്തി. അവരുടെ അന്വേഷണത്തിലുടനീളം എന്നാല്‍ കഴിയും വിധം സത്യസന്ധമായും സുതാര്യമായും വിവരങ്ങള്‍ നല്‍കി. അകത്തും പുറത്തും ഞാന്‍ എന്നോടുതന്നെ മല്ലിടുകയായിരുന്നു. പല കാര്യങ്ങള്‍ കൊണ്ടും മുമ്പേ ഈ പിന്തുണ നേടാമായിരുന്നു എന്നെനിക്ക് തോന്നി. ഇതെല്ലാം പറയുമ്പോള്‍ തന്നെ, എന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഐസിസി എടുത്തുവരികയാണ്. ആ തീരുമാനം ഞാന്‍ അംഗീകരിക്കുന്നു. ഇത്തരം അനുഭവങ്ങള്‍ കാലതാമസം കൂടാതെ തുറന്നുപറയാന്‍ മറ്റു താരങ്ങള്‍ക്ക് എന്റെ അനുഭവം പാഠമായിരിക്കും എന്നാണ് വിശ്വാസം. 

സ്വകാര്യ ജീവിതത്തിലും പ്രൊഫഷണല്‍ തലത്തിലും കഴിഞ്ഞ രണ്ട് വര്‍ഷം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ ചെന്നുപെട്ട ഈ കെണിയില്‍ നിന്ന് പുറത്തുചാടാന്‍ ശ്രമിക്കുകയാണ് ഞാന്‍. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ട്. എന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ വേണ്ടി ഇന്ന് ഞാന്‍ ഒരു പുനരദ്ധിവാസ കേന്ദ്രത്തില്‍ പ്രവേശിക്കുകയാണ്. വരുന്ന കുറേ ആഴ്ചകള്‍ ഞാന്‍ ഇവിടെ ഉണ്ടാകില്ല. ആളുകള്‍ക്ക് കാര്യങ്ങള്‍ എന്നില്‍ നിന്നുതന്നെ അറിയണം എന്നുണ്ടാകും എന്നറിയാവുന്നതുകൊണ്ടാണ് ഈ കഥകള്‍ എനിക്ക് പറയേണ്ടിവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT