രഞ്ജി ട്രോഫി രണ്ട് ഘട്ടമായി നടത്തും,സ്ഥിരീകരിച്ച് ബിസിസിഐ, ഐപിഎല്ലിന് ശേഷം രണ്ടാം ഘട്ടം

ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് രഞ്ജി ട്രോഫി ഫെബ്രുവരിയിൽ തുടങ്ങുമെന്ന് അറിയിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: രഞ്ജി ട്രോഫി രണ്ട് ​ഘട്ടമായി നടത്തുമെന്ന കാര്യം സ്ഥിരീകരിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് രഞ്ജി ട്രോഫി ഫെബ്രുവരിയിൽ തുടങ്ങുമെന്ന് അറിയിച്ചത്. 

ഫെബ്രുവരി രണ്ടാം വാരത്തോടെ തുടങ്ങുന്ന രഞ്ജി ട്രോഫിയുടെ ആദ്യ ഘട്ടം ഒരു മാസത്തോളം നീണ്ടുനിൽക്കും എന്നാണ് സൂചന. ഐപിഎൽ കഴിഞ്ഞിട്ടാവും രഞ്ജി ട്രോഫിയുടെ രണ്ടാം ഘട്ടം. ജനുവരി 13നാണ് രഞ്ജി ട്രോഫി ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. 

രണ്ട് ഘട്ടമായി ഈ വർഷത്തെ രഞ്ജി ട്രോഫി നടത്താനാണ് തീരുമാനം. ലീ​ഗ് സ്റ്റേജിലെ മത്സരങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുക. രണ്ടാം ഘട്ടത്തിൽ നോക്കൗട്ട് മത്സരങ്ങളാവും ഉൾപ്പെടുക. ജൂണിലായിരിക്കും രണ്ടാം ഘട്ടം, ജയ് ഷായുടെ പ്രസ്താവനയിൽ പറയുന്നു. കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്. ആവേശം നിറഞ്ഞ റെഡ് ബോൾ ടൂർണമെന്റ് ഒരുക്കാനും തയ്യാറെടുക്കുകയാണെന്ന് ജയ് ഷാ പറയുന്നു. 

എന്നാൽ ഐപിഎല്ലിന് വേണ്ടി രഞ്ജി ട്രോഫി രണ്ട് ഘട്ടമായി നടത്തുന്നതിനെ ചോദ്യം ചെയ്തും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഐപിഎല്ലും ഇന്ത്യയിൽ വെച്ച് തന്നെ നടത്താനാണ് ബിസിസിഐ ലക്ഷ്യം വെക്കുന്നത്. ഈ സാഹചര്യത്തിൽ രണ്ട് ടൂർണമെന്റും ഒരേ സമയം മുൻപോട്ട് കൊണ്ടുപോകുന്നത് ടീമുകളേയും ബാധിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com