മുംബൈ: ഐപിഎല്ലിന്റെ ഈ സീസണിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിന് അത്ര നല്ല കാലമല്ല. കളിച്ച മൂന്ന് മത്സരങ്ങളിലും അവർ തോൽവി അറിഞ്ഞു. ഇന്നലെ മൂന്നാം പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനോടാണ് സിഎസ്കെ പരാജയപ്പെട്ടത്. തോൽവി രുചിച്ചെങ്കിലും ഫീൽഡിലെ ഊർജസ്വല പ്രകടനത്തിനും ക്രിക്കറ്റിന്റെ മാന്യത ഉയർത്തിപ്പിടിച്ചതിനും മുൻ നായകൻ മഹേന്ദ്ര സിങ് ധോനിക്ക് ആരാധകരുടെ പ്രശംസ.
പഞ്ചാബ് ബാറ്റിങ്ങിനിടെ ലങ്കൻ താരം ഭനുക രജപക്സയെ പുറത്താക്കിയ മിന്നൽപ്പിണർ വേഗത്തിലുള്ള റണ്ണൗട്ട് അതിവേഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ധോനിയുടെ അസാധാരണ ഫിറ്റ്നെസ്സ് ലെവലിന്റെയും മനഃസന്നിധ്യത്തിന്റെയും മറ്റൊരു ഉദാഹരണമായി മാറി ഈ റണ്ണൗട്ട്.
രണ്ടാം ഓവറിൽ ക്രിസ് ജോർദാന്റെ പന്ത് ലോങ് ഓണിലേക്കു കളിച്ച രജപക്സ റണ്ണിനായി ഓടി. എന്നാൽ നോൺ സ്ട്രൈക്കിങ് എൻഡിൽ നിന്ന ധവാൻ റണ്ണിനായി ഓടാതെ രജപക്സയെ തിരിച്ചയച്ചു. അതിനിടെ പന്ത് ലഭിച്ച ജോർദാൻ അതു വിക്കറ്റിനു പിന്നിൽ നിലയുറപ്പിച്ചിരുന്ന ധോനിക്കുനേരെ എറിഞ്ഞു. പന്തുമായി സ്റ്റമ്പ് ലക്ഷ്യമാക്കി ഡൈവ് ചെയ്തെങ്കിലും പന്ത് സ്റ്റമ്പിൽ കൊള്ളിക്കാനാകില്ലെന്നു ബോധ്യമായതോടെ ചാട്ടത്തിനിടെത്തന്നെ ധോണി പന്ത് സ്റ്റമ്പ് ലക്ഷ്യമാക്കി എറിഞ്ഞു. രജപക്സ പുറത്ത്!
പിന്നാലെ ധോനിയെ സാക്ഷാൽ സൂപ്പർ മാനോട് ഉപമിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകർ രംഗത്തെത്തി. 40ാം വയസിലും ശാരീരിക ക്ഷമതയിൽ ഏറെ മുന്നിലുള്ള ധോനി സഹ താരങ്ങൾക്ക് ഉത്തമ മാതൃകയാണെന്ന് ഒട്ടേറെ ആരാധകർ അഭിപ്രായപ്പെട്ടു. പിന്നീട് ഡ്വെയ്ൻ പ്രിട്ടോറിയസ് എറിഞ്ഞ എട്ടാം ഓവറിൽ സംശയം എന്നു തോന്നിയ ക്യാച്ച് മൂന്നാം അമ്പയറുടെ തീരുമാനത്തിനു വിട്ടും ധോനി ആരാധകരുടെ കൈയടി വാങ്ങി.
പഞ്ചാബ് താരം ലിയാം ലിവിങ്സ്റ്റണിന്റെ ബാറ്റിൽ ഉരസിയ പന്ത് വിക്കറ്റിനു പിന്നിൽ ധോനി പിടിച്ചെങ്കിലും ഗ്ലൗസിൽ നിന്ന് ഊർന്നിറങ്ങി നിലത്തു തട്ടി. സഹതാരങ്ങൾ ആഘോഷം തുടങ്ങിയെങ്കിലും പന്ത് നിലത്തു തട്ടിയെന്നു സംശയം തോന്നിയതോടെ ധോനി തീരുമാനം മൂന്നാം അമ്പയറിനു വിടാൻ ഫീൽഡ് അമ്പയറോട് അഭ്യർഥിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ പന്ത് നിലത്തു തട്ടിയെന്നു ബോധ്യമായതോടെ ലിവിങ്സ്റ്റൻ ഔട്ടല്ലെന്നായിരുന്നു മൂന്നാം അമ്പയറുടെ തീരുമാനം.
ഈ വാർത്ത വായിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates