Daniil Medvedev x
Sports

ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്‍വദേവ് അയോ​ഗ്യൻ (വിഡിയോ)

നൊവാക് ജോക്കോവിച്- ഡാനിൽ മെദ്‍വദേവ് ചൈന ഓപ്പൺ സെമി പോരിനിടെ നാടകീയ സംഭവങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബെയ്ജിങ്: ചൈന ഓപ്പൺ ടെന്നീസ് സെമി ഫൈനലിൽ നാടകീയ സംഭവങ്ങൾ. ഇതിഹാസ താരം സെർബിയയുടെ നൊവാക് ജോക്കോവിചും റഷ്യൻ താരം ഡാനിൽ മെദ്‍വദേവും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ അരങ്ങേറിയത്. മെദ്‍വദേവ് കാണികൾക്കിടയിലേക്ക് അടിച്ച പന്ത് കൊണ്ടു ഒരു ആരാധകന് പരിക്കേറ്റു. പിന്നാലെ മത്സരത്തിൽ നിന്നു മെദ്‍വദേവിനെ അയോ​ഗ്യനാക്കി. ഇതോടെ ജോക്കോവിച് ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.

പോയിന്റ് നഷ്ടപ്പെട്ടതിന്റെ നിരാശയിൽ മെദ്‍വദേവ് ​ഗ്രൗണ്ടിൽ നിന്നു റാക്കറ്റ് വച്ച് അടിച്ച പന്ത്, കളി കാണാൻ മുൻനിരയിൽ ഇരുന്ന ഒരു ആരാധകന്റെ മുഖത്തു കൊള്ളുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണിനു സമീപത്താണ് പന്തുകൊണ്ടുള്ള അടികിട്ടിയത്. വേദന സഹിക്കാൻ കഴിയാതെ ആരാധകൻ കണ്ണ് പൊത്തിപ്പിടിച്ച് സ്റ്റേഡിയത്തിനു പുറത്തേക്ക് പോയി ചികിത്സ തേടി. ഇതോടെയാണ് മെദ്‍വദേവിനെ അയോ​ഗ്യനാക്കിയത്.

മത്സരത്തിൽ 7-5, 5-3 എന്ന നിലയിൽ ജോക്കോവിച് മുന്നിൽ നിൽക്കെയാണ് മെദ്‍വദേവിന്റെ നിയന്ത്രണം വിട്ടുള്ള പെരുമാറ്റം. ഒരു പോയിന്റ് നഷ്ടമായതാണ് താരത്തെ പ്രകോപിപ്പിച്ചത്.

അതേസമയം ടെന്നീസിൽ കളിക്കാരെ ഇത്തരത്തിൽ അയോ​ഗ്യനാക്കുന്നത് അത്യപൂർവമാണ്. ​ഗുരുതരമായ പെരുമാറ്റച്ചട്ടങ്ങൾക്കാണ് അയോ​ഗ്യത നൽകാറുള്ളത്. പന്ത് വച്ചുള്ള ആക്രമണം, ശാരീരികമായോ വാക്കുകൊണ്ടോ അധിക്ഷേപിക്കൽ, റാക്കറ്റ് തല്ലിത്തകർക്കൽ ഇവയ്ക്കെല്ലാമാണ് ടെന്നീസിൽ സാധാരണയായി അയോ​ഗ്യത നൽകാറുള്ളത്. കളിക്കാർക്ക് മൂന്ന് കോഡ് വയലേഷനുകൾ വരെ ലഭിക്കാം. എന്നാൽ കുറ്റം ​കൂടുതൽ ​ഗൗരവുമള്ളതാണെങ്കിൽ ഉടനടി തന്നെ നടപടിയുണ്ടാകും. സമാന നടപടിയാണ് മെദ്‍വദേവിനു നേരിടേണ്ടി വന്നത്.

ടൂർണമെന്റിൽ സെമി വരെ എത്തിയതിനാൽ റാങ്കിങ് പോയിന്റും സമ്മാനത്തുകയുമൊക്കെ മെദ്‌‍വദേവിനുണ്ടായിരുന്നു. അയോ​ഗ്യനായതോടെ ഇതൊന്നും താരത്തിനു കിട്ടില്ല.

കോർട്ടിലെ കടുത്ത ദേഷ്യക്കാരൻ എന്നു പേരുള്ള താരമാണ് 30കാരനായ മെദ്‌‍വദേവ്. ഇതിനു മുൻപും മോശം പെരുമാറ്റത്തിനു താരം അച്ചടക്ക നടപടികൾ നേരിട്ടുണ്ട്. കഴിഞ്ഞ വർഷം യുഎസ് ഓപ്പൺ പോരിനിടെ ഒരു ഫോട്ടോ​ഗ്രാഫർ ​ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിച്ചപ്പോൾ സമാന രീതിയിൽ മെദ്‌‍വദേവിന് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഈ പ്രശ്നത്തിൽ താരത്തിനു പിഴ ശിക്ഷയാണ് ലഭിച്ചത്.

ഈ വർഷം മോണ്ടെ കാർലോ മാസ്റ്റേഴ്സിൽ അലക്സാണ്ടർ ഡാവിഡോവിച് ഫോക്കിനയോടു 6-0, 6-0 എന്ന സ്കോറിന് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയത് സഹിക്കാൻ പറ്റാതെ താരം റാക്കറ്റ് തല്ലിത്തകർത്തു. ഇതിനും റഷ്യൻ താരം പിഴയൊടുക്കേണ്ടി വന്നു.

2020ലെ യുഎസ് ഓപ്പൺ പോരാട്ടത്തിന്റെ നാലാം റൗണ്ടിൽ സ്പെയിനിന്റെ പാബ്ലോ കരേനോ ബുസ്റ്റയ്ക്കെതിരായ മത്സരത്തിനിടെ പോയിന്റ് നഷ്ടപ്പെട്ടതിന്റെ നിരാശയിൽ ജോക്കോവിച് ലൈൻ റഫറിയ്ക്കു നേരെ സമാന രീതിയിൽ പന്ത് അടിച്ചിരുന്നു. അന്ന് സെർബിയൻ ഇതിഹാസത്തേയും അധികൃതർ അയോ​ഗ്യനാക്കി.

Daniil Medvedev was disqualified from the China Open after hitting a spectator in the face with a ball during his semi-final against Novak Djokovic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

360-ഡിഗ്രി സെന്‍സര്‍ കവറേജ്, വിദൂരത്ത് നിന്ന് നിയന്ത്രിക്കാം; ഡെലിവറി സേവനങ്ങള്‍ക്ക് ഡ്രൈവറില്ലാ വാഹനങ്ങള്‍ ഇറക്കി സൗദി

മൂട്ടശല്യം കാരണം ഉറക്കം നഷ്ടമായി; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

'​ആനന്ദങ്ങൾക്ക് നന്ദി ലിയോ'! മെസിയുടെ അർജന്റീന ജേഴ്സിയിലെ അവസാന മത്സരം നാളെ

ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു; ഡിസിസി ഓഫീസ് ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍