മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആവേശപ്പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് അവസാന ഘട്ടത്തിൽ വിജയമൊരുക്കിയത് വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കായിരുന്നു. താരത്തിന്റെ ഫിനിഷിങ് മികവ് ഒരിക്കൽ കൂടി കണ്ടപ്പോൾ ബാംഗ്ലൂർ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. കൊൽക്കത്തയ്‌ക്കെതിരെ അവസാന ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ തുടർച്ചയായി സിക്സും ഫോറും കണ്ടെത്തിയാണ് കാർത്തിക്ക് ആർസിബിക്ക് വിജയം സമ്മാനിച്ചത്.
ഇപ്പോഴിതാ കാർത്തികിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസി. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനിയുമായി താരതമ്യം ചെയ്താണ് ഡുപ്ലെസി കാർത്തികിനെ പുകഴ്ത്തിയത്. കളിക്കളത്തിൽ അതീവ സമ്മർദ്ദ ഘട്ടങ്ങളിലും പുലർത്തുന്ന അസാമാന്യ ശാന്തതയുടെ കാര്യത്തിൽ ഡികെ ധോനിയെ ഓർമിപ്പിക്കുന്നുവെന്ന് ഡുപ്ലെസി പറയുന്നു.
‘കുറച്ചു കൂടി ആധികാരികമായി വിജയം നേടാൻ സാധിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം ബാക്കിയാണ്. പക്ഷേ, വിജയം എന്നും വിജയം തന്നെയാണ്. അവസാന നിമിഷങ്ങളിൽ ദിനേഷ് കാർത്തിക്കിന്റെ പരിചയ സമ്പത്ത് ടീമിനു തുണയായി. ശാന്തമായി ആ നിമിഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. സമ്മർദ്ദ ഘട്ടങ്ങളെ ശാന്തമായി നേരിടുന്ന കാര്യത്തിൽ സാക്ഷാൽ ധോണിയുടെ മികവ് ഏറെക്കുറെ കാർത്തിക്കിനുമുണ്ട്.’
‘സീസണിലെ ആദ്യ വിജയം കുറിക്കാനായതിൽ വളരെ സന്തോഷം. ഇതുപോലെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്ന മത്സരങ്ങൾ സീസണിന്റെ തുടക്കത്തിൽ ഏറെ നിർണായകമാണ്. താരതമ്യേന ചെറിയ വിജയ ലക്ഷ്യത്തിലേക്ക് വളരെ ആത്മവിശ്വാസത്തോടെയാണ് ഞങ്ങൾ ബാറ്റെടുത്തത്. വേഗം തന്നെ മത്സരം തീർക്കാനായിരുന്നു ശ്രമം. പക്ഷേ, കൊൽക്കത്ത പേസർമാരുടെ തകർപ്പൻ ബൗളിങ് ഞങ്ങളെ പിടിച്ചുലച്ചു.’
ഓരോ മത്സരങ്ങൾക്കുമുള്ള തന്ത്രമൊരുക്കുമ്പോൾ ടീമിലെ മറ്റു താരങ്ങളുടെ സഹായം തനിക്ക് ലഭിക്കുന്നുണ്ടെന്ന് ഡുപ്ലേസി സാക്ഷ്യപ്പെടുത്തി.
‘മറ്റു താരങ്ങളെ സഹായങ്ങൾക്കായി ഞാൻ സമീപിക്കുന്നുണ്ട്. ടീമിൽ വ്യത്യസ്ത കഴിവുകളുള്ള ഒട്ടേറെ താരങ്ങളുണ്ട്. ടീമിനുള്ളിൽ നല്ല ഐക്യമുള്ളതും സഹായകരമാണ്. ടീമംഗങ്ങളുടെ ആശയങ്ങളും പിന്തുണയും വളരെയധികം ഉപകാരപ്രദമാണ്’– ഡുപ്ലെസി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates