'സീസണില്‍ ഇനി കളിപ്പിക്കരുത്'; ഡുപ്ലെസിസിന്റെ ഡിആര്‍എസില്‍ കലിപ്പിച്ച് ആരാധകര്‍

128 റണ്‍സിലേക്ക് കൊല്‍ക്കത്തയെ ഒതുക്കിയെങ്കിലും ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ വിജയ ലക്ഷ്യം മറികടന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മുംബൈ: കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ജയം പിടിച്ചെങ്കിലും ആരാധകരെ ആശങ്കപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രകടനം. 128 റണ്‍സിലേക്ക് കൊല്‍ക്കത്തയെ ഒതുക്കിയെങ്കിലും ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ വിജയ ലക്ഷ്യം മറികടന്നത്. ഇതിനിടയില്‍ ബാംഗ്ലൂര്‍ എടുത്ത ഡിആര്‍എസും ആരാധകരുടെ വിമര്‍ശനത്തിന് ഇടയാക്കുന്നു. 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ബാറ്റിങ്ങിന്റെ 16ാം ഓവറിലാണ് സംഭവം. വരുണ്‍ ചക്രവര്‍ത്തി ക്രീസില്‍ നില്‍ക്കുമ്പോള്‍ പന്തെറിഞ്ഞത് ഹര്‍ഷല്‍. യോര്‍ക്കറാണ് ഹര്‍ഷലില്‍ നിന്ന് വന്നത്. ഇവിടെ പാഡിലേക്ക് പന്ത് എത്തിക്കാതെ ബാറ്റില്‍ കൊള്ളിക്കാന്‍ വരുണിന് കഴിഞ്ഞു. 

ഡിആര്‍എസ് എടുക്കാന്‍ ക്യാപ്റ്റനെ നിര്‍ബന്ധിച്ച് ഹര്‍ഷല്‍ പട്ടേല്‍

എന്നാല്‍ ഡിആര്‍എസ് എടുക്കാന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിനെ ഹര്‍ഷല്‍ നിര്‍ബന്ധിച്ചു. ഇതോടെ ഡുപ്ലെസിസ് ഡിആര്‍എസ് എടുത്തു. പിന്നാലെ റിപ്ലേകളില്‍ പന്ത് ബാറ്റില്‍ മാത്രമാണ് കൊള്ളുന്നത് എന്ന് വ്യക്തമാക്കി. ബാറ്റും പാഡും വലിയ വ്യത്യാസത്തില്‍ നില്‍ക്കെ ഡിആര്‍എസ് എടുത്തതിനെ പരിഹസിക്കുകയാണ് ആരാധകര്‍. 

തങ്ങളുടെ രണ്ടാമത്തെ കളിയില്‍ ജയം തേടി ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടോസ് നേടി കൊല്‍ക്കത്തയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ആകാശ് ദീപ് മൂന്ന് വിക്കറ്റും വാനിഡു ഹസരംഗ നാല് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റും വീഴ്ത്തിയതോടെ 18.5 ഓവറില്‍ 128 റണ്‍സിന് കൊല്‍ക്കത്ത ഓള്‍ഔട്ടായി. 18 പന്തില്‍ നിന്ന് 25 റണ്‍സ് എടുത്ത റസല്‍ ആണ് അവരുടെ ടോപ് സ്‌കോറര്‍. 

താരതമ്യേന ചെറിയ വിജയ ലക്ഷ്യമായ 129 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂര്‍ ബാറ്റേഴ്‌സിനെ വിറപ്പിക്കാന്‍ കൊല്‍ക്കത്തക്ക് കഴിഞ്ഞു. 28 റണ്‍സ് എടുത്ത ഷെര്‍ഫാന്‍ റുതര്‍ഫോര്‍ഡ് ആണ് അവരുടെ ടോപ് സ്‌കോറര്‍. 17 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും ബാംഗ്ലൂരിന് മൂന്ന് വിക്കറ്റ് നഷ്ടമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com