കാസർകോട്: ഡ്യൂറന്റ് കപ്പിൽ ഈസ്റ്റ് ബംഗാളിനായി മിന്നും ഫോമിൽ പന്ത് തട്ടി കാസർകോട്ടുകാരൻ പിവി വിഷ്ണു. സമീപ ദിവസങ്ങളിൽ നടന്ന പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ 8-0ത്തിനു സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിൽ വിഷ്ണു ഹാട്രിക്ക് ഗോളുകൾ വലയിലിട്ടാണ് ശ്രദ്ധേയനായത്. ഈസ്റ്റ് ബംഗാളിന്റെ സ്‌ട്രൈക്കറാണ് ഈ 24കാരൻ.
കൊൽക്കത്ത കിഷോർ ഭാരതി ക്രിരംഗനിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഗോൾമഴ. മോഹൻ ബഗാനെതിരെയുള്ള ഡാർബി തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടിറങ്ങിയ അന്റോണിയോ ലോപ്പസ് ഹബാസിന്റെ പരിശീലനത്തിലുള്ള റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡ് ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളുടെ ലീഡ് നേടി.
വിഷ്ണുവിന്റെ ഗോൾ വേട്ട
മത്സരത്തിലുടനീളം സിഐഎസ്എഫ് പ്രതിരോധത്തെ വിറപ്പിച്ച വിഷ്ണു 38ാം മിനിറ്റിൽ ഒരു ബാക്ക്ഹീൽ ഫിനിഷിലൂടെയാണ് തന്റെ ആദ്യ ഗോൾ വലയിലിട്ടത്. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ (46ാം മിനിറ്റിൽ) സന്ദീപ് മൻഡി നൽകിയ ക്രോസ് മനോഹരമായ ഒരു ഓവർഹെഡ് കിക്കിലൂടെ വലയിലെത്തിച്ച് വിഷ്ണു കാണികളെ ആവേശത്തിലാഴ്ത്തി. 76ാം മിനിറ്റിൽ തന്റെ മൂന്നാമത്തെ ഗോളും പൂർത്തിയാക്കിയ താരം ഹാട്രിക് തികച്ചു.
സേവിയര്‍ പയസിനും ഐ എം വിജയനും വിപി സത്യനും ജോപോള്‍ അഞ്ചേരിക്കും ശേഷം കൊല്‍ക്കത്തയില്‍ സാന്നിധ്യമറിയിക്കുന്ന മലയാളി താരം. 2023 മുതല്‍ ഈസ്റ്റ് ബംഗാള്‍ ജേഴ്സിയില്‍ വിഷ്ണുവുണ്ട്. ഐഎസ്എല്ലിലും ഡ്യൂറണ്ട് കപ്പിലും മിന്നും പ്രകടനങ്ങളാണ് വിഷ്ണു പുറത്തെടുത്തത്.
ഈസ്റ്റ് ബംഗാളിനു വേണ്ടി ഇതുവരെ 8 ഗോളുകൾ നേടിയ വിഷ്ണു ഐഎസ്എല്ലിൽ 6 ഗോളും 8 അസിസ്റ്റും സ്വന്തമാക്കി. 2019ല്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിനു വേണ്ടി കളിച്ച വിഷ്ണു ഇന്ത്യയുടെ അണ്ടര്‍ 23ടീമിലും അംഗമായിരുന്നു. 24കാരൻ ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്നതിൽ സംശയമില്ല.
കുന്നൂച്ചിയിലെ കെ ദിവാകരന്റേയും പൈക്കയിലെ ബി സത്യഭാമയുടേയും ഇളയ മകനാണ് വിഷ്ണു. വരുണ്‍, വിപിന്‍ എന്നിവരാണ് സഹോദരങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates