ലണ്ടന്‍: 44ാം വയസിലും ക്രിക്കറ്റില്‍ നിന്നു സജീവമായി വിരമിക്കാന്‍ ഒരുക്കമല്ലെന്നു വ്യക്തമാക്കി ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. വെറ്ററന്‍ താരം അടുത്ത സീസണിലും കൗണ്ടി ക്രിക്കറ്റ് കളിക്കും. താരം സറെ ടീമുമായി കരാറിലെത്തുകയും ചെയ്തു. 25 വര്‍ഷമായി ആന്‍ഡേഴ്‌സന്‍ ലങ്കാഷെയര്‍ താരമാണ്. ഈ ബന്ധം അവസാനിപ്പിച്ചാണ് താരം പുതിയ തട്ടകത്തിലേക്ക് എത്തുന്നത്. തന്റെ ഉജ്ജ്വലമായ ക്രിക്കറ്റ് കരിയറില്‍ പുതിയ അധ്യായം തുറക്കുക കൂടിയാണ് ആന്‍ഡേഴ്‌സന്‍.
ഇതിഹാസ പേസറുടെ വരവ് സറെ ടീം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആന്‍ഡേഴ്‌സനുമായി ഇനി കരാര്‍ പുതുക്കേണ്ടതില്ലെന്നു ലങ്കാഷെയര്‍ ടീം തീരുമാനിച്ചതോടെയാണ് ബാല്യകാലം മുതലുള്ള ആന്‍ഡേഴ്‌സന്റെ ക്ലബുമായുള്ള ബന്ധത്തിന് അന്ത്യമായത്. കരാര്‍ പുതുക്കാത്തതില്‍ ആന്‍ഡേഴ്‌സന്‍ നിരാശയിലായിരുന്നു. ഇതോടെയാണ് താരം സറെ ടീമിലേക്ക് മാറാന്‍ തീരുമാനിച്ചത്.
'മത്സരിക്കാനും വിക്കറ്റുകള്‍ വീഴ്ത്താനും ടീമിന്റെ ജയത്തില്‍ പങ്കാളിയാകാനും ഇനിയും ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കഴിവുകള്‍ മെച്ചപ്പെടുത്തി രാജ്യത്തിനായി കളിക്കാനൊരുങ്ങുന്ന യുവ താരങ്ങളെ സഹായിക്കാനും എനിക്ക് കഴിയും'- ആന്‍ഡേഴ്‌സന്‍ സറെയിലേക്കുള്ള മാറ്റത്തെക്കുറിച്ച് പ്രതികരിച്ചു.
നിലവില്‍ ഒരു വര്‍ഷത്തേക്കുള്ള കരാറിലാണ് ആന്‍ഡേഴ്‌സനും സറെയും ഒപ്പുവച്ചത്. കരാര്‍ നീട്ടാനുള്ള വ്യവസ്ഥയും ഇതിലുണ്ട്.
2001ല്‍ തന്റെ പ്രൊഫഷണല്‍ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച ആന്‍ഡേഴ്‌സന്‍ ആദ്യമായി പന്തെറിഞ്ഞ് തുടങ്ങിയത് ലങ്കാഷെയര്‍ ടീമിനൊപ്പമാണ്. 25 വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ച വിവരം തന്നില്‍ ഞെട്ടലുണ്ടാക്കിയെന്നു ആന്‍ഡേഴ്‌സന്‍ ഈയടുത്ത് തുറന്നു സമ്മതിച്ചിരുന്നു. ഈ സീസണില്‍ ലങ്കാഷെയര്‍ ടീമിനായി 50 വിക്കറ്റുകള്‍ വീഴ്ത്തി മിന്നും ഫോമിലായിട്ടും തന്നെ ഒഴിവാക്കിയെന്ന നിരാശയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ഈ സീസണില്‍ ലങ്കാഷെയര്‍ ടീമിനെ നയിച്ചതും ആന്‍ഡേഴ്‌സന്‍ തന്നെയാണ്. എന്നിട്ടും താരത്തിന്റെ കരാര്‍ ടീം പുതുക്കിയില്ല. എന്നാല്‍ കരിയര്‍ അവസാനിപ്പിച്ച് പിന്‍മാറാന്‍ അദ്ദേഹം ഒരുക്കമായില്ല.
2002ലാണ് ആന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. പല തലമുറ താരങ്ങള്‍ ടീമില്‍ വന്നപ്പോഴും അപ്പോഴെല്ലാം ടീമിന്റെ പേസ് ആക്രമണത്തെ നയിച്ചത് ആന്‍ഡേഴ്‌സനാണ്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളറായി കണക്കാക്കുന്ന താരമാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയര്‍ 2024ലാണ് താരം അവസാനിപ്പിച്ചത്. എല്ലാ ഫോര്‍മാറ്റിലുമായി 991 അന്താരാഷ്ട്ര വിക്കറ്റുകള്‍ ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുരുഷ വിഭാഗത്തില്‍ ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തുന്ന ഫാസ്റ്റ് ബൗളറും ആന്‍ഡേഴ്‌സനാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത, 700 എന്ന മാന്ത്രിക സംഖ്യയില്‍ വിക്കറ്റ് നേട്ടമെത്തിച്ച ഏക പേസറും ആന്‍ഡേഴ്‌സന്‍ തന്നെ. 188 ടെസ്റ്റില്‍ നിന്നു അദ്ദേഹം 704 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 269 വിക്കറ്റുകളും ടി20യില്‍ 18 വിക്കറ്റുകളും ആന്‍ഡേഴ്‌സന്‍ പിഴുതു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates