കരുൺ നായരുടെ ഔട്ട് ആഘോഷിക്കുന്ന ബെൻ സ്റ്റോക്സ് (England vs India) pti
Sports

കരുണിനെ ഒറ്റ കൈയില്‍ ഒതുക്കി റൂട്ട്! ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം

ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 387 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 100 കടന്നിട്ടുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 37 റണ്‍സുമായി കെഎല്‍ രാഹുലും 16 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (13), മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ (40) എന്നിവരാണ് മടങ്ങിയത്. സ്‌കോര്‍ 13ല്‍ എത്തിയപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീട് ക്രീസിലെത്തിയ കരുണ്‍ കെഎല്‍ രാഹുലുമായി ചേര്‍ന്നു ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. ഇത്തവണയും മികച്ച സ്‌കോറിലേക്ക് നീങ്ങുന്നതിനിടെയാണ് കരുണിന്റെ അപ്രതീക്ഷിത മടക്കം. താരത്തെ ജോ റൂട്ട് ഒറ്റ കൈകൊണ്ടുള്ള ക്യാച്ചില്‍ മടക്കി.

ടീമില്‍ തിരിച്ചെത്തിയ ജോഫ്ര ആര്‍ച്ചര്‍ ജയസ്വാളിനെ പുറത്താക്കി ഇംഗ്ലണ്ടിനു മികച്ച തുടക്കം നല്‍കി. ഇടവേളയ്ക്ക് ശേഷമുള്ള ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് ആദ്യ വിക്കറ്റ് വീഴ്ത്തി തന്നെ താരം ആഘോഷിച്ചു. ഇതിനു ശേഷമാണ് കരുണും രാഹലും ചേര്‍ന്ന് പ്രതിരോധം തീര്‍ത്തത്. ഇരുവരും 61 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. കരുണിനെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് മടക്കിയത്.

നേരത്തെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയുടെ തീ പാറും ബൗളിങാണ് ഇംഗ്ലീഷ് സ്‌കോര്‍ 400 കടത്താത്തെ പിടിച്ചു നിര്‍ത്തിയത്. ജോ റൂട്ടിന്റെ സെഞ്ച്വറിയും ജാമി സ്മിത്ത്, ബ്രയ്ഡന്‍ കര്‍സ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറുയര്‍ത്തിയത്.

ജോ റൂട്ട് 104 റണ്‍സെടുത്തു. ജാമി സ്മിത്ത് 51 റണ്‍സും വാലറ്റത്ത് പൊരുതി നിന്ന കര്‍സ് 56 റണ്‍സും കണ്ടെത്തി. ഇന്ത്യക്കായി ബുംറ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ 2 വീതം വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിനു വന്‍ തിരിച്ചടിയേറ്റിരുന്നു. 11 റണ്‍സ് ചേര്‍ക്കുന്നതിനിടെ 3 വിക്കറ്റുകളാണ് നഷ്ടമായത്. 4ന് 251 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ അവര്‍ 7ന് 271ലേക്ക് പതിച്ചു.

എന്നാല്‍ എട്ടാം വിക്കറ്റില്‍ ജാമി സ്മിത്തിനൊപ്പം ചേര്‍ന്ന ബ്രയ്ഡന്‍ കര്‍സ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇരുവരും ചേര്‍ന്നു 82 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിനു ജസ്പ്രിത് ബുംറ വക കനത്ത പ്രഹരമാണ് ഏറ്റത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ രണ്ടാം ദിനം തുടക്കം തന്നെ മടക്കിയ ബുംറ തന്റെ അടുത്ത ഓവറില്‍ സെഞ്ച്വറി നേടിയ ജോ റൂട്ടിനേയും ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ എത്തിയ ക്രിസ് വോക്‌സിനേയും ബുംറ പുറത്താക്കി.

ഇന്നലെ 99 റണ്‍സില്‍ ബാറ്റിങ് അവസാനിപ്പിച്ച റൂട്ട് സെഞ്ച്വറി നേടി. രണ്ടാം ദിനം ആദ്യ ഓവര്‍ എറിഞ്ഞ ബുംറയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് റൂട്ട് 103ല്‍ എത്തി ശതകം തൊട്ടത്. 192 പന്തില്‍ 10 ഫോറുകള്‍ സഹിതമാണ് സെഞ്ച്വറി നേട്ടം.

റൂട്ടിന്റെ സെഞ്ച്വറിക്കു പിന്നാലെ ബെന്‍ സ്റ്റോക്‌സിനെ ബുംറ ബൗള്‍ഡാക്കുകയായിരുന്നു. ഇന്നലത്തെ സ്‌കോറിനോട് 5 റണ്‍സ് ചേര്‍ത്താണ് സ്‌റ്റോക്‌സിന്റെ മടക്കം. താരം 44 റണ്‍സില്‍ പുറത്തായി. പിന്നാലെയാണ് റൂട്ടിന്റേയും മടക്കം. റൂട്ടിന്റെ 37ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

England vs India: A sensational catch from Joe Root helps England dismiss Karun Nair, who was batting well on Day 2. With that catch, Root now has the most number of catches in Test cricket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT